മൗലവി ലിയാഖത്ത് അലി: അലഹാബാദിലെ വാരിയന്‍കുന്നന്‍

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ അധികമാരും അറിയാതെ പോയ നാമമാണ്, ഉത്തർപ്രദേശിലെ അലഹബാദിൽ നിന്നുള്ള, ഇസ്‍ലാമിക പണ്ഡിതന്‍ കൂടിയായ മൗലവി ലിയാഖത്ത് അലിയുടേത്. 

മുഗൾ കാലഘട്ടം മുതല്‍ തന്നെ, തന്ത്രപ്രധാനമായ ഒരു സ്ഥലമാണ് അലഹാബാദ്. മൗലവി ലിയാക്കത്ത് അലിയുടെ കര്‍മ്മ മണ്ഡലവും അതേ അലഹാബാദ് തന്നെയായിരുന്നു. അലഹബാദിലെ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് നേതൃത്വം നൽകി 1857 ജൂൺ 6 മുതൽ 16 വരെ ബ്രിട്ടീഷ് സൈന്യത്തെ അവിടെ നിന്ന് അകറ്റി നിർത്തുകയും ചെയ്തത് മൌലവിയായിരുന്നു.

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന ലിയാഖത് അലിയെ എല്ലാവരും ഏറെ ബഹുമാനിച്ചിരുന്നു.  തന്റെ ഗ്രാമത്തിൽ ഒരു മദ്റസ നടത്തിയിരുന്ന അദ്ദേഹം, ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി നിലകൊണ്ടു. വിവിധ സ്ഥലങ്ങളിൽ പ്രഭാഷണം നടത്താന്‍ വരെ അദ്ദേഹം പോകുമായിരുന്നു. അവയിലൂടെ, സാധാരണക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങാന്‍ തയ്യാറുള്ള അധികാരികളെയുമെല്ലാം അദ്ദേഹം ഏകോപിപ്പിക്കുകയും ശക്തമായ സ്വാതന്ത്ര്യസമരങ്ങള്‍ നേതൃത്വം നല്കുകയും ചെയ്തു. അലഹബാദ്, മിർസാപൂർ, പ്രതാപ്ഗഢ് എന്നിവിടങ്ങളിലെ ചെറിയ ജമീന്ദർമാർ, താലൂക്ക്ദാർമാർ, സാധാരണക്കാർ എന്നിവരിൽ പ്രശസ്തനായ അദ്ദേഹം താമസിയാതെ രോഹിൽഖണ്ഡ്, അവധ്, കാൺപൂർ എന്നിവിടങ്ങളിലും നേതാവായി വളര്‍ന്നു. അലഹബാദിലെ പാണ്ഡ സമുദായത്തിലേക്കും കിഡ്ഗഞ്ചിലെയും ബെനിഗഞ്ചിലെയും പ്രഗ്വൽ ബ്രാഹ്മണരിലേക്കും സൈദാബാദ്, റാണിമണ്ടി, ദരിയാബാദ്, സമദാബാദ്, ബേലി, നവാഡ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ ഗ്രാമങ്ങളിലേക്കും അദ്ദേഹത്തിന്റെ ഖ്യാതിയും നേതൃത്വവും വ്യാപിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ അവരെല്ലാം അണി നിരന്നത് മൌലവിക്ക് കീഴിലായിരുന്നു.

സാധാരണക്കാരെയും യുദ്ധത്തിന് പരിശീലിപ്പിച്ച് കൂടെ നിര്‍ത്തുന്നതായിരുന്നു മൌലവിയുടെ രീതി. ജൂൺ 6 ന് രാത്രി, ഗംഗാ പാലത്തിന് കാവൽ നിന്നിരുന്ന ഇന്ത്യൻ സൈനികർ കലാപം ആരംഭിച്ചു. പട്ടാളക്കാർ ആയുധങ്ങൾ താഴെ വെക്കണമെന്ന് ഉത്തരവുണ്ടായെങ്കിലും സൈനികർ അത് അംഗീകരിച്ചില്ല. രാത്രി 10 മണിയോടെ ഇന്ത്യൻ പട്ടാളക്കാർ നഗരത്തിലെ എല്ലാ ബ്രിട്ടീഷുകാരെയും കൊല്ലുകയും നിധി കൊള്ളയടിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ശിപായി രാമചന്ദ്രയുടെ നേതൃത്വത്തിൽ 3000 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തതോടെ സമരം കൊടുമ്പിരി കൊണ്ടു.

ജൂൺ 7-ന് മൗലവി ലിയാഖത്ത് അലി അലഹബാദ് സ്വതന്ത്രമായതായും ചരിത്രപ്രസിദ്ധമായ ഖുസ്രോ ബാഗ് ആസ്ഥാനമാവും പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തുടരുന്ന അരാജകത്വം നിയന്ത്രിക്കാൻ, മൗലവി ലിയാഖത്ത് അലി പട്ടാളക്കാർക്കും സമരക്കാര്‍ക്കുമൊപ്പം നഗരത്തിൽ മാർച്ച് ചെയ്യുകയും പ്രസംഗങ്ങൾ നടത്തുകയും കോട്‍വാലി നഗരത്തിന് മുകളിൽ ചക്രവർത്തിയുടെ പതാക ഉയർത്തുകയും ചെയ്തു. അലഹബാദിന്റെ ഗവർണറായി മൗലവി ലിയാഖത്ത് അലിയെ നിയമിക്കുന്ന  ഉത്തരവിൽ ജൂൺ 8-ന് ബഹദൂർ ഷാ ഒപ്പുവച്ചതോടെ അതിന് ഔദ്യോഗിക രൂപം കൈവന്നു. (ആ ഉത്തരവ് ഹൈദരാബാദിലെ സലാർജംഗ് മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്). ശേഷം, നഗരത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു കൗൺസിലിനെയും പ്രത്യേക ഉദ്യോഗസ്ഥരെയും മൌലവി നിയമിച്ച് ഭരണത്തിന് ഔദ്യോഗിക രൂപം കൊണ്ട് വന്നു.

അതോടൊപ്പം തന്നെ, ഇരുസമുദായങ്ങളിൽനിന്നും ഭാരവാഹികളെ തിരഞ്ഞെടുത്ത് സമരം മുന്നോട്ടുകൊണ്ടുപോകാനും വിപുലമായ കൗൺസിൽ രൂപീകരിച്ചു. അലഹബാദിലെ ഭാർവാരി റെയിൽവേ സ്റ്റേഷൻ സമരക്കാരുടെ നിയന്ത്രണത്തിലായതിനാല്‍, ഇംഗ്ലീഷുകാർക്ക് അങ്ങോട്ട് എത്താൻ പോലും സാധിച്ചില്ല. അതോടൊപ്പം, റെയിൽവേ തൊഴിലാളികളും സമരത്തിൽ അണിനിരക്കുകയും മുഴുവന്‍ സമുദായങ്ങളും മൌലവിയെ പിന്തുണക്കുകയും ചെയ്തിരുന്നു. "മുൽക് ബാദ്ഷാ കാ, ഹുക്മ് മൗലവി ലിയാഖത്ത് അലി കാ" ('ചക്രവർത്തിയുടെ രാജ്യം, മൗലവി ലിയാഖത്ത് അലിയുടെ ഭരണം') എന്നതായിരുന്നു അവരുടെയെല്ലാം മുദ്രാവാക്യം.
ജൂൺ പത്തോടെ മൗലവിയും കൂട്ടരും അലഹാബാദ് കോട്ട പിടിച്ചടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കേണൽ നീൽ ജൂൺ 11 ന് വലിയൊരു സൈന്യവുമായി ഗംഗ കടന്ന് അലഹബാദിലെത്തി. കോട്ടയ്ക്കുള്ളിൽ നിലയുറപ്പിച്ചിരുന്ന സിഖ് റെജിമെന്റിലെ സൈനികരെല്ലാം തന്നെ പിന്തുണക്കുമെന്ന് മൗലവി പ്രതീക്ഷിച്ചെങ്കിലും അവര്‍ ബ്രിട്ടീഷുകാരോടൊപ്പം നില കൊണ്ടത് കാര്യങ്ങളെ അവതാളത്തിലാക്കി. 

കോട്ടയുടെ താക്കോല്‍ സൂക്ഷിപ്പുകാരായിരുന്ന ഖത്രി കുടുംബവും മൌലവിയെ വഞ്ചിക്കുകയും ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്തു. 
ഒടുവിൽ, ജൂൺ 15 ന്, കോട്ടയ്ക്ക് പുറത്ത് മൗലവിയുടെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ കടുത്ത യുദ്ധം നടന്നു. ധാരാളം സൈനികര്‍ കൂടെയുണ്ടായിരുന്നെങ്കിലും, ബ്രിട്ടീഷുകാരുടെ ആധുനിക ആയുധങ്ങള്‍ക്ക് മുമ്പില്‍ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാനായില്ല. നിരവധി സൈനികർ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേൽക്കുയും ചെയ്തതോടെ, മൗലവി ഖുസ്രോ ബാഗിലേക്ക് മടങ്ങി. ജൂൺ 16-ന് കേണൽ നീലിന്റെ സൈന്യം ഖുസ്രോ ബാഗ് ഉപരോധിക്കുകയും ആക്രമണം ആരംഭിക്കുകയും ചെയ്തു. 

വൈകുന്നേരത്തോടെ, ആയുധങ്ങൾ താഴെ വെച്ച് കീഴടങ്ങിയില്ലെങ്കിൽ നഗരം മുഴുവൻ അഗ്നിക്കിരയാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നൽകി. 
ഒടുവിൽ, ജൂൺ 17-ന്, കേണൽ നീലിനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും തട്ടിമാറ്റി, മൗലവിയും 3,000 കൂട്ടാളികളും കാൺപൂരിലേക്ക് രക്ഷപ്പെട്ടു. അവിടെയെത്തിയ ബ്രിട്ടീഷുകാര്‍ ആ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കുകയും രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഈ സമരത്തില്‍ അലഹബാദ് നഗരത്തിലെ ആറായിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

മൌലവിയോടും അനുയായികളോടുമുള്ള പക അടങ്ങാതെ, കോട്‍വാലി, കിഡ്ഗഞ്ച്, ദരഗഞ്ച്, ബെനിഗഞ്ച്, ദരിയാബാദ്, സൈദാബാദ് എന്നിവിടങ്ങളിൽ ബ്രിട്ടീഷ് സൈന്യം ഭീകരമായ കൂട്ടക്കൊലകൾ നടത്തി. രേഖകൾ പ്രകാരം 600 മുതൽ 800 വരെ ആളുകൾ ചൗക്കിലെ വേപ്പ് മരത്തിൽ മാത്രം തൂക്കിലേറ്റപ്പെട്ടിരുന്നു. എന്നിട്ടും മാപ്പ് പറയാനോ കീഴടങ്ങാനോ മൌലവി തയ്യാറായില്ല. 1858 വരെ ഗംഗയുടെ മറുകരയിലുള്ള പ്രദേശങ്ങളധികവും മൗലവിയുടെ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു എന്നാണ് ചരിത്രം. 

കലാപം പരാജയപ്പെട്ടതോടെ, മൌലവി ഗുജറാത്തിലെ സൂറത്തിനടുത്തുള്ള ലാജ്പൂരിലേക്ക് രക്ഷപ്പെട്ടു. ഹകീം അബ്ദുൾ കരീം എന്ന പേരിലും വേഷത്തിലുമാണ് അദ്ദേഹം അവിടെ കഴിച്ച് കൂട്ടിയത്. ശേഷം ബോംബെയിലെത്തിയ അദ്ദേഹം, അവിടെയുള്ള ഒരു പള്ളിയിൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ, സദസ്സിലുണ്ടായിരുന്ന രണ്ടുപേർ അദ്ദേഹത്തെ തിരിച്ചറിയുകയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.

ന്യൂയോർക്ക് ടൈംസ്, ടൈംസ് ലണ്ടൻ, സിഡ്നി മോണിംഗ് ഹെറാൾഡ് എന്നിവ റിപ്പോർട്ട് ചെയ്തത് പ്രകാരം ബോംബെയില്‍ വെച്ച്, 1871 ജൂലൈ 7-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു വർഷത്തെ ജയിൽവാസത്തിനുശേഷം, 1872 ജൂലൈ 18ന്, അദ്ദേഹത്തെ വിചാരണ നടത്തുകയും കാലാപാനിയിലേക്ക് നാട് കടത്താന്‍ വിധിക്കുകയും ചെയ്തു. വിചാരണക്ക് ഹാജരാക്കിയപ്പോള്‍, അദ്ദേഹത്തെ ഒരു നോക്ക് കാണാനായി, ലക്ഷക്കണക്കിന് അനുയായികൾ കോടതിക്ക് സമീപം തടിച്ച് കൂടിയിരുന്നുവത്രെ.

സ്വാതന്ത്ര്യാനന്തരം, 1957ല്‍ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, മൗലവിയോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ പിൻഗാമികളെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ വാളും കീറിയ കുർത്തയും പൈജാമയും ഇന്നും അലഹബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നാട്ടുകാരുടെയും കുടുംബത്തിന്റെയും പരിശ്രമഫലമായി, കരേലിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഒരു ലൈബ്രറിയും അദ്ദേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നഗരങ്ങളുടെയും റോഡുകളുടെയും പേരുകൾ മാറ്റുകയും എല്ലാ മുക്കിലും മൂലയിലും പ്രതിമകൾ സ്ഥാപിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത്, മൗലവിയുടെ ഓർമ്മകൾക്ക് കാര്യമായ ബഹുമതി ലഭിച്ചിട്ടില്ലെന്നത് ഏറെ സങ്കടകരം തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter