പ്രവാചകരുടെ പരമ്പരയും അഹ്‌ലുബൈതും
അല്ലാഹു സുബ്ഹാനഹു തആലാ തിരുദൂതരെ ഈ ലോകത്തേക്ക് അയക്കുന്നത് അഷ്റഫുൽ ഖൽക്ക് (സൃഷ്ടികളില്‍ അത്യുത്തമര്‍) ആയിട്ടാണ്. അങ്ങനെ നോക്കുമ്പോൾ മുഹമ്മദ് നബിയുടെ പരമ്പരയും പിതാക്കന്മാരും ത്വാഹിറും സ്വഫിയും (സംശുദ്ധര്‍) ആയിരിക്കണം. അതിന് ആദം നബിൽ തുടങ്ങി ഇബ്രാഹീം (അ)ന്റെ പുത്രൻ ഇസ്മായീല്‍(അ)ലൂടെ എത്തുന്ന ആ ശൃംഖല പരിശോധിക്കേണ്ടതുണ്ട്.
നബി തങ്ങൾ പറയുന്നു: അല്ലാഹു ഇബ്രാഹീം സന്താനങ്ങളിൽ നിന്ന് ഇസ്മാഈലിനെ തെരഞ്ഞെടുത്തു, ഇസ്മാഈൽ സന്താനങ്ങളിൽ കിനാനയെ തെരഞ്ഞെടുത്തു, കിനാന സന്താനങ്ങളിൽ ഖുറൈശിയെ തെരഞ്ഞെടുത്തു, ഖുറൈശി സന്താനങ്ങളിൽ നിന്ന് ബനൂഹാശിമിനെ തെരഞ്ഞെടുത്തു, ബനൂഹാശിമിൽ നിന്ന് എന്നെയും തെരഞ്ഞെടുത്തു. അതിനാൽ ഉത്തമരിൽ ഉത്തമൻ ഞാൻ ആകുന്നു.
ഇതിൽ ആദം നബി മുതൽ ഇസ്മാഈൽ നബി വരെയും അദ്നാൻ മുതൽ മുഹമ്മദ് നബി വരെയും ഉള്ള പരമ്പരയിൽ പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസം ഇല്ല. അത് ഇപ്രകാരമാകുന്നു: മുഹമ്മദ് ബിൻ അബ്ദില്ലാഹ് ബിൻ അബ്ദിൽ മുത്തലിബ് ബിൻ ഹാശിം ബിൻ അബ്ദി മനാഫ് ബിൻ ഖുസയ്യ് ബിൻ കിലാബ് ബിൻ മുർറത്ത് ബിൻ കഅ്ബ് ബിൻ ലുഅയ്യ് ബിൻ ഗാലിബ് ബിൻ ഫിഹ്ർ ബിൻ മാലിക് ബിൻ നള്ർ ബിൻ കിനാന ബിൻ ഖുസൈമത് ബിൻ മുദ്‍രികത് ബിൻ ഇൽയാസ് ബിൻ മുളിർറ് ബിൻ നിസാർ ബിൻ മുഅദ്ദ് ബിൻ അദ്നാൻ.
പിന്നീട് ഇസ്മാഈൽ(അ) മുതലുള്ളത് ഇങ്ങനെ പറയാം: ഇസ്മാഈൽ ബിൻ ഇബ്രാഹീം ബിൻ താറഖ് ബിൻ നാഹൂറ് ബിൻ സാറൂഹ് ബിൻ അർഊ ബിൻ ഫാലിഅ് ബിൻ ആബർ ബിൻ ഷാലിഖ് ബിൻ അർഫഖ്ഷദ് ബിൻ സാമ് ബിൻ നൂഹ് ബിൻ ലമക് ബിൻ മുതവശ്ലിഖ് ബിൻ അഖ്നൂഖ് (ഇദ്രീസ്) ബിൻ യാറദ് ബിൻ മഹ്‍ലായീൽ ബിൻ കിൻയാന് ബിൻ അനൂഷ ബിൻ ശീസ് ബിൻ ആദം.
പ്രബലാഭിപ്രായമനുസരിച്ച് അദ്നാൻ മുതൽ ഇസ്മാഈൽ നബി വരെയുള്ള ശൃംഘല ഇങ്ങനെ പറയാം: അദ്നാൻ ബിൻ ഉദ്ധ് ബിൻ ഉദദ് ബിൻ അൽയസഅ് ബിൻ അൽഹുമയ്സഅ് ബിൻ സലാമാൻ ബിൻ നബ്തി ബിൻ ഹംല് ബിൻ കയ്ദാറ് ബിൻ ഇസ്മാഈൽ (ഉയൂനുൽ അസര്‍ 27/1). എന്നാൽ മറ്റൊരു അഭിപ്രായം അനുസരിച്ച് ഇങ്ങനെയും പറയപ്പെടുന്നു, അദ്നാൻ ബിൻ ഉദ്ധ് ബിൻ മുഖവ്വിം ബിൻ നാഹൂർ ബിൻ സീറഹ് ബിൻ യഅ്റുബ് ബിൻ യഷ്ജബ് ബിൻ നാബിത് ബിൻ ഇസ്മാഈൽ (സീറത്തു ഇബ്നി ഹിശാം, ഫത്ഹുൽ ബാരി (വോ :7/ പേ: 248).
ഇമാം അസ്ദരി തന്റെ ഇഷ്തിഖാഖ് എന്ന ഗ്രന്ഥത്തിൽ പറയുന്നു: അദ്നാനിന്റെയും ഇസ്മാഈലിന്റെയും ഇടയിലുള്ള ശൃംഖലയെ കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാൽ ഇബ്രാഹീം നബി മുതല്‍ ആദം നബി വരെയുള്ള ശൃംഖലയിൽ അഭിപ്രായ വ്യത്യാസം ഇല്ല. കാരണം ആ ശൃംഖല തൗറാത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഇബ്നുകസീറിന്റെ സീറത്തുന്നബവിയിൽ ഇബ്നുഅബ്ബാസ്(റ) റിപ്പോർട്ട് ചെയ്ത ഹദീസില്‍ ഇങ്ങനെ കാണം, അദ്നാനിന്റെയും ഇസ്മാഈലിന്റെയും ഇടയിൽ അറിയപ്പെടാത്ത 30 പിതാക്കന്മാർ ഉണ്ട്.
ഇതുവരെ റസൂലിന്റെ പ്രപിതാക്കന്മാർ വഴിയുള്ള ശൃംഖല പറഞ്ഞു ഇനി ആ പിതാക്കന്മാരുടെ ഉമ്മമാരെ നോക്കാം.
അബ്ദുല്ലയുടെ ഉമ്മ ആത്വിഖ ബിൻത് അർകസ് ബിൻ മാലിക് ബിൻ സഹ്റ.
അബ്ദുൽ മുത്തലിബിന്റെ ഉമ്മ സൽമ ബിൻത് അംറ് ബിൻ സൈദ് ബിൻ ലുബൈദ് ബിൻ ഖിദാഷ് ബിൻ ആമിർ ബിൻ ഗനം ബിൻ അദിയ്യ് ബിൻ അന്നജ്ജാർ.
ഹാഷിമിന്റെ ഉമ്മ ആത്വിഖ ബിൻത് മുർറത്ത് ബിൻ ഹിലാല്‍ ബിൻ ഫാലിജ് ബിൻ ദക്‍വാൻ ബിൻ സഅ്‍ലബ.
അബ്ദു മനാഫിന്റെ ഉമ്മ ഹുബയ്യ് ബിൻത് ഹുലയ്ല് ബിൻ ഹബ്ഷിയ്യ ബിൻ സലൂല്‍ ബിൻ കഅ്ബ് ബിൻ അംറ് ബിൻ ഖുസാഅ.
ഖുസയ്യിന്റെ ഉമ്മ ഫാത്തിമ ബിൻത് സഈദ് ബിൻ സയ്ല് ബിൻ ഹർബ് ബിൻ ഹമാലത് ബിൻ ഔഫ് ബിൻ അസദ്.
കിലാബിന്റെ ഉമ്മ ഹിന്ദ് ബിൻത് സരീർ ബിൻ സഅ്‍ലബ ബിൻ ഹാരിസ് ബിൻ മാലിക് ബിൻ സകീന.
മുർറത്തിന്റെ ഉമ്മ മഖ്ശിയത് ബിൻത് ഷയ്ബാൻ ബിൻ മുഹാരിബ് ബിൻ ഫഹ്ർ.
കഅ്ബിന്റെ ഉമ്മ മാവിയത് ബിൻത് കഅ്ബ് ബിൻ അൽകയ്ന് ബിൻ അസദ് ബിൻ വബ്റത്.
ലുഅയ്യിന്റെ ഉമ്മ സൽമാ ബിൻത് അംറ് ബിൻ ആമിർ ബിൻ ഹാരിസ് ബിൻ ഖുസാഅ.
ഗാലിബിന്റെ ഉമ്മ ആത്വിഖ ബിൻത് യഖ്‍ലദ് ബിൻ നള്ർ ബിൻ കിനാന.
ഫിഹ്റിന്റെ ഉമ്മ ജൻദലത് ബിൻത് ഹാരിസ് ബിൻ ആമിർ ബിൻ അൽ ഹാരിസ് അൽജുർഹുമി.
മാലിക്കിന്റെ ഉമ്മ അക്റഷത് ബിൻത് ഉദ്‍വാന്‍.
നള്റിന്റെ ഉമ്മ ബർറത് ബിൻത് മുർറ് അല്ലെങ്കിൽ ഫക്ഹത് ബിൻത് ഹനീ ബിൻ ബലിയ്യ.
കിനാനയുടെ ഉമ്മ (അവാനത്/ഹിന്ദ്) ബിൻത് സഅ്ദ് ബിൻ ഖൈസ് അലയാൻ.
ഖുസൈമതിന്റെ ഉമ്മ സൽമാ ബിൻത് സഅ്ദ് ബിൻ ഖൈസ് ബിൻ ഇൽഹാ ബിൻ ഖളാഅത്.
മുദ്‍രികതിന്റെ ഉമ്മ ലയ്‍ലാ ബിൻത് ഹുവാൻ ബിൻ ഇംറാൻ ബിൻ ഇൽഹാഫ് ബിൻ കളാഅ.
ഇല്‍യാസിന്റെ ഉമ്മ അൽ റുബാബത് ബിൻത് ഇയാസ് ബിൻ മഅദ്ദ്.
മുളിർറിന്റെ ഉമ്മ സൗദത് ബിൻത് അക്ക് ബിൻ അദ്നാൻ ബിൻ അദദ്.
നിസാറിന്റെ ഉമ്മ മുആനത് ബിൻത് ജൗഷ് ബിൻ ജൽഹമത് ബിൻ അംറ് ബിൻ ഹലീമത് ബിൻ ഹർമിയ.
മുഅദ്ധിന്റെ ഉമ്മ മുഹദ്ധിദത് ബിൻത് ജൽഹബ് ബിൻ ജദീസ്.
അദ്നാനിന്റെ ഉമ്മ ബൽഹാ ബിൻത് ഇസ്സ് ബിൻ കഹ്താൻ. (സീറതുബ്നു ഹബ്ബാന്‍ 49/1).
ഇനി റസൂലിന്റെ ഉമ്മ വഴിയുള്ള ശൃംഖല നോക്കാം. ആമിന ബിൻത് വഹബ് ബിൻ അബ്ദിമനാഫ് ബിൻ സുഹ്റത് ബിൻ കിലാബ് ബിൻ മുർറത് ബിൻ കഅ്ബ് ബിൻ ലുഅയ്യ് ബിൻ ഗാലിബ് ബിൻ ഫിഹ്ർ ബിൻ മാലിക് ബിൻ നള്ർ.
ഇതിൽ ആമിന ബീവിയുടെ ഉമ്മ ബർറത് ബിൻത് അബ്ദിൽ ഉസ്സ ബിൻ ഉസ്മാൻ ബിൻ അബ്ദിദ്ദാർ ബിൻ കുസയ്യ് ബിൻ കിലാബ് ബിൻ മുർറത് ബിൻ കഅ്ബ് ബിൻ ലുഅയ്യ് ബിൻ ഗാലിബ് ബിൻ ഫിഹ്ർ ബിൻ മാലിക് ബിൻ നള്ർ.
ബർറ എന്നവരുടെ ഉമ്മ, ഉമ്മു ഹബീബയാണെന്നും ഉമ്മു സുഫ്‍യാൻ ആണ് എന്നും അഭിപ്രായമുണ്ട്. അവരുടെ ശൃംഖല മാലിക് ബിൻ നള്റില്‍ എത്തുന്നു. ഉമ്മു ഹബീബയുടെ ഉമ്മ ബർറതും മാലിക് ബിൻ നള്റിൽ എത്തുന്നു. ബർറതിന്റെ ഉമ്മ കിലാബത് ബിൻത് ഹാരിസ് ബിൻ സ്വഅ്സ്വഅത്ത്.
കിലാബിന്റെ ഉമ്മ ഉമയ്മത് ബിൻ മാലിക് ബിൻ ഗനം.
ഉമൈമയുടെ ഉമ്മ ദബ്ബത് ബിൻത് ഹാരിസ് ബിൻ ലഹ്‍യാൻ ബിൻ ഓദിയത്.
ദബ്ബതിന്റെ ഉമ്മ ബിൻത് യർബൂഅ് ബിൻ നാളിറത് ബിൻ ഓളിറ.
മേല്‍പറഞ്ഞ വിവരങ്ങള്‍, സീറതു ഇബ്നിഹിശാമിലും, ഇമാം ബൈഹഖിയുടെ ദലാഇലുന്നുബുവ്വയിലും, അർറൗളുൽഅൻഫിലും പ്രതിപാദിക്കുന്നുണ്ട്.
ഇനി അഹ്‍ലുബൈത് അഥവാ നബിക്ക് ശേഷമുള്ള പരമ്പര നോക്കാം. എങ്ങനെയാണ് അഹ്‍ലുബൈത് നിലനിൽക്കുന്നത്, ആരിലൂടെയാണ് ആ ശൃംഘല പോകുന്നത് എന്നത് കൂടി പരിശോധിക്കാം.
നബി തങ്ങളുടെ പരമ്പര കർബലയിലൂടെ അവസാനിച്ചെന്നും അഹ്‌ലു ബൈത്ത് ഇന്ന് ഇല്ല എന്നും ആദ്യമെല്ലാം വാദങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് അവർ തന്നെ ആ വാദം ഉപേക്ഷിച്ചു. നബിതങ്ങൾക്ക് ആകെ ഏഴ് മക്കളാണ്. അതിൽ ഇബ്‍റാഹീം എന്ന മകന്‍ ഒഴിച്ച് എല്ലാവരും ഖദീജ ബീവിയിൽ നിന്നായിരുന്നു. ഇബ്രാഹീം എന്നവര്‍ മാരിയത്തുൽ ഖിബ്തിയ്യയിൽ നിന്നും. ആൺമക്കളായ ഖാസിം, ഇബ്‍റാഹീം, അബ്ദുല്ല എന്നവർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. സൈനബിനെ അബുൽ ആസ് ബിൻ റബീഅ് വിവാഹം കഴിക്കുകയും അലി എന്ന പുത്രനും ഉമാമ എന്ന പുത്രിയും ജനിക്കുകയുമുണ്ടായി. എന്നാൽ അലി പ്രായപൂർത്തിയാകുന്നതിന് തൊട്ടുമുന്നേ മരിക്കുകയും ഉമാമയെ അലി(റ) ഫാത്തിമ ബീവിയുടെ വഫാത്തിന് ശേഷം വിവാഹം കഴിക്കുകയും ചെയ്തു. ഇതിൽ മുഹമ്മദ് ഔസത്ത് എന്ന മകനുണ്ടായെങ്കിലും പരമ്പരയില്ല. റുഖിയ, ഉമ്മുകുൽസും എന്നിവരെ അബൂലഹബിന്റെ മക്കളായ ഉത്ബത്, ഉതൈബത്ത് എന്നിവർ നിക്കാഹ് കഴിക്കുകയും പിന്നീട് അബൂലഹബിനെതിരെ ആയത്ത് ഇറങ്ങി എന്ന കാരണത്താൽ ജിമാഇനു മുന്നേ പിരിയുകയും ചെയ്തു. പിന്നീട് ഉസ്മാൻ(റ) റുഖിയ ബീവിയെ വിവാഹം കഴിച്ചു. അബ്ദുല്ല എന്ന പുത്രൻ ഉണ്ടായെങ്കിലും ആറാം വയസ്സിൽ കണ്ണിൽ കോഴി കൊത്തി രോഗം വന്ന് മരണപ്പെട്ടു. അങ്ങനെ ഹിജ്റ രണ്ടാം വർഷം റുഖിയ ബീവി രോഗിയാകുകയും ആ രോഗത്തില്‍ മരണപ്പെടുകയും ചെയ്തു. ഇവർക്ക് മറ്റു സന്താനങ്ങൾ ഇല്ല. പിന്നീട് ഉമ്മുകുല്സുവിനെയും ഉസ്മാൻ(റ) വിവാഹം ചെയ്തു എങ്കിലും അവർക്കും സന്താനങ്ങൾ ഉണ്ടായില്ല.
അഥവാ അഹ്‍ലു ബൈത് സൈനബ, റുഖിയ, ഉമ്മുകുൽസൂം എന്നിവരിലൂടെ തുടരുന്നില്ലെന്നും ശേഷിക്കുന്ന ഫാത്തിമ ബീവിയിലൂടെയാണ് തുടരുന്നതെന്നും വ്യക്തമാവുന്നു. അലി, ഫാതിമ ദമ്പതികളിൽ 6 സന്താനങ്ങൾ ആണ് ഉള്ളത്. ഹസൻ, ഹുസൈൻ, മുഹ്സിൻ, റുഖിയ, സൈനബ്, ഉമ്മുകുൽസൂം എന്നിവരാണ്. എന്നാൽ റുഖിയ, മുഹ്സിൻ എന്നിവർ ചെറുപ്പത്തിൽ തന്നെ വഫാത്തായി. ഉമ്മുകുല്‍സൂമിനെ വിവാഹം ചെയ്തത് ഉമർ(റ) ആയിരുന്നു. അതില്‍ അക്ബർ എന്ന മകൻ ഉണ്ടായെങ്കിലും പരമ്പരയുണ്ടായില്ല. സൈനബിനെ അബ്ദുല്ലാഹിബിന് ജാഫർ വിവാഹം ചെയ്യുകയും ഇതിൽ അലി, ഔൻ അക്ബർ, അബ്ബാസ്, മുഹമ്മദ്, ഉമ്മുകുൽസൂം എന്നിങ്ങനെ സന്താനങ്ങൾ ഉണ്ടാവുകയും ചെയ്തു.
ഈ പരമ്പര ഇന്നും അവശേഷിക്കുന്നുണ്ടെങ്കിലും ഇത് നബിയുടെ പൗത്രി പരമ്പരയാണ് എന്നതിനാല്‍ അഹ്‍ലുബൈത് ആയി പരിഗണിക്കപ്പെടുന്നില്ല. ഹസൻ(റ)ന്, ഭാര്യമാരിലും അടിമ സ്ത്രീകളിലുമായി 13 സന്താനങ്ങളാണ് ഉള്ളത്. സൈദ്, ഉമ്മുൽ ഹംസ, ഉമ്മുൽ ഹുസൈൻ, ഹസൻ രണ്ടാമൻ, ഉമർ, ഖാസിം, അബ്ദുല്ലാഹ്, അബ്ദുറഹ്മാൻ, ത്വല്‍ഹ, ഹുസൈൻ, ഫാത്തിമ, ഉമ്മുസൽമാൻ, റുഖിയ എന്നിവരാണ്. ഇവരിൽ ഉമർ, ഖാസിം, അബ്ദുല്ലാഹ് എന്നിവർ കർബലയിൽ കൊല്ലപ്പെട്ടു. സൈദ്, ഹസൻ രണ്ടാമൻ എന്നിവർക്ക് മാത്രമാണ് പരമ്പര ഉള്ളത്. മൂത്ത പുത്രനായ സൈദിന് മുഹമ്മദ് അൻവർ, ഹസൻ അൻവർ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്.
ഹസൻ അൻവറാണ് മഹതി നഫീസ ബീവിയുടെ ഉപ്പ. ഹസ്സൻ രണ്ടാമന് ഉമ്മുഹബീബ എന്ന അടിമ സ്ത്രീയിൽ ദാവൂദ്, ജഅ്ഫർ എന്നിങ്ങനെ രണ്ടു മക്കളും ഫാത്തിമ ബിൻത് ഹുസൈൻ(റ)വിൽ അബ്ദുല്ല മഹസ്, ഇബ്‍റാഹീം കമർ, ഹസൻ മൂന്നാമൻ എന്നിങ്ങനെ മൂന്നു മക്കളാണ്.
ഹുസൈൻ(റ)വിന് 6 സന്താനങ്ങളാണ് ഉള്ളത്. ജഅ്ഫർ(റ) പിതാവിന്റെ കാലത്ത് തന്നെ വഫാത്തായി, പരമ്പരയില്ല. ജംരിഉൽഖൈസ് ബിൻ അദിയ്യിന്റെ മകൾ റുബാബയിൽ അബ്ദുല്ല (കർബലയിൽ ശഹീദായി), സുകൈന എന്നിവർ ജനിച്ചു. ഉമ്മു ഇസ്ഹാഖ് ബിൻത് ത്വൽഹയിൽ ഫാത്തിമ ജനിച്ചു. പേർഷ്യൻ രാജാവായ അനൂശർവാന്റെ പുത്രൻ യസ്ദർജിദിന്റെ പുത്രി ഷാഹ്സനാനിൽ അലി അസ്കർ എന്ന സൈനുൽ ആബിദീൻ ജനിച്ചു. ലൈല എന്ന സ്ത്രീയിൽ അലി അക്ബറും ജനിച്ചു. (ഇവര്‍ കർബലയിൽ വഫാത്തായി).
എന്നാൽ കർബലയിൽ കൊല്ലപ്പെട്ടത് അലി അസ്ഗർ ആണോ അലി അക്ബർ ആണോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. അസ്ഗർ ആണ് എന്ന അഭിപ്രായം ഉള്ളവർക്ക് അത് സൈനുൽ ആബിദീൻ ആണെന്ന് അഭിപ്രായം ഇല്ല എങ്കിൽ കർബലയ്ക്ക് ശേഷം അലി അക്ബറോ സൈനുൽ ആബിദീനോ ജീവിച്ചിരിപ്പുണ്ട്. അവർക്ക് പരമ്പരയും ഉണ്ട്. അത് ഇങ്ങനെയാണ്.
സൈനുൽ ആബിദീന്‍ നാല് പെൺമക്കളും 11 ആണ്‍ മക്കളും ആണുള്ളത്.
ഇബ്രാഹീം സന്തതി ഇസ്‍ഹാഖിൽ എല്ലാ ഇസ്രാഈലി പ്രവാചകരും ഇസ്മാഈൽ മുഹമ്മദ് നബിയും എത്തുന്നതുപോലെ ഫാത്തിമ-അലി സന്താനങ്ങളിൽ ഇമാം മഹ്ദി ഹസനിലും മിക്ക ഔലിയ ഇമാമുകളും ഹുസൈൻ(റ)ലുമാണ്.
ചുരുക്കത്തില്‍ പ്രവാചക പരമ്പര എന്നത് ഇന്നും ലോകത്തിന്റെ നാനാദിക്കുകളിലും നിലനില്ക്കുന്നു എന്നത് ഏറെ അല്‍ഭുതകരമാണ്. പ്രവാചകരുടെ മക്കളുടെ നിര്യാണത്തെ തുടര്‍ന്ന്, പരമ്പര മുറിഞ്ഞവന്‍ (അബ്തര്‍) എന്ന് ആക്ഷേപിച്ചതിന് ഏറ്റവും മധുരമായ മറുപടിയാണ് ഇതെന്ന് പറയാതെ വയ്യ.
അവലംബം: هل رأيت محمد ـ الاستاذ الباقوي الاركورى
Leave A Comment