യഹ്‍യാ അല്‍-സിന്‍വാര്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്റാഈല്‍-അറബ് മാധ്യമങ്ങളില്‍ ഈ പേര് നിറഞ്ഞ് നില്ക്കുകയാണ്. അദ്ദേഹത്തെ തട്ടിക്കൊണ്ട്പോവാനുള്ള പദ്ധതികള്‍ ഇസ്‍റാഈല്‍ ആവിഷ്കരിക്കുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു അത്. ആരാണ് അദ്ദേഹമൊന്നും ഇസ്‍റാഈലിന്റെ കണ്ണിലെ കരടാവാന്‍ മാത്രം എന്താണ് അദ്ദേഹം ചെ്യതതെന്നും നമുക്ക് നോക്കാം.
2011, ഒക്ടോബര്‍ 18, ചൊവ്വാഴ്ച..
ഫലസ്തീനികളും ഹമാസ് പോരാളികളും അഭിമാനത്തോടെ ഓര്‍ക്കുന്ന ദിവസമായിരുന്നു അത്. 5 വര്‍ഷം മുമ്പ് തങ്ങളുടെ പിടിയലകപ്പെട്ട, സുപ്രധാന ഇസ്‍റാഈല്‍ സൈനിക കമാന്ററായിരുന്ന ജല്‍ആദ് ശാലീതിന് പകരം 1027 ഫല്സ്തീനികളെ, ഇസ്‍റാഈല്‍ മോചിപ്പിച്ചത് അന്നായിരുന്നു. ശാലീത് ഡീല്‍ എന്ന ഇസ്റാഈല്യര്‍ വിളിക്കുന്ന ആ കൈമാറ്റത്തെ വഫാഉല്‍ അഹ്റാര്‍ (സ്വതന്ത്രരോടുള്ള വാക്പാലനം) എന്ന പേരിലാണ് ഫലസ്തീനികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. അന്ന് സ്വതന്ത്രരായ കൂട്ടത്തില്‍ കുറിയൊരു മനുഷ്യനുമുണ്ടായിരുന്നു. യഹ്‍യ ഹസന്‍ സിന്‍വാര്‍ എന്ന ആ പോരാളിയെ വിട്ടയച്ചതിന്റെ പേരില്‍, ഇസ്റാഈല്‍ ശേഷം പലപ്പോഴും ഖേദിച്ചിട്ടുണ്ടാവും, തീര്‍ച്ച.
ഫലസ്തീനിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് അൽ-മജ്ദൽ അസ്കലാൻ. 1962-ൽ "ഖാൻ യൂനുസ്" അഭയാർത്ഥി ക്യാമ്പിൽ ജനിച്ച സിന്‍വാര്‍, അല്‍മജ്ദ് നഗരത്തിന്റെ സന്തതിയായാണ് അറിയപ്പെടുന്നത്. ക്യാമ്പുകളിലെ മറ്റ് കുട്ടികളെപ്പോലെ, ദാരിദ്ര്യപൂര്‍ണ്ണവും പരുഷവുമായ ജീവിതമായിരുന്നു സിൻവാറിന്റെതും. ക്യാമ്പുകളിലെ ജനങ്ങൾക്കെതിരെ അധിനിവേശ ഭരണകൂടം നടത്തുന്ന ആക്രമണങ്ങൾ നേരില്‍ കണ്ടാണ് അദ്ദേഹവും വളര്‍ന്നത്. അറബി ഭാഷയിലെ ബിരുദ പഠനത്തിനായി, ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ, ഫലസ്തീനിലെ മുസ്‍ലിം ബ്രദർഹുഡിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന "ഇസ്‍ലാമിസ്റ്റ് ബ്ലോക്കിന്റെ" തലവനായി മാറിയതും, മനസ്സിലെരിഞ്ഞ് കൊണ്ടിരുന്ന ആ കനലുകളുടെ ഫലമായിരുന്നു.
ശേഷം തന്നെ തേടിയെത്തിയ, ഉന്നത പദവികളെല്ലാം യഥോചിതം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തെ പാകപ്പെടുത്തിയത് ഈ വിദ്യാര്‍ത്ഥി കാലത്തെ പ്രവര്‍ത്തന പരിചയമായിരുന്നു. വൈകാതെ, ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ ദിശകളും അടിത്തറയും എഴുതിയ അതിന്റെ ഉന്നത നേതാക്കളില്‍ ഒരാളായി അദ്ദേഹം മാറുന്നതാണ് പിന്നീട് ലോകം കണ്ടത്.
ഇസ്രയേലിന്റെ എല്ലാ ഉപകരണങ്ങളും ഇല്ലാതാക്കുന്നതിലൂടെ മാത്രമേ, മോചനം സാധ്യമാവൂ എന്ന് ആ ഫലസ്തീൻ നേതാവ് മനസ്സിലാക്കിയിരുന്നു. ബൌദ്ധികവും ഭൌതികവുമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ സിന്‍വാര്‍ മുന്‍കൈയ്യെടുത്തതും അത് കൊണ്ട് തന്നെ. ഇസ്റാഈലിന്റെ ചാരന്മാരായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതിലും സിന്‍വാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. ഫലസ്തീന്റെ സുരക്ഷാ വിഭാഗമായ അല്‍മജ്ദിനെ നയിച്ച അദ്ദേഹം, ഇസ്റാഈലിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും സുരക്ഷാ സേനകളുടെയും പാതകൾ വരെ കണ്ടെത്തി ആക്രമണം നടത്തുന്നിടത്തേക്ക് കാര്യങ്ങളെത്തിച്ചു. ഇസ്റാഈലുമായി സഹകരിക്കുന്നവരെ തേടി, ഏത് സമയത്തും സിന്‍വാറിന്റെ ആളുകളെത്താമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍.
അതോടെ, അദ്ദേഹം ഇസ്‍റാഈല്‍ സൈന്യത്തിന്റെ കണ്ണിലെ കരടായി മാറി. അത് കൊണ്ട് തന്നെ, പിടികൂടാനായി ഇസ്റാഈല്‍ തയ്യാറാക്കിയ ഫലസ്തീന്‍ സൈനിക മേധാവികളുടെ പട്ടികയില്‍ യഹ്‍യാ സിന്‍വാറിന്റെ പേര് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. 1988ല്‍ അദ്ദേഹം അവരുടെ പിടിയിലാവുകയും ഇസ്റാഈല്‍ കോടതി മുപ്പത് വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. തടവിലായിരുന്ന കാലമത്രയും ഹീബ്രു മാധ്യമങ്ങള്‍ അവലോകനം ചെയ്യാനും ഫലസ്തീന്റെ മോചനത്തിനായി ഏറ്റവും ഫലപ്രദമായ രീതികള്‍ ആവിഷ്കരിക്കാനുമാണ് അദ്ദേഹം ചെലവഴിച്ചത്.
ശേഷമുള്ള അദ്ദേഹത്തിന്റെ ശൈലിയിലും അധിനിവേശ സമൂഹവുമായുള്ള ഇടപെടലുകളിലും ഇതിന്റെ സ്വാധീനം പിന്നീട് പ്രകടമായിരുന്നു.
തടവ്ജീവിതം 23-ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ്, ശാലിയാത് ഇടപാട് നടക്കുന്നത്. അതോടെ, ബാക്കിയുള്ള 7 വര്‍ഷ തടവ്, പൂര്‍ത്തിയാക്കേണ്ടിവന്നില്ല.
ജയിൽ മോചിതനായ അദ്ദേഹം, ഹമാസിന്റെ രാഷ്ട്രീയ സമിതിയില്‍ അംഗത്വം നേടുകുയം 2012ലെ ആഭ്യന്തര തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ചെയ്തു. അൽ-ഖസ്സാം ബ്രിഗേഡിന്റെ സൈനിക ഉപകരണങ്ങളുടെ മേൽനോട്ടം അദ്ദേഹത്തിലര്‍പ്പിതമാവുകയും ശേഷം, ഇസ്മാഈല്‍ ഹനിയ്യയുടെ പിന്ഗാമിയായി ഗാസയിലെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സിൻവാറിന്റെ വരവ് രാഷ്ട്രീയ-സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഫലസ്തീനിലെ ആഭ്യന്തര മത്സരത്തിന് അറുതി വരുത്തുമെന്ന് 2017 ലെ ഒരു ലേഖനത്തിൽ ദ ഗാർഡിയൻ പത്രം പോലും വിലയിരുത്തിയിരുന്നു. പക്ഷേ, ജറുസലേമിനെ യഹൂദവത്കരിക്കാനുള്ള പദ്ധതികളോട് അദ്ദേഹത്തിന് ഒരിക്കലും രാജിയാകാന്‍ സാധിക്കുമായിരുന്നില്ല. അവ തുടര്‍ന്നാല്‍ ഇസ്റാഈലിന്റെ നാശമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. യഹ്‍യ സിന്‍വാര്‍ ഇപ്പോഴും ഇസ്റാഈല്യരുടെ കണ്ണിലെ കരടായി തുടരുന്നതും അത് കൊണ്ട് തന്നെ.
സിന്‍വാറിനെ വകവരുത്തുകയെന്നത് നിലവിലെ സാഹചര്യത്തില്‍ അതീവ അപകടകരവും ആത്മഹത്യാപരവുമാണെന്നതില്‍ സംശയമില്ല. എങ്കിലും അദ്ദേഹം അവരുടെ ലക്ഷ്യപ്രാപ്തിക്ക് എത്ര വലിയ തടസ്സമാണെന്ന് തിരിച്ചറിയുമ്പോള്‍, ഒരു പക്ഷേ, അധിനിവേശ സൈന്യം അതിനും മടിക്കില്ലെന്ന് തന്നെ പറയേണ്ടിവരും. രണ്ടും കല്‍പിച്ച് ഇസ്‍റാഈല്‍ ആ കടും കൈക്ക് മുതിരുമോ, വരും ദിനങ്ങളാണ് അതിന് മറുപടി പറയേണ്ടത്.
Leave A Comment