ജഞ്ചിറ ഫോർട്ട്: പരാജയം രുചിക്കാത്ത മൂന്ന് നൂറ്റാണ്ടുകൾ
അറബി കടലിന്റെ തിരമാലകളോടും അധിനിവേശ സാമ്രാജ്യത്വ പണക്കൊതിയന്മാരുടെ പടക്കോപ്പുകളോടും ഒന്നിച്ച് പോരാടിയ ചരിത്രമാണ് ജഞ്ചിറക്ക് പറയാനുള്ളത്. മൂന്ന് നൂറ്റാണ്ടോളം ജഞ്ചിറക്ക് നേരെ കുതിച്ചെത്തിയവരാരും തെല്ല് കിതപ്പോടെയല്ലാതെ പിരിഞ്ഞുപോയിട്ടില്ല. കുതിര കുളമ്പടി പതിച്ചിടത്തെല്ലാം വെട്ടിപ്പിടിച്ച ചരിത്രമുള്ള ഛത്രപതി ശിവജിയുടെ പിൻഗാമികൾക്കുപോലും ജഞ്ചിറയുടെ മണ്ണിൽ കാൽ കുത്താൻ കഴിഞ്ഞിട്ടില്ല. നൂറ്റാണ്ടുകളോളം ഇന്ത്യൻ ഉപഭൂഖണ്ഡം ഒന്നാകെ അടക്കി ഭരിച്ച ബ്രിട്ടീഷുകാർക്ക് മുമ്പിലും മുട്ട് മടക്കാൻ സിദ്ദികൾ തയ്യാറായിരുന്നില്ല.
ബ്രട്ടീഷ് സാമ്രാജ്യത്തിന്റെ കോളനികളായ ആഫ്രിക്കയുടെ മരുപ്രദേശങ്ങളിൽ നിന്നും വ്യാപാരികളായും നാവികരായും അടിമകളായുമെല്ലാം ഡെക്കാനിൽ എത്തിപ്പെട്ട്, ആ പ്രദേശത്തെ തന്ത്രപ്രധാന ഭരണ സിരാകേന്ദ്രങ്ങളുടെ സ്പന്ദനങ്ങൾ നിയന്ത്രിച്ചവരാണ് സിദ്ദികൾ. ആഫ്രിക്കയുടെ ഉത്തര ഭാഗങ്ങളിൽ, പ്രത്യേകിച്ച് എത്യോപ്യ പോലുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു സിദ്ദികളുടെ പ്രപിതാക്കൾ. ഇന്ത്യൻ ചരിത്രത്തിൽനിന്നും തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‍ലിം ചരിത്രം, ജഞ്ചിറയുടെ വസ്തുവിദ്യകളിലൂടെയും ഐതിഹാസിക മുന്നേറ്റങ്ങളിലൂടെയും കൂടുതൽ തെളിമയാർജിക്കുകയാണ്.
ഇന്നത്തെ മഹാരാഷ്ട്രയിലെ കടലോര പട്ടണമായ രാജ്പുരിയിൽനിന്ന് അൽപ്പം മാറി അറബി കടലിലായാണ് ജഞ്ചിറ കോട്ട സ്ഥിതിചെയുന്നത്. ഒരേസമയം കടലിലേക്കും കരയിലേക്കും ആക്രമണം അഴിച്ചുവിടാൻ സുസജ്ജമായ രീതിയിലാണ് അതിന്റെ നിർമാണം. നാനാഭാഗവും പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ ബോട്ടുകളിൽ മാത്രമേ അവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളു. ഇതു തന്നെയാണ് കോട്ടയെ കാലാൾ സേനയിൽനിന്നും സുരക്ഷിതമാക്കുന്നതും. അടുത്ത് വരുംതോറും കടലിന്റെ ആഴം കുറഞ്ഞു വരുന്നതിനാൽ, കടൽക്കൊള്ളക്കാരിൽനിന്നും, ശത്രുക്കളുടെ അതീവ സാങ്കേതികവത്കൃത പടക്കപ്പലുകളിൽ നിന്നും കോട്ട സുരക്ഷിതമായി. ഇവിടം കൊണ്ട് അവസാനിക്കുന്നില്ല കോട്ടയുടെ നിർമാണ വൈദഗ്ധ്യം. പ്രവേശന കവാടങ്ങൾ ഒരിക്കലും കരയിൽനിന്നോ കടലിൽനിന്നോ കാണാനാവില്ല. അവ കോട്ടയുടെ അടുത്തെത്തിയാൽ മാത്രമേ ദൃശ്യമാവൂ. കോട്ടമതിലുകൾ കടലിൽനിന്നും എകദേശം പതിനഞ്ച് മീറ്ററോളം ഉയർന്നാണ് സ്ഥിതിചെയുനത്. അതിനാൽ തന്നെ അറബി കടലിന്റെ ഏത് സ്വഭാവത്തെയും ചെർത്തുനില്‍ക്കാൻ അതിന് സാധിക്കും.
പല മുസ്‍ലിം രാജവംശങ്ങളുടെയും മഹത്തായ മുഗൾ സാമ്രാജ്യത്തിന്റെയും നാവിക ശക്തിയാവാൻ സിദ്ദികൾക്ക് പലപ്പോഴായി അവസരം ലഭിച്ചിട്ടുണ്ട്. അനവധി ഘടകങ്ങൾ ഈ കൊച്ചു രാഷ്ട്രത്തെ ചരിത്രത്തിൽ സവിശേഷമാക്കുന്നുണ്ട്. ഒന്നാമതായി ആധുനിക ഭരണ സംവിധാനങ്ങൾക്ക് തുടക്കം കുറിക്കും മുമ്പേ ഇസ്‍ലാമിക സംവിധാനമായ ശൂറയിലൂടെയും ബൈഅത്തിലൂടെയുമാണ് സിദ്ദികളിലെ നേതാക്കന്മാരെ തിരങ്ങെടുത്തത്. കേവല രക്ത ബന്ധത്തിലൂടെയുള്ള അധികാര കൈമാറ്റ രീതിയെ അവർ തീർത്തും അവഗണിച്ചിരുന്നു. മറ്റൊന്ന്, കരസേനയേക്കാൾ കൂടുതൽ നാവിക സേനക്ക് ഊന്നൽ നൽകിയ ഒരേ ഒരു രാജ്യമായിരുന്നു ജഞ്ചിറ.
1489 ൽ നൈസാം ഷാ ഒന്നാമൻ ബഹ്മനികളുടെ അധീനതയിൽ നിന്നും മോചിപ്പിച്ച ജഞ്ചിറ കോട്ടയുടെ ചുമതല സിദ്ദി 'യാകൂത്തി'ന്ന് നൽകി. ഈ അവസരത്തിൽ ഇത് വെറും മരകോട്ടയായിരുന്നു. 1530-1550 കാലഘട്ടത്തിൽ 'ബുർഹാൻ നിസ്സാം ഷാ’ ദാദ രാജ്പുരി തുറമുഖവും 'ജഞ്ചിറ ദീപും' ഷാ താഹിർ ഹുസൈന് നൽകി. തുടർന്ന് അങ്ങോട്ട് നിരവധി സിദ്ദി വംശജർ കാര്യനിർവ്വാഹകരയും കമാൻഡർമാരായും നിയമിക്കപ്പെട്ടു. 1576-77 കാലഘട്ടത്തിൽ മുർതസ നൈസാം ഷാ ഒന്നാമനാണ് ഫാഹിം ഖാന്റെ നേതൃത്വത്തിൽ മരത്താൽ നിർമിക്കപ്പെട്ട കോട്ടയെ ശിലയിലേക്ക് പുതുക്കിപ്പണിയുന്നത്. ചരിത്രത്തിൽ അധികാര വ്യാമോഹങ്ങളാൽ പലരും സിദ്ദി വംശത്തിന്റെ മറ പിടിച്ച് അധികാര കേന്ദ്രങ്ങൾ കീഴടക്കിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ എഴുതപെട്ട ഒരു രേഖ പ്രകാരം ഫാഹിം ഖാൻ യഥാർത്ഥ സിദ്ദി വംശജനായിരുന്നില്ല എന്നാണ് പറയുന്നത്.
1598 ൽ അഹമ്മദ് നഗർ സുൽത്താനെറ്റിന്റെ രാജ പ്രധിനിധിയായി മാലിക് അംബർ സിദ്ദി അധികാരമേറ്റു. മാത്രമല്ല രാജ കുടുംബത്തിലെ ഇളയ രാജ കുമാരന് തന്റെ മകളെ വിവാഹം ചെയ്തു നൽകി കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പിൽ അധികാരം കാറ്റിൽ ഉലയതെ നിർത്താനുള്ള തന്ത്രം കൂടിയായിരുന്നു അത്. തുടർന്ന് 1618 ലും 1620 ലുമായി സിദ്ദി വംശജരായ സുറൂറിനെയും യാക്കൂത്തിനെയും ജഞ്ചിറയുടെ കമാൻഡർമാരായി നിയോഗിക്കുന്നുണ്ട്. തദവസരത്തിൽ ഈ പ്രദേശങ്ങളിൽ കപ്പം ചുമത്താൻ സിദ്ദി അംബാർ സങ്കിനെ മാലിക് അംബർ ചുമതലപെടുത്തുന്നുണ്ട്. അദ്ദേഹമാണ് പിന്നീട് ജഞ്ചിറയുടെ കമാൻഡർ ആവുന്നത്. 1636 ഓടെ നിസ്സാം ഷാഹി രാജ വംശം അന്ത്യത്തോട് മല്ലിടുകയാണ്.
1621 ൽ സിദ്ദി അമ്പാറിന്റെ കയ്യിൽ വന്നത് മുതൽ 1948 ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നത് വരെയും ജഞ്ചിറ കോട്ട അഭിമാനത്തോടെയും കരുത്തോടെയും അറബി കടലിന്റെ ഓളപ്പരപ്പിൽ സിദ്ദി ഭരണാധികാരികൾക്ക് കീഴിൽ ഉറച്ചു നിന്നു. അതിനിടയിലെ നാലു നൂറ്റാണ്ടുകൾ മർക്കട മുഷ്ട്ടിക്കാരായ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനോ തലകുനിക്കാത്ത ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യത്തിനോ മറ്റു അധിനിവേശ ശക്തികൾക്കോ സിദ്ദികൾ അടിയറവവെച്ചതേ ഇല്ല.
ശത്രു പക്ഷത്ത് അണി നിന്നവരെല്ലാം ഒറ്റയായും തെറ്റയായും ശ്രമിച്ചിട്ടും ഫലം സമ്പൂർണ പരാജയം തന്നെയായിരുന്നു. സമർത്ഥരും രാഷ്ട്ര തന്ത്രജ്ഞരുമായിരുന്ന സിദ്ദികൾ സഖ്യ കക്ഷികളോടുള്ള കൂർ ഇടക്കിടക്ക് മാറ്റികൊണ്ടിരുന്നു. ഏതെകിലും ഒരു ബാഹ്യ ശക്തിക്ക് ഒപ്പം അധികകാലം നിന്നാല്‍ അവരുടെ അധീനതയിൽ ഒതിങ്ങിക്കൂടേണ്ടിവരുമെന്ന സിദ്ദികളുടെ ഉൾകാഴ്ചയായിരുന്നു ഇതിനവരെ പ്രേരിപ്പിച്ചത്. കൂട്ടുകൂടിയ സഖ്യങ്ങളെല്ലാം നാമമാത്രമായിരുന്നു. 1636 ന് ശേഷം അഹമ്മദ് നഗറിലെ നിസ്സാം ഷാഹിമാരിൽനിന്നും ബിജാപൂരിലേക്ക് കൂറുമാറ്റി. തുടർന്ന് അത് മുഗളരിലേക്ക് വരെ നീണ്ടു. അസ്ഥിരമായ കൂറുമാറ്റങ്ങൾ ഉണ്ടായിട്ടും ജഞ്ചിറയിലെ സിദ്ദികൾ സൈനികമായും നയതന്ത്രപരമായും തീരദേശ ഡെക്കാനിലെ ചരിത്രത്തിൽ തങ്ങൾക്കായി ഒരു ഇടം സൃഷ്ടിക്കുക തന്നെചെയ്തു. പതിനെഴാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ദൃഷ്ടി ജഞ്ചിറ കോട്ടയുടെ സമ്പൽ സമൃദ്ധിയിൽ വന്നു പതിയുന്നത്. അന്ന് തങ്ങളുടെ സൂറത്തിലുള്ള താവളത്തെക്കൾ അവർ കൊതിച്ചത് ജഞ്ചിറയായിരുന്നു.
1671ൽ മുഗൾ ചക്രവർത്തി ഔറംഗസീബ് തന്റെ നാവിക സേനയുടെ ശോചനീയ അവസ്ഥ കണക്കിലെടുത്ത് അതിനെ ശക്തിപെടുത്തുക എന്ന ലക്ഷ്യത്തോടെ, സിദ്ദികളുടെ സൈനിക തന്ത്രങ്ങളിലുള്ള നിപുണത മനസ്സിലാക്കി അദ്ദേഹം മുഗൾ നാവിക സേനയുടെ പൂർണ ഉത്തരവാദിത്തം സിദ്ദികളിൽ അർപ്പിച്ചു. ഇതോടെ പേരിൽ മാത്രം ഒതുങ്ങിയിരുന്ന മുഗൾ നാവിക സേനയെ സർവ്വോർജത്തോടെ നീറ്റിലിറക്കാനായി. ഇത്തരം നീക്കങ്ങളോടെ ഔറംഗസീബ് കണക്ക്കൂട്ടിയത് വർദ്ധിച്ചു വരുന്ന പാശ്ചാത്യ അധിനിവേശ ശക്തികൾക്ക് എതിരിൽ കടൽ മാർഗം ഉരുക്ക് കോട്ട തീർക്കുക എന്നുള്ളതായിരുന്നു. 1671 സിദ്ദി സുബൽ ഖാൻ മുഗൾ അഡ്മിറൽ ആയതോടുകൂടി പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വടക്കൻ കൊങ്കൺ തീരത്തിന്റെ പോരാട്ട മുഖത്ത് ബ്രിട്ടീഷ്‌കാരും പോർച്ചുഗീസുകാരും മരതകളും മുഗളന്മാരും പിന്നെ സിദ്ദികളും പ്രധാന ശക്തികളായിത്തീർന്നു.
ഏതാണ്ട് പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യം നിരന്തര തിരിച്ചടികളാൽ കരയടിയാൻ തുടങ്ങിയപ്പോൾ, ശക്തരായ സിദ്ദികളുടെ കൈപ്പിടിയിൽ ഡെക്കാൻ പ്രദേശത്തെ 22 കോട്ടകൾ സുരക്ഷിതമായി വേരുറപ്പിച്ചു. ഈ സമയത്ത്തെന്നെ സിദ്ദികൾ അവരുടെ ഭരണ സിരാ കേന്ദ്രങ്ങളുടെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്ന ജഞ്ചിറ കോട്ടയെ പൂർവാധികം ബലപ്പെടുത്താനും ആയുധങ്ങൾ സജ്ജമാക്കാനും ഉപയോഗപ്പെടുത്തുക കൂടിചെയ്തു. 1676 ൽ സംബുൽ ഖാന് ശേഷം സിദ്ദി കാസിം അധികാരത്തിൽ വന്നു. തുടർന്ന് മുഗൾ അഡ്മിറൽ സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. ഒരുപാട് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഇദ്ദേഹം തന്റെ ചുമതലകൾ ലഘൂകരിക്കാൻ സിദ്ദി സുറൂറിനെ (1706-1732) നിയമിച്ചു. ക്രമേണ ജഞ്ചിറയുടെ നേതൃപടവാങ്ങളിൽ എത്തുന്നത് സിദ്ദി സുറൂറാണ്. 18-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഔറംഗസീബിന്റെ മരണവും മറാത്താ സാമ്രാജ്യത്തിന്റെ അസ്തമയവും സിദ്ദികൾക്ക് ജഞ്ചിറയെ സർവ്വായുധ സജ്ജമാക്കാൻ വീണു കിട്ടിയ അവസരമായിരുന്നു. പിന്നീടങ്ങോട്ട് ഡെക്കാൻ ചരിത്രത്തിന്റെ കടിഞ്ഞാൺ സിദ്ദികളുടെ കയ്യിലായിരുന്നു.
അധിനിവേശ ശക്തികളോട് പോരാട്ടം ഉചിതമല്ലാത്ത കാലാവസ്ഥകളിൽ സിദ്ദികൾ അവരുമായി കരാറുകളിലും സന്ധികളിലുമായി മുന്നോട്ട് പോവാൻ ശ്രമിച്ചിരുന്നു. അത്തരമൊന്നാണ് 1773 ലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള രണ്ട് പ്രധാന ഉടമ്പടികൾ. ഇത്തരം നീക്കങ്ങൾ അൽപ്പ കാലത്തേക്ക് സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ സഹായകമായിരുന്നു. നിശ്ചിത കാലത്ത് കോട്ടയുടെ പ്രധാന മതിലിൽ സ്ഥാപിക്കപ്പെട്ടിരുന്ന നൂറിലധികം പീരങ്കികൾ ശത്രുക്കളുടെ കപ്പലുകളെയും സേനകളെയെയും അകറ്റിനിർത്തുന്നതിൽ സഹായകമായിരുന്നു.
ഏകദേശം ഇരുപത്തിരണ്ട് ഹെക്ടറിൽ അധികം കിടക്കുന്ന കോട്ടയിൽ നിരവധി ആയുധപ്പുരകളും സൈനിക താവളങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം ഒരേസമയം കടലിലേക്കും കരയിലേക്കും അഭിമുഖികരിച്ചാണ് നിർമ്മിക്കപ്പെട്ടത്. പ്രധാന കവാടത്തിന്ന് മുകളിലായി കോട്ട നിവാസികളെ ആഘോഷവേളകളും വിശിഷ്ട അതിഥികളുടെ വരവും അറിയിക്കാനുമുള്ള ഡ്രമ്മർ ചേമ്പറുണ്ടായിരുന്നു. ജാഞ്ചിറ കോട്ടയുടെ ശ്രദ്ധേയമായ മറ്റൊരു മുഖമാണ് ഒത്ത നാടുവിലായി സ്ഥിതി ചെയുന്ന മുസ്‍ലിം പള്ളി. കോട്ട നിവാസികളായ വിശ്വാസികളുടെ കേന്ദ്രമായിരുന്നു ഇവിടം. പള്ളിക്ക് ചുറ്റും നിസ്സാം ഷാഹി ഭരണകൂടത്തിലെ മുതിർന്ന പല കമാണ്ടർമാരുടെയും ഖബറുകൾ സ്ഥിതിചെയ്യുന്നുണ്ട്. വർഷങ്ങളും മാസങ്ങളും നീണ്ടുനിന്നിരുന്ന ഉപരോധങ്ങളിൽ ജഞ്ചിറയുടെ ജീവ നാഡിയായി വർത്തിച്ച രണ്ട് പ്രധാന ശുദ്ധ ജല തടാകങ്ങളാണ് മറ്റു കോട്ടകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ചുറ്റും ഉപ്പു വെള്ളം ഇളകിമറിയുമ്പോഴും ഒരു പകർപ്പുമില്ലാതെ കോട്ടയിലേക്ക് ആവശ്യത്തിലധികം വെള്ളം തരുന്ന ഈ തടാകങ്ങൾ വിശ്വാസികൾ വുളൂ ചെയ്യാനും രാജകുടുംബാംഗങ്ങൾ കുളിക്കാനും ഉപയോഗിച്ചിരുന്നു.
കോട്ടയുടെ ഉയർന്ന ഭാഗത്തായി ഒരു കുന്നിനു മുകളിലായിട്ടാണ് കൊട്ടാരം സ്ഥിതിചെയ്തിരുന്നത്. നാലോളം നിലകളുണ്ടായിരുന്ന ഈ കെട്ടിടം ആർച്ചുകളാലും ബാൽകെണികളാലും സമ്പന്നയമായിരുന്നു. എണ്ണമറ്റ അന്തേവാസികളാലും രാജകുടുംബാംഗങ്ങളാലും ശബ്ദമുഖരിതമായിരുന്നു കൊട്ടാരം. 1860ലെ അപ്രതീക്ഷിതമായ തീപിടുത്തത്തിൽ ഈ നിർമ്മിതി ഭാഗികമായി തകർന്നതിനെത്തുടർന്ന് രാജകുടുംബം പുതിയ കൊട്ടാരമായ ആഹ്മെദ് കെഞ്ചലേക്ക് നീങ്ങി. ജനം തിങ്ങി നിറഞ്ഞു താമസിച്ചിരുന്ന നീണ്ട ഗല്ലികളും മാർക്കറ്റുകളും 1972 ഓടെ ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് ഓഫ് ഇന്ത്യയുടെ ഇടപെടലിന്റെ ഭാഗമായി ഇന്ത്യയുടെ പ്രധാന കര ഭാഗങ്ങളിലേക്ക് പുനരധിവസിപ്പിക്കപ്പെട്ടു.
ഇന്ന് മഹത്തായ ഒരു നാഗരികതയുടെ അവശിഷ്ടങ്ങൾ മതിയായ സംരക്ഷണം ലഭിക്കാതെ ജഞ്ചിറക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇന്ത്യയിലുള്ള ന്യൂനപക്ഷമായ സിദ്ദികളും ഇന്ന് രാഷ്ട്രീയമായി അരികുവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ജഞ്ചിറയുടെ മതില്കെട്ടുകളോട് കാത് ചേർത്തുവെച്ചാൽ, അറബിക്കടലിന്റെ കഥകളിലേക്ക് കാതോര്‍ത്താല്‍ ഇന്നും സിദ്ധി പോരാളികളുടെ ഹൃദയ സ്പന്ദനങ്ങൾ കേൾക്കാം.
2 Comments
-
-
-
muhammed irfan
12 months ago
enthaado swantham sadhanththinte thazhe thanne cmnt cheyyunne enthaayaalum poli
-
Leave A Comment