അധ്യാപനം തൊഴിലല്ല, ഒരു കലയാണ്

"ഗുരുവും ദൈവവും ഒരുമിച്ചു വന്നാൽ ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ", പതിനഞ്ചാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന വിഖ്യാത കവിയും സന്യാസിവര്യനുമായിരുന്ന കബീർ ദാസ് അധ്യാപകരുടെ പദവിയെകുറിച്ച് പറഞ്ഞ വാക്കുകളാണിവ.
 
സെപ്തംബർ അഞ്ച് ദേശീയ അധ്യാപക ദിനമായി നമ്മുടെ രാജ്യം ആചരിക്കുന്ന ഈ വേളയിൽ അദ്ധേഹത്തിന്റെ ആ വാചകങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ പ്രഗത്ഭ പണ്ഡിതനും തത്വചിന്തകനും ഭാരതരത്ന ജേതാവുമായ ഡോ: സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടുള്ള ആദര സൂചകമായിട്ടാണ് ദേശീയ അധ്യാപക ദിനമായി ഈ ദിവസം നാം കൊണ്ടാടുന്നത്. സുഹൃത്തുക്കളും  മുൻകാല വിദ്യാർത്ഥികളും തന്റെ ജന്മദിനം ആഘോഷിക്കാൻ നിരന്തരം അഭ്യർത്ഥിച്ചപ്പോൾ സർ എസ് രാധാകൃഷ്ണൻ തന്നെ  "അധ്യാപക ദിന"മായി അത് ആചരിക്കുവാൻ നിർദേശിക്കുകയായിരുന്നു. രാജ്യത്തെ ഉത്തമ പൗരൻ നല്ല അധ്യാപകനാണെന്ന് വിശ്വസിച്ചിരുന്ന ആ മഹാവ്യക്തിത്വത്തെ സ്മരിക്കുന്ന ഈ സുദിനത്തിൽ നാടിന്റെയും സമൂഹത്തിന്റേയും സർവ്വോന്മുഖമായ ഔന്നത്യത്തിന്  അധ്യാപകർക്ക് അനൽപമായ പങ്ക് നിർവഹിക്കാനുണ്ടെന്ന തിരിച്ചറിവാണ് നാം പുതുക്കേണ്ടത്. വിശിഷ്യ ലഹരിയുടേയും മയക്കുമരുന്നിന്റേയും ഉറവിടങ്ങളായി കലാലയങ്ങൾ മാറികൊണ്ടിരിക്കുന്ന കേരളത്തിന്റെ വർത്തമാന കാല സാഹചര്യത്തിൽ.

"ഒരു ഡോക്ടർക്ക് വീഴ്ച സംഭവിച്ചാൽ രോഗി മരിച്ചേക്കാം, ഒരു എഞ്ചിനീയർക്ക് വീഴ്ച്ച വന്നാൽ പാലമോ കെട്ടിടമോ തകർന്നേക്കാം, എന്നാൽ ഒരു അധ്യാപകന് വീഴ്ച്ച സംഭവിച്ചാൽ നശിക്കുന്നത് ഒരു തലമുറയാണ്" ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തിലെ വാചകങ്ങളാണിവ. പുസ്തക താളുകളിൽ എഴുതിവെച്ചത് അപ്പടി വിദ്യാർത്ഥികൾക് പകർന്ന് കൊടുക്കലല്ല ഒരു യഥാർത്ഥ അദ്ധ്യാപകന്റെ ബാധ്യത. മറിച്ച് മുന്നിലിരിക്കുന്ന കുട്ടികളെ നാല് ചുവരുകൾക്കപ്പുറമുളള പ്രവിശാലമായ ലോകത്തേക്ക് നയിക്കാൻ പ്രാപ്തനാവുകയെന്നതാണ്. മാത്രമല്ല മാനുഷിക മൂല്യങ്ങൾ, സാമൂഹിക ബാധ്യതകൾ, കുടുംബ കർത്തവ്യങ്ങൾ, ഉദാത്തമായ രാഷ്ട്രീയ വീക്ഷണങ്ങൾ, ഫലപ്രദമായ വിദ്യാഭ്യാസം, ഉന്നതമായ സാംസ്കാരം തുടങ്ങിയ മൂല്യവത്തായ ഗുണങ്ങളെ വിദ്യാർത്ഥികളുടെ മനസ്സിൽ വിതക്കാൻ കഴിവുള്ള മോട്ടിവേറ്റർ കൂടിയാകണം അധ്യാപകൻ. എങ്കിൽ മാത്രമേ കളങ്കരഹിതമായ വിദ്യാർത്ഥികളുടേയും ആശയങ്ങളുടെ അക്ഷയ ഖനിയായ അധ്യാപകന്റേയും മനസ്സുകൾ തമ്മിൽ ലയിക്കുന്ന ഇടമായി അക്ഷരാർത്ഥത്തിൽ വിദ്യാലയം പരിവർത്തിതമാകൂ.

കളങ്കമില്ലാത്ത ഇന്നത്തെ തലമുറയാണ് ഒരു രാജ്യത്തിന്റെ നാളത്തെ ശോഭനമായ ഭാവിയെ നിർണ്ണയിക്കുന്നത്. വിദ്യാഭ്യാസ വിചക്ഷണരും നിയമവിദഗ്ദ്ധരും എഞ്ചിനീയർമാരും രാഷ്ട്ര ഉപദേഷകരും രാഷ്ട്രീയ നായകരും എഴുത്തുകാരും ചിന്തകരുമൊക്കെയായി അവരെ പാകപ്പെടുത്തിയാൽ മാത്രമേ മാതൃകാ യോഗ്യനായ ഉത്തമ പൗരനായി അധ്യാപകൻ മാറൂ. ഗുരു എന്ന പദത്തിന്റെ പൊരുൾ തന്നെ മനസ്സിൽ നിന്ന് അന്ധതയെ നീക്കുന്നവനെന്നാണ്. പുതിയ തലമുറയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി, മതസ്പർദ്ധ, ജാതി വിവേചനം, ലൈംഗിക അതിക്രമം, മനുഷ്യത്വ രഹിതമായ പ്രവർത്തനം തുടങ്ങിയ അന്ധതകളിൽ നിന്നെല്ലാം ഇളം തലമുറയെ സംരക്ഷിച്ച് സമൂഹത്തിന്റെ പുരോഗതിക്കുതകുന്ന പൗരൻമാരായി അവരെ ഉയർത്തേണ്ടത് ഇന്നത്തെ അധ്യാപകരുടെ ബാധ്യതയാണ്. ഈ രീതിയിൽ ഉദാത്ത  സംസ്കാരങ്ങളുടേയും അറിവിന്റേയും ഉത്പാദന ഉറവിടമായി വിദ്യാലയങ്ങൾ ഉയരണം, അതിന് മൂല്യബോധവും ഉന്നത കാഴ്ചപ്പാടും വെച്ച് പുലർത്തുന്ന പ്രതിഭാശാലികളായ അനേകം അധ്യാപകർ സമൂഹത്തിൽ ഉണ്ടാകണം. ഇതിനാകട്ടെ, പരന്ന വായനയും ഗഹനമായ പഠനവും നാം ആർജിച്ചെടുക്കണം. എങ്കിൽ മാർക് വാൻ ഡോസ് പറഞ്ഞതു പോലെ ഓരോ വിദ്യാർത്ഥികൾക്കും പുതിയ ലോകം കണ്ടെത്തുന്നതിനുള്ള കലയായി  അധ്യാപനത്തെ ഗണിക്കാനും മനസ്സിലാക്കാനും കഴിയും.

Read more: മാതൃകാ അധ്യാപകൻ

സത്യത്തിൽ സമൂഹത്തിന്റെ പരിചേഛദമാണ് ഒരോ വിദ്യാലയങ്ങളും. യുക്തിഭദ്രമായ ഇടപെടലുകളിലൂടെയും നിർമ്മാണാത്മകമായ പ്രവർത്തനങ്ങളിലൂടെയും നിഷ്ക്രിയമായ ക്ലാസ്സ് മുറികളെ പുനരുജ്ജീവനം നൽകാൻ അധ്യാപകർക്കു സാധിച്ചാൽ അതിന്റെ നേട്ടവും ലാഭവും സമൂഹത്തിൽ പ്രതിഫലിക്കുമെന്നത് നിസ്തർക്കമാണ്, പക്ഷെ കേവല തൊഴിലായി അധ്യാപനത്തെ സ്വീകരിക്കാതെ സമർപ്പണ മനോഭാവത്തോടെ സമീപിക്കാൻ അധ്യാപകർക്കാവണം. അപ്പോൾ പലവർണ്ണങ്ങളിൽ വിരിഞ്ഞും പല ഗന്ധങ്ങളിൽ സ്ഫുരിച്ചും പരന്നുകിടക്കുന്ന സുന്ദരമായ പൂവാടിയായി വിദ്യാലയങ്ങള്‍ മാറും. 

സർവ്വ സൗകര്യങ്ങളും സംവിധാനങ്ങളും അനുഭവിക്കാൻ അവസരം ലഭിച്ചിട്ടും  ഒരു രാഷ്ട്രപതി എന്നതിനേക്കാൾ ഒരു നല്ല അധ്യാപകനായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് എ.പി.ജെ അബ്ദുൽ കലാം പറഞ്ഞത്തിന്റെ പൊരുളും, സാമൂഹിക ഉന്നതിയിലും രാഷ്ട്ര നിർമ്മിതിയിലും അധ്യാപകര്‍ക്ക് ഒട്ടേറെ ചെയ്യാനുണ്ടെന്ന് തന്നെയാണ്.

സാംസ്കാരികമായും സദാചാരപരമായും ഒരു സമൂഹം ശോഭിക്കുന്നതിലും ശോഷിക്കുന്നതിലും അധ്യാപകരുടെ ഉത്തരവാദിത്വ നിർവഹണങ്ങൾക്കും സമയോചിത ഇടപെടലുകൾക്കും ചെറുതല്ലാത്ത സ്വാധീനമുണ്ട്. സത്യത്തിൽ ദിവ്യമായ വിജ്ഞാനവും ദർശനവും പകർന്ന് സാംസ്കാരിക ഔന്നത്യവും മതകീയ ബോധവും സ്വാംശീകരിച്ച സുന്ദരമായൊരു തലമുറയെ പടുത്തുയർത്തുന്ന മഹായജ്ഞത്തിലാണ് അവർ വ്യാപൃതരായി കൊണ്ടിരിക്കുന്നത്. ശിക്ഷയും ശിക്ഷണവും നൽകി കുരുന്നു മനസ്സുകളിലേക്ക് ശുഭകരമായ ചിന്തകളേയും മനോഹരമായ സ്വപ്നങ്ങളേയും സന്നിവേശിപ്പിക്കാൻ അവർക്കു സാധിച്ചാൽ മൂല്യ ബോധത്തിൽ വേരൂന്നിയ വിദ്യാഭ്യാസസന്നരായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാനാകും. തത്വ ചിന്തകനായ ജീൻ സൈബിലസിന്റെ ഭാഷ കടമെടുത്താൽ "അധ്യാപകർ ശിൽപികളാണ്,  തലമുറകളെ രൂപകൽപ്പന നടത്തുന്ന മഹാശിൽപ്പികൾ". കുഴച്ച പച്ചമണ്ണിൽ നിന്ന് കൊശവൻ നയന മനോഹരങ്ങളായ മൺപാത്രങ്ങൾ നിർമിക്കുന്നതു പോലെ വ്യത്യസ്ത മേഖലകളിൽ മികവുറ്റ പ്രതിഭകളെ പാഠശാലകളിൽ നിന്ന് വാർത്തെടുക്കാൻ അധ്യാപക കൂട്ടായ്മകൾക്ക് കഴിഞ്ഞാൽ അതു നമ്മുടെ നാടിന്നും സമൂഹത്തിനും വലിയ മുതൽ കൂട്ടാകും തീർച്ച.

Read More: വീണ്ടുമൊരു അധ്യാപകദിനം കൂടി കടന്നുവരുമ്പോള്‍

അത് കൊണ്ട് തന്നെ,ദേശീയ അധ്യാപക ദിനമായി രാജ്യമാകെ ആഘോഷിക്കുന്ന ഈ സന്ദർഭം നമ്മുടെ കലാലയങ്ങളെ കേന്ദ്രീകരിച്ച് ലഹരി മരുന്ന് മാഫിയകളും മയക്കു മരുന്ന് ലോബികളും കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്ന വഴിവിട്ട പ്രവർത്തനങ്ങളെ ചെറുത്ത് തോൽപ്പിക്കാനും കെണിവലകളിൽ വീണ് കളങ്കമാക്കുന്ന കൗമാരങ്ങളെ ചേർത്തുപിടിക്കാനും, അധ്യാപകര്‍ പ്രതിജ്ഞാബദ്ധരാകണം. എങ്കിൽ മലാല യൂസുഫ് സായ് പറഞ്ഞതു പോലെ ഒരു കുട്ടി, ഒരധ്യാപകൻ, ഒരു പേന, ഒരു പുസ്തകം ഇവകൊണ്ട്  ലോകത്തെ   മാറ്റിമറിക്കാനും പ്രതീക്ഷയുടേയും പ്രത്യാശയുടേയും പൊൻകിരണങ്ങൾ  പൗരൻമാർക്കിടയിൽ വളർത്താനും  അതുവഴി നിഷ്പ്രയാസം നമ്മുടെ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് ഉയർത്തുവാനും  കഴിയും. ആ മഹാദൌത്യത്തിന് നിദാനമായി ഈ ദിനം മാറട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter