നുസ്ഹതുൽ ഖവാതിർ - ഇന്ത്യന്‍ മുസ്‍ലിം സംഭാവനകളുടെ സര്‍വ്വകോശം

ഇന്ന് ഏറെ പ്രശസ്തമായ കൃതിയമാണ് നുസ്ഹതുൽ ഖവാതിർ വ ബഹ്ജത്തുൽ മസാമിഹ് വന്നവാദിർ. അലിമിയാന്റെ പിതാവും പ്രമുഖ ഇന്ത്യന്‍ ഹദീസ് പണ്ഡിതനും സൂഫിയും തത്ത്വജ്ഞാനിയും ചരിത്രകാരനുമായ സയ്യിദ് അബ്ദുൽ ഹയ്യ് ഹസനി ആണ് ഇതിന്റെ രചയിതാവ്. അൽഇഹ്‌ലാം ബിമൻ ഫീ താരീഖിൽ ഹിന്ദ് മിനൽ അഹ്‌ലാം എന്നതാണ് ഈ കൃതിയുടെ യഥാര്‍ത്ഥ പേര്.

സയ്യിദ് അബ്ദുൽ ഹയ്യ് ഹസനി

1869ൽ ഉത്തർപ്രദേശിലെ പ്രധാന നഗരമായ റായ്‌ബറേലിയിലാണ് സയ്യിദ് അബ്ദുൽഹയ്യ് ജന്മം കൊണ്ടത്. പേർഷ്യൻ അറബി ഭാഷകളിലെ പ്രാഥമിക ഗ്രന്ഥങ്ങൾ പഠിച്ച ശേഷം അലഹബാദ്, എത്തേപ്പൂർ, ഭോപ്പാൽ മുതലായ സ്ഥലങ്ങളിൽ നിന്ന് മുഹമ്മദ് ഹുസ്സൈൻ അലഹാബാദി, നൂർ അഹമ്മദ് പഞ്ചാബി പോലെയുള്ള പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു. 1915 നും 1923 നും ഇടയിൽ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ നാലാം ചാൻസലർ ആയി സേവനം അനുഷ്ടിച്ച ഇദ്ദേഹം "അലി മിയാൻ" എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രധാന ഇസ്‍ലാമിക പണ്ഡിതനായ അബുൽ ഹസൻ അലി ഹസൻ നദ്‌വിയുടെ പിതാവാണ്.

പ്രശസ്ത രചനകൾ

ധാരാളം രചനകൾ നടത്തിയിട്ടുള്ള അബ്ദുൽഹയ്യിന്റെ ഏറെ പ്രശസ്തിയാർജ്ജിച്ച ഗ്രന്ഥങ്ങളാണ് നുസ്ഹതുൽ ഖവാതിർ, അൽഹിന്ദ് ഫില്‍അഹ്ദിൽഇസ്‌ലാമി, അസ്സഖാഫത്തുൽ ഇസ്‍ലാമിയ്യ ഫിൽഹിന്ദ്, യാദേ അയ്യാം, ഗുലേ റാന തുടങ്ങിയവ. ഇവയില്‍ വളരെ പ്രധാനപ്പെട്ടതാണ്, അൽഇഹ്‌ലാം ബിമൻ ഫീ താരീഖിൽഹിന്ദ് മിനൽഅഹ്‌ലാം എന്ന തലക്കെട്ടിലുള്ള, നുസ്ഹതുൽ ഖവാതിർ വ ബഹ്ജത്തുൽ മസാമിഹ് വന്നവാദിർ എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രന്ഥം.

ലക്ഷ്യങ്ങൾ

ഇന്ത്യയിൽ വിവിധ കാലഘട്ടങ്ങളിൽ പല പ്രദേശങ്ങളിലായി ജീവിച്ചിരുന്ന മുസ്‍ലിം പണ്ഡിതരുടെ ജീവിതം, വിദ്യാഭ്യാസം, സംഭാവനകൾ, ഗ്രന്ഥങ്ങൾ മുതലായവ വിവരിക്കുന്ന ഒരു ജീവചരിത്ര വിജ്ഞാന കോശമാണ് നുസ്ഹതുൽ ഖവാതിർ. 
വിവിധ  അറബി,  ഉർദു,  പേർഷ്യൻ  ഗ്രന്ഥങ്ങളെ  റെഫെറെൻസ് ആയി ഉപയോഗപ്പെടുത്തി രചിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ ഏഴ് വാള്യങ്ങളാണ് സയ്യിദ് അബ്ദുൽഹയ്യ് അൽഹസനി പൂർത്തിയാക്കിയത്. അവസാനത്തെ വാള്യം അദ്ദേഹത്തിന്റെ മകന്‍ അബുൽഹസൻ അലി ഹസൻ നദ്‌വിയാണ് തയ്യാറാക്കിയത്. അറബി ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിതരുടെ സംഗ്രഹിത ചരിത്രം രേഖപ്പെടുത്തുക, പാരമ്പര്യമായ ഇസ്‌ലാമിക വിദ്യാഭ്യാസ ശാഖകളുടെ വളർച്ചയും അവയുടെ പ്രാധാന്യവും രേഖപ്പെടുത്തുക, ഓരോ പണ്ഡിതന്മാരുടെയും അറിവ്, അധ്യാപനം, രചിച്ച ഗ്രന്ഥങ്ങൾ, ഹദീസ് പരമ്പര എന്നിവ ഡോക്യുമെന്റ് ചെയ്യുക തുടങ്ങിയവയാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഉള്ളടക്കം

ഷെയ്ഖ് അബ്ദുൽഹഖ് ദഹ്‍ലവി, ശാഹ് വലിയുല്ലാഹ്, ശാഹ് അബ്ദുൽഅസീസ് എന്നിവരെ പോലെയുള്ള പ്രസിദ്ധ ഹദീസ് പണ്ഡിതന്മാരെ ഈ ഗ്രന്ഥം പരിചയപ്പെടുത്തുന്നുണ്ട്. ധാരാളം ഫിഖ്‌ഹീ പണ്ഡിതന്മാരെ കുറിച്ചും സുഹ്‍റവർദിയ്യ, നഖ്‌ശബന്ദിയ്യ, ചിശ്തി എന്നീ ത്വരീഖത്തുകളിലെ ഇന്ത്യൻ സൂഫികളുടെ ആത്മീയ ജീവിതത്തെയും അധ്യാപനത്തെയും കുറിച്ചുള്ള പഠനങ്ങൾ പ്രസ്തുത ഗ്രന്ഥത്തിൽ രചയിതാവ് ഉദ്ധരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പണ്ഡിതന്മാരിൽ കേന്ദ്ര ശ്രദ്ധ ചെലുത്തിയ ഈ ഗ്രന്ഥത്തിൽ കവികൾ, എഴുത്തുകാർ, രാജാക്കന്മാർ, ആത്മീയ നേതാക്കൾ തുടങ്ങിയവരെയും ഉൾപ്പെടുത്തിയതായി കാണാം. പണ്ഡിതന്മാർ തന്റെ ആദർശത്തോട് യോജിച്ചവരായാലും യോജിക്കാത്തവരായാലും അദ്ദേഹം അവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നുസ്ഹതുൽഖവാതിറിൽ രചയിതാവായ സയ്യിദ് അബ്ദുൽഹയ്യ് അൽഹസനിയെകുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഈ കൃതി എഴുതുന്നതിന്റെ ആവശ്യകതളും അതിന്റെ സ്രോതസ്സുകളും അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഒരു അറബി നിഘണ്ടുവിന്റെ ശൈലിയിലാണ് കിതാബുള്ളത്. ഓരോ നൂറ്റാണ്ട് തലകെട്ടാക്കി അലിഫ് മുതൽ യാഅ് വരെ ക്രമത്തിലാണ് ഓരോ പണ്ഡിതന്മാരെക്കുറിച്ച് എഴുതിയിരിക്കുന്നത്. ധാരാളം കവിതകളും രചയിതാവ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഹിജ്‌റ ഒന്നാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള ഇന്ത്യയിലെ ഇസ്‍ലാമിക പാരമ്പര്യത്തെയും മുസ്‍ലിം പണ്ഡിതരുടെയും ഇസ്‍ലാമിക വിജ്ഞാനപരമായ ഓർമ്മക്കുറിപ്പുകളുടെയും ആത്മീയ ജീവചരിത്രത്തെയും അറബ് ലോകത്തിന് പരിചയപ്പെടുത്താന്‍ ഈ കൃതി ഏറെ സഹായകമായി. ഇന്ത്യൻ ഇസ്‍ലാമിക വിജ്ഞാന ചരിത്രത്തിലേക്കുള്ള കവാടമായി ഈ ഗ്രന്ഥം പല സർവകലാശാലകളിലും ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter