വരക്കല്‍ മുല്ലക്കോയ തങ്ങള്‍
വരക്കല്‍ മുല്ലക്കോയ തങ്ങള്‍
പ്രസിഡണ്ട് സ്ഥാനമലങ്കരിച്ച കാലാവധി (1926 - 33)
ഇസ്‌ലാമിക പ്രചരണാര്‍ത്ഥം ഹളര്‍ മൗത്തില്‍ നിന്നും കേരളക്കരയിലേക്ക് വന്ന് താമസമാക്കിയ സയ്യിദ് ഹാമിദ് ബാ അലവി തങ്ങളുടെ സന്താന പരമ്പരയില്‍പ്പെട്ട മഹാനാണ് സയ്യിദ് അബ്ദുറഹ്‌മാന്‍ അലവി മുല്ലക്കോയ തങ്ങള്‍. മുസ്‌ലിം കൈരളിയുടെ ആശാകേന്ദ്രവും ഭാഗ്യ നക്ഷത്രവുമായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്നനാമം ചരിത്രത്തിലെന്ന പോലെ വര്‍ത്തമാനത്തിലും സുവര്‍ണശോഭയോടെ തെളിഞ്ഞ് നില്‍ക്കുന്നു. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ബാ അലവി തങ്ങളുടെ പിതാമഹന്‍ കേരളത്തിലെത്തിച്ചേര്‍ന്നത്. കോഴിക്കോട് പുതിയങ്ങാടിയില്‍ അന്നത്തെ നാടുവാഴി നല്‍കിയ വിശാ ലമായ സ്ഥലത്ത് നിര്‍മിച്ച വീട്ടിലായിരുന്നു മഹാനവറുകളുടെ വാസം. ജന്മംകൊണ്ട് തന്നെ വലിയ വ്യക്തിത്വത്തിനുടമയാവാന്‍ വരക്കല്‍ മുല്ലകോയ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഉച്ച സമയത്തായിരുന്നു മഹാനവറുകളുടെ ജനനം. നിരവധി ആളുകള്‍ പള്ളിയിലും വീട്ടിലുമായി തിങ്ങി നിറഞ്ഞിട്ടുണ്ട്. പ്രമുഖ വ്യക്തിത്വങ്ങളും അക്കൂട്ടത്തിലുണ്ട്. ഈ സമയം ആകാശ നീലിമയിലേക്ക് നോക്കിയ കുന്നത്ത് കോയട്ടി ഹാജി ഒരു അത്ഭുത കാഴ്ച കാണാനിടയായി. ഉച്ച സമയത്ത് ആകാശത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നക്ഷത്രം. എല്ലാവരെയും വിവരമറിയിക്കുകയും ആ കാഴ്ച കാണിക്കുകയും ചെയ്തു. ഈ സമയത്താണ് കൈരളിയടെ പുതുയുഗത്തിന് അസ്തിവാരമിട്ട മഹാ മനീഷി വരക്കല്‍ മുല്ല കോയ തങ്ങളുടെ ജനന വാര്‍ത്ത അവിടെ കൂടി നിന്നവര്‍ കേട്ടറിഞ്ഞത്.
ശംസുല്‍ ഉലമയെ പോലുള്ള പണ്ഡിത മഹത്തുക്കള്‍ ഈ സംഭവം എടുത്തുദ്ധരിക്കാറുണ്ടായിരുന്നു.
വരക്കല്‍ ബാ അലവി തങ്ങള്‍ പതിനെട്ടാം വയസ്സില്‍ പിതൃവ്യനായ സയ്യദ് അഹ്‌മദ് ബാ അലവി തങ്ങളുടെ മകള്‍ ശരീഫ സൈനബ കോയമ്മാബീവിയെ വിവാഹംചെയ്തു. ആദ്യ ഭാര്യയുടെ വഫാത്തിനു ശേഷം അസ്സഖാഫ് ഖബീലയില്‍പ്പെട്ട സയ്യിദ് ഹൈദറോസ് കോയതങ്ങളുടെ സഹോദരി ചെറിയ ബിവിയെ വിവാഹം കഴിച്ചു. എന്നാല്‍ രണ്ട് ഭാര്യയിലും തങ്ങള്‍ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. പ്രഗത്ഭ പണ്ഡിതനും സുഫീവര്യനും നിമിഷ കവിയുമായ അബൂബക്കര്‍കുഞ്ഞി ഖാസിയായിരുന്നു പ്രധാന ഗുരുവര്യന്‍. സയ്യിദ് അലി അത്താസ് മദീന, അബ്ദുല്ലാഹില്‍ മഗ് രിബി എന്നിവരും ഗുരുവര്യരില്‍ പ്പെടുന്നു.
തങ്ങളുടെ മഹിതമായ സാന്നിധ്യം കാരണം വിജനമായിരുന്ന വരക്കല്‍ പ്രദേശം ജന നിബിഡമായിതുടങ്ങി. വീടുകളും കച്ചവട സ്ഥാപനങ്ങളും ഉയര്‍ന്നുവന്നു. അങ്ങനെ പുതിയങ്ങാടിയെന്ന പേര് ലഭിക്കുകയും ചെയ്തു. ട്രെയിന്‍ മാര്‍ഗമായിരുന്നു ദൂരദിക്കുകളില്‍ നിന്നും ജനങ്ങള്‍ വരക്കലിലെത്തിയിരുന്നത്. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍ വെ സ്റ്റേഷന്‍ അക്കാലത്ത് വരക്കല്‍ എന്ന പേരില്‍ അറിയപ്പെട്ടത് കൊണ്ട് തന്നെ വരക്കല്‍ തങ്ങള്‍യെന്ന നാമത്തില്‍ മഹാനവറുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധി നേടി.
ആത്മീയോന്നതിയില്‍ വിരാജിച്ച മഹാനവറുകളുടെ അനുഗ്രഹം കരസ്ഥമാക്കാന്‍ വേണ്ടി ദൂരദിക്കുകളില്‍ നിന്നുപോലും നിരവധിയാളുകള്‍ വന്നുതുടങ്ങി. പ്രശ്‌ന പരിഹാരത്തിനും തങ്ങളുടെ ഹൃദയവേദനകള്‍ ഇറക്കിവെക്കാനുമുള്ള ഒരു ഇടമായായിരുന്നു വരക്കല്‍ തറവാടിനെ ജനങ്ങള്‍ കണ്ടിരുന്നത്. ആത്മീയ രംഗത്തുള്ളത്‌പോലെ ഭൗതിക രംഗത്തും തിളങ്ങി നില്‍ക്കാന്‍ മഹാനവറുകള്‍ക്ക് സാധിച്ചു. മുസ്‌ലിംകളുടെ പ്രശ്‌ന പരിഹാരത്തിനുവേണ്ടി അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ തങ്ങളെ സമീപിക്കുകയും അഭിപ്രായങ്ങള്‍ ആരാഞ്ഞ് അപ്രകാരം നടപ്പാക്കുകയും ചെയ്തിരുന്നു. അറബി,ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അവഗാഹം നേടിയ മഹാനവറുകള്‍ക്ക് കണ്ണൂരിലെ അറക്കല്‍ രാജവംശവുമായി വലിയ ബന്ധമുണ്ടായിരുന്നു. കൊട്ടാരത്തിലെ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് തങ്ങളായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള രാജാക്കന്മാരുമായി വിവിധ ഭാഷകളില്‍ എഴുത്തുമുഖേന ആശയ വിനിമയം നടത്തുക, രാജവംശത്തിനു കീഴിലുള്ള മഹല്ലുകള്‍ക്ക് നേതൃത്വം നല്‍കുക എന്നിവ മഹാനവറുകളെയായിരുന്നു ഏല്‍പ്പിക്കപ്പെട്ടിരുന്നത്.
മലബാര്‍ മാന്വലിന്റെ രചയിതാവായ കളക്ടര്‍ വില്ല്യം ലോഗനുമായി അടുത്ത ബന്ധതന്നെ തങ്ങള്‍ക്കുണ്ടായിരുന്നു. മഹാനവറുകളിലൂടെയായിരുന്നു കേരള മുസ്‌ലിങ്ങളുടെ അവസ്ഥാവിശേഷങ്ങളെ മനസ്സിലാക്കാന്‍ വില്ല്യം ലോഗന് സാധിച്ചത്. മാത്രമല്ല, തുഹ്ഫത്തുല്‍ മുജാഹിദീനെന്ന ഗ്രന്ഥം വായിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തത് മഹാനവറുകളായിരുന്നു. സര്‍ക്കാറിന്റെ ബഹുമതികള്‍ക്കും ഉദ്യോഗസ്ഥതലങ്ങള്‍ക്കും അര്‍ഹനായ തങ്ങള്‍ അവരുമായുള്ള ഇടപഴകലിലുടെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാന്‍ സാധിച്ചു.
ഇതിനിടയിലാണ് മുസ്‌ലിംകള്‍ ഇന്നലെ വരെ ജീവിച്ച്‌പോന്നിരുന്ന ആശയാദര്‍ശത്തെ തള്ളപ്പറഞ്ഞുകൊണ്ട് ഒരു വിഭാഗം രംഗപ്രവേശനം ചെയ്യുന്നത്. ഇസ്‌ലാമികാശയങ്ങളെ ചോദ്യം ചെയ്യുകയും മുസ്‌ലിം പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളായിന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ഐക്യ സംഘമെന്ന പേരില്‍ കടന്ന് വന്ന ഇവര്‍ മുസ്‌ലിംകളുടെ ബോധമണ്ഡലത്തില്‍ ബിദ്അത്തിന്റെ ആശയങ്ങള്‍ കുത്തി വെക്കാന്‍ തുടങ്ങിയപ്പോഴാണ് ദീര്‍ഘ ദൃഷ്ടിയുള്ള മഹാനവര്‍കള്‍ ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്.
എന്ത് വിലകൊടുത്തും പുത്തന്‍ വാദികളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുണ്ടായത്. അതിനെ തുടര്‍ന്ന് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരെ പോലുള്ള പണ്ഡിത മഹത്തുക്കളെ പുതിയങ്ങാടിയിലേക്ക് വിളിച്ച് വരുത്തുകയും കലുഷിതാന്തരീക്ഷത്തിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് കോഴിക്കോട് കുറ്റിച്ചിറ വലിയ ജുമാ മസ്ജിദില്‍ വിപുലമായ ഒരു യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പി.കെ മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും പാറേല്‍ ഹുസൈന്‍ സാഹിബ് സെക്രട്ടറിയുമായതായിരുന്നു കമ്മിറ്റി.
തുടര്‍ന്ന് പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ മലബാറിലെ പ്രധാന പണ്ഡിതന്മാരെ സമീപിക്കുകയും ആവശ്യം സമര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ മുല്ലക്കോയ തങ്ങളുടെ മഹനീയ അദ്ധ്യക്ഷതയില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ യോഗം ചേരുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാഅ് എന്ന പണ്ഡിത സംഘടനക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വരക്കല്‍ തങ്ങള്‍ തന്നെയായിരുന്നു പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷന്‍. സമസ്തയുടെ രൂപികരണം കഴിഞ്ഞ് ആറു വര്‍ഷത്തോളം പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം 1932(ഹി: 1352 ശഅ്ബാന്‍ 17ന്) ലാണ് മഹാനവര്‍കള്‍ വഫാത്താകുന്നത്. വരക്കല്‍ മഖാമില്‍ തന്നെയാണ് തങ്ങളവര്‍കളുടെ അന്ത്യ വിശ്രമം.
കേരള മുസ്‌ലിംകള്‍ക്ക നികത്താനാവാത്ത വിടവ് തന്നെയായിരുന്നു മഹാനവറുകളുടെവഫാത്ത്. എല്ലാ രംഗത്തും താങ്ങും തണലുമായിരുന്ന തങ്ങളുടെ മരണ വാര്‍ത്തയറിഞ്ഞ് നാനാ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ വരക്കലിലേക്ക് ഒഴുകിയെത്തി. ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാനാവാതെ കടല്‍ തീരം വീര്‍പ്പുമുട്ടി. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളായിരുന്നു ആദ്യ മയ്യിത്ത് നമസ്‌ക്കരത്തിന് നേതൃത്വം നല്‍കിയത്. മഹാനവര്‍കളോട് കൂടെ നമ്മെയും അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുമാറാവട്ടെ.
Leave A Comment