ഖജീദ ബീവി(റ) പറയുന്നത് പ്രവാസികളോട് കൂടിയാണ്... തീര്‍ച്ച
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്, കോവിഡ് മഹാമാരിയുടെ വിശേഷങ്ങളാണ്, വിശിഷ്യാ പ്രവാസികളെ സംബന്ധിക്കുന്ന ആശങ്കകള്‍. സ്വന്തക്കാരെയോ സ്വന്തക്കാര്‍ക്ക് അവരെയോ അവസാനമായി ഒന്ന് കാണാന്‍ പോലുമാവാതെ വിട പറയേണ്ടിവന്നവരുടെ ചില അനുഭവങ്ങളും വായിക്കാനിടയായി. കരുണാവാരിധിയായ പ്രപഞ്ചനാഥന്‍ ആ സഹോദരങ്ങളെ രക്തസാക്ഷികളായി സ്വീകരിക്കട്ടെ എന്ന് ആദ്യമായി പ്രാര്‍ത്ഥിക്കട്ടെ.
ഭൂരിഭാഗ പ്രവാസികള്‍ക്കും ആഴ്ചയില്‍ ലഭിക്കുന്ന ഏക ഒഴിവ് ദിവസമാണ് വെള്ളിയാഴ്ച. അത് തന്നെ, പലര്‍ക്കും നാല് മണിയോടെ ജോലിക്ക് പോവേണ്ടിയും വന്നേക്കാം. അലക്കലും തേക്കലും മറ്റു വൈയ്യക്തിക കാര്യങ്ങളുമെല്ലാം നിര്‍വ്വഹിച്ച് ജുമുഅ കഴിയുമ്പോഴേക്ക്, ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങാനായിരിക്കും ആരും ആഗ്രഹിച്ചുപോവുക. എന്നാല്‍ ഒരു ശരാശരി പ്രവാസി നേരെ പോകുന്നത്, ഏതെങ്കിലും റൂമിലോ ഇസ്‍ലാമിക് സെന്റര്‍ ഓഫീസുകളിലോ മറ്റോ ഉള്ള പരിമിതമായ സൌകര്യങ്ങളിലൊതുങ്ങിയ ഒരു യോഗത്തിലേക്കായിരിക്കും. അവിടെ അവര്‍ ചര്‍ച്ച ചെയ്യുന്നത്, വിവിധ പ്രശ്നങ്ങള്‍ പേറി നാട്ടില്‍ നിന്നെത്തിയ എഴുത്തുകളും അപേക്ഷകളും സന്ദേശങ്ങളുമായിരിക്കും. ഓരോന്നിനും എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ച് ചെയ്ത്, ശേഷമുള്ള ദിവസങ്ങള്‍ അതിലേക്കാവശ്യമായത് കണ്ടെത്താനുള്ള വിളികളും കാണലുകളുമായിരിക്കും.
സ്വന്തം കുടുംബത്തിന്റെ വിശപ്പകറ്റാനായി നാടും വീടും വിട്ട് പലായനം ചെയ്തവരാണ് പ്രവാസികള്‍. അവിടെയെത്തി ജോലി ചെയ്ത് കൂടുന്നതിനിടയിലും നാടിനെയും നാട്ടുകാരെയും മറക്കാത്തവരാണ് അവരിലധികവും. വൈയ്യക്തികമായ പ്രയാസങ്ങളെത്രയുണ്ടായാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദാനധര്‍മ്മങ്ങള്‍ക്കും അവര്‍ക്കത് തടസ്സമായതേ ഇല്ല. ചിലരെയെങ്കിലും ഉന്നത ഉദ്യോഗങ്ങളും സുഖസൌകര്യങ്ങളും തേടി വന്നപ്പോഴും അതും അവര്‍ക്ക് നാട്ടുകാരെ കുറിച്ചുള്ള ചിന്തകള്‍ക്കോ ആലോചനകള്‍ക്കോ തടസ്സമായില്ല.
ചുരുക്കത്തില്‍, പ്രവാസികള്‍ കുടുംബത്തിനും കൂടെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി സ്വയം ഉരുകിത്തീരുന്ന മെഴുകുതിരികള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ, ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരോട് പറയാനുള്ളത്, ഖജീദ ബീവി(റ) വഹ്‍യിന്റെ പ്രഥമാവതരണത്തില്‍ ഭയചകിതരായി ഹിറയില്‍നിന്ന് മടങ്ങിവന്ന പ്രവാചകരോട് പറഞ്ഞ, സമാശ്വാസത്തിന്റെ അര്‍ത്ഥഗര്‍ഭവും നിത്യപ്രസക്തവുമായ ആ വാക്കുകള്‍ തന്നെയാണ്, ‘ഇല്ല, അല്ലാഹുവാണേ സത്യം, നിങ്ങള്‍ക്കൊരിക്കലും അല്ലാഹു മാനഹാനി വരുത്തുകയില്ല, കാരണം, താങ്കള്‍ കുടുംബബന്ധം പുലര്‍ത്തുന്നു, സത്യം മാത്രം പറയുന്നു, മറ്റുള്ളവരുടെ പ്രയാസങ്ങള്‍ സ്വയം ഏറ്റെടുക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു, സത്യമാര്‍ഗ്ഗത്തില്‍ വരുന്ന പ്രയാസങ്ങളിലെല്ലാം താങ്ങായി കൂടെയുണ്ടാവുന്നു, അല്ലാഹു താങ്കളെ ഒരിക്കലും നിന്ദ്യതയിലേക്ക് തള്ളിവിടില്ല.’
പ്രിയ പ്രവാസി സുഹൃത്തുക്കളേ, നിങ്ങളോടും ഇത് തന്നെയാണ് പറയാനുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മാറ്റി വെച്ചവരാണ് നിങ്ങള്‍, ഇതരരുടെ പ്രയാസങ്ങളില്‍ മനസ്സ് തപിച്ചവരാണ് നിങ്ങള്‍... വീടില്ലാത്തവര്‍, കെട്ടുപ്രായമെത്തിയ പെണ്‍കുട്ടികള്‍, ചികില്‍സക്ക് വകയില്ലാതെ കഷ്ടപ്പെടുന്നവര്‍, അത്താണിയില്ലാത്ത കുടുംബങ്ങള്‍ തുടങ്ങി നാട്ടിലുള്ള ഏത് പ്രശ്നവും ഏറ്റെടുത്തവരായിരുന്നു നിങ്ങള്‍... അങ്ങോളമിങ്ങോളമുള്ള പള്ളികളും അറബികോളേജുകളും ബൈതുറഹ്മകളുമെല്ലാം നിങ്ങളുടേതായിരുന്നു. ആയതിനാല്‍, ഇല്ല, ഒരിക്കലും അല്ലാഹു നിങ്ങളെ കൈവെടിയുകയില്ല, തീര്‍ച്ച.
Leave A Comment