വിഷം ചീറ്റുന്ന സോഷ്യൽപ്രൊഫൈലുകൾ

കളമശ്ശേരി യഹോവ സമ്ര കൺവെൻഷൻ സെന്ററിൽ നടന്ന ബോംബ് സ്‌ഫോടനത്തോടനുബന്ധിച്ച്  സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യക്ഷപ്പെട്ട വർഗ്ഗീയ പരാമർശങ്ങളും ഏകപക്ഷീയമായ അഭിപ്രായപ്രകടനങ്ങളും  കേരളത്തിന്റെ വർത്തമാന കാല പൊതുബോധത്തെയാണ് തുറന്നു കാട്ടുന്നത്. ഒരു പക്ഷേ ഡൊമനിക് മാർട്ടിൻ സ്വയം കീഴടങ്ങി കൃത്യം ഏറ്റുപറഞ്ഞില്ലായിരുന്നെങ്കിൽ ഹിന്ദുത്വവാദികളും കാസ പോലോത്ത വലതു പക്ഷ തീവ്രസംഘടനകളും ക്രിസംഘികളും കേരളത്തിന്റെ സൗഹാർദ്ധാന്തരീക്ഷത്തിൽ മതവർഗ്ഗീയ കലാപത്തിനും കോലാഹലത്തിനും കാഹളം മുഴക്കിയേനെ.

എന്നാൽ അത്യധികം ദൗർഭാഗ്യകരമായ സംഭവത്തിന്റെ ഉത്തരവാദിത്വം പ്രതി തന്നെ സ്വമേധയാ ഏറ്റെടുത്തതുമൂലം വരുമായിരുന്ന വൻ മതവർഗ്ഗീയ കലാപം വഴി മാറിപ്പോയെന്നു നാം ആശ്വസിക്കുമ്പോഴും ഇത്തരം സംഭവത്തിന്റെ മറപിടിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളും കമന്റുകളും ക്യാപ്ഷനുകളും ടാഗ് ലൈനുകളും ചില സുപ്രധാന കാര്യങ്ങൾ ഓർമപ്പെടുത്തുന്നുണ്ടെന്ന് പറയാതെ വയ്യ.

കേരളത്തിന്റെ മനോഹരമായ മതേതര സഹിഷ്ണുതാ സ്വഭാവത്തെ തകർക്കുവാനും തകിടം മറിക്കാനും ചില മതഭ്രാന്തൻമാർ തക്കം പാർത്തിരിക്കുന്നുവെന്നതാണ് അതിലാദ്യത്തെ കാര്യം. രണ്ടാമതായി  വെറുപ്പിന്റേയും അറപ്പിന്റേയും ഉത്പാദന ഉറവിടങ്ങളായി സാമൂഹിക മാധ്യമങ്ങൾ പരിവർത്തിക്കപ്പെട്ടിരിക്കുന്നുവെന്ന പരമസത്യമാണ്. മറ്റൊന്ന് സാധാരണ മനുഷ്യരുടെ ജീവന് സംരക്ഷണം ഉറപ്പു വരുത്തേണ്ട സാമൂഹിക സുരക്ഷാ  ഉദ്യോഗസ്ഥരും നിയമ സംവിധാനങ്ങളും തികഞ്ഞ പരാജയത്തിലാണെന്ന  പച്ചയായ യാഥാർത്ഥ്യവും.

അതോടൊപ്പം വാർത്തകൾ വസ്തുനിഷ്ഠമായും പക്ഷം പിടിക്കാതെയും സംപ്രേഷണം ചെയ്യേണ്ട ചില മുഖ്യധാരാമാധ്യമങ്ങളും മിനിട്ടുകൾക്കകം  വില കുറഞ്ഞ ഈ വ്യാജ പ്രചാരണം ഏറ്റെടുത്തുവെന്നതും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ് . 
മാത്രമല്ല ബിജെപി കേന്ദ്ര മന്ത്രിമാരായ  രാജീവ് ചന്ദ്രശേഖറും വിദേശ കാര്യ മന്ത്രി വി മുരളീധരനും, ബി ജെ പി നേതാവ് സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു തുടങ്ങി സംഘ പരിവാർ മത വർഗ്ഗീയ കോമരങ്ങളും കളമശ്ശേരിയിലെ സ്‌ഫോടനത്തിന് ഹമാസ് ബന്ധം ആരോപിച്ച് രംഗത്ത് വന്നതും ബോധപൂർവ്വവും അതിലുപരി ദുഷ്ടലാക്കോടെയുമാണെന്നും പറയേണ്ടതുണ്ട്. കാലങ്ങളായി  വേണ്ടത്ര വേരോട്ടമില്ലാത്ത ആർ.എസ്സ്.എസ്സും ബി.ജെ.പിയും കേരളത്തിൽ എക്കൗണ്ട് തുറക്കാൻ ഏതു ഹീനമാർഗ്ഗങ്ങളും സ്വീകരിക്കാൻ സന്നദ്ധമാണെന്ന വിളിച്ചു പറയലും കൂടിയാണ് ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ ഉത്പാദിപ്പിച്ച് ഹെയ്റ്റ് ക്യാമ്പയ്ന് ചുക്കാൻ പിടിക്കുന്ന ഈ ഫാഷിസ്റ്റ് രാഷ്ട്രീയ കുബുദ്ധികൾ ചെയ്ത് കൊണ്ടിരിക്കുന്നത്. കൂടാതെ ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാട് എത്ര മനുഷ്യത്വരഹിതവും അവലംബഹീനവുമാണെന്ന്  കേരളത്തിലെ നല്ലവരായ മതേതര ജനാധിപത്യ വിശ്വാസികൾക്ക് ഒരിക്കൽ കൂടി തിരിച്ചറിയാനുള്ള സുവർണ്ണാവസരം  ഇത് വഴിവെക്കുകയും ചെയ്തു.

നിർണ്ണായകമായ ഘട്ടത്തിൽ രാഷ്ട്രീയം മറന്ന് യു.ഡി.എഫ്, ഇടതു സർക്കാരിന്റെ സമീപനത്തെ സ്വാഗതം ചെയ്യുകയും സർവകക്ഷി യോഗത്തിൽ പങ്കുചേരുകയും ചെയ്തെങ്കിലും മൂന്നുപേരുടെ ജീവനപഹരിക്കാനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ സങ്കടകരമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകാൻ സർക്കാറിനുമാകില്ല. കേരളത്തിലെ സാമൂഹിക സുരക്ഷാ വകുപ്പും നിയമപാലകരും എത്രമേൽ കുത്തഴിഞ്ഞതും ഉദാസീനരും ആയിരിക്കുന്നുവെന്നുവേണം കരുതാൻ.

അത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലടയിരുന്ന് വർഗ്ഗീയ വിഷം ചീറ്റി സാമുദായിക സ്പർദ്ധക്ക് കുഴലൂത്ത് നടത്തുന്ന ഇത്തരം ഫെയ്സ് ബുക്ക് ജീവികൾക്കും മതഭ്രാന്ത് മൂത്ത രാഷ്ട്രീയ  നിഷ്ക്കുകൾക്കും മൂക്കുകയറിടാനും  സാധരക്കാരന്റെ ജീവിതം ദുസ്സഹമാകാതിരിക്കാൻ  സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ഉത്തരവാദിത്വപ്പെട്ടവർ സന്നദ്ധമാകണം അല്ലായെങ്കിൽ തലമുറകളിലൂടെ നാം കാത്ത് പോന്ന മത സാമുദായിക സൗഹാർദ്ധാന്തരീക്ഷത്തിന് പരിക്കേൽക്കുകയും മതവർഗ്ഗീയ വാദികൾ തലപൊക്കി കലാപാഗ്നി പടർത്തുകയും കൈരളിയുടെ സുന്ദരമായ സമാധാനാന്തരീക്ഷം കെടുത്തുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter