റഫയിലെ ഇസ്രായേല്‍ അധിനിവേശം നിർത്താൻ അടിയന്തര  ഉത്തരവിറക്കണമെന്ന് അന്താരാഷ്ട്ര കോടതിയോട് ദക്ഷിണാഫ്രിക്ക

റഫയിലെ ഇസ്രായേല്‍ അധിനിവേശം നിർത്താൻ അടിയന്തരമായി ഉത്തരവിറക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ദക്ഷിണാഫ്രിക്ക.ഗസ്സയിലെ സൈനിക നടപടികള്‍ പൂർണമായും നിർത്താനും ഐ.സി.ജെ ഇസ്രായേലിനോട് ആവശ്യപ്പെടണം. അന്താരാഷ്ട്ര അന്വേഷകർക്കും മാധ്യമപ്രവർത്തകർക്കും മേഖലയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.സി.ജെയിലെ ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകൻ വോണ്‍ ലോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഫയിലെ അധിനിവേശം നിർത്താനായി അടിയന്തര ഉത്തരവ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഏഴ് മാസം പിന്നിട്ട ഇസ്രായേല്‍ അധിനിവേശത്തെ തുടർന്ന് 35,000ത്തോളം പേർ മരിച്ചുവെന്നും ഗസ്സ നാമാവശേഷമായെന്നും വോണ്‍ ലോ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഗസ്സ സ്വദേശികളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ഭക്ഷണവും മരുന്നുകളും മറ്റ് സഹായവും അവർക്ക് നല്‍കാനായി അടിയന്തരമായി വെടിനിർത്തല്‍ വേണമെന്നും ദക്ഷിണാഫ്രിക്കൻ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി ഇപ്പോള്‍ ഇടപ്പെട്ടില്ലെങ്കില്‍ ഗസ്സയുടെ പുനർനിർമാണം ഒരിക്കലും സാധ്യമാകാതെ വരുമെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. റഫയിലെ ഇസ്രായേല്‍ ആക്രമണം ഫലസ്തീൻ ജീവതത്തിന്റെ അടിത്തറ തന്നെ തകർക്കുമെന്നും വോണ്‍ ലോ പറഞ്ഞു. സ്വതന്ത്രാന്വേഷകരേയും മാധ്യമപ്രവർത്തകരേയും ഇസ്രായേല്‍ തടയുന്നത് മൂലം ഗസ്സയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നില്ല. 
ഗസ്സയില്‍ ഇസ്രായേല്‍ അധിനിവേശം തുടങ്ങിയതിന് ശേഷം 100ഓളം മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അന്വേഷകരേയും മാധ്യമപ്രവർത്തകരേയും ഇസ്രായേല്‍ തടയരുതെന്നും വോണ്‍ ലോ ആവശ്യപ്പെട്ടു. അതേസമയം, ദക്ഷിണാഫ്രിക്കയുടേത് പക്ഷപാതപരമായ തെറ്റായ വാദങ്ങളാണെന്നായിരുന്നു ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter