സാബ്ര- ശാതില; ഒരു ഇസ്രായേൽ സ്പോൺസർഡ് വംശഹത്യ

ചരിത്രങ്ങൾ ഒരിക്കലും പരിപൂർണമല്ല. സ്വാർത്ഥ താൽപര്യങ്ങളും അധികാര വടംവലിയും മാറി മറിയുന്നതോടൊപ്പം ചരിത്രങ്ങളും വക്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലും അത് തുടർന്നുകൊണ്ടിരിക്കുന്നു. ചിലരുടെ വ്യക്തി താൽപര്യത്തെ, രാഷ്ട്രീയ_സാമൂഹിക_സംഘടിത താൽപര്യങ്ങളെ സംരക്ഷിക്കാനും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിഘ്നം സൃഷ്ടിക്കുന്നവരെ തടയാനും അമിതമായ വ്യാമോഹങ്ങളെ നടപ്പിൽ വരുത്താനും ഇതര വ്യക്തികളെ, സമൂഹങ്ങളെ, രാജ്യങ്ങളെ അടിച്ചമർത്തി അവരുടെ മേൽ കുപ്രചരണങ്ങൾ അഴിച്ചുവിട്ട്, ചരിത്രത്തെ വളച്ചൊടിക്കുക വഴി അവരെ പ്രതിക്കൂട്ടിൽ ചേർക്കുന്നതായി സമീപകാലത്ത് കണ്ടുവരുന്നു. അധികാര സോപാനങ്ങളിൽ ഇരിക്കുന്നവർ തങ്ങളാൽ നീതി നിഷേധിക്കപ്പെട്ട, അവകാശങ്ങൾ ഹനിക്കപ്പെട്ട പാവങ്ങളുടെ  ചരിത്ര യാഥാർത്ഥ്യത്തെ വക്രീകരിക്കാനും തങ്ങളുടെ വിളറിയ മുഖത്തെ മറച്ചു പിടിക്കാൻ വേണ്ടി ചെയ്യുന്ന ശ്രമങ്ങളേയും  തിരിച്ചറിയേണ്ടതുണ്ട്. അത്തരത്തിൽ ഇസ്രായേലിന്റെ ചരിത്ര വക്രീകരണത്തിന് ഇരയാക്കപ്പെട്ട ഒരു വിഭാഗത്തിന്റെ നൊമ്പരപ്പെടുത്തുന്ന സംഭവമാണ് സാബ്രാ ശാതില കൂട്ടക്കൊല.

സാബ്ര-ശാതില കൂട്ടക്കൊല (Sabra shatila massacre)

982 സെപ്റ്റംബർ 16-18 ദിവസങ്ങളിലായി ലെബനാന്റെ തലസ്ഥാനമായ ബെയ്റൂത്തിലെ സാബ്ര, ഷാതില അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രായേൽ സൈന്യം  ലബനീസ് ക്രിസ്തീയ മിലിഷ്യൻ സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ കൂട്ടക്കൊലയാണ് സാബ്ര, ഷാതില കൂട്ടക്കൊല എന്നറിയപ്പെടുന്നത്. 1975 മുതൽ 1990 വരെ ലെബനാനിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തയുദ്ധങ്ങളുടെ ഒരു ഭാഗമായാണ് ഈ കൂട്ടക്കൊലയെ പലരും  കണക്കാക്കുന്നത്. യാഥാർത്ഥത്തിൽ ലെബനാനിലെ ആഭ്യന്തര യുദ്ധങ്ങളുടെ ഭാഗമായായിരുന്നില്ല ഈ കൂട്ടക്കൊല അരങ്ങേറിയത്. മറിച്ച് ഇസ്രയേൽ ഭരണകൂടത്തിന്റെ ആക്രമണങ്ങളിൽ നിന്നും ഓടി രക്ഷപ്പെട്ട്   ക്യാമ്പുകളിൽ അഭയാർത്ഥികളാകേണ്ടി വന്നവരെ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തിൽ ആസൂത്രിതമായി ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കുരുതിയായിരുന്നു ഇത്. അതിനെ മറച്ചുവെക്കാനായി  ആഭ്യന്തര യുദ്ധത്തെ കരുവാക്കി, കൂട്ടക്കൊലയെ  ലെബനാൻ ആഭ്യന്തരയുദ്ധത്തിന്റെ മേൽ പ്രതിചേർത്ത് ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു ഇസ്രായേൽ ഭരണകൂടം ചെയ്തത്.

ഇസ്രായേലിന്റെ കിരാത ഭരണവും അടിച്ചമർത്തലുകളും അതിക്രമങ്ങളും സഹിക്കാൻ വയ്യാതെ പലസ്തീനിൽ നിന്നും ലെബനാനിലേക്ക് പാലായനം ചെയ്തവരായിരുന്നു സാബ്ര ഷാതില ക്യാമ്പുകളിൽ ഉണ്ടായിരുന്ന അഭയാർത്ഥികൾ. 1982 ജൂണിൽ ലെബനാനിൽ ഇസ്രായേൽ സൈന്യം ഇരച്ചുകയറി, അക്രമം അഴിച്ചുവിടുകയും തലസ്ഥാന നഗരിയായ ബെയ്റൂത്തിനെ ഉപരോധിക്കുകയും ചെയ്തു. ഇസ്രയേൽ അംബാസിഡറെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് ഈ ഉപരോധം എന്നായിരുന്നു ഇസ്രായേലിന്റെ ന്യായം. ഒരു ആസൂത്രിത നീക്കമെന്നോണം തുടർന്നുള്ള ദിവസങ്ങളിൽ ആഭ്യന്തര യുദ്ധം മൂർദ്ധന്യതയിലെത്തിയെ ലെബനനിൽ നിന്ന് അമേരിക്കയുടേയും ഇറ്റലിയുടേയും നാവിക സൈന്യം പിന്മാറി. സെപ്റ്റംബർ 1 ന് അന്താരാഷ്ട്ര സമാധാന സേനയുടെ മേൽനോട്ടത്തിൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (പി.എൽ.ഒ),  സെപ്റ്റംബർ 11ന് അന്താരാഷ്ട്ര സമാധാന സേനയും ബെയ്റൂത്തിൽ നിന്ന് പിൻവാങ്ങി. ഇതുവഴി ലെബനാന് മേൽ ഇസ്രയേൽ സൈന്യത്തിന് എന്തും ചെയ്യാമെന്നായി.

ഈ അവസരം മുതലെടുത്ത്, സെപ്റ്റംബർ 16 ന് രാത്രിയിൽ ഇസ്രായേൽ പ്രതിരോധ മന്ത്രി ഏരിയൽ ഷാരോണിന്റെ അറിവോടെ സജ്ജമാക്കിയ, ലെബനീസ് ക്രിസ്തീയ മിലിഷ്യ സൈന്യം,  ഇസ്രയേലിന്റെ നിയന്ത്രണത്തിലും അധികാര പരിധിയിലുമുള്ള സാബ്ര, ഷാതില അഭയാർത്ഥി ക്യാമ്പുകളിൽ  അതിക്രമിച്ചു കയറി. ഇസ്രയേൽ സൈന്യം ലൈറ്റ് ബോംബുകളും ഫയർ ഗണ്ണുകളും ഉപയോഗിച്ചാണ്  ക്രിസ്തീയ മിലിഷ്യ സൈന്യത്തിന്  ക്യാമ്പിലേക്കുള്ള വഴി ഒരുക്കിയത്.  തുടർന്നുള്ള രണ്ടു ദിവസം കൊണ്ട് 3000 മുതൽ 3500 വരെ ആളുകളെ നിർദയമായ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയായിരുന്നു.  അതിക്രമങ്ങളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭയാർത്ഥികളെ, ക്യാമ്പുകൾ വളഞ്ഞിരുന്ന ഇസ്രായേൽ സൈന്യം തടഞ്ഞ് നിർത്തി കൂട്ട മർദ്ദനങ്ങൾക്കും പീഢനങ്ങൾക്കും ഇരയാക്കി, കൊന്നൊടുക്കി. ക്യാമ്പിന് അകത്തുള്ള അക്രമങ്ങൾക്ക് പുറമേ പുറത്തുനിന്നുള്ള മർദ്ധനങ്ങൾ  കൂടി ചേർന്നത് കൂട്ടക്കുരുതിയുടെ ഭീകരതയെ വർദ്ധിപ്പിച്ചു.

2017 ൽ  സാബ്ര ഷാതില കൂട്ടക്കൊലയുടെ 35-ാം വാർഷിക സ്മരണ പുതുക്കുന്ന അവസരത്തിൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നബീൽ മുഹമ്മദ് (നിലവിൽ അറബ് അമേരിക്കൻ വിവേചന വിരുദ്ധ കമ്മീഷൻ വൈസ് പ്രസിഡന്റ്) പറഞ്ഞതിങ്ങനെയാണ്, "തലനാരിഴക്കാണ് ഞാൻ അന്ന് രക്ഷപ്പെട്ടത്. എനിക്കന്ന് പത്തൊൻപതു വയസ്സായിരുന്നു. ആയിരക്കണക്കിന് ആളുകൾ കൂട്ടക്കുരുതിയിൽ മരണപ്പെട്ടിട്ടുണ്ടാകും. കൂടുതലും ഫലസ്തീൻ പൗരന്മാരായിരുന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്.  എൻറെ മാതാവ്, സഹോദരൻ, സഹോദരിമാർ, അമ്മാവൻ, അവരുടെ ഭാര്യ, എട്ടു മക്കൾ എന്നിവരെല്ലാം സൈന്യത്തിന്റെ അക്രമത്തിന് ഇരകളായി കൊല്ലപ്പെട്ടു.   ചിതറിക്കിടക്കുന്ന അഭയാർത്ഥികളെ കുഴിച്ചു മൂടാനായി ബുൾഡോസറുകള്‍ വിളിച്ചു വരുത്തിയത് ഇസ്രയേൽ സൈന്യമായിരുന്നു. യാതൊരുവിധ കരുണയും കാണിക്കാതെയാണ്  ശവശരീരങ്ങളെ കുഴികളിൽ സൈന്യം ചവറു പോലെ കുത്തിനിറച്ചത്.    അവരുടെ നാലാം തലമുറ ഇന്നും വൈദ്യുതീകരിക്കാത്ത, കുടിക്കാൻ ശുദ്ധജലം പോലും ഇല്ലാത്ത, മലിന ജലം മാത്രം ആശ്രയിച്ച്, അത്യാവശ്യത്തിനു വേണ്ടുന്ന പ്രാഥമിക ചികിത്സ സൗകര്യങ്ങൾ പോലും ഇല്ലാതെ  ക്യാമ്പിലെ ഇടുങ്ങിയ മുറികളിൽ രോഗവുമായി പോരാടുകയാണ്".

ക്യാമ്പുകളിലെ അഭയാർത്ഥികളായ ഫലസ്തീനികളും ലബനാനിലെ മുസ്‍ലിം വിഭാഗമായ ഷിയാക്കളുമായിരുന്നു കൂടുതലും കൂട്ടക്കൊലക്ക് ഇരകളായത്.  ഗർഭിണികൾ അടക്കം സ്ത്രീകളെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയതായും  വയറും മറ്റുശരീര ഭാഗങ്ങളും മാരകമായ രീതിയിൽ കീറിമുറിച്ചതായും കുഞ്ഞുങ്ങളേയും മറ്റു നിരവധിപേരെയും  മരിക്കുന്നതിന് മുമ്പായി വികൃതമാക്കിയതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.   ലബനാൻ ആഭ്യന്തര യുദ്ധത്തിന്റെ പരിണിത ഫലമായി വാർത്തകളിൽ നിറഞ്ഞു നിന്നത്  സാബ്ര ഷാതില കൂട്ടക്കൊലയിലെ ചിത്രങ്ങളായിരുന്നു.

ഇസ്രായേൽ അധിനിവേശക്കാരുടെ ഒത്താശയോടെ നടത്തിയ കൂട്ടക്കൊല, ഇസ്രായേൽ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള നാടുകളിൽ  വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി. മാർപാപ്പ ജോൺ പോൾ രണ്ടാമൻ ഈ 'ക്രൂരമായ കൂട്ടക്കൊലയെ' അപലപിച്ചു. 1982 ഡിസംബറിലെ യുഎൻ ജനറൽ അസംബ്ലി "സാബ്ര, ഷാതില അഭയാർത്ഥി ക്യാമ്പുകളിലെ കൂട്ടക്കൊലയെ ഫലസ്തീൻ പൗരന്മാരുടെ 'വംശഹത്യ' എന്ന് ശക്തമായ ഭാഷയിൽ അപലപിച്ചതും അതിന്റെ ഭീകരതയെ വെളിവാക്കുന്നതായിരുന്നു.

ആസൂത്രിതമായ ഇത്തരത്തിലുള്ള അതിനീചവും പൈശാചികവും ആയിട്ടുള്ള അതിക്രമങ്ങൾ നടത്തിയിട്ടും ചരിത്രത്തിൽ എവിടെയും ഇസ്രായേലിനെ പ്രതിക്കൂട്ടിൽ ആക്കിയതായി കാണാൻ സാധിക്കില്ല. കാരണം കൂട്ടക്കൊലൾക്കും കൂട്ടക്കുരുതികൾക്കും ആസൂത്രണം നടത്തിയതു പോലെ, അതിനെ അമർച്ച ചെയ്യാനുള്ള ആസൂത്രണങ്ങളും അവർ തയ്യാറാക്കിയിരുന്നു. കഹാൻ കമ്മീഷൻ  റിപ്പോർട്ടും സാബ്ര എന്ന കഥാപാത്രത്തെ ചലച്ചിത്രാവിഷ്കാരണത്തിലേക്ക് കൊണ്ടുവരുന്നതും അവരുടെ ആസൂത്രണത്തിന്റെ ഭാഗമാണ്. ചരിത്രത്തെ വളച്ചൊടിക്കുകയും വക്രീകരണം സാധ്യമാക്കുകയും വഴി ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ തങ്ങളുടെ മുഖച്ഛായയെ സംരക്ഷിക്കലായിരുന്നു  ആസൂത്രണങ്ങളുടെ യൊക്കെ പിന്നിലെ ഇസ്രായേലിന്റെ ലക്ഷ്യം.

കഹാൻ കമ്മീഷൻ റിപ്പോർട്ട്

സാബ്ര ശാതില കൂട്ടക്കൊല അന്വേഷിക്കാൻ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ നിയമിക്കപ്പെട്ട കമ്മീഷനാണ് കഹാൻ കമ്മീഷൻ. സെപ്റ്റംബർ 28 നായിരുന്നു  കമ്മീഷനെ ചുമതലപ്പെടുത്തിയത്. 'കൃത്യവും വിശദവുമായി' എന്ന് പറയപ്പെടുന്ന പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം 1983 ഫെബ്രുവരി എട്ടിന് കമ്മീഷൻ കോടതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷൻ എത്തിച്ചേർന്ന നിഗമനങ്ങൾ  ചുരുക്കത്തിൽ ഇങ്ങനെ മനസ്സിലാക്കാം, 'അഭയാർത്ഥി ക്യാമ്പുകളിലേക്ക് കടക്കാനുള്ള ലെബനീസ് സൈന്യത്തിന്റെ തീരുമാനം അപകടം നിറഞ്ഞതായിരുന്നു. കൂട്ടക്കൊലയ്ക്കുള്ള സാഹചര്യം ഒരുക്കി, നടപ്പിലാക്കിയതിന്റെ ഉത്തരവാദിത്വം ലെബനാൻ മിലിഷ്യക്കാണ്. ക്യാമ്പുകളിൽ നടന്ന ക്രൂരകൃത്യങ്ങളെ പുറം ലോകമറിയാതെ തടഞ്ഞു വെക്കാനും ലെബനീസ് സൈന്യം ശ്രമം നടത്തിയിട്ടുണ്ട്.' പരോക്ഷമായ ഉത്തരവാദിത്വം മാത്രമാണ് ഇസ്രായേലിന് മേല്‍ കമ്മീഷൻ ചുമത്തുന്നത്. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിൽ നടമാടിയ കൂട്ടക്കൊലയെ ചെറുക്കാനും അതിന്റെ ഭീതി തടയാനും ഉചിതമായ നടപടികളോ മാർഗങ്ങളോ സ്വീകരിക്കാത്തതിനും ക്യാമ്പുകളിലെ അഭയാർത്ഥികളുടെ സംരക്ഷണം ഉറപ്പാക്കാത്തതിലും ഇസ്രയേൽ പ്രതിരോധ മന്ത്രി ഏരിയൽ ഷാരോൺ വ്യക്തിപരമായി ഉത്തരവാദിയാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ഒരു പ്രതിരോധ മന്ത്രി ചെയ്തിരിക്കേണ്ട കടമ നിർവഹിക്കാത്തതിനാൽ മന്ത്രിസ്ഥാനം രാജി വെക്കാന്‍ ആവശ്യപ്പെടുകയും മാത്രമാണ് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. 

ഇസ്രായേലിന്റെ പ്രതിച്ഛായയ്ക്ക് ഒരുവിധത്തിലും  കോട്ടം തട്ടാതെ എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്വം ലബനാൻ സൈന്യത്തിന്റെ മേൽ ചുമത്തുകയായിരുന്നു റിപ്പോർട്ട് എന്ന് മനസ്സിലാക്കാം. കൂട്ടക്കൊലയ്ക്കായി ഇസ്രയേൽ സൈന്യം നടത്തിയ ആസൂത്രണത്തെയും അവർ നേരിട്ടു പങ്കാളികളായ ക്രൂര കൃത്യങ്ങളെയും വെറും 'പരോക്ഷ' ഇടപെടലുകളായാണ് കമ്മീഷൻ റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ശേഷം ഷാരോണ്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നത് പോലും.

എന്നാല്‍ പിന്നീട് 2001ല്‍ ഏരിയല്‍ ഷാരോണ്‍ ഇസ്രായേൽ പ്രധാനമന്ത്രിയാവുന്നതാണ് ലോകം കാണുന്നത്. മുവ്വായിരത്തിലധികം വരുന്ന നിരപരാധികളുടെ ജീവന് ഒരു താല്കാലിക പ്രതിരോധ മന്ത്രിസ്ഥാനത്തിന്റെ വില മാത്രമായിരുന്നു എന്നാണ് ഇസ്‍റാഈല്‍ ഇതിലുടെ വിളിച്ചുപറഞ്ഞത്. 


വർത്തമാന മാധ്യമങ്ങളിലെ സാബ്ര

എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വീണ്ടും മുന്നോട്ട് പോയി, വിഷ്വൽ സ്മാര്‍ട്ടുകളിലൂടെ ഈ കൂട്ടക്കൊലയെ വീണ്ടും ഉപയോഗപ്പെടുത്തി മനുഷ്യമനസ്സിനെ മസ്തിഷ്കപ്രക്ഷാളനം നടത്തി, തങ്ങളുടെ അജണ്ട നടപ്പിലാക്കുകയാണ് ഇസ്രായേൽ ഭരണകൂടം. അതിനുള്ള മികച്ച ഉദാഹരണമാണ്  മാർവൽ സ്റ്റുഡിയോയുടെ 'ക്യാപ്റ്റൻ അമേരിക്ക; ബ്രേവ് ന്യൂ വേൾഡ്' എന്ന ചലച്ചിത്രത്തിൽ പുതിയതായി ചേരുന്ന  'സാബ്ര' സൂപ്പർ ഹീറോ കഥാപാത്രം. 

ഇസ്രായേൽ സൂപ്പർഹീറോ, മൊസാദ്-സിഐഎ ഏജന്റായാണ് സാബ്രയുടെ ഇതിവൃത്തം. അറബ് ഭീകരവാദികളിൽ  നിന്നും ഇസ്രയേലിനെ രക്ഷപ്പെടുത്തലാണ് സാബ്രയുടെ ദൗത്യം.  ലോകമെമ്പാടുമുള്ള ഫലസ്തീനികളെയും അറബികളെയും വ്രണപ്പെടുത്തുന്ന പ്രകോപനപരമായ പ്രഖ്യാപനമായിരുന്നു ഇതിലൂടെ മാർവൽ 2022 സെപ്റ്റംബർ 10ന് അവതരിപ്പിച്ചത്. സാബ്രയുടെ വേഷവിധാനം ഇസ്രയേൽ പതാകയുടെ നിറത്തിലുള്ളതാണെന്നത്, വിഷയത്തിന്റെ ഗൗരവം ഒന്നും കൂടി എടുത്തു കാണിക്കുന്നതാണ്.

ദശലക്ഷക്കണക്കിന് ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, ഇസ്രായേൽ  അടിച്ചമർത്തലിന്റെയും അക്രമത്തിന്റെയും പ്രതീകമാണ്.  നിർബന്ധിതമായി കുടി ഒഴിപ്പിക്കുന്നതിൽ ഇസ്രായേൽ, ഫലസ്തീൻ പൗരന്മാരോട്  കാണിക്കുന്ന വന്യത ഭിതിപ്പെടുത്തുന്നതാണ്. ഇസ്രായേൽ ഗവൺമെന്റിന്റെ സാബ്ര എന്ന കഥാപാത്രത്തെ മാത്രം ഒരു സൂപ്പർഹീറോ ആയി അവതരിപ്പിക്കുന്നതിലെ മാർവൽ യുക്തി, ചരിത്ര വക്രീകരണവും സത്യം മറച്ചു പിടിക്കലും മാത്രമാണ്.

അമേരിക്കൻ കോളനിവൽക്കരണ പ്രശ്നത്തെ തുടർന്ന് രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും ഒഴിഞ്ഞു നിന്ന മാർവൽ സ്റ്റുഡിയോ, ഇസ്രായേൽ ഫലസ്തീൻ വിഷയത്തിൽ ഏക പക്ഷ രാഷ്ട്രീയവും, വശം തിരിഞ്ഞുള്ള നിലപാടും കൈകൊണ്ടത്  മാർവലിനെ കൂടുതൽ ആഗോള വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 2022 സെപ്റ്റംബർ 18നു സാബ്ര  ഷാതില കൂട്ടക്കൊലയുടെ 40-ാം വാർഷിക  ഓർമ്മകൾ അയവിറക്കാനും സ്മരിക്കാനും ഒരുങ്ങിയ വേളയിലാണ്, മാർവൽ, ഇസ്രയേൽ സൂപ്പർ ഹീറോയെ (Sabra) സെപ്റ്റംബർ 10 നു സമൂഹ മാധ്യമങ്ങൾ വഴി അവതരിപ്പിച്ചത്.

ഫലസ്തീനികളടക്കമുള്ള തഴയപ്പെട്ട വിഭാഗങ്ങളോടുള്ള  അവഹേളനം മാർവലിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് സമൂഹ മാധ്യമങ്ങളിൽ അതിന്റെ ഭവിഷ്യത്തുകൾ പേറുന്ന ഒരുപാട് ചരിത്രങ്ങൾ മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്. ജാക് ഷഹീന്റെ റീൽ ബാഡ് അറബ്‌സ് പോഗ്രാമിൽ 1986 നും 2000 നും ഇടയിൽ വിശകലനം ചെയ്ത ആയിരക്കണക്കിനു ചലച്ചിത്രങ്ങളിൽ ഇത്തരം വിഭാഗത്തോടുള്ള അവഗണനയും ചരിത്ര വക്രീകരണവും വഴി സത്യത്തെ മറച്ചു വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. അക്രമികൾക്ക് ഹീറോ പരിവേഷം നൽകുന്നതും അക്രമിക്കപ്പട്ടവരെ ഭീകരരായി ചിത്രീകരിക്കുന്നതും ചരിത്രത്തോടുള്ള അനീതിയും അക്രമവുമാണ്. ഇന്നലെകളെ മറക്കാതിരിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. അതിനായി നമുക്ക് ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കാം, അത് പലരുടെയും ഉറക്കം കെടുത്താതിരിക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter