ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് കൂടുതല്‍ രാഷ്ട്രങ്ങള്‍
ആഗോള തലത്തില്‍ ഇസ്റാഈല്‍ വീണ്ടും കനത്ത തിരിച്ചടി നേരിടുന്നതാണ് കഴിഞ്ഞ വാരത്തില്‍ പൊതുവെ കാണപ്പെടുന്നത്. ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ടും സഹായങ്ങള്‍ക്കായി വരിനില്ക്കുന്ന സമയത്ത് വെടിവെച്ചും കൊന്ന് തീര്‍ക്കാമെന്ന വ്യാമോഹത്തിനെതിരെ പല പ്രമുഖ രാഷ്ട്രങ്ങളുടെയും ഭാഗത്ത് നിന്ന് കനത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഗസ്സക്കാരെ പട്ടിണിക്കിട്ട് കൊല്ലുന്നതിനെതിരെ പല യൂറോപ്യന്‍ രാജ്യങ്ങളും അവിടങ്ങളിലെ വിവിധ മനുഷ്യാവകാശ കൂട്ടായ്മകളും ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.
അതോടെ പല രാഷ്ട്രങ്ങളും അവിടങ്ങളില്‍ അവധിദിനങ്ങള്‍ ആഘോഷിക്കാനെത്തിയ ഇസ്റാഈല്യരെ പോലും തിരിച്ചയക്കുന്നതും പതിവ് കാഴ്ചയായിരിക്കുകയാണ്. കുട്ടികളെയും വൃദ്ധരെയും സ്ത്രീകളെയും പട്ടിണിക്കിട്ട് കൊല്ലുന്ന നിങ്ങള്‍ ഇവിടെ സുഖവാസം നടത്തുകയാണോ എന്ന് ചോദിച്ച് തങ്ങള്‍ക്കെതിരെ പലയിടത്തും ശബ്ദങ്ങളുയരുന്നതും ലോകജനതക്ക് മുന്നില്‍ ജൂതരെന്ന നിലയില്‍ അപമാനം ഏറ്റ് വാങ്ങേണ്ടിവരികയാണെന്നും പലരും വാര്‍ത്താമാധ്യമങ്ങളോട് പറയുന്ന വീഡിയോകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
അതേ സമയം, ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന രാഷ്ട്രങ്ങളുടെ എണ്ണവും ദൈനംദിനം വര്‍ദ്ധിച്ചുവരികയാണ്. ഫ്രാന്‍സ്, ന്യൂസിലാന്റ്, കനഡ, ആസ്ട്രേലിയ അടക്കം പതിനഞ്ച് രാഷ്ട്രങ്ങള്‍ ചേര്‍ന്ന്, ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കണമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനിന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന് കൊടിയിറങ്ങുന്നതിന് മുന്നോടിയായാണ്, ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് വെച്ചത്. അടുത്ത ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് മുമ്പ് ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുന്നതിന് സൗദിഅറേബ്യയും ശക്തമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇസ്റാഈല്‍, ഫലസ്തീന്‍ എന്നിങ്ങനെ, കൃത്യമായ അതിര്‍ത്തികളോടെ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ നിലവില്‍ വരണമെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അവ രണ്ടും സമാധാനത്തോടെ മുന്നോട്ട് പോവണമെന്നും അതിന് വേണ്ട എല്ലാ ശ്രമവും പിന്തുണയും തങ്ങള്‍ ചെയ്യുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. ഫലസ്തീന്‍ അതോറിറ്റിക്ക് കീഴില്‍ ഗസ്സയും വെസ്റ്റ് ബാങ്കും ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും പ്രഖ്യാപനം എടുത്ത് പറയുന്നു. എന്നാല്‍ അങ്ങനെ ചെയ്യുന്ന പക്ഷം അത് ഹമാസിന് നല്കുന്ന ഒരു സമ്മാനമായിരിക്കുമെന്നും അതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. ഇസ്റാഈലിന്റെ ഐക്യരാഷ്ട്രസഭയിലെ നയതന്ത്രപ്രതിനിധിയും ഈ പ്രഖ്യാപനത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. തീവ്രവാദത്തെ അനുകൂലിക്കുന്ന കപട സമീപനമാണ് ഈ രാഷ്ട്രങ്ങള്‍ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Leave A Comment