ശൈഖ് മഹ്മൂദ് എഫെന്ദി നിര്യാതനായി

ലോക പ്രശസ്ത തുര്‍കി പണ്ഡിതൻ ശൈഖ് മഹ്മൂദ് എഫെന്ദി നിര്യാതനായി. ഇന്ന് രാവിലെ തുർക്കിയിലെ ഇസ്താംബൂളിൽ വെച്ചായിരുന്നു അന്ത്യം. ആത്മീയതയിൽ അധിഷ്ഠിതമായ സാമൂഹിക സമുദ്ധാരണത്തിന് നേതൃത്വം കൊടുത്ത പ്രമുഖനായിരുന്നു ഹനഫീ പണ്ഡിതനായ എഫന്ദി. നഖ്ഷബന്ദി സരണിയുടെ ആചാര്യന്മാരിലൊരാളായ അദ്ദേഹത്തെ, ലോകത്തിന്റെ പല ഭാഗങ്ങളിലായി അനേകം ആളുകള്‍ പിന്തുടരുന്നുണ്ട്. 

ലോകത്തെ സ്വാധീനിച്ച 500 മുസ്‍ലിംകളുടെ പട്ടികയിൽ 2018, 2019, 2020, 2021 എന്നീ വർഷങ്ങളിൽ അദ്ദേഹവും ഇടം പിടിച്ചിരുന്നു. "ഖുർആൻ മജീദ്" എന്ന് പേരിലറിയപ്പെടുന്ന വിശുദ്ധ ഖുര്‍ആന്റെ തുർക്കി വിവർത്തനം അദ്ദേഹത്തിന്റെ രചനകളിലൊന്നാണ്. "റൂഹുൽ ഫുർഖാൻ" എന്ന ഖുർആൻ വ്യാഖ്യാനമാണ് അദ്ദേഹത്തിന്റെ മറ്റൊരു കൃതി. 

ധാരാളം മത-സാമൂഹിക-ജീവകാരുണ്യ കൂട്ടായ്മകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ദി മുജാദിദ് മഹ്മൂദ് എഫെൻഡി ഫൗണ്ടേഷൻ, ദി മാരിഫെറ്റ് അസോസിയേഷൻ, ദി ഫെഡറേഷൻ ഓഫ് മാരിഫെറ്റ് അസോസിയേഷൻസ്, അഹ്ലുസ്സുന്നവൽജമാഅ കോൺഫെഡറേഷൻ എന്നിവ ഇവയില്‍ ഏറെ പ്രശസ്തമാണ്. വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രീയ ഗവേഷണങ്ങൾ, ആരോഗ്യം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങൾക്ക് കാർമികത്വം നൽകി വരുന്നവയാണ് ഇവയിലധികവും. മാരിഫറ്റ് എന്ന പേരിൽ ഒരു പണ്ഡിത-സാംസ്കാരിക മാസികയും അദ്ദേഹത്തിന് കീഴില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter