ഗസ്സയിലെ മാതാപിതാക്കൾ രണ്ടു തവണ മരിക്കാറുണ്ട്…
ഗസ്സ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജേണലിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ഇസാം അദ്‍വാന്‍ MiddleEastEye ൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പിന്റെ സ്വതന്ത്ര വിവർത്തനം.
പടർന്നു പിടിക്കുന്നൊരു അസ്വസ്ഥത എന്റെ ശരീരമാസകലം വ്യാപിക്കുന്നുണ്ടായിരുന്നു. പുറത്തെ ബോംബിങ്ങിന്റെ തീക്ഷ്ണമായ പ്രകമ്പനമാണ് അന്ന് പുലർച്ചെ രണ്ട് മണിക്കെന്നെ ഉണർത്തിയത്. ഫോണെടുത്ത് നോക്കി. ഞാൻ ഭയപ്പെട്ടത് തന്നെയായിരുന്നു സംഭവിച്ചത്. ഇസ്രായേൽ സൈന്യം വീണ്ടും ഗസ്സ ആക്രമിച്ചിരിക്കുന്നു. എന്റെ പ്രവിശ്യയാവും ഇസ്രായേലി യുദ്ധവിമാനങ്ങളുടെ അടുത്ത ലക്ഷ്യം എന്ന ഭയം എന്നെ വല്ലാതെ കാർന്നു തിന്നുകൊണ്ടിരുന്നു. ഒരു മാധ്യമ പ്രവർത്തകനെന്ന നിലക്ക് സംഭവം ലോകത്തെ അറിയിക്കാൻ ഞാൻ ട്വിറ്റർ തുറന്ന് ഇങ്ങനെ ട്വീറ്റ് ചെയ്തു, ഞങ്ങളുടെ തലക്കു മീതെ നൃത്തം ചവിട്ടുന്ന ഇസ്രായേലിന്റെ ഫൈറ്റർ ജെറ്റുകൾ ഇതാ തിരിച്ചെത്തിയിക്കുന്നു.
കഴിഞ്ഞ പതിനാറ് വർഷമായി ജെറ്റുകളും ഡ്രോണുകളും ബോംബിങ്ങിൽ തകർന്നടിയുന്ന കെട്ടിടങ്ങളും ഇവിടത്തുകാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഗസ്സയിലെ ജനജീവിതം എത്രമാത്രം അഭദ്രവും അരക്ഷിതവുമാണെന്ന് മനസ്സിലാക്കാണമെങ്കില്‍ ഒരു ദിവസമെങ്കിലും നിങ്ങളവിടെ കഴിഞ്ഞാല്‍ മതി.
നിരവധി ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് (പി.ഐ.ജെ.) കമാൻഡർമാരെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തിയ വാർത്ത മറ്റൊരു യുദ്ധം ആസന്നമാവുകയാണോ എന്ന ഭീതി പലരിലും നേരത്തെ ജനിപ്പിച്ചു. ഈ ആക്രമണത്തിലെ ഭീതിപ്പെടുത്തുന്ന കണക്കുകൾ വർദ്ധിക്കുന്ന ക്രൂരതയുടെ സൂചകങ്ങളാണ്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആ വ്യോമാക്രമണം നാല് വീതം കുട്ടികളും സ്ത്രീകളുമടക്കം ഇരുപത്തഞ്ച് ജീവനുകളാണ് അപഹരിച്ചത്. ജീവൻ നഷ്ടമായവരിൽ ഡോ.ജമാൽ ഖ്‌സ്‌വാൻ എന്ന പ്രമുഖനായ ഡെന്റിസ്റ്റും അദ്ധേഹത്തിന്റെ ഭാര്യ മർവയും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള മെഡിക്കൽ സ്റ്റുഡന്റായ മകൻ യൂസുഫുമുണ്ടായിരുന്നു. രാത്രിയുറക്കത്തിനിടയിലുണ്ടായ ആക്രമണത്തിൽ തകർന്ന വീടിന്റെ സീലിങ്ങ് ദേഹത്ത് വീണായിരുന്നു അവരുടെ മരണം. ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ ചികിൽസ നൽകി റോയിട്ടേഴ്സടക്കമുള്ള ആഗോള മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഡോ.ജമാൽ ഖ്‌സ്‌വാൻ. സ്നേഹവും കരുതലുമായി നിലകൊണ്ടിരുന്ന മനുഷ്യ ജന്മങ്ങളെ ഇല്ലാതാക്കുന്നത് തന്നെ എത്ര മൂഢമാണ് ഇസ്റായേലീ നയങ്ങങ്ങളെന്ന് വിളിച്ചു പറയുന്നുണ്ട്. മുൻകാല യുദ്ധങ്ങളുടെ നീറുന്ന ഓർമകളും നഷ്ടമായ കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിഷ്കളങ്ക ജീവനുകളും എന്റെ ചിന്തകളെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഗസ്സയിലെ ജീവിതത്തിന്റെ അനിശ്ചിതത്വം ഒരു രക്ഷിതാവിന്ന് എത്രത്തോളം ഭാരമാണെന്നും തന്റെ കുട്ടിയെ ഏതു നിമിഷവും നഷ്ടമാവാമെന്ന ഭയം എത്ര ഭീകരമാണെന്നും എനിക്കെപ്പോഴും ബോധ്യമുണ്ട്. എങ്കിലും ഈ ബോധ്യം ഇത്രമാത്രം എന്റെ ഉള്ളുലക്കാനും എന്നെ സദാ വേട്ടയാടാനും തുടങ്ങിയത് ഒരു വർഷം മുമ്പ് എന്റെ മകൾ സാറ ജനിച്ചപ്പോഴായിരുന്നു. ഒരു രക്ഷിതാവെന്ന നിലക്ക് ഇത്തരം യുദ്ധങ്ങളും അതിന്റെ അനന്തരഫലങ്ങളും ഏതൊരാളെയും ശരിക്കും ബലഹീനമാക്കും. എന്റെ മകളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ദുരിതത്തിന്റെ ഭാരമെനിക്ക് അളക്കാൻ സാധിക്കാറുണ്ട്. അവളുടെ ഭാവിയെക്കുറിച്ച് ഞാൻ ഭയപ്പെടാറുണ്ട്. അവൾക്ക് ഭാവിയെന്ന ഒന്ന് ഉണ്ടാവുമോ എന്ന ചിന്ത പോലും എന്നെ വേട്ടയാടിയിട്ടുണ്ട്. ഭീതിയും ദുരിതവും അവളുടെ മോഹസ്വപ്നങ്ങളുടെ നിറം കെടുത്തുമോയെന്ന് ആശ്ചര്യപ്പെടാറുണ്ട്. സ്‌ഫോടന ശബ്ദം മുഴങ്ങുന്ന രാത്രികളിൽ ഇവിടത്തെ രക്ഷിതാക്കളുടെ മാനസിക പിരിമുറുക്കം ഉയർന്ന് കൊണ്ടേയിരിക്കും. ഗസ്സയിലെ രക്ഷിതാക്കൾ മക്കളെ എപ്പോഴും ചേർത്തുപിടിക്കാറുണ്ട്, സംരക്ഷിക്കാനാവുമെന്ന ഉറപ്പില്ലാതിരുന്നിട്ടുകൂടി അവർ അവരെക്കൊണ്ടാവുന്നത് ചെയ്യുന്നു. ഒരോ പുതിയ ആക്രമണത്തിലും മരണത്തിന്റെ പിശാച് ഞങ്ങളിലേക്ക് കൂടുതൽ അടുക്കുന്നു, ഞങ്ങളുടെ മക്കൾക്കായി ഞങ്ങൾ കണ്ട മനോഹര സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട്...
ഗസ്സാ ജീവിതം എത്ര ദുർബലമാണെന്നതിന്റെ തികഞ്ഞ ഓർമപ്പെടുത്തലുകളാണ് ഉറക്കത്തിൽ കൊല്ലപ്പെട്ട ആ പിഞ്ചുബാല്യങ്ങൾ. എന്നെന്നേക്കുമായി നിലച്ചുപോയ ആ പുഞ്ചിരികളെയോർത്ത് എന്റെ ഉള്ളം നീറുന്നുണ്ട്. പ്രതീക്ഷയും നിരാശയും തമ്മിലുള്ള നിരന്തര സംഘട്ടനമാണ് ഗസ്സ പോലൊരു യുദ്ധഭീതി നിലനിൽക്കുന്ന പ്രദേശത്തെ മാതാപിതാക്കളുടെ ജീവിതമെന്ന യാഥാർത്ഥ്യം. എങ്കിലും തന്റെ മക്കളാണ് അടുത്തതെന്നറിയുന്നതിനേക്കാൾ ആയാസരഹിതമാണ് ഞങ്ങൾക്ക് മരണമെന്ന ഭീതി…!
ചിതറിയ ജീവനുകൾ, മെയ്ക് ഷിഫ്റ്റ് ഹോസ്പിറ്റലുകൾ, ബോംബിങ്ങ് തകർത്ത കെട്ടിടങ്ങൾ, ശിഥില അസ്തിത്വത്തിന്റെ കഠിന ചിത്രങ്ങൾ എന്നിവയെല്ലാം ഞങ്ങൾ ദിനേന അഭിമുഖീകരിക്കാറുള്ള ചിത്രങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ്. അവ്യവസ്ഥകൾക്കിടയിലെ അപൂർവ ശാന്ത നിമിഷങ്ങളിൽ എന്റെ പിഞ്ചുപൈതൽ ഉറങ്ങുന്നത് ഞാൻ നോക്കിയിരിക്കാറുണ്ട്. അവളുടെ ഓരോ സൗമ്യശ്വാസവും ഞാൻ ആസ്വദിക്കാറുണ്ട്. ഫലസ്തീനി ബാല്യങ്ങളോട് കരുണ കാണിക്കാത്ത ഈ ലോകത്ത്, അവളുടെ നിഷ്കളങ്കത എന്നെ ആശ്ചര്യപ്പെടുത്താറുണ്ട്. അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോൾ അവൾ ഉള്ളിൽ കൊണ്ട് നടക്കുന്ന സ്വപ്നങ്ങളുടെ ഭണ്ഡാരം ഞാൻ കാണാറുണ്ട്. ഹിംസയുടെ നിരന്തര ഭീഷണികളിൽ നിന്ന് സ്വതന്ത്രമായ ജീവിതമെന്ന സ്വപ്നം, തന്നെ ഭയപ്പെടാതെ വളരാൻ അനുവദിക്കുന്ന ഒരു ലോകമെന്ന സ്വപ്നം… എല്ലാം അവൾ താലോലിക്കുന്നുണ്ടാവണം!.
ഈ ദുരിതങ്ങളെന്റെ മനസ്സിനെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. വേദന വിട്ടു മാറുന്നില്ല. പ്രതീക്ഷകളും സ്വപ്നങ്ങളും തന്റെ കൺമുന്നിൽ വെച്ച് മണ്ണിട്ട് മൂടപ്പെടുന്ന മാതാപിതാക്കളുടെ സ്ഥാനത്ത് ഞാൻ എന്നെതന്നെ സങ്കൽപിക്കാറുണ്ട്. അതെന്റെ ഉള്ളിൽ ദേഷ്യവും ദുഖ:വും ഒരു തരം നിസ്സഹായതയും ചേർന്ന സമ്മിശ്ര വികാരത്തിന്റെ ആന്ദോളനം സൃഷ്ടിക്കും.
എന്നെപ്പോലൊരു അഭയാർത്ഥിക്ക് ഇന്ന് തുടരുന്ന ഈ ബോംബ് വർഷം നഖ്‌ബ അവസാനിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തലാണ്. നഖ്ബയുടെ എഴുപത്തഞ്ചാണ്ടിപ്പുറം ഞങ്ങൾ തിരിച്ചറിയുന്നു ആ ദുരന്തമാണ് ഇന്നും ഞങ്ങളുടെ ജീവിതത്തെയും തുടരുന്ന നീതിക്കായുള്ള പോരാട്ടത്തെയും രൂപപ്പെടുത്തുന്നതെന്ന്. അടിച്ചമർത്തലുകളുടെ തീക്ഷ്ണതക്കിടയിലും ഞങ്ങൾ മക്കൾക്ക് സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും മൂല്യങ്ങൾ വിവരിച്ചു നൽകാറുണ്ട്.
ഒരു പിതാവെന്ന നിലക്ക്, ഒരു ഗസ്സക്കാരനെന്ന നിലക്ക്, ഒരു മനുഷ്യനെന്ന നിലക്ക് എന്നുള്ളിലെ പ്രതീക്ഷയുടെ തീനാളങ്ങളെ കെടുത്തിക്കളയാൻ ഇസ്റായേലീ ശക്തികളെ ഞാൻ ഒരിക്കലും അനുവദിക്കില്ല. ഞാനിനിയും സ്വപ്നം കാണും, പ്രതീക്ഷകൾ വെച്ച്പുലർത്തും, എന്റെ മകളുടെയും മറ്റു ഫലസ്തീനി ബാല്യങ്ങളുടെയും നല്ല നാളേക്ക് വേണ്ടി ജീവിച്ചുകൊണ്ടേയിരിക്കും.
നടന്ന് തീർക്കാനുള്ള പാത ഏറെ ദുർഘടമെങ്കിലും തലയുയർത്തിപ്പിടിച്ച്, ഉള്ളിൽ സ്നേഹം നിറച്ച്, ഞങ്ങളുടെ, അല്ലെങ്കിൽ ഞങ്ങളുടെ മക്കളുടെയെങ്കിലും, ഭാവിയുടെ പുതിയ പ്രഭാതം ഉദിക്കാൻ കാത്തിരിക്കുന്ന ചക്രവാളത്തിൽ കണ്ണുവെച്ച് കൊണ്ട് തന്നെ ഞാൻ അത് നടന്നു തീർക്കുക തന്നെ ചെയ്യും, ഞാന്‍ മാത്രമല്ല, ഗസ്സയിലെ ഓരോ മാതാപിതാക്കൾക്കും ഇതു തന്നെയാണ് പറയാനുള്ളത്…!
കടപ്പാട്
middleeasteye.net
Leave A Comment