ശൈഖ്മഹ്മൂദ്എഫെന്ദി: മൺമറഞ്ഞത് സമകാലിക തുർക്കിയിലെ ആത്മീയ പ്രഭ
ആത്മീയതയിൽ അധിഷ്ഠിതമായ സാമൂഹിക സമുദ്ധാരണത്തിന്റെ ജീവിച്ചിരിക്കുന്ന നേർ സാക്ഷ്യമായിരുന്നു തുർക്കിയിലെ ആഗോള പ്രസിദ്ധനായ സുന്നി(ഹനഫി) പണ്ഡിതൻ പണ്ഡിതൻ ശൈഖ് മഹ്മൂദ് എഫെന്ദി. നഖ്ശബന്ദിയ്യ സൂഫിസരണിയിലെ (ത്വരീഖത്ത്) ഇക്കാലത്തെ പരമ പ്രധാനിയായ ഗുരുശ്രേഷ്ഠനായിരുന്ന അദ്ദേഹത്തിന് തുർക്കിയിൽ മാത്രം ദശലക്ഷ കണക്കിന് ശിഷ്യരാണുള്ളത്. ലോകത്തിന്റെ പല ഭാഗത്തുമായി അനേകം പേര്‍ അദ്ദേഹത്തിൽ നിന്നും ആത്മീയ ശിഷ്യതം സ്വീകരിച്ചിട്ടുണ്ട്. ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തികളുടെ പട്ടികയിൽ 2018,2019,2020,2021(റാങ്ക്:34) എന്നീ വർഷങ്ങളിൽ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.
തുർക്കിയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നിരവധി ഔലിയാക്കളുടെയും പണ്ഡിത മഹത്തുക്കളുടെയും ജന്മ ദേശമായ ത്വറാബ്സൂനിൽ 1929 ൽ ജനനം(നിലവിൽ 92 വയസ്സ്). ആത്മീയമായും വൈജ്ഞാനികമായും സമ്പന്നമായ ഒരു കുടുംബമാണദ്ദേഹത്തിന്റേത്. ശൈഖ് മുസ്തഫ അഫൻദിയുടെ പുത്രൻ ശൈഖ് അലി അഫൻദി എന്നവർ പിതാവും ഫാത്തിമ ഹനീം അഫൻദി മാതാവുമാണ്.തന്റെ 6ാം വയസ്സിൽ മതാപിതാക്കളുടെ ആശീർവാദത്തോടെ വിശുദ്ധ ഖുർആൻ മന:പാഠമാക്കി.കുട്ടിക്കാലത്ത് അദ്ദേഹത്തിൽ പ്രകടമായിരുന്ന പക്വതയും സ്വഭാവ മഹിമയും ചുറ്റുമുള്ള ഏവരെയും അത്ഭുതപ്പെടുത്തി. തന്റെ മക്കളും അദ്ദേഹത്തെപ്പോലെയാവണമെന്ന് കൊതിച്ച് അവിടുത്തുകാരിൽ പലരും അവരുടെ കുട്ടികൾക്ക് “മഹ്മൂദ്” എന്ന് പേരിട്ടിരുന്നത്രെ..!!ചെറുപ്രായത്തിലേ ആരാധന മുറികളിലും നിസ്കാരത്തിലും നല്ലചിട്ട പുലർത്തിപോന്ന അദ്ദേഹം ആ കുഞ്ഞിളം പ്രായത്തിൽ തന്നെ സുന്നത്ത് നിസ്കാരങ്ങൾ ശീലിച്ചു.അതിനെല്ലാം വല്ലാത്തൊരു ആവേശവും ഉന്മേഷവും പ്രകടമായിരുന്നു.പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായിതുർക്കിയിലെ പ്രമുഖ നഗരമായ കേയ്സെരി (Kayseri)യയിലെത്തിയ അദ്ദേഹം അന്നാട്ടിലെ പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ് അഹ്മദ് ഹോജ(ഉസ്താദ്)യിൽ നിന്നും അറബി നഹ്വ്(ഗ്രാമർ),സ്വർഫ്(മോർഫോളജി), പേർഷ്യൻ ഭാഷ എന്നിവയിൽ പരിജ്ഞാനം നേടിയെടുത്തു. ഒരു വർഷത്തോളം കെയ്‌സേരിയിൽ ചെലവഴിച്ച അദ്ദേഹം തന്റെ ജന്മദേശത്ത് തിരികെയെത്തി. അക്കാലത്ത് അന്നാട്ടിൽ പാരായണത്തിൽ (ഖിറാഅത്ത്) ഏറ്റവും പ്രശസ്തനായ ഖൈറ പണ്ഡിതനായ മുഹമ്മദ് റുഷ്ദു അശികുതലു ഹോജാ എഫെന്ദി എന്ന ഗുരുവിൽ നിന്നും ഖുർആൻ പാരായണ വിജ്ഞാനീയങ്ങൾ സ്വായത്തമാക്കി.പിന്നീട് സുലൈമാനിയ്യ മദ്റസയിലെ(കോളേജ്) സീനിയർ പ്രൊഫസറായിരുന്ന
ചലകലി ഹാജി ദുർസുന് എഫെന്ദി ഫേസി എന്നവരുടെ കീഴിലായി തഫ്സീർ,ഹദീസ്,ഫിഖ്ഹ്,ഉസ്വൂൽ ഫിഖ്ഹ്,ഇൽമുൽ കലാം(അഖീദ),ബലാഗ എന്നീ വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ അദ്ദേഹം തന്റെ 16 ാം വയസ്സിൽ ഉന്നത മാർക്കോടെ ഡിപ്ലോമ കരസ്ഥമാക്കി.
പ്രബോധനരംഗത്തെ നിറസാന്നിധ്യം
പഠന സപര്യ പൂർത്തിയാക്കിയ അതേ വർഷം അദ്ദേഹം സഹ്റ ഹനിം(വിയോഗം:1993 മെയ് 25) എന്നവരെ വിവാഹം ചെയ്തു (ആ ദാമ്പത്യ വല്ലരിയിൽ അഹ്മദ്, അബ്ദുള്ളാഹ്, ഫാത്തിമ എന്നീ മൂന്ന് സന്തതികളുണ്ട്). പിന്നെ വൈജ്ഞാനിക പ്രസരണ-പ്രബോധന രംഗത്ത് സജീവമായി തുടങ്ങിയ അദ്ദേഹം ദീർഘ കാലം ഇമാമായി. ശേഷം 1952 ൽ മിലിട്ടറി സർവ്വീസിനായി ബൻദിർമ്മ എന്ന സ്ഥലത്തേക്ക് പോയി.പട്ടാള സേവനത്തിൽ കഴിയുന്ന ഇക്കാലത്താണ് അദ്ദേഹം തന്റെ മുർശിദായ(ആത്മീയ വഴികാട്ടി) ശൈഖ് അലി ഹൈദർ അഹിസ്ഗവി അന്നഖ്ശബന്ദി അൽ ഖാലിദി എന്ന ഗുരുവിനെ കണ്ടെത്തുന്നതും നേരിൽകാണുന്നതും.മതവിഷയങ്ങളിൽ നല്ല അവഗാഹമുള്ള പ്രഗൽഭ പണ്ഡിതനായിരുന്ന ശൈഖ് അലി ഹൈദർ
അവസാന നാല് ഓട്ടോമൻ സുൽത്താന്മാരുടെ ഹോജ (ഉസ്താദ്/ഉപദേഷ്ടാവ്_ടർകിഷ് പ്രയോഗം). നാല് കർമശാസ്ത്ര മദ്ഹബുകളിലും പരിജ്ഞാനം ഉള്ള അദ്ദേഹം നാല് മദ്ഹബുകളിലും ഫത്‌വ നൽകാൻ പ്രാപ്തിയുള്ള അവിടുത്തെ മുഫ്തിയുമായിരുന്നു.അദ്ദേഹം തന്റെ ആത്മീയ ഗുരുവിനെ കണ്ടെത്തിയതിന് പിന്നിൽ ഒരുപാട് സംഭവ കഥകളുണ്ട്. ദൈർഘ്യം ഭയന്ന് കൊണ്ട് തൽക്കാലം അതിവിടെ വിവരിക്കുന്നില്ല.ചെറുപ്രായത്തിലേ അദ്ദേഹം ആത്മീയ ഗുരുക്കളെ അന്വേഷിക്കുന്നതിൽ ആഗ്രഹം പ്രകടിപ്പിച്ചതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.1954 ൽ സൈനികസേവനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഇസ്താംബൂളിലെ ഫാത്തിഹിലെ ഇസ്മായിലാഗ ഗ്രാന്റ് മസ്ജിദിൽ ഔദ്യോഗിക ഇമാമായി നിയമിതനായി.1960 ആഗസ്റ്റ് 1 ന് തന്നെ അക്കാലമത്രെയും വഴി നടത്തിയ ആത്മീയ ഗുരു ശൈഖ് അലി ഹൈദർ എഫന്ദി ലോകത്തോട് വിടപറഞ്ഞു. തന്റെ ഗുരുവിന്റെ വിയോഗ ശേഷം ഗുരുവിന്റെ പിൻഗാമിയായി ആത്മീയ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ ചുമതലയിലായി.അന്ന് മുതൽ വലിയൊരു ഉത്തരവാദിത്തിലുള്ള ഒരു പുതുയുഗമാണ് ജീവിതത്തിലേക്ക് കടന്നു വന്നത്.അക്കാലമത്രെയും തന്റെ ഗുരുവിന് കീഴിൽ ശിഷ്യത്വം സ്വീകരിച്ച ഒട്ടനേകം ശിഷ്യർക്ക് ആത്മീയവും വൈജ്ഞാനികവുമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ വ്യാപ്തനായി തുടങ്ങി. സാമൂഹികവും വൈയക്തികവുമായ സമുദ്ധാരണത്തിൽ തുർക്കിയിലെ സജീവ സാന്നിധ്യമായി മാറി.തുർക്കിയിലും മറ്റു രാജ്യങ്ങളിൽ നിന്നുമായി പ്രമുഖരായ ഒട്ടേറെ പണ്ഡിതന്മാരും ഭരണകർത്താക്കളും ആത്മീയ ശിഷ്യതം തേടി അദ്ദേഹത്തെ തേടിയെത്തി. ഈയടുത്ത് വിടപറഞ്ഞ ശൈഖ് മുഹമ്മദ് അലി അസ്സാബൂനി അടക്കമുള്ള പ്രമുഖരായ നിരവധി പണ്ഡിതൻമാർ അദ്ദേഹത്തിൽ ആത്മീയ ശിഷ്യതം സ്വീകരിച്ചിട്ടുണ്ട്.1962 ലാണ് ആദ്യമായി ഹജ്ജ് നിർവഹിച്ചത്.തുടർന്ന് ഒരുപാട് കാലം ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തിയിട്ടുണ്ട്.1980 സെപ്റ്റംബർ 12 ലെ തുർക്കിയിൽ നടന്ന രാഷ്ട്രീയ അട്ടിമറിക്ക് മുമ്പ് വലതുപക്ഷ-ഇടതുപക്ഷ ഗ്രൂപ്പുകൾ തമ്മിലുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടെ, തന്റെ അടുത്തെത്തിയ ജനങ്ങളോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “നമുക്ക് ജിഹാദ് (വിശുദ്ധ പോരാട്ടം) നടത്താം”, “ നന്മയെ കൽപ്പിച്ച് തെറ്റായ പ്രവർത്തനങ്ങൾ തടയുന്നതിലൂടെ ആളുകളെ പുനരുജ്ജീവിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്, ആളുകളെ കൊല്ലേണ്ടത് നമ്മുടെ കടമയല്ല ”. ആളുകളെ ശാന്തമാക്കാൻ ശ്രമിച്ച അദ്ദേഹം മിതവാദത്തിന്റെയും സമാധാനത്തിന്റെയും വക്താവാണ്. 1993 മെയ് 25 ന് തന്റെ ഭാര്യ സഹ്റ ഹനീം മരണപ്പെട്ടു. അതിന് ശേഷം ഷെയ്ഖ് മൻസൂർ ബെയ്‌ഡെമിർ എഫെൻദിയുടെ മകളായ മെറെഫ് ഹനീമിനെ വിവാഹം കഴിച്ചു.65 വയസ്സ് തികഞ്ഞപ്പോൾ 1996 ൽ അദ്ദേഹം 'ഇമാം' ജോലിയിൽ നിന്ന് വിരമിച്ചു.നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം അവിടങ്ങളിലെ ആത്മീയ ഗുരുക്കന്മാരുടെ മഖ്ബറകളിൽ സന്ദർശിക്കുക പതിവാണ്. 2005ൽ ഇന്ത്യയിൽ വന്നിട്ടുണ്ട്.തുർക്കിയിലെ എല്ലാ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിനു പുറമേ, ഇസ്‌ലാമിന്റെ മനോഹരമായ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനും സത്യമാർഗ്ഗത്തിലേക്ക് ആളുകളെ ക്ഷണിക്കാനുമായി അദ്ദേഹം തന്റെ ശിഷ്യരോടൊപ്പവും മറ്റും മിഡിൽ ഈസ്റ്റ്, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലും സഞ്ചരിച്ചു. സാധ്യമാകുമ്പോഴെല്ലാം, ഹജ്ജ് നിർവഹിക്കാൻ അദ്ദേഹം എല്ലാ വർഷവും മക്കയും മദീനയും സന്ദർശിക്കുകയും വർഷത്തിൽ ഒരിക്കൽ ഉംറ നിർവഹിക്കുകയും ചെയ്യുമായിരുന്നു.മുമ്പ് തന്റെ കൂടെയുള്ള നൂറ് കണക്കിന് മുരീദീങ്ങളെ കൂട്ടി പരിശുദ്ധ ഹജ്ജ് കർമ്മത്തിനും റൗള സിയാറത്തിനും വരുന്ന സുന്ദരമായ കാഴ്ച ലോകം വളരെയധികം അത്ഭുതത്തോടെയും കൗതുകത്തോടെയുമായിരുന്നു വീക്ഷിച്ചിരുന്നത്.. അതിൻറെ വീഡിയോകൾ ഇന്നും ആയിരങ്ങൾ കണ്ടുകൊണ്ടിരിക്കുന്നതായി കാണാം.
പ്രസ്തുത വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. അദ്ദേഹത്തിന്റെ സുന്നത്തിനെ(തിരുനബി(സ്വ) ചര്യ)ക്കുറിച്ചുള്ള മികച്ച ധാരണയും ശരീഅത്ത് വിജ്ഞാനീയങ്ങളെ സംബന്ധിച്ച അഗാധമായ അറിവും ആകർഷണീയവും മാതൃകാപരവുമായ പെരുമാറ്റവും സ്വഭാവ മഹിമയും അദ്ദേഹത്തിന്റെ യാത്രകളിലും അല്ലാതെയും പരിചയപ്പെട്ടവരിൽ വലിയ മതിപ്പുണ്ടാക്കി.
അതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു സംഭവം വിവരിക്കാം.
ഒരു പ്രഭാഷണത്തിനായി ഒരിക്കൽ തുർക്കിയിലെ എർസുറൂമിലെത്തിയ ശൈഖവറുകൾ പരിപാടിയൊക്കെ കഴിഞ്ഞ ശേഷം ഒരു വക്കീൽ ഉദ്യോഗസ്ഥൻ ശൈഖിനരികൽ വന്ന് കരം ചുംബിക്കാൻ മുതിർന്നു. ഉടനടി ശൈഖ് അദ്ദേഹത്തോട് പറഞ്ഞു : "എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളു, തിരുസുന്നത്തായ താടി വളർത്താൻ നിങ്ങൾ ശ്രമിക്കണം". അദ്ദേഹം മറുപടി പറഞ്ഞു: "എനിക്കിഷ്ടമാണ്, പക്ഷെ,സോങ്കുൽഡകിൽ താമസിക്കുന്ന എന്റെ ഉപ്പ അതിനനുവാദം തരുന്നില്ല". ഇത് കേട്ട് ശൈഖ് അദ്ദേഹത്തിന്റെ പിതാവിനെ തേടി യാത്ര തിരിച്ച് അദ്ദേഹത്തെ നേരിൽ കാണുകയും എന്നിട്ട് പറഞ്ഞു :" നിങ്ങളുടെ മകൻ തിരുഹബീബി(സ്വ)ന്റെ തിരുചര്യയായ താടി വളർത്താൻ ഇഷ്ടപ്പെടുന്നു, പക്ഷെ നിങ്ങളുടെ സമ്മതമില്ലാതെ അതിന് ശ്രമിക്കില്ല എന്നാണ് മകൻ പറയുന്നത്". ഉടനെ പിതാവ് പറഞ്ഞു: "ഇത് പറയാൻ വേണ്ടി മാത്രം നിങ്ങൾ ഇത്രയും ദൂരം സഞ്ചരിച്ചു വന്നതല്ലേ !! ഞാൻ അവൻ സമ്മതം കൊടുത്തിരിക്കുന്നു”
ചുറ്റുമുള്ളവർ ആശ്ചര്യത്തോടെ പറഞ്ഞു : എർസുറൂമിൽ നിന്നും ഇവിടേക്ക് ഏകദേശം 12 മണിക്കൂർ യാത്ര ദൈർഘ്യമുണ്ട്! ഈയൊരു കാര്യം പറയാൻ വേണ്ടി മാത്രം ഇത്രയും ദൂരം താണ്ടി വരേണ്ടതുണ്ടോ ??!!.
ഇത് കേട്ട ശൈഖ് ചുറ്റും കൂടിയവരോട് പറഞ്ഞു:
" തിരുനബി(സ്വ)യുടെ തിരുചര്യ അതെത്ര ചെറിയ സുന്നതാണെങ്കിലും അത് പുനരുജ്ജീവിപ്പിക്കാൻ വേണ്ടി ലോകത്തിന്റെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ ചുറ്റി സഞ്ചരിക്കാനും ഞാൻ തയ്യാറാണ്". തിരുചര്യയുടെ പ്രചാരണത്തിനായി അത്രമേൽ ശ്രമങ്ങൾ നടത്തിയത് അദ്ദേഹത്തിന്റെ പ്രബോധന മികവിന്റെ വേറിട്ട കാഴ്ചയാണ്.
ഒരിക്കൽ ശൈഖ് മഹ്മൂദ് അഫന്ദിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നവിടെ ICU ൽ കിടക്കുന്ന മകളുടെ ചികിത്സാവശ്യത്തിന് വന്ന ഒരു നിരീശ്വരവാദി(Atheist)യുണ്ടായിരുന്നു. ശൈഖിന് ചുറ്റും വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയത് കണ്ട് അയാൾ ആളുകളോട് ചോദിച്ചു: ആരാണീ മനുഷ്യൻ?
ശൈഖ് മഹ്മൂദ് അഫെന്ദിയാണെന്ന് ആളുകൾ മറുപടി നൽകി. 'ശൈഖ് എന്റെ മകളുടെ രോഗശമനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്..' അയാൾ കേണപേക്ഷിച്ചു. ഉടനെ മഹാൻ പ്രാർത്ഥന നടത്തി. പ്രാർത്ഥനക്ക് തൊട്ടുപിന്നാലെ മകൾ സുഖം പ്രാപിക്കാൻ തുടങ്ങി,ICU ൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ശൈഖ് ആശുപത്രിയിൽ ആയിരിക്കുമ്പോൾ തന്നെ നിരീശ്വരവാദിയായിരുന്ന അയാളും തന്റെ മകളും ഇസ്ലാം സ്വീകരിച്ചു. അങ്ങനെ ഒരുപാടുണ്ട് പറയാൻ.
ഇസ്‌ലാമിക ലോകത്ത് മുൻനിര സ്ഥാനം ഏറ്റെടുക്കുകയും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ ആദരവും വാത്സല്യവും നേടുകയും ചെയ്തു.നിരവധി ഇസ്‌ലാമിക അക്കാദമിക സെമിനാറുകളിലും മറ്റും സംബന്ധിക്കാറുള്ള അദ്ദേഹം അറിവ് നേടാനും അതനുസരിച്ച് പ്രവർത്തിക്കാനും ആളുകളെ പ്രോത്സാഹിപ്പിച്ചു.വർഷങ്ങളായി പതിവായി നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശിഷ്യമാർ ശേഖരിക്കുകയും ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. അദ്ദേഹം അമ്പത് വർഷത്തിലേറെയായി, ആഴ്ചയിലെ എല്ലാ ദിവസവും പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ പത്ത് പതിനഞ്ചു വർഷമായി പതിവായി രേഖപ്പെടുത്തിയിട്ടുള്ള സ്ത്രീകൾക്കായുള്ള വിജ്ഞാന ക്ലാസുകളുടെ എണ്ണം മാത്രം പരിഗണിക്കുമ്പോൾ, പ്രഭാഷണങ്ങളുടെ മുഴുവൻ ശേഖരവും നൂറു വാല്യങ്ങളിൽ എത്തുമെന്ന് വ്യക്തമാണ്."ഖുർആൻ മജീദ്" എന്ന് പേരിട്ടിരിക്കുന്ന ഖുറാൻ തുർക്കി ഭാഷയിലേക്ക് വിവർത്തനം അദ്ദേഹത്തിന്റെ രചനകളിലെ നാഴികക്കല്ലാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു അക്കാദമിക് കമ്മിറ്റി തയ്യാറാക്കിയ ഈ ഖുർആൻ വിവർത്തനം വിശുദ്ധ ഖുർആനോട് വിശ്വസ്തത പുലർത്തുന്നതും ചെറിയ വിശദാംശങ്ങളും ഉൾകൊള്ളുന്നതാണ്.തുർക്കിഷ് ഭാഷയിൽ "റൂഹുൽ ഫുർഖാൻ" എന്ന പേരിലുള്ള ഖുർആൻ വ്യാഖ്യാനമാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം. (ഇതിന്റെ മുഴുവൻ ഭാഗങ്ങളും അച്ചടിക്കപെട്ടിട്ടില്ല, നടന്ന് കൊണ്ടിരിക്കുന്നു)മത, സാമൂഹിക, ചാരിറ്റി ഓർഗനൈസേഷനുകളും ഫൗണ്ടേഷനുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദി മുജാദിദ് മഹ്മൂദ് എഫെൻഡി ഫൗണ്ടേഷൻ, ദി മാരിഫെറ്റ് അസോസിയേഷൻ, ദി ഫെഡറേഷൻ ഓഫ് മാരിഫെറ്റ് അസോസിയേഷൻസ്, അഹ്ലുസ്സുന്നവൽജമാഅ കോൺഫെഡറേഷൻ. ഇവയിൽ ഒട്ടുമിക്കതും വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രീയ ഗവേഷണങ്ങൾ, ആരോഗ്യം, ചാരിറ്റി തുടങ്ങിയ സേവനങ്ങൾക്ക് കാർമികത്വം നൽകി വരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 'MARİFET' എന്ന പേരിൽ ഒരു പണ്ഡിത-സാംസ്കാരിക മാസിക പ്രതിമാസം പ്രസിദ്ധീകരിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് കൃത്യമായി വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി യൂട്യൂബിൽ ലഭ്യമാണ്.
അല്ലാഹു അവരുടെ സേവനങ്ങൾ സ്വീകരിക്കട്ടെ ആമീൻ.
Read Also: ശൈഖ് മഹ്മൂദ് എഫെന്ദി നിര്യാതനായി
*എഫെന്ദി_: അറബിയിൽ (أفندي).ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ച ടർക്കിഷ് പദം, യജമാനൻ പ്രഭു എന്നർത്ഥം. അറബിയിൽ ഉന്നത വ്യക്തികളെ 'ശൈഖ്' എന്ന് അഭിസംബോധന ചെയ്യുന്നത് പോലെ തുർക്കികൾ ഉപയോഗിച്ച് വരുന്ന പ്രയോഗം
റഫറൻസ്:_
(1)https://themuslim500.com/profiles/mahmud-effendi/
(2)https://hayatalulama.wordpress.com/2012/12/06/shaykh-mahmud-effendi/
Leave A Comment