സഹവാസം തന്നെ പ്രധാനം
സൂറതുല്‍ കഹ്ഫിലെ ഇരുപത്തിയെട്ടാം സൂക്തം ഇങ്ങനെ പറയുന്നു, തങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതപ്രദോഷങ്ങളില്‍ അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം താങ്കളും മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക, ഭൗതിക ജീവിതാലങ്കാരങ്ങള്‍ ആഗ്രഹിച്ച് അങ്ങയുടെ ദൃഷ്ടികള്‍ അവരെ വിട്ട് അകലാതിരിക്കട്ടെ. നമ്മുടെ സ്മരണ വിട്ട് ആരുടെ ഹൃദയത്തെ നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ ആരൊരാള്‍ സ്വേച്ഛയെ അനുഗമിക്കുകയും പരിധികള്‍ മറികടക്കുകയും ചെയ്യുന്നുവോ അവരെ താങ്കള്‍ അനുസരിച്ചുപോകരുത്.
സജ്ജനങ്ങളുമായുള്ള സഹവാസമാണ് അല്ലാഹുവിലേക്കുള്ള പാതയെന്നാണ് ഈ സൂക്തം നമ്മോട് പറയുന്നത്. സൂറതുല്‍ ഫാതിഹയിലെ അവസാന സൂക്തമടക്കം ഒട്ടേറെ ആയതുകള്‍ സമാനമായ ആശയം പലവുരു ആവര്‍ത്തിക്കുന്നുണ്ട്. മനസ്സില്‍ ശരിയായ വിശ്വാസമുള്ളയാളുടെ ഒരു നോട്ടം പോലും മനുഷ്യജീവിതം മാറ്റി മറിക്കാന്‍ ഹേതുകമായേക്കാമെന്നതാണ് സത്യം.
ഈ സമുദായത്തിലെ സര്‍വ്വോത്തമരെന്നറിയപ്പെടുന്ന സ്വഹാബികള്‍, ആ ബഹുമതിക്ക് അര്‍ഹരായത് പ്രവാചകരോടൊപ്പം ഒരു നിമിഷനേരമെങ്കിലും സഹവസിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ്. ചുട്ടുപഴുത്ത മണല്‍പരപ്പില്‍ യജമാനന്റെ ക്രൂര മര്‍ദ്ദനങ്ങളേറ്റ് പുളയുകയായിരുന്ന അടിമയായ ബിലാല്‍(റ)വിന്റെ വിധി തന്നെ മാറ്റി മറിച്ചത്, സ്വിദ്ധീഖ് (റ) എന്ന വിശ്വാസിയുടെ ഒരു നോട്ടം പതിഞ്ഞതിനാലായിരുന്നുവല്ലോ.
ചുരുക്കത്തില്‍ സൗഹൃദവും സഹവാസവും ഏറെ പ്രധാനമാണ് എന്നര്‍ത്ഥം. അന്ത്യനാളില്‍, ചീത്ത കൂട്ട്കെട്ട് കാരണം താനകപ്പെട്ടുപോയ കെണിവലയെക്കുറിച്ച് ബോധ്യം വരുന്ന ദുര്‍മാര്‍ഗിയുടെ വിലാപവും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്, അയാള്‍ പറയുമത്രെ, ആ ചങ്ങാതിയുമായി ഞാന്‍ കൂട്ട് കൂടിയില്ലായിരുന്നുവെങ്കില്‍ (എത്ര നന്നായിരുന്നു), എന്ന്.
സജ്ജനങ്ങളുമായുള്ള സൗഹൃദം നമ്മെ സത്യപാതയിൽ നിലനിർത്തും. നമ്മിൽ പരലോക ചിന്ത ഉണർത്തുന്നവനാണ് നല്ല സുഹൃത്തെന്ന് പണ്ഡിതര്‍ അടയാളപ്പെടുത്തുന്നുണ്ട്.
ഇബ്നുല്‍ഖയ്യിം (റ) കൂട്ടുകാരെ മൂന്ന് വിധമായി പരിചയപ്പെടുത്തുന്നുണ്ട്, ഒരു വിഭാഗം ഭക്ഷണം പോലെയുള്ള സുഹൃത്തുക്കളാണ്, അവരെ എല്ലായ്പ്പോഴും മനുഷ്യന് ആവശ്യമാണ്. രണ്ടാം വിഭാഗം മരുന്ന് പോലെയാണ്, ചില സമയങ്ങളില്‍ ആവശ്യമായേക്കാം, ചില സമയങ്ങളില്‍ അനാവശ്യവും. മൂന്നാം വിഭാഗം രോഗം പോലെയാണ്, ഒരിക്കലും കൂടെയുണ്ടാവരുതേ എന്നായിരിക്കും അവരെക്കുറിച്ചുള്ള ചിന്ത.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം സജ്ജനങ്ങളെല്ലാം ഒന്നാം വിഭാഗത്തിലെ സുഹൃത്തുക്കളായിരിക്കണം, ദുര്‍ജനങ്ങള്‍ മൂന്നാം വിഭാഗവും. നന്മയും തിന്മയും സമ്മിശ്രമായി കൊണ്ടുനടക്കുന്നവരെ രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. അവരുടെ നന്മകളെ നമുക്ക് സ്വീകരിക്കാം, തിന്മകളില്‍ അവരെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യാം.
നല്ല കൂട്ടുകാരനും ചീത്ത കൂട്ടുകാരനും പ്രവാചകര്‍ (സ്വ) പറഞ്ഞ ഉദാഹരണം എത്ര കൃത്യമാണ്, അവിടുന്ന് പറഞ്ഞു, നല്ല കൂട്ടുകാരന്‍ സുഗന്ധ വില്‍പനക്കാരനെ പോലെയാണ്. നീ അവനുമായി സഹവസിച്ചാല്‍ ഇടക്കെങ്കിലും അവന്റെ സുഗന്ധം നീ വാങ്ങിയേക്കാം, ഏറ്റവും ചുരുങ്ങിയത് ആ സഹവാസത്തിലൂടെ നിനക്കും ചെറിയൊരു സുഗന്ധമുണ്ടാവാതിരിക്കില്ല. എന്നാല്‍ ചീത്ത കൂട്ടുകാരന്‍ ഉലയില്‍ ഊതിക്കൊണ്ടിരിക്കുന്ന പണിക്കാരനോടൊപ്പം ഇരിക്കുന്ന പോലെയാണ്. ചിലപ്പോള്‍ ആ തീപ്പൊരികള്‍ നിന്റെ വസ്ത്രത്തെ കരിച്ചു കളഞ്ഞേക്കാം, ഏറ്റവും ചുരുങ്ങിയത് വിയര്‍പ്പിന്റെ ഗന്ധമെങ്കിലും നിന്നെ ബാധിക്കാതിരിക്കില്ല.
സജ്ജനങ്ങളോട് കൂട്ട് കൂടി അവരോടൊപ്പം സ്വര്‍ഗ്ഗ പ്രവേശം സാധ്യമാവുന്നവരില്‍ നാഥന്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ, ആമീന്‍.
Leave A Comment