ചരിത്രപുരുഷന്മാരെ കോര്‍ത്തിണക്കിയ THE 100

അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ മൈക്കിൾ എച്ച്.ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പ്രശസ്ത ഗ്രന്ഥമാണ് THE 100: A RANKING OF THE MOST INFLUENTIAL PERSONS IN HISTORY. ചരിത്രത്തിന്റെ വിവിധ വീക്ഷണ കോണുകളിൽ നിന്ന്, ദീർഘകാല സ്വാധീനം ചെലുത്തിയ 100 ചരിത്രപുരുഷന്മാരെ തിരഞ്ഞെടുത്ത്, മതമോ രാഷ്ട്രീയ വിശ്വാസങ്ങളോ മാറ്റി നിർത്തി, വസ്തുനിഷ്ഠമായ രീതിയിൽ പട്ടിക തയ്യാറാക്കി എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രേത്യേകത. ഈ പുസ്തകം ലോകമെമ്പാടും വലിയ ചർച്ചകളും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കാരണം, ചരിത്രത്തിൽ കാണുന്ന പാശ്ച്യാത്യകേന്ദ്രിതമായ ധാരണകൾക്ക് വിരുദ്ധമായി അദ്ദേഹം ചിലർക്ക് ഉയർന്ന സ്ഥാനവും ചിലർക്ക് താഴ്ന്ന സ്ഥാനവും നൽകി എന്നത് തന്നെ.

വ്യക്തികളുടെ സ്വാധീനം, ജനപ്രീതി, മതവിശ്വാസം, വൈകാരികബന്ധം തുടങ്ങിയവയുടെ അടിസ്ഥാനത്തിലല്ല, ചരിത്രത്തിലെ ദീർഘകാലമാറ്റങ്ങൾ, മനുഷ്യസമൂഹത്തെ ബാധിച്ച ചിന്തകളും പ്രവൃത്തികളും എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ ക്രോഢീകരണം നടത്തിയത്. സാധാരണയായി രാജ്യങ്ങൾ, യുദ്ധങ്ങൾ, രാഷ്ട്രീയ സംഭവങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് ഇത്തരം കൃതികള്‍ എഴുതപ്പെടാറ്. എന്നാല്‍, ഒരു വ്യക്തിയുടെ ആശയങ്ങൾ, കണ്ടുപിടുത്തങ്ങൾ, സ്ഥാപനങ്ങൾ, നേതൃഗുണങ്ങൾ എന്നിവയാണ് ചരിത്രത്തെ മാറ്റിമറിക്കുന്ന യഥാർത്ഥ ശക്തി എന്ന യാഥാര്‍ത്ഥ്യത്തെ ആസ്പദമാക്കിയാണ് മൈക്കിൾ എച്ച്. ഹാർട്ട് ഈ പുസ്തകം രചിച്ചത്. ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികൾ ആരെല്ലാം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള, നിഷ്പക്ഷമായ ശ്രമത്തിന്റെ ഫലമായിരുന്നു ഇത് എന്ന് തന്നെ പറയാം.

എച്ച് ഹാര്‍ടിന് മുമ്പ് പലരും മഹാന്മാരുടെ ജീവിതം ആസ്പദമാക്കി അനേകം പുസ്തകങ്ങൾ എഴുതിയിരുന്നുവെങ്കിലും ശ്രേണീക്രമത്തിൽ ആരാണ് കൂടുതൽ സ്വാധീനം ചെലുത്തിയത് എന്ന് വ്യക്തമാക്കുന്ന ആദ്യ ശ്രമം ആയിരുന്നു ഇത്. മതം, ശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം, തത്വചിന്ത, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്. ഇതിൽ ആദ്യ പത്ത് പേരെ പരിശോധിക്കുമ്പോൾ ഒന്നാമതായി വരുന്നത്, പ്രവാചകൻ മുഹമ്മദ് നബി(സ്വ)യാണ്. മതത്തിലും സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ നേതൃത്വത്തിലും നിയമസാമൂഹിക സംവിധാനങ്ങളിലും സമഗ്രമായ സ്വാധീനം ചെലുത്തിയതിനാലാണ് ഒന്നാമതായി അദ്ദേഹം പ്രവാചകരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഗുരുത്വാകർഷണവും നിരവധി ശാസ്ത്ര നിയമങ്ങളും കണ്ടെത്തി ശാസ്ത്രത്തിൽ വിപ്ലവം സൃഷ്‌ടിച്ച ഐസക് ന്യൂട്ടനാണ് രണ്ടാമതായി കൃതിയിൽ പരാമർശിച്ചിട്ടുള്ളത്. ക്രിസ്തുമതത്തിന്റെ സ്ഥാപകനായി ലോകമെമ്പാടും ആത്മീയ-നൈതിക സ്വാധീനം ചെലുത്തിയ യേശു ക്രിസ്തുവാണ് മൂന്നാം സ്ഥാനത്ത്. ആശയങ്ങളിലൂടെ ഏഷ്യൻ സംസ്കാരത്തെയും മനുഷ്യന്മാരുടെ ജീവിതത്തെയും മാറ്റിമറിച്ച ബുദ്ധൻ നാലാമതും ചൈനീസ് സമൂഹത്തിലും രാഷ്ട്രീയ മാനുഷിക മൂല്യങ്ങളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ കൺഫ്യൂഷ്യസ് അഞ്ചാമതും ക്രിസ്തുമതത്തിന്റെ ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനാൽ സെന്റ് പോൾ ആറാമതും പേപ്പറിന്റെ കണ്ടുപിടുത്തം അറിവിന്റെ രേഖപ്പെടുത്തലിനും വിദ്യാഭ്യാസത്തിനും വഴിയൊരുക്കിയതിനാൽ പേപ്പറിന്റെ ഉപജ്ഞാതാവായ സൈ ലുൻ ഏഴാമതും അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം  സാധാരണ ജനങ്ങളിൽ വ്യാപകമായ സ്വാധീനം ചെലുത്തിയതിനാൽ ജോഹന്നസ് ഗുട്ടൻബർഗ് എട്ടാമതും അമേരിക്ക കണ്ടെത്തിയതിലൂടെ ലോകചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ ക്രിസ്റ്റഫർ കൊളംബസ് ഒമ്പതും ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനമായ ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിച്ചതിലൂടെ ആൽബർട്ട് ഐൻസ്റ്റൈൻ പത്താം സ്ഥാനത്തുമായി ശ്രേണി തുടർന്ന് പോകുന്നു.

വ്യക്തിപരമായ വിശ്വാസങ്ങൾ, രാഷ്ട്രീയ പക്ഷപാതങ്ങൾ എന്നിവയെല്ലാം മാറ്റിനിർത്തി, ചരിത്രത്തിലെ സ്വാധീനം മാത്രം മാനദണ്ഡമാക്കിയാണ് എച്ച് ഹാര്‍ട് ഈ പുസ്തകം രചിച്ചിട്ടുള്ളത്. യേശുവല്ലേ ഒന്നാമനാവേണ്ടത് എന്ന ചോദ്യമുയർന്നപ്പോൾ ഹാർട്ട് അതിന് മറുപടി നല്കിയത്, യേശുവിന്റെ ആശയങ്ങൾ വ്യാപകമാക്കിയത് സെന്റ് പോൾ ആയിരുന്നു എന്ന് പറഞ്ഞാണ്. അതിനാൽ യേശു മൂന്നാമതും പോൾ ആറാമതുമാണ്. എന്നാല്‍, ലോകമെമ്പാടും ഇസ്‍ലാം മതം വ്യാപകമായത് മുഹമ്മദ് നബിയിലൂടെ തന്നെയാണ്. ഈ കൃതി അദ്ദേഹം രചിക്കുമ്പോൾ 720 മില്യൺ മുസ്‍ലിംകളാണ് ലോകത്ത് ഉണ്ടായിരുന്നത്. എന്നാൽ നിലവിലെ കണക്കനുസരിച്ച് 2 ബില്യണിലധികം ആളുകൾ ഇസ്‍ലാം മതം വിശ്വസിക്കുന്നു. ഈ കൃതിയിലെ മറ്റു വ്യക്തികൾ തന്റേതായ ഒരു മേഖലയിൽ മാത്രം വ്യക്തിമുദ്ര പതിപ്പിച്ചപ്പോൾ മുഹമ്മദ് നബി എല്ലാ മേഖലകളിലും തന്റേതായ സ്വാധീനം ചെലുത്തിയിരുന്നു. അതായിരുന്നു മുഹമ്മദ് നബിയെ ഒന്നാമതായി തെരഞ്ഞെടുക്കാൻ മൈക്കിൾ ഹാർട്ടിനെ പ്രേരിപ്പിച്ചതും.

THE 100: A RANKING OF THE MOST INFLUENTIAL PERSONS IN HISTORY എന്ന പുസ്തകം ഒരു സാധാരണ ചരിത്രഗ്രന്ഥമല്ല. മറിച്ച്, മനുഷ്യർക്ക് ചരിത്രത്തിലെ വ്യക്തികളുടെ യഥാർത്ഥ സ്വാധീനം തിരിച്ചറിയാനും താരതമ്യം ചെയ്യാനും സഹായിക്കുന്ന ഗവേഷണാത്മക കൃതി തന്നെയാണ്. ലോകചരിത്രത്തെ പഠിക്കാൻ ഒരു പുതിയ ദിശ നൽകുകയും മതങ്ങൾ തമ്മിലുള്ള താരതമ്യം, ശാസ്ത്ര സാംസ്‌കാരിക സ്വാധീനം, രാഷ്ട്രീയ നേതൃത്വം എല്ലാം ഒരൊറ്റ പുസ്തകത്തിൽ അവതരിപ്പിച്ചു എന്നുള്ളതും ഈ കൃതിയുട ശ്രദ്ധേയമായ പ്രത്യേകതകളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter