ജാമിഅ അസ്സൈതൂന: വൈജ്ഞാനിക വിപ്ലവങ്ങളുടെ ആണിക്കല്ല്

ചരിത്ര രേഖകളനുസരിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലയാണ് ഉബൈദുല്ലാഹ് ഇബ്നു അൽ ഹബ്ബാബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ജാമിഅ അസ്സൈതൂന. ഹിജ്‌റ 116 (734 CE)ലാണ് പള്ളിയെന്ന നിലയിൽ സ്ഥാപനം നിലവിൽ വന്നത് എന്നാണ് പ്രാഥമിക നിഗമനം. സർവ്വകലാശാല എന്ന് പറയാവുന്ന രീതിയിൽ 1300 വർഷങ്ങൾക്കു മുമ്പ് തന്നെ സ്ഥാപനം, ഭൗതിക വിജ്ഞാന ശാഖകള്‍ വരെ കൈകാര്യം ചെയ്യുന്ന വിവിധ ഡിപ്പാർട്ട്മെന്റുകളായി പ്രവർത്തിച്ചിരുന്നു.  അമുസ്‍ലിംകള്‍ അടക്കമുള്ള അനേകം വിദ്യാർത്ഥികളെ ജാമിഅയിലേക്ക് ആകർഷിക്കാന്‍ ഇതും കാരണമായിരുന്നു. ആദ്യകാലങ്ങളിൽ ഇസ്‍ലാമിക കലകളും അറബി സംസ്കാരവും ലോകത്താകമാനം പ്രചരിപ്പിച്ചതിൽ ജാമിഅ അസ്സൈതൂനക്ക് അനൽപമായ പങ്കുണ്ട്. ശേഷം വന്ന ജാമിഅ അൽഖുറവിയ്യീനും ഈജിപ്തിലെ അൽഅസ്ഹറും അസ്സൈതൂനയുടെ ശൈലി പിൻപറ്റി ഇസ്‍ലാമിക പ്രചാരണങ്ങൾക്ക് നേതൃത്വം വഹിച്ച വൈജ്ഞാനിക വിപ്ലവങ്ങളാണ്.

പതിമൂന്നാം നൂറ്റാണ്ടിൽ ഹഫ്സദ് ഭരണകൂടം ആഫ്രിക്കയുടെ തലസ്ഥാനം ടുണീഷ്യയിലേക്ക് മാറ്റിയത് മുതലാണ് ജാമിഅ അസ്സൈതൂന വൈജ്ഞാനിക വിപ്ലവങ്ങളുടെ കേന്ദ്രമായി തുടങ്ങിയത്. മത വിദ്യാഭ്യാസങ്ങൾക്ക് പുറമേ ഭൗതിക വിദ്യാഭ്യാസങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം വിദേശികളെയും മുസ്‍ലിമേതര മതവിഭാഗക്കാരെയും ജാമിഅ അസ്സൈതൂനിലേക്ക് കൂടുതൽ ആകർഷിച്ചു.

സർവ്വകലാശാലയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന അൽഅബ്ദലിയ്യ ലൈബ്രറിയായിരുന്നു അസ്സൈതൂനിലേക്ക് വിദേശികളെ ആകർഷിക്കാൻ കാരണമായ മറ്റൊരു മുഖ്യ ഘടകം. അപൂർവ്വ ചരിത്രഗ്രന്ഥങ്ങളുടെ കൈയ്യെഴുത്ത് പ്രതി ശേഖരമാണ് ലൈബ്രറിയുടെ പ്രത്യേകത. അത്തരത്തിലുള്ള പതിനായിരക്കണക്കിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ടായിരുന്നു എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. എന്നാൽ, 1534ൽ സ്പാനിഷ് സംഘം ടുണീഷ്യ കീഴടക്കിയതോടെ സൈതൂൻ പള്ളി ആക്രമിക്കുകയും ലൈബ്രറിയുടെ ശേഖരത്തിൽ നിന്ന് ഭൂരിഭാഗവും നശിപ്പിക്കപ്പെടുകയും ചെയ്തു. അതോടെ ജാമിഅ അസ്സൈതൂനയുടെ ഖ്യാതിയും വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്കും നിലച്ചു.

പിന്നീട് 1842ൽ ടുണീഷ്യൻ രാഷ്ട്രീയ നേതാവ് അഹ്മദ് ബേയുടെ പാഠ്യപദ്ധതിപരിഷ്കരണം വഴിയാണ് സർവ്വകലാശാല ഉയിർത്തെഴുന്നേറ്റത്. 1875ൽ ജാമിഅ അസ്സൈതൂന പ്രധാന മന്ത്രി ഖൈർഅൽദീന്റെ കീഴിൽ കൊണ്ട് വരികയും അൽ അബ്ദലിയ്യ ലൈബ്രറി വീണ്ടും വിപുലീകരിക്കപെടുകയും ചെയ്തു. തുടർന്ന് ഫ്രഞ്ച് അധിനിവേശങ്ങളെയും വിദേശ ശക്തികളെയും ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിന് അറബ്-ഇസ്‍ലാമിക് സംസ്കാര കോട്ടയായി ജാമിഅ അസ്സൈതൂന മാറി.

ജാമിഅ അസ്സൈതൂനയുടെ പേരും പ്രശസ്തിയും ലോകത്താകമാനം പ്രചരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അതിന്റെ പൂർവ്വ വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്ത ചരിത്രകാരൻ ഇബ്നു ഖൽദൂൻ, ത്വാഹിറുൽ ഹദ്ദാദ്, ശൈഖ് ത്വാഹിറുബ്നു ആശൂര്‍, പ്രശസ്ത ഖുർആൻ വ്യാഖ്യാതാവ് മുഹമ്മദ് ബിന്‍ അറഫ, നവോത്ഥാന നായകരായ സാലിം ബുഹാജിബ്, മുഹമ്മദുന്നബവി, ശൈഖുൽ അസ്ഹർ മുഹമ്മദ് ഇദ്രീസ് ഹുസൈൻ, അബ്ദുൽ അസീസ് ഷലബി, പ്രസിദ്ധ ടുണീഷ്യൻ കവി അബ്ദുൽ ഖാസിം അശ്ശാബി തുടങ്ങിയവർ അവരിൽ ചിലരാണ്.

ഇന്നും ജാമിഅ അസ്സൈതൂന അതിന്റെ പുരാതന പ്രൗഢിയോടെ ടുണീഷ്യയിൽ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും പഠിതാക്കളുടെ എണ്ണമനുസരിച്ച് ടുണീഷ്യയിലെ ഏറ്റവും ചെറിയ സർവ്വകലാശാലയായിട്ടാണ് ജാമിഅ അസ്സൈതൂന ഇന്ന് കണക്കാക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter