പെണ്‍ വിദ്യാഭ്യാസം; സാധ്യതകളുടെ ലോകം

അല്ലാഹു മനുഷ്യകുലത്തെ വളരെ വ്യത്യസ്ഥമായ രീതിയിലാണ് പടച്ചത്. ജീവജാലങ്ങളുടെ ചലനങ്ങളല്ല അവന്റേത്. രണ്ട് കാലില്‍ തന്നെ ചലിക്കുന്ന മറ്റു ജീവികളുണ്ടല്ലോ. അവയില്‍ നിന്നു തന്നെ മനുഷ്യന്‍ വേറിട്ടാണ് ചലിക്കുന്നത്. അവന്റെ ചലനത്തിന്റെ ഭംഗിയോ പൂര്‍ണ്ണതയോ മൃഗങ്ങളുടെ ചലനത്തിനില്ല. ബാഹ്യമായി മാത്രമല്ല ആന്തരികമായും മനുഷ്യന്‍ ജീവികളില്‍ നിന്ന് വേര്‍തിരിവോടെയാണ് പടക്കപ്പെട്ടിരിക്കുന്നത്. വികാരപ്രകടനം, വികസിതവും ശാസ്ത്രീയവുമായി സംവിധാനിക്കപ്പെട്ടിരിക്കുന്ന ആശയവിനിമയശേഷി, ചിരിക്കാനുള്ള കഴിവ്, കണ്ടെത്താനും ചിന്തിക്കുവാനും മനനം ചെയ്യാനും നിഗമനത്തിലെത്താനും നടപ്പാക്കാനും തിരുത്താനുമുള്ള കഴിവ് തുടങ്ങി പലതിലും മനുഷ്യന്‍ വേറെ തന്നെ. ഇതിനെല്ലാം അവനെ പ്രാപ്തനാക്കുന്നത് വിവേകം, ബുദ്ധി തുടങ്ങിയ കാര്യങ്ങളാണ്. ആദം(അ)ന്റെ കാലത്തുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ഭൗതികമായി എല്ലാ അര്‍ത്ഥത്തിലും മനുഷ്യന്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് ഇപ്പറഞ്ഞ ഗുണങ്ങള്‍ കാരണമാണ്. 

മനുഷ്യന് വേണ്ടി പടച്ച മതം

അല്ലാഹു മനുഷ്യന് വേണ്ടി സംവിധാനിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് മതം. അങ്ങനെ പറയുമ്പോള്‍ സെമിറ്റിക്, നോണ്‍സെമിറ്റിക് മതങ്ങളെല്ലാം തന്നെ ആഴമുള്ള നോട്ടത്തില്‍ പുരാതനമായ ഏതോ ഒരു ബിന്ദുവില്‍ സന്ധിക്കുന്നുണ്ട്. അപ്പോള്‍ മതങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ടവ തിരഞ്ഞെടുക്കേണ്ടി വരുന്നു. അവിടെ അല്ലാഹു വീണ്ടും മനുഷ്യരെ അനുഗ്രഹിച്ചിരിക്കുന്നു, ഇസ്‌ലാം എന്ന പൂര്‍ണ്ണവും യുക്തിസഹവും അല്ലാഹുവിന്റെ ആസ്തിക്യത്തെ എല്ലാ അര്‍ത്ഥത്തിലും സാധൂകരിക്കുന്നതുമായ ജീവിതരീതി നല്‍കിക്കൊണ്ട്. ഏതെങ്കിലും ഒരു മതത്തിന്റെ അടിസ്ഥാനഗ്രന്ധം ആ മതം പൂര്‍ണ്ണമാണ് എന്ന് അവകാശപ്പെടുന്നില്ല. വിശുദ്ധഖുര്‍ആന്‍ മാത്രമാണ് ഇസ്‌ലാം പൂര്‍ണ്ണമാണ് എന്നും പ്രാപഞ്ചികമായി അല്ലാഹു അത് മനുഷ്യന് വേണ്ടി തൃപ്തിപ്പെട്ടിരിക്കുന്നു എന്നും പറയുന്നത്. ഇസ്‌ലാം മാത്രമാണ് ശരി എന്നാണ് ഇപ്പറഞ്ഞതിന്റെ മറ്റൊരു വശം. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവിതരീതിയില്‍ അപാകതകള്‍ കാണാന്‍ ശ്രമിക്കുന്നവരെ മറന്ന് കൊണ്ടല്ല ഇങ്ങനെ പറയുന്നത്. പരിണാമവാദം, കമ്മ്യൂണിസം, യുക്തിവാദം തുടങ്ങി പല കോണുകളില്‍ നിന്നുള്ള നിരൂപണങ്ങള്‍ ഇസ്‌ലാമിനെതിരെ ഉയര്‍ന്ന് വരാറുണ്ട്. രക്തദാഹികളായ ഒരു വിഭാഗമാണ് മുസ്‌ലിംകള്‍ എന്നും ഇവരെ സൂക്ഷിക്കുക എന്നും പറയുന്ന സാമ്രാജ്യത്വം തീവ്രവാദം, ഭീകരവാദം എന്നീ രണ്ട് വാക്കുകള്‍ കൊണ്ട് ഇസ്‌ലാമിനെ മാനവികതയുടെ എതിര്‍പക്ഷത്ത് നിര്‍ത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. 

അതൊക്കെ കേവലം വാദമുഖങ്ങള്‍ മാത്രമാണ്. കാരണം ഇസ്‌ലാം ഒരു സംവിധാനം എന്ന നിലയില്‍ കുറ്റമറ്റതാണ് എന്ന് പല തവണ തെളിയിക്കപ്പെട്ടതാണ്. മാത്രമല്ല ഇപ്പറയപ്പെട്ട എല്ലാ ശത്രുക്കളുടെയും എതിര്‍പ്പുകള്‍ മറി കടന്ന് അന്വേഷിക്കുന്നവര്‍ക്കും സത്യം തേടി നടക്കുന്നവര്‍ക്കും ഇസ്‌ലാം ഇപ്പോഴും തണല്‍ തന്നെയാണ്. കാനേഷുമാരി കണക്കുകളില്‍ അംഗബലം കൊണ്ട് ആര് മുന്നില്‍ നില്‍ക്കുന്നു എന്നത് അത്ര പ്രസക്തമായ കാര്യമല്ല. എന്നിട്ടും ഇസ്‌ലാം ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഏറ്റവും വലിയ മതമായി നിലനില്‍ക്കുന്നു. 

സ്ത്രീത്വം പ്രസക്തം

മറ്റു വിഷയങ്ങളിലെന്ന പോലെ ഇസ്‌ലാം സ്ത്രീകളുടെ കാര്യത്തിലും വ്യത്യസ്ഥവും യുക്തിപൂര്‍ണ്ണവുമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇസ്‌ലാമേതരമായ കാഴ്ച്ചപ്പാടുകളെ കുറിച്ച് ഒന്നും പറയുന്നില്ല. കാരണം ഇസ്‌ലാം സ്ത്രീകളുടെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നയത്തോട് താരതമ്യം ചെയ്യാന്‍ മാത്രം അവയൊന്നും ഇല്ല. ക്രിസ്ത്യാനിസം പെണ്ണിനെ അബലയും പുരുഷന്റെ കീഴില്‍ ജീവിക്കേണ്ടവളുമാണ് എന്ന് വ്യാഖ്യാനിച്ചു. ജൂതമതം അസ്തിത്വം തന്നെ ഇല്ലാത്ത ഭോഗവസ്തു എന്ന നിലയിലാണ് സ്ത്രീയെ കാണുന്നത്. വംശവര്‍ദ്ദനവിനുള്ള ഉപകരണം മാത്രമാണ് സ്ത്രീ. ഹിന്ദുസമൂഹത്തിലെ പെണ്ണ് ഇതിലും താഴെ നില്‍ക്കുന്നു. 

ഭോഗലാലസകളായ നര്‍ത്തകിമാരും ദേവന്മാരുടെ ഇംഗിതം സാധിപ്പിക്കാനായി കാത്ത് നില്‍ക്കുന്ന കാമിനികളുമാണ് അവര്‍ക്ക് പെണ്ണ്. വേശ്യാഗൃഹങ്ങളെ സാമൂഹികജീവിതത്തിന്റെ സാധാരണഭാഗമായി അവതരിപ്പിച്ച ഏക സമൂഹം ഇതായിരിക്കും. ദേവദാസിസമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നതാണ്. വേശ്യാവൃത്തി ഒരു കുലത്തിന്റെ തൊഴിലാണ് എന്ന് തന്നെ പ്രഖ്യാപിക്കുന്ന സംവിധാനം. ഇസ്‌ലാം പക്ഷെ പറയുന്നത് സ്ത്രീത്വം പ്രസക്തമാണ് എന്നാണ്. സ്‌ത്രൈണത വില്‍പനക്ക് വെക്കാനില്ല എന്നതാണ് ഇസ്‌ലാം പറയുന്ന സ്ത്രീവാദത്തിന്റെ കാതല്‍. ഇസ്‌ലാമിലെ സ്ത്രീ സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുന്നവളാണ്. 

പ്രകൃതിദത്തമായ സാമൂഹികക്രമം

ഇസ്‌ലാംവിമര്‍ശകര്‍ ഉന്നയിക്കുന്ന എക്കാലത്തെയും കടുത്ത നിരൂപണം ഇസ്‌ലാം പുരുഷകേന്ദ്രീകൃതമായ സമൂഹമാണ് എന്നാണ്. ശരിയാണ് അവര്‍ പറയുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹികക്രമം പുരുഷകേന്ദ്രീകൃതം തന്നെയാണ്. അധ്വാനിക്കേണ്ടതും ധനം കണ്ടെത്തേണ്ടതും പുരുഷന്‍. അത് വിനിയോഗിക്കുമ്പോള്‍ സ്ത്രീയുടെ താല്പര്യം മാനിക്കേണ്ടതും പുരുഷന്റെ കടമയാണ്. പിതാവ് ധനം ഓഹരി ചെയ്യുമ്പോള്‍ ആണിന്റെ പകുതി പെണ്ണിന് കൊടുത്താല്‍ മതി. വിവാഹസമയത്ത് മഹറ് നല്‍കേണ്ടത് പുരുഷനാണ്. അങ്ങനെ അവകാശങ്ങളും ബാധ്യതകളും പുരുഷന് ഇസ്‌ലാം നല്‍കുന്നു.

അപ്പോള്‍ പിന്നെ ഇസ്‌ലാം പുരുഷകേന്ദ്രീകൃതം തന്നെയല്ലേ. അല്ല എന്നാണ് ഉത്തരം. സ്ത്രീവാദക്കാരും പരിഷ്‌കരണവാദികളും പറയുന്നത് പോലെ സ്ത്രീയെ അവഗണിച്ച് കൊണ്ട് പുരുഷന്റെ മേധാവിത്വപരമായ ഒരു കോണിലൂടെ ഉണ്ടാക്കിയെടുത്ത അവന്റെ താല്പര്യങ്ങളെ ഹനിക്കാത്ത വിധം ആനുകൂല്യങ്ങളുടെ തടവില്‍ കഴിയേണ്ട ദുര്‍ഗതി ഉള്ളവളല്ല ഇസ്‌ലാമിലെ സ്ത്രീ. അവളെ മറ്റൊരു തലത്തിലാണ് ഇസ്‌ലാം വിശദീകരിക്കുന്നത്. ഉമ്മയാണ് പ്രാഥമികമായ കാഴ്ച്ചയിലെ പെണ്‍മുഖം. മാതാപിതാക്കളില്‍ സ്‌നേഹിക്കേണ്ടത് ആരെ എന്നതിന് 3 തവണയും ഉമ്മയെ എന്ന് തിരുനബി(സ്വ) പറയുകയുണ്ടായി. നാലാമതാണ് പിതാവിന് സ്ഥാനം. സ്വര്‍ഗ്ഗം പിതാവിന്റെയല്ല മാതാവിന്റെ കാല്കീഴിലാണ് സ്ഥിതി ചെയ്യുന്നത്. മകള്‍ എന്ന സ്ത്രീത്വത്തിന്റെ അടുത്ത ഘട്ടം എടുക്കൂ.. അവളെ ഏതോ പുരുഷന് വില്പന നടത്തുകയല്ല പകരം അവളുടെ കുടുംബപരവും സാമൂഹികവുമായ പശ്ചാതലത്തോട് ചേര്‍ന്ന് പോവുന്ന പുരുഷന്‍ അവള്‍ക്ക് അനുയോജ്യമായ ധനം ഇങ്ങോട്ട് നല്‍കി അവളെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. 

ഇണയുടെ അഥവാ സ്ത്രീയുടെ പ്രാഥമികമായ ആവശ്യങ്ങളെങ്കിലും സാധിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ കല്ല്യാണം തന്നെ കഴിക്കേണ്ടതില്ല എന്നാണ് പുരുഷനോടുള്ള കല്പന. വിവാഹിതനായ പുരുഷന്‍ അവന്റെ ഇണയുടെ സമ്പുഷ്ടമായ ഭൗതികജീവിതം ഉറപ്പ് വരുത്താന്‍ ബാധ്യസ്ഥനാണ്. വിവാഹിതയായ മുസ്‌ലിം സ്ത്രീയോളം സുരക്ഷിതയും ഭാഗ്യവതിയും വേറെയില്ല. പെങ്ങളെന്ന 'പെണ്‍ഘട്ടം' പരിശോദിച്ചാലും ഇത് കാണാം. പിതാവിന്റെ ധനത്തിന്റെ പകുതിക്ക് അവള്‍ അര്‍ഹയാണ്. അവള്‍ക്ക് വിവാഹത്തിലൂടെ മഹറ് ലഭിക്കുന്നുണ്ട്. എന്നിട്ടും അവള്‍ക്ക് വീണ്ടും ധനം നല്‍കുന്നത് ഏതെങ്കിലും സാഹചര്യത്തില്‍ അവള്‍ക്ക് ശരണം നഷ്ടമാവാന്‍ പാടില്ല എന്നതിനാലാണ്. ഇസ്‌ലാം പുരുഷനോട് പറയുന്നതോ? ശാരീരികമായും ഭൗതികമായും പോറ്റാന്‍ കഴിയുമെങ്കില്‍ വിവാഹം എന്നാണ്. പെണ്‍മക്കളുടെ കാര്യത്തില്‍ പിതാവ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന ആശയം നിരന്തരം ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. നിന്റെ സഹോദരന് പെണ്‍കുട്ടി പിറന്നാല്‍ അവനോട് എന്റെ സലാം അറിയിക്കുക എന്ന് പുണ്യനബി(സ്വ) പറഞ്ഞത് ഇതാണ്. 

നിയന്ത്രണങ്ങളുടെ പിന്നിലെന്ത്?

അപ്പോള്‍ പിന്നെ ഇസ്‌ലാം സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വെച്ചത് എന്തിനാണ് എന്ന ചോദ്യം ഉയര്‍ന്ന് വരുന്നു. ലളിതമാണ് ഉത്തരം അനിയന്ത്രിതമായതല്ല നിയന്ത്രിതമായതാണ് നല്ലത്. ഒരുദാഹരണം.. പൊതുഗതാഗതസംവിധാനത്തില്‍ ഓരോ ദിശയിലേക്കും പോവേണ്ട വാഹനങ്ങള്‍ എങ്ങനെ, എത്ര വേഗത്തില്‍, ഏതിലൂടെ പോവണം എന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ വാഹനത്തില്‍ നാം നികുതി അടക്കുന്ന റോഡിലൂടെ സര്‍ക്കാര്‍ പറയുന്നത് പോലെ മാത്രമേ പോകാവൂ എന്ന് പറയുന്നത് ഗുണ്ടായിസമല്ലേ എന്ന് ആരും ചോദിക്കുന്നില്ലല്ലോ... നിയന്ത്രിക്കപ്പെടുന്നത് നല്ലതിനാണ്.

സ്ത്രീ പുറത്തിറങ്ങരുത് എന്ന് ഇസ്‌ലാം പറയുന്നില്ല. ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിതമായ തരത്തില്‍ പുറത്ത് പോവാം. അവള്‍ക്ക് യഥാര്‍ത്ഥത്തില്‍ ജോലി ആവശ്യമില്ല. കാരണം അവള്‍ക്ക് അനുയോജ്യമായ തരത്തില്‍ അവളെ സംരക്ഷിക്കേണ്ട ബാധ്യത പിതാവിനും ഭര്‍ത്താവിനും മക്കള്‍ക്കുമുണ്ട്. എന്നാലും അത്യാവശ്യമെങ്കില്‍ അവള്‍ക്ക് ജോലി ചെയ്യാനും സമ്പാദിക്കാനും കഴിയും. അവള്‍ പഠിക്കരുത് എന്നല്ല കഴിയുന്നത്ര പഠിക്കണം എന്നാണ് ഇസ്‌ലാം പറയുന്നത്. ഭൗതികവും മതപരവുമായ അറിവ് അവള്‍ നേടണം.പെണ്ണ് പഠിക്കുന്നതിലൂടെ തലമുറയിലേക്ക് അറിവിന്റെ പ്രഭ പരക്കുകയാണ് ചെയ്യുന്നത് എന്ന ഉത്തമബോധ്യത്തില്‍ നിന്നാണ് മതം ഇങ്ങനെ പറയുന്നത്. വസ്ത്രധാരണത്തില്‍ അവളോട് പുരുഷനെക്കാള്‍ ശ്രദ്ധിക്കണം എന്ന് പറയുന്നു. 

കാരണം പുരുഷശരീരത്തിലെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് ലൈംഗികമായിട്ടുള്ളത്. എന്നാല്‍ സ്ത്രീശരീരവും അവളുടെ ചലനങ്ങളും സ്വരം പോലും ലൈംഗികമാണ്. അപ്പോള്‍ സ്വയം സംരക്ഷിക്കേണ്ടത് അവളുടെ ആവശ്യമാണ് എന്ന തിരിച്ചറിവാണ് വേഷത്തിന്റെ കാര്യത്തില്‍ ഉള്ള നിഷ്ഠയുടെ രഹസ്യം. ജീവിതം മുഴുവന്‍ പര്‍ദ്ദയിട്ട് നടക്കുന്ന കന്യാസ്ത്രീയോ മുക്കാല്‍പര്‍ദ്ദയായ മാക്‌സി ധരിക്കുന്ന പെണ്ണോ മതത്തിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുന്നില്ലെന്നോര്‍ക്കണം. വസ്ത്രം ധരിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. ധരിച്ചാല്‍ അത് പ്രശ്‌നമാണ്. കഷ്ടം തന്നെ. ഒരാള്‍ മറ്റൊരാള്‍ക്ക് തോന്നിയ പോലെ നടക്കണം എന്ന് ശഠിക്കുന്നതിലെന്ത് യുക്തിയാണുള്ളത്. ശരീരം പ്രദര്‍ശിപ്പിക്കാന്‍ പറ്റുമെങ്കില്‍ അത് മറച്ച് വെക്കാനും പറ്റണമല്ലോ.. ഒന്നിന് മാത്രമേ സ്വാതന്ത്ര്യം ഉള്ളൂ എന്ന് വന്നാല്‍ അത് ശുദ്ധ അസംബന്ധമാണ്. 

മറ്റൊരു കാര്യം കൂടി ഇവിടെ പ്രസക്തമാണ്. ഇസ്‌ലാം പറയുന്ന കാര്യങ്ങള്‍ സ്ത്രീയോട് മാത്രമല്ല. പുരുഷനോടും ഒന്ന് തന്നെയാണ്. ഔറത്ത് മറക്കുക, അച്ചടക്കം പാലിക്കുക, വ്യക്തിപരവും സാമൂഹികവുമായ ആരാധനകളിലും ആചാരങ്ങളിലും കൃത്യത പുലര്‍ത്തുക, വസ്ത്രധാരണത്തിലടക്കം ഇസ്‌ലാമികമായ മാന്യത പുലര്‍ത്തുക എന്നിവയെല്ലാം സ്ത്രീക്കും പുരുഷനും ബാധകമാണ്. അതേ സമയം സ്ത്രീയും പുരുഷനും ശാരീരികമായും മാനസികമായും ധാരളം വ്യത്യാസങ്ങളുണ്ട്. എന്നിരിക്കേ രണ്ടാളും ആ വ്യത്യാസങ്ങളെ മാനിക്കുക തന്നെ വേണം. അത് കൊണ്ട് സ്ത്രീയോടും പുരുഷനോടും ഇസ്‌ലാം ഒരേ കാര്യം തന്നെ വ്യത്യസ്തമായി പറയുന്നു. നമ്മളും അങ്ങനെയാണല്ലോ. ബെന്‍സ് കാറും ടിപ്പര്‍ ലോറിയും ഒരു പോലെയാണോ ഉപയോഗിക്കുക? അഥവാ ഏതെങ്കിലും സമ്പന്നന്‍ മത്ത് പിടിച്ച് അങ്ങനെ ചെയ്യുന്നുവെങ്കില്‍ എല്ലാവരും അങ്ങനെ ചെയ്യണം എന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്?
 
സ്ത്രീ നില്‍ക്കുന്നതും നില്‍ക്കേണ്ടതും

ആഗോളസമൂഹം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് സ്ത്രീകളുടെ സ്വത്വവും അസ്ഥിത്വവുമായി ബന്ധപ്പെട്ടതാണ്. മാറിയ ലോകക്രമത്തില്‍ അധികാരസ്ഥാനത്തും അടുക്കളയിലെന്ന പോലെ സ്ത്രീ കാര്യങ്ങള്‍ കയ്യാളുന്ന സാഹചര്യം വേണമെന്നും അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ സ്ത്രീത്വം ശാക്തീകരിക്കപ്പെടുകയും സുരക്ഷിതത്വമുള്ളതാവുകയും ചെയ്യൂ എന്നതാണ് ഇന്നത്തെ എല്ലാ ചിന്തകരുടെയും അഭിപ്രായം. ഇതിന് യാഥാര്‍ത്ഥ്യത്തിന്റെ പിന്‍ബലമൊന്നുമില്ല. അപൂര്‍വ്വം സ്ത്രീകള്‍ തെങ്ങ് കയറിയതോ ചായക്കട നടത്തിയതോ കമ്പനികളുടെ മേലധികാരിയായി ഇരുന്നതോ ഒക്കെ ഉദാഹരിച്ച് സാമാന്യവത്കരണം നടത്തുന്നു. എല്ലാ സ്ത്രീകള്‍ക്കും ഇതെല്ലാം സാധ്യമാണ് എന്ന് അനുമാനിച്ച് അതിനായി മുറവിളി കൂട്ടുകയും ചെയ്യുന്നു. 

സ്ത്രീ പുരുഷസമത്വമെന്ന ഉത്കൃഷ്ടമായ വാദമാണ് ഇവര്‍ എല്ലാ കാലത്തും ഉയര്‍ത്തിപ്പോന്നിട്ടുള്ളത്. അതിനാല്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും ഒരു പോലെ വ്യാപരിക്കാന്‍ സ്ത്രീക്ക് സാധിക്കുമെന്നും അതിന് കഴിയാത്തത് പുരുഷാധിപത്യത്തിന്റെ കരുത്തിനാല്‍ അടിച്ചമര്‍ത്തപ്പെടുന്നത് കൊണ്ടാണ് എന്നും ഇവര്‍ പ്രചരണം നടത്തുന്നു. യാഥാര്‍ത്ഥ്യം നേരേ തിരിച്ചാണ്. സ്ത്രീയെ അവളുടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയില്‍ നിന്ന് പറിച്ച് നടുക വഴി സ്ത്രീയെ വിപണിയിലെ ഏറ്റവും മൂല്യമുള്ള ആദാനപ്രദാനമാധ്യമമാക്കുകയാണ് ചെയ്യുന്നത്. ആധുനികലോകം ഉന്നയിക്കുന്ന സ്ത്രീപക്ഷത്തു നിന്നുള്ള മിക്കവാറും എല്ലാ വാദങ്ങളും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഈ സ്വകാര്യനയം നടപ്പാക്കാനുള്ള വാണിജ്യധിഷ്ഠിതമായ താല്പര്യത്തില്‍ നിന്നുള്ളതാണ്. 

സ്ത്രീയുടെ ഇന്നത്തെ പൊതുവത്കരണം അവളുടെ സഹജതയുടെ നേര്‍വിപരീതമാണ് എന്ന് പറയാതിരിക്കുന്നതെങ്ങനെ. ആഴക്കടലിന്റെ സവിശേഷമായ സാഹചര്യത്തില്‍ നീന്തിപ്പുളച്ച മത്സ്യത്തെ അക്വേറിയത്തിന്റെ പരിമിതിയിലേക്ക് വലിച്ചിടുന്നത് തി•-യാണ്. തിരിച്ച് ചെയ്യുന്നത് കടുത്ത പാതകവും കുഞ്ഞുകുളത്തിന്റെ കുളിരില്‍ നിന്ന് സമുദ്രത്തിന്റെ അലറിവിളിക്കുന്ന തിരകള്‍ക്കിടയിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞുമീനിന്റെ വെപ്രാളവും പേടിയുമാണ് ഇന്നത്തെ സ്ത്രീകള്‍ക്കുള്ളത്. വമ്പന്‍സ്രാവുകളും തിമിംഗലങ്ങളും പുളച്ച് മറിയുന്ന കടലില്‍ ഇവ ഇരകള്‍ മാത്രമാണ്. തിന്നാന്‍ കിട്ടുന്ന ഇരയുടെ പരിഭ്രമത്തോട് വേട്ടക്കാരന് തോന്നുന്ന സാഡിസ്റ്റിക്കായ കൗതുകം മാത്രമാണ് കച്ചവടക്കാരനായ പുരുഷന് ഇരയായ സ്ത്രീയോട് തോന്നുന്ന കാര്യം. അത് മനസ്സിലാക്കുന്ന സ്ത്രീകള്‍ മതപരമായ പരിധികളുടെ സുരക്ഷയില്‍ സ്വസ്ഥമായി ജീവിക്കുന്നു. 

ഈ സ്ത്രീത്വത്തിന്റെ നഷ്ടം മൗലികമായി മനുഷ്യത്വത്തിന്റെ നഷ്ടമാണ്. അതിനാല്‍ സ്‌ത്രൈണതയുടെ അതിര്‍വരമ്പിനുള്ളില്‍ നിന്ന് നടത്തുന്ന പ്രവര്‍ത്തനത്തിനേ പെണ്ണ് മുതിരാവൂ. പെണ്ണിന്റെ പരിമിതിയിലേക്ക് പുരുഷനും നുഴഞ്ഞ് കയറാന്‍ പാടില്ല. ഇന്നത്തെ കാലത്ത് സംഭവിച്ച ഏറ്റവും വലിയ ദുര്യോഗവും അതാണ്. അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യയിലേക്ക് വരുന്നു. ആവശ്യമായ വസ്ത്രങ്ങള്‍ക്ക് മേല്‍ സ്യൂട്ടും കോട്ടും ടൈയും ധരിച്ച പുരുഷന്‍. പ്രസിഡണ്ടിന്റെ ഭാര്യയുടെ വേഷമോ? അതാണ് സ്‌ത്രൈണതയുടെയും പൗരുഷത്തിന്റെയും പരിമിതികളെ പരസ്പരം അതിക്രമിച്ച് കടന്നാലുള്ള കുഴപ്പം. 

സ്ത്രീവിദ്യാഭ്യാസം

ദീര്‍ഘമായ ഒരാമുഖം നടത്തിയത് സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് പറയാനാണ്. മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ഇസ്‌ലാം സ്ത്രീയുടെ വിദ്യാഭ്യാസത്തിനും പുരുഷനുള്ളത് പോലെ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. പഠിക്കണം എന്ന് തന്നെയാണ് പെണ്ണിനോടും പറഞ്ഞിട്ടുള്ളത്. ഇത് മനസ്സിലാക്കിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ സ്ത്രീവിദ്യാഭ്യാസമേഖലയില്‍ സക്രിയമായ നവജാഗരണങ്ങള്‍ നടക്കുന്നത്. കേരളത്തിലെ മുസ്‌ലിംകള്‍ വലിയ ഭാഗ്യവാ•ാരാണ്. അവര്‍ക്ക് മതവും രാഷ്ട്രീയവും അറിയാം. അവര്‍ക്ക് സ്ഥാപനങ്ങളുണ്ട്. അവര്‍ക്ക് ധനവും കഴിവുമുണ്ട്. 

അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിവുള്ള മികച്ച നേതൃത്വവുമുണ്ട്. പല സ്ഥാപനങ്ങളും ഇന്ന് സ്ത്രീവിദ്യാഭ്യാസമേഖലയില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു. ദാറുല്‍ഹുദയും വളാഞ്ചേരി മര്‍കസും പെണ്‍കുട്ടികള്‍ക്ക് വേണ്ട നല്ല പാഠ്യപദ്ധതി നടപ്പാക്കുന്നുണ്ട്. ഏതാനും സ്ഥാപനങ്ങള്‍ ഈ രണ്ട് രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ആയിരമോ അധിലധികമോ പെണ്‍കുട്ടികള്‍ ഓരോ വര്‍ഷവും ദീന്‍ പഠിക്കാന്‍ അവസരം കിട്ടാതെ ഇവിടങ്ങളില്‍ നിന്ന് മടങ്ങേണ്ടി വരുന്നു. അത് വേദനിപ്പിക്കുന്ന കാര്യമാണ്. മുമ്പൊന്നുമില്ലാത്ത വിധം ആളുകള്‍ക്ക് ഇസ്‌ലാമികപഠനത്തോട് താല്പര്യമുള്ള കാലമാണ് ഇത്. അപ്പോള്‍ അവസരമില്ല. ഇനി അവസരമൊക്കെ സമുദായം ഒരുക്കുമ്പോഴേക്ക് ആളുകളുടെ മനസ്സ് മടുത്തിട്ടുണ്ടാവും. 

എന്തിനാണ് ശ്രമിക്കുന്നത്? അവിടെ സീറ്റ് കിട്ടുകയില്ല എന്ന ചിന്തയിലേക്ക് വരും. അങ്ങനെ ഒരു ഘട്ടമെത്തുന്നതിന് മുമ്പ് നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. പേരിന് കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുണ്ട് എങ്കില്‍ അവയുടെ നടത്തിപ്പുകാര്‍ അവ നിര്‍ത്തി വെച്ച് ആഖിറത്തിലേക്ക് ഉപകാരമുള്ള നല്ല പാഠ്യപദ്ധതികളില്‍ അംഗമാവണം. സ്ഥലവും പണവും ഉള്ളവര്‍ ഇത്തരം സ്ഥാപനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി തുടങ്ങണം. അവര്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കണം. അങ്ങനെയുള്ള ഒരു മാറ്റത്തിന് സമുദായം തയ്യാറായാല്‍ അത് വലിയ വിപ്ലവമായി മാറും. 

പഠിച്ച പെണ്ണാണ് പരിഹാരം

ഇന്നിപ്പോള്‍ നമ്മുടെ പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് ധാരാളം പ്രയാസങ്ങള്‍ നമ്മള്‍ കണ്ട് വരുന്നു. പരസ്യമായി ഡാന്‍സ് കളിച്ചും പാട്ട് പാടിയും അവര്‍ മതത്തിന്റെ വേലി പൊട്ടിക്കുന്നു എന്ന് ആക്ഷേപം ഉയരുന്നു. മാഹീത്തെ പെങ്കുട്ട്യാളും മലപ്പുറത്തെ ജിമിക്കി കമ്മലും ഉദാഹരണം. ഇത്തരത്തിലുള്ള കുഴപ്പങ്ങള്‍ സംഭവിക്കുന്നത് നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് കൃത്യമായ മാതൃക കാണിച്ച് കൊടുക്കിന്നില്ല എന്നതാണ്. എന്ത് എങ്ങനെ പഠിക്കണം എന്നും അത് എങ്ങനെ ജീവിതത്തില്‍ പ്രായോഗികമാക്കണം എന്നും പെണ്ണിന് കാണിച്ച് കൊടുക്കാന്‍ സാധിക്കണം. ജീവിതം ഇവിടെയല്ല എന്നും ആഖിറത്തിലാണ് എന്നുമുള്ള തിരിച്ചറിവില്‍ നിന്ന് കൊണ്ട് പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കാന്‍ സാധിക്കണം. ഭൗതികം തന്നെ മതത്തിന്റെ മസാലക്കൂട്ടില്‍ കൊടുക്കാം. ഭൗതികതയുടെ തിന്മ-കളെ മതത്തിന്റെ നന്മ-കള്‍ കൊണ്ട് മറികടക്കാം. 

പെണ്ണറിവിന്റെ മേഖലകള്‍

പെണ്ണ് പഠിച്ചാല്‍ എന്താണ് കാര്യം? പലതാണ് കാര്യം എന്നാണ് മറുപടി. കാരണം പെണ്ണ് കടന്ന് പോകുന്ന മാനസികവ്യാപാരങ്ങള്‍ ആണിന് ഉണ്ടാകുന്നില്ല. ഉമ്മയും പെങ്ങളും ഭാര്യയും അടങ്ങുന്ന ഒരു പെണ്ണിന്റെ തന്നെ വിവിധ തലങ്ങള്‍ അറിവിനെ ഏറ്റവും നന്നായി ഉപയാഗിക്കാന്‍ പറ്റുന്ന തരത്തിലാണ്. പുരുഷന് അറിവ് ഒരു ദിശയില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതാണ്. പെണ്ണിന് അത് അടിസ്ഥാനപരമായ ധര്‍മ്മവും. എന്തായാലും അറിവുള്ള പെണ്ണിന്റെ സാധ്യതകളൊന്ന് നോക്കാം.

1. വീട്ടറിവ്
പെണ്ണ് പ്രാഥമികമായ മാതൃത്വമാണല്ലോ. അത് കൊണ്ട് പെണ്ണ് പഠിച്ചാല്‍ തലമുറകള്‍ രക്ഷപ്പെടും. ആണ് പഠിച്ചാല്‍ അത് പണമായി മാറും. പെണ്ണ് പഠിച്ചാല്‍ അത് വിവരവും വെളിച്ചവുമായി തലമുറകളിലേക്ക് കൈ മാറ്റം ചെയ്യപ്പെടും. വീട്ടിലെ കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുക്കാനും പഠനത്തില്‍ അവരെ സഹായിക്കാനും പെണ്ണിന് സാധിക്കുന്നു. അഥവാ അച്ചടക്കമുള്ള, വിദ്യാഭ്യാസപരമായി മേന്മ പുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ വളര്‍ച്ചക്ക് വീടാണ് ആദ്യസ്ഥലമാവേണ്ടത്. വീടിനേ അത് സാധിക്കൂ. 

2. നാട്ടറിവ്
പെണ്ണ് സമൂഹത്തിന് വിളക്കായി മാറുന്നു. സാധാരണഗതിയില്‍ അറിവുള്ള പെണ്ണിന് അത് മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാന്‍ സമയവും സൗകര്യവും ഒത്ത് വരണമെന്നില്ല. എന്നാല്‍ വഫിയ്യ പോലെ ശാസ്ത്രീയമായി പഠനം നടക്കുന്ന രീതികളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് കുറച്ച് കൂടി വിപുലമായി സാമൂഹികമായ മേഖലകളിലേക്ക് ഇറങ്ങാന്‍ കഴിയും. സ്ത്രീകള്‍ക്ക് മാത്രമായുള്ള കൂട്ടായ്മകളിലൂടെയും മറ്റും ഇത്തരം വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കും. കൗണ്‍സിലിങ്, ഗൈഡന്‍സ്, പഠനപ്രശ്‌നങ്ങള്‍, പെരുമാറ്റപ്രശ്‌നങ്ങള്‍ തുടങ്ങിയ പല മേഖലകളില്‍ സ്ത്രീകള്‍ക്കുള്ള ഇടം തുറന്നിടാന്‍ പെണ്ണ് വിചാരിച്ചാല്‍ സാധിക്കും. അത് വലിയ സാമൂഹികപ്രവര്‍ത്തനമായി മാറുകയും ചെയ്യും. 

3. ഓണ്‍ലൈന്‍ മേഖല
സാധ്യതയുടെ വലിയ ഒരു മേഖലയാണ് ഇന്റര്‍നെറ്റ് തുറന്നിടുന്നത്. ഫേസ്ബുക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ബ്ലോഗ് തുടങ്ങിയ സോഷ്യല്‍മീഡിയകളും വെബ്‌സൈറ്റ് പോലെയുള്ള കുറച്ച് കൂടി ഗൗരവതരമായ മേഖലകളും സ്ത്രീ കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ ഉപയോഗപ്പെടുത്താം. ഓണ്‍ലൈനിലാകുമ്പോള്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി കറങ്ങി നടക്കേണ്ടതില്ല. പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി സ്ത്രീകള്‍ക്കിടയിലേക്ക് എത്തിക്കുവാനും ഇത് വഴി സാധിക്കും. ഇന്ന് വാട്‌സാപ്പ് ഉപയോഗിക്കാത്തവര്‍ കുറയും. അത് പലപ്പോഴും ഹറാമായ തരത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. അതിന് പകരം നല്ല രീതിയില്‍ അവ ഉപയോഗിക്കാനുള്ള സാധ്യത തുറന്നിടാനും ഇത് വഴി സാധിക്കും. 

4.പെണ്ണിടങ്ങള്‍
വിദേശരാജ്യങ്ങളില്‍ പലയിടത്തും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് പെണ്ണുങ്ങള്‍ക്ക് മാത്രമുള്ള ഇടങ്ങള്‍. ലൈബ്രറി, ഫാന്‍സി ഷോപ്പുകള്‍, വസ്ത്രക്കടകള്‍ തുടങ്ങിയ സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്ഥാപനങ്ങള്‍ പുതിയ വിദ്യാഭ്യാസം നേടിയ യുവതികള്‍ക്ക് നടത്താവുന്നതേയുള്ളൂ. ഇത് ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കാനും വരുമാനമുണ്ടാക്കാനും സഹായിക്കുന്നു. മഹ്‌റമുകളായ പുരുഷന്മാരുടെ സേവനം ഇക്കാര്യത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചാല്‍ യാത്രയും പര്‍ച്ചേസും അവര്‍ക്കായി മാറ്റവെക്കാം. ഈ കുറിപ്പുകാരന് സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ അറിയാം. ടൈലറിങ് സെന്ററുകള്‍ തൊട്ട് ഡ്രൈവിങ് സ്‌കൂള്‍ വരെയുണ്ട് ഇത്തരത്തില്‍. 

5. ഗേള്‍സ് സ്‌കൂള്‍/ കോളേജസ്
പുതിയ കാലത്തെ മതഭൗതികസമന്വയത്തിലൂടെയുള്ള അറിവ് നേടിയിറങ്ങിയ നമ്മുടെ പെണ്ണുങ്ങള്‍ മികച്ച കഴിവുള്ളവരാണ്. ഇവര്‍ നാലോ അഞ്ചോ പേര്‍ കൂടി ഒരു സംഘമായി പ്രവര്‍ത്തിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താന്‍ സാധിക്കും. സ്‌കൂളുകള്‍, മതകലാലയങ്ങള്‍, ട്യൂട്ടോറിയലുകള്‍ എന്നിങ്ങനെ പല തരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ തരത്തില്‍ നടത്താന്‍ സാധിക്കും. ഇവ കേന്ദ്രീകരിച്ച് വിവിധസ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുവാനും സാധിക്കും. 

6. പെണ്‍പ്രബോധനം
മുസ്‌ലിംസ്ത്രീകള്‍ക്കിടയിലും അല്ലാതെയും ഇസ്‌ലാമിനെ പരിപക്വമാര്‍ന്ന തരത്തില്‍ അവതരിപ്പിക്കാവുന്ന മുസ്‌ലിമാത്തുകളുടെ സംഘടിതശ്രമങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്. 

ചുരുക്കത്തില്‍ പുതിയ കാലത്തിന്റെ സവിശേഷതയായ സമന്വയവിദ്യാഭ്യാസരീതികളലൂടെയും അല്ലാതെയും പഠനം പൂര്‍ത്തിയാക്കിയ സഹോദരിമാര്‍ക്ക് വലിയ അളവില്‍ ഇസ്‌ലാമികമായി തന്നെ സമൂഹത്തില്‍ ഇടപെടാനും പ്രവര്‍ത്തിക്കാനും സാധിക്കും. പദ്ധതികള്‍ വേണം. അജണ്ടകളുണ്ടാവണം. മുസ്‌ലിം പെണ്ണിന് വേണ്ടി മുസ്‌ലിം പെണ്ണുങ്ങള്‍ തന്നെ രംഗത്തിറങ്ങുന്ന സാഹചര്യം ഉണ്ടാവണം. അപ്പോള്‍ മാത്രമേ വ്യാജവനിതാപ്രേമികളുടെ വരട്ടുവാദങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter