സിദ്ദീഖ്(റ)വും മക്കളും, വിശ്വാസത്തിന് കാവലൊരുക്കിയ കുടുംബം

ഇഹലോകത്തിരുന്ന് പരലോകം പണിതുയര്‍ത്തുന്ന മനുഷ്യന് കുടുംബത്തോളം വലുതല്ല ഒരു സാമൂഹിക സൗധവും. മറ്റൊരു വിധം പറഞ്ഞാല്‍ കുടുംബം പകരുന്ന അതിരുകളില്ലാത്ത അവസരവും അസാമാന്യമായ സാധ്യതയും ജീവിത ദൗത്യ നിര്‍വ്വഹണ വഴിയില്‍ മറ്റൊന്നും നല്‍കുന്നില്ല തന്നെ. ഇവിടെയാണ് ഒന്നാം ഖലീഫ അബൂബക്ര്‍(റ) ഉത്തമ മാതൃകകളുടെ ഒരു  ആചാര്യശ്രേഷ്ഠരായി കടന്ന് വരുന്നത്.  

ഈ സമുദായത്തില്‍ പ്രവാചകര്‍ കഴിഞ്ഞാല്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹന്‍ ഇരു ലോകത്തും അബൂബക്കര്‍(റ) ആണ്. വിശ്വാസത്തിലും സല്‍കര്‍മ്മത്തിലും ഇനി സ്വര്‍ഗപ്രവേശത്തിലും അവര്‍ക്ക് ശേഷമേ മറ്റാരും വരുന്നുള്ളൂ. ജീവിത പാഠങ്ങളില്‍ അതുല്ല്യവും കര്‍മ്മപഥങ്ങളില്‍ അനുകരണീയവുമാണ് ആ വ്യക്തിത്വം എന്ന് ചുരുക്കം. തിരുനബി അരുളി ' ഉത്തമ കാര്യങ്ങള്‍ 360 എണ്ണമാണ്'. ഉടനെ അബൂബക്കര്‍(റ) ചോദിച്ചു 'ദൈവദൂതരേ അതില്‍ എത്ര എണ്ണമാണ് എന്നിലുള്ളത്?'. നബി മറുപടി പറഞ്ഞു 'അഭിനന്ദങ്ങള്‍ അബൂബക്ര്‍, അത് മുഴുവനും നിങ്ങളിലുണ്ട്'. 

ഈ വചനങ്ങളോട് ചേര്‍ത്തിവെക്കേണ്ട മറ്റൊരു ഹദീസാണ് 'സ്വര്‍ഗസ്ഥ നാരികളെ നിങ്ങള്‍ കാണാനാഗ്രഹിക്കുന്നുവെങ്കില്‍ ഉമ്മുറുമാനിലേക്ക് നോക്കുവിന്‍' എന്നത്.  അബൂബക്ര്‍(റ) വിന്‍റെ ഭാര്യ ഉമ്മുറുമാന്‍റെ(റ) ജനാസ തന്‍റെ കരങ്ങളെ കൊണ്ട് ഖബറടക്കം നടത്തി പുണ്ണ്യ നബി അരുളിയതാണിത്. സുചരിതയും സല്‍വൃത്തയുമായിരുന്നു മഹതി. തന്‍റെ പ്രിയതമന്‍റെ ത്യാഗചരിതങ്ങള്‍ക്ക് കൂട്ടും കാവലുമായിരുന്നു അവര്‍.  വീട്ടിലുണ്ടായിരുന്നതെല്ലാം ദാനമായി നല്‍കാന്‍ അബൂബക്ര്‍(റ)വിനു ധൈര്യം പകര്‍ന്നതില്‍ തന്‍റെ വിശ്വാസത്തോടൊപ്പം ഉമ്മുറുമാനും കൂട്ടിനുണ്ടായിരുന്നു. ഇവിടെയാണ് കുടുംബ ജീവിതമാഹാത്മ്യത്തിന്‍റെ സംരചനാ മൂലകങ്ങളും ശമസൗന്ദര്യവും നാം വേണ്ടുവോളം കണ്ടെത്തുന്നത്. മാത്രമല്ല ജീവിതത്തിന്‍റെ ബഹുമുഖ മാതൃകകള്‍ തേടുന്ന വിശ്വാസിയുടെ ആത്മദാഹമകറ്റാന്‍ നബിക്ക് ശേഷം ഈ ഉമ്മത്തില്‍ സിദ്ധീഖ്(റ)നല്ലാതെ സാധ്യമല്ലെന്ന് ജീവിതചിത്രങ്ങളും നിരവധി ഹദീസുകളും ബോധ്യപ്പെടുത്തുന്നുണ്ട്. 

Also Read : അബൂബക്ര്‍ സിദ്ദീഖ് (റ)

മാതാപിതാക്കളായ അബൂഖുഹാഫയും ഉമ്മുല്‍ ഖൈറും നാലു ഭാര്യമാരും ആറു മക്കളുമടങ്ങുന്നതാണ് അബൂബക്ര്‍(റ)വിന്‍റെ കുടുംബം. ഇസ്‍ലാമിനു മുമ്പ് ഖുതൈല, ഉമ്മുറുമാന്‍ എന്നിവരെ ജീവിത സഖികളാക്കി. ആദ്യ ഭാര്യയില്‍ നിന്ന് അബ്ദുള്ള, അസ്മാ എന്നിവരും രണ്ടാം ഭാര്യയില്‍ നിന്ന് അബ്ദുറഹ്മാന്‍, ആഇശാ എന്നീ സന്താനങ്ങളും പിറന്നു. ഇസ്‍ലാമിനു ശേഷം അസ്മാ ബിന്‍തു ഉമൈസ്, ഹബീബ ബിന്‍ത് ഖാരിജ എന്നിവരേയും വിവാഹം ചെയ്തു. മുഹമ്മദ്, ഉമ്മു കുല്‍സൂം എന്നീ സന്തതികള്‍ യഥാക്രമം ഈ മഹതികള്‍ക്കുണ്ടായതാണ്. മാതാപിതാക്കളും മക്കളും പേരമക്കളും നബിയെ കാണുകയും വിശ്വാസികളാകുകയും ചെയ്തത് അബൂബക്ര്‍(റ)ന്‍റെ കുടുംബം മാത്രമാണെന്ന ചരിത്രം നമ്മെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ കുടുംബത്തിന്‍റെ കഥ പറയാന്‍ ചരിത്ര ഗ്രന്ഥങ്ങള്‍ക്ക് ആയിരം നാക്കാണ്. വിശ്വാസത്തിന്‍റെ അകര്‍മണ്ണ്യതയോ ചാഞ്ചല്ല്യമോ അവിടെ നാം കാണില്ല. പരിശുദ്ധ ഖുര്‍ആനും തിരുനബിയും ആ വീടകങ്ങളില്‍ ആത്മികാനന്ദത്തിന്‍റെ സാന്ദ്രസംഗീതമായി ഇഴകി ച്ചേരുന്നത് കാണാം.

പ്രധാനമായും മൂന്ന് മാതൃകകളാണ് അബൂബക്ര്‍(റ)വിന്‍റെ കുടുംബം നമുക്ക് പകര്‍ന്ന് തരുന്നത്. കലര്‍പ്പില്ലാത്ത വിശ്വാസം, അടക്കി വെക്കാനാവാത്ത പ്രവാചകാനുരാഗം, അതിരുകളില്ലാത്ത സമര്‍പ്പണം എന്നിവയാണത്.

വിശ്വാസം
അബൂബക്കര്‍(റ)വിന്‍റെ കുടുംബത്തിന്‍റെ ആതമികസമൃദ്ധിയുടെയും സമ്പന്നതയുടെയും അടിസ്ഥാന മൂലകം അവരുടെ കലര്‍പ്പറ്റ വിശ്വാസമാണ്. അതൊരു കേവല മനോവ്യാപാരമല്ല. വിശ്വാസത്തെ സത്യപ്പെടുത്തുന്ന സത്കര്‍മങ്ങള്‍ക്കൊപ്പം കൂട്ടിനെത്തുന്ന ത്യാഗത്തിന്‍റെ കൂടെ പ്രദര്‍ശനമാണത്. ആഇശാ ബീവിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. 'മതനിഷ്ടമല്ലാത്തൊരു ജീവിതം എന്‍റെ മാതാപിതാക്കളില്‍ നിന്നും ഞാന്‍ കണ്ടിട്ടില്ല'. 

മക്കയില്‍ തന്‍റെ വിശ്വസ്ത കൂട്ടുകാരന്‍ പ്രബോധനം തുടങ്ങിയപ്പോള്‍ അതുള്‍കൊള്ളാന്‍ ഒരു നിമിഷം പോലും വേണ്ടിവന്നില്ല അബൂബക്റ്(റ)വിന്. അതിനാല്‍ തന്നെ പ്രഥമവിശ്വാസി പട്ടത്തോടൊപ്പം സിദ്ധീഖെന്ന സ്ഥാനപ്പേരും പുണ്ണ്യ നബി ചാര്‍ത്തിക്കൊടുത്തു. വിശ്വാസത്തിന്‍റെ വെളിച്ചം വിരുന്നെത്തിയ ദിനം സന്തോഷത്തിന്‍റെ അനുരണനങ്ങള്‍ അടക്കിപ്പിടിച്ച് അബൂബക്ര്‍(റ) വീട്ടിലെത്തിയപ്പോള്‍ ഉമ്മുറുമാന്‍ കാര്യങ്ങള്‍ തിരക്കി. അവിടുന്ന് പറഞ്ഞു "ഉമ്മു റുമാന്‍,  രണ്ട് വീടിന്‍റെയും നന്മ എനിക്ക് ലഭിച്ചിരിക്കുന്നു. എന്‍റെ ആത്മമിത്രത്തിന് ദിവ്വ്യബോധനം വന്നെത്തി. വിശുദ്ധ ദീനുമായി അദ്ധേഹം മക്കയില്‍ ഉദയം ചെയ്തിട്ടുണ്ട്. ഞാന്‍ ഇന്നൊരു വിശ്വാസിയായി തീര്‍ന്നിരിക്കുന്നു'. വാക്കുകള്‍ക്കൊപ്പമെത്താന്‍ വെമ്പുന്ന ആനന്ദവും ആശ്ചര്യവും കണ്ട് ആവേശം പൂണ്ട ഉമ്മു റുമാന്‍ തെല്ലും മടിച്ചില്ല. അബ്ദുറഹ്മാന്‍ ഒഴികെയുള്ള സന്താനങ്ങളും നബിയില്‍ വിശ്വസിച്ചു. അല്‍പകാലങ്ങള്‍ ശേഷമാണെങ്കിലും അബ്ദുറഹ്മാനും ദീനില്‍ ചേര്‍ന്നു. പിതാവിന്‍റെ ആത്മശക്തിയുടെ കാന്തികവലയങ്ങളിലേക്ക്  ആ കുടുംബം സ്വയം ആകര്‍ഷിക്കപ്പെടുകയായിരുന്നു.  

തന്‍റെ കുടുംബത്തെ വിശ്വാസത്തിന്‍റെ വഴിയില്‍ കൊണ്ട് വരാന്‍ സിദ്ധീഖ്(റ) കാണിച്ച ജാഗ്രത തികച്ചും അനുകരണീയമാണ്. അവിടെ സ്നേഹനിധിയായ മകനായും പിതാവായും ഭര്‍ത്താവായും ബഹുമുഖങ്ങളാല്‍ വാഴുന്ന ഉത്തമ വിശ്വാസിയെ നാം കാണുന്നു. അതേ സമയം പൊതുസമൂഹത്തില്‍ അത്യുന്നതയില്‍ വിരാജിക്കുന്ന വ്യക്തിത്വമായി മാറാനും അദ്ധേഹത്തിനായി. 'അബൂബക്റ്(റ)വിന്റെ  ഈമാന്‍ ഒരു തട്ടിലും മുഴുവന്‍ വിശ്വാസികളുടെ ഈമാന്‍ മറുതട്ടിലും വെച്ചാല്‍പോലും അബൂബക്റ്(റ)ന്റേത് മുന്‍തൂക്കം നേടും' എന്ന പ്രവാചക വചനം എത്ര മഹത്തരമാണ്. 

ജാഹിലിയ്യത്തിന്‍റ മാലിന്യങ്ങളില്‍ നിന്നും അദ്ധേഹം നേരത്തെ മുക്തനായിരുന്നു. അത് കൊണ്ട് വിശ്വാസം മഴപെയ്തുണര്‍ന്ന കൃഷിയിടം പോലെ ഹൃദയതീരങ്ങളില്‍ തഴച്ച് വളര്‍ന്നു. ആ ഹരിതസൗന്ദര്യം നിറഞ്ഞു നിന്ന് മുഴുവന്‍ കുടുംബത്തിലേക്കും അത് പ്രസരിച്ചു. പ്രവാചകര്‍ക്കൊപ്പം അവര്‍ ഒരുമിച്ച് സഞ്ചരിച്ചു. ശരീരവും സമ്പത്തും സര്‍വസ്വവും പ്രവാചകര്‍ക്ക് അര്‍പ്പിച്ച് അവര്‍ സകല വിശ്വാസികളെയും പിന്നിലാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ഷമകൊണ്ടും സഹനം കൊണ്ടും അവര്‍ നബിക്ക് കാവലിരുന്നു. ഹിജ്റയുടെ സന്ദര്‍ഭങ്ങളില്‍ ആ കുടുംബത്തിന്‍റെ വിശ്വാസം തീ പന്തമായി ജ്വലിച്ചു. 
ഒരു വേള നബിക്ക് സാമ്പത്തിക സഹായം ആവശ്യമായി വന്നപ്പോള്‍ വീട്ടിലുള്ളതെല്ലാം അബൂബക്ര്‍(റ) കൊണ്ടുപോയി നല്‍കി. വീട്ടില്‍ ഒന്നും ബാക്കി വെച്ചില്ലേ എന്ന് അന്ധനായ അബൂഖുഹാഫ ചോദിച്ചപ്പോള്‍ മറുപടി നല്‍കിയത് മകള്‍ അസ്മ(റ) ആണ്. ഒരു കലത്തില്‍ ചരല്‍ക്കല്ലുകള്‍ നിറച്ചു കുലുക്കി കേള്‍പിച്ച്, ഇത്രയും ബാക്കിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ വൃദ്ധനായ അബൂഖുഹാഫക്ക് സമാധാനമായി. 

ധര്‍മ്മശേഖരവുമായി മുമ്പില്‍ വന്ന് നില്‍ക്കിന്ന അബൂബക്ര്‍(റ)നോട് നബി ചോദിച്ചു. "വീട്ടുകാര്‍ക്ക്  വേണ്ടി എന്താണ് ബാക്കിവെച്ചത്?'. അവര്‍ക്ക് അല്ലാഹുവും റസൂലുമുണ്ടെന്നായിരുന്നു മറുപടി. ആ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ചരിത്രം പോലും പകച്ചുപോയി. ഒരു പിതാവ് തന്‍റെ കുടുംബത്തിന് നല്‍കേണ്ട കരുതല്‍ ധനം ഈമാനും തഖ്‍വയുമായിരിക്കണമെന്നാണ് സിദ്ധീഖ്(റ) ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നത്. സന്തതികളെല്ലാം പിതാവിന്‍റെ സാരാംശങ്ങളാണെന്ന്  പില്‍കാലം സാക്ഷ്യപ്പെടുത്തിയതും അത് കൊണ്ട് തന്നെ. ഭക്തികൊണ്ടും അറിവ് കൊണ്ടും അവര്‍ തലമുറകള്‍ക്ക് സിദ്ധീഖുമാരായി നിലകൊണ്ടു. 

പ്രവാചക സ്നേഹം
കുടുംബം പ്രവാചക സ്നേഹത്തിന്‍റെ അതീന്ദ്രിയവികാരങ്ങളാല്‍ തരളിതമായിരിക്കണം. എക്കാലത്തെയും മുസ്‍ലിമിന് അബൂബക്ര്‍(റ)വും കുടുംബവും പകരുന്ന രണ്ടാമത്തെ പാഠം അതാണ്. അവര്‍ നിഴലില്ലാത്ത പ്രവാചകന്‍റെ നിഴലായി നിന്നു. ഇരുട്ടിലും വെളിച്ചത്തിലും നബിക്കൊപ്പം അവര്‍ സഹസഞ്ചാരം നടത്തി. വിശ്വാസത്തിന്‍റെ വഴികള്‍ കണ്ട ഭൂചലനങ്ങളില്‍ പ്രവാചകസ്നേഹത്തിന്‍റെ മഹാശൈലങ്ങളായി അവര്‍ തലയുയര്‍ത്തി ഉറച്ച് നിന്നു. അംറുബ്നു ആസ്(റ) ചോദിച്ചു "തിരുദൂതരേ, നിങ്ങള്‍ക്ക്  ഏറ്റവും പ്രിയപ്പെട്ട ആളാരാണ്?'. നബി പറഞ്ഞു ' ആഇശാ(റ)'. അംറി(റ)ന്‍റെ മറുചോദ്യം " പുരുഷന്മാരുടെ കൂട്ടത്തില്‍ ആരാണ്?'. നബി മറുപടി നല്‍കി 'ആഇശായുടെ പിതാവാണ്'.  പിതാവും പുത്രിയും ഒരു പോലെ പ്രവാചകന്‍റെ ഹൃദയം കവര്‍ന്നത് എത്ര ചേതോഹരമാണ്. പകുത്ത് കൊടുത്ത സ്നേഹത്തിന് പകരമാണതെന്ന് അവരുടെ ജീവിത കഥകള്‍ നമ്മെ ബോധിപ്പിക്കുന്നുണ്ട്.   മക്കളെ പ്രവാചകനെ സ്നേഹിക്കാന്‍ പഠിപ്പിക്കണമെന്ന് പ്രവാചകന്‍ രക്ഷിതാക്കളോട് കല്‍പ്പിക്കുന്നുണ്ട്. ആ പ്രണയത്തിന്റെ നനവില്ലാത്ത കാലത്തോളം മതദര്‍ശനങ്ങള്‍ കേവല സിദ്ധാന്തങ്ങളും നിയമാവലികളുമായി വരണ്ടു ചുരുങ്ങുന്നു. 

ഹിജ്റയുടെ സന്ദര്‍ഭം കുടുംബത്തെ മുഴുവന്‍ മക്കയില്‍ ഉപേക്ഷിച്ചാണ് അബൂബക്ര്‍(റ) നബിക്കൊപ്പം മദീനയിലേക്ക് നീങ്ങിയത്. വഴിയോരം മുഴുക്കെയും ഹബ്ബുന്നബിയുടെ തല്ലജരാജികള്‍ തളിരിട്ടു. അപ്പോഴൊന്നും കുടുംബം പിതൃനഷ്ടത്താല്‍ വിവശമാവുകയോ നിരാശ്രയമാവുകയോ ചെയ്തില്ല. പ്രവാചകസ്നേഹത്തിന്‍റെ ആത്മബലം അവര്‍ക്ക്  ധൈര്യം പകര്‍ന്നു. പുണ്ണ്യ നബി സുരക്ഷിതമാണല്ലൊ എന്ന സമാധാനം അവരുടെ നോവിനെ മധുരതരമാക്കി മാറ്റി. ആ കുടുംബം ഒന്നടങ്കം, ഹിജ്റ എന്ന വലിയ ദൌത്യത്തിന്റെ വിജയത്തിന് കൂട്ടുനില്‍ക്കുന്നതാണ് പിന്നീട് നാം കാണുന്നത്.

രോഗം വന്നാല്‍ മരുന്നും വിഷമമെത്തിയാല്‍ സമാധാനവും നബിയായിരുന്നു ആ പ്രവാചക സ്നേഹിക്ക്. ഇത് കണ്ട് പഠിച്ചതിനാലായിരിക്കണം ആ സ്നേഹ പീയൂഷം കൈക്കലാക്കാന്‍ നബിയുടെ മറ്റു സഹധര്‍മിണികളോട് മത്സിരിക്കുന്ന ബീവി ആഇശ(റ)യെ നാം കാണുന്നത്. പ്രവാചകത്വത്തിന്‍റെ തുടക്കം മുതല്‍ സന്നിഗ്ദവും അസന്നിഗ്ദവുമായ എല്ലാ ഘട്ടങ്ങളിലും ഈ പിതാവോ  മക്കളോ കൂടെയുണ്ടായതും അതിന്റെ ഫലമായിരുന്നു.

ഉത്തരവാദിത്തത്തിന്‍റെ ആ തീക്ഷ്ണതയറിഞ്ഞതിലാണ് അബൂബക്ര്‍(റ) തന്‍റെ പിതാവിനെ മക്ക ഫത്ഹിന്‍റെ വേളയില്‍ പുണ്ണ്യ നബിക്കരികില്‍ കൊണ്ട്  വരികയും വിശ്വാസത്തിന്‍റെ വഴിയില്‍ കൈപിടിച്ചു കൂട്ടുകയും ചെയ്തത്. 
കുഫ്റിന്‍റെയും ശിര്‍കിന്‍റെയും ജാഹിലിയ്യത്തിലെ മാലിന്യങ്ങളില്‍ നിന്നും തന്നെപ്പോലെ തന്‍റ കുടുംബത്തെയും കാത്ത ഒരു യതാര്‍ത്ഥ കുടുംബനാഥനെ അബൂബക്കര്‍(റ) നമുക്ക് പരിചയപ്പെടുത്തി തരുന്നു. പിതാവ് വെട്ടിത്തെളിച്ച വഴിയിലെ നിലാവായി അവിടത്തെ മക്കള്‍. വിശിഷ്യാ ആഇശാ ബീവിയും അസ്മാ ബീവിയും അബ്ദുല്ല(റ)വും ചരിത്രത്തെ ചൈതന്യധന്യമാക്കി. ജീവിത വഴികളില്‍ അബൂബക്ര്‍(റ) വിന്‍റെ പ്രായോഗിക വിജയം കാരണത്താല്‍ തന്നെയായിരിക്കണം  അബൂബക്കര്‍(റ)നെ സ്നേഹിക്കാന്‍ മുന്‍ ഗാമികള്‍ മക്കളെ ഉപദേശിക്കാറുണ്ടയാരുന്നു എന്ന് ഇബ്നു ജൗസി(റ) പറയുന്നതും. പുണ്ണ്യ നബിയെകാള്‍ ഉച്ചത്തില്‍ ആഇശാ ബീവി സംസാരിക്കുന്നത് കേട്ട്  ക്ഷുഭിതനായി വന്ന് അബൂബക്കര്‍(റ) പരിസരം മറന്ന് പ്രഹരിക്കാനൊരുങ്ങിയതും അനുസരണയോടു കൂടെ ബീവി അടങ്ങിയതും പ്രവാചകാനുരാഗം അണപൊട്ടിയപ്പോഴായിരുന്നു. അതവര്‍ക്ക് ഒരു സംസ്കാരവും സ്വഭാവവുമായിരുന്നു. കുടുംബജീവിതവിജയത്തിന്‍റെ ഏറ്റവും നല്ല കൂട്ടും അതു തന്നെ.

സമര്‍പ്പണം
പടച്ചവനും പ്രവാചകനും ഖല്‍ബില്‍ കൂടു കൂട്ടിയാല്‍ ഏതൊരു കുടുംബവും സമര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും നിര്‍ഝരിയായി പരന്നൊഴകും. സ്നേഹത്തിന്‍റെയും കാരുണ്ണ്യത്തിന്‍റെയും മധുരവള്ളികള്‍ അവരുടെ ഹൃദയശിബിരങ്ങളില്‍ പടര്‍ന്ന് പിടിക്കും. കരുതലിനും വിട്ടുവീഴ്ചക്കും അംഗങ്ങള്‍ പരസ്പരം മത്സരിക്കും. അബൂബക്ര്‍(റ)വിന്റെ കുടുംബം അപ്രകാരമായിരുന്നു. അബൂബക്റിന്‍റെ സമ്പത്ത് ദീനിന്ന് ഉപകരിച്ചത് പോലെ മറ്റാരുടേതും ഉപകരിച്ചിട്ടില്ല എന്ന് നബിയെ കൊണ്ട് പറയിപ്പിച്ചതിന്‍റെ പൊലിവ് ആ കുടുംബത്തിന്‍റേതു കൂടെയാണ്. 
പുണ്ണ്യ നബിയുടെ ഹിജ്റാ ചരിത്രം മുഴുക്കെയും ഈ കുടുംബത്തിന്‍റെ സാന്നിധ്യം കാണാം. പിതാവിനൊപ്പം ആ വീട്ടിലുള്ളതെല്ലാം പുണ്ണ്യ നബിക്കുമുമ്പില്‍ സമര്‍പ്പിതമായിരുന്നു. മദീനയിലേക്ക് ഹിജ്റ പോവാനും അബൂബക്കര്‍(റ) വിനെ കൂടെകൂട്ടാനും അനുവാദം ലഭിച്ചുവെന്ന വാര്‍ത്ത അറിടയിക്കാനായി പ്രവാചകര്‍ തന്‍റെ ആത്മമിത്രത്തിന്‍റെ വീട്ടിലെത്തി. അസമയത്തുള്ള വരവില്‍ അവര്‍ ആധി പൂണ്ടു. ഹിജ്റയുടെ രഹസ്യങ്ങള്‍ നബി പങ്കു വെച്ചപ്പോള്‍ ആ കുടുംബം കേള്‍ക്കുന്നതില്‍ നബിക്ക് പരിഭവങ്ങളില്ലായിരുന്നു. പിന്നീട്  അവര്‍ക്ക്  ഒരുക്കങ്ങളുടെ തിരക്കായിരുന്നു. വാഹനം, ഭക്ഷണം, യാത്രാ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാം ആ ഉമ്മറപ്പടിയിലിരുന്ന് തന്നെ. അസ്മാ ബീവിയും ആഇശാ ബീവിയും അബ്ദുല്ല(റ)വും പരിചാരകന്‍ ആമിറു ബ്നു ഫുഹൈറയും എല്ലാം മറന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്നു. ആ കുടുംബം ആത്മസമര്‍പ്പണത്തിന്‍റെ ആവേശം കൊള്ളിക്കുന്ന ഖിസ്സ രചിക്കുകയായിരുന്നു അവിടെ. 

യാത്ര തുടങ്ങുന്ന ആ രാത്രി ഉറക്കവും ക്ഷീണവും അവര്‍ അറിഞ്ഞില്ല. ഭക്ഷണവും വെള്ളവും സംഭരിച്ച പാത്രം കെട്ടാന്‍ കയര്‍ ലഭിക്കതിരുന്നപ്പോഴാണ് അസ്മാ ബീവി തന്‍റെ അരക്കെട്ട് ഊരിയെടുത്തു രണ്ടു കഷ്ണങ്ങളാക്കി, അതില്‍ നിന്നും ഒന്നെടുത്ത് ഭക്ഷണപ്പാത്രം ഭദ്രമായി കെട്ടുന്നത് കണ്ട് നിര്‍വൃതി കൊണ്ട നബി പ്രാര്‍ത്ഥിച്ചു 'അല്ലാഹു സ്വര്‍ഗത്തിലെ അരക്കെട്ടു നിനക്കു പകരം നല്‍കട്ടെ'. 'ദാതുനിതാഖൈനി' എന്ന ഓമനപ്പേരിലാണ് പിന്നീട് മുസ്‍ലിം ലോക അവരെ വിളിക്കുന്നത്പോലും. 

തന്‍റെ സ്നേഹഭാജനത്തിന് കാവല്‍ കൊടുത്ത് അബൂബക്ര്‍(റ) നബിക്കൊപ്പം സൗര്‍ ഗുഹയിലേക്ക് തിരിച്ചു. യാത്ര വഴികളെല്ലാം അദ്ദേഹം തീര്‍ത്ത സ്നേഹോഷ്മളത കണ്ട് ആശ്ചര്യം പൂണ്ടു. മൂന്നു ദിവസത്തെ ഗുഹാവാസത്തിനിടക്ക് അവര്‍ക്ക് വേണ്ട ഭക്ഷണവുമായി ദിനേന എത്തിയത് മകന്‍ അബ്ദുല്ലയായിരുന്നു. അവര്‍ക്കൊപ്പം രാപാര്‍ത്ത് പുലരുമ്പോഴേക്കും മക്കയുടെ പ്രാന്തപ്രദേശത്തെത്തും. ശത്രുക്കളുടെ നീക്കു പോക്കുകള്‍ മനസ്സിലാക്കി രാത്രി വിവരങ്ങള്‍ നബിക്കരികില്‍ എത്തിച്ചു കൊടുക്കും. തന്‍റെ കാല്‍പാദങ്ങള്‍ മായ്ച്ചു കളയാനും ആവശ്യമായ പാല്‍ നല്‍കാനും പരിചാരകന്‍ ആമിര്‍(റ) പകല്‍ നേരങ്ങളില്‍ ആട്ടിന്‍ പറ്റങ്ങളെ ഗുഹാ പരിസരങ്ങളില്‍ മേച്ചു നടക്കും. എന്തൊരു കരുതലായിരുന്നു അത്. 

പ്രവാചകന്‍ മക്ക വിട്ടതറിഞ്ഞ അബൂജഹല്‍ നേരെ വന്നത് അബൂബക്ര്‍ തങ്ങളുടെ വീട്ടിലേക്കായിരുന്നു. അസ്മ(റ)യെ കണ്ട അബൂജഹല്‍ ചോദിച്ചു 'നിന്‍റെ പിതാവെവിടെയാണ്' എനിക്കറിയില്ലെന്ന മറുപടി കേള്‍ക്കേണ്ട താമസം ആ നരാധമന്‍ മഹതിയുടെ മുഖത്ത് ശക്തമായി പ്രഹരിച്ചു. അടിയുടെ ശക്തി കാരണം തന്‍റെ ആഭരണം തെറിച്ചുപോയി എന്ന് മഹതി പറയുന്നുണ്ട്. നീണ്ട് നിവര്‍ന്ന് കിടക്കുന്ന ചരിത്രങ്ങളാണ് ഈ കുടുംബത്തിന്‍റെത്. പിതാവിനോട് കിടപിടിക്കാനൊരുങ്ങുന്ന മക്കളും ആര്‍ക്കും എത്തിപ്പിടിക്കാനനുവദിക്കാത്ത വിധം പാതാവും നിറഞ്ഞു നില്‍ക്കുന്ന ചരിത്രം. അവര്‍ നബിയുടെയും നബി അവരുടെയും ഭാഗമായിത്തീരുകയായിരുന്നു. ആഇശാ ബീവി പ്രവാചക പത്നി പദവി ഏറ്റെടുക്കുന്നതോടെ വിശ്വസികള്‍ മുഴുവനും അവരോട് ഒരിക്കല്‍ കൂടി കടപ്പെട്ടവരായിത്തീരുന്നു. 

അവാച്യമായ ഈ ജീവിതാനുഭൂതികള്‍ ഏതൊരു കുടുംബത്തിനും മാതൃകയാണ്. നന്മക്കും സത്കര്‍മങ്ങള്‍ക്കും വേണ്ടി ഏതൊരു കടുംബവും സ്വയം സമര്‍പ്പിതമാവണമെന്ന പാഠമാണ് ഇതിലൂടെ അവര്‍ നമ്മെപഠിപ്പിക്കുന്നത്. കുടുംബനാഥന്‍ ഈ ത്യാഗങ്ങള്‍ക്ക് നേതൃസ്ഥാനം വഹിച്ചിരിക്കണം. അവിടെയാണ് മത്തഖീങ്ങളായ കുടുംബത്തിന് ഞങ്ങളെ ഇമാമാക്കേണമേ എന്ന സൂറതു ഫുര്‍ഖാനിലെ പ്രര്‍ത്ഥന സഫലമാവുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter