അറിയാം, സ്നേഹിക്കാം ആ തിരുദൂതരെ

ഇന്നലെ (ഒക്ടോബര്‍ 8മ, റബീഉല്‍അവ്വല്‍ 9) വെള്ളിയാഴ്ച മദീന പള്ളിയില്‍ നടന്ന ഖുതുബയുടെ ഹ്രസ്വ പരിഭാഷ
ഖതീബ്- ശൈഖ് അഹ്മദ് ബിന്‍ ത്വാലിബ് ഹമീദ്

അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, അവന്റെ പ്രവാചകരിലും കുടുംബത്തിലും അനുയായികളിലും സ്വലാതും സലാമും വര്‍ഷിക്കട്ടെ. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. 

വിശ്വാസികളേ,
മനുഷ്യരില്‍ ആര് എത്ര തന്നെ അറിവിലും മഹത്വത്തിലും ഉന്നതി നേടിയാലും അല്ലാഹുവിന്റെ പ്രവാചകരുടെ മഹത്വം മനസ്സിലാക്കാനോ അവിടത്തെ ഗുണഗണങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനോ സാധ്യമല്ല. കാരണം ആ പ്രവാചകരെ പഠിപ്പിച്ചത് അല്ലാഹു നേരിട്ടാണ്. നാഥന്റെ നാമത്തില്‍ വായിക്കുക എന്ന ആദ്യസൂക്തം ഇതാണ് സൂചിപ്പിക്കുന്നത്. താങ്കള്‍ക്ക് നാം ഓതിത്തരും, അപ്പോള്‍ താങ്കള്‍ മറക്കുകയില്ല എന്ന സൂക്തവും ആ അധ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. ധൃതി കാണിച്ച് കൊണ്ട് നാവ് ചലിപ്പിക്കരുത് എന്നും താങ്കള്‍ക്ക് അറിയാത്തതെല്ലാം അല്ലാഹു താങ്കള്‍ക്ക് പഠിപ്പിച്ചിരിക്കുന്നു എന്നുമെല്ലാം വിവിധ സൂക്തങ്ങളായി കാണാം. ശേഷം, ആ പ്രവാചകന്റെ ഗ്രാഹ്യശേഷിയും ഹൃദയവും കണ്ണും കാതും ശരീരവും ആത്മാവും അവയവങ്ങളും സര്‍വ്വസ്വവും പരിശുദ്ധവും വ്യതിചലനസാധ്യത പോലുമില്ലാത്തതാണെന്നും പറയുന്നതിലൂടെ ദിവ്യസന്ദേശത്തിന് ഏറ്റവും പക്വമാണെന്നതിന്റെ സാക്ഷ്യപത്രമാണ് നല്കുുന്നത്. 
ശേഷം ആ പ്രവാചകനെ നിങ്ങളെല്ലാം പിന്‍പറ്റണമെന്നാണ് മനുഷ്യകുലത്തോട് അല്ലാഹു കല്പിക്കുന്നത്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്ന് മാത്രമല്ല, അല്ലാഹുവിനോട് സ്നേഹമുണ്ടെങ്കില്‍ പ്രവാചകനെ പിന്‍പറ്റുകയാണ് വേണ്ടത് എന്ന് വരെ നമ്മോട് നിര്‍ദ്ദേശിക്കുന്നു. പ്രവാചരെ സാധ്യമാവുന്നത്ര മനസ്സിലാക്കുകയും അവിടുത്തെ ജീവിതം പഠിക്കുകയും ചെയ്ത് അതിനോട് പിന്തുടരുകയാണ് നാം വേണ്ടത്. മാതാപിതാക്കളേക്കാളും ഭാര്യസന്താനങ്ങളേക്കാളും നമുക്കുള്ള സര്‍വ്വസ്വത്തേക്കാളും ആ പ്രവാചകരെ സ്നേഹിക്കുകയാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. സ്നേഹിക്കപ്പെടാവുന്ന സമ്പൂര്‍ണ്ണതയുടെ ഘടകങ്ങളെന്തെല്ലാമുണ്ടോ അതെല്ലാം ഒത്തിണങ്ങിയിരിക്കുന്നത് ആ പ്രവാചകനില്‍ മാത്രമാണല്ലോ. സൌന്ദര്യവും സര്‍വ്വസംശുദ്ധിയും എന്ന് വേണ്ട ബാഹ്യവും ആന്തരികവുമായ എല്ലാ ഗുണങ്ങളും ആ പ്രവാചകനില്‍ ഒത്ത് ചേര്‍ന്നിരിക്കുന്നു. 
ഏതൊരാളുടെയും ഗുണവിശേഷങ്ങളറിയുമ്പോഴാണ് അദ്ദേഹത്തെ നമുക്ക് കൂടുതല്‍ സ്നേഹിക്കാനാവുക. അത് കൊണ്ട് തന്നെ പ്രവാചകരെയും സാധ്യമാവുന്ന വിധമെല്ലാം മനസ്സിലാക്കുകയാണ് നമ്മുടെ ആദ്യത്തെ ബാധ്യത. അതിലൂടെ ആ പ്രവാചകരോടുള്ള അടങ്ങാത്ത അനുരാഗവും ആ സവിധത്തിലണയാനുള്ള ഉല്‍ക്കടമായ ആഗ്രഹവും ഒരു വിശ്വാസിക്ക് ജനിക്കാതിരിക്കില്ല. ആ ചിന്തകള്‍ തന്നെ ആനന്ദം പകരാതിരിക്കില്ല. 
ഏറ്റവും പൂര്‍ണ്ണവും സുന്ദരവുമായ രൂപത്തിലാണ് അല്ലാഹു പ്രവാചകരെ സൃഷ്ടിച്ചിരിക്കുന്നത്. മുമ്പോ ശേഷമോ ആ സമ്പൂര്‍ണ്ണതക്ക് തുല്യമായത് ലോകത്ത് ഉണ്ടായിട്ടേ ഇല്ല. സൃഷ്ടിപ്പിലും സ്വഭാവത്തിലും ഏറ്റവും ഉദാത്തമായിരുന്നു ആ വ്യക്തിത്വം. ഏറ്റവും വിശാലമായ മനസ്സ്, ഏറ്റവും സത്യസന്ധമായ നാവ്, ഏറ്റവും സുന്ദരമായ പെരുമാറ്റം, ഏറ്റവും ആകര്‍ഷകമായ സമീപനം, ആദ്യകാഴ്ചയില്‍ ആരുമൊന്ന് നോക്കിപ്പോവുന്ന ഗാംഭീര്യം, കൂട്ടുകൂടിയാല്‍ ഏറ്റവും വലിയ സ്നേഹം, സംസാരിച്ചാല്‍ അങ്ങേയറ്റത്തെ സ്ഫുടത, നിശ്ശബ്ദതയില്‍ നിറഞ്ഞ് നില്‍ക്കുന്ന ആദരവ്, യുക്തിഭദ്രവും മധുരതരവുമായ അനാവശ്യങ്ങളൊന്നുമില്ലാത്ത സംസാരം, മാല പൊട്ടി മുത്തുകള്‍ ചിതറി വീഴുന്നത് പോലുള്ള വാക്കുകള്‍, ദൂരെനിന്നും അടുത്ത് നിന്നും നോക്കിയാലും ആര്‍ക്കും മനസ്സിലാക്കാവുന്ന മുഖലാവണ്യം, അധികം ഉയരമോ ആകാരഹ്രസ്വതയോ ഇല്ലാത്ത വടിവൊത്ത ശരീരം, വല്ലതും മൊഴിയുമ്പോഴേക്ക് സംജാതമാവുന്ന സമ്പൂര്‍ണ്ണ നിശബ്ദത, സദാ സുസ്മിതം തൂകുന്ന, ചുറ്റും നിറഞ്ഞ് നില്‍ക്കുന്ന സദസ്സ്.
ചന്ദ്രന്‍ പോലും നാണിച്ചുപോവുന്ന മുഖസൌന്ദര്യം, ആരെയും വശീകരിക്കുന്ന പ്രകാശവും തെളിമയും, കണ്ടാല്‍ സൂര്യന്‍ ഉദിച്ചുവരുകയാണെന്നേ തോന്നൂ. പ്രവാചകത്വത്തിന്റെ ഉത്തമ നിദര്‍ശനങ്ങളാണ് പ്രഭാനിര്‍ഭരമായ ആ വദനവും ദിവ്യമായ ആശയങ്ങളാല്‍ നിര്‍ഭരമായ ആ ഹൃദയവും. പ്രവാചകര്‍ മദീനയിലേക്ക് ആദ്യമായി കടന്നുവന്ന വേളയിലെ ആദ്യദര്‍ശനത്തില്‍ തന്നെ, ഇതൊരു കള്ളം പറയുന്നവന്റെ മുഖമല്ലെന്ന് എനിക്ക് മനസ്സിലായി എന്ന് അബ്ദുല്ലാഹിബ്നുസലാം(റ) പറഞ്ഞതും ഇത് തന്നെയാണ്. 
വൃത്തിയുടെയും ആകര്‍ഷണീയതയുടെയും മകുടോദാഹരണമായ ഇരിപ്പും നടപ്പും, ശരീരവും വസ്ത്രവും, ആ വിയര്‍പ്പ് തുള്ളികള്‍ പോലും ലോകത്തിലെ ഏറ്റവും വലിയ സുഗന്ധത്തിനും അപ്പുറമായിരുന്നു. ആ സൌന്ദര്യത്തിന് മകുടം ചാര്‍ത്തുന്നതായിരുന്നു അവിടത്തെ ചലനങ്ങളും നീക്കങ്ങളുമെല്ലാം. സദാ കൂടെ കരുതുന്ന മിസ്‍വാക്, പ്രത്യേക വേളകളില്‍ ധരിക്കാനായി കരുതിവെക്കുന്ന പ്രത്യേക വസ്ത്രങ്ങള്‍, വീട്ടിലും അനുയായികള്‍ക്കിടയിലും രാഷ്ട്രപ്രതിനിധികള്‍ക്കൊപ്പവുമെല്ലാം അനുചിതമായി അണിഞ്ഞൊരുങ്ങിയിരുന്ന പ്രവാചകര്‍, അല്ലാഹു സുന്ദരനാണ്, അവന്റെ സൌന്ദര്യം ഇഷ്ടമാണെന്ന് ഇടക്കിടെ പറയാറുണ്ടായിരുന്നു. 
അവിടത്ത ശബ്ദം, ഏറ്റവും മധുരവും സംഗീതസാന്ദ്രവുമായിരുന്നു അത്. രാത്രിയുടെ യാമങ്ങളില്‍ കഅ്ബക്ക് സമീപമിരുന്ന് അവിടുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാനായി പലരും ഉറക്കമൊഴിച്ചിരിക്കാറുണ്ടായിരുന്നുവത്രെ. ആരെയും ആകര്‍ഷിക്കുന്ന ആ സംസാരം കേട്ടാല്‍ നാവിലൂടെ പുറത്ത് വരുന്ന പ്രകാശകിരണങ്ങളാണോ എന്ന് തോന്നിപ്പോവും വിധം, ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സംശയനിവാരണങ്ങളും ചിന്താസ്പൃക്കായ തത്വങ്ങളും എല്ലാം ഒരേ സമയം അടങ്ങുന്ന വിധം സമഗ്രമായിരുന്നു. ഊന്നുവടിയില്‍ ചാരി നിന്ന് അല്ലാഹുവിന് സ്തുതികളര്‍പ്പിച്ച് തുടങ്ങുന്ന സംസാരം, വളരെ പരിമിതമായിരുന്ന വാക്കുകള്‍, എന്നാല്‍ അന്ത്യനാള്‍ വരെ വിശദകീകരണങ്ങള്‍ ചമച്ചാലും തീരാത്ത ആശയസമ്പുഷ്ടതയും.. ഹനിക്കപ്പെടുന്ന അവകാശങ്ങള്‍, നരകവിശേഷണങ്ങള്‍ തുടങ്ങിയ ഗൌരവമായ കാര്യങ്ങളിലേക്കെത്തുമ്പോള്‍ തദനുസൃതമായി ഉയരുന്ന ശബ്ദം, ചുവക്കുന്ന മുഖകമലം. എല്ലാം ശ്രോതാക്കളുടെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന വിധമായിരുന്നു, പലപ്പോഴും അവര്‍ കണ്ണീര്‍ പൊഴിക്കാറുണ്ടായിരുന്നു, സ്വര്‍ഗ്ഗസുഖങ്ങളെകുറിച്ചൊക്കെ അവിടുന്ന് വിവരിക്കുമ്പോള്‍ അവര്‍ക്ക് വല്ലാത്ത രോമാഞ്ചം അനുഭവപ്പെടാറുണ്ടായിരുന്നു, പല സ്വഹാബികളും ഇത് വിവരിക്കുന്നത് ഹദീസുകളില്‍ കാണാം. 
പരിതികളില്ലാത്തതായിരുന്നു ആ അറിവും വിജ്ഞാനസാഗരവും. ആവശ്യമായതെല്ലാം അല്ലാഹു അവിടേക്ക് പകര്‍ന്നുകൊടുത്തിരുന്നു. അല്ലാഹുവിനെ കുറിച്ച് മാത്രമല്ല, അന്ത്യനാള്‍ വരെ വരാനിരിക്കുന്നതിനെകുറിച്ചെല്ലാം വ്യക്തമായ വിവരം തങ്ങള്‍ക്കുണ്ടായിരുന്നു. ഇടക്കിടെ, നിങ്ങള്‍ ചോദിച്ചോളൂ, ഞാന്‍ പറഞ്ഞുതരാം എന്ന് അനുയായികളോട് പറയുന്നത് അവിടത്തെ രീതിയായിരുന്നു. അല്ലാഹുവിനോട് സദാ, അറിവിലെ വര്‍ദ്ധനവിനായി പ്രാര്‍ത്ഥിച്ചിരുന്ന ഹബീബിന് അല്ലാഹു അത് വേണ്ടുവോളം നല്കാതിരിക്കില്ലല്ലോ. 
ഏറ്റവും പൂര്‍ണ്ണമായ ഹൃദയമായിരുന്നു അവിടുത്തേത്. ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്ന മനസ്സ്. എല്ലാം അതിലളിതമായി ഹൃദ്യമാക്കുകയും ഒരിക്കലും മറന്നുപോവാതിരിക്കുകയും ചെയ്യുന്ന പ്രത്യേക പ്രകൃതം, അല്ലാഹു തന്റെ സംസാരമായ വിശുദ്ധ ഖുര്‍ആന്‍, അതിന്റെ വാക്കുകള്‍ക്കൊപ്പം എല്ലാ അര്‍ത്ഥതലങ്ങളോടെയും  അവതരിപ്പിക്കാനും അത് ഇതരര്‍ക്ക് പകര്‍ന്നുകൊടുക്കാനുമായി സംവിധാനിച്ചതായിരുന്നുവല്ലോ ആ ഹൃദയം. അല്ലാഹുവിന്റെ തൃപ്തിയോടൊപ്പം നില്‍ക്കാനും അല്ലാഹുവിന് അനിഷ്ടമായതിനോട് വിയോജിക്കാനുമായിരുന്നു ആ ഹൃദയത്തിന്റെ പ്രവണത തന്നെ. അവസാന നാള്‍വരെ വരാനുള്ളവര്‍ക്കെല്ലാം വെളിച്ചം പകര്‍ന്നതും ആ ഹൃദയം തന്നെയായിരുന്നു. 
വിശുദ്ധ ഖുര്‍ആനായിരുന്നു അവിടത്തെ സ്വഭാവം. ആരോടും കലഹിക്കാതെ, ബഹളം വെക്കാതെ, വിട്ട് വീഴ്ചയോടെ കാര്യങ്ങളെ നോക്കിക്കണ്ട്, തിന്മ ചെയ്തവരോട് പോലും നന്മ കൊണ്ട് പ്രതികരിച്ച്, ആര് വിളിച്ചാലും സസന്തോഷം അതിന് മറുപടി നല്കി, എല്ലാവരെയും സന്തോഷിപ്പിക്കുന്നതായിരുന്നു അവിടുത്തെ പ്രകൃതം. അടഞ്ഞ ഹൃദയങ്ങളെയും അടച്ച കണ്ണുകളെയും പൊത്തിപ്പിടിച്ച ചെവികളെയും തുറക്കാനായി നിയോഗിക്കപ്പെട്ട പ്രവാചകര്‍ അങ്ങനെ ആവാതിരിക്കാന്‍ സാധ്യമല്ലല്ലോ. സല്‍സ്വഭാവത്തിന്റെ സുകുമാര ഗുണങ്ങളെല്ലാം അല്ലാഹു ആ പ്രവാചകനില്‍ നിക്ഷേപിച്ചിരുന്നു. ശാന്തതയായിരുന്നു അവിടത്തെ ഉടയാട, നന്മയായിരുന്നു അടയാളം, ഭയഭക്തിയായിരുന്നു ആ മനസ്സ്, സത്യസന്ധമായിരുന്നു ആ പ്രകൃതി, മാപ്പ് നല്കുന്നതായിരുന്നു ശീലം, വാക്പാലനം നിര്‍ബന്ധമായിരുന്നു, നീതിയായിരുന്നു ആ ചര്യ, സത്യചരിതമായിരുന്നു ഇമാം, ഇസ്‍ലാം ആയിരുന്നു ആദര്‍ശം, പുഞ്ചിരിയായിരുന്നു അവിടുത്തെ ആദ്യസമ്മാനം, ലജ്ജയായിരുന്നു അവിടത്തെ അലങ്കാരം, അത് കൊണ്ട് തന്നെ ആ പേര് തന്നെ അഹ്മദ് എന്നും മുഹമ്മദ് എന്നുമായിരുന്നു.
ആ സ്വഭാവം കൊണ്ടായിരുന്നു ജനങ്ങളെയെല്ലാം വഴിനടത്തിയത്, ശത്രുതയോടെ കഴിഞ്ഞിരുന്ന ഹൃദയങ്ങളെ ഇണക്കിച്ചേര്‍ത്തത്, യുദ്ധമുഖത്തുള്ളവരോട് പോലും വളരെ മാന്യമായി പെരുമാറിയത്, കുടുംബത്തോടും കൂട്ടുകാരോടും നാട്ടുകാരോടുമെല്ലാം അതിമനോഹരമായി വര്‍ത്തിച്ചത്, നിങ്ങളിലേറ്റം ഉത്തമസ്വഭാവക്കാര്‍ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് എന്ന് ഉപേദേശിക്കുന്നതോടൊപ്പം, നിങ്ങളില്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവന്‍ ഞാനാണ് എന്ന് പ്രഖ്യാപിക്കാനാവുന്നതും അത് കൊണ്ട് തന്നെ. കാരണം, അവിടുന്ന് ഭാര്യമാരെ സഹായിക്കാനും അവരുമായി കളി തമാശകളിലേര്‍പ്പെടാനുമെല്ലാം സമയം കണ്ടെത്തിയിരുന്നു. 
സമൂഹത്തിലെ ഉന്നതരോട് യഥോചിതം പെരുമാറുമായിരുന്നു, അതേ സമയം, പാവങ്ങളെയും അഗതികളെയും വേണ്ടവിധം പരിഗണിക്കുകയും ചെയ്യുമായിരുന്നു. ഉണക്ക റൊട്ടിയല്ലാതെ മറ്റൊന്നും തിന്നാനില്ലാതിരുന്ന സ്ത്രീയുടെ മകനാണ് ഞാനെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. അനുയായികളോടൊപ്പമായിരുന്നു എപ്പോഴും. അവരില്‍ ആരെങ്കിലും അസുഖം ബാധിക്കുമ്പോഴേക്കും സന്ദര്‍ശിക്കാനും അവസാന നാള്‍ വരെ വരാനിരിക്കുന്ന അനുയായികള്‍ക്കെല്ലാം വേണ്ടി സദാ പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. മൃഗങ്ങളോടും അചേതന വസ്തുക്കളോട് പോലും അവിടുന്ന് കരുണ കാണിച്ചിരുന്നു. ലോകത്തിന് മുഴുവന്‍ അനുഗ്രഹമാണെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതും അത് കൊണ്ട് തന്നെ.
പ്രാവചകരുടെ ജന്മം തന്നെ അല്ലാഹുവിന്റെ പ്രത്യേക പരിഗണനയിലായിരുന്നു. ആ മഹത്വത്തെ പൂര്‍ണ്ണമായും വിളിച്ചറിയിക്കുന്നതായിരുന്നു ആ തിരുപ്പിറവി. പിതാവായ ഇബ്റാഹീം നബിയുടെ പ്രാര്‍ത്ഥനയും സഹോദരനായ ഈസാ(അ)ന്റെ സുവിശേഷമായിരുന്നു ആ പിറവി. ജനനസമയത്ത് സിറിയയിലെ കോട്ടകള്‍ വരെ പ്രവാചകരുടെ മാതാവിന് ദൃശ്യമായതും അതിന്റെ തെളിവുകളായിരുന്നു. പേര്‍ഷ്യയിലെ തീക്കുണ്ഠാരം അണഞ്ഞുപോയതും സാവ തടാകം വറ്റിവരണ്ടുതമെല്ലാം കിസ്റായുടെ കോട്ട കിടിലം കൊണ്ടതുമെല്ലാം അതിന്റെ തെളിവുകള്‍ തന്നെ. ആനക്കലഹസംഭവം പോലും ആ വര്‍ഷത്തിലായത് വെറും സ്വാഭാവികമായിരുന്നില്ല. 
ചെറുപ്പം മുതലേ പ്രവാചകര്‍ വളര്‍ന്നത് ഈ സ്വഭാവഗുണങ്ങളോടെയായിരുന്നു. ഖദീജാ ബീവിയുമായി വിവാഹം ആലോചിക്കുന്ന വേളയില്‍ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബ് പറയുന്ന വാക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ലോകത്തുള്ള ഏതൊരു വ്യക്തിയോടും ഏതൊരു കാര്യത്തില്‍ തുലനം ചെയ്താലും എന്റെ ഈ മകന്‍ മികച്ച് നില്‍ക്കുമെന്നതില്‍ സംശയമേ ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവസാനം നാല്പതാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതോടെ അത് കൂടുതല്‍ പ്രകടമാവുകയും ചെയ്തു. 
ആ സ്വഭാവഗുണം കൊണ്ടായിരുന്നു അനുയായികളെല്ലാം നബിതങ്ങളെ സ്നേഹിച്ചത്. തൂക്കിലേറ്റുന്ന സമയത്ത് പോലും ആ പ്രവാചകര്‍ക്കെതിരെ ഒരു വാക്ക് പറായന്‍ പോലും അവരാരും തയ്യാറായിരുന്നില്ല. ശത്രുവായിരുന്ന അബൂസുഫ്‍യാന്‍ പോലും ആ സ്വഭാവഗുണവും അനുയായികളുടെ സ്നേഹമസൃണതയും ശരിവെച്ചതുമാണ്. മക്കളും ഭര്‍ത്താവും ബന്ധുക്കളുമെല്ലാം മരണപ്പെടുമ്പോഴും പ്രവാചകര്‍ സുരക്ഷിതരാണെന്നത് അവരിലെ സ്ത്രീകളെപോലും സന്തോഷിപ്പിക്കുന്നതായിരുന്നു. മരണശേഷം ആ പ്രവാചകരെ കാണാനാവില്ലെന്നതായിരുന്നു അവരില്‍ പലരെയും വിഷമിപ്പിച്ചിരുന്നത് പോലും.
ആ പ്രവാചകരെ സ്നേഹിക്കാനും അവരുടെ മേല്‍ സദാ സമയം സ്വലാതും സലാമും ചെല്ലാനുമാണ് അല്ലാഹു നമ്മോട് കല്പിക്കുന്നത്. ജീവിതത്തില്‍ നമ്മുടെ ശ്രമങ്ങള്‍ അതിനായിരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter