നെതന്യാഹുവിന്റെ നവ ഇസ്രായേൽ: തീവ്രതയിൽ നിന്ന് അതിതീവ്രതയിലേക്ക്

നെഫ്താലി ബന്നറ്റും എയ്ർ ലാപിഡും നയിച്ചിരുന്ന വിശാല സഖ്യത്തെ വിശ്വാസ വോട്ടെടുപ്പിലൂടെ  പരാജയപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി പഥത്തിൽ ആറാമൂഴം ഉറപ്പാക്കിയിരിക്കുകയാണ് ബെഞ്ചമിൻ നെതന്യാഹു. അതിതീവ്ര വലതുപക്ഷ സഖ്യ കക്ഷികളുടെ ഈ മന്ത്രിസഭയുടെ കാർമികത്വത്തിൽ ഇസ്രായേലിൽ രൂപം കൊള്ളുന്നത് സ്ട്രോമിച്ചും ബെൻ ഗഫീറും നേതൃത്വം നൽകുന്ന ഇസ്രായേലിന്റെ രാഷ്ട്രീയ ചരിത്രം കണ്ട ഏറ്റവും മാരകമായ തീവ്രവാദി അധികാരി കൂട്ടായ്മക്കാണ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്നും മറ്റു സയണിസ്റ്റുകളിൽ നിന്നും നവ ജൂത തീവ്രവാദികളെ വ്യത്യസ്തമാക്കുന്നത് തങ്ങളുടെ വംശീയതയെയും മതാന്ധതയെയും കുറിച്ച് തുറന്നുപറയാനും പരസ്യാഹ്വാനങ്ങൾ മുഴക്കാനും ഇക്കൂട്ടർക്ക് യാതൊരു വിധ മടിയുമില്ല എന്നതാണ്.

നെതന്യാഹു മന്ത്രിസഭയിലെ പ്രധാന കസേരകളിലെല്ലാം കയറിക്കൂടിയ ഇക്കൂട്ടർ വായിൽ തോന്നുന്നത് വിളിച്ചു പറയുകയും പറയുന്നതു ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുന്നവരാണ്. വിനാശകരമായ അവരുടെ ഒരോ കാഴ്ചപ്പാടുകളും മതേതരവും സ്വതന്ത്രവും പ്രബുദ്ധവുമായ ഇസ്രായേൽ എന്ന മിഥ്യയിൽ പൊതിഞ്ഞ തീവ്ര ജൂത രാജ്യത്തെ തുറന്നുകാട്ടുന്നതാണ്.

റിലീജിയസ് സയണിസം പാർട്ടിയുടെ തലവനും ഇസ്രായേലിന്റെ പുതിയ ധനമന്ത്രിയുമായ ബെസാലെൽ സ്മോട്രിച്ച് ആണ് നെതന്യാഹു ടീമിലെ പ്രമുഖ തീവ്രവാദി. താൻ ഒരു ഫാസിസ്റ്റ് ആണെന്ന് മേനി നടിച്ചു നടക്കുന്ന വ്യക്തികൂടിയാണ് സ്മോട്രിച്ച്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെന്‍ഗഫീര്‍ ആണ് മറ്റൊരു പ്രമുഖൻ. വളരെയധികം വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് ഈ അടുത്ത് അദ്ദേഹം പ്രകോപനപരമായി ടെംപിൾ മൗണ്ട് സന്ദർശനവും നടത്തുകയുണ്ടായി.

സ്മോട്രിച്ചും ബെൻ ഗഫീറും പുതിയ നെതന്യഹു മന്ത്രിസഭയിലെ സഹ തീവ്രവാദികളും വിശ്വസിക്കുന്നത് ഇപ്രകാരമാണ്, ഒന്നാമതായി, ഇസ്രായേലിന് ഒരേ സമയം ഒരു യഹൂദ രാജ്യവും ജനാധിപത്യ രാജ്യവും ആകാൻ സാധിക്കില്ല. രണ്ടാമതായി, "വിശുദ്ധ ഇസ്രായേൽ" എന്ന് അവർ പേരിട്ടു വിളിക്കുന്ന ചരിത്രപ്രദേശത്തിനു മേൽ ഇസ്രായേലിന് അനിയന്ത്രിതമായ അവകാശങ്ങളുണ്ട്. മൂന്നാമതായി, ഇസ്രായേൽ അമേരിക്കയടക്കമുള്ള ലിബറൽ പാശ്ചാത്യ രാജ്യങ്ങളുടെ വഴികളെ സൂക്ഷിക്കുകയും അവരുടെ നിർദ്ദേശങ്ങളെ നിരസിക്കുകയും വേണം.

"ജൂത രാഷ്ട്രത്തെ" ഫലസ്തീൻ പൌരന്മാരില്‍ നിന്നും മോചിപ്പിക്കുന്നതിൽ ആദ്യകാല സയണിസ്റ്റുകളുടെ പരാജയത്തെക്കുറിച്ചും ഇന്നത്തെ മതഭ്രാന്തന്മാർ വിലപിക്കുന്നു. 1947-1949 കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ഫലസ്തീനികളെ പുറത്താക്കിയത് ശരിയാണെന്ന് അവർ വിശ്വസിക്കുന്നുണ്ടെങ്കിലും, ശേഷിച്ച ന്യൂനപക്ഷത്തെ അവിടെതന്നെ തുടരാന്‍ അനുവദിച്ചതും എണ്ണത്തിലും സ്വാധീനത്തിലും വളരാൻ അനുവദിച്ചതും വലിയ അപരാധമായിട്ടാണ് ഇക്കൂട്ടർ കാണുന്നത്. ഫലസ്തീനികൾ ഇല്ലാത്ത ഇസ്രായേല്‍ ആണ് ഇവരുടെയെല്ലാം സ്വപ്നം. അല്ലെങ്കില്‍, ഫലസ്തീനികള്‍ യഹൂദ യജമാനന്മാരോട് സമ്പൂർണ വിശ്വസ്തത പുലർത്തി അവരുടെ അടിമകളായി ജീവിക്കാൻ തയ്യാറാവണമെന്നും ഇവർ പറയുന്നു.

2018-ൽ "ജൂത ജനതയുടെ രാഷ്ട്രമായി ഇസ്രായേലിനെ" പ്രഖ്യാപിച്ച വംശീയ നിയമം പാസാക്കാൻ മുന്നിട്ടിറങ്ങിയ നെതന്യാഹു കപടമായി കൊണ്ടു നടക്കുന്ന "ജൂത-ജനാധിപത്യ രാഷ്ട്രം" എന്ന ക്ലീഷേക്ക് ബദലായി" ജൂത രാഷ്ട്രം" എന്ന ലേബലിനുള്ളിൽ നിന്നു കൊണ്ടു തന്നെയാണ് പുതിയ മതഭ്രാന്തന്മാർ വംശീയ മേധാവിത്വം പുലർത്താൻ ശ്രമിക്കുന്നത്.

മറ്റെല്ലാ മതഭ്രാന്തന്മാരെയും പോലെ തന്നെ ഇസ്രായേൽ അധികാരികളും വിശുദ്ധ ഭൂമിക്കു വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം "ലക്ഷ്യം മാർഗങ്ങളെ ന്യായീകരിക്കുന്നു" എന്ന വിശ്വാസത്തിന്മേലാണ് നയിക്കുന്നത്. ജറുസലേമിന്റെ നിർബന്ധിത പുനർവിന്യാസവും യഹൂദവൽക്കരണവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇസ്‍ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ അൽ-അഖ്സ മസ്ജിദിലെ വിധ്വംസക പ്രവർത്തനങ്ങളടക്കം സമാധാനവും സഹവർത്തിത്വവും നശിപ്പിക്കപ്പെടുന്ന അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ പരിഗണിക്കാതെയാണ് ഇക്കൂട്ടരുടെ പ്രവർത്തനം.

അധിനിവേശം കൂടുതൽ ആഴത്തിലാക്കാനും, അനധികൃത ജൂത വാസസ്ഥലങ്ങൾ വർധിപ്പിക്കാനും, അനന്തരഫലങ്ങൾ പരിഗണിക്കാതെ തന്നെ അവയെ മൊത്തത്തിൽ കൂട്ടിച്ചേർക്കാനും അവർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ പാശ്ചാത്യ പിന്തുണക്കാർ സത്യസന്ധതയില്ലാതെയാണെങ്കിലും മുന്നോട്ട് വെക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും മുഴുവൻ സമാധാന പ്രക്രിയകളെയും പാടെ നിരാകരിച്ചുകൊണ്ടാണ് ഈ തീവ്രവാദി അധികാരികളുടെ നീക്കം.

1948ന് ശേഷം അഞ്ഞൂറിലേറെ ഫലസ്തീന്‍ ഗ്രാമങ്ങളും ഒരു ലക്ഷത്തി എഴുപതിനായിരത്തിലേറെ വീടുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം കെട്ടിടങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം നശിപ്പിക്കപ്പെട്ടത്. പുതിയ സര്‍ക്കാര്‍ നിലവില്‍വന്ന ശേഷം, ഫലസ്തീനികള്‍ക്കെതിരെയുള്ള അക്രമണങ്ങളും വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതും വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. അറബികളുടെ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ ഇസ്റാഈലിനെ ബാധിച്ച രോഗമാണെന്നും അത് നീക്കം ചെയ്തേ മതിയാവൂ എന്നും നെതന്യാഹു 2016ല്‍ പറഞ്ഞതിന്റെ തുടര്‍പ്രയോഗങ്ങളാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. കൃത്യമായ രേഖകളില്ലാതെ നിയമവിരുദ്ധമായി നിര്‍മ്മിക്കപ്പെട്ടവയാണെന്ന് പറഞ്ഞാണ് അവര്‍ ഫലസ്തീനികളുടെ, വിശിഷ്യാ സമരം ചെയ്യുന്നവരുടെ വീടുകള്‍ പൊളിച്ചുനീക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഫലസ്തീനിലൊന്നടങ്കം നിരാഹാര സമരങ്ങള്‍ അരങ്ങേറുകയാണ്. 

അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനത്തിനിടയിലും ആക്രമണങ്ങള്‍ തുടരുകയാണ്. ഇന്നലെ ഇസ്റാഈല്‍ അധികാരികളുമായി  കൂടിക്കാഴ്ച നടത്തുകയും നെതന്യാഹുവിനൊപ്പം പത്രസമ്മേളനത്തില്‍ സംബന്ധിക്കുകയും ചെയ്ത ബ്ലിങ്കണ്‍ ഇന്ന് വെസ്റ്റ് ബേങ്കിലെത്തി ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തും. ഇരുരാഷ്ട്രങ്ങളുടെയും സമാധാനത്തിന് വേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്ന് ബ്ലിങ്കണ്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ തന്നെ ആക്രമണങ്ങളും പൊളിച്ചുനീക്കലുകളും നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

അമേരിക്കൻ ജീവിതരീതിയിൽ അഭിനിവേശമുള്ള മുഖ്യധാരാ മതേതര ഇസ്രായേലികളിൽ നിന്ന് വ്യത്യസ്തമായി, ഇസ്രയേലിലും അതിന്റെ ജീവിതരീതിയിലും ലിബറൽ അമേരിക്കയുടെ സ്വാധീനത്തെ പോലും നിരാകരിച്ചു കൊണ്ട് തീവ്ര ജൂത രാഷ്ട്രം എന്ന നിലയിൽ മാത്രം ഇസ്രായേലിനെ കാണാനും പ്രദര്‍ശിപ്പിക്കാനും ആഗ്രഹിക്കുന്ന നവ തീവ്രവാദികളുടെ മുഖ്യധാര അധിനിവേശത്തിനാണ് പുതിയ നേതാന്യാഹു ഭരണകൂടം നാന്ദി കുറിച്ചത്. ഇവര്‍ക്കിടയില്‍ പൊറുതിമുട്ടി കഴിയുന്ന, നാടിന്റെ യഥാര്‍ത്ഥ അവകാശികളായ ഫലസ്തീനികളുടെ ഭാവി എന്താകുമെന്ന് പ്രപഞ്ച നാഥനേ അറിയൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter