അഖുന്ദ്സാദ മുബാറക്: സൂഫി സരണിയുടെ ആത്മാവ്

അഫ്ഗാനിസ്ഥാനില്‍ ജന്മം കൊണ്ട്, അവിടെയും പാകിസ്ഥാനിലുമായി പ്രവര്‍ത്തിക്കുകയും അനേക ശിഷ്യ ഗണങ്ങളുടെ മുര്‍ഷിദുമായ പ്രമുഖ സ്വൂഫീ വര്യനാണ് മുബാറക് സർക്കാർ എന്നറിയപ്പെടുന്ന അഖുന്ദ്സാദ പീർ സെയ്ഫുൽ റഹ്മാൻ മുബാറക്. വിശ്വാസധാരയിൽ മാതുരിദി സരണിയും കർമ്മശാസ്ത്രത്തിൽ ഹനഫീ  മദ്ഹബും അനുധാവനം ചെയ്ത വലിയ മഹാനായിരുന്നു അദ്ദേഹം. 1925ല്‍ ജനിച്ച അദ്ദേഹം 85-ാം വയസ്സില്‍, 2010ലാണ് ഇഹലോകവാസം വെടിഞ്ഞത്.

ദിക്റിന്റെ  മജ്‍ലിസുകളിലൂടെ ആത്മീയ ആനന്ദം ജനഹൃത്തടങ്ങളിലേക്ക് സന്നിവേശിപ്പിച്ച അദ്ദേഹം ആത്മീയതയുടെ ആത്മാവായി അറിയപ്പെട്ടു. അദ്ദേഹത്തിലൂടെ നിരവധി പേർ പരിശുദ്ധ ഇസ്‍ലാമിന്റെ വക്താക്കളായി മാറി. തിരുസുന്നത്തുകൾ കർശനമായി പാലിക്കുന്നവരും ജീവിതത്തിൽ പുലർത്തുന്നവരും ലത്തായിഫീ ആശയത്തെ സജീവമാക്കുന്നവരും ദിക്ർ മജ്ലിസുകളിൽ ആത്മീയ ആനന്ദം അനുഭവിക്കുന്നവരുമായിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍.

1925 August 10 ന്, അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ നിന്ന് ഏകദേശം 20 km അകലെയുള്ള ബാബാ കലൈ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഹാഫിസ് ഖാരി മുഹമ്മദ് സർഫ്രാസ് ഖാൻ ഖാദിരിയ സൂഫി സരണിയുടെ  ഷെയ്ഖായ ഹാജി മുഹമ്മദ് അമീന്റെ ശിഷ്യനാണ്.

വിദ്യാഭ്യാസം
അഖുസ്സാദ സെയ്ഫുൽ റഹ്മാൻ മുബാറക് തന്റെ പിതാവിൽ നിന്നാണ് വിശുദ്ധ ഖുർആൻ പഠിക്കുന്നത്. അദ്ദേഹത്തിന് 13 വയസ്സുള്ളപ്പോൾ ഉമ്മ മരണപ്പെട്ടു. ഔപചാരിക മതവിദ്യാഭ്യാസത്തിനായി 1940-കളുടെ തുടക്കത്തിൽ അദ്ദേഹം പെഷവാറിലേക്ക് താമസം മാറുകയും തഫ്സീർ, ഹദീസ്, ഉസൂലുൽ ഫിഖ്ഹ്, അഖീദ, തജ്‍വീദ് എന്നിവയിൽ അവഗാഹം നേടുകയും ചെയ്തു.

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം  അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയ അദ്ദേഹം കുന്ദൂസിലാണ് ശേഷിച്ച കാലം താമസിച്ചത്.  അഫ്ഗാൻ സർക്കാർ ആർച്ചിയിൽ അദ്ദേഹത്തിന് സ്ഥിരവാസത്തിന് യോഗ്യമായ ഭൂമി അനുവദിച്ചു നൽകി.  അവിടെ അദ്ദേഹം ഒരു പള്ളി നിർമ്മിക്കുകയും അവിടെ തന്നെ ഇമാമും ഖത്തീബുമായി സേവനമനുഷ്ഠിക്കുകയുമായിരുന്നു. അവിടെ നിന്ന് വിദ്യനുകരുന്ന വിദ്യാർത്ഥികൾക്ക്  നിസാമിയ്യ പാഠ്യപദ്ധതി പ്രകാരമുള്ള കോഴ്സുകളാണ് അദ്ദേഹം നൽകിയിരുന്നത്. 

സൂഫിസത്തിലേക്കുള്ള പ്രവേശനം

സൂഫിസത്തിൽ പ്രത്യേക താൽപര്യം വളർത്തിയെടുത്ത അഖുന്ദ്‌സാദ ആർച്ചിയിൽ താമസിക്കുമ്പോൾ സൂഫിസത്തെ കുറിച് ഗഹനമായ പഠനം നടത്തിയിരുന്നു. നഖ്ശബന്ദി ഷെയ്ഖും സൂഫി പണ്ഡിതനുമായ ഷാ റസൂൽ തലോഖാനിയെ കണ്ട് ത്വരീഖത്തു സ്വീകരിക്കുകയുണ്ടായി. നഖ്‌ശബന്ദിയ്യ ത്വരീഖത്തിൽ അദ്ദേഹത്തിന്  ഖൽബിയായ ദിക്റുകൾ ഇജാസതായി ലഭിച്ചു. 

ഷാ റസൂൽ തലോഖാനിയ്ക്ക് വാർധക്യത്തിന്റെ അവശതകളിലായിരുന്നതിനാല്‍ തന്റെ പ്രിയപ്പെട്ട മുരീദായ മൗലാനാ മുഹമ്മദ് ഹാഷിം സാമംഗാനിയുടെ സന്നിധിയിൽ തുടരാനാണ് തന്റെ ശിഷ്യന്മാരോട് അദ്ദേഹം നിർദ്ദേശിച്ചത്. ഹിജ്റ 1381-ൽ അദ്ദേഹം അന്തരിച്ചതിനെ തുടർന്ന് തന്റെ ഷെയ്ഖിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അഖുന്ദ്സാദ മുബാറക്കിന് സമംഗാനിയിൽ നിന്ന് ബൈഅത്ത് ലഭിക്കുകയും തന്റെ പ്രധാന ആത്മീയ ശിഷ്യനായി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു.

ഹിജ്റ 1387-ൽ  ഹാഷിം സമംഗാനി രോഗബാധിതനായതിനാൽ മറ്റ് ശിഷ്യന്മാർക്ക് ആത്മീയ ക്ലാസുകൾ നൽകാൻ അദ്ദേഹം നിയോഗിച്ചത് അഖുന്ദ്‌സാദയെ ആയിരുന്നു. അഖുന്ദ്‌സാദ മുബാറക് ആ ഉത്തരവാദിത്തം വളരെ ഊർജ്ജസ്വലതയോടെയും ഉത്തരവാദിത്തബോധത്തോടെയും നിർവഹിച്ചതിനാൽ അദ്ദേഹത്തിന്റെ മുർഷിദ് അദ്ദേഹത്തിന് മുത്തലിഖ് (സ്വയംഭരണാധികാരം) സ്ഥാനം നൽകി ആദരിച്ചു.

അദ്ദേഹം തന്റെ മുർഷിദിന്റെ സേവനത്തിൽ മൂന്ന് വർഷം ചെലവഴിച്ചു. അതിനുശേഷം അദ്ദേഹത്തെ ഖാദിരിയ്യ ത്വരീഖത്തിനായി ഷെയ്ഖ് ഹാജി പച്ചെറോയിലേക്ക് അയച്ചു. താമസിയാതെ അദ്ദേഹത്തിന് ആ ത്വരീഖത്തും ലഭിച്ചു. തുടർന്ന് അദ്ദേഹം പാകിസ്ഥാനിലെ നൗഷെഹ്‌റയിലേക്ക് പോയി. അവിടെ അദ്ദേഹം കുറച്ച് കാലം താമസിക്കുകയും സമീപത്തുള്ള സാലികീങ്ങള്‍ക്ക് പരിശീലനം നൽകുകയും ചെയ്തു. കുറച്ചുകാലത്തിനുശേഷം അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി. നംഗർഹാർ, ജലാലാബാദ്, ലഗ്മാൻ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തു. അവസാനം അദ്ദേഹത്തിന്റെ മുർഷിദിന്റെ നിർദ്ദേശപ്രകാരം ആർച്ചിയിലേക്ക് മടങ്ങി. അവിടെ അദ്ദേഹം മതമൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായി.

മൗലാനാ ഹാഷിം സമംഗാനി ഹിജ്റ 1391-ൽ അന്തരിച്ചു. മരിക്കുന്നതിന് മുമ്പ് തന്റെ എല്ലാ ശിഷ്യന്മാരോടും അഖുന്ദ്സാദ പീർ സെയ്ഫ് ഉർ റഹ്മാൻ മുബാറക്കിന്റെ ശിക്ഷണത്തില്‍ തുടരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. 1398-ലാണ് അഖുന്ദ്‌സാദ മുബാറക് ഹജ്ജ് നിർവഹിക്കുന്നത്. അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയിൽ അദ്ദേഹം മദീനയും  വിവിധ പ്രദേശങ്ങളും സന്ദർശിക്കുകയും ചെയ്തു.

പാക്കിസ്ഥാനിലേക്കുള്ള കുടിയേറ്റം

1978-ൽ സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിന് മുമ്പായി, അഖുന്ദ്സാദ അഫ്ഗാനിസ്ഥാൻ വിടാൻ തീരുമാനിച്ചു. നൗഷെഹ്‌റയ്‌ക്ക് സമീപമുള്ള പീർ സബാക്ക് എന്ന ചെറുപട്ടണത്തിൽ തന്റെ ശിഷ്യർക്ക് മൂന്ന് വർഷത്തോളം മതപരമായ മാർഗനിർദേശം നൽകി. ഹിജ്റ 1409-1410ൽ ബാരയിലെ അഫ്രീദി ഗോത്രങ്ങൾ ഒരു മീറ്റിംഗ് ഹൗസിനായി അദ്ദേഹത്തിന് ഭൂമി വാഗ്ദാനം ചെയ്യുകയും അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. തന്റെ ശിഷ്യന്മാരുടെ ആത്മീയ പരിശീലനത്തിനായി  അദ്ദേഹം അവിടെയൊരു  പള്ളി നിർമ്മിച്ചു.

മുനീർ ഷാക്കിറുമായുള്ള സംഘർഷത്തെത്തുടർന്ന് സംജാതമായ ബാരയിലെ സംഘർഷാവസ്ഥ കാരണം അഖുന്ദ്സാദ സെയ്ഫ് ഉർ റഹ്മാൻ മുബാറക്ക് ലാഹോറിലേക്ക് മാറി. അന്നുമുതൽ ലാഹോറിലെ ഫഖീറാബാദിൽ താമസിച്ചു. 2010 ജൂൺ 27 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് അഖുന്ദ്സാദ സെയ്ഫ് ഉർ റഹ്മാൻ മുബാറക്ക് അന്തരിച്ചു; ലാഹോറിലെ ഫഖീറാബാദിലാണ് അദ്ദേഹത്തെ മറമാടിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter