ഗസ്സക്കാരുടെ മനസ്സുറപ്പ് കണ്ട് അമേരിക്കയില്‍ പലരും ഇസ്‍ലാമിലേക്ക്

ഇസ്റാഈല്‍ അക്രമണത്തിന് മുന്നില്‍ വിശ്വാസത്തിന്റെ ബലത്തില്‍ മാത്രം പിടിച്ച് നില്‍ക്കുന്ന ഗസ്സക്കാരുടെ മനസ്സുറപ്പ് കണ്ട് അമേരിക്കയില്‍ പലരും ഇസ്‍ലാമിനെ കുറിച്ച് പഠിക്കാന്‍ തയ്യാറാവുന്നു. പലരും ഇതിനകം തന്നെ ഇസ്‍ലാം സ്വകരീച്ചതായും വാര്‍ത്തകളുണ്ട്. 

അമേരിക്കന്‍ സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റ് ആയ മെഗാന്‍ റൈസ് ടിക്ടോകിലൂടെ തന്റെ ഇസ്‍ലാം ആശ്ലേഷണം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. പ്രമുഖ ദഅ്‍വാ പ്രവര്‍ത്തകനായ അഹ്മദ് അല്‍ബുസ്താനിയോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച ചെയ്ത ഒരു ലൈവ് പ്രോഗ്രാമിലൂടെ മെഗാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സക്കാര്‍ ഇത്രയും ശക്തമായി പിടിച്ച് നില്ക്കുന്നത് എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തി എന്ന് പറഞ്ഞാണ് അവര്‍ സംഭാഷണം തുടങ്ങിയത് തന്നെ. ഹിജാബ് ധരിച്ച് സാമൂഹ്യമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട അവര്‍ ഇത് തനിക്ക് പൂര്‍ണ്ണ സുരക്ഷയും മനസ്സമാധാനവും നല്കുന്നു എന്നും തുറന്ന് പറഞ്ഞു. പാചകം, ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണരീതി, മാര്‍കറ്റിംഗ് തുടങ്ങി വിവിധ പരിപാടികളിലൂടെ ടിക്ടോകിലെ താരമായിരുന്ന മെഗാന് ഏഴര ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്.

പരിപാടികളെല്ലാം ചിരിച്ചും തമാശകള്‍ പറഞ്ഞും പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന മെഗാന്‍ ഒക്ടോബര്‍ 17ന് പ്രത്യക്ഷപ്പെട്ടത് ദുഖത്തോടെ കരഞ്ഞുകൊണ്ടായിരുന്നു. ഗസ്സയിലെ ചില ചെറുപ്പക്കാര്‍ പങ്ക് വെച്ച, അവിടത്തെ ദുരിതങ്ങള്‍ തുറന്ന് കാണിക്കുന്ന വീഡിയോയെ കുറിച്ചായിരുന്നു അവരുടെ അന്നത്തെ സംസാരം. താന്‍ ഖുര്‍ആന്‍ പഠിക്കാനും അത് ചെലുത്തുന്ന സ്വാധീനം അനുഭവിക്കാനും ആഗ്രഹിക്കുന്നതായും താരം വെളിപ്പെടുത്തി. അതോടെ, പലരും അവരോടൊപ്പം ചേര്‍ന്നു. അതിലൊരാളായിരുന്നു മറ്റൊരു ആക്ടിവിസ്റ്റ് ആയ ജാക് വൈല്‍ഡ്സ്. വൈകാതെ അവരും ഇസ്‍ലാം ആശ്ലേഷിക്കുന്നതായി പ്രഖ്യാപിച്ചു.

മറ്റൊരു ആക്ടിവിസ്റ്റ് ആയ അലെക്സും വൈകാതെ രംഗത്ത് വന്നു. കുട്ടികളും കുടുംബവുമെല്ലാം നഷ്ടപ്പെട്ടിട്ടും ഗസ്സക്കാര്‍ പിടിച്ചുനില്‍ക്കുന്നത് തന്നെ അല്‍ഭുതപ്പെടുത്തിയെന്നും അവരനുഭവിക്കുന്നതിന്റെ അല്പം നേരിട്ടാല്‍ തന്നെ തങ്ങളൊക്കെ വലിയ അസ്വസ്ഥതയാണ് കാണിക്കാറുള്ളതെന്നും അതിന്റെ രഹസ്യം മനസ്സിലാക്കാനായി താന്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങിയെന്നും അവര്‍ ചാനലിലൂടെ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഇസ്‍ലാം നല്കുന്ന പരിഗണനയും തന്നെ അല്‍ഭുതപ്പെടുത്തിയതായി അവര്‍ വ്യക്തമാക്കി.

കനഡ സ്വദേശിയായ ലിന്‍ഡ്സി നികോളാണ് ഇത്തരത്തില്‍ രംഗത്ത് വന്ന മറ്റൊരു താരം. ഫലസ്തീനികളുടെ വിശ്വാസം തന്നെ അല്‍ഭുതപ്പെടുത്തുന്നുവെന്നും എല്ലാം നഷ്ടപ്പെടുമ്പോഴും അല്‍ഹംദുലില്ലാഹ് എന്ന് പറഞ്ഞ ദൈവത്തെ സ്തുതിക്കുന്നത് വിശ്വസിക്കാനാവുന്നില്ലെന്നുമാണ് അവര്‍ പങ്ക് വെച്ചത്. ഇനിയും ധാരാളം പേര്‍ ഇസ്‍ലാമിനെ കുറിച്ച് പഠിക്കാന്‍ ഇത് കാരണമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter