ബീഗമാത് കേ ആന്‍സൂ: മുഗള്‍ രാജകുടുംബത്തിന്റെ കദന കഥകള്‍

ഡല്‍ഹി ജുമാമസ്ജിദില്‍ നിന്ന് ചിത്ത്‌ലി ഖബറിലേക്കും മാത്തിയ മഹലിലേക്കും നീളുന്ന വഴിയിലെ ദരിദ്രരുടെ ഇടമാണ് കല്ലു കാസ് കി ഹാവേലി. എല്ലാ രാത്രിയും ഇരുട്ട് കനത്തു തുടങ്ങുമ്പോള്‍ കീറി തുന്നിയ വസ്ത്രങ്ങള്‍ ധരിച്ച് മെലിഞ്ഞൊട്ടിയ ഒരു മനുഷ്യന്‍ ആ തെരുവില്‍ ഭിക്ഷാടനത്തിനിറങ്ങും. അങ്ങിങ്ങായി ശേഷിക്കുന്ന താടിയും ഒട്ടിയ കവിളുമുള്ള ആ നീണ്ട മനുഷ്യന്‍ തളര്‍ന്നുപോയ കാലുകള്‍ വേച്ചു വേച്ചാണ് നടന്നിരുന്നത്. ഹാവേലിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ജുമാമസ്ജിദ് വരെയെത്തി തിരിഞ്ഞ് നടക്കും. മുളവടിയും കുത്തി ഞൊണ്ടിയുള്ള യാത്രക്കിടയില്‍ അദ്ദേഹം ആരുടേയും മുഖത്തേക്ക് നോക്കില്ല. തെല്ലിച്ച ശബ്ദത്തില്‍ ഉറക്കെ 'അല്ലാഹുവേ എനിക്ക് വയറുനിറക്കാനുള്ളത് നല്‍കണമേ, നീയാണല്ലോ നല്‍കുന്നവന്‍' എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കും. ഡല്‍ഹിയിലെ ജനസഞ്ചയത്തില്‍ വളരെ കുറച്ച് പേര്‍ക്കേ അയാള്‍ ആരെന്ന് അറിയുമായിരുന്നുള്ളൂ. പകല്‍ പുറത്തിറങ്ങാതെ രാത്രിമാത്രമുള്ള ഈ പതിവുയാത്രയില്‍ ആരുടെയും മുമ്പില്‍ അദ്ദേഹം നില്‍ക്കാറില്ല. ആരെങ്കിലും വല്ലതും നല്‍കിയാല്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. 

മൂന്ന് നുറ്റാണ്ട് കാലം ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ രാജകുടുംബത്തിലെ ഒടുവിലത്തെ ഭരണാധികാരി ബഹദൂര്‍ഷാ സഫറിന്റെ പേരമകനായിരുന്ന ഖമര്‍ സുല്‍ത്താന്‍ ബഹാദൂര്‍ ആയിരുന്നു ആ യാചകന്‍. ബഹദൂര്‍ഷാ സഫറിന്റെ മകള്‍ ഖുറൈഷാ ബീഗത്തിന്റെ മകനായിരുന്ന അദ്ദേഹം ചെറുപ്പകാലത്ത് അറിയപ്പെട്ടിരുന്നത് സാഹിബെ ആലം മിര്‍സാ ഖമര്‍ സുല്‍ത്താന്‍ ബഹാദൂര്‍ എന്നായിരുന്നു. ഒരു കാലത്ത് താന്‍ രാജകീയമായി നടന്നിരുന്ന അതേ പാതയിലൂടെ, അന്ന് തന്നെ കാണാന്‍ ഒത്തുകൂടിയിരുന്ന ആ ജനങ്ങളിലേക്ക് കൈ നീട്ടിയിറങ്ങാനുള്ള മടിയായിരുന്നു അദ്ദേഹത്തെ രാത്രിയുടെ ഇരുട്ടിലേക്ക് അഭയം തേടാന്‍ പ്രേരിപ്പിച്ചത്.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ പ്രതി നിരവധി രചനകളുണ്ടായിട്ടുണ്ട്. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെട്ട് നാടുകടത്തപ്പെട്ട ബഹദൂര്‍ഷാ സഫറിന്റെ, ഡല്‍ഹിയില്‍ ശേഷിച്ച രാജകുടുംബാംഗങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നത് വളരേ കുറച്ചേ ചര്‍ച്ച ച്ചെയ്യപ്പെട്ടിട്ടുള്ളൂ.  1857 ലെ സമര സമയത്ത് ചെങ്കോട്ടയിലും അതിനോടു ചേര്‍ന്നുള്ള ഷാലിമാര്‍ കോട്ടയിലുമായി രാജകുടുംബാംഗങ്ങളായ മൂവായിരത്തിലധികം പേര്‍ താമസിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അതില്‍ ബഹദൂര്‍ഷാ സഫറിന്റെ അടുത്ത കുടുംബവും മറ്റ് സുല്‍ത്താന്‍മാരും ഉള്‍പ്പെട്ടിരുന്നു. 1857 സെപ്റ്റംബര്‍ 20ന് ഡല്‍ഹി കീഴടക്കിയ ബ്രിട്ടീഷ് സൈന്യം രാജാക്കന്‍മാരുടെ കൊട്ടാരങ്ങളും വീടുകളും തകര്‍ത്തു കളഞ്ഞു. ശേഷം അവര്‍ക്കെന്തു സംഭവിച്ചുവെന്നത് അക്കാലത്തെ പൊതു സമൂഹത്തിന് പോലും ഒരു പരിധി വരെ അജ്ഞാതമായിരുന്നു.

പ്രസ്തുത സംഭവത്തെകുറിച്ച് എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് പ്രശസ്ത ഉര്‍ദു സാഹിത്യകാരനും ചിശ്ത്തി സൂഫിസരണിയിലെ പിന്‍മുറക്കാരനുമായ ഖ്വാജാ ഹസന്‍ നിസാമിയുടെ ബീഗമാത് കേ ആന്‍സു (ബീഗമുമാരുടെ കണ്ണുനീര്‍). ഉപര്യുക്ത സംഭവം ഹസന്‍ നിസാമിയുടെ പ്രസ്തുത പുസ്തകത്തില്‍ നിന്നുള്ള അനേകം കദന കഥകളില്‍ ' യാചകനായ രാജകുമാരന്‍' എന്ന് ശീര്‍ഷകം നല്‍കപെട്ട കഥയാണ്. മുഗള്‍ രാജകുടുംബത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരാനന്തരമുള്ള ദയനീയാവസ്ഥയുടെ നേര്‍ചിത്രമാണ് ബീഗമാത് കേ ആന്‍സു. നിരവധി ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രശസ്ത എഴുത്തുകാരിയും ചരിത്രകാരിയുമായ റാണാ രിസ്‍വി നിര്‍വഹിച്ച് 'ടിയേര്‍സ് ഓഫ് ബീഗംസ്' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്ത് വന്നത്.

1878 മുതല്‍ 1955 വരെയാണ് ഹസന്‍ നിസാമിയുടെ ജീവിതകാലം. പ്രസ്തുത കാലയളവില്‍ സമരാനന്തരം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമായി ജീവിച്ച മുഗള്‍ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് അവരുടെ ജീവിതം ചോദിച്ചറിഞ്ഞാണ് ഹസന്‍ നിസാമി ബീഗമാത് കേ ആന്‍സുവിന്റെ  രചന നിര്‍വഹിക്കുന്നത്. ഈയൊരു കാരണത്താല്‍ തന്നെ പുസ്തകം ഒരു ചരിത്ര രേഖകൂടിയാണ്.

1857ലെ സമരത്തെകുറിച്ചും അതിന്റെ ശേഷിപ്പുകളെ കുറിച്ചും ഖ്വാജാ ഹസന്‍ നിസാമി പന്ത്രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അതിലധികവും ദൃക്‌സാക്ഷികളേയും ഇരകളേയും നേരില്‍കണ്ട് സംസാരിച്ചിട്ടായിരുന്നു. പ്രസ്തുത പുസ്തകങ്ങളിലെ ഏറ്റവും പ്രശസ്ത പുസ്തകമാണ് 1922 ല്‍ ആദ്യമായി പ്രസിദ്ധീകരികപ്പെട്ട ബീഗമാത് കേ ആന്‍സൂ.  1946 ആവുമ്പോഴേക്കും പുസ്തകത്തിന്റെ 13 പതിപ്പുകളും ഗുജറാത്തി, ബംഗ്ല തുടങ്ങി  അഞ്ചിലേറേ ഭാഷകളിലേക്ക് വിവര്‍ത്തനങ്ങളും പുറത്തിറങ്ങുകയുണ്ടായി. സമരാനന്തരമുള്ള രാജകുടുംബങ്ങളുടെ ദയനീയാവസ്ഥയും ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് വ്യാജമായ ആരോപണങ്ങള്‍ നേരിട്ട് ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വന്ന സുല്‍ത്താന്‍മാരുടെ കഥകളുമാണ് പ്രസ്തുത രചനകളൊക്കെയും.

പ്രസ്തുത സംഭവങ്ങളെ കുറിച്ചുള്ള മറ്റുപ്രധാന രചനകള്‍ വിശ്വപ്രസിദ്ധ ഉര്‍ദു കവി ഗാലിബിന്റെ രണ്ട് കൃതികളാണ്. ദാസ്താന്‍ദുവും റോസ്‌നാമ്ച്ചായെ ഗദറിലും പ്രസ്തുത സംഭവങ്ങളെ വിശദീകരിക്കുന്നുണ്ട്. സാഹിര്‍ ദഹ്‌ലവിയുടെ ദാസ്താനെ ഗദറും മിര്‍സാ അഹ്മദ് അക്തറിന്റെ സവാനിഹെ ദില്ലിയും സയ്യിദ് വസീര്‍ ഹസന്‍ ദഹ്‍ലവിയുടെ ദില്‍ കാ ആകിരി ദീദാറും മറ്റ് ചില ഉര്‍ദു കവിതകളും സമരാനന്തരമുളള മുഗള്‍ കുടുംബത്തെ പരാമര്‍ശിക്കുന്നുണ്ട്.

മുകളില്‍ സൂചിപ്പിച്ചത് പ്രകാരം, ചിശ്തീ സൂഫി സരണിയിലെ പ്രധാന കണ്ണിയായ ഖ്വാജാ ഹസന്‍ നിസാമി ജനിക്കുന്നത് 1878 ല്‍ ഡല്‍ഹിയിലാണ്. ഉര്‍ദു സാഹിത്യത്തിലെ പ്രധാനിയായ അദ്ദേഹത്തിന്റെ രചനകള്‍ അധികവും ലേഖനങ്ങളും ആക്ഷേപഹാസ്യങ്ങളുമാണ്. അദ്ദേഹത്തിന്റെ പിതാമഹനും ചിശ്തീ സരണയിലെ സൂഫിയുമായിരുന്ന ഗുലാം ഹസന്‍ ചിശ്തീ അവസാന മുഗള്‍ രാജാവ് ബഹദൂര്‍ഷാ സഫറിന്റെ ആത്മീയ വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സയിദ് ആശിഖ് അലി നിസാമി ഹസ്രത്ത് നിസാമുദ്ദീനടുത്ത് നിന്ന് തന്നെ ശിഷ്യത്വം നേടിയ വ്യക്തിയായിരുന്നു. ഖാജ്വാ ഹസന്‍ നിസാമിയും പ്രസ്തുത പാത പിന്തുടര്‍ന്ന് ഖ്വാജാ ഗുലാം ഫരീദിന്റെ അടുക്കലേക്ക് പോവുകയും അദ്ദേഹത്തിന്റെ ആത്മീയ ശിഷ്യണം സ്വീകരിക്കുകയും ചെയ്തു. ലേഖനങ്ങളും ആക്ഷേപഹാസ്യ കൃതികളുമായി വിശാലമായൊരു രചനാലോകം തന്നെ സ്വന്തമായുള്ള ഹസന്‍ നിസാമിയുടെ ഏറ്റവും പ്രശസ്തവും വായനാക്കാരെ ഏറെ ആകര്‍ഷിച്ചതുമായ രചനായാണ് ബീഗമാത് കേ ആന്‍സു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter