മമ്പുറം മൗലിദ്: ഭക്തിയുടെയും പോരാട്ടത്തിന്റെയും ആഖ്യാനം

കേരളത്തിലെ മാപ്പിള മുസ്‌ലിംകളുടെ സാമൂഹികവും ആത്മീയവുമായ ചരിത്രരചനകളിൽ അതീവ പ്രാധാന്യമർഹിക്കുന്ന ഒരു കൃതിയാണ് ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരനുമായിരുന്ന പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ രചിച്ച അന്നഫഹാത്തുൽ ജലീല ഫീ മനാഖിബിസ്സയ്യിദ് അലവി മൗലദ്ദവീല. വെറുമൊരു മൗലിദ് ഗ്രന്ഥം എന്നതിലുപരി, കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെയും മലബാറിലെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെയും ആത്മീയ പ്രതിരോധത്തിന്റെയും ചരിത്രരേഖയായി ഈ ഗ്രന്ഥം ഇന്നും നിലകൊള്ളുന്നു.

പതിനഞ്ചാം നൂറ്റാണ്ട് മുതൽ കേരളത്തിൽ വേരോടിയ മാല-മൗലിദ് സാഹിത്യ ശാഖയുടെ പരിണാമദശയിൽ, പാരമ്പര്യ വിശ്വാസങ്ങളെയും സൂഫി ദർശനങ്ങളെയും വൈജ്ഞാനികമായി സംരക്ഷിക്കാൻ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ കൈക്കൊണ്ട കരുത്തുറ്റ സാഹിത്യപരമായ ഇടപെടലായിരുന്നു ഈ രചന. 1932-ൽ പ്രകാശിതമായ ഈ കൃതി, ആത്മീയതയെയും ചരിത്രത്തെയും സമന്വയിപ്പിച്ചുകൊണ്ട്, മമ്പുറം സയ്യിദ് അലവി തങ്ങളുടെ ജീവിതത്തിലൂടെ മലബാറിലെ സയ്യിദുമാരുടെ പാരമ്പര്യവും, അധിനിവേശ ശക്തികളുമായുള്ള ഏറ്റുമുട്ടലുകളും, പ്രാദേശിക അധികാരികളുമായുള്ള ബന്ധവും കൃത്യമായി അടയാളപ്പെടുത്തുന്നു.

വള്ളുവനാടൻ ഗ്രാമമായ പാങ്ങിൽ 1885-ൽ ജനിച്ച പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ മലബാറിന്റെ ആത്മീയ-വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്നു. മലബാർ സമരകാലത്ത് അഹിംസാത്മകമായ സമാധാന മാർഗ്ഗങ്ങൾക്കായി വാദിച്ച അദ്ദേഹം, പിന്നീട് ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാൻ 1926-ൽ സമസ്തയുടെ രൂപീകരണത്തിന് നേതൃത്വം നൽകി. താനൂർ വലിയകുളങ്ങര പള്ളിയിലെ ദർസിൽ വെച്ച് രചിച്ച ഈ കൃതി, അദ്ദേഹത്തിന്റെ വിപുലമായ സാഹിത്യ സംഭാവനകളിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഇസ്‌ലാമിക നിയമശാസ്ത്രം, അറബി സാഹിത്യം, ആത്മീയത എന്നീ മേഖലകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം, 'അന്നഫഹാത്തുൽ ജലീല'യിലൂടെ ജീവചരിത്രരചനാ മേഖലയിലും തന്റേതായ മുദ്ര പതിപ്പിച്ചു. സയ്യിദ് അലവി തങ്ങളുടെ വംശാവലിയും മലബാറിലെ അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യവും വിശകലനം ചെയ്യുന്നതിലൂടെ, തങ്ങളുടെ കുടുംബപരമ്പരയുമായുള്ള ആഴമേറിയ ചരിത്രബന്ധം കൂടി അദ്ദേഹം ഈ കൃതിയിൽ വെളിപ്പെടുത്തുന്നുണ്ട്. മമ്പുറം തങ്ങളുടെ വഫാത്തിനു ശേഷം ജനിച്ചയാളാണെങ്കിലും, അദ്ദേഹത്തെ നേരിട്ട് കണ്ടവരിൽ നിന്നും ലഭ്യമായ ആധികാരിക സ്രോതസ്സുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ ഈ കൃതി പൂർത്തിയാക്കിയത്.

ഇസ്‌ലാമിക സാഹിത്യത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാഖയായ മൗലിദ് സാഹിത്യം, പ്രവാചക ജീവിതത്തെയും ഔലിയാക്കളുടെ മഹത്വത്തെയും ഭക്തിനിർഭരമായി അവതരിപ്പിക്കുന്നതാണ്. ബർസൻജി, ദിബാഈ തുടങ്ങിയ ആഗോളതലത്തിൽ അറിയപ്പെടുന്ന മൗലിദുകൾക്കൊപ്പം, കേരളീയ പണ്ഡിതന്മാർ രചിച്ച തനത് മൗലിദുകളും മാപ്പിള സംസ്കാരത്തിന്റെ ഭാഗമായി മാറി. മമ്പുറം തങ്ങൾ ഉൾപ്പെടെയുള്ള ആത്മീയ നേതാക്കളെ സ്തുതിക്കുന്നതിലൂടെ, കേവല ഭക്തിക്കപ്പുറം സമൂഹത്തിന്റെ ആത്മീയ ഐക്യത്തെയും കൊളോണിയൽ വിരുദ്ധ പ്രതിരോധത്തെയും ശക്തിപ്പെടുത്താൻ ഇത്തരം കൃതികൾക്ക് സാധിച്ചു. അന്നഫഹാത്തുൽ ജലീല ഈ ഗണത്തിൽപ്പെട്ട ഒരു സവിശേഷ രചനയാണ്. ക്ലാസിക്കൽ അറബിക് സാഹിത്യത്തിലെ സജ്അ് (പ്രാസബദ്ധമായ ഗദ്യം),  ജിനാസ് (സമാനമായ ഉച്ചാരണവും വ്യത്യസ്തമായ അർത്ഥവുമുള്ള പദങ്ങൾ അടുത്തടുത്ത് പ്രയോഗിക്കുന്ന രീതി) എന്നീ ശൈലികൾ സമ്മേളിച്ച ഈ കൃതി, വായനക്കാരിൽ അഗാധമായ ആത്മീയ ഉണർവ്വ് സൃഷ്ടിക്കുന്നു. പ്രധാനമായും അറബി കാവ്യശാസ്ത്രത്തിലെ പരമ്പരാഗത വൃത്തങ്ങളിലെ ബഹർ തവീൽ, ബഹർ കാമിൽ,  ബഹർ റജസ് എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. വായനക്കാരുടെ വൈകാരിക ഭാവങ്ങൾക്ക് അനുസൃതമായാണ് ഓരോ വൃത്തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

ഹഖീഖത്തുൽ മുഹമ്മദിയ്യ എന്ന സൂഫി ദർശനത്തിൽ തുടങ്ങുന്ന ഇതിന്റെ ഘടന, പ്രപഞ്ച സൃഷ്ടിപ്പിലെ പ്രവാചക പ്രകാശത്തിന്റെ പ്രാധാന്യത്തെ വിവരിക്കുന്നു. സകല ചരാചരങ്ങളും അസ്തിത്വത്തിലേക്ക് വരുന്നതിന് മുമ്പ് അല്ലാഹു പ്രവാചകന്റെ പ്രകാശത്തെയാണ് സൃഷ്ടിച്ചത് എന്ന ആശയം അടിവരയിട്ടു പറയുന്നതിലൂടെ, ആത്മീയമായ ഉന്നതിയിലേക്കുള്ള വഴികളാണ് ഗ്രന്ഥകാരൻ തുറന്നിടുന്നത്. ഗ്രന്ഥത്തിലെ ജീവചരിത്രഭാഗം സയ്യിദത്തു ഫാത്തിമയുടെയും സയ്യിദ് മുഹമ്മദ് ബിൻ സഹ്‌ലിന്റെയും മകനായി സയ്യിദ് അലവി തങ്ങൾ ജനിച്ചത് മുതൽ, യമനിലെ തരീമിൽ നിന്ന് മലബാറിലെത്തുന്നത് വരെയുള്ള ചരിത്രം കൃത്യമായി രേഖപ്പെടുത്തുന്നു. സാമൂതിരി നൽകിയ ആദരവും നികുതിരഹിതമായ ഭൂമിയും ടിപ്പു സുൽത്താനുമായുള്ള ബന്ധവും മലബാറിലെ മുസ്‍ലിംകളുടെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. ആത്മീയ പദവികളെക്കുറിച്ചുള്ള വിവരണത്തിൽ, അഖ്താബ്, അഗ്‌വാഥ് തുടങ്ങിയ ശ്രേണിയിലെ ഉന്നത സ്ഥാനീയനായി സയ്യിദ് അലവി തങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, നൂറോളം കറാമത്തുകൾ വിവരിക്കുന്നതിലൂടെ ഔലിയാക്കളുടെ അത്ഭുത സിദ്ധികളിലുള്ള വിശ്വാസം ദൃഢമാക്കുന്നു. കപ്പലപകടങ്ങളിൽ നിന്നും ബ്രിട്ടീഷ് കമാൻഡർമാരുടെ ആക്രമണങ്ങളിൽ നിന്നും വിശ്വാസികളെ രക്ഷിച്ച സംഭവങ്ങൾ, തങ്ങളുടെ ആത്മീയമായ രക്ഷാകർതൃത്വത്തെ അടയാളപ്പെടുത്തുന്നു. ഇത്തരം വിവരണങ്ങൾ ഒരു മനാഖിബ് ഗ്രന്ഥത്തിന്റെ അതിരുകൾ ഭേദിച്ച്, അന്നത്തെ മലബാർ സമൂഹത്തിന്റെ രാഷ്ട്രീയവും ആത്മീയവുമായ അവസ്ഥകളെയും പ്രതിഫലിപ്പിക്കുന്നുണ്ട്.

സാഹിത്യപരമായി ഉന്നത നിലവാരം പുലർത്തുന്ന ഈ രചന, അറബി ഭാഷാ പ്രയോഗങ്ങളുടെ വൈദഗ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. രൂപകം, ഉപമ തുടങ്ങിയ അലങ്കാരങ്ങൾ ഉപയോഗിച്ച് ഔലിയാക്കളുടെ ആത്മീയ നേതൃത്വത്തെ വർണ്ണിക്കുന്നത് വായനക്കാരന് ദാർശനികമായ ഒരു അനുഭവം നൽകുന്നു. പ്രത്യേകിച്ച്, "ദാഹിക്കുന്നവർക്ക് പാനീയം നൽകുന്നവൻ" എന്നും "ഇരുട്ടിൽ പ്രകാശം" എന്നും തങ്ങളെ വിശേഷിപ്പിക്കുന്നത്, ജീവിതസങ്കടങ്ങളിൽ മാർഗ്ഗദർശിയായ നേതാവിനെയാണ് സൂചിപ്പിക്കുന്നത്. ഈ കാവ്യഭാഷ കേവലം സൗന്ദര്യത്തിന് വേണ്ടിയല്ല, മറിച്ച് ആശയങ്ങളെ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള ഒരു മാധ്യമമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഗദ്യത്തെക്കാൾ കവിതകൾക്ക് മലബാറിലെ മുസ്‍ലിം സമൂഹത്തിൽ ഉണ്ടായിരുന്ന സ്വീകാര്യത, ഇത്തരം മൗലിദുകളെ അവരുടെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റി.

'അന്നഫഹാത്തുൽ ജലീല'യുടെ മതേതരമായ വായനയും ഇന്ന് പ്രസക്തമാണ്. മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി മമ്പുറം തങ്ങളെ അവതരിപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ കാര്യസ്ഥനായിരുന്ന കോന്തുണ്ണി നായരെയും ഹിന്ദു-മുസ്‍ലിം സൗഹൃദങ്ങളെയും പാങ്ങിൽ ഉസ്താദ് പ്രത്യേകം പരാമർശിക്കുന്നുണ്ട്. മുസ്‍ലിംകൾ മാത്രമല്ല, മറ്റു മതസ്ഥർക്കും തങ്ങൾ ഒരു ആശ്വാസകേന്ദ്രമായിരുന്നു എന്നത് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും തങ്ങൾ നൽകിയ പരിഗണന, സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ആത്മീയ ജീവിതത്തിന്റെ തെളിവാണ്.

കേവലം ഒരു മതഗ്രന്ഥം എന്നതിലുപരി, കേരളത്തിലെ മതസൗഹാർദ്ദത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമുള്ള ചരിത്രരേഖ തന്നെയാണ് ഇത്. പരമ്പരാഗത മൗലിദുകളിൽ നിന്ന് വ്യത്യസ്തമായി, ചരിത്രപരമായ കൃത്യതയും ഭൂമിശാസ്ത്രപരമായ വിവരങ്ങളും ഈ ഗ്രന്ഥത്തെ വേറിട്ടുനിർത്തുന്നു. കോഴിക്കോട്ടെ സാമൂതിരിയുടെ കാലഘട്ടവും മലബാറിലെ സയ്യിദ് പരമ്പരകളുടെ കുടിയേറ്റവും വിവരിക്കുന്നതിൽ കാണിക്കുന്ന സൂക്ഷ്മത, ഇതിനെ ഒരു ഗവേഷണ ഗ്രന്ഥമാക്കി മാറ്റുന്നുണ്ട്. ശുദ്ധമായ ക്ലാസിക്കൽ അറബിയിലായതുകൊണ്ട് പണ്ഡിതവൃത്തങ്ങളിൽ മാത്രം പരിമിതമായ പ്രചാരമാണ് ഈ ഗ്രന്ഥത്തിന് ലഭിച്ചതെങ്കിലും, മദ്രസകളിലും ദർസുകളിലും ഇതിന് വലിയ ആദരവ് ലഭിച്ചിരുന്നു. 2011-ൽ ഖാജാ മുഹ്‌യിദ്ദീൻ ഈ ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതോടെ, ഇതിന്റെ സാമൂഹിക-ചരിത്ര വശങ്ങൾ പുതിയ തലമുറയ്ക്ക് അക്കാദമിക് തലത്തിൽ ആസ്വദിക്കാൻ സാധിച്ചു. ഇരുപതാം നൂറ്റാണ്ടിലെ നവീകരണ വാദങ്ങൾക്കെതിരെ പരമ്പരാഗത വിശ്വാസങ്ങൾക്ക് ബൗദ്ധികമായ അടിത്തറ നൽകിയ മൗലിദ്, മലബാറിലെ മുസ്‍ലിംകളുടെ ആത്മീയ പ്രതിരോധത്തിന്റെ പ്രതീകമാണ്.

പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ഈ രചന, കേരളത്തിലെ മാപ്പിള ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു സുവർണ്ണ രേഖയാണ്. ചരിത്രപരമായ യാഥാർത്ഥ്യങ്ങളെയും ആത്മീയമായ അനുഭവങ്ങളെയും സാഹിത്യപരമായ ഭംഗിയോടെ സമന്വയിപ്പിച്ച ഈ കൃതി, മലബാറിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അമൂല്യമായ ഒരു മുതൽക്കൂട്ടാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter