ഉള്ളത് തന്നെ പോരേ... എന്തിനാണ് അധികം..

സന്തോഷത്തിന്റെ വഴികള്‍
1. ഉള്ളത് തന്നെ പോരേ... എന്തിനാണ് അധികം..

വൈക്കം മുഹമ്മദ് ബഷീര്‍ 'മരണത്തിന്റെ നിഴലില്‍' ഇങ്ങനെ പറയുന്നുണ്ട്, 'ഈ ജീവിതത്തില്‍ സുഖം വേണമെങ്കില്‍ സ്വന്തമായ അഭിപ്രായം ഒന്നും ഉണ്ടാവാതിരിക്കുക. നിങ്ങളുടെ ചുറ്റും 'ഠ' വട്ടത്തിലുള്ള സ്ഥലം മാത്രമേ  ഭൂലോകമായുള്ളൂ എന്നും വിചാരിക്കുക. വെട്ടിയോ കിളച്ചോ നട്ടുനനച്ചോ ജീവിക്കാനും ശ്രമിക്കുക'.

മോഹങ്ങളാണ് മനുഷ്യന്റെ സ്വസ്ഥത കെടുത്തുന്നത്. കാണുതെല്ലാം സ്വന്തമാക്കാനുള്ള അതിയായമോഹങ്ങള്‍ മനുഷ്യന്റെ ജീവിതം തന്നെ ദുഷ്കരമാക്കുകയാണ് ചെയ്യുന്നത്. താഴേക്കിടയിലുള്ളവരിലേക്ക് നോക്കാനും മേലേക്കിടയിലുള്ളവരിലേക്ക് നോക്കാതിരിക്കാനും പ്രവാചകര്‍ (സ്വ) ഉപദേശിച്ചതായികാണാം. 

ഒരു കിളിയ്ക്ക് ഒരു മരത്തിന്റെ ഒരു ശിഖരത്തിലേ ഉറങ്ങാനാവൂ എന്നൊരു ചൊല്ലുണ്ട്.  വന്മരങ്ങളിലെ ചില്ലകള്‍ കൊച്ചുമരങ്ങളില്‍ കൂടുകൂട്ടിയവയുടെ ഉറക്കം കെടുത്താറേയില്ല. സമ്പന്ന വീടുകളിലോ പോലീസ് ഫോഴ്സിലോ കുശാലായി ജീവിക്കുന്ന വളര്‍ത്തുനായകളെ കണ്ട് തെരുവുനായ്ക്കള്‍ക്ക് സങ്കടം തോന്നാറുമില്ല. അത്യാഗ്രഹങ്ങള്‍കൊണ്ട്‌ സുഖവും സന്തോഷവും പോയി മറയുന്നത് മനുഷ്യനെന്ന ബുദ്ധിയുള്ള ജീവിക്ക് മാത്രമാണെന്നത് എത്രമാത്രം തമാശയാണ്.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ കഴിയാത്തവന് എത്രകിട്ടിയാലും മതിയാവില്ലെന്ന സത്യം വളരെ രസകരമായി പൂന്താനം നമ്പൂതിരി 'ജ്ഞാനപ്പാന'യിൽ എഴുതിയിട്ടുണ്ട്.   

അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും 

പക്ഷേ, എത്ര തന്നെ പണമോ സ്വത്തോ സമ്പാദിച്ചാലും ചത്തുപോന്നേരം വസ്ത്രമതുപോലും കൊണ്ടു പോകാൻ ആർക്കും കഴിയില്ലെന്ന പച്ചപ്പരമാർത്ഥമാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്. ലോകം മുഴുവൻ കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തി താൻ മരിക്കുമ്പോൾ ഈ ലോകത്തു നിന്നും താനൊന്നും കൊണ്ടുപോകുന്നില്ലെന്ന് മാലോകരെ അറിയിക്കാനായി തന്റെ ശൂന്യമായ കൈകൾ രണ്ടും ശവപ്പെട്ടിക്ക് പുറത്ത്‌ കാണിക്കണമെന്ന് നിർദ്ദേശം നല്കിയിരുന്നുവത്രെ.
  
നമുക്ക് കുറച്ചു നൽകണോ കൂടുതൽ നൽകണോ എന്നത് അല്ലാഹുവിന്റെ ഇഷ്ടമാണ്. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടണോ അതൃപ്തമാവണോ എന്നത് നമ്മുടെ ഇഷ്ടവും. അതൃപ്തിപ്പെടുന്നവർക്ക് അസമാധാനമല്ലാതെ ഒരു നേട്ടവുമില്ല. എല്ലാം അല്ലാഹുവിന്റെ ഇഷ്ടത്തിന് വിട്ട് അവൻ നൽകിയതിൽ സന്തോഷിക്കുന്നവന് സമാധാന ജീവിതം ലഭിക്കും. ഉള്ള അനുഗ്രഹത്തിന് നന്ദി ചെയ്യാനുള്ള മനസ്സുണ്ടാവും. അത് വിഭവവർദ്ധനവിന് ഹേതുവാകും. 'നിങ്ങൾ നന്ദിയുള്ളവരാകുന്നുവെങ്കിൽ നിങ്ങൾക്ക് ഞാൻ അനുഗ്രഹവർധന നൽകുന്നതാണ്. കൃതഘ്നത കാട്ടുന്നുവെങ്കിൽ എന്റെ ശിക്ഷ കഠിനം തന്നെ.' (വി. ഖുർആൻ - ഇബ്‌റാഹീം - 7)
കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടുക എന്നത് വിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട ഉന്നതമായൊരു ഗുണമാണ്. അല്ലാഹുവില്‍ ലയിച്ച് അവന്റെ പ്രീതി നേടിയ ഔലിയാഇന്റെ മാര്‍ഗത്തില്‍ പ്രവേശിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ പ്രധാനമായും ഒമ്പത് കാര്യങ്ങള്‍ സൂക്ഷിച്ചിരിക്കണമെന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) അദ്കിയാഇൽ പറയുന്നുണ്ട്. അതിൽ രണ്ടാമതായി എണ്ണുന്നത്  ഖനാഅത്ത് (കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടല്‍) ആണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലോത്തതില്‍ ആഡംബരം വെടിഞ്ഞ് ലഭ്യമായതില്‍ തൃപ്തിപ്പെടുകയെന്നതാണ് ഇത്കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 

പ്രവാചകർ  (സ്വ) ഇങ്ങനെ പ്രാര്‍ത്ഥന നടത്താറുണ്ടായിരുന്നു: "അല്ലാഹുവേ,  നീ നല്‍കിയതില്‍ എന്നെ സന്തുഷ്ടനാക്കേണമേ!" 

ഇബ്‌നു  ഉമര്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബി വചനത്തില്‍ ഇങ്ങനെ കാണാം . അല്ലാഹു  അവന്‍റെ അടിമയോട് പറയും: 'നിന്‍റെയടുക്കല്‍ നിനക്ക് ആവശ്യമുള്ള സമ്പത്തുണ്ട്. എന്നാലും ഇനിയും വേണമെന്നാണ് നിന്‍റെ വിചാരം. നിന്‍റെ ധിക്കാരത്താല്‍ അല്‍പം കൊണ്ട് നീ തൃപ്തിപ്പെടുന്നില്ല. എന്നാല്‍ കുറെയേറെ നിന്റെ ആമാശയത്തില്‍ നിറക്കാനും വയ്യ.'
നബി (സ്വ) യുടെ മുമ്പാകെ ഒരാള്‍ വന്നു പറഞ്ഞു. പ്രവാചകരേ, എനിക്ക് ഉപകാരമുള്ള ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു തന്നാലും. നബി (സ്വ) പറഞ്ഞു.  " നീ ഇങ്ങനെ പ്രാര്‍ത്ഥിക്കുക. റബ്ബേ എനിക്ക് നീ പൊറുത്തു തരേണമേ...! എന്‍റെ സ്വഭാവത്തില്‍ സവിശേഷമായ വിശാലത നല്‍കേണമേ...! എന്‍റെ ജോലിയില്‍ ബർകത്ത് വര്‍ധിപ്പിച്ചു തരേണമേ ..! നീ ഏതൊന്ന് എനിക്ക് ഔദാര്യമായി ഒരുക്കിത്തന്നുവോ അതില്‍ സംതൃപ്തി നല്കേണമേ...! ‘അല്ലാഹു നിനക്ക് വീതം വച്ചതില്‍ നീ സന്തുഷ്ടനെങ്കില്‍ നീയാണ് ജനങ്ങളില്‍ ഏറ്റവും വലിയ ധനികന്‍’ (തിര്‍മിദി). ‘വിഭവങ്ങളുടെ ധാരാളിത്തമല്ല സമ്പന്നത. സമ്പന്നതയെന്നാല്‍ മനസ്സിന്റെ ഐശ്വര്യമാണ്’ (ബുഖാരി, മുസ്‌ലിം). സന്തോഷം നിലനിര്‍ത്താന്‍ ജീവിതത്തിന്റെ മുഖമുദ്രയായിരിക്കേണ്ട എത്ര വലിയ സിദ്ധാന്തങ്ങളാണ് പ്രവാചകര്‍ (സ്വ) ലളിതമായി പറഞ്ഞുവയ്ക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter