വിഭജന ഓർമകളിലൂടെ റാവൽപിണ്ടിയിലെത്തിയ റീന വര്‍മ്മ
റീന ഛിബ്ബർ വർമ്മ, വയസ്സ് തൊണ്ണൂറിലെത്തി നില്ക്കുമ്പോഴും തന്റെ ജന്മനാടായ പാകിസ്ഥാനിലെ റാവല്‍പിണ്ടി ഒരിക്കല്‍കൂടി കാണുക എന്നത് അവരുടെ അടങ്ങാത്ത അഭിലാഷമായിരുന്നു. ആ ആഗ്രഹമാണ്, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാക്ഷാല്‍കൃതമായത്.
1947-ൽ ഇന്ത്യാ-പാകിസ്ഥാന്‍ വിഭജനത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വര്‍മ്മയുടെ കുടുംബത്തിന് ഇന്ത്യയിലേക്ക് കുടിയേറേണ്ടിവന്നത്. അന്ന് റീനാ വർമക്ക് 15 വയസ്സായിരുന്നു പ്രായം. താന്‍ ജനിക്കുകയും കളിച്ചുവളരുകയും ചെയ്ത നാടും വീടും ഉപേക്ഷിച്ച് പോരുമ്പോള്‍, ഇനി ഒരിക്കലും അങ്ങോട്ട് മടങ്ങാനാവില്ലെന്ന് അവരാരും കരുതിയിട്ട് പോലുമില്ലായിരുന്നു. പക്ഷേ, വിഭജനം പൂര്‍ണ്ണമായതോടെ ഇരു രാഷ്ട്രങ്ങളും ശത്രുക്കളെ പോലെ ആയിത്തീരുകയും അതോടെ ഒരു മടക്കയാത്രയുടെ പ്രതീക്ഷകളെല്ലാം മങ്ങിപ്പോവുന്നത് വര്‍മ്മയും കുടുംബാംഗങ്ങളും വേദനയോടെയാണ് നോക്കിക്കണ്ടത്.
റാവൽപിണ്ടിയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ആ ദിവസം റീനയുടെ ഓര്‍മ്മകളില്‍ ഇന്നുമുണ്ട്. സ്വതന്ത്രഭാരതം രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെടുന്നു എന്ന് കേട്ടതോടെ, അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ഇന്ത്യയിലേക്ക് പുറപ്പെടുകയായിരുന്നു. വിഭജനത്തിന്റെ ഭാഗമായി അവര്‍ക്ക് കാര്യമായ പ്രയാസങ്ങളൊന്നും അനുഭവിക്കേണ്ടി വന്നില്ലെങ്കിലും, വഴിയില്‍ വെച്ച് ആക്രമണത്തിന് ഇരയാവുമോ, കൊല്ലപ്പെടുമോ എന്ന ആശങ്കകളോടെ അവസാനം വരെ കഴിച്ച് കൂട്ടിയ ആ യാത്ര ഇന്നും വര്‍മ്മക്ക് ഭീതിദമാണ്.
ഇന്ത്യയിലെത്തി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ജന്മനാട്ടിലേക്ക് തന്നെ തിരിച്ച് പോകാനാവുമെന്നായിരുന്നു അവരുടെയെല്ലാം പ്രതീക്ഷ. മാതാപിതാക്കളും കൂടപ്പിറപ്പുകളുമെല്ലാം എണ്‍പത് തികയും മുമ്പെ മരിച്ച് പിരിഞ്ഞപ്പോഴും റീനാ വര്‍മ്മ ബാക്കിയായി, അവരോടൊപ്പം, ജന്മനാട്ടിലേക്ക് ഒരിക്കലെങ്കിലും തിരിച്ച് പോവണമെന്ന ആഗ്രഹവും മങ്ങലേല്‍ക്കാതെ നിന്നു.
ആ യാത്രയ്ക്കായി വർമ്മ പലവട്ടം ശ്രമിക്കുകയും ചെയ്തു 1965-ൽ തന്നെ അതിനായി പാസ്പോർട്ട് വരെ തയ്യാറാക്കി വെച്ചിരുന്നെങ്കിലും പലപ്പോഴായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. 2020-ൽ പാസ്‌പോർട്ട് പുതുക്കി വീണ്ടും ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും കൊറോണ പദ്ധതികളെല്ലാം വീണ്ടും തടസ്സപ്പെടുത്തി. പിന്നീടാണ്, ഇന്ത്യ പാകിസ്ഥാൻ ഹെറിറ്റേജ് ക്ലബ് എന്ന ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. അവസാനം റാവൽപിണ്ടിയിലേക്ക് യാത്ര ചെയ്യാൻ വർമ്മക്ക് സഹായമായതും ആ കൂട്ടായ്മയായിരുന്നു.
കൂട്ടായ്മയുടെ സഹസ്ഥാപകരായ രണ്ട് പാക്കിസ്ഥാനികള്‍, വര്‍മ്മയുടെ ബന്ധുക്കളെന്ന രീതിയില്‍ അയച്ച പ്രത്യേക ക്ഷണത്തിലൂടെയാണ് വര്‍മ്മക്ക് പാകിസ്ഥാനിലേക്ക് പ്രവേശനം ലഭിക്കുന്നത്. യാത്രക്കായി, കഴിഞ്ഞ മാസം പൂനെയില്‍നിന്ന് ഡൽഹിയിലെ മകളുടെ വീട്ടിലെത്തുകയും ശേഷം പഞ്ചാബിലെ വാഗാ അതിര്‍ത്തിയിലേക്ക് നീങ്ങുകയും ചെയ്തു. ഭാരതം രണ്ടായി വിഭജിക്കപ്പെടുന്ന ആ അതിര്‍ത്തിയിലെത്തിയതോടെ വര്‍മ്മക്ക് വിതുമ്പലടക്കാനായില്ല. ക്ഷണക്കത്ത് അയച്ച ഫേസ് ബുക് ഗ്രൂപ്പ് സ്ഥാപകരായ സാഹിറും ഇമ്രാനും അവരെ കാത്ത് അതിര്‍ത്തിയില്‍ തന്നെയുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഊഷ്മളാമായ സ്വീകരണം ഏറ്റ് വാങ്ങിയായിരുന്നു ലാഹോര്‍ വരെയുള്ള വര്‍മ്മയുടെ യാത്ര.
തന്റെ അമ്മായി അടക്കമുള്ള ബന്ധുക്കള്‍ താമസിച്ചിരുന്ന ലാഹോറിന്റെ മണ്ണ് വര്‍മ്മയില്‍ പഴയ ഓര്‍മ്മകളുടെ തിരയിളക്കം സൃഷ്ടിച്ചു. ശേഷം, ജൂലൈ 20-ന്, റാവൽപിണ്ടിയിലേക്ക് പുറപ്പെട്ട വർമയെ, പരമ്പരാഗത പഞ്ചാബി ധോൾ തയ്യൽക്കാരായ അയൽക്കാർ തന്റെ ജന്മനാട്ടിലേക്ക് സ്വീകരിച്ചത് ചെണ്ട കൊട്ടിയായിരുന്നു. റാവല്‍പിണ്ടിയിലെ തന്റെ പഴയ വീടിന് സമീപമെത്തിയ വര്‍മ്മക്ക് തന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല.
വർമ്മയുടെ പഴയ വീട്ടിൽ ഇപ്പോള്‍ താമസിക്കുന്നത് മുസമ്മിൽ ഹുസൈൻ എന്ന പാകിസ്ഥാനിയാണ്. ഏറെ ബഹുമാനാദരവുകളോടെ അദ്ദേഹം വര്‍മ്മയെന്ന യഥാര്‍ത്ഥ അവകാശിയെ സ്വീകരിച്ചിരുത്തി. ഇനി മുതല്‍ ആ വീടിന്റെ പേര് പ്രേം നിവാസ് (പ്രണയ വാസസ്ഥലം) എന്നായിരിക്കുമെന്ന് കൂടി അദ്ദേഹം അറിയിച്ചു. വീട് നിലകൊള്ളുന്ന പാതയ്ക്ക് ‘പ്രേം ഗല്ലി’ (ലവ് സ്ട്രീറ്റ്) എന്നും ആ നാട്ടുകാര്‍ പേരിട്ടു.
എല്ലാം കണ്ടും കേട്ടും റീനാ വര്‍മ്മയുടെ കണ്ണും മനസ്സും നിറഞ്ഞു. പരസ്പരം സ്നേഹത്തോടെ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് രണ്ട് നാട്ടുകാരും. പലപ്പോഴും അതിന് തടസ്സമാവുന്നത് രാഷ്ട്രീയക്കാരാണെന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി വിളിച്ച് പറയുന്നതായിരുന്നു വര്‍മ്മയുടെ ആ സന്ദര്‍ശനവും.
തിരിച്ചെത്തിയ റീന വര്‍മ്മക്ക് പറയാനുള്ളത് ഇതായിരുന്നു, അന്ന് സംഭവിച്ചത് വളരെ നിർഭാഗ്യകരമായിരുന്നു. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇനിയും അത് തുടര്‍ന്ന് കൂടാ. നമുക്ക് മുന്നോട്ട് പോകണം. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ആളുകൾ, നമ്മുടെ സംസ്കാരങ്ങൾ, വസ്ത്രങ്ങൾ, ചിന്തകൾ, എല്ലാം വളരെ സാമ്യമുള്ളതാണ്. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ സ്നേഹമുള്ളവരാണ്, അവര്‍ക്ക് അനായാസം അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാന്‍ അവസരങ്ങളുണ്ടാവണം, ഇനിയും തമ്മിലടിച്ചും വെല്ലുവിളിച്ചും കഴിയേണ്ടവരല്ല നാം. നമ്മള്‍ ഒന്നാണ്, പറഞ്ഞ് നിര്‍ത്തുമ്പോള്‍ ആ വൃദ്ധകവിളുകളിലൂടെ കണ്ണീര്‍ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.
കടപ്പാട്: അല്‍ ജസീറ
Leave A Comment