റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലെ  കൊറോണ ബാധയും ഉയരുന്ന ആശങ്കയും
ലോകത്ത് കൊറോണ വൈറസിന്റെ ആരംഭം മുതൽ തന്നെ വൈറസ് അഭയാർത്ഥിക്യാമ്പുകളിൽ പടർന്നു പിടിച്ചാലുള്ള ഭയാനകമായ സ്ഥിതിവിശേഷത്തെ കുറിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെല്ലാം ഏറെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പുകൾ സ്വീകരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ റോഹിങ്ക്യൻ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ബംഗ്ലാദേശിലെ കൊക്സ് ബസാറിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളായിരുന്നു സർക്കാർ ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ക്യാമ്പിന് പുറത്ത് പോലീസ് ബ്ലോക്കുകൾ സൃഷ്ടിക്കുകയും ക്യാമ്പിൽ നിന്ന് പുറത്തുപോവുന്നതിന് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയം ചെയ്തു. എന്നാൽ ഈ സുരക്ഷാക്രമീകരണങ്ങൾ മറികടന്ന് കൊറോണ പിടിപെട്ടാലുള്ള അടിയന്തിരമായ സാഹചര്യത്തെ നേരിടാനും ക്യാമ്പിൽ സജ്ജീകരണങ്ങൾ ഒരുക്കി. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി, കെയർ ജർമ്മനി എന്നീ അന്താരാഷ്ട്ര സംഘടനകളായിരുന്നു ഇതിന്റെ മുൻനിരയിലുണ്ടായിരുന്നത്.

ആദ്യ കോവിഡ് കേസ്

മെയ് 14 നാണ് അഭയാർത്ഥി ക്യാമ്പിലെ ആദ്യ കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതേ തുടർന്ന് രോഗിയെ കോക്സ് ബസാറിലെ ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എന്ന ആതുര സംഘടനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും അദ്ദേഹം ഇവിടെ ചികിത്സയിൽ തുടരുകയാണ്. ഇദ്ദേഹത്തിൻറെ കുടുംബത്തിലെ ആറു പേരെ ക്വാറന്റൈനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ സാംപിളുകൾ അവൾ ശേഖരിച്ച് ടെസ്റ്റിന് അയക്കാനിരിക്കുകയാണ്. അഭയാർത്ഥി ക്യാമ്പിലെ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ ബംഗ്ലാദേശ് സർക്കാറും സഹായ സംഘങ്ങളും കഠിന പ്രയത്നത്തിലാണ്. ഇതുമൂലം 8,55,000 അഭയാർത്ഥികളും 4,40,000 പ്രദേശവാസികളും കോവിഡ് വ്യാപനത്തിന്റെ. ഭീഷണിയിലാണുള്ളത്.

കൂടുതൽ സജ്ജീകരണങ്ങളുടെ അനിവാര്യത

കൊറോണ വ്യാപനം തടയാനായി നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുറമേ കൂടുതൽ സജ്ജീകരണങ്ങൾ ഇനിയും ആവശ്യമാണ്. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയുടെ ബംഗ്ലാദേശ് പ്രതിനിധി മനീഷ അഗർവാൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്, "നേരത്തെ ഏർപ്പെടുത്തിയ ആരോഗ്യ സൗകര്യങ്ങളെല്ലാം നിലവിൽ തീർന്നു പോയിരിക്കുകയാണ്, കൊറോണ കേസുകൾ ചികിത്സിക്കാൻ കൂടുതൽ സജ്ജീകരണങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹായം അത്യന്താപേക്ഷിതമാണ്. ആദ്യ കൊറോണ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പും ക്യാമ്പിലെ ശുചിത്വ സൗകര്യങ്ങൾ പരിതാപകരമാണ്; പല കുടുംബങ്ങളും ഒരേ ടോയ്‌ലറ്റ് ആണ് ഉപയോഗിക്കുന്നത്, കുളിമുറികളും വെള്ളം കുടിക്കാനുള്ള സൗകര്യങ്ങളും പല കുടുംബങ്ങളും ഷെയർ ചെയ്യുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കൊറോണയുടെ വ്യാപനം അതിരൂക്ഷമായേക്കുമെന്ന് സന്നദ്ധ സംഘടനകൾ ഭയപ്പെടുന്നുണ്ട്. ഇവിടെ ഓരോ ചതുരശ്ര കിലോമീറ്ററിലും 40000 മുതൽ 70000 വരെ അഭയാർഥികൾ തിങ്ങിത്താമസിക്കുന്നുണ്ട്. വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിനേക്കാൾ നാലിരട്ടി വേഗതയിലായിരിക്കും ഇവിടെ അത് സംഭവിക്കുക, അഗർവാൾ കൂട്ടിച്ചേർക്കുന്നു.

ബോധവൽക്കരണം ഏറെ പ്രധാനം, ദുഷ്കരവും

നിരന്തരമായ കാമ്പയിനുകൾ നടത്തിയിട്ടും ക്യാമ്പ് അംഗങ്ങൾക്കിടയിൽ കൊറോണ സംബന്ധിച്ച് മതിയായ ബോധവൽക്കരണം ലഭിച്ചിട്ടില്ലെന്നാണ് അഗർവാൾ അഭിപ്രായപ്പെടുന്നത്. കിംവദന്തികളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിയന്ത്രണമാണ് ഇതിന് കാരണമായതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൊറോണയെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്നതടക്കമുള്ള ഇന്റർനെറ്റിലൂടെ ലഭിക്കേണ്ട വിവരങ്ങൾ ഞങ്ങൾക് ഇവിടെ ലഭ്യമാകുന്നില്ല, മാത്രമല്ല ക്യാമ്പുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതനുസരിച്ച് കൃത്യമായി പ്രതികരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ഇൻറർനെറ്റ് ദൗർലഭ്യത സന്നദ്ധ സംഘടനകൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. ഇത് മൂലം ക്യാമ്പിൽ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നത് പോലും പലരും അറിഞ്ഞിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ വളരെ മുമ്പേ അതികഠിനമായ പ്രയാസങ്ങൾ ഏറ്റുവാങ്ങിയവരാണ്. അതിനാൽ അവരെയും അവർക്കായി സഹായ സഹകരണങ്ങൾ ചെയ്യുന്ന സന്നദ്ധ സംഘടനകളെയും സാമ്പത്തികമായി സഹായിക്കുവാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാവണം", കെയർ ജർമനിയുടെ ഏഷ്യൻ ഡയറക്ടർ ദീപ്മാല മഹ്ള പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter