ഈ ശിശുദിനത്തില്‍ നമുക്ക് ഗസ്സയിലെ മക്കളെകുറിച്ച് ഓര്‍ക്കാം
വീണ്ടും ഒരു ശിശുദിനം കഴിഞ്ഞുപോവുകയാണ്. നമ്മുടെയെല്ലാം മക്കള്‍, നിര്‍ബന്ധിത യൂണിഫോം പോലും മാറ്റിവെച്ച് വര്‍ണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ്, കളിച്ചും ചിരിച്ചും വിദ്യാലയങ്ങളിലേക്ക് പോവുകയും കൂട്ടുകാരോടൊപ്പം കളിതമാശകളിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍, നാം ആരെങ്കിലും ഫലസ്തീനിലെ, വിശിഷ്യാ ഗസ്സയിലെ കുട്ടികളെ കുറിച്ച് ഓര്‍ത്ത് നോക്കിയിട്ടുണ്ടോ.
പഠനവും വിദ്യാലയവും എന്ന് മാത്രമല്ല സ്വസ്ഥമായ ജീവിതം തന്നെ അവര്‍ക്ക് അന്യമായിട്ട് പതിറ്റാണ്ടുകളായി. നമ്മുടെ മക്കള്‍ പേനയും കളറും കൊണ്ട് ചുമരുകളില്‍ കുത്തിക്കുറിക്കുമ്പോള്‍, അവര്‍, കൊല്ലപ്പെട്ടാല്‍ തിരിച്ചറിയാനായി കൈകാലുകളില്‍ പേരെഴുതുകയാണ്. ജ്യേഷ്ടാനുജ സഹോദരീ-സഹോദരങ്ങള്‍ ഒന്നായി പാട്ട് പാടി കളിച്ചുല്ലസിക്കുന്നതിന് പകരം, അവര്‍ പാടിക്കൊടുക്കുന്നത് പോരാട്ട വീര്യവും രക്തസാക്ഷിത്വത്തിന്റെ മഹത്വവും അതിനായി കാത്ത് കിടക്കുന്നവന് സത്യസാക്ഷ്യത്തിന്റെ അന്ത്യവചനങ്ങളുമാണ്. വലുതായാല്‍ ആരാവണമെന്ന ചോദ്യത്തിന് നമ്മുടെ മക്കള്‍ക്ക് ഒരു പിടി മോഹങ്ങളാണ് പറയാനുള്ളതെങ്കില്‍, അവരുടെ മറുപടി ഇങ്ങനെയാണ്, ഇവിടെ ഞങ്ങളാരും വലുതാവുന്നില്ലല്ലോ. ഏത് സമയത്തും കൊല്ലപ്പെട്ടേക്കാവുന്ന ഞങ്ങള്‍ക്ക് എന്ത് മോഹങ്ങളാണ്.
ഈ വേദനകളെയെല്ലാം കൃത്യമായി വരച്ച് വെക്കുന്നുണ്ട്, അന്തരിച്ച ഫലസ്തീൻ കാർട്ടൂണിസ്റ്റ് നാജി അലി വരച്ച ഹൻദല എന്ന കാര്‍ട്ടൂണ്‍. ചെറിയ മുടിയുള്ള ഒരു കൊച്ചുകുട്ടിയാണ് കാർട്ടൂണിലെ ഹന്‍ദല. പുറകിൽ കൈകൾ മുറുകെ പിടിച്ച രീതിയിലാണ് അവനെ ചിത്രീകരിച്ചിരിക്കുന്നത്. നീതിക്കും തിരിച്ചുവരവിനും കാത്തിരിക്കുന്ന ഫലസ്തീൻ അഭയാർത്ഥികളുടെ പ്രതീകമാണ് അവൻ. വരണ്ട പ്രദേശങ്ങളിൽ വളരുന്ന ഒരു തരം ചെടിയാണ് അറബിയില്‍ ഹൻദല. ഇതിന്റെ കായക്ക് വല്ലാത്ത കൈപ്പ് രസമാണ്. ഈ കയ്പ്പ് 1948-ൽ കുടിയിറക്കപ്പെട്ട്, ഭൂമിയും വീടും സര്‍വ്വസ്വവും നഷ്ടപ്പെട്ട ഫലസ്തീൻ അഭയാർത്ഥികളുടെ വേദനയും ദുഃഖവുമാണ് പ്രതീകപ്പെടുത്തുന്നത്. ഈ ചെടിക്ക് വളരെ ആഴത്തിലുള്ള വേരുകൾ ഉണ്ട്. എത്ര മുറിച്ച് മാറ്റിയാലും വീണ്ടും വളരുന്നതാണ് അതിന്റെ സ്വഭാവം.
ജീവിതം തന്നെ പോരാട്ടമാക്കിയ, തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഓരോ ഫലസ്തീനിയെയുമാണ് ഇത് ചിത്രീകരിക്കുന്നത്. നാജി അലി ഫലസ്തീനുമായി ബന്ധപ്പെട്ട് നിരവധി കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിൽ സ്ത്രീകൾ വഹിക്കുന്ന ഭാരം ഉൾക്കൊള്ളുന്ന ഫാത്തിമ എന്ന കരുത്തുറ്റ മാതാവിന്റെ ചിത്രം അവയില്‍ പ്രധാനമാണ്.
യുദ്ധമെല്ലാം അവസാനിച്ചാല്‍ പോലും, ഇത്രയും വേദനയും ദുരിതങ്ങളും സഹിച്ച ഈ കുഞ്ഞുങ്ങള്‍ക്ക് എങ്ങനെ അതെല്ലാം മറക്കാനാവും. അവർ പഠിച്ചിരുന്ന സ്‌കൂളുകളുടെ അവശിഷ്ടങ്ങൾ കാണുമ്പോഴും കൂടെ പഠിച്ചിരുന്ന പലരെയും കാണാതിരിക്കുമ്പോഴും അവര്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ എത്രമാത്രമായിരിക്കും. ചെറുപ്പത്തില്‍ ലഭിക്കേണ്ട ഈ സൗകര്യങ്ങളോ അടിസ്ഥാന ആവശ്യങ്ങളോ ഒന്നും കിട്ടാതെ വളരുന്ന, പകരും ബോംബാക്രമണങ്ങളും വെടിയുണ്ടകളും ഓരോ ദിവസവും കൊല്ലപ്പെടുകയോ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്ന ബന്ധുക്കളെയും മാത്രം കണ്ട് വളരുന്ന ആ മക്കള്‍, പോരാളികളായില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ.
ഈ ശിശുദിനത്തില്‍, നടക്കാന്‍ പഠിക്കും മുമ്പേ കല്ലുകളേന്താനും വളരുംമുമ്പേ വസിയതുകള്‍ എഴുതി വെക്കാനും മാത്രം വിധിക്കപ്പെട്ട ആ പാവം കുരുന്നുകളെ ഓര്‍ക്കാം. ഒപ്പം, ജനനസര്‍ടിഫിക്കറ്റ് (ശഹാദതുല്‍ മീലാദ്) ലഭിക്കുന്നതിന് മുമ്പെ രക്തസാക്ഷ്യം (ശഹാദത്) വരിച്ച് പറുദീസയിലേക്ക് കടന്നുപോയ, ഏറ്റവും ഭാരമേറിയ ആ കൊച്ചുകഫനുകളിലെ മൃദുല ഇളം ശരീരങ്ങളെയും.
Leave A Comment