അച്ചടി; നിര്‍മിതിയുടെ മുദ്രകള്‍
കേരളമുസ്‌ലിംകളുടെ രചനാത്മകമായ വളര്‍ച്ചയില്‍ വന്‍മാറ്റങ്ങള്‍ വരുത്തിയ രണ്ടു സുപ്രധാന സംഭവങ്ങളാണ് പ്രിന്റിംഗ് പ്രസ്സുകളുടെ കടന്നുവരവും പ്രസാധനാലയങ്ങളുടെ ആരംഭവും. പരമ്പരാഗത ജ്ഞാന പ്രസരണ മാധ്യമങ്ങളില്‍നിന്നും വിരുദ്ധമായി ലക്ഷ്യത്തിലും അര്‍ത്ഥത്തിലും ലഭ്യതയിലും ഈ സാങ്കേതിക വിദ്യ കൊണ്ടുവന്ന ചലനങ്ങളും സാധ്യതകളും അപരിമേയമാണ്. കാലത്തിനും സാഹചര്യത്തിനും അനുഗുണമാകുംവിധം മുസ്‌ലിം പ്രതികരണ-ആഗിരണ വഴികള്‍ മാറ്റം സ്വീകരിക്കുന്നുവെന്നതിന്റെ ശക്തമായ തെളിവായിരുന്നു ഇത്. കേവലം ഒരു കൊച്ചു ബൗണ്ടറിക്കുള്ളിലെ ചലനാത്മകതക്കപ്പുറം പുറം ലോകവുമായി ബന്ധപ്പെടാനും അവിടത്തെ ഫലപ്രദമായ മാറ്റങ്ങളെ ഉള്‍കൊള്ളാനും അതിനെ ഇസ്‌ലാമിക പ്രബോധനത്തിന്റെ വഴിയില്‍ ഉപയോഗപ്പെടുത്താനും മുസ്‌ലിംകള്‍ എക്കാലവും ശ്രമിച്ചിരുന്നു. പലപ്പോഴും, സൂക്ഷ്മതകാരണം അതിലേക്ക് എത്തിപ്പെടാന്‍ കാലതാമസമെടുത്തിരുന്നുവെങ്കിലും. ഒരു പുതുയുഗത്തിന്റെ ആരംഭമായിരുന്നു സത്യത്തില്‍ പ്രിന്റിംഗ് പ്രസ്സിലൂടെ മുസ്‌ലിംലോകത്ത് സംഭവിച്ചത്. സ്വാഭാവികമായും അത് കേരളത്തിലും സംഭവിച്ചുവെന്നുതന്നെ പറയാം. വാമൊഴി സംരക്ഷണത്തില്‍നിന്നും വരമൊഴി സംരക്ഷത്തിലേക്ക് ജനങ്ങള്‍ മാറിയതോടെ അതിന്റെ പുതിയ സാധ്യതകളാണ് അന്വേഷിക്കപ്പെട്ടിരുന്നത്. പേപ്പറിന്റെയും അച്ചുകൂടങ്ങളുടെയും വ്യവസ്ഥാപിതമായ കടന്നുവരവോടെ പ്രസാധനമെന്ന പുതിയൊരു മേഖല സജീവമാകുകയായിരുന്നു. അറിവിന്റെയും ജ്ഞാനപ്രസരണത്തിന്റെയും പുതിയ വാതായനങ്ങള്‍ തുറന്ന് പ്രസിദ്ധീകരണങ്ങളും നാടുനീളെ വ്യാപകമായി.
വിശിഷ്യാ, മതമേഖലയില്‍ ഈ വിപ്ലവം വന്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. വായനയിലും വിദ്യയുടെ സാര്‍വത്രികതയിലും മാത്രമല്ല, വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലുംവരെ പലവിധ മാറ്റങ്ങള്‍ വന്നു. ഓരോരുത്തരുടെയും ആശയപ്രസരണത്തിന്റെ ഉത്തമ മീഡിയമായി പ്രസാധന രംഗം മാറി. സാമൂഹിക ഉത്ഥാനത്തിന്റെ ചവിട്ടുപടികള്‍ കയറാനും മുന്‍കാലങ്ങളില്‍നിന്നും പാഥേയം സ്വീകരിക്കാനും ഇത് ഊര്‍ജ്ജം പകര്‍ന്നു. ചുരുക്കിപ്പറഞ്ഞാല്‍, പ്രിന്റിംഗ് പ്രസ്സിന്റെ കടന്നുവരവിന് മുമ്പും ശേഷവും എന്ന് മുസ്‌ലിംചിന്താവികാസ ചരിത്രത്തെ രണ്ടായി വിഭജിക്കാന്‍ സാധിക്കുംവിധം ഇത് കാലത്തിനു മുമ്പില്‍ പരിഗണനയുടെ ഊന്നലുകള്‍ സൃഷ്ടിച്ചു.
പ്രസാധന മേഖലയിലും പ്രസ്സുകളുടെ ഉപയോഗത്തിലും കേരളമുസ്‌ലിംകള്‍ അല്ലെങ്കില്‍ അവരില്‍ ഒരു വിഭാഗം വളരെ പിന്നാക്കം പോയി എന്ന ചിലരുടെ ആരോപണത്തിനുപിന്നിലുള്ള കഴമ്പ് അന്വേഷിക്കുകയാണീ ലേഖനം. തങ്ങളാണ് ഈ മേഖലയില്‍ ജ്വലിച്ചുനില്‍ക്കുന്നത് എന്ന ചിലരുടെ അതിവായനയിലെ ചരിത്രാജ്ഞത മറനീക്കി പുറത്തുവരുന്നുണ്ടിവിടെ. അച്ചുകൂടങ്ങളുടെ കണ്ടുപിടിത്തവും വിവിധ രാഷ്ട്രങ്ങളില്‍ അതിന്റെ വ്യാപനവും മുസ്‌ലിംരാഷ്ട്രങ്ങളില്‍ അത് പ്രചാരം നേടിയതും എല്ലാം കേരളത്തില്‍ അത് തുടക്കം കുറിച്ചതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ കേരളമുസ്‌ലിംകളുടെ അച്ചുകൂട ഉപയോഗം വളരെ പിന്നിലായിപ്പോയിരുന്നില്ലായെന്നും മുസ്‌ലിംരാഷ്ട്രങ്ങളിലെ പ്രതിഫലനങ്ങള്‍ പോലെ അതേ കാലത്തുതന്നെ അത് ഇവിടെയും ആരംഭം കുറിച്ചിരുന്നുവെന്നും കണ്ടെത്താന്‍ കഴിയും. ഒരു വലിയ അളവോളം, മുസ്‌ലിം രാജ്യങ്ങള്‍ അവ നിര്‍വഹിച്ച അതേ ധര്‍മം തന്നെയാണ് കേരളക്കരയിലും അച്ചുകൂടങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. എഴുത്തിലും വായനയിലും പ്രസാധനത്തിലും കേരളമുസ്‌ലിംകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് പിന്നിലാണ് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. തോതില്‍ ചില വ്യതിയാനങ്ങള്‍ കണ്ടേക്കാമെങ്കിലും. വ്യക്തമായിപ്പറഞ്ഞാല്‍, കാലത്തോടൊപ്പം സഞ്ചരിക്കുകയും മുസ്‌ലിംരാഷ്ട്രങ്ങളുടെ ചുവട് പിടിക്കുകയും ചെയ്തിരുന്നു ഇത്തരം പുരോഗമന കാര്യങ്ങളിലെല്ലാം കേരളമുസ്‌ലിംകളും. പില്‍ക്കാലത്ത് നടന്ന ചരിത്രമെഴുത്തിന്റെ അണിയറാശില്‍പികളാണ് ഇവരെ ഒന്നിനും കൊള്ളാത്തവരും പിന്തിരിപ്പന്മാരുമായി അവതരിപ്പിച്ചത് എന്നു ചുരുക്കം.
ജ്ഞാനപ്രസരണത്തിന്റെ ഇസ്‌ലാമിക വഴികള്‍
വിദ്യയുടെ സാര്‍വത്രീകരണത്തിന് മുസ്‌ലിംകള്‍ക്കിടയില്‍ പരമ്പരാഗതമായ പല വഴികളുമുണ്ടായിരുന്നു. ചുണ്ടുകളില്‍നിന്നും ചുണ്ടുകളിലേക്കുള്ള വാമൊഴിക്കൈമാറ്റമായിരുന്നു കാലങ്ങളോളം അവര്‍ക്കിടയില്‍ പിന്തുടര്‍ന്നുവന്നിരുന്നത്. ഖുര്‍ആനും ഹദീസും ഗുരുമൊഴികളും മഹദ്വചനങ്ങളുമെല്ലാം ഇതേ ശൈലിതന്നെ പിന്തുടര്‍ന്നു. ഓരോ തലമുറയും അടുത്ത തലമുറക്ക് മുഖതാവില്‍ പറഞ്ഞുനല്‍കിയായിരുന്നു ഇത്തരം അറിവുകള്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. സന്ദേശങ്ങളുടെ വിശുദ്ധിയും തന്മയത്വവുമാണ് ഇതില്‍ മര്‍മപ്രധാനം. വസ്തുതകള്‍ കറ പുരളാതെ വേണ്ടപ്പെട്ടവരില്‍നിന്നും ആര്‍ജ്ജിച്ചെടുക്കാന്‍ ഇത് വഴിയൊരുക്കുന്നു. ജ്ഞാനികളുടെ പെട്ടന്നുള്ള വേര്‍പാടും സൗകര്യപ്രദമായ അലഭ്യതയും വാമൊഴിയില്‍നിന്നും വരമൊഴിയിലേക്കുള്ള അകലം കുറച്ചു. ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടുന്നതും ഹദീസുകള്‍ സമാഹരിക്കപ്പെടുന്നതും ഈയൊരു ഘട്ടത്തിലാണ്. കുറ്റമറ്റതായ നിലക്ക് ആര്‍ക്കും എപ്പോഴും എടുത്തുപയോഗിക്കാന്‍ സാധിക്കുക എന്ന ഒരു തത്ത്വമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പക്ഷെ, ഈ സമാഹരണം തോലിലും എല്ലിലും മരത്തൊലിയിലുമൊക്കെയായിരുന്നുവെന്നുമാത്രം.
ഇവിടെനിന്നും തുടങ്ങുന്നതായിരുന്നു മുസ്‌ലിംകളുടെ പുസ്തക പ്രസാധന സംരംഭം. ആധുനിക പുസ്തകങ്ങളുടെ സൗകുമാര്യത ലഭിച്ചിരുന്നില്ലെങ്കിലും അന്ന് അവരുടെ ആവശ്യങ്ങള്‍ നിറവേറാന്‍ അവ മതിയായിരുന്നു. അവിടന്നിങ്ങോട്ട് പുസ്തക നിര്‍മാണത്തിന്റെ പുരോഗമിച്ച പല പരീക്ഷണങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ നടന്നുവന്നു. അന്ന് പരിസരപ്രദേശങ്ങളിലുണ്ടായിരുന്ന മാറ്റങ്ങളോട് ചുവട് പിടിച്ചായിരുന്നു ഇത്തരം മേഖലകളില്‍ ചലനങ്ങള്‍ നടന്നിരുന്നത്.
പുസ്തക നിര്‍മാണവും മുസ്‌ലിംകളും
ബി.സി. മുന്നൂറുകളില്‍ത്തന്നെ അലക്‌സാണ്ട്രിയയിലും ഈജിപ്തിലും വന്‍ പുസ്തക ശേഖരങ്ങള്‍ നിറഞ്ഞ ലൈബ്രറികളുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. പേപ്പറിനോട് സമാനമായ ഒരു തരം കനം കുറഞ്ഞ മെറ്റീരിയലാണ് അവരീ പുസ്തക നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നത്. ബി.സി. നാലാം നൂറ്റാണ്ടില്‍ ഗ്രീക്കിലും റോമിലും ഇതോട് സമാനമായ ശൈലികള്‍ ഉണ്ടായിരുന്നുവത്രെ. കട്ടികുറഞ്ഞ മരത്തൊലിയും സജ്ജീകരിച്ച തടിക്കഷ്ണങ്ങളുമാണ് അവരും ഇതിനായി തെരഞ്ഞെടുത്തത്. ഏഷ്യക്കാരാവട്ടെ, തങ്ങളുടെ ചിന്തകള്‍ കുറിച്ചുവെക്കാനായി പട്ട്, പനയോല, മുള തുടങ്ങിയ സാധനങ്ങളാണ് ഉപയോഗിച്ചിരുന്നത്. എ.ഡി. രണ്ടാം നൂറ്റാണ്ട് ആയതോടെ ചൈനക്കാര്‍ പേപ്പര്‍ കണ്ടെത്തി. ആധുനിക പേപ്പറുകളോട് പൂര്‍ണമായും സമാനമായിരുന്നില്ലെങ്കിലും പിന്നീട് അത്തരം പേപ്പറുകളിലാണ് അവിടെനിന്ന് പുസ്തകങ്ങള്‍ ഇറങ്ങിയിരുന്നത്. എ.ഡി. അഞ്ചാം നൂറ്റാണ്ടായതോടെ മുളയും മഷിയും ഉപയോഗിച്ച് ഒരുതരം എഴുത്തു രൂപവും അവര്‍ വികസിപ്പിച്ചു.
പേപ്പറുകളുടെ ഉപയോഗം മുസ്‌ലിംകള്‍ക്കിടയില്‍ വന്‍ പ്രതിഫലനങ്ങളാണ് ഉളവാക്കിയത്. വിശിഷ്യാ, ഇതവര്‍ക്കിടയിലെ പുസ്തക സംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി. 7 മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകള്‍ പൊതുവെ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും കാലമായിരുന്നു. അറേബ്യന്‍ ഉപദ്വീപ് വിട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇസ്‌ലാമിക സാമ്രാജ്യം വികസിച്ചതോടെ അവിടങ്ങളിലുള്ള സാങ്കേതിക പുരോഗതികള്‍ മുസ്‌ലിംകള്‍ പഠിച്ചെടുത്തു. മതമേഖലയെ പുഷ്ടിപ്പെടുത്താന്‍ അവയെ പരമാവധി ഉപയോഗപ്പെടുത്തി. ചൈനക്കാര്‍ തുടങ്ങിയ പേപ്പര്‍ നിര്‍മാണം അറബ് മുസ്‌ലിംകള്‍ക്ക് വശമാകുന്നത് അങ്ങനെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈയൊരു കണ്ടെത്തല്‍ നേട്ടങ്ങളുടെ വന്‍ വാതായനങ്ങളാണ് തുറന്നത്. ബാഗ്ദാദ്, ഡമസ്‌കസ്, സ്‌പെയ്ന്‍ പോലെയുള്ള ഭരണകേന്ദ്രപ്രദേശങ്ങള്‍ പുസ്തകങ്ങളുടെയും ലൈബ്രറികളുടെയും രാജധാനിയായി മാറുകയായിരുന്നു പിന്നീട്. അബ്ബാസീ ഭരണകാലത്ത് ബാഗ്ദാദിലും പരിസരപ്രദേശങ്ങളിലും ഉയര്‍ന്നുവന്ന പുസ്തക ശാലകള്‍ക്കും ഗ്രന്ഥപ്പുരകള്‍ക്കും കയ്യും കണക്കുമില്ല. ഇബ്‌നുസീന, ഫാറാബി, അല്‍ബിറൂനി, ജാബിര്‍ ബിന്‍ ഹയ്യാന്‍ പോലെയുള്ള സര്‍ഗധനരായ പണ്ഡിതന്മാര്‍ വിവിധ ജ്ഞാന ശാഖകളിലായി ഡസന്‍ കണക്കിന് ഗ്രന്ഥങ്ങളാണ് എഴുതിയിരുന്നത്. ആയിരവും പതിനായിരവും ഒട്ടകങ്ങള്‍ക്ക് വഹിക്കാന്‍മാത്രം സമ്പന്നമായ പുസ്തകങ്ങള്‍ അടങ്ങിയവയായിരുന്നു അന്നത്തെ കോര്‍ട്ട് ലൈബ്രറികള്‍.
പുസ്തക നിര്‍മാണത്തിന്റെ ഏറ്റവും പുരോഗമിച്ച ശൈലിയായിരുന്നു മദ്ധ്യകാലത്ത് മുസ്‌ലിംകള്‍ ഉപയോഗിച്ചിരുന്നത്. വളരെ മനോഹരമായ കെട്ടിലും മട്ടിലും അലങ്കരിച്ചവയായിരുന്നു അന്നത്തെ പുസ്തകങ്ങള്‍. എഴുത്തിന്റെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും ആധുനികശൈലിയോട് അടുത്തുനില്‍ക്കുന്നതായിരുന്നു അന്ന് നിര്‍മിക്കപ്പെട്ടിരുന്ന പുസ്തകങ്ങളുടെ ആകാരം. വോള്യങ്ങള്‍വരുന്ന ഗ്രന്ഥങ്ങള്‍ക്ക് അവര്‍ അതിന്റെതായ പ്രാധാന്യം നല്‍കി സംവിധാനിച്ചിരുന്നു. എ.ഡി. 651 ആയപ്പോഴേക്കും വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ അന്നത്തെ എഴുത്തുരീതിയില്‍ മുസ്‌ലിംലോകത്ത് വ്യാപിച്ചു തുടങ്ങിയിരുന്നു. അരിസ്‌റ്റോട്ടിലിന്റെയും സോക്രട്ടീസിന്റെയും പുസ്തകങ്ങളുടെ അറബ് ഭാഷ്യങ്ങള്‍ പുറത്തുവന്നതും ഇതേ രീതിയിലായിരുന്നു.
എന്നാല്‍, യൂറോപ്പും ആഫ്രിക്കയുമെല്ലാം കാലങ്ങളോളം വന്യമൃഗങ്ങളുടെയും മറ്റും തോല്‍ ശുദ്ധീകരിച്ചെടുത്ത് അതിലാണ് എഴുതിയിരുന്നത്. 150 പേജുള്ള ഒരു പുസ്തകം തയ്യാറാക്കാന്‍ പന്ത്രണ്ടോളം ആടുകളെ കൊന്ന് തൊലി എടുക്കേണ്ടിയിരുന്നു അവര്‍ക്ക്. അതുകൊണ്ടുതന്നെ, അവരുടെ പുസ്തകങ്ങള്‍ക്ക് ഭീമാകാരമായ വലുപ്പമാണ് ഉണ്ടായിരുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യം തകര്‍ന്നതുമുതല്‍ റിനൈസന്‍സ് വരെയുള്ള കാലം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ശരിക്കും അന്ധകാരമായിരുന്നു. ഈ കാലഘട്ടത്തില്‍ എഴുത്തും വായനയും അവരുടെ ചിന്താവിഷയമായിരുന്നില്ല. മതാന്ധതയുടെ ഉന്മത്തത ബാധിച്ച ഒരു തരം അടഞ്ഞ ക്രൈസ്തവ വിശ്വാസമാണ് അവര്‍ക്കുണ്ടായിരുന്നത്. വളരെ ചുരുക്കം അച്ഛന്മാര്‍മാത്രമേ അന്ന് പുസ്തകത്തെക്കുറിച്ച് ചിന്തിച്ചിരുന്നുള്ളൂ. അഗ്നിയെ പേടിയായിരുന്ന അവരന്ന് സൂര്യവെളിച്ചത്തില്‍ മാത്രമേ പുസ്തകം വായിക്കാന്‍ ധൈര്യപ്പെട്ടിരുന്നുള്ളൂ. പല വസ്തുക്കളും ചേര്‍ത്തുവെച്ച് തയ്യാറാക്കുന്ന അവരുടെ പുസ്തകങ്ങള്‍ക്ക് അസാധാരണമായ വലുപ്പമാണ് ഉണ്ടായിരുന്നത്. മുസ്‌ലിംലോകത്തുനിന്നുമായിരുന്നു പിന്നീടവര്‍ക്ക് ഈ മേഖലയില്‍ വെളിച്ചം ലഭിച്ചിരുന്നത്. എഴുത്തും വായനയും പുസ്തക നിര്‍മാണവുമെല്ലാം അവര്‍ അറബികളുടെത് കണ്ട് പഠിക്കുകയായിരുന്നു.
അച്ചടിയന്ത്രവും യൂറോപ്പും
1438 ല്‍ ജോഹന്നസ് ഗുട്ടന്‍ബര്‍ഗ് അച്ചടി കണ്ടുപിടിച്ചു. പുസ്തക നിര്‍മാണ മേഖലയില്‍ ഇത് മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ചു. കയ്യെഴുത്തുപ്രതികള്‍ തയ്യാറാക്കുകയെന്ന ഭാരിച്ച ജോലിയില്‍നിന്നും അച്ചടിയിലേക്കുള്ള മാറ്റം ഈ മേഖലയെ ഏറെ സുഗമമാക്കി. അറബികള്‍ എത്തിനിന്നിരുന്ന സൗകര്യങ്ങളുടെ പിന്‍ബലത്തില്‍ പ്രസാധനരംഗത്ത് യൂറോപ്പ് ഇതോടെ ഏറെ മുന്നോട്ടു കുതിച്ചു. റിനൈസന്‍സ് കാലത്തുണ്ടായിരുന്ന വിദ്യാഭ്രമം അവരെ ശക്തമായ പുസ്തക പ്രസാധനത്തിലേക്ക് കൊണ്ടെത്തിച്ചു. വ്യാപകമായ പുസ്തക പ്രസാധനം വന്‍ സാമൂഹിക മാറ്റമാണ് യൂറോപ്പില്‍ കൊണ്ടുവന്നത്. അച്ചടിയുടെ ചെറുരൂപങ്ങള്‍ നേരത്തെത്തന്നെ ചൈനയിലും ജപ്പാനിലുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും വേണ്ടത്ര പുഷ്പിച്ചിരുന്നില്ല.
അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം ഒരു തരം അഹങ്കാര സമാനമായ സ്വഭാവം യൂറോപ്പിനു നല്‍കി. കയ്യും കണക്കുമില്ലാതെ വിവിധ തരം പുസ്തകങ്ങള്‍ അച്ചടിച്ചുവിട്ട കൂട്ടത്തില്‍ വിവിധ മത ഗ്രന്ഥങ്ങളും അച്ചടിച്ചു പുറത്തുവന്നു. മുസ്‌ലിംകളുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍വരെ ഇങ്ങനെ മുദ്രണം ചെയ്യപ്പെട്ടു. അറബി ഭാഷയില്‍ വലിയ നൈപുണ്യം നേടാത്തവരായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നതിനാല്‍ ഭീമാബദ്ധങ്ങള്‍ വരെ അതില്‍ സംഭവിച്ചിരുന്നു. വിശ്വാസികള്‍ അച്ചടിയന്ത്രത്തെ തുടക്കത്തില്‍ അകറ്റിനിര്‍ത്താന്‍ ഇത് നിമിത്തമായിട്ടുണ്ട്.
പ്രിന്റിംഗ് പ്രസ്സും മുസ്‌ലിംലോകവും
ഏകദേശം പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ് അച്ചടി മുസ്‌ലിംരാഷ്ട്രങ്ങളിലേക്ക് കടന്നുവരുന്നത്. യൂറോപ്പിന്റെ അധിനിവേശശ്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്ന ഈജിപ്ത്, ഇറാന്‍, ഒട്ടോമന്‍ ഭരണപ്രദേശങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റ ആദ്യപാതിയില്‍തന്നെ പ്രിന്റിംഗ് ചെറിയതോതില്‍ പ്രചരിച്ചിരുന്നു. എങ്കിലും, മുസ്‌ലിംലോകത്ത് ഇത് വ്യാപകമാകുന്നത് പത്തൊമ്പതാംനൂറ്റാണ്ടിന്റെ രണ്ടാം പാതിയിലാണ്. 1870-1890 കാലങ്ങളില്‍തന്നെ ഇത് തീരെ കടന്നുവരാത്ത പ്രദേശങ്ങളും ഒട്ടോമന്‍ ഭരണത്തിനൂകീഴില്‍ ഉണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ സാര്‍ ഭരണം നിലനിന്നിരുന്ന റഷ്യയില്‍ മുസ്‌ലിംകള്‍ പ്രിന്റിംഗ് പ്രസ്സ് ആരംഭിച്ചിരുന്നതായി ചരിത്രമുണ്ട്. പതിനേഴോളം പ്രസ്സുകള്‍ അന്നവിടെ മുസ്‌ലിംകളുടെതായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കണക്ക്. 1820 ഓടെ ഇന്ത്യയിലും മുസ്‌ലിംകള്‍ പ്രിന്റിംഗ് പ്രസ്സുകള്‍ ഉപയോഗിച്ച് പുസ്തകങ്ങള്‍ നിര്‍മിച്ചുതുടങ്ങി. 1870 ആയപ്പോഴേക്കും വിശുദ്ധ ഖുര്‍ആന്റെയും മറ്റു മതപരമായ പുസ്തകങ്ങളുടെയും പതിനായിരക്കണക്കിന് കോപ്പികള്‍ പുറത്തുവന്നു. ഇതേ നൂറ്റാണ്ടിന്റെ അവസാനത്തെ മുപ്പത് വര്‍ഷങ്ങള്‍ക്കിടയിലായി എഴുന്നൂറോളം പത്രങ്ങളും മാഗസിനുകളുമാണത്രെ ഉറുദു ഭാഷയില്‍ വെളിച്ചം കണ്ടത്. ഉത്തരേന്ത്യയില്‍ ഇക്കാലത്ത് ഓരോ ദശകത്തിലും 4000 മുതല്‍ 5000 പുസ്തകങ്ങള്‍ വരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പ്രിന്റിംഗ് പ്രസ്സ് മുസ്‌ലിംകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ആഴമാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.
ഏതൊരു പുതിയ വസ്തുവിനെയും സ്വീകരിക്കുന്നതില്‍ അവധാനത കാണിച്ചിരുന്നപോലെ, പ്രിന്റിംഗ് പ്രസ്സിനെ സ്വീകരിക്കുന്നതിലും മുസ്‌ലിം ലോകം തുടക്കത്തില്‍ അല്‍പം അവധാനത കാണിച്ചിരുന്നു. ആ സാങ്കേതിക വിദ്യയെക്കുറിച്ച് ശരിക്കും പഠിച്ചിട്ടു മതി മതമേഖലയില്‍ അതിന്റെ ഉപയോഗം എന്ന ഒരു നല്ല ചിന്തയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഈയൊരു സൂക്ഷ്മതക്കുപിന്നില്‍ ചില പ്രത്യേക കാരണങ്ങള്‍കൂടി ഉണ്ടായിരുന്നു. ആദ്യമായി അറബ് ഗ്രന്ഥങ്ങള്‍ അച്ചടിച്ചുതുടങ്ങിയത് യൂറോപ്പാണ്. അറബ് ഭാഷയുടെ ശംശുദ്ധിയെയും സൗകുമാര്യത്തെയും കുറിച്ച് വലിയ കാഴ്ച്ചപ്പാടില്ലാതിരുന്ന അവര്‍ ഇത്തരം കൃതികള്‍ അച്ചടിക്കുമ്പോള്‍ സ്വാഭാവികമായും അതില്‍ ധാരാളം പിശകുകള്‍ പിണയുമായിരുന്നു. യൂറോപ്യര്‍ പുറത്തിറക്കിയ പല അറബ് ഗ്രന്ഥങ്ങളിലും ഇത് സാധാരണയായി. ഇബ്‌നു സീനയുടെ ഖാനൂന്‍ ഫി ഥിബ്ബ് അച്ചടിച്ചുവന്നപ്പോള്‍ അതില്‍ അനവധി അച്ചടിപ്പിഴവുകള്‍ ഉണ്ടായിരുന്നു. ഈയൊരു ഘട്ടത്തിലാണ് ഇതിനെ തുടര്‍ന്നുകൊണ്ട് 1530 ലും 1694 ലുമെല്ലാം യൂറോപ്പിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ഖുര്‍ആന്റെ പ്രതികള്‍ പുറത്തിറങ്ങുന്നത്. ക്രൈസ്തവ പാതിരിമാരായിരുന്നു ഇവക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്വാഭാവികമായും അവര്‍ അച്ചില്‍തീര്‍ത്ത ഖുര്‍ആന്‍ പ്രതികളും പിഴവുകളില്‍നിന്നും മുക്തമായിരുന്നില്ല. മുസ്‌ലിം പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം ഇതൊരു കടുത്ത വെല്ലുവിളിയായിരുന്നു. ഈയൊരു വെല്ലുവിളി മുന്നില്‍ കണ്ട് വിശുദ്ധഖുര്‍ആന്റെ കോപ്പിയെടുക്കാന്‍ പരമ്പരാഗത എഴുത്തുശൈലിതന്നെയാണ് ഉചിതമെന്ന് അവര്‍ പറഞ്ഞു. ഖുര്‍ആനെ പിശകുകളില്‍നിന്നും മുക്തമായി സൂക്ഷിക്കുകയെന്ന ഒരു നല്ല മനസ്സിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പില്‍ക്കാലത്ത് അച്ചുകൂട സൃഷ്ടികള്‍ കുറ്റമുക്തമായപ്പോള്‍ മുസ്‌ലിംകള്‍ അത് സീകരിക്കുകയും ചെയ്തു. കേരളത്തിലോ ഇന്ത്യയിലോ മാത്രം സംഭവിച്ച ഒരു കാര്യമായിരുന്നില്ല ഇത്. ദൈവഭക്തിയുള്ള മുസ്‌ലിംകള്‍ എവിടെയൊക്കെ ജീവിച്ചിരുന്നോ അവിടങ്ങളിലെല്ലാം ഇത് സംഭവിച്ചിരുന്നു. പൊതുവെ അച്ചുകൂടങ്ങളോടുള്ള വിയോജിപ്പുമായിരുന്നില്ല ഇതിനുപിന്നില്‍. പ്രത്യുത, വിശുദ്ധ മതം സുരക്ഷിതമായി കാണണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു.
തുടക്കത്തില്‍ യൂറോപ്യരായിരുന്നു അറബ് ഗ്രന്ഥങ്ങള്‍ അച്ചടിച്ചുതുടങ്ങിയതെന്നു നാം പറഞ്ഞു. പതിനാറാം നൂറ്റാണ്ടു മുതല്‍തന്നെ അവര്‍ ഈ പണി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഒരു മുസ്‌ലിം സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ് നടത്തുന്നത് 1727 ല്‍ മാത്രമാണ്. ഇബ്‌റാഹീം മുതഫര്‍രിക എന്ന ഒരു ഇസ്തംബൂളുകാരനായിരുന്നു ഇത്. മുസ്‌ലിം ലോകത്ത് ആദ്യമായി പ്രിന്റിംഗ് പ്രസ്സ് ഉപയോഗിച്ചുവെന്ന ബഹുമതിയും അദ്ദേഹത്തിനാണ്. പക്ഷെ, അദ്ദേഹത്തിന്റെ മരണത്തോടെ അതിന്റെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു.
മുസ്‌ലിംലോകത്തേക്കുള്ള പ്രിന്റിംഗ് പ്രസ്സുകളുടെയും പ്രിന്റഡ് പുസ്തകങ്ങളുടെയും കടന്നുവരവ് വളരെ സാവധാനത്തില്‍, ഘട്ടംഘട്ടമായി നടന്ന ഒരു പ്രക്രിയയായി നമുക്ക് കണ്ടെത്താന്‍ പറ്റും. അച്ചടി പുസ്തകങ്ങളുടെ കെട്ടും മട്ടും കണ്ട് അതില്‍ ആകൃഷ്ടരായ തുര്‍ക്കി സുല്‍ത്താന്മാരാണ് ആദ്യമായി ഇതിനെ മുസ്‌ലിംനാടുകളില്‍ എത്തിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ആദ്യമായി 1588 ല്‍ സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ (1546-1595) പ്രിന്റഡ് പുസ്തകങ്ങള്‍ തുര്‍ക്കിയില്‍ ഇറക്കുമതി ചെയ്യാന്‍ യൂറോപ്യന്‍ കച്ചവടക്കാരോട് ആവശ്യപ്പെടുകയായിരുന്നു. രണ്ടാമത്തെ പടിയെന്നോണം സുല്‍ത്താന്‍ അഹ്‌മദ് മൂന്നാമന്‍ (1673-1736) ഒരല്‍പംകൂടി മുന്നോട്ടു വന്നു. 1727 ല്‍ അദ്ദേഹം തുര്‍ക്കിയില്‍ ആദ്യ പ്രിന്റിംഗ് പ്രസ്സ് തുടങ്ങാനുള്ള അനുമതി നല്‍കി. ഹങ്കറിയില്‍നിന്നും ഇസ്‌ലാം സ്വീകരിച്ച് തുര്‍ക്കിയിലേക്ക് കുടിയേറിപ്പാര്‍ത്ത ഇബ്‌റാഹീം മുതഫര്‍രികയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷെ, മതപരമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലായെന്ന ഒരു കര്‍ശന ഉത്തരവ് അദ്ദേഹത്തിന് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ മാത്രമാണ് ഇവിടെനിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. സമൂഹത്തിലെ പണ്ഡിതന്മാരില്‍ നിരന്തരം ഉയര്‍ന്നുവന്ന എതിര്‍പ്പും ഇതിന്റെ തിരോധാനത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്.
ഇത്തരം വിഷയങ്ങളില്‍, വിശിഷ്യാ, മുസ്‌ലിംകളെയും പണ്ഡിതരെയും ബാധിക്കുന്ന കാര്യങ്ങളായതുകൊണ്ടുതന്നെ, പില്‍ക്കാല ചരിത്രമെഴുത്തില്‍ ശക്തമായ എക്‌സാഗ്രേഷന്‍ ഉണ്ടായിരിക്കുമെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും, പ്രിന്റിംഗ് കടന്നുവന്ന കാലത്ത് മുസ്‌ലിം ലോകം ചാടിവീണ് അതിനെ പുണരുന്നതില്‍നിന്നും അല്‍പം മാറിനിന്നിരുന്നുവെന്നതും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് അതിനെ സ്വീകരിക്കാന്‍ മുന്നോട്ടുവന്നത് എന്നതും ഒരു വസ്തുതയാണ്. നാം നേരത്തെ സൂചിപ്പിച്ചപോലെ അവരുടെ സൂക്ഷ്മതയുടെ ഭാഗമായിട്ടായിരുന്നു ഇത്.
തുര്‍ക്കിയില്‍ ഈ പ്രസ്സിന് വളരെ ചുരുങ്ങിയ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പില്‍ക്കാലത്ത് മുസ്‌ലിംലോകത്ത് പ്രിന്റിംഗ് പ്രസ്സുകള്‍ ഉയര്‍ന്നുവരാന്‍ ഇത് വലിയൊരു പ്രോത്സാഹനമായി മാറുകയായിരുന്നു. ഇതിന്റെ അനന്തരഫലമെന്നോണം, യൂറോപ്പില്‍നിന്നും മുസ്‌ലിം രാഷ്ട്രങ്ങളിലേക്ക് പ്രിന്റഡ് പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പകരമായി ആവശ്യമായ അറബി പുസ്തകങ്ങള്‍ ഇവിടെവെച്ചുതന്നെ പ്രിന്റ് ചെയ്യാന്‍ 1734 ല്‍ ലബനാനില്‍ ഒരു പ്രിന്റിംഗ് പ്രസ്സ് ആരംഭിക്കുകയുണ്ടായി. പക്ഷെ, ഖേദകരമെന്നു പറയട്ടെ, ക്രിസ്ത്യാനിസത്തെ പ്രചരിപ്പിക്കാനുതകുന്ന പുസ്തകങ്ങള്‍ മാത്രമായിരുന്നു അവിടെനിന്നും മുദ്രണം ചെയ്യപ്പെട്ടിരുന്നത്. യൂറോപ്യന്‍ ജീവിത ശൈലിയും അവരുടെ വഴിവിട്ട ഫിലോസഫിയും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കാന്‍ ഇത് കാരണമായി. വിശിഷ്യാ, തുര്‍ക്കിയും ഈജിപ്തും അവരുടെ സ്വതന്ത്ര ചിന്തകളുടെ സ്വീകര്‍ത്താവായി മാറുകയായിരുന്നു ഇക്കാലത്ത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയ ആത്മീയത്തകര്‍ച്ചയാണ് ഇത്തരം പ്രസ്സുകള്‍ വരുത്തി വെച്ചിരുന്നത്. മുഹമ്മദലി പാഷ (1786-849) യുടെ കാലത്ത് പണ്ട് ബാഗ്ദാദിലും ഡമസ്‌കസിമൊക്കെ ഉണ്ടായിരുന്നപോലെ ഒരു രണ്ടാം തര്‍ജ്ജമാവിപ്ലവം അരങ്ങേറുകയായിരുന്നു. 1822 നും 1842 നുമിടയിലായി കൈറോയില്‍വെച്ച് 243 ഓളം പാശ്ചാത്യന്‍ പുസ്തകങ്ങളാണ് അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്ന് ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി സര്‍ക്കാര്‍ ചെലവില്‍തന്നെ പ്രസ്സുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു.
ഇറാന്റെ കഥയും മറ്റൊന്നായിരുന്നില്ല. 1816 ല്‍തന്നെ സര്‍ക്കാര്‍ ചെലവില്‍ അവിടെ പ്രിന്റിംഗ് പ്രസ്സ് ഉയര്‍ന്നുവന്നു. നായിബ് സുല്‍ത്താന്‍ അബ്ബാസ് മീര്‍സ (1789-1833) യായിരുന്നു തബ്‌രീസില്‍ ഇത് സ്ഥാപിച്ചത്. മോസ്‌കയിലേക്ക് വിദഗ്ധരെ വിട്ട് ആ സാങ്കേതിക വിദ്യ പഠിച്ചെടുത്ത് തങ്ങളുടെ നാട്ടിലും സമാരംഭം കുറിക്കുകയായിരുന്നു. ശേഷം, ഇറാന്റെ പല ഭാഗത്തും പ്രസ്സുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. 1846 ല്‍ ഇറാനിലെ ഏറ്റവും വലിയ സിറ്റിയായിരുന്ന തബ്‌രീസില്‍ മാത്രം പതിനാറോളം പ്രസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു. താമസിയാതെ, ഇസ്‌ലാമിക പ്രസിദ്ധീകരണ മേഖലയിലേക്കും ഖുര്‍ആന്‍ മുദ്രണത്തിലേക്കും അവിടത്തുകാര്‍ കയറിവന്നു.
പ്രസാധനരംഗവും ഇന്ത്യന്‍ മുസ്‌ലിംകളും
മുസ്‌ലിംലോകത്തെ അപേക്ഷിച്ച് സൗത്ത് ഏഷ്യയില്‍ പ്രിന്റിംഗ് പ്രസ്സിന്റെ സ്വീകാര്യതയും വളര്‍ച്ചയും വളരെ വ്യത്യസ്തമായൊരു ശൈലിയാണ് അവലംബിച്ചത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ വേഗത്തില്‍ തന്നെ ഇത് വേര് പിടിക്കുകയും പ്രചരിക്കുകയും ചെയ്തു. എന്നിരുന്നാലും, ഒരേ സമയംതന്നെ സ്വീകാര്യ മനോഭാവവും എതിര്‍മനോഭാവവും പ്രിന്റിംഗ് പ്രസ്സിനോടുള്ള സമീപനത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. മുഗള്‍ചക്രവര്‍ത്തി ജഹാംഗീറിന് അറബിയില്‍ തയ്യാറാക്കിയ ഒരു ബൈബിള്‍ നല്‍കപ്പെട്ടപ്പോള്‍ അത് കയ്യെഴുത്തു പ്രതിയാക്കി മാറ്റാന്‍ ആവശ്യപ്പെട്ടതും 1651 ല്‍ ശാജഹാന്റെ മന്ത്രിയായിരുന്ന സഅദുല്ലാ ഖാന് അറബിയില്‍ പ്രിന്റ് ചെയ്ത ഒരു പുസ്തകം സമ്മാനമായി നല്‍കപ്പെട്ടപ്പോള്‍ അത് സ്വീകരിക്കാന്‍ വിസമ്മതം കാണിച്ചതും ഇവിടത്തെ പ്രിന്റിംഗ് പ്രസ്സിനോടുള്ള ചില ആദ്യകാല പ്രതികരണങ്ങളാണ്. ഒരു സാങ്കേതിക വിദ്യ പുതുതായി കടന്നുവരുമ്പോഴുണ്ടാകുന്ന ചില സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമായിരുന്നു ഇവ.
പതിനാറാം നൂറ്റാണ്ടില്‍തന്നെ ഇന്ത്യ പ്രിന്റിംഗ് പ്രസ്സിനെ പരിചയിച്ചുതുടങ്ങിയിട്ടുണ്ട്. 1761 ല്‍ ബ്രിട്ടീഷുകാര്‍ പോണ്ടിച്ചേരിയില്‍ ഒരു പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചു. 1772 ല്‍ മദ്രാസിലും 1779 ല്‍ കല്‍ക്കട്ടയിലും 1792 ല്‍ ബോംബെയിലും പ്രിന്റിംഗ് സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. പക്ഷെ, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു ആദ്യകാലങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത്. ഭരണ ഭാഷ ഇംഗ്ലീഷാക്കി മാറ്റുന്നതുവരെ പേര്‍ഷ്യന്‍ ഭാഷയിലും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ സമാരംഭത്തോടെ പ്രിന്റിംഗ് പൊതുജനങ്ങളിലേക്ക് വ്യാപിക്കുകയും അതിന്റെ പ്രതിഫലനങ്ങള്‍ വ്യാപകമായി കണ്ടുതുടങ്ങുകയും ചെയ്തു. 1801 നും 1832 നുമിടയിലായി 12,000 ത്തോളം പ്രസിദ്ധീകരണങ്ങളാണ് ഈ ഭാഗത്തുനിന്നും പുറത്തുവന്നിരുന്നത്. 1780 ല്‍ ബ്രിട്ടീഷ് രാജിനു കീഴില്‍ കല്‍ക്കട്ടയില്‍നിന്നും പ്രസിദ്ധാകരിച്ചിരുന്ന ബംഗാള്‍ ഗസറ്റായിരുന്നു ഇന്ത്യയിലെ പ്രഥമ ന്യൂസ് പേപ്പര്‍.
1818 ല്‍ ഉത്തരേന്ത്യയിലെ അവധ് ഭരണാധികാരി ഗാസിയുദ്ധീന്‍ ഹൈദര്‍ (1814-1827) ലഖ്‌നോയില്‍ സ്ഥാപിച്ച മഥ്ബ-എ- സുല്‍ത്താനി ആയിരുന്നു ഈ രംഗത്ത് മുസ്‌ലിംകളുടെതായി ഇന്ത്യയില്‍ വന്ന ഒരു ആദ്യകാല സംരംഭം. ശൈഖ് അഹ്‌മദ് അറബ് (മ. 1840) എന്ന പണ്ഡിതന്‍ ആദ്യം ഇത് കല്‍ക്കട്ടയില്‍ സ്ഥാപിച്ചതായിരുന്നുവെന്നും പിന്നീട് സുല്‍ത്താന്റെ ആഗ്രഹം പരിഗണിച്ച് ലഖ്‌നോയിലേക്ക് മാറ്റുകയാണുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. ശൈഖ് അഹ്‌മദ് അറബ്, ഔഹാദുദ്ദീന്‍ ബല്‍ഗറാമി, ഖാസി മുഹമ്മദ് സ്വാദിഖ് അക്തര്‍ തുടങ്ങിയവരായിരുന്നു ഇവിടത്തെ പുസ്തക രചനക്കും നിര്‍മാണത്തിനുമായി നിശ്ചയിക്കപ്പെട്ടിരുന്നത്. ശൈഖ് അഹ്‌മദ് അറബ് തയ്യാറാക്കിയ മനാഖിബെ ഹൈദരിയ്യ എന്നതായിരുന്നു ഇവിടെനിന്നും അറബിയില്‍ പുറത്തിറങ്ങിയ ആദ്യകൃതി. ശേഷം മുഹാമിദെ ഹൈദരിയ്യ, സാദുല്‍ മആദ്, ഹഫ്ത് ഖുല്‍സം, താജുല്ലുഗത്ത് തുടങ്ങിയ കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടു. പുതിയൊരു അനുഭവമായിരുന്നതുകൊണ്ടുതന്നെ സാവധാനത്തിലാണ് ഇത്തരം പുസ്തകങ്ങള്‍ക്ക് ആളുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചിരുന്നത്. ഇതേ കാലത്തുതന്നെ പേര്‍ഷ്യന്‍ ഭാഷയിലെ പ്രസിദ്ധീകരണങ്ങളും അവര്‍ക്കിടയില്‍ വ്യാപിച്ചുതുടങ്ങിയിരുന്നു.
1823 ലാണ് ഇന്ത്യയില്‍ ലിത്തോ പ്രസ്സ് എത്തുന്നത്. ആദ്യമായിത്തന്നെ മദ്രാസ്, ബോംബെ, കല്‍ക്കട്ട എന്നിവിടങ്ങളില്‍ ഇത് തുറന്നുപ്രവര്‍ത്തിച്ചു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും പ്രൈവറ്റ് ലിത്തോ പ്രസ്സുകളും പ്രവര്‍ത്തിച്ചുതുടങ്ങി. 1826 ല്‍ മഥ്ബ-എ- ഫര്‍ദുഞ്ചി എന്ന പേരില്‍ ബോംബെയില്‍ ഒരു പ്രസ് ഉയര്‍ന്നുവന്നു. മുല്ല ഫിറോസ് ബിന്‍ കൗസ് രചിച്ച രിസാല മൗസമെ ബാദില എന്ന പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് അവിടെ വെച്ചായിരുന്നു. 1827 ല്‍ സഅദീ ശീറാസിയുടെ ഗുലിസ്താന്‍ കല്‍ക്കട്ടയിലെ ലിത്തോ പ്രസ്സില്‍നിന്നും മുദ്രണം ചെയ്യപ്പെട്ടു. തൊട്ടടുത്ത വര്‍ഷംതന്നെ അദ്ദേഹത്തിന്റെ ബുസ്താനും അവിടെവെച്ച് പ്രകാശിതമായി. പേര്‍ഷ്യന്‍ ഭാഷ മുദ്രണ രംഗത്തേക്ക് കടന്നതോടെ വന്‍ പ്രചാരമാണ് ഈ ഭാഗത്ത് പ്രിന്റിംഗ് പ്രസ്സുകള്‍ക്കുണ്ടായത്. വിശിഷ്യാ, കാന്‍പൂരിലും ലഖ്‌നോയിലും ഈ സംസ്‌കാരം പുഷ്പിച്ചു. മഥ്ബ-എ-സുല്‍ത്താനിക്കു ശേഷം മഥ്ബ-എ-ഹാജി ഹറമൗനി ശ്ശരീഫൈനിയും മഥ്ബ-എ-മുസ്ഥുഫായിയും അനവധി പുതിയ സംരംഭങ്ങളുമായി കടന്നുവന്നു. ലഖ്‌നോയിലും പരിസരപ്രദേശങ്ങളിലും ഉയര്‍ന്നുവന്ന ഇത്തരം പ്രസ്സുകള്‍ മുസ്‌ലിംകള്‍ക്ക് വിജ്ഞാനം പകരുന്നതിലും മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലും വളരെ വലിയ പങ്കാണ് വഹിച്ചത്.
ആദ്യമൊക്കെ അല്‍പം അവധാനത കാണിച്ചിരുന്ന മുസ്‌ലിംകള്‍ ലിത്തോ പ്രസ്സിന്റെ വരവോടുകൂടി അതിന്റെ ഏറ്റവും വലിയ ഉപയോക്താക്കളായി മാറുകയായിരുന്നു ഇന്ത്യയില്‍. ഒരാള്‍ക്കും കീഴടക്കാന്‍ സാധിക്കാത്തവിധം പത്തൊമ്പതാം നൂറ്റാണ്ടോടെ അവര്‍ ഈ മേഖലയില്‍ മുന്നേറിക്കഴിഞ്ഞു. മതപരമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഒരു വന്‍ റെക്കോര്‍ഡ് തന്നെ അന്ന് മുസ്‌ലിംകള്‍ സൃഷ്ടിച്ചു. 1854 വരെയുള്ള കാലയളവില്‍ കാന്‍പൂരിലെ ലിത്തോ പ്രസ്സില്‍ മാത്രം 700 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഈ ഭാഗങ്ങളിലുള്ള വിശ്വാസികളെ മതപരമായ വിഷയത്തില്‍ വിദ്യാസമ്പന്നരാക്കാന്‍ ഇത് ഏറെ ഉപകരിച്ചു. കുട്ടികളും യുവാക്കളും പ്രായം ചെന്നവരുമെല്ലാം ഇതിലൂടെ ഏറെ പ്രയോജനം കൈപ്പറ്റി. ഖുര്‍ആന്റെയും ഹദീസിന്റെയും പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിലും ബദ്ധ ശ്രദ്ധരായിരുന്നു ഇത്തരം പ്രസാധനാലയങ്ങള്‍. ഒരു ഔദ്യോഗിക കണക്കനുസരിച്ച് 1871 ല്‍ മാത്രം 30 ആയിരത്തോളം ഖുര്‍ആന്‍ പ്രതികള്‍ മുസ്‌ലിം പണ്ഡിതന്മാരുടെ പ്രവര്‍ത്തന ഫലമായി ഈ ഭാഗങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുവത്രെ. മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കലും ഹൈന്ദവ-ക്രൈസ്തവ മിഷ്‌നറികളുടെ വാദങ്ങളെ പൊളിക്കലുമായിരുന്നു ഈ പ്രസിദ്ധീകരണങ്ങളുടെയെല്ലാം മുഖ്യ അജണ്ട.
പ്രതിരോധം, ആദര്‍ശപ്രചാരണം, പ്രസാധനം
പ്രതിരോധവും ആശയ പ്രചരണവും ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രസിദ്ധീകരണങ്ങളും പ്രസാധനാലയങ്ങളും കൂടിവരാന്‍ വലിയൊരു നിമിത്തമായി വര്‍ത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിയും. അധിനിവേശത്തിന്റെ കടന്നുകയറ്റത്തിനു ശേഷം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ രൂപപ്പെട്ട വിഘടന ചിന്തകളും കക്ഷിത്വവും ഈ രംഗത്ത് വലിയ പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. 1867 ല്‍ ദയൂബന്തില്‍ ദാറുല്‍ ഉലൂം സ്ഥാപിതമായതുമുതല്‍ ഇങ്ങോട്ട് സമയത്തിന്റെയും സാഹചര്യത്തിന്റെ പ്രതികരണങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ടുവന്ന പല അവാന്തര വിഭാഗങ്ങളും തങ്ങളുടെ വീക്ഷണങ്ങളെ ശക്തിപ്പെടുത്താന്‍ പ്രസിദ്ധീകരണങ്ങളെ ശക്തമായി അവലംബിച്ചു. സര്‍സയ്യിദിന്റെ അലീഗര്‍ മൂവ്‌മെന്റും ലഖ്‌നോയിലെ നദ്‌വത്തുല്‍ ഉലമയും അഹ്‌മദ് റസാ ഖാന്‍ ബറേല്‍വിയുടെ അശ്‌റഫിയ്യയും ഈ പ്രസാധന പ്രവാത്തെ ഏറെ ത്വരിതപ്പെടുത്തി.
ആധുനികതയെ സ്വീകരിക്കുന്നതിനെയും പാരമ്പര്യത്തെ നിലനിര്‍ത്തുന്നതിനെയും ചൊല്ലിയായിരുന്നു ഇവര്‍ക്കിടയില്‍ എന്നും കത്തിനിന്നിരുന്ന ഭിന്നത. ഓരോരുത്തരും തങ്ങളുടെ ഭാഗം ന്യായീകരിക്കാനും സാധൂകരിക്കാനുമായി അനവധി പാംലെറ്റുകളും ലഖുലേഘകളും വന്‍ ഗ്രന്ഥങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. ഖണ്ഡനങ്ങളും മണ്ടനങ്ങളും റദ്ദുകളും തന്നെയായിരുന്നു എന്നും അവര്‍ക്കിടയിലെ രചനാ ശൈലി. പ്രിന്റിംഗ് പ്രസ്സിന്റെ സൗകര്യം ഇത്തരം ചിന്താധാരകള്‍ അവയോടെ ഉശിരോടെത്തന്നെ നിലനിന്നുപോകാന്‍ വളരെ സഹാകയമായിട്ടുണ്ട്.
ഹദീസ് ശാസ്ത്രത്തില്‍ ഉത്തരേന്ത്യന്‍ പണ്ഡിതന്മാര്‍, വിശിഷ്യാ ദയൂബന്തി പണ്ഡിതന്മാര്‍ രചിച്ച ശറഹുകളും തഅലീഖാത്തുകളും പ്രസിദ്ധീകരണമേഖലയിലെ ശ്രദ്ധേയമായൊരു അധ്യായമാണ്. ഫറങ്കിമഹല്‍ ജ്ഞാനികളുടെ മഅഖൂലാത്തു രചനകളും ഇവിടെ ഏറെ പ്രദിപാതനമര്‍ഹിക്കുന്നു.
പ്രിന്റിംഗ് പ്രസ്സ് കേരളത്തില്‍
ഇന്ത്യയുടെ മറ്റു ഭാഗങ്ങളെപ്പോലെത്തന്നെ കേരളത്തിലും പ്രിന്റിംഗ് പ്രസ്സ് കടന്നുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാതിയിലാണ്. 1821 ല്‍ ബ്രിട്ടീഷ് മിഷനറി പ്രവര്‍ത്തകനായ ബെഞ്ചമിന്‍ ബെയ്‌ലി കോട്ടയത്ത് സ്ഥാപിച്ച സി.എം.എസ്. പ്രസ്സാണ് കേരളത്തിലെ പ്രഥമ പ്രിന്റിംഗ് പ്രസ്സ്. മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം 1848 മുതല്‍ പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ മൂന്നാമത്തെ പത്രം ജ്ഞാനനിക്ഷേപം ആദ്യമായി പ്രസിദ്ധീകരിച്ചിരുന്നത് ഈ പ്രസ്സില്‍നിന്നായിരുന്നു. 1847 ല്‍ തലശേരി ബാസല്‍ മിഷന്‍ പ്രകാശനം ചെയ്ത രാജ്യസമാചാരമായിരിക്കണം മലയാളത്തിലെ ആദ്യത്തെ പ്രസിദ്ധീകരണം. 1834 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ഗവണ്‍മെന്റ് പ്രസ്സും 1847 ല്‍ തലശ്ശേരി ഇല്ലിക്കുന്നില്‍ ഉയര്‍ന്നുവന്ന ബാസല്‍ മിഷന്റെ ലിത്തോ പവര്‍ പ്രസ്സുമാണ് കേരളത്തിലെ മറ്റു ആദ്യകാല പ്രസ്സുകള്‍.
പുസ്തക നിര്‍മാണത്തിന്റെ പുതിയ ശൈലികള്‍ വളരെ ആകാംക്ഷയോടെയാണ് കേരളജനത വരവേറ്റത്. ഇതേ തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗത്തും പ്രസ്സുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. പ്രസിദ്ധീകരണങ്ങളും അടിക്കടി കൂടിക്കൊണ്ടിരുന്നു. അച്ചടിയെ മൂല്യബോധത്തോടെ ഉപയോഗപ്പെടുത്തുകയെന്ന ഒരു ചിന്തയോടെയാണ് മുസ്‌ലിംകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത്.
അച്ചുകൂടങ്ങളുടെ കടന്നുവരവ്
ഏറെ വ്യവസ്ഥാപിതമായ നിലക്ക് പ്രസാധന രംഗം കേരളമുസ്‌ലിംകളില്‍ വികസിച്ചുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ്. അഥവാ, കേരളക്കരയില്‍ പ്രിന്റിംഗ് പ്രസ്സ് വ്യാപകമായിത്തുടങ്ങിയതു മുതല്‍. ഒകേരളത്തില്‍ ഇതര മതക്കാര്‍ എഴുത്തും പ്രസാധനവും തുടങ്ങിയ അതേ കാലത്തുന്നെ മുസ്‌ലിംകളും എഴുത്തും പ്രസിദ്ധീകരണവും ആരംഭിച്ചിട്ടുണ്ട്. എന്നല്ല, പലപ്പോഴും അവരെയെല്ലാം കവച്ചുവെക്കുന്ന നിലക്കായിരുന്നു സാഹിത്യമേഖലകളിലും ആദ്ധ്യാത്മിക രചനകളിലുമെല്ലാം മുസ്‌ലിംകളുടെ പ്രകടനങ്ങള്‍.
പ്രവാചകരുടെ കാലംമുതല്‍ത്തന്നെ ഇസ്‌ലാമികത്തനിമ നിലനിന്നിരുന്ന ഭൂമിയാണെല്ലോ കേരളം. അതുകൊണ്ടുതന്നെ, ആദ്ധ്യാത്മിക ഇസ്‌ലാമിക ചിന്തയെ നിലനിറുത്തുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിംലോകത്ത് കടന്നുവന്നിരുന്ന ചിന്തകളും ചര്‍ച്ചകളും പ്രതിരോധങ്ങളുമെല്ലാം കേരളമുസ്‌ലിംകള്‍ക്കിടയിലും കടന്നുവന്നിരുന്നു. പരമ്പരാഗത ഇസ്‌ലാമിക ചിന്തയെ കളങ്കപ്പെടുത്തുമെന്നു തോന്നുന്ന ഏതൊരു മാര്‍ഗത്തെയും വളരെ വിശദമായി പഠനവിധേയമാക്കിയതിനു ശേഷം മാത്രമേ അവര്‍ സ്വീകരിച്ചിരുന്നുള്ളൂ. പ്രിന്റിംഗ് പ്രസ്സും ഉപയോഗവും മുസ്‌ലിംലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷമായിരുന്നുവെന്ന് നാം മുമ്പു പറഞ്ഞു. ഏന്നാല്‍, ആശയപ്രചാരണമേഖലയില്‍ ഏറെ ഉപകാരപ്രദമാണെന്നു മനസ്സിലാക്കിയ കേരളമുസ്‌ലിംകള്‍ വളരെ ആവേശത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. മതപ്രബോധനമേഖലയില്‍ ക്രൈസ്തവ മിഷനറിയില്‍നിന്നും വന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ ഇതവര്‍ക്ക് ഏറെ ഉപകാരം ചെയ്തു. കേരളത്തില്‍ ഔദ്യോഗികമായി അച്ചുകൂടങ്ങള്‍ തുടങ്ങുകയും പ്രസാധനങ്ങള്‍ ആരംഭിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെത്തന്നെ മുസ്‌ലിംകളും ഈ മേഖലയില്‍ കടന്നുവന്നിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടിയാണ് കേരളമുസ്‌ലിംകള്‍ക്കിടയില്‍ പ്രിന്റിംഗ് പ്രസ്സ് കടന്നുവരുന്നതെന്ന് നാം പറഞ്ഞു. പ്രധാനമായും കേരളത്തില്‍ ഏറെ ചരിത്രപ്രധാനമായ മൂന്നു പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രിന്റിംഗ് പ്രസ്സുകള്‍ വ്യാപിച്ചിരുന്നത്. തലശ്ശേരി, തിരൂരങ്ങാടി, പൊന്നാനി എന്നിവയാണവ. കേരളത്തിലെ ഒരേയൊരു മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശവുമായി ബന്ധപ്പെട്ട് തലശ്ശേരിയും മാപ്പിളസമരങ്ങളുടെയും വീരപോരാളികളുടെയും മുഖ്യ കേന്ദ്രം എന്ന നിലക്ക് തിരൂരങ്ങാടിയും കേരളമുസ്‌ലിം വൈജ്ഞാനിക ചരിത്രത്തിലെ പ്രശോഭിത അധ്യായം എന്ന നിലക്ക് പൊന്നാനിയും ഈ ചരിത്രത്തില്‍ സ്വാഭാവികമായും അനിവാര്യ പ്രതിനിധാനം കാഴ്ചവെച്ചതായിരിക്കണം. ലഭ്യമായ, ഏതു പഴയകാല രചനകളെടുത്തു പരിശോധിച്ചുനോക്കിയാലും ഈ മൂന്നിലേതെങ്കിലുമൊരു പ്രദേശത്തുനിന്നും മുദ്രണം ചെയ്യപ്പെട്ടവയായി കണ്ടെത്താന്‍ പറ്റും. 1960 കളില്‍ കാസര്‍കോട് ഭാഗങ്ങളില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍വരെ മുദ്രണം ചെയ്യപ്പെട്ടിരുന്നത് തിരൂരങ്ങാടിയില്‍നിന്നാണ്. ഖാസി മര്‍ഹൂം സി.എം. അബ്ദുല്ല മൗലവിയുടെ ചെമ്പിരിക്ക മാല ഒരു ഉദാഹരണം.
കണ്ണൂരിലെ അറക്കല്‍ കൊട്ടാരത്തിനടുത്ത് ആദം ഹാജി എന്നൊരാള്‍ 1869 ല്‍ തുടക്കംകുറിച്ച പ്രസ്സാണ് കേരളത്തില്‍ ആദ്യത്തെ അറബി മലയാള പ്രസ്സായി മനസ്സിലാക്കപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ നേരത്തെത്തന്നെ പ്രസ് നിര്‍മിക്കാനായി തെരഞ്ഞെടുത്ത ഒരു സ്ഥലമായിരുന്നു തലശേരി എന്നതിനാല്‍ അവിടത്തെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും ഇതിന്റെ നിര്‍മാണത്തെ ത്വരിതപ്പെടുത്തിയിരിക്കണം. അറക്കല്‍ കുടുംബത്തില്‍നിന്നും വിവാഹം കഴിച്ച് എളയയായ മായിന്‍ കുട്ടി എളയ തന്റെ വിഖ്യാതമായ ഖുര്‍ആന്‍ പരിഭാഷ ആറ് വോള്യങ്ങളിലായി മുദ്രണം നിര്‍വഹിച്ചത് ഈ പ്രസ്സില്‍നിന്നായിരുന്നു. ജലാലൈനിയെ അടിസ്ഥാനമാക്കി അദ്ദേഹം തയ്യാറാക്കിയ ഈ ഗ്രന്ഥം അറക്കല്‍ കുടുംബത്തിന്റെ സഹായത്തോടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ശേഷം കേരളക്കരയില്‍ ശ്രുതി നേടിയ പല രചനകളും ഇവിടെനിന്ന് മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാവ മുസ്‌ലിയാരുടെ വിത്‌രിയ്യ: കാവ്യം വ്യാഖ്യാനം, പാടൂര്‍ കുഞ്ഞിക്കോയ മുസ്‌ലിയാരുടെ വൈതല്യം, എളയയുടെ തന്നെ രിദാമാല, ആഖിബത്ത് മാല തുടങ്ങിയവ ഉദാഹരണങ്ങള്‍.
1870 ന്റെ പരിസരങ്ങളിലായി തലശേരിയിലെ ഒരു വ്യാപാര കുടുംബമായ തീക്കൂക്കില്‍ തറവാട്ടിലെ കുഞ്ഞഹമ്മദ് എന്നൊരാള്‍ തലശേരിയില്‍ ഒരു പ്രസ് സ്ഥാപിക്കുകയുണ്ടായി. അറബി മലയാളം അച്ചടിച്ചിരുന്ന കേരളത്തിലെ രണ്ടാമത്തെ മുസ്‌ലിം പ്രസ്സായിരിക്കണം ഇത്. വര്‍ഷങ്ങളോളം തലശേരിയിലെ ഇല്ലിക്കുന്നില്‍ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രസ്സില്‍ ജോലിക്കാരനായിരുന്ന അദ്ദേഹം അതില്‍നിന്നും ഒഴിവായിവന്നായിരുന്നു ഈ പ്രസ് സ്ഥാപിച്ചിരുന്നത്. മുസ്ഹഫുകളായിരുന്നു കുഞ്ഞഹമ്മദിന്റെ പ്രസ്സില്‍നിന്നും കൂടുതലായി മുദ്രണം ചെയ്യപ്പെട്ടിരുന്നത്. അണിയാപ്പുറത്ത് അമ്മുവായിരുന്നു തലശേരിയിലെ മറ്റൊരു പ്രസ്സുടമ. പൊന്നാനിയില്‍പോയായിരുന്നു അദ്ദേഹം പ്രസ് നടത്തിയിരുന്നത്. അരയാലിപ്പുറത്ത് കുഞ്ഞഹമ്മദ്, നീരാറ്റിപ്പീടിക കുഞ്ഞഹമ്മദ്, വളപ്പിച്ചിക്കണ്ടി കുഞ്ഞിമൂസ, കണ്ണമ്പത്ത് ഹസന്‍, പാലിക്കണ്ടി കുഞ്ഞാമു, നെയ്യാന്‍വീട്ടില്‍ അബ്ദു തുടങ്ങിയവരും ഈ മേഖലയില്‍ പ്രസിദ്ധീകരണ രംഗത്ത് തിളങ്ങിനിന്നവരാണ്. കാരക്കാട് സഈദലി സ്ഥാപിച്ച മള്ഹറുല്‍ മുഹിമ്മാത്ത് പ്രസ്സാണ് ഇവിടെ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ഒരു മുദ്രണ ശാല. ശ്രദ്ധേയമായ പല പുസ്തകങ്ങളും ഇവിടെനിന്നും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് തിരൂരങ്ങാടിലേക്ക് മാറ്റിസ്ഥാപിക്കുകയുണ്ടായി. ചേരൂര്‍ ശുഹദാക്കളെക്കുറിച്ച് വിരചിതമായ ചേറൂര്‍ പടപ്പാട്ട് അച്ചടിച്ചതുകാരണം ബ്രിട്ടീഷ് പട്ടാളം കണ്ടുകെട്ടി സീല്‍ ചെയ്യുകയായിരുന്നു. 1934 മാര്‍ച്ചില്‍ ഒരു പ്രതിവാര പത്രമായി കെ.കെ. മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്‍ ചന്ദ്രക ദിനപത്രം ആരംഭിച്ചതും തലശേരിയില്‍വെച്ചുതന്നെ. അച്ചുകൂടങ്ങളുടെ നാട് എന്നു ശ്രുതിപ്പെടാന്‍മാത്രം സാഹിത്യ-പ്രസാധന പ്രവര്‍ത്തനങ്ങള്‍കൊണ്ട് സമ്പന്നമായിക്കഴിഞ്ഞിരുന്നു അന്ന് തലശേരി. 1892 നും 1920 നും ഇടക്ക് എല്ലാ അര്‍ത്ഥത്തിലും വടക്കെ മലബാര്‍ കേരളത്തിന്റെ സാഹിത്യത്തറവാടായി മാറാന്‍ കാരണം തലശേരിയായിരുന്നു.
മമ്പുറം സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ പ്രസിദ്ധീകരിച്ച ഹിദായത്തുല്‍ ഇഖ്‌വാനാണ് മലബാറില്‍നിന്നും അറബി മലയാളത്തിലിറങ്ങിയ പ്രഥമ പത്രം. തിരൂരങ്ങാടിയില്‍നിന്നായിരുന്നു ഇത് പുറത്തിറങ്ങിയിരുന്നത്. തങ്ങളുടെതന്നെ ബറകാത്തുല്‍ മുഅ്മിനീന്‍ പ്രസ്സില്‍നിന്നായിരുന്നു ഇതിന്റെ മുദ്രണം. 1883 ല്‍ സ്ഥാപിതമായ ആമിറുല്‍ ഇസ്‌ലാം ലിത്തോ പവര്‍ പ്രസ്സാണ് പ്രധാനമായും തിരൂരങ്ങാടി പ്രസിദ്ധമായ പ്രസാധന ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ചാലിലകത്ത് അഹ്‌മദ് സാഹിബ് സ്ഥാപിച്ച ഇതിന് അനവധി സാഹിത്യ സംഭാവനകള്‍ കേരളക്കരക്ക് സമ്മാനിക്കാന്‍ സാധിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് സി.എച്ച്. മുഹമ്മദ് ആന്റ് സണ്‍സ് എന്ന് പേര് മാറുകയും മലയാളത്തില്‍ പ്രസാധനമാരംഭിക്കുകയും ചെയ്തു. മാപ്പിളസാഹിത്യ തറവാട്ടിലെ പടുക്കളുടെ പല രചനകളും വെളിച്ചം കണ്ടത് ഇവിടെനിന്നായിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, ശുജായി മൊയ്തു മൗലവിയുടെ സഫലമാല തുടങ്ങി മൂല്യമുള്ള വിവിധ രചനകള്‍ ഇവിടെനിന്നും പുറത്തിറങ്ങി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുസ്തകങ്ങള്‍ മുദ്രണം ചെയ്തിരുന്ന അല്‍ മുര്‍ശിദ് ലിത്തോ പ്രസ്സും തിരൂരങ്ങാടിയിലായിരുന്നു. അലി ഹസന്‍ ഹാജിയായിരുന്നു സ്ഥാപകന്‍. ഇരുപതാം നൂറ്റാണ്ടിന്റെ സമാരംഭത്തില്‍ വിശ്രുതി നേടിയ മറ്റൊരു പ്രസ്സാണ് മിസ്ബാഹുല്‍ ഹുദാ പ്രസ്. 1921 ലെ മാപ്പിളമാരുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രഗാനം പുറത്തിറങ്ങിയത് ഇവിടെ വെച്ചായിരുന്നു. മഫാത്തിഹുല്‍ ഉലൂം പ്രസ്, മഹ്‌ളറത്തുല്‍ മുഹിമ്മാത്ത് പ്രസ്സ് തുടങ്ങിയവ സുപ്രധാനമായ മറ്റു ചില മുദ്രണ കേന്ദ്രങ്ങളാണ്. സമസ്തയുടെ അല്‍ ബയാന്‍ മാസികയും മുസ്‌ലിയാരകത്ത് അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ ഹിജ്‌റ പടപ്പാട്ടും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത് യഥാക്രമം ഇവയില്‍നിന്നായിരുന്നു.
പ്രസാധനരംഗത്ത് കാലങ്ങളോളം തിളങ്ങി നിന്ന ഒരു നാടാണ് പൊന്നാനി. കേരളമുസ്‌ലിംകളുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന അനവധി ചെറുതും വലുതുമായ രചനകള്‍ മുദ്രണം ചെയ്യപ്പെട്ടത് പൊന്നാനിയില്‍വെച്ചായിരുന്നു. അറബിമലയാള അച്ചുകൂടങ്ങളുടെ നാടായാണ് മലബാറിലെ ചെറിയ മക്കയായ പൊന്നാനി അറിയപ്പെടുന്നത് തന്നെ. അണിയാപുരത്ത് അമ്മു സ്ഥാപിച്ച മുഹ്കിയല്‍ ഗറാഇബ് ആണ് പൊന്നാനിയിലെ പ്രഥമ പ്രസ്സായി മനസ്സിലാക്കപ്പെടുന്നത്. തലശേരിയില്‍നിന്നും ഇവിടെ വന്ന് പ്രസ് നടത്തുകയായിരുന്നു അമ്മു. ശുജായി മൊയ്തു മൗലവിയുടെ പല കൃതികളും മുദ്രണം ചെയ്യപ്പെട്ടത് ഇവിടെ വെച്ചാണ്. റോയല്‍ പ്രസ് (കൊങ്ങണംവീട്ടുകാര്‍), പൊന്നാനി അച്ചുകൂടം (എം.പി.ഒ. മുഹമ്മദ്), മോഡല്‍ ലിത്തോ പ്രിന്റിംഗ് പ്രസ് (പി.ടി. ആലിക്കോയ), നൂറുല്‍ ഹിദായ പ്രസ് (കെ. നൂറുദ്ദീന്‍), മഥ്ബഅത്തുല്‍ ഇസ്‌ലാമിയ്യ ലിത്തോ പ്രസ് (സി. സൈതാലിക്കുട്ടി), മമ്പഉല്‍ ഹിദയ, മഹ്‌ളറത്തുല്‍ അദ്ല്‍, തുടങ്ങിയവ പൊന്നാനിയിലെ സുപ്രധാന അച്ചുകൂടങ്ങളായിരുന്നു. വിവിധ തലങ്ങളില്‍ വ്യാപകമായ സേവനങ്ങള്‍ നടത്തിയിരുന്ന നൂറോളം അച്ചുകൂടങ്ങളാണ് ഒരു കാലത്ത് അവിടെ ഉണ്ടായിരുന്നത്.
1880 കളില്‍ സ്ഥാപിതമായ മമ്പഉല്‍ ഹിദായ (കായംകുളം), ആമിറുല്‍ ഇസ്‌ലാം ലിത്തോ പ്രസ് (ആലപ്പുഴ, 1886), മുഹ്കിയത്തുല്‍ ഗറാഇബ് (മട്ടാഞ്ചേരി) തുടങ്ങി അനവധി പ്രസ്സുകള്‍ ഇക്കാലത്ത് ദക്ഷിണകേരളത്തിലും ഉയര്‍ന്നുവന്നിരുന്നു. കാസര്‍കോട് മുബാറക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ഹൗസ് ഉത്തര മലബാറില്‍ പേര് കേട്ട മുദ്രണാലയമാണ്. മുസ്‌ലിംകളെ അക്ഷരാഭ്യാസമുള്ളവരാക്കുന്നതില്‍ ഈ പ്രസ്സുകളെല്ലാം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
പ്രസാധനം ഇരുപതാം നൂറ്റാണ്ടില്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആഗമനത്തോടെ കേരളമുസ്‌ലിംകള്‍ക്കിടയില്‍ പ്രസാധന സംരംഭങ്ങള്‍ ഏറെ ശക്തിപ്പെട്ടു. ധാരാളം പുതിയ പ്രസാധനാലയങ്ങള്‍ ഉയര്‍ന്നുവരികയും പല പഴയവയും ഇല്ലാതാവുകയോ പൂര്‍വ്വോപരി ശക്തിപ്പെടുകയോ ചെയ്യുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് പൊതുബോധമുണ്ടാക്കുന്ന സ്വഭാവമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ പുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്നതെങ്കില്‍, മുസ്‌ലിം വിശ്വാസത്തെ ശക്തിപ്പെടുത്തുകയും സ്ഥാപിക്കുകയും ചെയ്യുന്നവയായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ പുസ്തകങ്ങള്‍. കേരളത്തില്‍ ബിദഈ ചിന്തകള്‍ വേര് പിടിക്കുകയും അവരുടെ ആശയപ്രചരണം നാടുനീളെ പരക്കുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു ഇത്. അവാന്തര കക്ഷികളുടെ ജന്മത്തിലൂടെ ഉത്തരേന്ത്യയില്‍ അച്ചടിപ്രളയം സംഭവിച്ചപോലെത്തന്നെയായിരുന്നു കേരളത്തിലും ഈ സമയം സംഭവിച്ചത്. തങ്ങളുടെ ആദര്‍ശത്തെയും വിശ്വാസത്തെയും ഉയര്‍ത്തിക്കാണിക്കാന്‍ ഓരോ വിഭാഗവും ശക്തമായിത്തന്നെ തൂലിക പ്രയോഗിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഓരോ കക്ഷിക്കും പ്രത്യേകം പ്രസാധനാലയങ്ങള്‍ ഉയരുകയും പ്രിന്റിംഗ് പ്രസ്സുകള്‍ രൂപംകൊള്ളുകയും ചെയ്തിരുന്നു. 1920 കളില്‍ ഈജിപ്തില്‍നിന്നും സഊദി അറേബ്യയില്‍നിന്നുമായി യഥാക്രമം അതിഭൗതികതയെയും അതിയാഥാസ്തികതയെയും സമ്മേളിപ്പിച്ചുകൊണ്ട് പുതിയൊരു ചിന്താഗതി കേരളത്തിലെത്തിയപ്പോള്‍ അതിനെ ന്യായീകരിക്കാനായി പ്രസാധന പ്രളയം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിനെ പ്രതിരോധിച്ചുകൊണ്ട് ഇസ്‌ലാമിന്റെ പാരമ്പര്യ ചിന്തയെ നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ ഒരു എതിര്‍-പുസ്തക പ്രളയവും (രീൗിലേൃ യീീസ ൃല്ീഹൗശേീി) അരങ്ങേറുകയുണ്ടായി.
വ്യക്തികളിലധിഷ്ഠിതമായ പ്രസാധന ശൈലിയില്‍നിന്നും സംഘടിത പ്രസാധന ശൈലിയിലേക്കുള്ള മാറ്റമായിരുന്നു ഇരുപതാം നൂറ്റാണ്ടോടെ സംഭവിച്ചത്. എങ്കിലും, ഇരുപതിന്റെ തുടക്കത്തിലും വ്യക്തികേന്ദ്രീകൃത പ്രസാധന ശൈലിതന്നെയാണ് നിലനിന്നിരുന്നത്. പണ്ഡിതന്മാര്‍ക്കിടയില്‍നിന്നും ഒരുപാട് രഹസ്യ രചനകള്‍ ഇക്കാലത്ത് പുറത്ത് വന്നിട്ടുണ്ട്.
1924 ല്‍ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് കോഴിക്കോട് സ്ഥാപിച്ച അല്‍ അമീന്‍ പ്രസ് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ ത്വര ജനിപ്പിക്കുന്ന പല നല്ല കൃതികള്‍ക്കും ജന്മം നല്‍കി. വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ പുതുപ്പറമ്പില്‍ നടത്തിയിരുന്ന പ്രസ്സും ഈ മേഖലയിലെ വലിയൊരു സംരംഭമായിരുന്നു. 1950 ല്‍ അല്‍ ബയാന്‍ പന:പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ അവിടെനിന്നാണ് മുദ്രണം ചെയ്യപ്പെട്ടിരുന്നത്. അബ്ദുല്‍ ബാരി മുസ്‌ലിയാരായിരുന്നു ഇതിന്റെ ചെലവ് പൂര്‍ണമായും വഹിച്ചിരുന്നത്. ചുരുങ്ങിയ കാലമേ ഈ പ്രസ്സ് നിലനിന്നിരുന്നുള്ളൂ എന്നിരുന്നാലും സമസ്തയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പ്രിന്റ് ചെയ്തത് അവിടെ വെച്ചായിരുന്നു. 1948 ല്‍ തൃശൂരിലെ വിയ്യൂരില്‍ സ്ഥാപിതമായ ആമിന ബുക്സ്റ്റാള്‍ മുസ്‌ലിംകള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാറില്‍ മുഴുക്കെയും അവിടെനിന്നും പുറത്തിറങ്ങിയ പുസ്തകങ്ങള്‍ക്ക് വായനക്കാരുണ്ടായിരുന്നു. പഴമക്കാര്‍ക്കെന്ന പോലെ പുതിയ തലമുറക്കും ഈ നാമം ഇന്ന് സുപരിചിതമാണ്. കെ.ബി. അബൂബക്ര്‍ എന്നയാളായിരുന്നു ഇത് ആരംഭിച്ചത്. ബദ്ര്‍ വിജയം എന്നതായിരുന്നു ആമിന പ്രസിദ്ധീകരിച്ച പ്രഥമ കൃതി. 1950 ല്‍ സ്ഥാപിതമായ കോഴിക്കോടെ ഗ്രീന്‍ഹൗസാണ് മറ്റൊരു പ്രസാധനാലയം. സി.എച്ഛ്. മുഹമ്മദ് കോയയും ഒരു അബ്ദുര്‍റഹ്‌മാനും ചേര്‍ന്നായിരുന്നു ഇത് തുടങ്ങിയത്. വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്കാണ് ഇവര്‍ പ്രാധാനം നല്‍കിയത്. സി.എച്ഛ്. രചിച്ച പല പുസ്തകങ്ങളും പുറത്ത് വന്നത് ഇതിലൂടെയായിരുന്നു. മുസ്‌ലിംലീഗിനെക്കുറിച്ചും മുസ്‌ലിംലീഗ് നേതാക്കളെക്കുറിച്ചും ഇതിലൂടെ വ്യത്യസ്ത കൃതികള്‍ വെളിച്ചം കാണുകയുണ്ടായി. 1949 ല്‍ എരഞ്ഞിപ്പാലത്തുവന്ന ബുഷ്‌റ പബ്ലിഷിംഗ് ഹൗസും 1952 ല്‍ തിരൂരങ്ങാടിയില്‍ വന്ന ഉബൈദിയ്യ പബ്ലിഷിംഗ് ഹൗസും ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലശേരിയിലെ അനീസ് പബ്ലിഷേഴ്‌സ്, ആയഞ്ചേരിയിലെ നാസ്വിര്‍ ബുക്സ്റ്റാള്‍, മഞ്ചേരിയിലെ ഹാദി പബ്ലിക്കേഷന്‍, 1962 ല്‍ തിരൂരങ്ങാടിയില്‍ തുടങ്ങിയ കെ. അഹ്‌മദ് കുട്ടി ആന്റ് സണ്‍സ് ബുക്സ്റ്റാള്‍, 1980 ല്‍ കോഴിക്കോട് തുടങ്ങിയ അല്‍ ഹുദാ ബുക്‌സറ്റാള്‍, 1977 ല്‍ കെ. ആലിക്കുട്ടി ഹാജി വൈലത്തൂരില്‍ സ്ഥാപിച്ച അയ്യൂബി ബുക്ഹൗസ്, ഡോ. സി.കെ. കരീം തിരുവനന്തപരുത്ത് സ്ഥാപിച്ച ചരിത്രം പബ്ലിക്കേഷന്‍, 1986 ല്‍ സ്ഥാപിച്ച തിരൂരങ്ങാടി ബുക്സ്റ്റാള്‍, 1992 ല്‍ തുടങ്ങിയ അശ്‌റഫി ബുക്സ്റ്റാള്‍ തുടങ്ങിയവ മുസ്‌ലിം പ്രസിദ്ധീകരണ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന പ്രസാധനാലയങ്ങളാണ്. ഇവയില്‍ പലതും പുത്തനാശയക്കാരുടെതാണെങ്കിലും കേരളമുസ്‌ലിംകളുടെ ചരിത്രസംബന്ധമായും പരമ്പരാഗത ഇസ്‌ലാമിക ചിന്തയിലൂന്നിയും അനവധി മൗലിക രചനകള്‍ ഇവ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ വളരെ കുറഞ്ഞ റേറ്റില്‍ മുസ്ഹഫ് ലഭ്യമാക്കുന്നതിലും നിത്യജീവിതവുമായി ബന്ധപ്പെട്ട അനവധി പാരമ്പര്യ രചനകള്‍ പുറത്തുകൊണ്ടുവരുന്നതിലും ഇവയില്‍ പല പബ്ലിഷേഴ്‌സും ചെയ്ത നന്മകള്‍ വളരെ വിലപ്പെട്ടതും മഹത്തരവുമാണ്. പല പബ്ലിഷേഴ്‌സും ഉള്ളിലൂടെ തങ്ങളുടെ ആശയം കുത്തിവെക്കാന്‍ ശക്തമായി ശ്രമിക്കാറുണ്ടെങ്കുലം പല പ്രസാധനാലയങ്ങളും പ്രസിദ്ധീകരണ മേഖലയില്‍ ഒരു പൊതു സ്വഭാവം സ്വീകരിക്കുന്നതു കാണം. എന്നാല്‍, പ്രസാധനാലയങ്ങളാകട്ടെ, ആദര്‍ശ വിഷയങ്ങളിലേക്ക് തീരെ കടന്നുവരാതെ പൊതുവെ മുസ്‌ലിംകള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രം, ശാസ്ത്രം പോലെയുള്ള വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായിരുന്നു, കോഴിക്കോട് അല്‍ ഇര്‍ശാദ് ബുക്സ്റ്റാള്‍, പൂങ്കാവനം ബുക്‌സ്, കാപിറ്റല്‍ ബുക്സ്റ്റാള്‍, ഇസ്‌ലാം പബ്ലിഷിംഗ് ബ്യൂറോ തുടങ്ങിയവ ഈ മേഖലയില്‍ വേര് വിരിച്ചുകൊണ്ടിരിക്കുന്ന മറ്റു പ്രധാന സംരംഭങ്ങളാണ്.
നൂതന ചിന്തകളും പ്രസാധന സമരങ്ങളും
1920 കള്‍ക്കു ശേഷം കേരളമുസ്‌ലിംകളുടെ വിശ്വാസ രംഗത്ത് വന്ന ഭിന്നിപ്പ് കേരളത്തിലെ പ്രസാധന മേഖലയെ ചൂടുപിടിപ്പിച്ചിട്ടുണ്ടെന്ന് നാം നേരത്തെ പറഞ്ഞു. ഇതിന്റെ പ്രതിഫലനമായി ഇവിടെ ധാരാളം പ്രസാധനാലയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവയില്‍ പലതിനെയും നാം മുമ്പ് സൂചിപ്പിച്ചു. എന്നാല്‍, ആശയ പ്രചരണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായും ഇവയില്‍ ധാരാളമുണ്ടായിരുന്നു. തിരുവനന്തപുരത്ത് വക്കം മൗലവിയും അനുയായികളും സ്ഥാപിച്ച പ്രസിദ്ധീകരണ സംരംഭങ്ങള്‍ ഇതിനുദാഹരണമാണ്. ശേഷം, അതിന്റെ അനവധി കൈവഴികള്‍ കേരളത്തിലുടനീളം പ്രത്യക്ഷപ്പെടുകയുണ്ടായി. കേരളമുസ്‌ലിംകളെ സുന്നത്തു ജമാഅത്തില്‍ നിന്നും അകറ്റി നിര്‍ത്തി വഹാബി യുക്തി ചിന്തയുടെ ഉപാസകരാക്കി മാറ്റുകയെന്നതായിരുന്നു ഇവയുടെയെല്ലാം പ്രധാന ധര്‍മം. 1945 ല്‍ മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത് ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീര്‍ വി.പി. മുഹമ്മദലി തുടങ്ങിയ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും 1960 ല്‍ കെ.എന്‍.എം. ആരംഭിച്ച കെ.എന്‍.എം. പബ്ലിഷിംഗ് ഹൗസും 1987 ല്‍ ഐ.എസ്.എം. സംസ്ഥാന സമിതിക്കു കീഴില്‍ തുടങ്ങിയ യുവത ബുക് ഹൗസും അവരുടെ ആശയ പ്രചരണമേഖലയില്‍ വലിയ ആശയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുന്നത്ത് ജമാഅത്തിന്റെ ആളുകളെ ഇകഴ്ത്തിക്കാണിക്കാനും അവരെ അക്ഷരവിരോധികളാക്കി ചിത്രീകരിക്കാനും എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ അവര്‍ ഉപയോഗിച്ചു. ഇന്നും ഇതേ വാദമുഖങ്ങളുമായി അവര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു.
നേര്‍വഴിയുടെ പ്രസാധന മുഖങ്ങള്‍
അണപൊട്ടി വന്ന ബിദഈ ചിന്തകളെയും വികല സാഹിത്യങ്ങളെയും അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കാന്‍ കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു. ഓരോ കാലത്ത് തങ്ങളുടെ നിലവാരം വെച്ച് അവരത് നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഏതു അരുതായ്മകള്‍ക്കെതിരെയും പേനകൊണ്ടും ജിഹ്വകൊണ്ടും അവര്‍ പൊരുതി. പണ്ട് കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം ശക്തമായപ്പോള്‍ ശൈഖ് ജിഫ്‌രി കൊണ്ടോട്ടിക്കൈക്കെതിരെ പുസ്തകമെഴുതിയാണ് അതിനെതിരെ തിരിഞ്ഞത്. അതോടെ ഖണ്ഡനങ്ങളുടെയും മണ്ഡനങ്ങളുടെയും ഒരു സാഹിത്യ പ്രളയം തന്നെ അവിടെ അരങ്ങേറുകയായിരുന്നു. കേരളത്തിലാകെ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ കാലത്ത് ഖിബ്‌ലാ തര്‍ക്കം തലപൊക്കിയപ്പോഴും ഇതേ പുസ്തക പ്രളയം ഉടലെടുത്തു. പ്രവാചകരുടെയും അനുയായികളുടെയും പരമ്പരാഗത വിശ്വാസങ്ങള്‍ നിലനിര്‍ത്തിപ്പോന്നിരുന്ന കേരളമുസ്‌ലിംകള്‍ക്കെതിരെ ഓര്‍ക്കാപ്പുറത്ത് ശിര്‍ക്കാരോപണം ഉയര്‍ന്നുവന്നപ്പോഴും ഇതേ പ്രളയം തന്നെ പുനരവതരിക്കുകയായിരുന്നു. പണ്ഡിതന്മാര്‍ ശക്തമായി രംഗത്തുവരികയും പല്ലും നഖവും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനായി വൈയക്തികമായും രഹസ്യമായും അനവധി രചനകള്‍ അവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. ജീവിതത്തിലൂടെ അതിനായി ഉറച്ചുനില്‍ക്കുകയും ചെയ്തു.
എന്നാല്‍, ബിദ്അത്തിനെതിരെ സംഘടിതമായൊരു പ്രസാധന മുഖം തുറക്കുന്നത് സമസ്തയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു. 1929 ജനുവരി ഏഴിന് പഴയ വള്ളുവനാട് താലൂക്കിലെ ചെമ്മങ്കുഴിയില്‍ വെച്ചാണ് ഇത് നടന്നിരുന്നത്. മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിച്ച ഈ സമ്മേളനത്തില്‍ സമസ്തക്കൊരു മുഖപത്രം പ്രസിദ്ധീകരിക്കണമെന്ന വിഷയം ചര്‍ച്ചചെയ്യുകയും തീരുമാനിക്കുകയും ചെയ്തു. 1929 ഡിസംബര്‍ മാസത്തില്‍ത്തന്നെ ഒന്നാം പുസ്തകം ഒന്നാം ലക്കം പുറത്തിറങ്ങി. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരായിരുന്നു പ്രഥമ പത്രാധിപര്‍. സമസ്തയുടെ ചരിത്രത്തില്‍ത്തന്നെ വലിയൊരു സംഭവമായിരുന്നു ഇത്. ചില സാങ്കേതിക കാരണങ്ങളാല്‍ പില്‍ക്കാലത്തിത് നിലച്ചു. 1945 ല്‍ കാര്യവട്ടത്തു ചേര്‍ന്ന പതിനാറാം സമ്മേളനത്തില്‍ സമസ്തയുടെ പ്രസാധന രംഗം ശക്തിപ്പെടുത്താന്‍ വീണ്ടും തീരുമാനമായി. അതിനെത്തുടര്‍ന്ന്, 1950 ഒക്‌ടോബര്‍ മാസത്തില്‍ അല്‍ ബയാന്‍ മാസിക പുനരാരംഭിച്ചു. കെ.പി. ഉസ്മാന്‍ സാഹിബായിരുന്നു പത്രാധിപര്‍. ശേഷം, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരും ഇതിന്റെ പത്രാധിപരായി സേവനം ചെയ്തിട്ടുണ്ട്.
1954 ല്‍ തിരൂരങ്ങാടിയില്‍നിന്നും അല്‍ ബയാന്‍ മലയാള മാസിക പുറത്തിറങ്ങി. ടി.കെ. അബ്ദുല്ല മൗലവിയായിരുന്നു പത്രാധിപര്‍. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസപ്രകാരം നടത്തപ്പെടുന്ന ഒരു സ്വതന്ത്ര മാസിക എന്നായിരുന്നു അതിന്മേല്‍ കുറിച്ചുവെച്ചിരുന്നത്. 1960 മാര്‍ച്ച് മാസത്തില്‍ (ഹി. 1380 ജമാദുല്‍ ഊലാ) തിരൂരങ്ങാടിയില്‍നിന്നും അല്‍ ബുര്‍ഹാന്‍ അറബി മലയാള മാസിക പുറത്തിറങ്ങി. കെ.വി. മുഹമ്മദ് മുസ്‌ലിയാരായിരുന്നു മുഖ്യ പത്രാധിപര്‍. പരപ്പനങ്ങാടി ബയാനിയ്യാ പ്രസ്സില്‍നിന്നാണ് അത് മുദ്രണം ചെയ്യപ്പെട്ടിരുന്നത്.
1975 ല്‍ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അല്‍ മുഅല്ലിം അറബി-അറബി മലയാള മാസിക പുറത്തിറങ്ങി. ഒരു ഭാഗത്ത് അറബി ലേഖനങ്ങളും മറുഭാഗത്ത് അറബി-മലയാള ലേഖനങ്ങളുമാണ് ഇതില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. 1950 നവംബര്‍ മാസത്തില്‍ ഹിദായത്തുല്‍ മുഅ്മിനീന്‍ മലയാള മാസിക പുറത്തിറങ്ങി. എലത്തൂര്‍ സ്വദേശി എന്‍. അഹ്‌മദ് ഹാജിയിയാരുന്നു മുഖ്യ പത്രാധിപര്‍.
1953 ല്‍ പൊന്നാനിയില്‍നിന്നും ഹിക്മത്ത് മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. വി.കെ.എം. മൗലവിയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ശേഷം, നാട്ടിക വി. മൂസ മുസ്‌ലിയാരുടെ പത്രാധിപത്യത്തില്‍ ഹിക്മത്ത് മാസിക തൃശൂരില്‍നിന്നും കുറച്ചുകാലം പുറത്തിറങ്ങുകയുണ്ടായി. 1955 ല്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നൂറുല്‍ ഇസ്‌ലാം എന്നൊരു മാസിക പുറത്തിറങ്ങിയിരുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന അത് ശേഷം നിലച്ചുപോവുകയായിരുന്നു.
1965 ല്‍ മലപ്പുറത്തുനിന്നും അല്‍ ജിഹാദ് മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു വര്‍ഷം മാത്രം നീണ്ടുനിന്ന ഇതിന്റെ പത്രാധിപര്‍ മുഹമ്മദ് സലീം ഫദ്ഫരി ഖാസിമായായിരുന്നു. 1971 ല്‍ അല്‍ ജലാല്‍ എന്ന പേരില്‍ കോഴിക്കോട്ടുനിന്നും ഒരു മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. ഇ.കെ. ഹസന്‍ മുസ്‌ലിയാരുടെയും കെ.എം. മമ്മദ് കോയയുടെയും പത്രാധിപത്യത്തിലാണ് ഇത് പുറത്തിറങ്ങിയിരുന്നത്. ശേഷം, മമ്മദ് കോയയുടെ കാര്‍മികത്വത്തില്‍ സുന്നത്ത് മാസികയും പുറത്തിറങ്ങി. 1964 ല്‍ സുന്നിടൈംസ് വാരിക പ്രസിദ്ധീകരിക്കപ്പെട്ടു. കെ.വി. മുഹമ്മദ് മുസ്‌ലിയാരായിരുന്നു പ്രഥമ മുഖ്യപത്രാധിപര്‍. ശേഷം, കെ.ടി. മാനുമുസ്‌ലിയാരും ഈ സ്ഥാനം അലങ്കരിച്ചു. കെ.വി.യുടെതന്നെ പത്രാധിപത്യത്തില്‍ താനൂരില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മറ്റൊരു മാസികയായിരുന്നു അല്‍ ബുര്‍ഹാന്‍ മാസിക. കൂടുതല്‍ കാലം പിടിച്ചുനില്‍ക്കുന്നതിനു മുമ്പുതന്നെ അസ്തമിച്ചുപോയി. 1960 ലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്.
1958 ല്‍ വണ്ടൂരില്‍നന്നും നുസ്‌റത്തുല്‍ അനാം മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. സ്വദഖത്തുല്ല മുസ്‌ലിയാരായിരുന്നു പത്രാധിപര്‍. 1984 ല്‍ കാസര്‍കോട് ദേളിയില്‍നിന്നും അദ്ദഅവ മാസിക പ്രസിദ്ധീകരിക്കപ്പെട്ടു. ഖാസി സി.എം. അബ്ദുല്ല മൗലവിയായിരുന്നു മുഖ്യപത്രാധിപര്‍. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഇത് ഉത്തര മലബാറിലെ ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമായിരുന്നു. ശുദ്ധമലയാളത്തില്‍ കാലികപ്രസക്തമായ ലേഖനങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. വിവര്‍ത്തനങ്ങളും പഠനങ്ങളും എല്ലാം അച്ചടിച്ചുവന്നിരുന്നു.
1984 ല്‍ കോട്ടക്കലില്‍നിന്നും ഹിക്മത്ത് വാരിക പ്രസിദ്ധീകരിക്കപ്പെട്ടു. ഡോ. ബഹാഉദ്ദീന്‍ കൂരിയാടായിരുന്നു മുഖ്യപത്രാധിപര്‍. 1989 നു ശേഷം കേരള മുസ്‌ലിം പ്രസിദ്ധീകരണ രംഗത്ത് വീണ്ടും അനവധി പുതുവെളിച്ചങ്ങല്‍ ദൃശ്യമായി. 1991 ല്‍ സുന്നിയുവജനസംഘത്തിന്റെ മുഖപത്രമായി സുന്നി അഫ്കാര്‍ പ്രകാശനം ചെയ്യപ്പെട്ടു. ശംസുല്‍ ഉലമ ഉമറലി തങ്ങള്‍ക്ക് കോപ്പി നല്‍കിയായിരുന്നു പ്രകാശനം. 1998 ല്‍ കോഴിക്കോട് നിന്നും എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായി സത്യധാര പ്രസിദ്ധീകരിക്കപ്പെട്ടു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു മുഖ്യപത്രാധിപര്‍.
1998 ല്‍ തന്നെ ചെമ്മാട് ദാറുല്‍ഹുദായില്‍നിന്നും ഡോ. ബഹുഉദ്ദീന്‍ കൂരിയാടിന്റെ പത്രാധിപത്യത്തില്‍ തെളിച്ചം മാസികയും പുറത്തിറങ്ങി. കേരളത്തിലെ കാമ്പസുകളില്‍നിന്നും പുറത്തിറങ്ങുന്ന ഒരേയൊരു മാസികയായ ഇത് ഏറെ പുതുമകളോടെയാണ് കടന്നുവന്നത്. 1999 ല്‍ ബാലമാസികയായ കുരുന്നുകളും 2002 ല്‍ കുടുംബമാസികയായ സന്തുഷ്ട കുടുംബവും പ്രസിദ്ധീകൃതമായി. കേരളമുസ്‌ലിം വൈജ്ഞാനിക മണ്ഡലത്തില്‍ വന്‍ സ്വാധീനം ചെലുത്തിയവയായിരുന്നു ഈ പ്രസിദ്ധീകരണങ്ങളെല്ലാം. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ ഏറെ ശ്രദ്ധേയമായൊരു സ്ഥാനം തന്നെ ഇവ അര്‍ഹിക്കുന്നു.
നേരിന്റെ പ്രസാധന കേന്ദ്രങ്ങള്‍
പരപ്പനങ്ങാടിയിലെ ബയാനിയ്യാ ബുക്സ്റ്റാള്‍ കേരള മുസ്‌ലിം മത വൈജ്ഞാനിക വികാസ ചരിത്രത്തിലെ ശ്രദ്ധേയമായൊരു അദ്ധ്യായമാണ്. സമസ്തയുടെ നേതാവായിരുന്ന ടി.കെ. അബ്ദുല്ല മൗലവി 1951 ല്‍ സ്ഥാപിച്ചതാണത്. ഖുര്‍ആന്‍ പരിഭാഷ, ഇമാം ഗസാലിയുടെ കീമിയാഉസ്സആദ പരിഭാഷ, ഇസ്‌ലാമിക ചരിത്രം, സ്വഹാബിമാരുടെ ചരിത്രം, ഭരണാധികാരികളുടെ ചരിത്രം തുടങ്ങി തുടങ്ങി അനവധി ശ്രദ്ധേയമായ രചനകള്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.കെ. തന്നെ തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷ അവിടെനിന്നാണ് മുദ്രണം ചെയ്യപ്പെട്ടിരുന്നത്.
സമസ്തയുടെ പ്രമുഖ പണ്ഡിതനും ഖാദിയാനികളുടെ പേടിസ്വപ്നവുമായിരുന്ന കണ്ണൂര്‍ പാലോട്ട് മൂസക്കുട്ടി ഹാജി നല്ല പുസ്തക പ്രസാധനത്തിലൂടെ സുന്നത്ത് ജമാഅത്തിനെ നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു പ്രബോധകനായിരുന്നു. 1912-15 കാലഘട്ടത്തില്‍ മദീനയില്‍ താമസിച്ച് പഠിക്കുകയും യൂസുഫ് നബ്ഹാനിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ശേഷം നാട്ടില്‍വന്ന് കണ്ണൂര്‍ കമ്പസാറില്‍ ഒരു ബുക്ക്‌സ്റ്റാള്‍ നടത്തിയിരുന്നു. സുന്നത്ത് ജമാഅത്തിനെ പ്രതിരോധിക്കുന്ന പുസ്തകങ്ങളാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നത്. അത്‌കൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ബുക്ക്‌സ്റ്റാള്‍ പലപ്പോഴും ഒരു സുന്നി പ്രവര്‍ത്തന കേന്ദ്രം കൂടിയായിരുന്നു. അദ്ദേഹത്തിനു ശേഷം മകന്‍ മുഹമ്മദ് കുഞ്ഞി സാഹിബാണ് അത് നടത്തിയിയരുന്നത്. 1953 ലാണ് അദ്ദേഹം വഫാത്താകുന്നത്.
ചെമ്മാട് സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ സുന്നിപ്രസാധനമേഖലയില്‍ വലിയൊരു സ്വപ്നവും സാക്ഷാല്‍ക്കാരവുമാണ്. അല്‍ഐന്‍ സുന്നി സെന്ററിനു കീഴിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് തയ്യാറാക്കിയ ഫതഹുര്‍റഹ്‌മാന്‍ എന്ന ഖുര്‍ആന്‍ സമ്പൂര്‍ണ വ്യാഖ്യാന കൃതിയാണ് ഏറ്റവും ശ്രദ്ധേയമായ ഉദ്ദ്യമം. ഡോ. ബഹാഉദ്ദീന്‍ കൂരിയാട് എഡിറ്റ് ചെയ്ത് പരിഷ്‌കരിച്ച അഞ്ചോളം വോള്യങ്ങളുള്ള ഇത് കേരളമുസ്‌ലിംകള്‍ക്ക് ഖുര്‍ആന്റെ സാരം മനസ്സിലാക്കാനുള്ള ദാഹം ശമിപ്പിക്കാന്‍ ഉതകുന്നതാണ്. ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ ഇസ്‌ലാം ആധുനിക യുഗത്തിന്റെ മതം, 24 ഹദീസ് പണ്ഡിതന്മാര്‍, ഡോ. ബഹാഉദ്ദീന്‍ കൂരിയാടിന്റെ അദബുല്‍ മുഫ്‌റദ് പരിഭാഷ, തസ്വവ്വുഫ് ഒരു സമഗ്രപഠനം, ഇസ്‌ലാം-ക്രൈസ്തവത, വ്രതാനുഷ്ഠാനം, പി.കെ. അബ്ദുല്‍ ഗഫൂര്‍ ഖാസിമിയുടെ കമ്യൂണിസം ഒരു വിമര്‍ശന പഠനം തുടങ്ങിയവ മറ്റു പ്രധാന പ്രസിദ്ധീകരണങ്ങളാണ്.
എസ്.കെ.എസ്.എസ്.എഫിന്റെ ഔദ്യോഗിക പ്രസദ്ധീകരണ വേദിയായ ഇസ്‌ലാമിക സാഹിത്യ അക്കദാമി (ഇസ) സുന്നി പ്രസാധന മേഖലയിലെ ഒരു സാന്നിധ്യമാണ്. 1992 ല്‍ രൂപീകരിക്കപ്പെടുകയും 1995 ല്‍ പ്രവര്‍ത്തനഗോദയിലിറങ്ങുകയും ചെയ്ത ഇത് സുന്നി പ്രസിദ്ധീകരണ മേഖലയിലെ ഒരു വന്‍ പ്രതീക്ഷയാണെങ്കിലും കൂടുതല്‍ ശ്രദ്ധേയമായ രചനകള്‍ പുറത്തുകൊണ്ടുവരാന്‍ ഇതിന് സാധിച്ചിട്ടില്ല. ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ സ്വഹീഹുല്‍ ബുഖാറി പരിഭാഷയാണ് ഏറ്റവും ശ്രദ്ധേയമായ രചന. ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പുത്തൂര്‍ ഫൈസിയുംകൂടി എഴുതിയ ഹദീസ് അറിയല്‍ അനിവാര്യമായ വസ്തുതകള്‍, ശംസുല്‍ ഉലമായുടെ ആണ്ട് നേര്‍ച്ചയും ഖബ്ര്‍ സിയാറത്തും, നാട്ടിക വി. മൂസ മുസ്‌ലിയാരുടെ സുന്നത്ത് ജമാഅത്തിനൊരു മുഖവുര, ഹമീദ് ഫൈസി അമ്പലക്കടവിന്റെ ജിഹാദിന്റെ വഴി തുടങ്ങിയവയാണ് മറ്റു പ്രധാന പ്രസിദ്ധീകരണങ്ങള്‍. കോഴിക്കോട് ശംസുല്‍ ഉലമാ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ (ശിഫാ ബുക്സ്റ്റാള്‍) പ്രസാധനമേഖലയില്‍ പ്രതീക്ഷക്കു വഴിയുള്ള ഒരു സംരംഭമാണ്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ എഴുപതോളം പുസ്തകങ്ങള്‍ ഇതിനകം അത് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അബ്ദുല്‍ ഹമീദ് ഫൈസിയുടെ തെറ്റിദ്ധരിക്കപ്പെട്ട തൗഹീദ്, നാട്ടിക വി. മൂസ മൗലവിയുടെ സമ്പൂര്‍ണ രചനകള്‍, സൈദ് മുഹമ്മദ് നിസാമിയുടെ സൂഫികളുടെ പാത തുടങ്ങിയവയാണ് പ്രധാന പ്രസിദ്ധീകരണങ്ങള്‍. ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പുതുതായി ആരംഭിച്ച മുഅല്ലിം പബ്ലിഷിംഗ് ബ്യൂറോ (എം.പി.ബി) ഈ മേഖലയിലെ പുതിയൊരു സാന്നിദ്ധ്യമാണ്. പല ശ്രദ്ധേയമായ പഠനങ്ങളും പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ടുണ്ട്.
സ്ഥാപനങ്ങളും പ്രസിദ്ധീകരണ ഉദ്ദ്യമങ്ങളും
സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പ്രവണത ഇന്ന് കേരളത്തില്‍ വളരെ വ്യാപകമാണ്. പുതിയ അറിവും ചിന്തയും ലഭിക്കുന്നതോടെ അതിനെ സമൂഹവുമായി പങ്ക് വെക്കണമെന്ന ഒരു ത്വര അറബിക് കോളേജുകളിലെ വിദ്യാര്‍ത്ഥികളിള്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. കേരളത്തിലെ അധികം അറബിക് കോളേജുകളിലും വിദ്യാര്‍ത്ഥി സംഘടനയുടെ ഒരു ഉപശാഖയായോ അല്ലാതെയോ പ്രസാധന വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തിന്റെ ഉള്ളറകളുമായി ബന്ധം നിലനിര്‍ത്തുന്നതിനാല്‍ വളരെ ശക്തമായ സ്വാധീനമാണ് ഇത് അവരില്‍ നേടിക്കൊണ്ടിരിക്കുന്നത്. മൂല്യമുള്ളതും വൈവിധ്യമാര്‍ന്നതുമായ പല കനപ്പെട്ട സൃഷ്ടികളും ഇതിനകം കാമ്പസുകളില്‍നിന്നും പുറത്തുവന്നു കഴിഞ്ഞു. മറ്റുള്ളവയെ അപേക്ഷിച്ച് വളരെ ഉപകാരപ്രദവും ഏറെ ശ്രദ്ധേയവുമായ രചനകളാണ് കാമ്പസുകളില്‍നിന്ന് പുറത്തുവരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് സുന്നീ പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ കാമ്പസ് പ്രസിദ്ധീകരണങ്ങള്‍ വളരെ നിര്‍ണായകമായ ഒരു സ്ഥാനംതന്നെ വഹിക്കുന്നു.
പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസാധന വിഭാഗമാണ് നൂറുല്‍ ഉലമ. അനവധി ശ്രദ്ധേയമായ കൃതികള്‍ ഇതിനകം നൂറുല്‍ ഉലമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല സുന്നി പണ്ഡിതന്മാരുടെയും മൗലിക രചനകള്‍ പുറത്തുകൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞു. ശംസുല്‍ ഉലമ, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങി പലരുടെയും വിഖ്യാത രചനകള്‍ അതില്‍ ചിലതാണ്. ജുമുഅ ഖുഥുബ, ഹദീസ് പഠനത്തിനൊരാമുഖം, മുഹമ്മദ് നബി സമ്പൂര്‍ണ മനുഷ്യന്‍, ഇസ്‌ലാമിക സമ്പദ്ഘടന, ജമാഅത്തെ ഇസ്‌ലാമി ഒരു പൊളിച്ചെഴുത്ത് തുടങ്ങിയവ പ്രസാധന പ്രസിദ്ധീകരണങ്ങളാണ്.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടന അസാസിന്റെ പ്രസാധന വിഭാഗം അസാസ് ബുക്‌സെല്‍ (എ.ബി.സി.) വളരെ സുതുത്യര്‍ഹമായ സേവനങ്ങളാണ് പ്രസാധന രംഗത്ത് കാഴ്ചവെച്ചിട്ടുള്ളത്. പ്രവാചക ജീവിതം ഉള്ളറകളിലേക്ക് ഒരെത്തിനോട്ടം (മൂന്നു വോള്യങ്ങള്‍), സുന്നി വിശ്വാസാദര്‍ശങ്ങള്‍ (രണ്ടു ഭാഗം), മമ്പുറം തങ്ങള്‍: ജീവിതം ആത്മീയത പോരാട്ടം, മൗലിദാഘോഷം: ലോകരാഷ്ട്രങ്ങളില്‍, നാട്ടികയുടെ പ്രഭാഷണങ്ങള്‍, തുടങ്ങിയവയാണ് പ്രധാന പ്രസിദ്ധീകരണങ്ങള്‍.
കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി പ്രസാധന വിഭാഗം ബഹ്ജത്തുല്‍ ഉലമ പബ്ലിക്കേഷനും വിലപ്പെട്ട പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ വാര്‍ഷികങ്ങളോടനുബന്ധിച്ച് പഠനാര്‍ഹമായ സുവനീറുകളും പ്രസിദ്ധീകരിച്ചുവരുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ: നേര്‍വഴിയുടെ പാഠം, ഇസ്‌ലാം കേരളമോഡല്‍, കേരളമുസ്‌ലിംകള്‍: ചരിത്രം വര്‍ത്തമാനം (സാക്ഷി), ആധുനികതയില്‍നിന്നും ആത്മീയതയിലേക്ക് തുടങ്ങി ശ്രദ്ധേയമായ ധാരാളം കൃതികള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
കൂടാതെ, പറപ്പൂര്‍ സബീലുല്‍ ഹിദായ (ഇവിടെനിന്നും അന്നഹ്‌ള: അറബി ദ്വൈമാസിക പുറത്തിറങ്ങുന്നു.), കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് കാളമ്പാടി (നസ്വീഹത്ത് പബ്ലിക്കേഷന്‍), ചട്ടഞ്ചാല്‍ എം.ഐ.സി. ദാറുല്‍ ഇര്‍ശാദ് അക്കാദമി (ദിശ ബുക് സെല്‍), കാപ്പാട് അറബിക് കോളേജ്, കുണ്ടൂര്‍ മര്‍ക്കസ് തുടങ്ങി കേരളത്തിലും അധികം അറബിക് കോളേജുകളും പ്രസാധന മേഖല വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ട്.
ഇങ്ങനെ നോക്കിയാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ചെറുതും വലുതുയമായി സുന്നികള്‍ക്ക് നൂറോളം പബ്ലിക്കേഷനുകളെങ്കിലും കണ്ടെത്താന്‍ കഴിയും. ചിതറിയും അസംഘടിതമായും നിലനില്‍ക്കുന്നതുകൊണ്ടുമാത്രം അവയെക്കുറിച്ച ഒരു പൂര്‍ണ ചിത്രം സമാഹരിക്കപ്പെട്ടില്ലെന്നു മാത്രം. ഈ എല്ലാ പ്രസാധനാലയങ്ങളെയും അവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെയും ഒരു കുടക്കീഴില്‍ ഒരു മിച്ചുകൂട്ടുകയാണെങ്കില്‍ കേരളമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത് വിജ്ഞാനത്തിന്റെ വലിയൊരു അക്ഷയ ഖനിതന്നെയായിരിക്കും. ഇങ്ങനെ നോക്കുമ്പോള്‍, ഏതു വിഷയത്തിലും വളരെ വ്യാപകമായിത്തന്നെ മുസ്‌ലിംകള്‍ ഗ്രന്ഥ രചന നടത്തിയതായും കണ്ടെത്താന്‍ കഴിയും. കേരളാടിസ്ഥാനത്തില്‍ ഈയൊരു സുന്നീ പ്രസാധനാലയ ഏകീകരണം വന്നാല്‍ നമ്മുടെ റിസോഴ്‌സുകള്‍ വളരെ സമ്പന്നമാന്ന് നമുക്ക് ബോധ്യമാകുന്നതോടൊപ്പം അത് വേണ്ടപോലെ ഉപയോഗപ്പെടുത്താനും സാധിക്കുന്നതാണ്. ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട സംഘടന ഈ പ്രസാധനാലയങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും ഒരു ഇസ്‌ലാമിക പുസ്തക മേള സംഘടിപ്പിച്ചാല്‍ അത് നമ്മുടെ വിഭവങ്ങളെ നമുക്ക് തിരിച്ചറിയാനുള്ള ഒരു വഴിയും പുസ്തകകുതുകികള്‍ക്ക് ഏത് പുസ്തകവും തെരഞ്ഞെടുക്കാനുള്ള ഒരു സുവര്‍ണാവസരവും പുസ്തക പ്രസാധന രംഗം ശ്രദ്ധിക്കാത്തവര്‍ക്ക് അതിനുള്ള ഒരു പ്രേരണയുമൊക്കെ ആയിരിക്കുമെന്നത് തീര്‍ച്ചയാണ്.
റഫറന്‍സസ്
1. ജൃശി േമിറ ുമൃേീിമഴല; ഒമറശവേ മിറ വേല ങമറൃമമെ െശി ാീറലൃി ടീൗവേ അശെമ ങൗവമാാമറ ഝമശൊ ദമാമി, ആൗഹഹലശേി ീള വേല ടരവീീഹ ീള ഛൃശലിമേഹ മിറ അളൃശരമി േൌറശല,െ ഡിശ്‌ലൃശെ്യേ ീള ഘീിറീി, ്ീഹ. 62, 1999
2. ഠലരവിീഹീഴ്യ മിറ ൃലഹശഴശീൗ െരവമിഴല: കഹെമാ മിറ വേല ശാുമര േീള ുൃശിേ എൃമിരശ െഞീയശിീെി, ങീറലൃി അശെമി ടൗേറശല,െ ഢീഹ. 27, 1993
3. ഇീാാലിരലാലി േീള ുൃശിശേിഴ ശി വേല ങൗഹെശാ ംീൃഹറ ങീശിൗററശി അൂലലഹ, ഗ്യീീേ ആൗഹഹലശേി ീള കഹെമാശര അൃലമ ടൗേറശല,െ 2009 ാമൃരവ
4. കേരളമുസ്‌ലിം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി, വോള്യം രണ്ട്, ഡോ. സി.കെ. കരീം, ചരിത്രം പബ്ലിക്കേഷന്‍, എടപ്പള്ളി, 1991
5. സമസ്ത, പി.പി. മുഹമ്മദ് ഫൈസി, സമസ്ത തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി, 2005
6. മുസ്‌ലിമിന്റെ കേരളമോഡല്‍: കടമേരി റഹ്‌മാനിയ്യ 35 ാം വാര്‍ഷികോപഹാരം, കടമേരി, 2007, ഫെബ്രുവരി
7. പ്രബോധനം സ്‌പെഷ്യല്‍പതിപ്പ്, കേരളമുസ്‌ലിം നവോത്ഥാന ചരിത്രം, കോഴിക്കോട്, 1998, ഏപ്രില്‍
8. ശബാബ് വാരിക, ഐ.എസ്.എം. കോഴിക്കോട്, 2011
9. സുന്നി അഫ്കാര്‍ പ്രത്യേക പതിപ്പ് (ഓര്‍മസംഗമം), മലപ്പുറം, സുന്നിമഹല്‍, 2009, ഫെബ്രുവരി



Leave A Comment