മലയാള സാഹിത്യം; മാപ്പിള സാന്നിധ്യങ്ങള്‍

സാഹിത്യം നിര്‍മിതിയുടെയും പുനര്‍നിര്‍മിതിയുടെയും അപനിര്‍മാണത്തിന്റെയും വിഭ്രാമക ലോകമാണ്. ദേശവും സമുദായവും ഭൂമിശാസ്ത്രവും ചരിത്രവും നരവംശശാസ്ത്രവും എഴുത്തുകാരന്റെ പേനത്തുമ്പില്‍ നിന്ന് അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍ നിന്നെന്ന പോലെ ഉയിരെടുക്കകുകയാണ്.  സാഹിത്യം വെറും ഭാവനയുടെ കാടുപിടിച്ച ലോകം എന്ന് ഇന്നാരും എഴുതിത്തള്ളില്ല. ആയിരത്തൊന്നു രാവുകളില്‍ കഥകള്‍ പറഞ്ഞ മന്ത്രികുമാരിയെപ്പോലെ ആഖ്യാനങ്ങള്‍ സമൂഹത്തിന്റെ അതിജീവനം ഉറപ്പു വരുത്തുകയും നീട്ടിവെക്കുകയും ചെയ്യുന്നുണ്ട്. ആഖ്യാനങ്ങളുടെ ദൂരദര്‍ശനികളിലൂടെയാണ് ലോകം അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നതും കാണുന്നതും. ചരിത്രത്തിന്റെ എണ്ണമറ്റ മുറികളില്‍ ഇടം അന്വേഷിക്കുന്ന സമുദായങ്ങള്‍ സര്‍ഗാത്മക രചകളില്‍ കൂടിയാണ് ആ അന്വേഷണം പൂര്‍ത്തിയാക്കുന്നത്. നിങ്ങള്‍ ഉണ്ടായിരുന്നോ എന്നതിന് നിങ്ങളും മറ്റുള്ളവരും  നിങ്ങളെക്കുറിച്ച് എന്ത് അടയാളപ്പെടുത്തി, എഴുതിവെച്ചു എന്നാണ് പിറകേ വരുന്നവര്‍ നോക്കുന്നത്. നിങ്ങളുടെ അസ്തിത്വം നിങ്ങളെക്കുറിച്ചുള്ള കഥകളിലൂടെയാണ് വായിക്കപ്പെടുന്നത്. ''പടിഞ്ഞാറുകാര്‍ക്ക് പൗരസ്ത്യ ദേശം  കഥകള്‍ കൊണ്ട് നിര്‍മിച്ച സാമ്രാജ്യാണ്. കല്‍പിങ്ങളും വാസ്തവികങ്ങളുമായ കഥപറച്ചിലിലൂടെയാണ്  കിഴക്ക് തിരിച്ചറിയപ്പെടുന്നത്'' എന്ന് 'ഓറിയന്റലിസം' എന്ന പുസ്‌കത്തില്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ വിശദമാക്കുന്നുണ്ട്. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, അനുകൂലിച്ചാലും ഇല്ലെങ്കിലും  കഥകാളാണ് പൊതുമണ്ഡലത്തില്‍ നിങ്ങളുടെ സ്വത്വം നിര്‍ണയിക്കുന്നത്. മാപ്പിളമാര്‍ എത്ര മാറിയാലും പൊതു ധാരണകളില്‍ നിന്ന് അവരുടെ ഉടുമുണ്ടിന്റെ കള്ളികള്‍ മാഞ്ഞു പോകുന്നില്ല, അരപ്പട്ടയും അതില്‍ തിരുകി വെച്ച കത്തിയും മാറിപ്പോകുന്നില്ല. പറഞ്ഞു പതിഞ്ഞ കഥകള്‍ അത്ര ശക്തമാണ്.  
 
ചരിത്രരചന എത്ര സമഗ്രമായിരുന്നാലും അതിന് എത്താവുന്ന ഇടങ്ങള്‍ക്കും വിവരിക്കാവുന്ന കാര്യങ്ങള്‍ക്കും പരിമതികളുണ്ട്. സൂക്ഷമമായ ധാരാളം അനുഭവങ്ങളും അധികാരത്തിന്റെ പുറംപോക്കിലുള്ള സമൂഹങ്ങളും കാലാകലങ്ങളായി അതിനു വെളിയിലായിരിക്കും. ഇവിടെയാണ് സര്‍ഗാത്മക സാഹിത്യത്തിന്റെ മൂല്യം അതിന്റെ കനമറിയിക്കുന്നത്. രേഖപ്പെട്ടു കിടക്കുന്ന കലയും സാഹിത്യവും ജനതകളുടെ വൈകാരികചരിത്രമാണ്. അവര്‍ക്ക് ദേശീയമായ ഇടവും തനിമയും നേടിക്കൊടുക്കുന്നതിലും അവരുടെ ആഴമേറിയ അനുഭവങ്ങളിലേക്കുള്ള സഞ്ചാരം സുഗമമാക്കുന്നതിലും അവക്ക് വലിയ പങ്കുണ്ട്. സവര്‍ണമായ ആശയങ്ങളും അനുഭവലോകവും നിറകതിര്‍ കത്തി നിന്ന മലയാളികളുടെ വായനാലോകത്തേക്ക് സുന്നത്ത് കല്യാണത്തിന്റെ കഥ പറഞ്ഞു വൈക്കം മുഹമ്മ്ദ ബഷീര്‍ വരുമ്പോള്‍ സംഭവിച്ചത് സാഹിത്യ വ്യവഹാരത്തിലെ  വലിയ മാറ്റമാണെന്നു പറയുന്നത് മാപ്പിളമാരുടെ കഥകള്‍ കൂടി പറയാനും കേള്‍പ്പിക്കാനും ഉള്ളതാണെന്ന ബോധ്യം ഉണ്ടാക്കിത്തീര്‍ക്കുന്നത് കൊണ്ടാണ്.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മാപ്പിളമാര്‍ തങ്ങളുടെ അനുഭവാവിഷ്‌കാരങ്ങള്‍ നിര്‍വഹിച്ചിരുന്നത് അറബിമലയാളം എന്ന സവിശേഷ സാഹിത്യ-ഭാഷാ രൂപത്തിലൂടെയാണ്. മതബോധനവും നിത്യവ്യവഹാരവുമായിരുന്നു അതിന്റെ അടിസ്ഥാന ഉദ്ദേശ്യങ്ങളെങ്കിലും വിവിധ സാമൂഹ്യ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പാട്ടുകളും കിസ്സകളും ബൗദ്ധിക ചര്‍ച്ചകളും വിവര്‍ത്തനങ്ങളും എല്ലാം  എട്ടു നൂറ്റാണ്ടുകളോളം നിവര്‍ത്തിച്ചു വന്നിരുന്നത് അറബിമലയാളമായിരുന്നു. അതിലാണ് അക്കാലത്തെ മുസ്‌ലിംകളുടെ ദൈനംദിനജീവതം  പതിഞ്ഞു നില്‍ക്കുന്നത്. ചിലയാളുകള്‍ ന്യൂനീകരിക്കുന്നത് പോലെ അത് മലയാളത്തെ അറബി ലിപി വ്യവസ്ഥയില്‍ അടയാളപ്പെടുത്താനുള്ള വ്യഗ്രതയായിരുന്നില്ല. മറിച്ചു മുസ്‌ലിം ജീവിത്തിന്റെ സാംസ്‌കാരികമായ തനിമയും സാമൂഹികമായ വിനിമയവും ഉദ്ഗ്രദിച്ചെടുക്കാനുള്ള സവിശേഷമായ ഒരു വ്യവസ്ഥ തന്നെയായിരുന്നു അറബി-മലയാളം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും മലയാള ഗദ്യപോഷണത്തിന്റയും നോവല്‍ മുതലായ നവീന സാഹിത്യ രൂപങ്ങളുടെ വളര്‍ച്ചയുടെയും പ്രത്യേക ഘട്ടത്തില്‍ അറബിമലയാളത്തിന്റെ കാലത്തില്‍ നിന്നു മുന്നോട്ട് പോയി മലയാളഭാഷയില്‍ മുസ്‌ലിം ജീവിതത്തിന്റെ അതിരടയാളങ്ങള്‍ പതിപ്പിക്കാന്‍ മലയാളി മുസ്‌ലിംകള്‍ക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്നത് അന്വേഷിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട മേഖലയാണ്. ഈ അന്തരാള ഘട്ടത്തില്‍ പകച്ചു നില്‍ക്കാതെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ആഴവും പരപ്പും ആശയലോകത്തിന്റെ തനിമയും വ്യവഹാരങ്ങളുടെ വ്യതിരിക്തതയും സര്‍ഗസാഹിത്യത്തിന്റെ ഇടങ്ങളില്‍ എത്രമാത്രം നമുക്ക് പൂരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നോക്കിക്കാണാന് ഇവിടെ ശ്രമിക്കുന്നത്. 

ഇസ്‌ലാമിക സൗന്ദര്യശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മലയാളത്തിലെ ഏതാനു മുസ്‌ലിം എഴുത്തുകാരുടെ രചനകള്‍ വിലയിരുത്തുന്ന ഇബ്‌റാഹീം ബേവിഞ്ചയുടെ പുസ്‌കതമാണ് 'ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍' (ഐ.പി.എച്ച്, കോഴിക്കോട്,1995). മുസ്‌ലിം സാമൂഹിക ജീവതം മലയാളനോവലിനകത്ത് പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്നുള്ള പഠനമാണ് ജമാല്‍ കൊച്ചങ്ങാടിയുടെ 'മുസ്‌ലിം സാമൂഹ്യജീവിതം മലയാള നോവലില്‍' (കേരളാ സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1998) എന്ന ഗ്രന്ഥം. മലബാര്‍ കലാപ ചരിത്രരചനയുടെയും മലയാളത്തിലെ ചില സാഹിതീയ ആഖ്യാനങ്ങളുടെയും പശ്ചാത്തലത്തില്‍  കീഴാള പഠനങ്ങളുടെ സഹായത്തോടെ മാപ്പിള പ്രതിനിധാനത്തെ പ്രശ്‌നവല്‍ക്കരിക്കുന്ന കൃതിയാണ് എം.ടി.അന്‍സാരിയുടെ 'മലബാര്‍:ദേശീയതയുടെ ഇടപാടുകള്‍' (ഡി.സി.ബുക്‌സ്,കോട്ടയം, 2008). മുസ്‌ലിം സ്ത്രീകളുടെ സാമൂഹികവും സാംസ്‌കാരികവുമായ  ഇടങ്ങളെ പല മാതൃകകളിലുള്ള ഉപദാനങ്ങളുടെ വെളിച്ചത്തില്‍ വായനക്ക് വിധേയമാക്കുന്ന കൂട്ടത്തില്‍ കേരളത്തിലെ മുസ്‌ലിം എഴുത്തുകാരികളുടെ രചനകള്‍ പഠിക്കാന്‍ ശ്രമിക്കുന്ന പുസ്തകമാണ് ഷംഷാദ് ഹുസൈന്റെ 'ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍' (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവന്തപുരം, 2009). മലയാള കാവ്യരംഗത്തെ മുസ്‌ലിം മുദ്രകള്‍ തേടുമ്പോള്‍ മുന്നില്‍ വരുന്നത് വലിയ ശൂന്യതയാണ്. കവിത്രയത്തിന്റെ കാലത്ത് വള്ളത്തോള്‍ സഹിത്യമഞ്ജരിക്കവിതകളില്‍ ചിലത് കുറിച്ചിട്ടുണ്ട്. കുമാരനാശാന്‍ 'ദുരവസ്ഥ'യില്‍ കേരളത്തിലെ ഇസ്‌ലാംവ്യാപനത്തിന്റെ സാംസ്‌കാരിക-സാമൂഹിക പശ്ചാത്തലം സാമാന്യം ദീര്‍ഘമായി വിവരിക്കുന്നുണ്ടെങ്കിലും മാപ്പിളകലാപത്തെക്കുറിച്ചുള്ള തികച്ചും വസ്തുതാവിരുദ്ധവും അനാരോഗ്യകരവുമായ ചിത്രമാണ് വരച്ചു വെക്കുന്നത്. അന്നത്തെ ദേശീയവാദ ചരിത്രത്തെയാണ് ആശാന്‍ ഇതിനു ഉപജീവിച്ചിരിക്കുന്നത്. 'ഉമാകേരള'ത്തില്‍ ഉള്ളൂര്‍ ഉമയമ്മറാണി സഹായിത്തിനു സമീപിക്കുന്ന മുസ്‌ലിം സിദ്ധനെ അവതരിപ്പിക്കുന്നുണ്ട്. തിരുനബി(സ)യെക്കുറിച്ച് മഹാകാവ്യ രീതിയില്‍  പൊന്‍കുന്നം സെയദ് മുഹമ്മദ് എഴുതിയ 'മാഹമ്മദം' ഇവിടെ പ്രസ്താവ്യാണ്. മഹാകാവ്യ ലക്ഷണങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളുന്ന രചനയല്ല ഇത്.  മുസ്‌ലിം കവികളില്‍ ടി.ഉബൈദും പി.ടി.അബ്ദുറഹ്‌മാനും ആണ് മുസ്‌ലിംജീവിതത്തെയും ആശയധാരയെയും തിളക്കിക്കാട്ടാന്‍ ശ്രമിച്ചിട്ടുള്ളവര്‍. ഇസ്‌ലാമികമായ മിത്തുകളും സങ്കല്‍പ്പങ്ങളും നൂലോടി നില്‍ക്കുന്ന ഇവരുടെ രചനകള്‍ വായനയുടെ മുഖ്യധാരയിലേക്ക് എത്തുകയുണ്ടായില്ല. 'ബദ്‌റുല്‍ മുനീറും ഹുസ്‌നുല്‍ ജമാലുമു'ണ്ടായ സമുദായത്തില്‍ നിന്ന് ഈ ശൂന്യത എങ്ങനെ സംഭവിച്ചു എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. 

മുസ്‌ലിം സാമൂഹ്യജീവിതം ആഖ്യാനം ചെയ്യുന്ന നോവലുകളെയോ നോവലിസ്റ്റുകളെയോ മുന്‍നിര്‍ത്തിയാണ് മലയാളസാഹിത്യ രംഗത്തെ മുസ്‌ലിം പ്രതിനിധാനങ്ങള്‍ വലയിരുത്താന്‍  ശ്രമിക്കുന്നത്. മുസ്‌ലിം ജീവിത്തിലെ ചരിത്രസന്ദര്‍ഭങ്ങളെ, ഇന്നലകളെ, സമുദായ നിര്‍മിതിയെ എങ്ങനെയാണ് മലയാളനോവലുകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് എന്ന ചെറിയ വൃത്തത്തിലുള്ള അന്വേഷണമാണ്  ഇവിടെ നടത്തുന്നത്.  മറ്റു സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് സമഗ്രമായ ജീവിതാവിഷ്‌കാരത്തിനു നോവലിന് സാധ്യതയുണ്ട്. നീണ്ടകാലത്തിനിടക്കുള്ള അനേകം തലമുറകളുടെ വിവരണം ഉള്‍ക്കൊള്ളാനും നോവലിന്റെ ഘടന പര്യപ്തമാണ്. സാമുദായിക നോവലുകളില്‍ പൊതുവെ നരവംശശാസ്ത്രരേഖയായി പരിഗണിച്ചു വരുന്നുമുണ്ട്. നരവംശശാസ്ത്രത്തിലുള്ള പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും അത്‌കൊണ്ട് നോവലിലും  വരാവുന്നതാണ്.  അതിനാലാണ് നോവല്‍ രംഗത്തെ മുസ്‌ലിം ജീവിതാവിഷ്‌കാരങ്ങളെ വായനക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ നോവലിസ്റ്റുകളുടെയെല്ലാം ചെറുകഥകളും മുസ്‌ലിം വാഴ്‌വിന്റെ വിവിധ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ബഷീറിന്റെയും ഉറൂബിന്റെയും എന്‍.പിയുടെയും മറ്റും ചെറുകഥകള്‍ ഇതിനുദാഹരിക്കാവുന്നതാണ്. ഏറ്റവും പുതിയ കാലത്തെ രാഷ്ട്രീയവും സ്വത്വസംബന്ധിയുമായ മുസ്‌ലിം പ്രതിസന്ധികളെ പ്രശ്‌നവല്‍ക്കരിക്കുന്ന കഥകള്‍ എന്‍.എസ്.മാധവന്‍, കെ.പി.രാമനുണ്ണി, ഉണ്ണി.ആര്‍ തുടങ്ങിയവര്‍ രചിച്ചിട്ടുണ്ട്. പുനത്തിലും ടി.വി.കൊച്ചുബാവയും അക്ബര്‍ കക്കട്ടിലും മറ്റും രചിച്ച ചെറുകഥകളും മുസ്‌ലിം പ്രമേയങ്ങള്‍ പങ്ക് വെക്കുന്നവയാണ്. 

മലയാളത്തിലെ ആദ്യ കാല നോവലിസ്റ്റുകളായ ഒ.ചന്തുമേനോന്റെയും സി.വി.രാമന്‍പിള്ളയുടെയും കൃതികളില്‍ തന്നെ മുസ്‌ലിം കഥാപാത്രങ്ങളും അവരുടെ സവിശേഷമായ ചിത്രണവും ഉണ്ട്. മലയാളി മുസ്‌ലിമിന്റെ തനിമയുള്ള ചിത്രം ആദ്യമായി വരുന്നത് സി.വിയുടെ നോവലുകളിലാണ്. മുസ്‌ലിം ജീവിതത്തിന്റെ ചില നേരനുഭവങ്ങള്‍ രാമന്‍പിള്ളക്ക് ഉണ്ടായിരുന്നു. നാടുവിട്ട കാലത്ത് ഹൈദരാബാദിലും മൈസൂരിലും  അദ്ദേഹം മുസ്‌ലിം പ്രമാണിമാരുടെ കൂടെ കഴിഞ്ഞതിന്റെ സ്വാധീനമായിരിക്കാം  മുസ്‌ലിം കഥാപാത്ര ചിത്രീകരണങ്ങളില്‍ ഉള്ളത്. അദ്ദേഹത്തിന്റെ പ്രഥമ നോവലായ 'മാര്‍ത്താണ്ഡവര്‍മ്മ'യിലെ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നോക്കുക''ഊക്കനായ വൃദ്ധന്‍ തന്റെ ഊരഭാരത്തെ വഹിച്ചു കൊണ്ടു നരച്ച വെള്ളക്കമ്പികള്‍ പോലെയുള്ള ഉദരത്തോളം എത്തീട്ടുള്ള താടിയെ കൈകൊണ്ട് പ്രേമത്തോടെ തടവി ഒതുക്കീട്ട്, മരിക്കുന്നവനോ മരിച്ചവനോ ആയ യുവാവിന്റെ അടുത്ത് ചെന്നു വടിയെ ബലമായി നിലത്തൂന്നിയും മുട്ടില്‍ കൈകൊടുത്തും നരച്ചുള്ള പുരകങ്ങളെ ചുളുക്കിയും വളരെ ബുദ്ധിമുട്ടി,..... '' എന്നിങ്ങനെ ആ വിവരണം നീണ്ടു പോകുന്നുണ്ട്. ഗംഭീരമായ സി.വിയുടെ ഗദ്യം ഈ ചിത്രം വരക്കുന്നത് എത്ര വിശദമായാണ്. ഇതേ നോവലില്‍ തന്നെ ശംസുദ്ദീനെയും സുലൈഖയെയും വര്‍ണിക്കുന്നതിലും അദ്ദേഹത്തിന്റെ മുസ്‌ലിം ജീവിത മണ്ഡലത്തോടുള്ള മതിപ്പും പരിചയവും വ്യക്തമാകുന്നുണ്ട്.  ആകാശ വര്‍ണമായുള്ള റെട്ടുമുണ്ടും ചീട്ടിക്കുപ്പായവും തോളില്‍ ചുവന്ന ഉറുമാലും തലയില്‍ മസ്‌ലിയും തൊപ്പിയും  ഊശാന്താടിയും മുണ്ഡിതമായ ശിരസ്സും മേല്‍മുണ്ടും ഉള്ളയാളാണ് അദ്ദേഹത്തിന്റെ 'ധര്‍മരാജ'യിലെ പക്കീര്‍സ. ഈ കഥാപാത്രം പിന്നെ എത്രകാലം നമ്മുടെ സഹിത്യത്തിലും നാടകങ്ങളിലും ദൃശ്യകലകളിലും അരങ്ങു നിറഞ്ഞു നില്‍ക്കുകയുണ്ടായി. 'രാമരാജബഹദൂറി'ല്‍ സദാചാരത്തിന്റെയും സല്‍സ്വഭാവത്തിന്റെയും ആള്‍രൂപമായിട്ടാണ് ടിപ്പുസുല്‍ത്താന്‍ കടന്നു വരുന്നത്. ചന്തുമേനോന്റെ 'ഇന്ദുലേഖ'യില്‍ ഒരു മാപ്പിളപ്പയ്യന്റെ ചിത്രം സാന്ദര്‍ഭികമായി കടന്നു വരുന്നുണ്ട്. പഞ്ചുമേനോന്റെ ബാല്യകാല ഓര്‍മകളിലാണ് അവന്‍ കടന്നു വരുന്നത്. ബാപ്പയുടെ കൂടെ കച്ചവടത്തിനു പോകുന്ന മാപ്പിളബാലന്‍ തിരിച്ചു വരുമ്പോള്‍ മേനോന് സമ്മാനിക്കുന്ന ചെരുപ്പുമായി ബന്ധപ്പെട്ടതാണ് ആ ഓര്‍മ. രഹസ്യമായി ഉപയോഗിക്കുന്ന ചെരുപ്പ് ഒരിക്കല്‍ വലിയമ്മാവന്‍ കാണുന്നതും മേനോനെ കുടുമ ചുറ്റിപ്പിടിച്ച് അടിക്കുന്നതും നോവലില്‍ ചിത്രീകരിക്കുന്നുണ്ട്. കച്ചവടക്കാരനും സഞ്ചാരിയുമായ മാപ്പിളയുടെ സാമൂഹികാതിജീവനത്തിന്റെ ആദ്യാടയാളങ്ങള്‍ ബോധപൂര്‍വമല്ലെങ്കിലും നോവലിസ്റ്റ് ഇവിടെ പറഞ്ഞു പോകുന്നു. സ്വാതന്ത്ര്യവും തുറന്ന ലോകബോധവും ഉള്‍ക്കൊള്ളുന്നതാണ് ഈ കഥാപാത്രം. സി.വിയുടെയും ചന്തുമേനോന്റെയും മറ്റും നോവലുകളില്‍ മുസ്‌ലിം കഥാപാത്രങ്ങളും ജീവിതവും സാന്ദര്‍ഭിമകമായി വരുന്നു എന്നല്ലാതെ സമഗ്രവും മൗലികവുമായ മുസ്‌ലിം ജീവിത സന്ദര്‍ഭങ്ങളോ സാമൂഹിക വഴക്കങ്ങളോ മലയാള നോവലുകള്‍ക്ക്  അക്കാലത്തു പരിചിതമായിരുന്നില്ല. എങ്കിലും ഒരു സമുദായമെന്ന നിലയില്‍ തനതായ വ്യക്തിത്വം പുലര്‍ത്തുന്ന മുസ്‌ലിംകളുടെ വ്യവഹാരങ്ങളിലേക്കും കെട്ടുപാടുകളിലേക്കും വെളിച്ചം വീശാനും സാമുദായിക മൈത്രിയുടെ വിശേഷങ്ങള്‍  പങ്ക് വെക്കാനും ഈ ചനകള്‍ക്ക് സാധിച്ചിട്ടുണ്ട്. 
ആദ്യത്തെ ലക്ഷണമൊത്ത മലയാളനോവല്‍ 'ഇന്ദുലേഖ'യാണല്ലോ. പുതിയ തരം വിദ്യാഭ്യാസം ചെയ്ത നായന്‍മാര്‍ക്കിടയില്‍ ഉയിരെടുത്ത ലോകബോധവും ചിന്താശീലവും തറവാടിത്തത്തിനും മരുമക്കത്തായത്തിനും യാഥാസ്ഥികത്വത്തിനുമെതിരെ നടത്തുന്ന  പ്രതിതകണങ്ങളാണ് ആ കൃതിയുടെ ഊര്‍ജ്ജം. അതിലെ നായികാനായകന്‍മാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്തവരും പ്രമേയം ഇംഗീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഇംഗ്ലീഷ് നോവല്‍ ബുക്കുകളുടെ മാതൃകയില്‍ ഒരു കൃതി രചിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് ചന്തുമേനോന്‍ ആമുഖത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. നായര്‍ സമുദായത്തിന്റെ നവീകരണമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പിന്നീട,് ഇന്ദുലേഖയുടെ പലതരത്തിലുള്ള അനുകരണങ്ങളാണ് മലയാള നോവല്‍ ചരിത്രത്തില്‍ ദൃശ്യമാകുന്നത്. സാമൂഹിക നോവലുകളെന്ന ഒരു പറ്റം വിലക്ഷണ രചനകളുടെ വേലിയേറ്റവും. 

മുപ്പുതുകളിലാരംഭിച്ച മലയാള കഥാസാഹിത്യത്തിന്റെ നവോത്ഥാന ഘട്ടമാണ് ഇതില്‍ നിന്നുള്ള വിഛേദം രേഖപ്പെടുത്തുന്നത്. സാഹിത്യ ചരിത്രത്തില്‍ ഇത് കഥയുടെ സുവര്‍ണകാലമായാണ് അറിയപ്പെടുന്നത്. സാഹിത്യത്തിന്റെ സാമൂഹികമായ പ്രതിബദ്ധതയും കര്‍ഷക-തൊഴിലാളി-കീഴാള വര്‍ഗങ്ങളുടെ മേല്‍ഗതി എഴുത്തുകാരന്റെ ഉന്നമായിരിക്കണമെന്ന വീക്ഷണവും ഫ്രോയിഡിയന്‍ മന:ശാസ്ത്രത്തിന്റെ പ്രയോഗവും ചേര്‍ന്ന് ഇക്കാലയളവില്‍ മലയാള നോവലിന്റെ മുഖഛായ മാറുകയും എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന തലതത്തിലേക്ക് അതിന്റെ കാന്‍വാസ് വികസിക്കുകയും ചെയ്തു. നവോത്ഥാനം എന്ന ആശയം പ്രധാനമായി ഉള്‍ക്കൊണ്ടത് എല്ലാവരുടെയും ജീവിതകഥകള്‍ കഥനത്തിനര്‍ഹമാണെന്ന വിശാലമായ കാഴ്ചപ്പാടായിരുന്നു. അങ്ങനെയാണ് തോട്ടിയും തെരുവുതെണ്ടിയും കര്‍ഷകനും റിക്ഷാവലിക്കാരനും നമ്മുടെ സാഹിത്യത്തിന്റെ ഉമ്മറത്തേക്ക് പ്രവേശനം നേടുന്നത്. ഇക്കൂട്ടത്തിലെ ഗണനീയനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. 1944 ല്‍ അദ്ദേഹത്തിന്റെ 'ബാല്യാകലസഖി' പുറത്ത് വരുന്നതോടെയാണ് മുസ്‌ലിം സാമൂഹ്യജീവിതം  മലയാള കഥാലോകത്തേക്ക് വരവറിയിക്കുന്നത്. മുസ്‌ലിം വിശ്വാസപ്രമാണങ്ങളെപ്പറ്റിയുള്ള ഏകദേശവിവരണവും  അവരുടെ വ്യാവഹാരിക ജീവിതത്തിലെ ചില കാഴ്ചകളും ബഷീറില്‍ കാണാം. ബഷീറന്റെ നാല്‍പ്പതോളം  നോവലുകള്‍ക്കിടയില്‍ കഷ്ടിച്ച്  സാമുദായിക നോവല്‍ എന്ന് വിളിക്കാവുന്നത് 'ന്റുപ്പുപ്പാക്ക് ഒരാനേണ്ടാര്‍ന്ന്' ആണെന്നും  പി.എ.മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍ വീട്' പോലുള്ള സാമുദായിക നോവലുകളുടെ ഇതിഹാസ മാനമോ വലിയ കാന്‍വാസോ കാലപ്പരപ്പോ ബഷീറിന്റെ നോവലിനില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (മുസ്‌ലിം/ഇസ്‌ലാമെഴുത്ത് എന്ന് കേള്‍ക്കുമ്പോഴേക്ക് ബഷീറിനെ ആനയിക്കുന്നതിലെ അബദ്ധം ഇവിടെ കൂട്ടി വായിക്കുക. പാത്തുമ്മയുടെ ആടില്‍ മുസ്‌ലിംജീവിത ചിത്രീകരണമുള്ളത് ഉമ്മ പുലര്‍ച്ചെ എഴുന്നേറ്റ് നിസ്‌കരിക്കും എന്ന പരാമര്‍ശത്തിലാണെന്ന് കെ.എം.ഷറീഫ് പറയുന്നുണ്ട്). 

മുസ്‌ലിം സമുദായത്തിന്റെ പശ്ചാത്തലത്തില്‍ ദു:ഖാന്തമായ ഒരു പ്രണയകഥ പറയുന്നു എന്നതിനപ്പുറത്ത് സവര്‍ണമായ ആവിഷ്‌കാരങ്ങളും സൗന്ദര്യാനുഭൂതികളും കണ്ടുമടുത്ത അരങ്ങിലേക്ക് അതോടെ മാപ്പിളഭാഷയും അതിജീവനശ്രമങ്ങളും ആശയലോകങ്ങളും കടന്നുവന്നു എന്നതാണ് 'ബാല്യകാലസഖി'യുടെ മൗലികത. മജീദ്, സുഹറ എന്നീ ബാല്യകാല സുഹൃത്തുക്കളുടെ പ്രണയവും അത് ചെന്നെത്തുന്ന നിരാശതയും മജീദിന്റെ പിതാവിന്റെ സാമ്പത്തിക തകര്‍ച്ചയും പെങ്ങന്‍മാരുടെ വിവാഹ പ്രതിസന്ധികളും ചേര്‍ന്ന് മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ചില നിഴല്‍ചിത്രങ്ങളുടെ പാവകളി നടക്കുകയാണ് നോവലില്‍. പെങ്ങളുടെ കല്യാണക്കാര്യം പറഞ്ഞ് മജീദ് സമീപിക്കുന്ന സമുദായത്തിലെ പ്രമാണിമാര്‍ അവനെ അവഗണിക്കുന്നതും മറ്റും തിക്തമായ സാമുദായികാനുഭവങ്ങളുടെ വിവരണങ്ങളാണ്. ഒരു മാപ്പിള സാഹിത്യമെഴുതുന്നതും, അതില്‍ കാതുകുത്തു കല്യാണം അവതരിപ്പിക്കുന്നതും അന്നത്തെ സാഹിത്യത്തറവാട്ടിലെ ഉന്നത കുലജാതരില്‍ ചിലരെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതികരണം എം.പി.പോള്‍ അവതാരികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ''തിരണ്ടു കല്യാണം സാഹിത്യത്തിന് വിഷയമാകാം. പക്ഷേ, മാര്‍ക്കക്കല്യാണം സാഹിത്യത്തിന്റെ ആഭിജാത്യത്തിന് ചേര്‍ന്നതല്ല എന്ന് വിചാരിക്കുന്നവരോട് എനിക്ക് ഒന്നും പറയുവാനില്ല'' എന്ന്. കഥാലോകത്തേക്ക് മുസ്‌ലിം സാമുദായിക ജീവിതപരിസരം കടന്നു വരാനുള്ള വാതിലുകള്‍ 'ബാല്യകാലസഖി'യിലൂടെ തുറന്നിടപ്പെടുകയായിരന്നു. അതിലൂടെ ധാരാളം കാറ്റും വെളിച്ചവും കടന്നുവരികയും സാമൂഹികമായ പോക്കുവരവുകളുടെയും കൊള്ളക്കൊടുക്കകളുടെയും സംവാദങ്ങളുടെയും ഭൂമിക വിശാലമാകുകയും ചെയ്യുകയുണ്ടായി.
സൂഫിയായും മിസ്റ്റിക്കായും ചിത്രീകരിക്കപ്പെടാറുള്ള ബഷീര്‍ പില്‍ക്കാലത്ത് അനല്‍ഹഖ് പോലുള്ളൊരു  കഥ എഴുതിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അലഞ്ഞു തിരിഞ്ഞ കാലത്ത് ആലഭാരങ്ങളില്ലാത്ത സൂഫിസം എടുത്തണിയുകയും ഗൃഹസ്ഥനാകുന്നതോടെ അതിനെ തള്ളിപ്പറയുകയും ചെയ്യുന്ന രീതിയാണിത്. മിക്കവാറും സൂഫികളുടെ ചരിത്രത്തില്‍ അലച്ചിലിന്റെയും അന്വേഷണത്തിന്റെയും ഘട്ടവും അതിനെ തുടര്‍ന്ന് വരുന്ന സാമൂഹിക ഇടപെടലിന്റെയും ദൗത്യത്തിന്റെയും കാലവുമുണ്ട്. എന്നാല്‍ രണ്ടാം ഘട്ടത്തിലെത്തുമ്പോഴേക്കും ബഷീറിലെ ആഘോഷിക്കപ്പെട്ട സൂഫിയെ പലതരം ചിന്തകള്‍ തളര്‍ത്തുകയാണ്. അതിന്റെ തുടര്‍ച്ച തന്നെയാണ് ''അറബിയും കൊള്ളാം മലയാളവും കൊള്ളാം, എന്നാല്‍ അറിബിമലയാളം മാപ്പിളമാരുടെ എണ്ണൂറ് വര്‍ഷത്തെ മണ്ടത്തരമാണെന്ന'' തോന്നലിലേക്കും അദ്ദേഹത്തെ എത്തിക്കുന്നത്. 

'ന്റുപ്പുപ്പാക്ക് ഒരാനേണ്ടാര്‍ന്ന്' എന്ന നോവലിലാണ് ബഷീറിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവ് മറനീക്കി പുറത്ത് വരുന്നത്. വളരെ സോദ്ദേശ്യമായ ഒരു രചനയാണിത്. നിസാര്‍അഹമദ് എന്ന അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്‍ കുഞ്ഞുപാത്തുമ്മയെയും കുടുംബത്തെയും നിരക്ഷരതയില്‍ നിന്നും അന്ധവിശ്വാസത്തില്‍ കരകയറ്റുകയും പുതിയ കാലത്തേക്കെത്തിക്കുകയുമാണ്. ലാത്തിരി എന്നു പറഞ്ഞിരന്നവളെ രാത്രിയിലേക്കെത്തിക്കുന്ന സാക്ഷരതാ യജ്ഞവും നിസാര്‍അഹ്‌മദ് ഏറ്റെടുക്കുന്നുണ്ട്. മാപ്പിളാര്‍ക്കിടയിലെ മാമൂല്‍പ്രിയതയും ഭൂതകാലാഭിരതിയും വിമര്‍ശനാത്മകമായി അവതരിപ്പിക്കാന്‍ നോവലിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍,  വിമര്‍ശനരംഗത്തുണ്ടായ പുതിയ അവബോധങ്ങളുടെ വെളിച്ചത്തില്‍ ഇന്ന് ആ നോവല്‍ വായനക്ക് വിധേയമാക്കുമ്പോള്‍ ബഷീര്‍ ആപതിച്ചു കിടക്കുന്ന ചില ചതിക്കുഴികള്‍ കാണാനാകും. 
വിവിധ സമൂഹങ്ങളെ പ്രാകൃതം/പരിഷ്‌കൃതം എന്നിങ്ങനെ വേര്‍തിരിച്ചാണ് ഒരു യൂറോ-അമേരിക്കന്‍ വിജ്ഞാനശാഖയായി നരവംശശാസ്ത്രം അതിന്റെ സാന്നിധ്യമറിയിക്കുന്നത്. തങ്ങളുടെ യുക്തികള്‍ക്കു നിരക്കുന്നവയെ മുന്തിയതെന്നും അല്ലാത്തവയെ  അധമം എന്നും വിഭജിക്കുന്ന ഈ പ്രക്രിയക്ക് കൊളോണിയല്‍ സമൂഹങ്ങളിലെ ബുദ്ധിജീവികള്‍ ഇരയായിത്തീരാറുണ്ട്. ഇത്തരം പടിഞ്ഞാറന്‍ വിജ്ഞാനീയങ്ങളുടെ ബാധയേറ്റ ബഷീറിനെയാണ് കുഞ്ഞുപാത്തുമ്മക്ക് അക്ഷരജ്ഞാനമില്ലെന്ന് പറയുമ്പോഴും ആയിഷയുടെ നേതൃത്വത്തില്‍ അവള്‍ക്കു വേണ്ട സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും കാണാനാവുന്നത്. എഴുത്തും വായനയും എന്നു പറയുമ്പോള്‍ കേരളീയ മുഖ്യധാര ആധുനികതിയുടെ തണലില്‍ നിര്‍മിച്ചെടുത്ത പ്രത്യേകമായ സംവര്‍ഗത്തെയാണ് ബഷീര്‍ ഉപജീവിക്കുന്നത്. കാരണം, മദ്‌റസിയില്‍ പോയിരുന്ന കുഞ്ഞുപാത്തുമ്മ അറബിയും മലയാളവും പഠിച്ചിരുന്നു. എന്നാല്‍ മലയാളം എഴുതിയിരുന്നത് അറബിലിപി വ്യവസ്ഥയിലായിരുന്നു. പക്ഷേ, അറബിമലയാള ജ്ഞാനപദ്ധതിയെ സാക്ഷരമായി പരിഗണക്കാന്‍ അവരുടെ അളവുകോലുകള്‍ അനുവദിക്കുമായിരുന്നില്ല. കുഞ്ഞുപാത്തുമ്മയും കുടുംബവും ഏടു നോക്കി തൗബ ചൊല്ലുന്ന രംഗം നോവലില്‍ തന്നെയുണ്ടല്ലോ? 

ഈ അര്‍ത്ഥത്തില്‍ കേരളത്തിലെ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സമൂഹം മാപ്പിളമാരാണെന്നു പറയേണ്ടി വരുന്നു. എന്നാല്‍, കൊളോണിയല്‍ ജ്ഞാനം നേടിയ, സമുദായത്തിനകത്തേക്ക് കാറ്റും വെളിച്ചവും കടത്തി വിടുന്നവര്‍ക്ക് ഇതംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, പടിഞ്ഞാറന്‍ വിദ്യാഭ്യാസം പരിഷ്‌കൃതം/അപരഷ്‌കൃതം എന്നീ ദ്വന്ദങ്ങള്‍ കൊണ്ട് പാകപ്പെടുത്തിയ ഉലയില്‍ വെച്ചാണ് ഇവരുടെ ബോധങ്ങള്‍ അടിച്ചു പരത്തിയിരിക്കുന്നത്. മാപ്പിള സമരകാലത്തെ മലബാറിലെ മുസ്‌ലിംകളെക്കുറിച്ച് എഴുതിയ എല്ലാ ബ്രിട്ടീഷ് രേഖകളും വള്ളിപുള്ളി മാറ്റമില്ലാതെ ആവര്‍ത്തിക്കുന്ന പദപ്രയോഗമാണല്ലോ അക്ഷാരാഭ്യാസമില്ലാത്തവന്‍, അവിവേവികി മുതലായവ. പടിഞ്ഞാറന്‍ യുക്തിബോധം പൗരസ്ത്യമായതിനെയെല്ലാം എക്കാലവും കുറച്ചിലുള്ളതായാണ് കണ്ടിരുന്നത്. കേരളമുസ്‌ലിംകളുടെ ഒരു സമുദായമെന്ന രീതിയിലുള്ള സ്വത്വരൂപീകരണം നടക്കുന്നതെന്നാണ്? ചരിത്രപരമായ അന്വേഷണം നടത്തേണ്ട മേഖലയാണിത്. ഇവിടുത്തെ ഇസ്‌ലാമിന്റെ ആഗമത്തിന്റെ പഴക്കം റസൂലിന്റെ കാലത്തോളം ചെന്നെത്തുന്നതാണ്. കച്ചവടവുമായി ബന്ധപ്പെട്ടു കടലോരത്ത് തങ്ങി നിന്ന ആവാസവ്യവസ്ഥക്ക് മുടക്കം വന്നത് പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തോടെയാണ്. മാപ്പിളമാരുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമെന്ന് ആര്‍.ഇ.മില്ലര്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. അറബിക്കടല്‍ ചുവക്കുകയും മലബാറിന്റെ സമാധാനം തകരുകയും മാപ്പിളമാര്‍ക്ക് ഉള്‍നാടുകളിലേക്ക് ചേക്കേറേണ്ടി വരുകയും ചെയ്തു. കര്‍ഷകരായ കുടിയാന്‍മാര്‍, ഭൂരഹിതരായ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, മീന്‍പുടുത്തക്കാര്‍ എന്നീ നിലകളിലായിരുന്നു ഉള്‍നാടന്‍ മാപ്പിളമാരുടെ അതിജീവനം. കടല്‍ മാര്‍ഗമുള്ള വ്യാപാരം പൂര്‍ണമായി ബ്രിട്ടീഷ് കുത്തകയായിത്തീര്‍ന്ന, ടിപ്പുവിന്റെ മലബാറില്‍ നിന്നുള്ള മടക്കം നടന്നു കഴിഞ്ഞ  പിതനെട്ടാം നൂറ്റാണ്ടിലെ മാപ്പിളമാരുടെ ജീവിതം ജന്മി-കുടിയാന്‍ സംഘര്‍ഷങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു. ഇക്കാലത്ത് തന്നെയാണ് ഇസ്‌ലാമിലേക്കുള്ള താഴ്ന്ന ജാതിക്കാരുടെ കൂട്ടമായുള്ള പരിവര്‍ത്തനം നടക്കുന്നതും. 

മലയാളസാഹിത്യത്തില്‍ മുകളില്‍പ്പറഞ്ഞ പരിതോവസ്ഥകള്‍ ആവിഷ്‌കരിക്കപ്പെടുന്നതെങ്ങനെയെന്ന അന്വേഷനണം വളരെ പ്രസക്തമാണ്. മുസ്‌ലിം സമുദായ രൂപീകരണത്തിന്റെയും കെട്ടുപാടുകളുടെയും വ്യക്തമായ ചിത്രം പൊന്നാനിക്കളരിയില്‍ നിന്നു ലഭിക്കുന്നുണ്ട്- ഉറൂബ്, എം.ടി.വാസുദേവന്‍ നായര്‍ എന്നിവരെ ഇതിന്റെ പ്രതിനിധികളായി കാണാം. കെ.ദാമോദരന്റെ പാട്ടബാക്കിയിലും ഇടശ്ശേരിയുടെ കൂട്ടുകൃഷിയിലും ചായക്കടക്കാരനായും കുടിയാനായമുള്ള മുസ്‌ലിം കഥാപാത്രങ്ങള്‍ നിബന്ധിക്കപ്പെട്ടിട്ടുണ്ട്.വള്ളുവനാടിന്റെ തിരശ്ശീലയില്‍ മനുഷ്യാവസ്ഥയുടെ സന്ദിഗ്ധതകളെ വരച്ചിട്ട എഴുത്തുകാരനാണ് ഉറൂബ് എന്ന പി.സി.കുട്ടികൃഷ്ണന്‍. മലയാളിയുടെ നവോത്ഥാനാന്തരകാല രാഷ്ട്രീയത്തിന്റെ സ്വാധീനങ്ങളുള്ള സമൂഹത്തെയാണ്  അദ്ദേഹം അവതരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര തലമുറയിലെ അന്തസംഘര്‍ഷങ്ങള്‍ നിറഞ്ഞ മനുഷ്യരാണ് അദ്ദേഹത്തിന്റെ കഥാലോകത്തുടനീളം. മറ്റേത് എഴുത്താരനെക്കാളും മുസ്‌ലിം സമുദായ സ്വത്വനിര്‍മിതിയെക്കുറിച്ച് ചരിത്രപരമായ ഉള്‍ക്കാഴ്ചയോടെ എഴുതാന്‍ ഉറൂബിനായിട്ടുണ്ട്. മുസ്‌ലിം എഴുത്തുകാര്‍ സ്വസമുദായ നവീകരണത്തിനുള്ള അന്തര്‍ദാഹം എഴുത്തിന്റെ മഷിയാക്കിയപ്പോള്‍ പുറുത്തുനിന്നുള്ളവര്‍ പതിയെ സമുദായം ഉയര്‍ന്നു വരുന്നത് വരഞ്ഞിടുകയായിരുന്നു. മധ്യമലബാറിലെ സൗഹാര്‍ദപൂര്‍ണമായ അന്തരീക്ഷം ഉറൂബിന്റെ രചനാലോകത്ത് ഊറിനില്‍പ്പുണ്ട്. 
ഉമ്മാച്ചു, ചാപ്പുണ്ണിനായര്‍ എന്നിവരുടെ കുടുംബങ്ങളുടെ സംഘര്‍ഷഭരിതമായ അതിജീവനത്തിന്റെ കഥയാണ് 'ഉമ്മാച്ചു'. ഓത്തുപള്ളിയിലെ സഹപാഠികളാണ് ഉമ്മാച്ചുവും ബീരാനും മായനും. എഴുത്തുപള്ളിയിലാണ് ഇവരുടെ സമപ്രായക്കാരനായ ചാപ്പുണ്ണിനായര്‍ പഠിക്കുന്നത്. മുതിര്‍ന്ന ഉമ്മാച്ചുവിന്റെ ഭര്‍ത്താവായി ബീരാന്‍ മാറുന്നു. ബീരാനെ കൊന്ന് മായന്‍ ഉമ്മാച്ചുവിനെ കല്യാണം കഴിക്കുന്നു. ബീരാന്റെ മകന്‍ അബ്ദുവിന്റെ ചോദ്യത്തിനു മുമ്പില്‍ ചൂളിപ്പോകുന്ന മായന്‍ വയനാട്ടിലേക്ക് മടങ്ങിപ്പോകുകയും ജീവനൊടുക്കുകയും ചെയ്യുന്നു. 

എല്ലാവരുടെയും വംശാവലിചരിതം വിവരിക്കുന്ന ചരിത്രകാരനായ അഹമ്മദുണ്ണിയുടെ കഥപറച്ചിലിലൂടെയാണ് മാപ്പിളസമുദായത്തിന്റെ വേരുകളിലേക്ക് നോവലിസ്റ്റ് വായനക്കാരനെ കൂട്ടുന്നത്. ഇസ്‌ലാം മതത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ശക്തമായ ഘട്ടം ആരംഭിക്കുന്നത് പോര്‍ച്ചുഗീസുകാരുടെയും ലന്തക്കാരുടെയും ബ്രിട്ടീഷുകാരുടെയും അധിനിവേശത്തിന്റെ കാലത്താണല്ലോ. ഇതിന്റെ മൂന്ന് രൂപങ്ങള്‍ മൂന്ന് കഥാപാത്രങ്ങളുടെ ഉത്ഭവത്തിലേക്ക് മടങ്ങിപ്പോയി ഉറൂബ് വിവരിക്കുന്നതായി എന്‍.പി.മുഹമ്മദ് അവതരാകയില്‍ പറയുന്നുണ്ട്. ഒന്ന്: സ്വമനസ്സാലേ പുതുവിശ്വാസികളായവര്‍. അറബിയുമായ സമ്പര്‍ക്കം സ്ഥാപിച്ച അത്തറാലി ഈ ഇനത്തില്‍ പെടുന്നു. രണ്ട്: ജാതിമേധാവിത്വത്തിന്റെ മര്‍ദ്ദനത്തില്‍ നിന്നു വിടുതല്‍ തേടി മതംമാറിയവര്‍. മായന്റെ പൂര്‍വപിതാവായ തൊപ്പിയിട്ട രാരിച്ചന്‍ ഇക്കൂട്ടത്തിലാണ്. മൂന്ന്: ജാതിഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട നിസ്സഹായരായ സ്ത്രീകള്‍. ജാരസംസര്‍ഗം ആരോപിച്ച് തറവാട്ടില്‍ നിന്നു ഇറക്കിവിട്ട, പിന്നീട് അറബിയുടെ ഭാര്യയായിത്തീര്‍ന്ന നായര്‍ പെണ്‍കിടാവ് എന്നിങ്ങനെ മതംമാറി വന്ന തദ്ദേശീയരുടെ വംശചരിതം ഉറൂബ് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ വേരുകള്‍ തങ്ങിനില്‍ക്കുന്ന ജാതികളുമായി രമ്യതയില്‍ വര്‍ത്തിക്കാനാഗ്രഹിക്കുന്നതിന്റെ ചിത്രണമാണ് അപ്പുണ്ണിനായരെ വീട്ടിലെ കാര്യസ്ഥനാക്കുന്നതിലൂടെ നോവലിസ്റ്റ് നിര്‍വഹിക്കുന്നത്. സാമുദായിക സഹകരണത്തിന്റെ ഈ മിഴിവുള്ള മുഖം സാമ്പത്തിക-സാംസ്‌കാരിക കൊള്ളുക്കക്കൊടുക്കകളിലൂടെ വികസ്വരമാകുന്നു. 'സുന്ദരികളും സുന്ദരന്‍മാരും' എന്ന നോവല്‍ 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് വളരുന്നതും വികസിക്കുന്നതും. ലഹളയെക്കുറിച്ച് വസ്തുകളേക്കാള്‍ ഊതി വീര്‍പ്പിച്ച കഥകളാണ് ഉണ്ടായതെന്ന് ഉറൂബ് വ്യക്തമാക്കുന്നുണ്ട്. ''മുന്നൂറില്‍ ചില്വാനം ഹിന്ദു സ്ത്രീകളില്‍ നിന്നായി അറുന്നൂറില്‍ ചില്വാനം മുലകള്‍ ചെത്തിയെടുത്തതായുള്ള ഒരു കഥ കുളക്കടവില്‍ പ്രചരിക്കുന്നതായി'' ഉറൂബ് വിവരിക്കുന്നുണ്ട്. അവിഹിത ഗര്‍ഭത്തിന്റെയും മതംമാറ്റത്തിന്റെയും അക്രമപരമ്പരകളുടെയും ഇല്ലാക്കഥകള്‍ പ്രചരിക്കുന്ന ഊഷ്മാവ് കൂടിയ സ്ഥലവും കാലവുമാണ് കലാപസമയത്തെത്. ലഹളക്കാലത്ത് മതംമാറിയ ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ പൂര്‍വമതത്തിലേക്കും സംസ്‌കാരത്തിലേക്കും തിരിച്ചു പോകുന്നില്ല. തനിക്കു മതംമാറ്റത്തിലൂടെ കൈവന്ന രണ്ടാം ജന്‍മത്തിലെ സമൂഹത്തിന്റെ സുരക്ഷിതത്വം അയാള്‍ക്ക് ആഴത്തില്‍ അനുഭപ്പെടുകയാണ്. ലഹളക്കാലത്തെ നെരിപ്പോടിനു സമാനമായ സാമൂഹികാവസ്ഥയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള തിങ്ങിയ കാഴ്ചകളുള്ള കൃതിയാണ് സുന്ദരികളും സുന്ദരന്‍മാരും.

വേദനകള്‍ക്കു മേല്‍ അടയിരിക്കുന്ന മനസ്സും മുറിഞ്ഞു പോയിടത്ത് മുളകുതേക്കുന്ന വ്യക്തികളുമാണ് എം.ടിയുടെ കഥാലോകത്തുള്ളത്. തകര്‍ന്നു തുടങ്ങിയ നായര്‍ തറവാടുകളും കഥാപാത്രങ്ങളുമാണ് കൂടല്ലൂരിന്റെ പിന്‍വിതാനത്തില്‍ അദ്ദേഹം പറഞ്ഞത്. നാലുകെട്ടിലെ അപ്പുണ്ണിയും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും മറ്റും ഇത്തരം മനുഷ്യരാണ്. ഉറൂബില്‍ നിന്നുള്ള ഒരു സ്വാഭാവിക തുടര്‍ച്ച എം.ടിയില്‍ ദര്‍ശിക്കാം. ധാര്‍മികതയുടെയും ധീരതയുടെയും പ്രതിനിധാനങ്ങളാണ് അദ്ദേഹത്തിന്റെ മുസ്‌ലിം കഥാപാത്രങ്ങള്‍. 'പാതിരാവും പകല്‍വെളിച്ചവും' എന്ന കൃതിയിലെ മരക്കാര്‍ പടച്ചോന്റെ മുമ്പില്‍ മാത്രം തലകുനിക്കുന്ന പ്രകൃതക്കാരനാണ്. 'അസുരവിത്തി'ലെ കുഞ്ഞരക്കാര്‍ തന്റേടത്തിന്റെ ആള്‍രൂപമാണ്. ദുര്‍ബലരുടെ രക്ഷാകര്‍തൃത്വം സ്വയമേറ്റെടുക്കുന്ന നീതിബോധം അയാള്‍ക്കുണ്ട്. 'തെക്കുമുറി അങ്ങാടിയിലൂടെ തല നിവര്‍ത്തപ്പിടിച്ചൊന്ന് നടക്കണം' എന്നു കരുതി അബുദ്ല്ലയാകുന്ന ഗോവിന്ദന്‍കുട്ടിയോട് അയാള്‍ കലഹിക്കുന്നുണ്ട്. മലബാര്‍ കലാപത്തിന്റെ ഒരു ചെറിയ ചീന്ത് 'അസുരവിത്തി'ലും കടന്നു വരുന്നുണ്ട്. ശാന്തമായ സ്ഥലമായിരുന്നിട്ട് കൂടി കലഹം കിഴക്കു മുറിയിലേക്ക് വരുന്നതും ചിലര്‍ അതിനെ ഏറ്റെടുക്കന്നതും നോവലില്‍ വായിക്കാം.  മലബാര്‍ സമരത്തെ അതിന്റെ രഷ്ട്രീയ-ഭൗതിക പരിസരത്ത് വെച്ച് വായിക്കാതെ സാമുദായിക സ്പര്‍ധയായി ചിത്രീകരിക്കുന്നിടത്ത് നോവലിസ്റ്റിനു പരാജയം സംഭവിക്കുകയാണ്. യാഥാര്‍ഥ്യ ബോധത്തില്‍ നിന്നകന്ന കാല്‍പനിക മനസ്സിന്റെ നിര്‍മിതിയായി വേണം ഇതിനെ കാണാന്‍. 'നാലുകെട്ടി'ലെ സൈതാലിക്കുട്ടി, 'അസുരവിത്തി'ലെ കുഞ്ഞരക്കാര്‍ തുടങ്ങിയ കാഥാപാത്രങ്ങളില്‍ വസ്തുതാപരമായ ഉണര്‍വിനെക്കാള്‍ ആദര്‍ശാത്മക ഗുണങ്ങളാണ് മുന്തി നില്‍ക്കുന്നത്.
കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം ഉള്‍നാടുകളിലെ മുസ്‌ലിംകളില്‍ നിന്ന് ഭിന്നമാണ്. കലാപത്തിന്റെ ബാധയേല്‍ക്കാതെ, കച്ചവടങ്ങള്‍ക്കു മുട്ടു വരാതെ സ്വസ്ഥമായി ജീവിക്കാന്‍ ആഗ്രഹിച്ച ഒരു പ്രബല തലമുറ അക്കൂട്ടത്തിലുണ്ടായിരുന്നു. മരുമക്കത്തായത്തിന്റെയും അപ്പത്തരങ്ങളുടെയും തമാശക്കഥകളുടെയും ആചാരപ്പെരുമയുടെയും ഒരു പാരമ്പര്യം അവര്‍ ഉണ്ടാക്കിയിരുന്നു. അറബികളുമായുള്ള രക്തബന്ധത്തില്‍ അവര്‍ ഊറ്റം കൊണ്ടിരുന്നു. പി.എ.മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍വീട്' എന്ന നോവല്‍ ഇതിഹാസമാനമുള്ള കോഴിക്കോടന്‍ മുസ്‌ലിംകളുടെ കഥയാണ്. മരുമക്കത്തായ തറവാടിന്റെ ഘട്ടം ഘട്ടമായുള്ള പതനമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കാലത്ത് നാല്പത് വെള്ളാട്ടികളെ വെച്ച തറവാടു ഭരിച്ചിരുന്ന ഹജ്ജ്ബീത്താത്തയുടെ പേരമകള്‍ കൗജേയിത്താത്തയുടെ ഭരണകാലമാണ് നോവലിന്റെ തുടക്കം. തന്റെയും നാലനുജത്തിമാരുടെയും പെണ്‍മക്കളും പേരമക്കളും അവരുടെ മക്കളും അടങ്ങുന്നതാണ് 'സുല്‍ത്താന്‍വീടി'ലെ നൂറില്‍ പരം അംഗങ്ങള്‍.

''പടാപ്പുറത്തുനിന്ന് പുതിയാപ്ലമാര്‍ അറകളിലേക്ക് പോയിക്കഴിഞ്ഞാല്‍ വാതിലുകളെല്ലാം അടച്ചിട്ടില്ലേ എന്നു ചുറ്റി നടന്നു പരിശോധിച്ച് തറവാടു മുഴുവന്‍ നിദ്രാധീനമാകുമ്പോള്‍ തന്റെ ഖല്‍ബു പോലെ തന്നെ മറ്റുള്ളവര്‍ക്ക് പിടികൊടുക്കാത്ത രഹസ്യമായ പത്തായത്തിന്‍മേലിരുന്നു പൂര്‍വകാല സ്മരണകളിലേക്ക് ബഹുദൂരം വഴുതി മയങ്ങി, ഇടക്കം മുകളില്‍ നാലാം തലമുറയിലെ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്ന് വേവലാതിപ്പെടുന്ന കൗജേയിത്താത്ത. ധര്‍മസങ്കടത്താല്‍ മൗനത്തിലേക്കും പിന്നെപ്പിന്നെ രോഗത്തിലേക്കും മരണത്തിലേക്കും നീങ്ങുന്ന ആ മനസ്വിനി- അങ്ങനെ ഒരു കഥാപാത്രത്തെയും മറ്റൊരു മുസ്‌ലിം സമുദായ നോവലിലും കണാനായിട്ടില്ല'' എന്ന് അവതാരികയില്‍ എം.അച്യതന്‍ വ്യക്തമാക്കുന്നുണ്ട്. കാരണവത്തിയുടെ മരിച്ചു പോയ അനുജത്തിയുടെ മകളാണ് പാത്തുമ്മേയിത്താത്ത. വായപ്പടച്ചി(മക്കളില്ലാത്ത വിധവ)യായ ആ സ്ത്രീ അപ്പം ചുട്ടും അധ്വാനിച്ചും അനാഥകളായ ഉമ്മര്‍കോയയെയും പെങ്ങള്‍ തിത്തിബിയെയും വളര്‍ത്തുന്നു. ഒരുപാട് അപമാനം സഹിച്ചാണ് അവര്‍ ആ കുട്ടികളെ വളര്‍ത്തുന്നത്. ഒരിക്കല്‍ അവരുടെ മനസ്സ് തേങ്ങുന്നുണ്ട് ''മാലിക്കുല്‍ ജബ്ബാറായ തമ്പുരാനേ, ഒരു ചെറ്റപ്പുര കുത്തി മറച്ച് കിട്ട്യാല് ഈ അഫമാനം സഹിക്കണ്ട'' എന്ന്. ഇങ്ങനെയുള്ള അനേകം മനസ്സുകളുടെ തേട്ടമാണ് ആ തറവാടിന്റെ തകര്‍ച്ച. പുതിയ ലോകക്രമത്തിലേക്ക് പ്രവേശിച്ച തലമുറയുടെ ആഗ്രഹം കൂടിയാണത്.എന്‍.പി.മുഹമ്മദിന്റെ എണ്ണപ്പാടം, ദൈവത്തന്റെ കണ്ണ്, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, പുനത്തല്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകള്‍, ബി.എം.സുഹറയുടെ കിനാവ്, യു.എ.ഖാദറിന്റെ നോവലുകള്‍ എന്നിവ മുസ്‌ലിം ജീവിതത്തിന്റെ അടരുകള്‍ ഉള്‍ക്കൊള്ളുന്ന കൃതികളാണ്. വിജയന്റെ അല്ലാപിച്ചയും പുനത്തിലിന്റെ എറമുള്ളാനും ഒത്തു നോക്കിയും മാറി നിന്നും നോക്കി പഠിക്കേണ്ട വലിയ കഥാപാത്രങ്ങളാണ്. പാലക്കാടന്‍ റാവുത്തര്‍മരുടെ ജീവിതരീതി ആചാരവിശേഷം, അനുഷ്ഠാനങ്ങള്‍ എന്നിവയൊക്കെ ഖസാക്കില്‍ ഇതള്‍ വിരിയുന്നുണ്ട്. 

എഴുത്തഛന്‍ എഴുത്താണി എടുക്കുന്നതിനും പാടാന്‍ കിളിയെ വിളിച്ചുണര്‍ത്തുന്നതിനും മുമ്പ് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ ആദ്യത്തെ ഗ്രന്ഥം നൂലിട്ട് ബൈന്റ് ചെയ്തു കഴിഞ്ഞിരുന്നു. അത് ചുണ്ടുകളില്‍ നിന്നു ചുണ്ടുകളിലേക്കും കാതുകളില്‍ നിന്ന് കാതുകളിലേക്കും പടരുകയും സമുദായത്തിന്റെ സന്ധിബന്ധങ്ങളെ ഉറപ്പിക്കുകുയം ചെയ്തിരുന്നു. പടപ്പാട്ടുകളുടെയും മാലകളുടെയും സൗന്ദര്യാനുഭവം വേണ്ടുവോളമുണ്ടായിരുന്ന നമുക്ക് അതിന്റെ തുടര്‍ച്ച മലയാളത്തില്‍ പുതിയ കാലത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. ആശയപരവും മാധ്യമപരവുമായ മാറ്റത്തിന്റെ കാലത്ത് അതോടൊപ്പം എത്താന്‍ നമുക്ക് പറ്റിയില്ല.മുസ്‌ലിം/ഇസ്‌ലാമിക സര്‍ഗാത്മക സൃഷ്ടികളുടെ വലിയ അഭാവമാണ് അത് സൃഷ്ടിച്ചത്. കേരളീയ ജീവിത പരിസരത്തെ ഏതൊക്കെ ചരിത്ര തലങ്ങള്‍ ഒരു കഥാകാരന്റെ കൈപ്പെരുമാറ്റം കാത്തുകിടക്കുന്നുണ്ട് എന്നു അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കച്ചവടം, വിവാഹം, രാജ്യരക്ഷ എന്നീ പ്രക്രിയകളിലൂടെയാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വികാസപരിണാമങ്ങള്‍ സംഭവിക്കുന്നത്. ചേരമാന്‍ പെരുമാളിന്‍രെ സംഭവത്തോളം ചെല്ലുന്നതാണ് ഇവിടുത്തെ ഇസ്‌ലാമിന്റെ പ്രഭാവം. അദ്ദേഹത്തിന്റെ  ഇസ്‌ലാം ആശ്ലേഷത്തിന്റെ കഥ പറയുന്ന നോവലാണ് കടപ്പന കൃഷ്ണമേനോന്റെ ചേരമാന്‍പെരുമാള്‍. എങ്കിലും അതിന്റെ വിശദാംശങ്ങളിലേക്കും മറ്റും ഇറങ്ങിച്ചെല്ലുന്ന ഒരു ആഖ്യായിക ഇപ്പോഴും അതിന്റെ ഇടം അവശേഷിപ്പിക്കുന്നുണ്ട്. പഴശ്ശിയും കുറിച്യന്‍മാരും വീരന്‍മാരായി നില്‍ക്കുന്ന നമ്മുടെ ചരിത്ര-ആഖ്യാനങ്ങളില്‍ നിന്ന് ദൂരെ നിര്‍ത്തപ്പെടുകയാണ് കുഞ്ഞാലിമരക്കാന്‍മാരും മാപ്പിളമാരും. കൊച്ചിയില്‍ നിന്ന് ഇവിടെ എത്തിച്ചേര്‍ന്ന അവരുടെ പോരാട്ടത്തിന്റെയും നേതൃത്വത്തിന്റെയും ഗാഥകള്‍ സംഭവബഹുലവും തലമുറകള്‍ക്ക് കൈമാറേണ്ടതുമാണ്. സര്‍ദാര്‍ പണിക്കരുടെ ഉഗ്രശപഥം എന്ന നോവലിലും കെ.പത്മനാഭന്‍ നായരുടെ കുഞ്ഞാലിമരക്കാര്‍ എന്ന നാടകത്തിലും ഇവരുടെ ചിത്രീകരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കുറെക്കൂടി തീവ്രവും മിഴിവുള്ളതുമായ പരിചരണം കുഞ്ഞാലിമാരുടെ ജീവിതം അര്‍ഹിക്കുന്നുണ്ട്. ഇവിടുത്തെ സാമൂഹിക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ വിവരിക്കപ്പെടുന്നതാകണം ആ കഥപറച്ചില്‍.

ആധുനിക കേരളത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടാവുന്ന വിധത്തില്‍ നമ്മുടെ സാംസ്‌കാരിക ചരിത്രത്തില്‍ സാന്നിധ്യമുറപ്പിച്ച വ്യക്തിത്വമാണ് ടിപ്പു സുല്‍ത്താന്റെത്. കൃഷി, ഗതാഗതം, നികുതി, അയിത്തോഛാടനം എന്നിങ്ങനെ പല മേഖലകളില്‍ ടിപ്പു നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ വിപ്ലവകരങ്ങളായിരുന്നു. ചരിത്രത്തില്‍ ഇരുട്ട് പരത്തുകയും ആശയക്കുഴപ്പങ്ങളുടെ പുകമരങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ചില മേനോന്‍ ചരിത്രകാരന്‍മാര്‍ക്ക് മാത്രമേ അത് മനസ്സിലാകാത്തതായുള്ളൂ. സി.വി.രാമന്‍പിള്ളയുടെ രാമരാജബഹദൂറിലും സര്‍ദാര്‍ കെ.എം.പണിക്കരുടെ ധൂമകേതുവിന്റെ ഉദയത്തിലും കെ.പി.എസ്.മേനോന്റെ സുബേദാര്‍ നായരിലും ടിപ്പു കടന്നു വരുന്നുണ്ട്. മിക്കവാറും ഇന്ത്യന്‍ ഭാഷകളില്‍ അദ്ദേഹത്തെക്കുറിച്ചു ആഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ അത്തരത്തിലുള്ള സമഗ്രമായ സര്‍ഗാവിഷ്‌കാരത്തിന്റെ ശൂന്യത കിടപ്പുണ്ട്.സമീപഭൂതകാലത്ത്  മുസ്‌ലിംകളുടെ ഗതി നിര്‍ണയിച്ച സംഭവമായിരുന്നു ഗള്‍ഫ് കുടിയേറ്റം. മലബാര്‍ മേഖലയില്‍ സാമ്പത്തികം,സാമൂഹികം,വിദ്യാഭ്യാസപരം എന്നിങ്ങനെ നാനാ തലങ്ങളിലെ മാപ്പിള ജീവിതത്തിന്റെ ഗ്രാഫുയര്‍ത്തിയ ഒരു പ്രക്രിയയാരിന്നു അത്. ഡ്രാഫ്റ്റും ചെക്കും മണിമാളികകളും ആഡംബരക്കാറുകളും മുന്തിയ ജീവിത നിലവാരവും മറ്റും അവനെ ആധുനികതയുടെ അനുഭൂതി മണ്ഡലെത്തിലേക്ക് ഇരുട്ടി വെളുക്കുമ്പോഴേക്കും എത്തിക്കുകയായിരുന്നു. പ്രത്യേകിച്ചു മുസ്‌ലിംകളുടെയും പൊതുവായി മലയാളിയുടെയും ചുറ്റുപാടുകളില്‍ അതുണ്ടാക്കിയ അനുഭവങ്ങളും ആഘാതങ്ങളും നമ്മുടെ കഥാലോകത്തെത്തിയിട്ടില്ല, ടി.വി.കൊച്ചുബാവയുടെയും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെയും ചില കഥകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍. ബെന്‍യാമിന്റെ 'ആടുജീവിതം' എന്ന നോവലും ഇതിന്റെ ജനപ്രിയത നേടിയ ആഖ്യാനമാണ്. നമ്മുടെ സാംസ്‌കാരികവും സാമൂഹികവുമായ നിരവധി സൂക്ഷ്മാനുഭവങ്ങളും സൗന്ദര്യാനുഭൂതികളും സര്‍ഗാവിഷ്‌കാരങ്ങള്‍ തേടുന്നുണ്ടെന്നു ഈ വായന ഇവിടെ ചുരുക്കുകയാണ്. സിന്ദബാദിന്റെ കപ്പലിനു സഞ്ചരിച്ചെത്താവുന്ന കഥകളുടെ സ്ഥലകാലങ്ങള്‍, വിചിത്രമായ ഭൂമിശാസ്ത്രങ്ങള്‍, അനുഭൂതി സഞ്ചയങ്ങള്‍ എന്നിവ എത്രയോ ഉണ്ട്, ആ കപ്പല്‍ പായകള്‍ക്ക് ഒന്ന് കാറ്റ് പിടിക്കുകയേ വേണ്ടൂ. 

ഗ്രന്ഥസൂചി
അന്‍സാരി, എം.ടി. മലബാര്‍: ദേശീയതയുടെ ഇടപാടുകള്‍. കോട്ടയം: ഡി.സി.ബുക്‌സ്, 2008.
ബേവിഞ്ച, ഇബ്‌റാഹീം. ഇസ്‌ലാമിക സാഹിത്യം വലയാളത്തില്‍. കോഴിക്കോട്: ഐ.പി.എച്ച്, 1995.
കൊച്ചങ്ങാടി, ജമാല്‍. മുസ്‌ലിം സാമൂഹ്യ ജീവിതം മലയാളം നോവലില്‍. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി, 1998.
രാമകൃഷ്ണന്‍, ഇ.വി. ദേശീയതകളും സാഹിത്യവും. കോട്ടയം: ഡി.സി.ബുക്‌സ്, 2001.
ഷംഷാദ് ഹുസൈന്‍, ന്യൂനപക്ഷത്തിനും ലിംഗപദിവിക്കുമിടയില്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്ററ്റിയൂട്ട്, 2009.
ബഷീര്‍: ദേശം, കാലം, സ്വത്വം. എഡി. റഹ്‌മാന്‍, എം.എ. കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, 2009.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter