ഓത്തുപള്ളി; കാലത്തിനു മുമ്പേ നടന്ന പ്രസ്ഥാനം

മതവിദ്യാഭ്യാസ്യം ഇളം മനസുകളില്‍ വളരെ ചെറുപ്പത്തിലേ നല്‍കപ്പെടേണ്ടതുണ്ട്. കുരുന്നു ഹൃദയത്തിന്റെ സ്വാധീന സാധ്യതയെ ഫലപ്രദമായ ഉപയോഗപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും കാണാനാവും. ജനിച്ചയുടനെ ബാങ്ക് വിളിക്കുക, ബുദ്ധിയുറച്ചത് മുതല്‍ നിസ്‌കാരാദി ആചാരങ്ങളെ പരിചയപ്പെടുത്തുക, ആധാര വിശ്വാസങ്ങള്‍ പകര്‍ന്ന് കൊടുക്കുക തുടങ്ങിയ പരിചരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കപ്പെടണമെന്ന്  മതം താത്പര്യപ്പെടുന്നുണ്ട്.
പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തദനുസൃതം ആവിഷ്‌കൃതമായ പാഠ്യരീതികളിലൂടെയാണ് കേരളത്തില്‍ ഇന്ന് കാണുന്ന പുഷ്‌കലമായ മതപരിസരം പരുവപ്പെട്ടത്. പ്രധാനമായും രണ്ടു വഴികളിലൂടെ ഈ പ്രക്രിയ നടന്നുപോന്നതായി കാണാം. ഓത്തുപള്ളികളും അവ രൂപാന്തരപ്പെട്ട് ഉത്ഭവിച്ച മദ്രസകളുമാണത്. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാതി വരെയാണ് ഓത്തുപള്ളികളുടെ കാലം. അവിടന്നിങ്ങോട്ട്  കാലത്തിന്റെ സ്വാഭാവികമായ ഗതിമാറ്റങ്ങള്‍ക്ക് വിധേയമാവുകയും മദ്രസകളായി മാറി വിദ്യാഭ്യാസ പ്രസരണത്തില്‍ പങ്കാളികളാവുകയും ചെയ്തു. മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തിലെ നവോത്ഥാന മുന്നേറ്റമെന്ന നിലയിലും ശാസ്ത്രീയവും ഏറെക്കുറെ അന്യൂനവുമെന്ന നിലയിലും മദ്രസകളും മദ്രസാ പ്രസ്ഥാനങ്ങളും ചരിത്രാവലോകന ഗ്രന്ഥങ്ങളില്‍ ഗണനീയമായ സ്ഥാനം നേടിയിട്ടുണ്ട്. എന്നാല്‍, എന്തുകൊണ്ടോ ഓത്തുപള്ളികളെ പറ്റിയുള്ള വസ്തു നിഷ്ഠമായ ദീര്‍ഘപഠനങ്ങള്‍ മലയാളത്തില്‍ ദുര്‍ലഭമാണ്.പ്രേമഗാനങ്ങള്‍ക്കും ഓര്‍മക്കുറികള്‍ക്കും ഗൃഹാതുരതയുടെ സുഖ സ്പര്‍ശം നല്‍കാനുള്ള സങ്കല്‍പങ്ങളായായാണ് ഇന്ന് ഓത്തുപള്ളികള്‍ സ്ഥാനം നേടുന്നത്. ഒരു കാലത്ത് പ്രബുദ്ധതയുടെ മാപിനികളായിരുന്ന ഓത്തുപള്ളിയുടെ ഉത്ഭവം, അധ്യാപന ശൈലി, വരുമാന മാര്‍ഗം തുടങ്ങിയവയെല്ലാം ലഘുവായി മാത്രമേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളുവെന്നത് മാപ്പിള ചരിത്രത്തിന്റെ ഒരു ന്യൂനതയാണ്.
 
പദോല്‍പ്പത്തി
ഋഗ്, യജസ്സ്, സാമം എന്നീ വേദങ്ങള്‍ക്ക് നമ്പൂതിരിമാര്‍ പറയുന്ന വാക്കാണ് 'ഓത്ത്'. പ്രസ്തുത നാമത്തില്‍ നിന്ന് ക്രിയയിലേക്കെത്തുമ്പോള്‍ 'ചൊല്ലല്‍' 'പറയല്‍' എന്നിങ്ങനെയാണ് ഓത്തിന്റെ അര്‍ത്ഥം. ഇതില്‍ നിന്നാണ് ഓത്തുപള്ളിയിലെ ഓത്ത് നിഷ്പന്നമായിട്ടുള്ളത്. ഓതിക്കൊടുക്കുന്നവന് ഓതിക്കന്‍ അല്ലെങ്കില്‍ ഓതിക്കോന്‍ എന്നും പറയുന്നു.മേല്‍ സൂചിതമായത് പോലെ ബ്രാഹമണരാണ് ഈ പദം ഉപയോഗിച്ച് പോന്നിരുന്നത്. ഓരോ ഗ്രമാത്തിലും ഓരോ ഓതിക്കോന്‍ (വേദാധ്യാപകന്‍) ഉണ്ടാവണമെന്നതായിരുന്നു ചട്ടം.   ഖുര്‍ആനോത്ത്, ഖതം ഓത്ത്, കിതാബോത്ത് തുടങ്ങി നിരവധി പ്രോയോഗങ്ങള്‍ ഈ മൂലത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. 
രാജാവും കൊട്ടാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് 'പള്ളി' ചേര്‍ത്ത പ്രയോഗം നിലവിലുണ്ടായിരുന്നത്. പള്ളിക്കട്ടില്‍, പള്ളിയറ, പള്ളിക്കുട, പള്ളിയമ്പ് തുടങ്ങിയവ രാജാവുമായ ബന്ധപ്പെട്ട വസ്തുക്കളെ സൂചിപ്പിക്കുന്നു. പിന്നീട് ബുദ്ധ-ജൈന മതങ്ങളുടെ ആരാധനാലയങ്ങളും പഠന കേന്ദ്രങ്ങളും ഈ പേരില്‍ വിളിക്കപ്പെട്ടു. പില്‍ക്കാലത്ത് ഇസ്‌ലാമികാവിര്‍ഭാവ ശേഷം മുസ്‌ലിംകളും തങ്ങളുടെ ആരാധനാലയങ്ങളെ പള്ളിയെന്ന് വിളിക്കാനാരംഭിച്ചു. അതേസമയം, എഴുത്തും വായനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തന്നെയായിരുന്നു കൂടുതലായും പ്രസ്തുത നാമധേയത്തില്‍ അറിയപ്പെട്ടത്. തമിഴില്‍ പള്ളിയെന്നാല്‍ പള്ളിക്കൂടമാണ്. അധ്യാപകന് പള്ളിയാന്‍ എന്ന് പറയും. ഓത്തുപള്ളി അധ്യാപകരെ മൊല്ലാക്ക എന്നാണ് വ്യാപകമായി വിളിച്ചുപോന്നിരുന്നത്. ചിലയിടങ്ങളില്‍ മൊല്ല, മുല്ല എന്നിങ്ങനെയും മറ്റിതര ദേശങ്ങളില്‍ മല്ലമിയായും മൊല്ലാക്കമാര്‍ അറിയപ്പെട്ടിരുന്നു. ഉത്തര ദേശത്ത് ഇത് സീതിയാവും, പൊന്നാനി പോലോത്ത ഉന്നത ദര്‍സുകളില്‍ നിന്ന് പഠനം നേടിയ വലിയ അധ്യാപകര്‍ മുസ്‌ലിയാരും മൊയ്‌ല്യാരുമാവും. ഉന്നത വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ചെറിയ അധ്യാപകര്‍ മുസ്‌ലിയാരെന്ന് വിളിക്കപ്പെടുന്നത് കടുത്ത അപരാധമായിട്ടാണ് കണക്കാക്കിപ്പോന്നത്. 

എഴുത്തുപള്ളി, ഓത്തുപള്ളി, ഓത്തമ്പലം
മൂന്നും ഒരേ കാലത്ത് നിലവിലുണ്ടായിരുന്ന സംവിധാനങ്ങളാണ്. ഒന്നാമത്തേത് മതേതരമാണ്, രണ്ടും മൂന്നും മതാടിസ്ഥാനത്തിലുള്ളതും. എഴുത്തുപള്ളിയില്‍ എഴുത്തിന് മാത്രം പ്രാമുഖ്യം നല്‍കിപ്പോന്നു. നാട്ടാശാന്മാര്‍ എന്നു വിളിക്കപ്പെട്ടിരുന്ന എഴുത്തറിയുന്ന വിഭാഗമായിരുന്നു ഇവിടത്തെ അധ്യാപകന്‍മാര്‍. ഓത്തുപള്ളി മാപ്പിളമാരുടെ മാത്രം വിദ്യാലയമാണ്. ഓത്തിനാണ് മുന്‍ഗണന. മതത്തിന്റെ ആചാരങ്ങളും ഓത്തുപള്ളികള്‍ എന്നു മുതല്‍ സ്ഥാപിതമായെന്നോ അതിന്റെ സൂത്രധാരന്‍ ആരെന്നോ ഒന്നും ചരിത്രത്തിലെവിടെയും രേഖപ്പെട്ടു കാണുന്നില്ല. എന്നാല്‍, കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനവും ബന്ധപ്പെട്ട ചരിത്രങ്ങളും വെച്ച് നോക്കുമ്പോള്‍ ചെറിയൊരു സൂചന തെളിയുന്നുണ്ട്. മതം പ്രസരണം ചെയ്യപ്പെട്ടു തുടങ്ങിയതു മുതലേ വളര്‍ന്നു വരുന്ന തലമുറയെ മതാന്തരീക്ഷത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ മുസ്‌ലിംകള്‍ ബദ്ധശ്രദ്ധരായിരുന്നു. അത്പക്ഷേ, മതത്തിന്റെ ശാസന കൂടിയായതിനാല്‍ അങ്ങനെത്തന്നെ സംഭവിച്ചിരിക്കാനാണ് സാധ്യതയും. അതിന്റെ ഭാഗമായി വ്യത്യസ്ത പ്രദേശങ്ങളില്‍ നിരവധി പള്ളികള്‍ സ്ഥാപിതമായിട്ടുണ്ട്. സ്വാഭാവികമായും പ്രസ്തുത പള്ളികളില്‍ മതാധ്യാപനത്തിന്റെ ആദ്യാക്ഷരികള്‍ കുറിക്കപ്പെട്ടിട്ടുണ്ടാവണം. പ്രവാചകന്റെ കാലവും സംസ്‌കാരവും അടുത്തറിഞ്ഞ പണ്ഡിതരാവുമ്പോള്‍ വിശേഷിച്ചും. ഒന്നുകൂടെ പറഞ്ഞാല്‍ ഈ കാലം മുതലേ ഓത്തുപള്ളികള്‍, അതിന്റെ പില്‍ കാല രൂപ ഭാവങ്ങളിലല്ലെങ്കിലും, നിലവില്‍ വന്നിട്ടുണ്ടാവുമെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. 

മൂന്നു രൂപങ്ങളിലാണ് പ്രധാനമായും ഓത്തുപള്ളികള്‍ നിലനിന്നത്. പള്ളിയുടെ തന്നെ ഓരം പറ്റി അതിന്റെ ചായ്പില്‍ കുട്ടികളെ ഇരുത്തിപഠിപ്പിക്കുന്നതാണ് ഒന്നാമത്തെ രൂപം. പള്ളിയോട് ചേര്‍ന്ന് ചെറിയ പുരകെട്ടിയുണ്ടാക്കുന്നവ മറ്റൊന്ന്. പള്ളിയോട് ഒരു ബന്ധവുമില്ലാതെ തീര്‍ത്തും സ്വതന്ത്ര്യമായി കെട്ടിയുണ്ടാക്കുന്നവയാണ് മുന്നാമത്തെ രൂപം. ഇതിനു പുറമെ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ ഗുരുവിനെ വീട്ടിലേക്കു വിളിച്ചു വരുത്തി കുട്ടികളെ പഠിപ്പിക്കുന്ന ശൈലിയും അപൂര്‍വമായെങ്കിലും നിലനിന്നിരുന്നു. 

വരുമാനം, ശമ്പളം
ഓത്തുപള്ളി അധ്യാപകര്‍ക്ക് നിശ്ചിത സ്ഥിരശമ്പളമോ ഇതര സമ്പദ് സ്രോതസ്സോ ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ പലസമയങ്ങളില്‍, ചില വിശിഷ്ട സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും നല്‍കിയിരുന്ന ഗുരുദക്ഷിണകളാണ് മൊല്ലാക്കയുടെ ഉപജീവനമാര്‍ഗം. എന്നാല്‍ ചില ഓത്തുപള്ളികളില്‍ ഇത്തരം സ്ഥിര വരവ് നിര്‍ബന്ധമാക്കിയിരുന്നു. വ്യാഴായ്ച തോറും വിദ്യാര്‍ത്ഥികള്‍ ഒരു നിശ്ചിത പുത്തന്‍ (പൈസ, പണം) നല്‍കണമെന്നായിരുന്നു ചട്ടം. വ്യാഴായ്ച പുത്തന്‍ എന്ന പേരില്‍ ഇതറിയപ്പെട്ടു. 
ഖുര്‍ആനിലെ ഓരോ ജുസ്അ് കഴിയുമ്പോഴും ഗുരുവിന് നിര്‍ബന്ധമായും നല്‍കിയിരിക്കണ്ട ദക്ഷിണയാണ് ജുസ്ഇന്റെ വെള്ളി. പേര് സൂചിപ്പിക്കുന്നത് പോലെ ഇത് വെള്ളി തന്നെ ആയിരിക്കണമെന്നില്ലെങ്കിലും ഇതര സ്രോതസ്സുകളൊന്നുമില്ലാത്ത മൊല്ലാക്കക്ക് ജുസ്ഇന്റെ വെള്ളി വലിയ ആശ്വാസമായിരുന്നു. 
ദാരിദ്ര്യത്തില്‍ ഗുരുവിനോട് തുല്യരായിരുന്ന വിദ്യാര്‍ത്ഥികളും ശ്രമകരമായാണ് ഈ ഫീസുകള്‍ നികത്തിപ്പോന്നിരുന്നത്. വിരുന്നു പോവുമ്പോഴും അതിഥികള്‍ വരുമ്പോഴും കിട്ടുന്ന ചില്ലറ കാശുകള്‍, മുതലാളിമാരുടെ വീട്ടില്‍ അണ്ടിപെറുക്കിയും ഉമ്മമാര്‍ അടക്ക പൊളിച്ചും കിട്ടുന്ന പണം എന്നിവ ഇത്തരം പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുപോന്നു. തൊണ്ട് എന്ന പേരിലറിയപ്പെട്ടിരുന്ന അകം പൊള്ളയായ മുളക്കുറ്റി വെട്ടി ദീര്‍ഘത്തില്‍ ദ്വാരമുണ്ടാക്കി രൂപപ്പെടുത്തുന് ഒരു പാത്രത്തിലാണ് ഈ കാശൊക്കെയും സൂക്ഷിക്കുക. ആവശ്യാനുസരണം അത് പൊട്ടിക്കുകയും പുതുതായൊന്ന് നിര്‍മിക്കുകയും ചെയ്യുന്നു. കാശ് സൂക്ഷിക്കാന്‍ ഇത്തരം രീതി ഉപയോഗിക്കുന്ന ശീലം പല വകഭേദങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്ന് നിവൃത്തികേടിന്റെ അനിവാര്യതയായിരുന്നെങ്കില്‍ ഇന്ന് അതൊരു കേവല ശീലമോ ഹോബിയോ ആയി മാറിയെന്നു മാത്രം. 

കൈയ്യെഴുത്ത് എന്ന പേരില്‍ നടത്തപ്പെട്ടിരുന്ന ആചാരം ഓത്തുപള്ളി മൊല്ലാക്കമാരുടെ ഒരു വാര്‍ഷിക വരുമാനമായി ഗണിക്കാവുന്നതാണ്. മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രസ്തുത ദിവസം സര്‍വ്വാലങ്കൃത വിഭൂഷരായി ചമഞ്ഞൊരുങ്ങി ഓത്തുപള്ളിയിലെത്തും. വിഭവ സമൃദ്ധമായ ഭക്ഷണവും പായസവും തയ്യാറാക്കപ്പെട്ടിരിക്കും. തുടര്‍ന്ന് അധ്യാപകന്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും കൈയ്യില്‍ അറബി മഷികൊണ്ട് ഖുര്‍ആനിലെ ഒരു സൂക്തമെഴുതുന്നതാണ് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. പിന്നീട് എല്ലാവും തങ്ങളാല്‍ കഴിയുന്ന ഒരണയും രണ്ടണയും അധ്യാപകന് നല്‍കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പ്രസ്തുത വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളെയും കൈയ്യെഴുത്തില്‍ പങ്കെടുപ്പിച്ചിരുന്നു. സ്വന്തമായി ജോലിയും വരുമാനവുമുള്ള ഇവരില്‍ നിന്ന് അത്യാവശ്യം കുറയാത്ത സംഖ്യ അധ്യാപകന് ലഭിച്ചുപോന്നു.

പ്രവേശനം
ആറാം വയസ്സിലാണ് ഒരു കുട്ടിയെ മതപഠനത്തിന് വേണ്ടി ഓത്തുപള്ളിയില്‍ ചേര്‍ക്കുന്നത്. ഇതര മതങ്ങളിലും വേദപഠനത്തിന് തുടക്കം കുറിക്കുന്നത് ഇതേ പ്രായത്തിലാണ്. പ്രാദേശികമായ ആചാര മുറകളുടെ അടിസ്ഥാനത്തില്‍ രണ്ടു സമയങ്ങളിലാണ് പ്രവേശനം നല്‍കപ്പെട്ടിരുന്നത്. ഹിജ്‌റ വര്‍ഷാരംഭമായ മുഹര്‍റം തന്നെ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ വര്‍ഷാരംഭമായി ഗണിച്ചുപോന്നു. മറ്റു ചിലയിടങ്ങിളിലാകട്ടെ, റമളാന്‍ കഴിഞ്ഞ് ബലിപെരുന്നാളിന്റെ മുമ്പായാണ് പ്രവേശനം നല്‍കിയിരുന്നത്. രണ്ടായാലും ഓത്തുകൂടല്‍ എന്നു വിളിക്കപ്പെട്ടിരുന്ന വിദ്യാലയ പ്രവേശം വലിയ ആഘോഷമായി തന്നെ നടത്തിപ്പോന്നു. പ്രവേശ ദിവസം അയല്‍വാസികളെയും ബന്ധു മിത്രാദികളെയും വീട്ടില്‍ വിളിച്ചു വരുത്തി ഉഗ്രന്‍ സദ്യ കൊടുക്കും. നാട്ടിലെ മൊല്ലമാര്‍ ചടങ്ങിലെ പ്രത്യേക ക്ഷണിതാക്കളാവും. ശേഷം, മൊല്ലയുടെ ഒരനുഗ്രഹ പ്രാര്‍ത്ഥന. എല്ലാവരുടെയും അനുഗ്രാഹാശിസ്സുകളോടെ വിദ്യാര്‍ത്ഥി പിതാവിന്റെ വിരലില്‍ തൂങ്ങി വിദ്യാലയത്തിലേക്ക് നടക്കുന്നതോടെ അവന്‍ മറ്റൊരാളായെന്നാണ് വിശ്വാസം. കള്ളിത്തുണിയും വളരെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരാണെങ്കില്‍ മേനി മറക്കുന്നൊരു വസ്ത്രവുമാണ് സര്‍വ്വ സാധാരണയായി ഉപയോഗിക്കപ്പെട്ടിരുന്ന വേഷം. വിദ്യാലയത്തില്‍ ആദ്യദിവസം മൊല്ലാക്ക കുട്ടിയുടെ വലതു കൈവെള്ളയില്‍ കടുക്ക മഷി കൊണ്ട് ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതും. അതുനക്കി വയറ്റിലാക്കുന്നതോടെയാണ് പഠനാരംഭം കുറിക്കുന്നത്.

പഠനരീതി
അക്ഷരങ്ങള്‍ സ്ഫുടമായി ഉച്ചരിക്കാന്‍ പാകത്തില്‍ വിദ്യാര്‍ത്ഥികളുടെ നാവിനെ വഴക്കിയെടുക്കുന്നതാണ് ഓത്തുപള്ളിയിലെ പ്രഥമ കൃത്യം. അക്ഷരങ്ങള്‍ വേര്‍തിരിച്ച് ചൊല്ലിപ്പഠിപ്പിക്കുന്നു. ചേടിക്കല്ല് പശയില്‍ മുക്കി കുഴമ്പുരൂപത്തിലാക്കിയ ശേഷം ഇതുപൂശി ഉണക്കിയെടുത്ത ചെത്തി മിനുക്കിയ എഴുത്തു പലകയില്‍, അറബി മഷിയില്‍ മുളന്തണ്ടു മുക്കി അക്ഷരങ്ങള്‍ ഒന്നൊന്നായി മൊല്ലാക്ക എഴുതിക്കൊടുക്കുകയാണ് പതിവ്. ശേഷം അലിഫ് മുതല്‍ യാ വരെ ചൊല്ലി മനഃപാഠമാക്കുന്നു. 'യാ' എത്തിയാല്‍ വസ്സലാം എന്നുച്ചരിച്ചാണ് നിര്‍ത്തുക. പുള്ളിയുള്ളതും ഇല്ലാത്തതുമായ അക്ഷരങ്ങള്‍ വേര്‍തിരിച്ചു പഠിപ്പിക്കുന്നതാണ് അടുത്ത പടി. അലിഫിനു പുള്ളിയില്ല, ബാക്കൊരു പുള്ളി താഴെ, താക്കു രണ്ടു പുള്ളി മേലെ, സാക്ക് മൂന്ന് പുള്ളി മേലെ, ജീമിന് ഒരു പുള്ളി താഴെ.... വസ്സലാം എന്നിങ്ങനെ ഉച്ചത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഹൃദസ്ഥമാക്കണം. സ്ലേറ്റില്‍ എഴുതിയത് മുഴുവന്‍ മനഃപാഠമായാല്‍ മൊല്ലാക്ക അടുത്ത പാഠം എഴുതിക്കൊടുക്കും. അക്ഷരങ്ങളുടെ പേരുകളും അവയിലേക്ക് സ്വരങ്ങള്‍ ചേരുമ്പോഴുള്ള ഉച്ചാരണവും പ്രത്യേകം പഠിക്കണം. അലിഫിന്‍ ഫത്ഹ്, അ, അലിഫിന് കസ്‌റ്, ഇ, അലിഫിന് ളമ്മ്, ഉ യാഇന് ളമ്മ്, യു എത്തിയാല്‍ വസ്സലാം ചൊല്ലി അവസാനിപ്പിക്കുന്നു. ഓരോ അക്ഷരത്തോടും തന്‍വീന്‍ ചേരുമ്പോഴുള്ള ഉച്ചാരണമാണ് അടുത്തതായി മനഃപാഠമാക്കേണ്ടത്. ശേഷം വായിച്ചുകൂട്ടി ഓത്ത് അഥവാ വായിച്ചോത്ത് ആരംഭിക്കുന്നു. അബ്തസുജഹ്ഹിന്‍ എന്നതു കൊണ്ടാണ് തുടക്കം. അലിഫിന് അ, ബാക്ക് ബു= അബു, താക്ക്  =ത, സാക്ക് സു= അബ്തസു ജീമിന് ജ, ഹാക്ക് ഹിന്‍= അബ്തസുജഹ്ഹിന്‍... എന്നിങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കഴിയുമ്പോഴേക്ക് വിദ്യാര്‍ത്ഥി ഏറെ കൂട്ടിവായിക്കാനും സ്ഫുടമായി ഉച്ചരിക്കാനും പ്രാപ്തനാവും. തൊട്ടുടനെ മുഖ്യവിശയമായ ഖുര്‍ആനോത്തിലേക്ക് പ്രവേശിക്കുന്നു. പലകയിലെഴുതിയാണ് ഖുര്‍ആനോതാനും പഠിക്കുന്നത്. തുടക്കത്തിലെ അര ജുസ്അ് മുതല്‍ ഒരു ജുസ്അ് വരെ വായിച്ചുകൂട്ടി ഓത്തിലൂടെ പരിശീലിപ്പിക്കും. പിന്നീടങ്ങോട്ട് വിദ്യാര്‍ത്ഥി നേടിയ കഴിവിന്റെ അടിസ്ഥാനത്തില്‍ ശൈലിയില്‍ മാറ്റം വരുത്തും.

പാഠ്യപദ്ധതി
ശാസ്ത്രീയമായി സംവിധാനിക്കപ്പെട്ട വിഷയങ്ങളോ ക്രോഡീകരികൃതമായ പുസ്തകങ്ങളോ ഓത്തുപള്ളികളില്‍ പഠിപ്പിക്കപ്പെട്ടിരുന്നില്ല. പഠനത്തിന് വേണ്ടിയുള്ള പഠനം ലക്ഷീകരിക്കപ്പെട്ടിരുന്നില്ലെന്നത് തന്നെ കാരണം. ഖുര്‍ആനോതേണ്ട വിധം, അഖീദയിലെ അടിസ്ഥാന കാര്യങ്ങള്‍, നിസ്‌കാരത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍, ശേഷമുള്ള ദുആ, ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ദുആ തുടങ്ങിയ ചില കാര്യങ്ങളില്‍ മാത്രം പഠന വിഷയങ്ങള്‍ ഒതുങ്ങി നിന്നു.  വിവിധ വിഷയങ്ങളില്‍ കഴിവുള്ള അപൂര്‍വ്വം പണ്ഡിതര്‍ തത്‌വിഷയങ്ങളും വിദ്യാര്‍ത്ഥികള്‍ പകര്‍ന്ന് നല്‍കിക്കൊണ്ടിരുന്നു. അതേസമയം, പൊതുവായി എല്ലാ ഓത്തുപള്ളികളിലും പഠിപ്പിക്കപ്പെട്ടിരുന്ന ചില കിതാബുകളുണ്ട്. പത്ത് കിതാബ്, നിസ്‌കാരത്തിന്റെ ഫര്‍ളുകളും ശര്‍ത്വുകളും പ്രതിപാദിക്കുന്ന നിസ്‌കാരക്കണക്ക് എന്നീ പുസ്തകങ്ങള്‍ ഇതില്‍ പെടും. 

എഴുത്ത്
ഓത്തുപള്ളികളില്‍ എഴുത്ത് പൂര്‍ണമായും അവഗണിക്കപ്പെട്ടു എന്ന ആരോപണത്തിന്റെ പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ വിശകലന വിധേയമാക്കുന്നത് ഏറെ ഗുണകരമായിരിക്കും. പൊതുവായി വിലയിരുത്തുമ്പോള്‍ പേര് സൂചിപ്പിക്കും പോലെ ഓത്തിനാണ് ഓത്തുപള്ളിയില്‍ പ്രാമുഖ്യം നല്‍കപ്പെട്ടത്. ഇതിന്റെ പ്രാഥമിക കാരണം നേരത്തെ സൂചിപ്പിച്ചല്ലോ. അതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. അഥവാ, ബ്രാഹ്‌മണ സമൂഹത്തിന്റെ ഓത്തമ്പല സമ്പ്രദായത്തില്‍ നിന്ന് രൂപവും ഘടനയും സ്വീകരിച്ചാണ് ഓത്തുപള്ളികള്‍ രൂപപ്പെടുന്നത്. ബ്രാഹ്‌മണന്‍മാര്‍ വേദം ഓതുന്നതും പഠിക്കുന്നതും പുണ്യകര്‍മ്മങ്ങളായി കണ്ടു. അതേസമയം വേദമെഴുതുന്നത് വൈദിക ഭാഷയോടുള്ള അപമര്യാദയായിട്ടാണ് അവര്‍ കരുതിപ്പോന്നത്. സൂക്ഷമത കുറഞ്ഞ മനുഷ്യന്‍ വേദമെഴുതുമ്പോള്‍ അതിന്റെ പദങ്ങളും സ്വരങ്ങളും മാറിപ്പോവുമോയെന്ന ഭയമായിരുന്നു അതിനു പിന്നില്‍. ഇത്തരമൊരു നിലപാട് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലേക്കാണ് ഖുര്‍ആന്‍ പഠിക്കാനുള്ള ഓത്തുപള്ളികള്‍ സ്ഥാപിതമാവുന്നത്. സ്വാഭാവികമായും പ്രസ്തുത ധാര മുസ്‌ലിംകളുടെ മനഃശാസ്ത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. 

അതേസമയം, ഓത്തുപള്ളികള്‍ എഴുത്തിനെ പാടേ നിരാകരിച്ചുവെന്ന വാദത്തെ ന്യായീകരിക്കുന്നതിന് മുമ്പ് പ്രസ്തുത വാദമുയര്‍ത്തുന്ന ഒരുപാട് സംശയങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. മൂന്നാമത് ഓത്തുപള്ളിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം തേടി ദര്‍സില്‍ പോവുന്ന വിദ്യാര്‍ത്ഥി സ്വാഭാവികമായും എഴുത്തും വായനയും വശമുള്ളയാളായിരിക്കുമെന് തീര്‍ച്ചയാണ്. തിരിച്ചാണെങ്കില്‍ പള്ളിദര്‍സിലെ വിദ്യാഭ്യാസത്തിന്റെ ആരംഭം അലിഫ് മുതലാണെന്ന് പറയേണ്ടി വരും. അത് സാംഗത്യമല്ലല്ലോ. എങ്കില്‍ പിന്നെ പ്രസ്തുത വിദ്യാര്‍ത്ഥി ഓത്തുപള്ളിയില്‍ നിന്ന് സ്വയം എഴുത്ത് പരിശീലിച്ചു എന്നു കരുതാനേ ന്യായമുള്ളൂ. സ്വയം എഴുത്ത് ശീലിക്കാന്‍ പോന്നതാണ് പള്ളിവിദ്യാഭ്യാസമെങ്കില്‍ പ്രേത്യേകമായ പരിശീലിപ്പിക്കപ്പെടുന്നില്ലെന്നതിന്റെ പേരില്‍ അവ വിമര്‍ശിക്കപ്പെടുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നില്ല.
കേരളത്തിലെ പഴയ പള്ളികളും കോളേജുകളിലെ കുതുബ് ഖാനകളും നിരവധി കൈയ്യെഴുത്ത് കൃതികളാല്‍ സമ്പന്നമാണ്. ചില പണ്ഡിത തറവാടുകളിലും ഇതിന്റെ വലിയ ശേഖരം കാണാനാവും. വളരെ ഭംഗിയാര്‍ന്ന മികവുറ്റ കൈപടയില്‍ എഴുതപ്പെട്ട ഇത്തരം കൃതികളുടെ ഉത്ഭവകാലത്തേക്ക് എത്തിനോക്കിയാല്‍ ഓത്തുപള്ളികളുടെ കാലമടക്കമുള്ള വര്‍ഷങ്ങളിലാണെത്തിച്ചേരുന്നത്. എഴുത്തിനെ പരിപൂര്‍ണമായും അവഗണിച്ചിരുന്നൊരു കാലത്തില്‍ നിന്നും ഇത്ര വലിയ കൈയ്യെഴുത്ത് ശേഖരം ജന്മെടുത്തെന്ന് പറയുന്നത് പ്രഥമ ദൃഷ്ട്യാതന്നെ മൗഢ്യമാണ്.ചുരുക്കത്തില്‍ പ്രാഥമിക പ്രാധാന്യമുള്ള കാര്യമെന്ന നിലക്ക് ഓത്തിന് പ്രാമുഖ്യം നല്‍കിയപ്പോള്‍ ഒരു പ്രത്യേക പാഠ്യ രീതിയായി എഴുത്തിനെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല എങ്കിലും, അതിനെ പൂര്‍ണമായും ഒത്തുപള്ളികളില്‍ നിന്നകറ്റി നിര്‍ത്തപ്പെട്ടു എന്ന് പറയാന്‍ ന്യായമില്ല.

ഭൗതിക വിദ്യാഭ്യാസം
സ്ഥാപിതമായതു തന്നെ മതവിദ്യാഭ്യാസ പ്രസരണം ലക്ഷീകരിച്ചായതിനാല്‍ ഓത്തുപള്ളികളില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസം അകറ്റി നിര്‍ത്തപ്പെട്ടു. പകല്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഓത്തുപള്ളികളില്‍ നിന്ന് സ്‌കൂളില്‍ പോവാന്‍ വിദ്യാര്‍ത്ഥികള്‍ അവസരം ലഭിച്ചതുമില്ല. സ്വാഭാവികമായും ഈ അവസ്ഥാ വിശേഷം മുസ്‌ലിം സമൂഹത്തെ സാമൂഹിക വ്യവസ്ഥിതിയുടെ പിന്‍നിരയിലെത്തുന്നതിന് കാരണമായി. വിദ്യാഭ്യാസം പുരോഗതിയുടെ മാപിനിയായി കണക്കാക്കുന്ന ആധുനിക യുഗത്തിലും തരതമ്യേന മുസ്‌ലിംകള്‍ പിന്നിലായതിന്റെ ഒരു പാരമ്പര്യ ചിത്രം ഇവിടെ കാണാനാവും. എന്നാല്‍ വൈജ്ഞാനിക രംഗത്തെ സമകാലിക സ്ഥിതിയെ മുന്നില്‍ വെച്ച് അക്കാലത്തെ വിദ്യാഭ്യാസ നിലവാരം അളക്കുന്നത് ഒട്ടും ശരിയാവില്ല. കാരണം, പണവും തറവാടും മാത്രം അഭിമാനത്തിന്റെയും മേന്‍മയുടെയും മാനദണ്ഡമായിരുന്ന അക്കാലത്ത് ഇതര മതസ്ഥരിലും ഭൗതിക വിദ്യാഭ്യാസം നന്നേ കുറവായിരുന്നു.ഭൗതിക വിദ്യയെന്നാല്‍ പാശ്ചാത്യന്‍ കൊണ്ടുവന്ന വിദ്യഎന്ന് ഗണിക്കപ്പെട്ട് കൊണ്ടിരുന്നതും മുസ്‌ലിംകള്‍ ഭൗതിക വിദ്യാഭ്യാസത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്നതിനും കാരണമായിട്ടുണ്ട്. അവര്‍ കൊളോണിയല്‍ ശക്തിയായ പാശ്ചാത്യനെയും അവരുമായി ബന്ധപ്പെട്ട എന്തിനെയും പാടെ നിരാകരിച്ചു. അത് പിന്നീട് മുസ്‌ലിം പിന്നാക്കത്തിന് കാരണമായിത്തീര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് കരുതുകയല്ലാതെ മുന്‍ഗാമികളുടെ ഉദ്ദേശശുദ്ധിയില്‍ സംശയിക്കുന്നത് ശരിയല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ബ്രിട്ടീഷ് ഭരണം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായതോടെ അവര്‍ ഭരണരംഗത്ത് വിദ്യാസമ്പന്നര്‍ക്ക് പ്രഥമ ഗണനീയ സ്ഥാനങ്ങള്‍ നല്‍കിയപ്പോഴും ഓത്തുപള്ളികളില്‍ ഓത്തുപഠിക്കുകയായിരുന്ന മാപ്പിളമാരുടെ അധിനിവേശ വിരുദ്ധ സമീപനം കറയറ്റതും ആത്മാര്‍ത്ഥവുമായിരുന്നുവെന്നു വേണം മനസ്സിലാക്കാന്‍.എന്നാല്‍ അവസാനഘട്ടങ്ങളില്‍ ചില ഓത്തുപള്ളികളില്‍ പ്രസ്തുത കര്‍ക്കശ നിലപാടില്‍ അയവു വരുത്തപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മലയാളത്തില്‍ അച്ചടിച്ച പുസ്തകങ്ങളും മറ്റും പഠിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് പിന്നീട് അവയുടെ സമൂല നാശത്തിന് വഴിയൊരുക്കിയെന്നതാണ് ചരിത്രം. 

നാശത്തിന്റെ കാരണങ്ങള്‍
ബ്രിട്ടീഷ് ഭരണം കൊണ്ടു വന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍, മദ്രസ സംവിധാനത്തിന്റെ തുടക്കം എന്നിവയാണ് ഒത്തുപള്ളികളുടെ ശാശ്വത തീരോധാനത്തിന് കാരണങ്ങളായ മുഖ്യഘടകങ്ങള്‍. മദ്‌റസകളുടെ ആവിര്‍ഭാവം ഒരു സ്വാഭാവിക പ്രക്രിയയായി സംഭവിച്ചതാണെങ്കില്‍ ബ്രീട്ടീഷിന്റെ ഇടപെടല്‍ അതീവ തന്ത്രപരമായിരുന്നു. മുസ്‌ലിംകള്‍ നേതൃത്വം കൊടുത്ത അനവധി സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ചൂട് നേരിട്ടറിഞ്ഞ ബ്രിട്ടന്‍, മാപ്പിള വീര്യത്തിന്റെ കാരണമന്വേഷിച്ചപ്പോള്‍ ചെന്നെത്തിയത് അവരുടെ രൂഢമൂലമായ മതവിശ്വാസത്തിലേക്കും ഭൗതികതയോടുള്ള അനൈക്യപ്പെടലിലേക്കുമായിരുന്നു. മലബാര്‍ കലാപം കെട്ടടങ്ങിയ ശേഷം കലാപകാരണം അന്വേഷിച്ച കമ്മീഷന്‍ ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുകയും ഓത്തുപള്ളികളില്‍ ഭൗതിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുകയും ചെയ്തു. 1926ല്‍ മുല്ലമാരെക്കണ്ട് പ്രലോഭിപ്പിക്കാന്‍ ഓരു സ്‌പെഷ്യല്‍ ഓഫീസറെയും ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നിയമിച്ചു. മുസ്‌ലിം സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിതരമായ താനൂര്‍ സൈതാലിക്കുട്ടി മാസ്റ്റര്‍, സെയ്ദ് അബ്ദുല്‍ ഗഫൂര്‍ ഷാ സാഹിബ് എന്നിവര്‍ ഓത്തുപള്ളികളില്‍ മലയാളം പഠിപ്പികണമെന്ന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇതിനു മുമ്പേ മുസ്‌ലിംകളെ മതപരമായി ഷണ്ഡീകരിക്കുന്നതിന്റെ ഭാഗമായി പല പരിഷ്‌കാരങ്ങളും ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവിഷകരിച്ചിരുന്നു. 1871ലും 1894ലും മൊല്ലമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കി അനുനയിപ്പിച്ച് ഓത്തുപള്ളികളെ സര്‍ക്കാര്‍ വരുതിയിലാക്കാന്‍ ശ്രമമുണ്ടായി. സര്‍ക്കാറിന്റെ നിര്‍ബന്ധിത നിയമത്തിന് വിധേയമായി മിക്കവാറും ഓത്തുപള്ളികളില്‍ മലയാളവും ഇതര സ്‌കൂള്‍ വിഷയങ്ങളും പഠിപ്പിക്കപ്പെട്ടു. പാതിസമയം സ്‌കൂളം പാതി മത വിദ്യാഭ്യാസവുമെന്നതായിരുന്നു വിഭജനം. എന്നാല്‍ 1947ല്‍ മദ്രാസ് പ്രസിഡന്‍സി മുഖ്യമന്ത്രി രാജഗോപാലാചാരി സ്‌കൂളുകളില്‍ നിന്ന് മതവിദ്യാഭ്യാസം നിരോധിച്ചതോടെ പ്രസ്തുത ഓത്തുപള്ളികള്‍ മുസ്‌ലിം ഐഡഡ് സ്‌കൂളുകളായി പരിണമിച്ചു. ഒരു നീണ്ട കാലത്തിന്റെ മുസ്‌ലിം സംസ്‌കൃതിയുടെ നിത്യചിഹ്നങ്ങളായിരുന്ന ഓത്തുപള്ളികള്‍ അവിടെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയുടെ തുടക്കത്തില്‍ ഗള്‍ഫ് കുടിയേറ്റിത്തിലൂടെയും മറ്റുമുണ്ടായ സാമ്പത്തികാഭിവൃദ്ധി സമുദായത്തിന്റെ വിദ്യാഭ്യാസ ചിന്തകളെയും ആഴത്തില്‍ സ്വാധീനിച്ചു. ഇനിയും പഴയതില്‍ കടിച്ചു നിന്നാല്‍ കാലത്തിന്റെ ഒഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമെന്ന പ്രസക്തമായ ചിന്ത സമുദായത്തില്‍ സജീവമായി തുടങ്ങിയ കാലമായിരുന്നു അത്. ഏകതയോ ശാസ്ത്രീയതയോ ഇല്ലാത്ത ഓത്തുപള്ളികളില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന നൂതന പാഠ്യരീതി മതരംഗത്തും പ്രയോഗിക്കാമെന്നവര്‍ ചിന്തിച്ചു. മാറ്റങ്ങളില്‍ അന്ധാളിച്ചു നിന്ന സമൂഹത്തിന് ശരിയായ മാര്‍ഗം കാണിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ള പ്രസ്ഥാനങ്ങള്‍ അപ്പോഴേക്കും രൂപീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ചോക്കും ബെഞ്ചും ബോര്‍ഡുമടക്കമുള്ള ക്ലാസ് മുറികളിലൂടെ മതാധ്യാപനം സാധിക്കുകയെന്ന നൂതന ചിന്തിയിലൂടെ ഓത്തുപള്ളികളുടെ രണ്ടാം തലമുറയായി മദ്രസകള്‍ രൂപീകരിക്കപ്പെടുകയായിരുന്നു.
ഇസ്‌ലാമികാഭിര്‍ഭാവം മുതല്‍ മതത്തെ അഭംഗുരം തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്നതിലും മതത്തെ സജീവമാക്കി നിലനിര്‍ത്തുന്നതിലും ഓത്തുപള്ളികള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. മാപ്പിളമാരുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രതിവചനങ്ങളായി പതിറ്റാണ്ടുകള്‍ നിലനിന്ന ഓത്തുപള്ളികള്‍ പാരമ്പര്യത്തിന്റെ പെട്ടെന്നൊന്നും മാഞ്ഞുപോകാത്ത സ്മാരകങ്ങളായി നമ്മുടെ എഴുത്തിലും വായനയിലും ഇടംപിടിക്കേണ്ടിയിരിക്കുന്നു. അതില്ലാത്തതിന്റെ ഒരു കുറവ് നാം അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ചും.

അബ്ദുസ്സ്വമദ് വാണിയമ്പലം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter