മഹ്മൂദ് ദര്‍വീഷും ചരിത്രത്തിലെ മറ്റു പ്രതിഷേധ കവികളും

"If I must die
you must leave
to tell my story"

Refaat Alareer
(ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഗസ്സയിൽ നിന്നുള്ള കവി)


ലോക സംഗീത ചരിത്രത്തിൽ എന്നപോലെ ഇസ്‍ലാമിക സംഗീത ചരിത്രത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രതിഷേധകാവ്യങ്ങൾ കേവലം ശ്രവണാനുഭവം മാത്രമല്ല അത്. മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുന്ന, വികാരങ്ങളെ ഉണർത്തുന്ന, ചിന്തകളെ ഉത്തേജിപ്പിക്കുന്ന ഒരു ശക്തമായ മാധ്യമം കൂടിയാണ്. ചരിത്രത്തിൽ ഉടനീളം സംഗീതം ഒരു പ്രതിരോധ ഉപകരണമായി വർത്തിച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി അനീതിക്കെതിരായ പോരാട്ടത്തിനുള്ള ഒരു വേദിയായി കാലങ്ങൾ മാറുമ്പോഴും ഈ പ്രതിരോധ സംഗീതം അതിന്റെ പ്രസക്തി ഒട്ടും കുറയാതെ തന്നെ നിലനിൽക്കുന്നുണ്ട്.

"നിനക്ക് വായിൽ വെച്ചുതരാൻ ഒന്നും കിട്ടിയില്ല, സങ്കടം സഹിക്കാൻ വയ്യ, കൺമുന്നിൽ കണ്ണടയ്ക്കുന്നത് കണ്ടുനിൽക്കാൻ അല്ലാതെ വഴികളില്ലായിരുന്നു" പറയുന്നത് റസാൻ അബു സാഹിറിന്റെ മാതാവാണ്. മെലിഞ്ഞൊട്ടി എല്ലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന ബാലിക പോഷകക്കുറവ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ  അനേകം പിഞ്ചുമക്കളിൽ ഒരുവൾ മാത്രം. മനുഷ്യത്വം തൊട്ടു തീണ്ടാത്ത ക്രൂരതയുമായി, സമാധാന ഉടമ്പടിക്ക് ശേഷവും ഇസ്രായേൽ നരഹത്യ തുടരുന്ന ഫലസ്തീനിൽ അവരുടെ പ്രതിരോധകൻ എന്ന നിലയിലും കവി എന്ന നിലയിലും മഹ്മൂദ് ദർവേഷ്, ഫദ്ഹ  തുക്കാൻ, സാമിഹ് എം കാസിം, തൗഫീഖ് സയ്യാദ് തുടങ്ങിയവരും, ബ്രിട്ടീഷുകാരെയും അവരുടെ ഭരണത്തെയും വിമർശിച്ചുകൊണ്ട് അവർക്കെതിരെ പടപ്പാട്ടുകൾ പാടിയ മോയിൻകുട്ടി വൈദ്യരും, സവർണ്ണ സാഹിത്യത്തെ പ്രതിക്കൂട്ടിൽ കയറ്റുന്ന കീഴാള ശബ്ദം റാപ്പർ വേടനും ഈ പ്രവണതയുടെ ആധുനിക ഉദാഹരണങ്ങളാണ്.
എന്തുകൊണ്ടാണ് സംഗീതം ഇത്രയും ശക്തമായ ഒരു പ്രതിഷേധം മാധ്യമം ആകുന്നത്?

ചരിത്രം പരിശോധിക്കുകയാണെങ്കിൽ അറബ് ലോകത്ത് പ്രതിഷേധ ഗാനം എന്നൊരു പ്രത്യേക സംഗീത ശാഖ ആധുനിക കാലത്ത് വളർന്നുവന്ന ഒന്നാണ്. എങ്കിലും വിയോജിപ്പും വിമർശനവും പ്രതിരോധവും പ്രകടിപ്പിക്കാൻ കവിതയും സംഗീതവും ഉപയോഗിക്കുന്നത് അറബ് ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ കാര്യമാണ്. ഗോത്രപരമായ അഭിമാനം, പരിഹാസം, കുത്തുവാക്കുകൾ, വിലാപകാവ്യങ്ങൾ എന്നിവ ജാഹിലീയ കാലങ്ങളിൽ പ്രധാനമായിരുന്നു. കവികൾ പലപ്പോഴും തങ്ങളുടെ ഗോത്രത്തിന്റെ ശബ്ദമായിരുന്നു. അവരുടെ വരികളിലൂടെ ഗോത്രപരമായ ബഹുമാനം ഉയർത്തിപ്പിടിക്കുകയും ശത്രുക്കളെ വിമർശിക്കുകയും ചെയ്തിരുന്നു. ഇത് ആധുനിക അർഥത്തിലുള്ള പ്രതിഷേധം ആയിരുന്നില്ലെങ്കിലും ഒരുതരം സാമൂഹിക വിമർശനവും ഗോത്രപരമായ അവകാശ സംരക്ഷണവുമായി ഇതിനെ കാണാൻ കഴിയും. ഈ കാലയളവിൽ പേര് കേട്ട കവികളാണ് അൻതറ ബിൻ ശദ്ധാദ്, അംറ് ബിൻ കുല്‍സും. ഇവരുടെ കവിതകൾ കഅബയിൽ തൂക്കി ഇടപെട്ടവയാണ്. ഈ പ്രശസ്ത കവികളിലൂടെ തങ്ങളുടെ ഗോത്രത്തെ പ്രകീർത്തിക്കുകയും എതിരാളികളെ താഴ്ത്തി കെട്ടുകയും ചെയ്തിരുന്നു എന്ന് ചരിത്രത്തിൽ കാണാൻ കഴിയും.

കാലങ്ങൾക്കിപ്പുറം അബ്ബാസി കാലഘട്ടത്തിൽ അബുൽ അലാ മഅരിയെ പോലുള്ള കവികൾ രാഷ്ട്രീയ ഉപജാപങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെ തങ്ങളുടെ രചനകൾ ഉപയോഗിച്ചു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയും അറബ് ലോകത്ത് ദേശീയതയുടെയും സാമ്രാജ്യത്വ വിരുദ്ധ വികാരങ്ങളുടെയും ഒരു ഉണർവ് ഉണ്ടായ വേളയില്‍, അത് സംഗീതത്തിലും ശക്തമായി പ്രതിഫലിച്ചു.

മഹ്മ്മൂദ് ദർവേഷ്, പശ്ചിമബലീലിയിലുള്ള അൽബിർവ്വ ഗോത്രത്തിൽ അബ്ദുസലാമിന്റെയും ഹുറൈയ്യ ദർവീഷിന്റെയും രണ്ടാമത്തെ മകൻ ആയിട്ടാണ് ജനിക്കുന്നത്. ഇസ്രായേൽ  രൂപീകരിക്കപ്പെട്ടതോടെ അദ്ദേഹത്തിൻറെ കുടുംബം  ലെബനാനിലെ ജസ്റ്റിനിലേക്കും പിന്നീട് ധമൂരിലേക്കും പാലായനം ചെയ്തു. ഒരു വർഷത്തിനുശേഷം അവർ സ്വന്തം ഗ്രാമത്തിൽ താമസിക്കാൻ തിരിച്ചെത്തിയെങ്കിലും അവർക്ക് അവിടെ സ്വന്തം വീടിന്റെ സ്ഥാനത്ത് ഒരു യഹൂദന്റെ വീടാണ് കാണാൻ സാധിച്ചത്. അതോടെ അവർ സ്വന്തം നാട്ടിലെ  അഭയാർത്ഥികളായി മാറി. മഹ്മൂദ് തന്റെ ആദ്യ കവിത എഴുതുന്നത് അതോടെയാണ്, എട്ടാമത്തെ വയസിലായിരുന്നു അത്. പിന്നീടങ്ങോട്ട്  ദർവീഷിന്റെ കാലമായിരുന്നു. വർഷങ്ങൾക്കിപ്പുറം നീണ്ട പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങൾക്കും ശേഷം 2008 ആഗസ്റ്റ് 9ന് യുഎസ് സംസ്ഥാനമായ ടെക്സസിൽ ഹൃദയശാസ്ത്രക്രിയയ്ക്ക് ശേഷം 67-ാമത്തെ  വയസ്സിൽ മരണപ്പെട്ടു. റാമല്ലയിൻ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

അതുപോലെ തന്നെ ആധുനിക അറബി സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കവിയത്രിയായിരുന്നു ഫത്‌വ തൗഖാൻ. സമകാലിക അറബ് കവിതയിൽ ഇസ്രായേൽ അധിനിവേശത്തോട് ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ വ്യക്തിയാണ് ഫത്‌വ. അൽഅഖ്സ അൽഇൻതിഥാദ എന്നറിയപ്പെടുന്ന രണ്ടാം ഇൻതിഥാദ കൊടുംബിരി കൊണ്ട കാലത്ത് നബ്ബസ് നഗരം  ഉപരോധത്തിലായിരുന്ന സമയത്ത് 2003 ഡിസംബർ 12നാണ് ഫത്‌വ മരണപ്പെടുന്നത്.

അതുപോലെതന്നെ സാമിഹ് അൽഖാസിം, തൗഫീഖ് സയ്യിദ്, ഗസ്റ്റ്ൽ കനാഥാനി അങ്ങനെ നിരവധി കവികൾ. ഇവരുടെ കവിതകൾ കേവലം വാക്കുകൾ ആയിരുന്നില്ല, മറിച്ച് ഒരു ജനതയുടെ അതിജീവനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രഖ്യാപനങ്ങൾ ആയിരുന്നു. അവരുടെ  കവിതകൾ ഫലസ്തീൻ ജനതയുടെ നഷ്ടപ്പെട്ട ഭൂമിയെ കുറിച്ചും പ്രവാസ ജീവിതത്തിന്റെ വേദനയെക്കുറിച്ചും സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത മോഹത്തെക്കുറിച്ചും ആയിരുന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ വേദനയും  പ്രതീക്ഷയും വരികളിലൂടെ സംഗീതത്തിന്റെ അകമ്പടിയോടെ ആവാഹിച്ചപ്പോൾ അത് ലോകമെമ്പാടുമുള്ള  മനുഷ്യസ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതിധ്വനിച്ചു. അവരുടെ കവിതകൾ പ്രതിഷേധത്തിന്റെ ഉഗ്രരൂപമായി മാറിയത്  അധിനിവേശത്തിന്റെ ക്രൂരതകൾക്കെതിരെയും സ്വന്തം ജനതയുടെ അവകാശങ്ങൾക്ക് വേണ്ടിയും അവർ ശബ്ദമുയർത്തിയത് കൊണ്ടാണ്.

മഹ്മൂദ് ദർവീഷിനെ പോലെ തന്നെ  സാമൂഹിക അനീതിക്കും വർഗീയ വിവേചനത്തിനും എതിരെ ഒരുപാട് കവികളും മറ്റും ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. അതിൽ ഒരാളാണ് കേരളത്തിൽ നിന്നുള്ള ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനും. മഹ്മൂദ് ദർവീഷിന്റെ കവിതകൾ വാക്കുകളിലൂടെ പ്രതിരോധം തീർക്കുമ്പോൾ വേടനെ പോലെയുള്ളവരുടെ റാപ്പുകൾ ആധുനിക സംഗീതത്തിന്റെ താളത്തിൽ സാമൂഹിക വിമർശനം വഹിക്കുന്നു.

പ്രതിഷേധ സംഗീതം എന്നത് കേവലം ഒരു താൽക്കാലിക പ്രതിഭാസമല്ല. കാലം മാറുന്നതിനനുസരിച്ച് അതിന്റെ രൂപവും ഭാവവും മാറുന്നുണ്ടെങ്കിലും അതിന്റെ അടിസ്ഥാന ലക്ഷ്യം ഒന്നുതന്നെയാണ്. അനീതിക്കെതിരെ ശബ്ദമുയർത്തുക, അടിച്ചമർത്തപ്പെട്ടവർക്ക് ആശ്വാസം നൽകുക, മാറ്റത്തിനുള്ള പ്രചോദനം നൽകുക എന്നിവയാണിത്. ഇന്റർനെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും കടന്നു വരവോടെ പ്രതിഷേധ സംഗീതത്തിന് ആഗോളതലത്തിൽ കൂടുതൽ വേഗത്തിൽ പ്രചരിക്കാൻ കഴിയുന്നുണ്ട്. ഇത് കലാകാരന്മാർക്ക് കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനും അവരുടെ സന്ദേശങ്ങൾ കൂടുതൽ ഫലപ്രദമായി പങ്കുവെക്കാനും സഹായിക്കുന്നു. 

മഹ്മൂദ് ദർവീഷിന്റെയും മറ്റു കവികളുടെയും കവിതകൾ കേവലം ഫലസ്തീന്‍ ജനതയുടെയോ, ജാതി വിവേചനത്തിന് ഇരയായവരുടെയോ മാത്രമല്ല. ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെയും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെയും കൂടി ശബ്ദമാണ്. അവരുടെ കവിതകൾ മനുഷ്യന്റെ അവസ്ഥയെയും പ്രതീക്ഷകളെയും വേദനകളെയും പ്രതിരോധങ്ങളെയും കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അംബേദ്കർ പറയുന്നുണ്ട് "നിങ്ങൾക്ക്  അനീതികളിൽ നിന്ന് പൂർണ മോചനം കിട്ടുന്നത് വരെ നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നിങ്ങൾ പോരാടുക" അതുപോലെ തന്നെ, ഈ ജനതയുടെ സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഇനിയും മഹ്മൂദ് ദർവീഷുകളായി, വേടന്മാരായി, ഫത്ഹ തുക്കാനുകളായി രൂപം കൊണ്ടുകൊണ്ടേയിരിക്കും.

About the author:

ചാമക്കാല നഹ്ജുറഷാദ് ഇസ്‍ലാമിക് കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter