അറബി-മലയാളം; പരിഭാഷകളുടെ സാംസ്‌കാരിക വ്യവഹാരം

കേരളത്തിലെ മാപ്പിളമാരുടെ വൈജ്ഞാനികവും സാംസ്‌കാരികവുമായ സാഹിത്യമാധ്യമമാണ് അറബി-മലയാളം. മാപ്പിളമാരുടെ ഇതര സാഹിത്യ പരിശ്രമങ്ങളെ പോലെ തന്നെ, ആദ്യകാലങ്ങളിലെ പരിഭാഷകള്‍ നിര്‍വഹിക്കപ്പെട്ടിരുന്നതും അറബി-മലയാളത്തിലായിരുന്നു. അറബി-മലയാള ഗദ്യവിഭാഗത്തിലെ ആദ്യകാല കൃതികളെല്ലാം പരിഭാഷകള്‍ മാത്രമായിരുന്നതുകൊണ്ടു തന്നെ പ്രസ്തുത വിഭാഗം മൊത്തത്തില്‍ തര്‍ജ്ജമ എന്ന് വിളിക്കപ്പെട്ടു. ചില കൃതികള്‍ അവലംബമാക്കി ഗ്രന്ഥകര്‍ത്താവ് സ്വയം തയ്യാറാക്കിയ സ്വതന്ത്ര കൃതി യാണെങ്കിലും അതിനെ തര്‍ജ്ജമ എന്നാണ് വിളിച്ചിരുന്നത്. പാടൂര്‍ കോയക്കുട്ടി തങ്ങള്‍ എഴുതിയ സ്വതന്ത്ര കൃതിയായ ബൈതുല്യത്തിന്റെ പേര് തന്നെ ബൈതുല്യം തര്‍ജ്ജമ എന്നാണ്. കൃതിക്ക് വിശ്വാസപരവും മതപരവുമായ അംഗീകാരം നേടിയെടുക്കുവാന്‍ വേണ്ടിയാവണം സ്വതന്ത്ര കതികള്‍ പോലും തര്‍ജ്ജമകള്‍ എന്ന രീതിയില്‍ അവതരിപ്പിക്കുന്നത്.അറബി കൃതികളുടെ തര്‍ജ്ജമയാണെന്നു പറഞ്ഞാല്‍ ആധികാരികത ലഭിക്കുകയും പ്രതിപാദ്യത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കുറയുകയും ചെയ്യും”.1

പ്രധാന വിവര്‍ത്തനങ്ങള്‍
അറബി ഭാഷയില്‍ രചിക്കപ്പെട്ട പ്രാമാണിക ഗ്രന്ഥങ്ങളെല്ലാം തന്നെ അറബി-മലയാളത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരുന്നുവെന്ന് ഊഹിക്കുവാന്‍ ന്യായമായ കാരണങ്ങള്‍ കാണുന്നുണ്ട്”.2 എന്നാല്‍ ആദ്യത്തെ അറബി-മലയാള പരിഭാഷ ഏതെന്നു കൃത്യമായി നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. കൈഫിയത്തു സ്വലാത്ത്, നൂറുല്‍ ഈമാന്‍, നൂറുല്‍ ഇസ്‌ലാം തുടങ്ങിയ ചെറു കൃതികള്‍ പ്രാചീന കൃതികളില്‍പെടുന്നു. കേരളത്തില്‍ അച്ചടി ആരംഭിക്കുന്നതിനു മുമ്പ് തന്നെ അറബി-മലയാള പരിഭാഷകള്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടിണ്ട്. ( തലശ്ശേരി നഗരത്തില്‍ 1867 ലോ 1868 ലോ ആണ് ഇദംപ്രദമമായി ഒരു അറബി-മലയാള മുദ്രണശാല സ്ഥാപിക്കപ്പെട്ടത്.3) കയ്യെഴുത്ത് പ്രതികളായിട്ടായിരുന്നു അക്കാലത്ത് കൃതികള്‍ പ്രചരിച്ചിരുന്നത്. വളപട്ടണത്തെ സി.വി അബൂബക്കര്‍ സാഹിബിന്റെ വീട്ടില്‍ ബുസ്താനുല്‍ ആരിഫീന്‍ എന്ന ത്വരീഖത്തുകാരുടെ ഗ്രന്ഥത്തിന്റെ അറബി-മലയാള വിവര്‍ത്തനത്തിന്റെ കയ്യെഴുത്ത് കോപ്പി കണ്ടതായി മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിലുണ്ട്.4 പരിഭാഷകന്‍ ആരാണെന്നു രേഖപ്പെടുത്തികാണുന്നില്ല. തലശ്ശേരിയിലെ കേയി വംശത്തില്‍ ജനിച്ച മായിന്‍കുട്ടി എളയ 1867 ല്‍ നിര്‍വ്വഹിച്ച ഖുര്‍ആനിന്റെ(തഫ്‌സീര്‍ ജലാലൈനിയുടെ) അറബി-മലയാള വിവര്‍ത്തനം കയ്യെഴുത്ത് പ്രതിയായിട്ടായിരുന്നു പ്രചരിച്ചിരുന്നത്. തര്‍ജ്ജമത്തു തഫ്‌സീരില്‍ ഖുര്‍ആന്‍ എന്നു നാമകരണം ചെയ്ത പ്രസ്തുത വിവര്‍ത്തനം ആറു വാള്യങ്ങളുണ്ടായിരുന്നു. കേരളത്തിലുള്ള ഖുര്‍ആനിന്റെ ആദ്യത്തെ പരിഭാഷയായ പ്രസ്തുത ഗ്രന്ഥം,  പ്രബല കുടുംബങ്ങള്‍ക്കെല്ലാം ഓരോ സെറ്റ് അയച്ചു കൊടുത്തിരുന്നുവെത്രെ.

ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയ മതപരമായ ഗ്രന്ഥങ്ങള്‍ക്ക് പരിഭാഷകളിലൂടെ വലിയ പ്രചാരമാണ് ലഭിച്ചത്. ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ മാത്രം പരിഭാഷപ്പെടുത്തുകയല്ലാതെ പൂര്‍ണമായി ആരും അറബി-മലയാളത്തില്‍ പരിഭാഷപ്പെടുത്തികാണുന്നില്ല. 
ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ ബൃഹല്‍ ഗ്രന്ഥമായ തുഹ്ഫ വിവര്‍ത്തനം ചാലിലകത്ത് അലി ഹസന്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.അത് മൂന്നു കനത്ത വാള്യങ്ങളില്‍ എഴുതി തീര്‍ത്തുവെങ്കിലും രണ്ടു ഭാഗങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. 756 പേജുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങള്‍ ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബാണ് പ്രസിദ്ധീകരിച്ചത്. പ്രസ്തുത ഗ്രന്ഥത്തിന്റ പേര് അത്തല്‍ഹത്തുല്‍ ബഹിയ്യ ഫില്‍ അഹ്കാമില്‍ ഫിഖ്ഹിയ്യ എന്നാണ്. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ അദ്കിയ്യക്ക് സയ്യിദ് ബക്‌രി മക്ക എഴുതിയ വ്യാഖ്യാനമായ കിതാബു കിഫായത്തുല്‍ അത്ഖിയാഅ് എന്ന ഗ്രന്ഥം അലിഹസന്‍ മൗലവിയും സഹോദരനായ അബ്ദുല്ല മൗലവിയും കൂടി അറബി-മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അതു പ്രസിദ്ധീകരിച്ചിട്ടില്ല. ചാലിലകത്ത് അലി ഹസന്‍ മൗലവിയുടെ പുത്രനായ മുഹമ്മദ് ഹാജി മൗലവി അമ്മ ജുസ്അ് പരിഭാഷ, ഫാതിഹയുടെ മഅന മുതലായ അറബി-മലയാള പരിഭാഷ നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രമുഖ പണ്ഡിതനായിരുന്ന ചാലിലകത്ത് അബ്ദുല്ല മൗലവി നിരവധി അറബി ഗ്രന്ഥങ്ങള്‍ അറബി-മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ കര്‍ത്താക്കളുടെ ദൃഷ്ടിയില്‍പ്പെട്ട അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍: ഈഖാളുല്‍ ഹിമമം ഫീശറഹില്‍ ഹികം( 960 പേജ്-ഇമാം ഗസാലി എഴുതിയ ഗ്രന്ഥത്തിന്റെ പരിഭാഷ), മിന്‍ഹാജുല്‍ ആബിദീന്‍(338 പേജ്-ഇമാം ഗസാലി), തുഹ്ഫതുല്‍ മുരീദ് അലാജൗഹറതി തൗഹീദ്(439 പേജ്-ഇബ്രാഹീം ബീജാപൂരി), ഇആനതു നാലിബീന്‍(4 ഭാഗങ്ങള്‍,2862 പേജ്-സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈന് സയ്യിദ് ബക്‌രി എഴുതിയ വ്യാഖ്യാനം), തര്‍ജമത്തു കിതാബ് മുഖ്തസ്വര്‍ ഇഹ്‌യാ ഉലൂമുദ്ദീന്‍(287 പേജ്-സയ്യിദ് മുഹമ്മദ്ബ്‌നു മുഹമ്മദുല്‍ ഹുസൈനി),കിതാബു മവാഹിബുല്‍ മുസ്തര്‍സില അലാതുഹ്ഫതില്‍ മുര്‍സല(105 പേജ്-ഇമാം ശംസുദ്ദീന്‍ മുഹമ്മദ്ബ്‌നു ഫള്‌ലുള്ളാ),ശറഹു ഖസീദത്തുല്‍ ഫാതിഹ ഫീ ഇല്‍മിത്തജ്‌വീദ്(മുഹമ്മദ് ബ്‌നു മഹ്‌മൂദ് സമര്‍ഖന്തി), നിഹായതുല്‍ ഖൗലില്‍ മുഫീദ് ഫീ ഇല്‍മിത്തജ്‌വീദ്(408 പേജ്), ശറഹുല്‍ അഖാഇദ്(വ്യാഖ്യാന സഹിതം, രണ്ട് വാള്യങ്ങള്‍),തുഹ്ഫ തര്‍ജമ(625പേജ്, രണ്ടാം ഭാഗം-ഇബ്‌നു ഹജറുല്‍ ഹൈതമി).5
തഫ്‌സീര്‍, ഫിഖ്ഹ്, സീറ മുതലായവ അറബിയില്‍ നിന്നു തെറ്റുകൂടാതെ തര്‍ജ്ജമ ചെയ്യാന്‍  കഴിവുള്ള പണ്ട്ഡിതന്‍മാരെ ആവശ്വമുണ്ടെന്ന പരസ്യം, സി. സെയ്ദാലിക്കുട്ടി മാസ്റ്ററുടെ സലാഹുല്‍ ഇഖ്‌വാന്‍ (1899 ല്‍ ആരംഭിച്ചു) പത്രത്തില്‍ ഹമദാനി തങ്ങള്‍ കൊടുത്തിരുന്നു.

പ്രധാനപ്പെട്ട കര്‍മശാസ്ത്ര വിവര്‍ത്തനങ്ങള്‍:
ഉംദതുല്‍ ഇലാ ഇര്‍ശാദില്‍ മുസ്‌ലിമീന്‍( പത്ത് കിതാബ് തര്‍ജമ-വിവ: കെ. അഹ്‌മദ് മൗലവി), ബകാത്തുല്‍ മുഅ#്മിനീന്‍ എന്ന പത്ത് കിതാബ് തര്‍ജ്ജമ( കൊങ്കണം വീട്ടില്‍ ഇബ്രാഹീംകുട്ടി മുസ്‌ലിയാര്‍)ഫൈളുല്‍ ബാരി പരോപകാരി തര്‍ജമ(പാടൂര്‍ തെക്കുതരവെളിയത്ത് കുഞ്ഞിമുഹമ്മദ് മൗലവി), ഇആനതു ത്വാലിബീന്‍ ഫീ ഫത്ഹി അഫ്ആലില്‍ മുബ്അദീന്‍ എന്നു പേര്‍ വെച്ച പത്ത് കിതാബ് തര്‍ജമ(വിവ: തേള്‍പറമ്പില്‍ ഖാദിര്‍കുട്ടി മുസ്‌ലിയാര്‍), തുഹ്ഫത്തുസ്സാഇമീന്‍ വ മുനബ്ബിഹാത്തുന്നാഇമീന്‍(ഖാസി കുഞ്ഞിമൂസാ മൗലവി-396 പേജ്, ഇമാം ഗസ്സലിയുടെ ഇഹ് യാ ഉലൂമുദ്ദീനിലെ കിതാബുസ്സൗമിന്റെ വിവര്‍ത്തനം, ഹിജ്‌റ 1306 ല്‍ തലശ്ശേരിയില്‍ കണ്ണമ്പത്ത് ഹസ്സന്‍ അച്ചടിച്ചു)

ചരിത്ര കൃതികള്‍
ഖിസസുല്‍ ഇസ്‌റാഅ് എന്ന മിഅ്‌റാജ് തര്‍ജമ(വിവ: ആങ്ങോട് പി. ബാപ്പു മുസ്‌ലിയാര്‍), ഖിസ്സതുല്‍ യൂസുഫ് അഥവാ അഹ്‌സനുല്‍ ഖസസ്(വിവ: അജ്ഞാതം), ഖിസ്സതുല്‍ റസൂലുല്ലാഹി യൂനുസ്(കെ.സി കോമുക്കുട്ടി മൗലവി), നഫ്അത്തുല്‍ അക്‌റം അഥവാ ഖിസ്സതു ഈസബ്‌നു മര്‍യം തര്‍ജമ(വിവ: എ. പി അബ്ദുല്‍ ഖാദര്‍ മൗലവി), സരിയ്യതുല്‍ യമാമ(വിവ: പി.ഐ അഹ്‌മദ് കുട്ടി), ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീന്‍ തര്‍ജ്ജമ(വിവ: കെ. മൂസാന്‍കുട്ടി മൗലവി തിരൂരങ്ങാടി-നാലു ഭാഗങ്ങളുള്ളതില്‍ രണ്ടാം ഭാഗം മുതലാണ് ഇദ്ദേഹം പരിഭാഷ നിര്‍വ്വഹിച്ചത്), ഖസീദത്തുല്‍ വിത് രിയ്യയുടെ അര്‍ത്ഥവും വ്യാഖ്യാനവും(അബ്ദുറഹ്‌മാന്‍ മഖ്ദൂം-500പേജ്, ഹിജ്‌റ 1290 ല്‍ തലശ്ശേരിയിലെ നായിന്‍ വീട്ടിലെ ലിത്തോ പ്രസില്‍നിന്നും മേലേക്കണ്ടി കോയാലി ഹാജി അച്ചടിച്ച ഈ പുസ്തകം പഴയ മാപ്പിള വീടുകളില്‍ സൂക്ഷിച്ചിരുന്നതും വിജ്ഞാനം നേടാന്‍ ഉപയോഗിച്ചിരുന്നതുമായിരുന്നു)

ലൈംഗിക ശാസ്ത്രം
ദലാഇലുല്‍ ഖുദ്‌സിയ്യത്ത് തര്‍ജ്ജമ(വിവ: ടി. കുഞ്ഞിമുഹ്‌യിദ്ദീന്‍ മൗലവി വെളിയങ്കോട്) തത്ത്വ ശാസ്ത്ര വിഭാഗത്തിലും സ്ത്രീ സുഖം എന്ന ഖൊശി തര്‍ജ്ജമ, അള്‌ലാമുന്നിസാഅ് അഥവാ കന്യകാ ധര്‍മം(വിവ: ചാലിലകത്ത് ഇബ്രാഹീംകുട്ടി)
ഇതര ഭാഷകളിലെ സര്‍ഗാത്മക കൃതികളും അറബി-മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അമീര്‍ ഖുസ്രു പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ പ്രസിദ്ധ നോവല്‍ ചാര്‍ദര്‍വേശ് 1866-ല്‍ തലശ്ശേരിയിലെ മാഹീന്‍ അലിയുടെ പുത്രന്‍ മുഹ്‌യിദ്ദീന്‍ അറബി-മലയാളത്തില്‍ പരിഭാഷപ്പെടുത്തി. അലാവുദ്ദീന്‍, ഖമര്‍ സമാന്‍, ശംസുസമാന്‍,ഉമര്‍റയ്യാന്‍, അമീര്‍ ഹംസ തുടങ്ങിയ നോവല്‍ വിവര്‍ത്തനങ്ങള്‍ അറബി-മലയാളത്തില്‍ പ്രചരിക്കപ്പെട്ടവയാണ്.പ്രസിദ്ധമായ അല്‍ഫ്‌ലൈല വലൈല(ആയിരത്തൊന്നു രാവുകള്‍) 1877-ല്‍ തലശ്ശേരി സ്വദേശികളായ കരിയാടന്‍ കുഞ്ഞിമൂസയും ടി. സി കുഞ്ഞയനും കൂടി അറബി-മലയാളത്തില്‍ വിവര്‍ത്തനം നിര്‍വ്വഹിച്ചു.
 ബുര്‍ദ ബൈതിന്റെ പരിഭാഷയും വ്യാഖ്യാനവും(വിവ: കൊളത്തൂര്‍ കെ. ബീരാന്‍കുട്ടി മുസ്‌ലിയാര്‍), ഖുത്ബിയ്യത്ത് തര്‍ജ്ജമ(വിവ: വലിയോറ കെ. അഹ്‌മദ് മൗലവി) മന്‍ഖൂസ് മൗലിദ് തര്‍ജ്ജമയും വ്യാഖാനവും(വിവ: കൊങ്കണം വീട്ടില്‍ ഇബ്രഹീം കുട്ടി മുസ്‌ലിയാര്‍-മീസാന്‍, സ്വര്‍ഗം, നരകം തുടങ്ങിയവയുടെ സങ്കല്‍പ്പ ചിത്രങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉണ്ടായിരുന്നതു കാരണം വലിയൊരു വിഭാഗം പണ്ട്ഡിതരുടെ എതിര്‍പ്പ് ഇതിന് നേരിടേണ്ടി വന്നു)മുതലായ പരിഭാഷകളെ കാവ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി വിവര്‍ത്തിച്ച കീമിയാഉസ്സആദ തര്‍ജ്ജമ, ഗൗസുസ്സബാഹ് എന്നിവയും മുഹമ്മദ് നൂഹ്കണ്ണ് മുസ്‌ലിയാരുടെ ഫത്ഹുസ്സമദ് തര്‍ജ്ജമ, ഫത്ഹുന്നൂര്‍ തര്‍ജ്ജമ എന്നിവയും പൊന്നാനിയിലെ മഖ്ദൂം ഒന്നാമന്‍ രചിച്ച ഹിദായത്തുല്‍ അദ്കിയയുടെ തര്‍ജ്ജമയും അദ്ധ്യാത്മിക വിഭാഗത്തില്‍ പെടുന്നു. ചാലിലകത്ത് ഇബ്രാഹീംകുട്ടി മുസ്‌ലയാര്‍ രചിച്ച ദേഹചരിത്ര തര്‍ജ്ജമ ശിശുചികിത്സാ ശാസ്ത്ര വിഭാഗത്തിലും ബയാനുല്‍ ഫലക് എന്ന നുജൂം കിതാബ് (വിവ: സൈനുല്‍ മഹ്ദി തങ്ങള്‍) ജ്യോതി ശാസ്ത്ര വിഭാഗത്തിലും ഉള്‍പ്പെടുന്ന പ്രധാന വിവര്‍ത്തനങ്ങളാണ്. കൊങ്കണം വീട്ടില്‍ ബാവ മുസ്‌ലിയാര്‍ രചിച്ച മുഫ്‌റദാത്ത് ജൗബാനി എന്ന ജനോപകാര തര്‍ജ്ജമ ഒരു വൈദ്യശാസ്ത്ര കൃതിയാണ്.
അഷ്ടാംഗ ഹൃദയം, അമരകോശാ പദാര്‍ത്ഥം, വിക്രമാദിത്യ കഥകള്‍, മാപ്പിള രാമായണം, 313 മൗലിദുകള്‍ തുടങ്ങി സാരോപദേശകഥകള്‍ വരെ നീണ്ടുകിടക്കുന്ന അറബി-മലയാള ലോകത്ത് യൂറോപ്യന്‍ മിഷനറിമാര്‍ വരെ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. “മാപ്പിള ഭാഷയുടെ പുരോഗതിക്കുവേണ്ടി സര്‍വ്വഥാ യത്‌നിച്ച യൂറോപ്യന്‍ പാതിരിമാര്‍ അറബി-മലയാള ഭാഷയിലും ബൈബിള്‍ പ്രസിദ്ധീകരിച്ചു എന്നത് അറബി-മലയാള ഭാഷയുടെ പ്രത്യേകതക്ക് തെളിവ് നല്‍കുന്ന മറ്റൊരു വസ്തുതയാണ്.6”
അറബി ഭാഷക്കു പുറമെ ഫാര്‍സി, തമിഴ്, ഹിന്ദി, ഉര്‍ദു തുങ്ങിയ ഭാഷകളില്‍ നിന്നും പ്രധാനമായും അറബി-മലയാള വിവര്‍ത്തനം നിര്‍വ്വഹിക്കപ്പെട്ടു. തൂത്താക്കി കഹാനി എന്ന ഹിന്ദി നോവലിന്റെ അറബി-മലയാള വിവര്‍ത്തനം(തത്ത പറഞ്ഞ കഥകള്‍) മൂലാമ്പത്ത് കുഞ്ഞാമുസാഹിബ് നിര്‍വ്വഹിച്ചു. ഖമര്‍സ്സമാന്‍ ഖിസ്സ, ഖിസ്സത്തു നൂര്‍ജഹാന്‍, അമീര്‍ ഹംസ, മന്ത്രി കുമാര ചരിതം, ബദറുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാല്‍, ഖിസ്സത്ത് ബര്‍സഖിയാന്‍, ഉമര്‍ അയ്യാര്‍, ചഹാര്‍ ദര്‍വേശ് മുതലായ കൃതികള്‍ പൊന്നാനി സ്വദേശി നാലകത്ത് കുഞ്ഞിമൊയ്തീന്‍ സാഹിബ് പേര്‍ഷ്യന്‍ ഭാഷ(ഫാര്‍സി) നിന്നുമാണ് വിവര്‍ത്തനം ചെയ്തത്. ഏറെ പ്രചാരം നേടിയ തമിഴ് ഖണ്ഡ കാവ്യമായ പെണ്‍പുത്തി മാല നൂഹ്കണ്ണ് ലബ്ബ വിവര്‍ത്തിച്ചു. മാപ്പിള സ്ത്രീകള്‍ക്കിടയില്‍ അതിന് ഏറെ പ്രചാരം ലഭിച്ചിരുന്നു. മറ്റൊരു തമിഴ് കൃതിയുടെ പരിഭാഷയാണ് ചികിത്സ നൂല്‍. ചില യോഗവിധികള്‍ ഇതില്‍ മാപ്പിളപ്പാട്ടായി ചേര്‍ത്തിട്ടുണ്ട്.

സാമൂഹിക-സാംസ്‌കാരിക വ്യവഹാരവും സ്വത്വ രൂപീകരണവും
കൊളോണിയലിസം അതിന്റെ ലോക വീക്ഷണവും സങ്കല്‍പ്പവും വികസിപ്പിച്ചെടുക്കുന്നതിനായി ഉപയോഗിച്ച ഏറ്റവും വലിയ ആയുധം വിദ്യാഭ്യാസമായിരുന്നു. അത്തരം ഒരു ചരിത്ര ഘട്ടത്തില്‍ പ്രതിവ്യവഹാരത്തിന്റെ സാമൂഹിക-സാംസ്‌കാരിക തലം സൃഷ്ടിച്ചുകൊണ്ടാണ് കേരളത്തിലെ മാപ്പിളമാര്‍ സമൂഹത്തില്‍ നിലയുറപ്പിച്ചത്. കൊളോണിയല്‍ അധിനിവേശം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നവ വ്യവഹാരത്തിനെതിരെ ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ട് വിസമ്മതത്തിന്റെയും തിരസ്‌കരണത്തിന്റെയും ജ്ഞാനമണ്ഡലം രൂപപ്പെടുത്തിയെടുത്തു അവര്‍. കേവലം ഒരു സാഹിത്യ സംഭാവന, അല്ലെങ്കില്‍ ഒരു സര്‍ഗാത്മക ആവിഷ്‌കാരം എന്നതിലുപരി കേരളത്തിലെ മാപ്പിളമാരുടെ സ്വത്വ രൂപീകരനത്തിലും സാമൂഹിക-സാംസ്‌കാരിക തലം പണിയുന്നതിലും അറബി-മലയാളം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നു പറയുന്നതിന്റെ പ്രസക്തി ഇവിടെയാണ്.കൊളോണിയല്‍ വിരുദ്ധ സമരത്തിന് ആഹ്വാനം ചെയ്യുന്ന കൃതികളും തദ്ദേശീയ ജന്‍മി-ബ്രാമണിക് മേധാവിത്വത്തിനെതിരെ നിലപാടെടുത്ത കൃതികളും രചിക്കാന്‍ ഉപയോഗിച്ച അറബി-മലയാളം തന്നെയാണ് വിവിധ ജ്ഞാനങ്ങള്‍ മൊഴിമാറ്റം നടത്താനും മാപ്പിളമാര്‍ തെരഞ്ഞടുത്തത.്  ഒരു സമൂഹത്തിന്റെ സാംസാകാരിക പ്രതിബോധമായി അതിനെ വായിക്കാനാകുന്നു. പാശ്ച്യാത്തന്റെ ജ്ഞാന പദ്ധതിയെ ചെറുക്കാന്‍ ഏറ്റവും നല്ല വഴി അതു തന്നെയായിരുന്നു.
 സി.കെ കരീം എഴുതുന്നു.“ഇംഗ്ലീഷ് വിരോധ പ്രസ്ഥാനത്തിന് ജനകീയാവേശം നേടിക്കൊടുക്കുന്നതില്‍ അറബി-മലയാള ഭാഷയും സാഹിത്യവും നല്‍കിയിട്ടുള്ള സംഭാനകള്‍ അവിസ്മരണീയങ്ങളാണ്. അക്കാലത്ത് കണ്ടുകെട്ടപ്പെട്ട കൃതികളിലധികവും അറബി-മലയാളത്തിലായിരുന്നുവെന്ന ഒറ്റക്കാര്യം കണക്കിലെടുത്താല്‍ മതി അറബി-മലയാളം എത്രമാത്രം ജനസ്വാധീനമുള്ള ഭാഷയായിരുന്നുവെന്നും അധികാരികള്‍ പോലും എന്തുകൊണ്ടതിനെ ഭയപ്പെടട്ടിരുന്നുവെന്നും മനസ്സിലാക്കാന്‍.7” അറബി-മലയാള ഗ്രന്ഥങ്ങള്‍ ഇല്ലാത്ത ഒരു മുസ്‌ലിം വീട് അക്കാലത്ത് ഉണ്ടായിരുന്നില്ല. തുഞ്ചത്തെഴുത്തച്ഛന്‍ രാമായണം കിളിപ്പാട്ട് എഴുതുന്നതിനും മുമ്പ് തന്നെ മാപ്പിളമാര്‍ മുഹ്‌യിദ്ദീന്‍ മാല പാടുന്നുണ്ടായിരുന്നു. വായനയും അക്ഷരജ്ഞാനവുമുള്ള ഒരു സമൂഹത്തിന്റെ ചിത്രമാണിവിടെ തെളിയുന്നത്. വിവിധ ജ്ഞാന മണ്ഡലങ്ങളിലെയും ഭാഷകളിലെയും തര്‍ജ്ജമകള്‍ മാപ്പിളമാര്‍ക്ക് ലഭിക്കുന്നതിലൂടെ അക്ഷരാഭ്യാസവും സാഹിത്യ പ്രചരണവും സാധ്യമാകുക കൂടി മാത്രമല്ല ലോകബോധവും ചലനവും അവര്‍ സ്വായത്തമാക്കുക കൂടിയാണ് ചെയ്യുന്നത്.
''മിഷണറിഗദ്യത്തിലെ പല കൃതികളും 'തുറന്ന' സമൂഹത്തെ ലക്ഷ്യമാക്കി രചിച്ചവയാണ്; മാപ്പിളമലയാളരചനകളുടെ ലക്ഷ്യം 'അടഞ്ഞ' സമൂഹമായിരുന്നു'' എന്ന കെ.എം. പ്രഭാകരവാര്യരുടെ 8  നിരീക്ഷണം മുഖവിലക്കെടുത്തു കൊണ്ട് തന്നെ, അറബിമലയാളം അഭിസംബോധന ചെയ്ത സമൂഹത്തിനിടയില്‍ അവയ്ക്ക് വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചതെന്ന വസ്തുത അവിതര്‍ക്കിതമാണ്. കേരളത്തിലെ മാപ്പിളമാര്‍ക്കിടയില്‍ സാമൂഹികവും സാംസ്‌കാരികവുമായ വലിയ സ്വാധീനം ഓരോ കൃതികള്‍ക്കും ലഭിച്ചു. കൊളോണിയലിസത്തിന്റെ സാംസ്‌കാരിക അജണ്ടകള്‍ക്കെതിരെ തദ്ദേശീയമായ പ്രതിബോധമൊരുക്കാനും ഗൃഹസാക്ഷരതാപാരമ്പര്യം സൃഷ്ടിക്കാനും അറബി-മലയാള പരിഭാഷകള്‍ക്ക് കഴിഞ്ഞു. അറുപതുകളില്‍ അറേബ്യന്‍ നോവലായ അമീര്‍ ഹംസയുടെ, തന്റെ വീട്ടില്‍ ലഭ്യമായിരുന്ന അറബിമലയാള പതിപ്പാണ് തന്റെ ആദ്യനോവല്‍ വായനാനുഭവമെന്ന് എം.എ റഹ്‌മാന്‍ എഴുതുന്നുണ്ട്.9
വിവര്‍ത്തനങ്ങളിലെ വിഷയ വൈവിധ്യം കേരളീയ ബഹുസ്വരതയില്‍ മാപ്പിളമാരുടെ ധൈഷണിക സംഭാവന എങ്ങനെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് കാണിക്കുന്നു. ലഭ്യമായ സംവിധാങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ വിചാര ലോകം വിപുലപ്പെടുത്തി അവര്‍. കയ്യെഴുത്ത് പ്രതികളിലൂടെയും അച്ചുകൂടങ്ങളുലൂടെയും ഓരോകൃതികളും പ്രചരിച്ചു. പതിനഞ്ചോളം വരുന്ന അറബി-മലയാള മുദ്രണശാലകള്‍ തന്നെ ഇവിടെ നിലവിലുണ്ടായിരുന്നു. കേരളീയ സമൂഹത്തില്‍ മാപ്പിളമാരുടെ സാമൂഹിക സാംസ്‌കാരിക പരിസരം സജീവമാക്കുന്നതിലും തങ്ങളുടേതായ സ്വത്വം നിര്‍മിക്കുന്നതിലും അറബി-മലയാള വിവര്‍ത്തനങ്ങള്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത് എന്ന് ചുരുക്കം.
സവിശേഷമായ ഒരു ചരിത്ര ഘട്ടത്തില്‍ ദാര്‍ശനികരായ പണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ ആരംഭിക്കുകയും പ്രചരിക്കുകയും ചെയ്ത അറബി-മലയാള വിവര്‍ത്തനങ്ങള്‍ ഒരു സാമൂഹിക-സാംസ്‌കാരിക പ്രതി വ്യവഹാരത്തിന്റെ ശക്തമായ പ്രതിനിധാനമായി വായിക്കപ്പെടേണ്ടതുണ്ട്. ഓരോ കൃതികളെയും ആധുനിക സാമൂഹ്യശാസ്ത്ര സൈദ്ധാന്തിക സങ്കേതങ്ങള്‍ ഉപയോഗിച്ച് വിശകലന വിധേയമാക്കപ്പെടണം. ഒരു പൊതുമുതല്‍ എന്ന നിലയില്‍ എഴുതിയ പലകൃതികളുടെയും കര്‍ത്താക്കള്‍ അജ്ഞാതമാണ്. ഏറെയും ഇപ്പോഴും പലയിടങ്ങളിലായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ചരിത്രമന്വേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെയും ചരിത്രത്തിന്റെ സാമൂഹിക-സാംസ്‌കാരിക ബോധം ശ്രദ്ധിക്കുന്ന പൊതു സമൂഹത്തിന്റെയും ശ്രദ്ധ, അമൂല്യങ്ങളായ അറബി-മലയാള വിവര്‍ത്തനങ്ങളുടെ കലവറകളില്‍ കൂടി ഉണ്ടായാല്‍ അത് നമുക്ക് വലിയ മുതല്‍കൂട്ടായി മാറുമെന്ന കാര്യം തീര്‍ച്ച.

സൂചനകള്‍:
1-അശ്‌റഫ്. കെ.ടി, അറബി-മലയാള കൃതികള്‍ ഭാഷാപരവും സാംസ്‌കാരികവുമായ സവിശേഷതകളെ മുന്‍നിര്‍ത്തിയുള്ള ഒരു പഠനം.(2009, മലയാള കേരള പഠന വിഭാഗം-കോഴിക്കോട് സര്‍വ്വകലാ ശാല, പ്രസിദ്ധീകരിക്കാത്ത ഗവേഷണ പ്രബന്ധം)
2-അബു. ഒ, 1970 അറബി-മലയാള സാഹിത്യ ചരിത്രം. എസ്. പി. സി എസ് കോട്ടയം(പേജ് 129)
3-ഇതേ പുസ്തകം(പേജ്126)
4-അബദുല്‍ കരീം. കെ.കെ, അഹ്‌മദ് മൗലവി. സി. എന്‍, 1978 മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം(പേജ്225.) 
5-അതേ പുസ്തകം(327,328)
6-അബു. ഒ, 1970 അറബി-മലയാള സാഹിത്യ ചരിത്രം. എസ്. പി. സി എസ് കോട്ടയം(പേജ് 125)
7-കരീം സി.കെ,1983 മുസ്‌ലിം സമുദായവും സംസ്‌കാരവും, ചരിത്രം പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം(പേജ് 169)
8പ്രഭാകര വാര്യര്‍ കെ.എം, മലയാളം മാറ്റവും വളര്‍ച്ചയും, (പേജ് 130)
9-റഹ്‌മാന്‍ എം. എ,2009 ജൂണ്‍ പച്ചക്കുതിര

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter