വായനയുടെ അനന്ത സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന ഷാർജ ബുക്ക് ഫെയര്‍
83 രാഷ്ട്രങ്ങളില്‍നിന്നായി, 1632 പ്രദര്‍ശകര്‍, ആയിരത്തിലേറെവരുന്ന വിവിധ സാംസ്കാരിക പ്രകടനങ്ങള്‍, ഒരു മില്യണിലേറെ വരുന്ന തലക്കെട്ടുകള്‍, പതിനേഴ് ലക്ഷത്തോളം വരുന്ന സന്ദര്‍ശകര്‍..
കഴിഞ്ഞ രണ്ടാഴ്ചയായി വായനാലോകം തമ്പടിച്ചത് ഷാര്‍ജയിലായിരുന്നു. എഴുത്തുകാരുടെയും പുസ്തക പ്രേമികളുടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ മാമാങ്കമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് നവംബര്‍ 13, ഞായറാഴ്ച തിരശ്ശീല വീണിരിക്കുന്നു. പതിനൊന്ന് ദിവസം നീണ്ടുനിന്ന പുസ്തകോല്‍സവം, സാംസ്കാരിക ലോകത്തിന് നല്കുന്നത് ഒത്തിരി സംഭാവനകളും ഒരു പിടി നല്ല ഓര്‍മ്മകളുമാണ്. അതിലെല്ലാമുപരി, വായന ഒരിക്കലും മരിക്കില്ലെന്ന ഏറ്റവും പ്രതീക്ഷാദായകമായ സന്ദേശവും.
യു.എ.യിലെ ഷാർജയിൽ വർഷം തോറും നടക്കുന്ന പതിനൊന്ന് ദിവസത്തെ അന്താരാഷ്ട്ര പുസ്തകമേളയാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേല്‍നോട്ടത്തില്‍, 1982-ല്‍ ആരംഭിച്ച ഇത്, നാല്‍പത് വര്‍ഷം പിന്നിട്ട്, 2022-ലെ 41-ാം പതിപ്പിലെത്തി നില്ക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒട്ടനേകം പുസ്തകങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും പുറമെ, ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍, 24 കാരറ്റ് സ്വര്‍ണ്ണത്തിലെഴുതിയ ഖുർആൻ, 13, 14 നൂറ്റാണ്ടുകളിലെ സമുദ്ര ഭൂപടങ്ങൾ എന്നിവയുൾപ്പെടെയുള്ള അപൂർവ ശേഖരങ്ങളും വിവിധ സാഹിത്യ സെഷനുകളും കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികളും ലോക പ്രശസ്ത പാചക വിദഗ്ധരോടൊപ്പം ഭക്ഷണം പാകം ചെയ്യാനുള്ള അവസരങ്ങളുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.
ഇറ്റാലിയൻ സാഹിത്യ നിരൂപകൻ ഡൊമെനിക്കോ സ്കാർപ്പ, ഈജിപ്ഷ്യൻ നോവലിസ്റ്റ് മൊഹക്ദ് തൗഫീഖ്, ന്യൂയോര്‍ക് ടൈംസിന്റെ പ്രമുഖ എഴുത്തുകാരി രൂപി കൌര്‍ തുടങ്ങി ലോക പ്രശസ്ത എഴുത്തുകാരും പുസ്തകോല്‍സവത്തിലെ വിവിധ സാഹിത്യ ചര്‍ച്ചകളില്‍ സംബന്ധിച്ചിരുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കൃതികളിലൊന്നായ ബിഗ് നേറ്റ് കോമിക് സീരീസിന്റെ രചയിതാവ് ലിങ്കൺ പിയേഴ്‌സും വിദ്യാർത്ഥികളുമായി സംവദിക്കാന്‍ മേളയിലെത്തിയിരുന്നു.
വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുകയും സ്വന്തമാക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ, പ്രസാധകര്‍ക്കിടയിലെ പകര്‍പ്പാവകാശ കൈമാറ്റങ്ങളും ഭാഷാന്തര സമ്മത പത്രങ്ങളുമെല്ലാം വന്‍തോതില്‍ ഒപ്പ് വെക്കപ്പെടുന്നതും പുസ്തക മേളയുടെ ഭാഗമാണ്. അന്താരാഷ്ട്ര തലത്തിലെ തന്നെ, സാംസ്കാരിക കൈമാറ്റമാണ് ഈ പുസ്തകോല്‍സവത്തിലൂടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.
പുസ്തകോല്‍സവത്തെ കുറിച്ച്, മുഖ്യകാര്യദര്‍ശിയായ ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി പറയുന്നത് ഇങ്ങനെയാണ്, ഞങ്ങളെല്ലാം വായന ഇഷ്ടപ്പെടുന്നവരാണ്. വായിക്കുന്ന സമൂഹമാണ് ഞങ്ങളുടെ ലക്ഷ്യം. വായനാസംസ്കാരം മുഴുവന്‍ മനുഷ്യരുടെയും സിരകളിലേക്ക് ആവാഹിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ആവശ്യക്കാര്‍ക്ക് ആവശ്യമായ എല്ലാ പുസ്തകങ്ങളും ലഭ്യമാക്കണമെന്നും ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. സ്ത്രീകളെയും കുട്ടികളെയും ചെറുപ്പക്കാരെയുമെല്ലാം ഈ രംഗത്ത് ഏറെ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോഴേ, സമൂഹം ഒന്നടങ്കം വായനയിലേക്ക് നീങ്ങൂ. അതോടെ, പുസ്തകങ്ങള്‍ എല്ലാവര്‍ക്കും പ്രകാശം ചൊരിയുന്ന പ്രഭാകേന്ദ്രങ്ങളായി മാറും. ഇനിയുള്ള കിട മല്‍സരങ്ങള്‍ അതിനായിരിക്കട്ടെ.
Leave A Comment