നമ്മുടെ ഹമീദ്: പ്രവാചകസ്നേഹത്തിന് ലഭിച്ച സാക്ഷ്യപത്രം
"എന്റെ സാമ്രാജ്യത്തിൽ ഒരു വൈദ്യുതി വിളക്ക് കത്തുന്നുവെങ്കിൽ അത് ആദ്യം ജ്വാല പരത്തേണ്ടത് എന്റെ മദീനയിലാണ്. ഒരു രാത്രിയില്‍ സൂര്യനെ വരുത്താന്‍ നമുക്ക് സാധിച്ചാല്‍ അതും ആദ്യം പ്രകാശം പരത്തേണ്ടത് എന്റെ മദീനയിലാണ്. അതുകഴിഞ്ഞിട്ട് മതി അബ്ദുൽ ഹമീദിന്റെ ബേയ്ലർ ബെയ് പാലസ് വൈദ്യുതീകരിക്കുന്നത്.' വൈദ്യുതി വിളക്കെന്ന കണ്ടുപിടിത്തത്തിന് ശേഷം ചില സമ്പന്നര്‍ അവരുടെ വീടുകള്‍ വൈദ്യുതി വല്‍കരിച്ചപ്പോള്‍, ഉസ്മാനികളുടെ രാജകീയ വസതിയായ ബേയിലർ ബെയ് പാലസിൽ വൈദ്യുതി വിളക്ക് സ്ഥാപിക്കുവാനുള്ള നിർദ്ദേശത്തോട് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ നടത്തിയ പ്രതികരണമായിരുന്നു ഇത്. പ്രവാചക സ്നേഹം നിഴലിച്ചു നിൽക്കുന്ന, ചരിത്രത്തില്‍ അമരത്വം നേടിയ വാക്കുകളെന്ന് പറയാം.
ഹൃദയാന്തരങ്ങളിൽ പ്രവാചക സ്നേഹം സ്ഥിരപ്രതിഷ്ഠ നേടുക എന്ന പ്രവാചക പ്രേമത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന മൂല്യത്തെ തന്റെ ജീവിതത്തിൽ സർവാത്മനാ പ്രാവർത്തികമാക്കിയ ഭരണാധികാരിയായിരുന്നു സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്‍. ആറ് നൂറ്റാണ്ട് കാലം ഭരണചക്രം തിരിച്ച ഉസ്മാനിയ സാമ്രാജ്യത്തിന്റെ ആദർശ ധീരതയുടെയും പ്രവാചക സ്നേഹത്തിന്റെയും പ്രതീകമായ 34 ആമത്തെ ഭരണാധികാരിയായിരുന്നു അബ്ദുൽഹമീദ് സാനി. ചരിത്രനിഷ്കാസനത്തിന്റെ വക്രീകരിക്കപ്പെട്ട ഏടുകൾക്കിടയിൽ നിന്ന് യാഥാർത്ഥ്യബോധത്തിന്റെയും വിശ്വാസത്തിന്റെയും മാപിനിയിൽ അദ്ദേഹത്തെ വായിക്കുന്ന ഏതൊരാൾക്കും കളങ്കരഹിതനായ അബ്ദുൽ ഹമീദ് എന്ന പ്രവാചകസ്നേഹിയെ നിഷ്പ്രയാസം കണ്ടെത്താനാവും.
ഇസ്‍ലാമിക ഖിലാഫത്തിന്റെ പ്രാരംഭദശയിൽ തമീമുദ്ദാരി സ്ഥാപിച്ച ഒലിവ് ഓയിലിനാൽ പ്രകാശം പരത്തുന്ന പാനീസ് വിളക്കുകൾക്കും റാന്തലുകൾക്കും ശേഷം മദീനയെ പ്രകാശപൂരിതമാക്കിയ മഹാനായ ഭരണാധികാരി എന്ന പ്രയോഗത്തിനപ്പുറം പ്രവാചക ജീവിതത്തെ തന്റെ ജീവിത ദർശനമാക്കി സ്വീകരിച്ച്, വ്യക്തി ജീവിതത്തിലും ഭരണ തലങ്ങളിലും അത് നിഴലിച്ച് നിന്ന നിസ്തുല ജീവിതമായിരുന്നു സുല്‍താന്‍ അബ്ദുൽഹമീദിന്റേത്. പ്രവാചകരുടെ അനുഗ്രഹീത നാമം പരാമർശിക്കുമ്പോൾ തല താഴ്ത്തി ഹൃദയത്തിൽ കൈ വെച്ച് വിനയം പ്രകടിപ്പിക്കൽ പതിവാക്കിയിരുന്ന അദ്ദേഹം ദിവസവും പ്രവാചകന്റെ മേൽ സലാത്തുകൾ വർധിപ്പിക്കുകയും പ്രവാചകനെക്കുറിച്ച് കവിതകൾ എഴുതുവാൻ തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും സമയം കണ്ടെത്തുകയും ചെയ്തിരുന്നു. ഖിലാഫത്ത് അട്ടിമറിക്കപ്പെട്ട ശേഷം ജയിൽ വാസമനുഭവിക്കുമ്പോഴും പ്രവാചകരുടെ കവിത എഴുതുന്നതിൽ ആയിരുന്നു അദ്ദേഹം ആവേശം കണ്ടെത്തിയിരുന്നത്. മദീനയുടെ ചുവരുകളിൽ പോലും അദ്ദേഹത്തിന്റെ കവിതകൾ രേഖപ്പെടുത്തിയിരുന്നതായി ചരിത്രങ്ങളിൽ കാണാം. തന്റെ സ്വപ്നപദ്ധതിയായി അദ്ദേഹം കണക്കാക്കിയ ഹിജാസ് റെയിൽവേ പോലും പ്രവാചക പ്രേമത്തിൽ ഉടലെടുത്തതായിരുന്നു. പ്രേമ ഭാജനത്തിനുള്ള സമ്മാനമായ ഹിജാസിനുള്ള റെയിൽപ്പാത നിർമ്മിക്കുമ്പോൾ, മദീനയിൽ പ്രവാചകനോടുള്ള ബഹുമാനാർത്ഥം വലിയ ശബ്ദമുണ്ടാകാതിരിക്കാൻ തൊഴിലാളികൾ അവരുടെ ചുറ്റികയിൽ ഒരു തുണി ഘടിപ്പിക്കാൻ സുൽത്താൻ അബ്ദുൽഹമീദ് ഉത്തരവിട്ടതടക്കമുള്ള അനേകം പ്രവാചക പ്രേമത്തിന്റെ ഉദാഹരണങ്ങള്‍ ആ പ്രൌഢ ജീവിതത്തിൽ സുലഭമാണ്.
ഭരണതലത്തിലെ അനുരാഗ സ്വാധീനങ്ങൾ
വ്യക്തി ജീവിതത്തിൽ പ്രവാചകസ്നേഹം പരിച്ഛേദമായി സൂക്ഷിക്കാൻ വ്യഗ്രത കൊള്ളുന്നതോടൊപ്പം ഭരണ രംഗത്തും മുഹമ്മദീയ ശരീഅത്തിന് വിപരീതം സംഭവിക്കാതിരിക്കാൻ അദ്ദേഹം ബദ്ധശ്രദ്ധ പുലർത്തിയിരുന്നു. ഉസ്മാനിയ ഖലീഫമാർ ഒരിക്കൽ നടത്തി പരാജയത്തിൽ കലാശിച്ച തൻസീമാത്ത് പരിഷ്കാരത്തിലും വേഗത്തിലുള്ള യൂറോപ്പ് വത്ക്കരണം ആവശ്യപ്പെട്ട് ഇസ്താംബൂളിൽ ഒരുമിച്ചു കൂടിയ യുവതുർക്കികൾക്ക് ഇവിടെ മുഹമ്മദ് നബിയുടെ ശരീഅത്താണ് നടപ്പാക്കുന്നത് എന്നായിരുന്നു അദ്ദേഹം തീർപ്പ് കൽപ്പിച്ചത് എന്ന് കാണാം. പ്രവാചകരുടെയും ദീനിന്റെയും സത്വസംരക്ഷണം തന്റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ ആദർശബോധമുള്ള പ്രവാചക സ്‌നേഹിയായതിനാലാണ് ഭരണപരമായ പ്രത്യാഘാതങ്ങൾ വരെ ഉണ്ടാവുന്ന പല തീരുമാനങ്ങളും കൈക്കൊള്ളാൻ അദ്ദേഹം ചിന്തിക്കാതിരുന്നത്. 1888 ൽ വിവാദ ഫ്രഞ്ച് നാടകകൃത്തും കവിയുമായിരുന്ന മാർക്വിസ് ഹെൻറി ഡി ബോർണിയർ പ്രവാചക നിന്ദ പ്രമേയമാക്കി മുഹമ്മദ് എന്നപേരിൽ ഒരു നാടകവുമായി രംഗത്ത് വരികയും അതിന്റെ പ്രദർശനം ആരംഭിക്കുകയും ചെയ്യുകയാണെന്ന വാർത്തയറിഞ്ഞതോടെ കറകളഞ്ഞ പ്രവാചക സ്നേഹിയായ സുൽത്താൻ അബ്ദുൽഹമീദിന് അടങ്ങിയിരിക്കാൻ ആയില്ല. ഫ്രാൻസിലെ തുർക്കി അംബാസിഡർ മുഖേന ഫ്രഞ്ച് ഭരണാധികാരികളോട് നാടകത്തിന്റെ പ്രദർശനമവസാനിപ്പിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറ പിടിച്ച് ആ ആവശ്യം നിരാകരിക്കാനാണ് അവർ മുതിർന്നത്. തന്റെ ഭാഷ കടുപ്പിച്ച് സുൽത്താൻ നിലപാട് ആവർത്തിച്ചതോടെ ഫ്രഞ്ച് ഭരണകൂടം നിലപാട് അല്പം മയപ്പെടുത്തിക്കൊണ്ട് ഫ്രഞ്ച്-മുസ്‍ലിം കോളനികളായ അൾജീരിയ, ടുണീഷ്യ അടക്കമുള്ള പ്രദേശങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചു. തന്റെ ജീവിതകാലത്ത് തന്റെ പ്രേമ ഭാജനത്തെ നിന്ദിക്കുന്ന രംഗങ്ങൾ ലോകത്തിന്റെ ഏതു കോണിലും ഉണ്ടാവരുതെന്ന നിലപാടെടുത്ത് അദ്ദേഹം ഫ്രഞ്ച് അംബാസിഡറെ വിളിച്ചുവരുത്തി ശക്തമായ ഭാഷയിൽ ഫ്രഞ്ച് നയത്തെ വിമർശിക്കുകയും താക്കീത് നൽകുകയും ചെയ്തോടെ അംബാസിഡർ കാര്യത്തിന്റെ ഗൗരവം ഉണർത്തി ഫ്രാൻസിന്റെ പ്രധാനമന്ത്രി ചാർലി സ്റൈസിനെറ്റിന് കത്തെഴുതി . അതുമൂലം വിഷയമർമ്മവും അനന്തരഫലവും ഗ്രഹിച്ച ഫ്രഞ്ച് ഭരണകൂടം ആ നാടകം നിരോധിക്കുക കൂടി ചെയ്തതോടെ ആ വിവാദത്തിന് ഒരു താത്കാലിക പര്യവസാനം ആയി.
എങ്കിലും, തന്റെ ശ്രമം വിഫലമായതോടെ ബോർണിയർ നാടകവുമായി ലണ്ടനിലെ ലൈസിയം തിയറ്ററിന്റെ ഉടമകളുമായി ചർച്ച നടത്തി തന്റെ നാടകത്തെ ആ തട്ടകത്തിലെത്തിച്ചു. പ്രവാചക വിമർശകരോട് പൊതുവിൽ അനുഭാവസമീപനം പുലർത്തിയിരുന്ന ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്ന് അനുമതി നേടുക അദ്ദേഹത്തിന് എളുപ്പമായിരുന്നു. ഇംഗ്ലണ്ടിലും തടസ്സവാദവുമായി സുൽത്താൻ രംഗത്തെത്തി. പക്ഷേ, ഇത് ഫ്രാൻസ് അല്ല, ഇംഗ്ലണ്ടാണ് എന്ന അധികാര ധാർഷ്ട്യത്തിന്റെയും തികഞ്ഞ അവജ്ഞയുടെയും മറുപടിയാണ് അവരിൽ നിന്നുണ്ടായത്. ഇതോടെ സുൽത്താനിലെ പ്രവാചകസ്നേഹിയുടെ രൗദ്രഭാവം പുറത്തുവന്നു. ആ കത്തിനുള്ള മറുപടിയിൽ കോപകുലനായി സുൽത്താൻ കുറിച്ചത് ഇങ്ങനെയാണ്, "ദൈവാർപ്പണത്തിന്റെ മാർഗ്ഗത്തിൽ യാതൊരു മടിയും കൂടാതെ തങ്ങളുടെ ജീവൻ നൽകിയവരാണ് എന്റെ മുൻഗാമികൾ. ഈ സിരകളിലൂടെ ഓടുന്നത് അവരുടെ രക്തമാണ്. പ്രവാചകനെ അപഹസിച്ചുള്ള നാടകം പ്രദര്‍ശിപ്പിക്കാനുള്ള വാശിയും ധിക്കാരവും തുടരാനാണ് ഇനിയും നിങ്ങളുടെ ഭാവമെങ്കിൽ മുസ്‍ലിം ലോകത്തോട് എനിക്ക് ഒരു നിർണായക കല്പന പുറപ്പെടുവിക്കേണ്ടിവരും. എന്താവും ആ കൽപ്പനയുടെ പ്രത്യാഘാതം എന്ന് നിങ്ങൾ ചർച്ച ചെയ്തുകൊള്ളുക".
സുൽത്താന്റെ ഭാഷയുടെ തീക്ഷ്ണത മനസ്സിലാവുന്ന കത്ത് കൈപ്പറ്റിയതോടെ ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളെ കുറിച്ചുള്ള ഭീതിയിൽ ഇംഗ്ലണ്ട് നാടകം നിരോധിച്ചു. പ്രവാചകർക്കെതിരെ തിരിയുന്നത് ആരെന്നു പോലും നോക്കാതെ സമചിത്തതയോടുകൂടി അവരുടെ കുതന്ത്രങ്ങളെ തകർക്കാൻ ജീവാർപ്പണം നടത്താൻ വരെ തയ്യാറാകുന്ന രണോത്സുകത വഴി എല്ലാ പ്രവാചക സ്നേഹികളുടെയും യഥാർത്ഥ പ്രതിനിധി ആവുകയായിരുന്നു അക്ഷരാർത്ഥത്തിൽ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്‍.
പ്രവാചക സ്നേഹം മൂലം അഹ്‌ലുബൈതിനോട് അദ്ദേഹം പ്രത്യേക ബഹുമാനവും ആദരവും സൂക്ഷിച്ചു പോന്നിരുന്നു. തന്റെ ഭരണത്തിന് കീഴിലുള്ള സുപ്രധാന വകുപ്പുകളിൽ അഹ്‍ലുബൈത്തിൽ നിന്നുള്ളവരെ നിയമിച്ച സംഭവങ്ങൾ കാണാൻ സാധിക്കും. കേരള മുസ്‍ലിം നവോത്ഥാന ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത നാമം മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകനായ സയ്യിദ് ഫസൽ തങ്ങൾ വരെ അബ്ദുൽ ഹമീദ് സാനിയുടെ ഖിലഫത്തിലെ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. എല്ലാവർഷവും അബ്ദുൽ ഹമീദ് സാനിയുടെ നേതൃത്വത്തിൽ അസംഖ്യം പണ്ഡിതരുടെയും അഹ്‍ലുബൈത്തിന്റെയും സാന്നിധ്യത്തിൽ, നബി(സ്വ)യുടെ മൗലിദ് പാരായണം നടത്തുകയും അവിടുത്തെ മദ്ഹുകൾ പറയലും പതിവാക്കിയിരുന്നുവെന്നതടക്കമുള്ള അനല്പമായ പ്രവാചക സ്നേഹത്തിന്റെ ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ലഭ്യമാണ്.
ആ പ്രവാചകാനുരാഗത്തിനുള്ള ഉൽകൃഷ്ട സമ്മാനമായ ഉസ്മാനിയ ഖിലാഫത്തിലെ വസീർ തഹസീൻ പാഷയുടെ സുൽത്താൻ അബ്ദുൽ ഹമീദ് ജീവചരിത്രത്തിലെ ഹൃദയഹാരിയായ ഒരു ഏട് ഇങ്ങനെ വായിക്കാം, ഒരു വെള്ളിയാഴ്ച ദിവസം സുൽത്താൻ അബ്ദുൽ ഹമീദിന്റെ കൂടെ ഔദ്യോഗിക കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ നഗരത്തിലെ ഒരു കച്ചവടക്കാരൻ തനിക്ക് സുൽത്താൻ കടം തരുവാൻ ഉണ്ടെന്ന് പറഞ്ഞു ബെയ്ലർ ബെയ് കൊട്ടാരത്തിലെത്തി. അക്കാര്യം ഞാന്‍ സുൽത്താന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കച്ചവടക്കാരൻ ഭ്രാന്തനോ മറ്റോ ആയിരിക്കുമെന്ന് വിചാരിച്ച അദ്ദേഹത്തെ മടക്കി അയക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും സുൽത്താൻ അബ്ദുൽഹമീദിനെ കാണണമെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞതു മൂലം അദ്ദേഹം ഇപ്പോഴും പാലസിൽ തന്നെ തുടരുന്നുവെന്ന കാര്യവും ഞാന്‍ ഉണര്‍ത്തി. ഉടനെ അദ്ദേഹത്തെ അകത്തേക്ക് കടത്തിവിടുവാൻ സുൽത്താൻ സമ്മതം നൽകുകയും ചെയ്തു. എങ്ങനെയാണ് കച്ചവടക്കാരനോട് താൻ കടക്കാരൻ ആയത് എന്നതിനെക്കുറിച്ച് സുൽത്താൻ ആരാഞ്ഞു.
കച്ചവടക്കാരൻ മറുപടി പറഞ്ഞു: "എന്റെ കച്ചവടം തകരുകയും എനിക്ക് ധാരാളം കടങ്ങൾ വരുകയും ചെയ്തപ്പോൾ എല്ലാ രാത്രിയിലും ഞാൻ അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിക്കുക പതിവാക്കിയിരുന്നു. ഇന്നലെ രാത്രി എന്റെ സ്വപ്നത്തിൽ പ്രവാചകൻ(സ്വ) എന്നോട് എന്റെ കടത്തെ കുറിച്ച് അന്വേഷിക്കുകയും കടം വീട്ടാനാവശ്യമായ തുക നമ്മുടെ അബ്ദുൽഹമീദിനോട് ചോദിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അതോടൊപ്പം എല്ലാ ദിവസവും സലാത്തുകളും ദിക്റുകളും പതിവാക്കാറുണ്ടായിരുന്ന സുൽത്താൻ ഇന്നലെ അത് മറന്നു പോയിരുന്നു എന്ന കാര്യം ഉണർത്തുവാനും നബി(സ്വ) സ്വപ്നത്തിൽ ആവശ്യപ്പെടുകയും ചെയ്തു. അത് പ്രകാരമാണ് ഞാൻ ഇവിടെ വന്നത്."
ഇതു കേട്ട മാത്രയിൽ അദ്ദേഹത്തോട് സുൽത്താൻ സംഭവം ആവർത്തിക്കുവാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഓരോ തവണയും പ്രവാചക സംസാരത്തിലെ 'നമ്മുടെ ഹമീദ്' എന്ന ഭാഗം എത്തുമ്പോൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണ്ണക്കിഴികൾ അദ്ദേഹത്തിന് നൽകിക്കൊണ്ടിരുന്നു. ഇത് തുടരുന്നത് കണ്ട ഞാന്‍ ഇടപെടുകയും കച്ചവടക്കാരന് ആവശ്യമായത് ലഭിച്ചോ എന്ന് കച്ചവടക്കാരനോട് ചോദിക്കുകയും ചെയ്തു. അത് എപ്പോഴേ തികഞ്ഞു എന്ന കച്ചവടക്കാരന്റെ മറുപടി കേട്ടപ്പോൾ സുൽത്താന്റെ അനുമതിയോടുകൂടി അദ്ദേഹത്തെ പോകുവാൻ അനുവദിക്കുകയും ചെയ്തു. ശേഷം മുഴുവൻ സ്വർണ്ണവും താങ്കൾ അദ്ദേഹത്തിന് നൽകുമോ എന്ന് ഞാൻ ഭയപ്പെട്ടു എന്ന് സുൽത്താനോട് ഞാന്‍ ആശ്ചര്യം പ്രകടിപ്പിച്ചപ്പോള്‍, സുൽത്താന്റെ പ്രതികരണം ഏറെ അത്ഭുതവാഹമായിരുന്നു. അദ്ദേഹം ആവശ്യപ്പെടുകയായിരുന്നെങ്കിൽ ഞാനെന്റെ ഖിലാഫത്ത് പോലും അദ്ദേഹത്തിൻ വിട്ടുനിൽകുമായിരുന്നുവന്നായിരുന്നു സുൽത്താന്റെ മറുപടി
ഒരു പ്രവാചക സ്നേഹിക്ക് പ്രവാചകനിൽ നിന്ന് ലഭിച്ച അത്യുത്തമായ അംഗീകാരമായിരുന്നു നമ്മുടെ ഹമീദ് എന്ന വാക്യം. ഇസ്‍ലാമിക സ്വത്വവും പ്രവാചക സ്നേഹവും അകത്തായിരിക്കണമെന്നും തൊപ്പിയും സുന്നത്തുകളുമെല്ലാം ഉള്ളില്‍ സൂക്ഷിക്കണമെന്നും പറയുന്ന നവലോക മുസ്‌ലിം സമൂഹത്തിന് മുമ്പിൽ പ്രവാചകസ്നേഹത്തില്‍ യുദ്ധപ്രഖ്യാപനത്തിന് വരെ തയ്യാറായ മഹാസന്ദേശമായി സുൽത്താൻ അബ്ദുൽ ഹമീദ് ചരിത്രത്തോടൊപ്പം എന്നെന്നും ഓര്‍ക്കപ്പെടേണ്ടതുണ്ട്.
Leave A Comment