അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 195-200) ക്ഷമയും തഖ്‌വയും

ഈ പേജോടെ ഈ സൂറ അവസാനിക്കുകയാണ്.

 

കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചത് ചില ദുആകളായിരുന്നു. ആകാശഭൂമികളടക്കമുള്ള വലിയ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സത്യവിശ്വാസികള്‍ ചെയ്തിരുന്ന ചില ദുആകള്‍. അവര്‍ അങ്ങനെ പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു നല്‍കിയ മറുപടിയാണ് ഇനി പറയുന്നത്.

പ്രാര്‍ഥന മാത്രം പോരാ, പ്രവൃത്തിയും വേണമെന്ന് ഉണര്‍ത്തുകയാണ്.  

 

സല്‍കര്‍മങ്ങള്‍ക്ക് ഏറ്റവും നല്ല പ്രതിഫലം അല്ലാഹു നല്‍കും. ഒന്നും പാഴാക്കിക്കളയുകയില്ല. ആണും പെണ്ണുമെന്ന വ്യത്യാസം അതിലില്ല. ആണും പെണ്ണും ചേര്‍ന്നതാണല്ലോ മനുഷ്യവര്‍ഗം. കര്‍മങ്ങള്‍ക്ക് ഫലം ലഭിക്കുന്നതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല.

 

സത്യവിശ്വാസവും സല്‍കര്‍മവും കൊണ്ടുനടക്കുന്നവര്‍ക്ക് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നേക്കാം. അനിവാര്യഘട്ടങ്ങളില്‍ നാടും വീടും മറ്റു താല്‍പര്യങ്ങളും ഉപേക്ഷിക്കേണ്ടതായും വന്നേക്കാം. വിവിധ തരത്തിലുള്ള മര്‍ദ്ദനങ്ങളും ചിലപ്പോള്‍ യുദ്ധങ്ങള്‍ തന്നെ നടക്കുകയും കൊല്ലപ്പെടുകയും ചെയ്‌തേക്കാം.

 

ഇതെല്ലാം അനുഭവിക്കേണ്ടിവരുമ്പോള്‍ ഒരിക്കലും നഷ്ടബോധം തോന്നേണ്ടതില്ല. പാപപരിഹാരവും സ്വര്‍ഗപ്രവേശനവുമാണ് റബ്ബ്  വാഗ്ദാനം ചെയ്യുന്നത്. അനുഗ്രഹങ്ങളും സുഖാനുഭൂതികളും നിലച്ചുപോകാത്ത സ്വര്‍ഗം തരാന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കു കഴിയും? ഏറ്റവും മികച്ച, ഉന്നതമായ പ്രതിഫലങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാണല്ലോ ഉള്ളത്.

 

فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَىٰ ۖ بَعْضُكُمْ مِنْ بَعْضٍ ۖ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِنْ دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ثَوَابًا مِنْ عِنْدِ اللَّهِ ۗ وَاللَّهُ عِنْدَهُ حُسْنُ الثَّوَابِ (195)

 

തത്സമയം തങ്ങളുടെ നാഥന്‍ അവരോടു പ്രതികരിച്ചു: പുരുഷനോ സ്ത്രീയോ ആകട്ടെ, നിങ്ങളില്‍ ഒരു പ്രവര്‍ത്തകന്‍റെ കര്‍മവും ഞാന്‍ ഫലശൂന്യമാക്കില്ലതന്നെ. നിങ്ങളില്‍ ചിലര്‍ മറ്റു ചിലരില്‍ നിന്ന് ജനിച്ചവരാണ് (നിങ്ങളെല്ലാം ഒരേ വര്‍ഗമാണല്ലോ.) അതുകൊണ്ട് ആദര്‍ശ സംരക്ഷണാര്‍ത്ഥം പലായനം ചെയ്യുകയും സ്വഗൃഹങ്ങളില്‍ നിന്നു ബഹിഷ്‌കൃതരാവുകയും എന്‍റെ മാര്‍ഗത്തില്‍ മര്‍ദിതരാവുകയും പുണ്യസമരം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ അവര്‍ക്കു ഞാന്‍ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അടിയിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശനം നല്‍കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പ്രതിഫലമത്രേ ഇത്. അവങ്കലാകുന്നു ഉദാത്ത പ്രതിഫലം.

അടുത്ത ആയത്ത് 196-198

 

അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന സത്യവിശ്വാസികള്‍ ഇഹലോകജീവിതത്തില്‍ പല വിഷമങ്ങളും നേരിടേണ്ടിവരാറുണ്ട്. അതേസമയം, അല്ലാഹുവിനെ ധിക്കരിച്ച് ജീവിക്കുന്ന സത്യനിഷേധികള്‍ സര്‍‌വവിധ സുഖാഢംഭരങ്ങളില്‍ മുഴുകുകയും എല്ലായിടത്തും സഞ്ചരിക്കുകയും തലങ്ങും വിലങ്ങും വിലസുകയും വിവിധ സ്ഥാനമാനങ്ങളലങ്കരിക്കുകയും മറ്റും ചെയ്യാറുമുണ്ട്. ഇതെല്ലാം കാണുമ്പോള്‍, സത്യനിഷേധികളോട് അല്ലാഹുവിന് സ്‌നേഹമുണ്ടായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. അതിനുള്ള മറുപടിയാണിത്.

 

ആ ധാരണ തെറ്റാണ്. സത്യനിഷേധികള്‍ക്ക് ഭൗതികസുഖങ്ങള്‍ നല്‍കുന്നത് കേവലം പരീക്ഷണാര്‍ഥമാണ്. അല്ലാഹു അവരെക്കുറിച്ച് സംതൃപ്തരാണെന്നതിന്‍റെ ലക്ഷണമല്ല അത്. ഭൗതിക ജീവിതം ക്ഷണികവും നശ്വരവും പരീക്ഷണഘട്ടവുമാണല്ലോ. ഇഹലോകം പ്രതിഫലത്തിന്‍റെ ഭവനവുമല്ല.

 

അധര്‍മകാരികള്‍ക്ക് കൂടുതല്‍ അനുകൂല ചുറ്റുപാടുകള്‍ നല്‍കി പിന്നെയും പിന്നെയും അല്ലാഹു പരീക്ഷണ വിധേയരാക്കും. അവയിലൊക്കെ പരാജയപ്പെടുന്ന നിഷേധി നൈമിഷികമായ ഈ ഭൗതിക ജീവിതം മതിയാക്കിച്ചെന്നാല്‍ പരലോകത്ത് കഠിനകഠോരവും ശാശ്വതവുമായ നരകമായിരിക്കും പ്രതിഫലം.

 

സത്യവിശ്വാസികള്‍ കഷ്ടപ്പെടുകയാണെങ്കില്‍തന്നെ അത് മരണം വരെ മാത്രമായിരിക്കും. അതിനുശേഷം അവര്‍ക്ക് ശാശ്വതമായ സ്വര്‍ഗമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള ആതിഥ്യമായി എന്തൊക്കെയായിരിക്കും അവര്‍ക്കവിടെ സജ്ജീകരിക്കപ്പെട്ടിരിക്കുക! അല്ലാഹുവിനേ അറിയൂ. പുണ്യവാന്മാരായ സത്യവിശ്വാസികള്‍ക്ക് അതുതന്നെയാണ് ഉത്തമം.

 

ഒരാള്‍ എത്ര കാലം ജീവിച്ചാലും ശാശ്വതമായ പാരത്രികജീവിതവുമായി തുലനം ചെയ്യുമ്പോള്‍ അത് വളരെ തുച്ഛമല്ലേ? 'നിങ്ങള്‍ ഭൂമിയില്‍ എത്രവര്‍ഷം താമസിച്ചുവെന്ന് പരലോകത്ത് മനുഷ്യനോട് ചോദിക്കുമ്പോള്‍ ഒരു ദിവസമോ അതിന്‍റെ അല്‍പമോ എന്നായിരിക്കും മറുപടി പറയുക' (അല്‍മുഅ്മിനൂന്‍ 113).

 

لَا يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُوا فِي الْبِلَادِ(196)

നിഷേധികള്‍ നാടുകളിലെങ്ങും നടത്തുന്ന സ്വൈരതാണ്ഡവം താങ്കളെ വഞ്ചിതനാക്കാനേ പാടില്ല-

مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ ۚ وَبِئْسَ الْمِهَادُ (197)

അതൊരു ക്ഷണികാസ്വാദനം മാത്രം. പിന്നീടവരുടെ വാസസ്ഥലം നരകമാണ്; അതെത്ര ദുഷിച്ച സങ്കേതം!

 

 لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِنْ عِنْدِ اللَّهِ ۗ وَمَا عِنْدَ اللَّهِ خَيْرٌ لِلْأَبْرَارِ (198)

എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ചവര്‍ക്ക് അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗങ്ങളാണുള്ളത്. അവരതില്‍ ശാശ്വതരാണ്-പടച്ചവന്‍റെ പക്കല്‍ നിന്നുള്ള ആതിഥ്യം! അവങ്കലുള്ളതത്രേ സജ്ജനങ്ങള്‍ക്ക് ഏറ്റം ഉദാത്തം.

 

അടുത്ത ആയത്ത് 199

 

വേദക്കാരെ പറ്റി പല ആക്ഷേപങ്ങളും ഈ അധ്യായത്തിന്‍റെ തുടക്കം മുതല്‍ തന്നെ സ്പഷ്ടമായി ഉന്നയിക്കുകയുണ്ടായല്ലോ. അത് അന്ധമായൊരു വര്‍ഗവിരോധമാണെന്ന് ആരും തെറ്റിദ്ധരിച്ചു പോകരുതെന്നാണിനി സൂചിപ്പിക്കുന്നത്.

 

അധ്യായം അവസാനിക്കുന്നതിനുമുമ്പ് അവരുടെ കൂട്ടത്തിലുള്ള സത്യസന്ധരെ പ്രശംസിക്കുകയാണ്. വേദക്കാരിലും ശ്രേഷ്ഠരായ വ്യക്തികളുണ്ടെന്നും അവര്‍ക്ക് പരലോകത്ത് അതിവിശിഷ്ടമായ സ്വര്‍ഗീയ സൗഖ്യങ്ങള്‍ അല്ലാഹു സജ്ജീകരിച്ചുവെച്ചിട്ടുണ്ടെന്നും അറിയിക്കുകയാണ്.

 

അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരും അവനെ ഭയപ്പെടുന്നവരുമാണ്. തങ്ങള്‍ക്കവതീര്‍ണമായ തൗറാത്തിലും ഇന്‍ജീലിലും മുസ്‌ലിംകള്‍ക്ക് ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലും വിശ്വസിക്കുന്നവരാണ്. തിരുനബി (صلى الله عليه وسلم) യുടെയും ഈ സമുദായത്തിന്‍റെയും വിശേഷണങ്ങളെക്കുറിച്ച് തങ്ങളുടെ വേദങ്ങളില്‍ പറഞ്ഞതൊന്നും, ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി അവര്‍ മറച്ചുവെക്കില്ല. സത്യത്തെ മാറ്റി മറിക്കുകയോ ദുര്‍വ്യാഖ്യാനം നടത്തുകയോ ചെയ്യില്ല.

 

ഈ ആയത്ത് ഇറങ്ങാനുള്ള കാരണം:

 

എത്യോപ്യയിലെ നജാശി (നേഗസ്) രാജാവ് മരിച്ച വിവരം തിരുനബി صلى الله عليه وسلم ക്ക് ജിബ്‌രീല്‍  عليه السلامഎത്തിച്ചുകൊടുക്കുകയുണ്ടായി. അവിടന്ന് ആ വിവരം സ്വഹാബികളെ അറിയിച്ചു: 'നിങ്ങളുടെ സഹോദരന്‍ നജാശി (ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിരുന്നു) മരണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന്‍റെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുക.' എന്നിട്ട് തിരുനബി صلى الله عليه وسلم യും സ്വഹാബത്തും വിശാലമായ സ്ഥലത്തുപോവുകയും തിരുനബി صلى الله عليه وسلمഅവരെ അണിയൊപ്പിച്ചുനിറുത്തി നമസ്‌കരിക്കുകയും ചെയ്തു (ബുഖാരി, മുസ്‌ലിം).

 

ഇതുകണ്ട മുനാഫിഖുകള്‍ കുപ്രചാരണം തുടങ്ങി: എത്യോപ്യയില്‍ മരിച്ച ഒരവിശ്വാസിയുടെ പേരില്‍ തിരുനബി صلى الله عليه وسلم നമസ്‌കരിക്കുന്നു എന്ന്. തല്‍സമയമാണ് ഈ ആയത്തവതരിച്ചത് (ഇബ്‌നു കസീര്‍ 1:443).

 

 وَإِنَّ مِنْ أَهْلِ الْكِتَابِ لَمَنْ يُؤْمِنُ بِاللَّهِ وَمَا أُنْزِلَ إِلَيْكُمْ وَمَا أُنْزِلَ إِلَيْهِمْ خَاشِعِينَ لِلَّهِ لَا يَشْتَرُونَ بِآيَاتِ اللَّهِ ثَمَنًا قَلِيلًا ۗ أُولَٰئِكَ لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ ۗ إِنَّ اللَّهَ سَرِيعُ الْحِسَابِ (199)

ഇനി, വേദക്കാരില്‍ ഇങ്ങനെയുള്ളവരുമുണ്ട്: അല്ലാഹുവിലും, നിങ്ങളിലേക്കും തങ്ങളിലേക്കും അവതീര്‍ണമായ വേദങ്ങളിലും വിശ്വസിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യും അവര്‍. അവന്‍റെ വചനങ്ങളവര്‍ തുച്ഛവിലക്കു വില്‍ക്കില്ല. തങ്ങളുടെ പ്രതിഫലം നാഥങ്കല്‍ അവര്‍ക്കുണ്ടായിരിക്കും. അവന്‍ അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു.

 

وَمَا أُنْزِلَ إِلَيْكُمْ

നിങ്ങളിലേക്ക് അവതീര്‍ണമായതിലും -അതായത് വിശുദ്ധ ഖുര്‍ആനിലും- അവര്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞത്, വേദക്കാരില്‍ നിന്ന് ഇസ്‌ലാം അംഗീകരിക്കുകയും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വിശ്വസിക്കുകയും ചെയ്തവരെക്കുറിച്ചാണ്. ഇത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

 

കാരണം, ചില വേദ പാതിരിമാര്‍, ഇതുപോലെയുള്ള ചില ആയത്തുകളുടെ മുമ്പും പിമ്പും ഒഴിവാക്കി, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വിശ്വസിക്കാത്ത ക്രിസ്ത്യാനികള്‍ക്കും രക്ഷയുണ്ടെന്ന് ഖുര്‍ആനിലുണ്ട് എന്ന് തട്ടിവിടാറുണ്ട്. അത് തെറ്റാണെന്ന് ഇവിടെ നിന്ന് മനസ്സിലാക്കാം.

 

 وَإِنَّ مِنْ أَهْلِ الْكِتَابِ لَمَنْ يُؤْمِنُ بِاللَّهِ

വളരെ കുറച്ചുപേര്‍ മാത്രമേ ജൂതന്മാരുടെ കൂട്ടത്തില്‍ നിന്ന് ഇങ്ങനെ ഇസ്‌ലാം  സ്വീകരിച്ചിരുന്നുള്ളൂ. പത്തുപേര്‍ പോലും തികയില്ല.  

 

അതേസമയം, ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ പലരുമുണ്ടായിരുന്നു. ആദ്യം തങ്ങളുടെ വേദത്തിലും പിന്നീട് വിശുദ്ധ ഖുര്‍ആനിലും തിരുനബി صلى الله عليه وسلم യിലും വിശ്വസിച്ചതുകൊണ്ട് അവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്. ഇരട്ടി പ്രതിഫലമാണവര്‍ക്ക് നല്‍കപ്പെടുക (സൂറത്തുല്‍ഖസ്വസ്വ് 54).

 

അബൂമൂസല്‍ അശ്അരീ (رحمه الله) ഉദ്ധരിച്ച ഒരു ഹദീസിങ്ങനെയാണ്: ‘മൂന്ന് വിഭാഗത്തിന് അല്ലാഹു രണ്ടിരട്ടി പ്രതിഫലം നല്‍കും. വേദക്കാരില്‍ നിന്ന് തന്‍റെ പ്രവാചകനിലും എന്നിലും വിശ്വസിച്ചവന്‍. അല്ലാഹുവിനോടുള്ള കടമയും തന്‍റെ യജമാനനോടുള്ള കടമയും നിര്‍വ്വഹിച്ച അടിമ. സ്വന്തം അടിമസ്ത്രീക്ക് നല്ല വിദ്യാഭ്യാസവും സംസ്കാരവും നല്‍കിയശേഷം സ്വതന്ത്രയാക്കി വിടുകയും, പിന്നീടവളെ വിവാഹം ചെയ്യുകയും ചെയ്തവനും.’ (ബുഖാരി, മുസ്‍ലിം).

അടുത്ത ആയത്ത് 200

 

വിശുദ്ധ ദീനും അതിമഹത്തായൊരു ജീവിതസംഹിതയും കൈവശമുള്ള മുസ്‌ലിംകള്‍ക്ക്, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിജയം വരിക്കാനുള്ള  മാര്‍ഗനിര്‍ദേശവുമായാണ് സൂറത്ത് അവസാനിക്കുന്നത്.

 

അസത്യത്തെയും ദൈവ നിഷേധത്തെയും പ്രതിരോധിച്ച് സത്യവും ധര്‍മവും നീതിയും പുനഃസ്ഥാപിക്കാന്‍ ബാധ്യസ്ഥരാണ് മുസ്‌ലിംകള്‍. അതിന്നവര്‍ അങ്ങേയറ്റം ക്ഷമയും സഹനവും കൈക്കൊള്ളണം. ക്ഷമ വിജയത്തിന്‍റെ ഏറ്റവും അനിവാര്യവും സുപ്രധാനവുമായ ഘടകമാണല്ലോ. ആ പ്രതിരോധത്തിന് സര്‍വ സന്നാഹങ്ങളോടുംകൂടി സദാ സന്നദ്ധരായി, ജാഗരൂകരായി നിലകൊള്ളണം. എല്ലാറ്റിലുമുപരി അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുജീവിക്കണം... ഇതൊക്കെയാണ് വിജയിക്കാനുള്ള വഴികള്‍.

 

സത്യത്തിന്‍റെ പുനഃസ്ഥാപനം ത്യാഗനിര്‍ഭരമാണ്. കല്ലുംമുള്ളും നിറഞ്ഞ ദുര്‍ഘടപാതയാണത്. അടിയുറച്ച വിശ്വാസവും സൂക്ഷ്മതയും സ്പഷ്ടമായ ലക്ഷ്യബോധവും കൈമുതലാക്കി ജീവിച്ചതുകൊണ്ടാണ് നമ്മുടെ പൂര്‍വികന്മാര്‍ക്ക് ഇവിടെ ചരിത്രങ്ങള്‍ രചിക്കാനായത്. ഖുര്‍ആന്‍റെ വെളിച്ചം ലോകത്ത് പ്രസരണം ചെയ്യുകയായിരുന്നു അവര്‍.

 

ശാസ്ത്രീയ ജാഹിലിയ്യത്ത് കൊടികുത്തിവാഴുന്ന ആധുനിക ലോകത്തിന് വഴികാണിക്കാന്‍ വിശുദ്ധ ഇസ്‌ലാമിനു മാത്രമേ കഴിയൂ എന്ന നഗ്നസത്യം ലോകം തിരിച്ചറിയണം. തികച്ചും ഇസ്‍ലാമികമായി ജീവിച്ച് നമ്മളത് ലോകത്തിന് കാണിച്ചുക്കൊടുക്കുകയും വേണം.

 

 يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ (200)

 

ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും നിസ്തുലമായ സഹനം കൈക്കൊള്ളുകയും അസത്യത്തിനെതിരെ പ്രതിരോധ സജ്ജരാവുകയും ചെയ്യുക. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുക-നിങ്ങള്‍ വിജയം വരിച്ചേക്കാം.

 

ശത്രുക്കളുടെ ചതിപ്രയോഗങ്ങളും ഗൂഢാലോചനകളും ഏശാതിരിക്കാന്‍, മുസ്‍ലിംകള്‍ ക്ഷമയും തഖ്‌വയും മുറുകെപ്പിടിക്കുകയാണ് ചെയ്യേണ്ടതെന്ന് ഇതേ അധ്യായം 120 ലും അല്ലാഹു പറഞ്ഞിട്ടുണ്ട്. (وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا) ആ രണ്ടു കാര്യങ്ങളും ഇവിടെയും എടുത്തുപറഞ്ഞിരിക്കുകയാണ്.

 

وَرَابِطُوا

പ്രതിരോധസന്നദ്ധതയാണ് ഇവിടെ പറഞ്ഞ മറ്റൊരു കാര്യം. ശത്രുവിന്‍റെ ഭാഷയും ശൈലിയും രീതിയും സ്വഭാവവും പഠിച്ച് അതേ രൂപത്തില്‍ പ്രതിരോധിക്കണം. ഈ യോഗ്യതകളുണ്ടെങ്കില്‍ വിജയം നിങ്ങളുടെ പക്ഷത്തായിരിക്കും.

 

يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا

 

വിശുദ്ധ ഖുരആന്‍ നിരന്തരം പഠിപ്പിക്കുന്ന വലിയ പാഠങ്ങളിലൊന്നാണ് ക്ഷമ. സ്വന്തം താല്പര്യങ്ങള്‍ നിയന്ത്രിച്ച് മനസിനെ പാകപ്പെടുത്തുന്ന പ്രക്രിയയാണ് ക്ഷമ. സ്വര്‍ഗമാണതിന്‍റെ പ്രതിഫലം. 

 

എല്ലാ പ്രവാചകന്‍മാരും പ്രബോധനപാതയില്‍ ക്ഷമയുടെ മാധുര്യം അനുഭവിച്ചവരാണ്. ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ അവര്‍ ക്ഷമിച്ചു. അവര്‍ക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്തു. തിരുനബി (صلى الله عليه وسلم) ഥാഇഫിലെത്തിയപ്പോള്‍, അവിടത്തുകാര്‍ തൊടുത്തുവിട്ട അതിക്രമങ്ങള്‍ അതിഭീകരമായിരുന്നല്ലോ. ഈ ഥാഇഫുകാരെ രണ്ട് മലകള്‍ക്കിടയില്‍ വെച്ച് ശിക്ഷിക്കട്ടെയെന്ന മലക്കിന്‍റെ ചോദ്യത്തിന്, അവരുടെ ജനതയില്‍ നിന്നും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു സമൂഹമുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നല്ലേ തിരുനബി صلى الله عليه وسلم പറഞ്ഞത്! ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.

وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ 

 

തടയുക എന്നർഥം വരുന്ന وقى എന്ന പദത്തിൽ നിന്നാണ് തഖ്‌വ എന്ന പദം ഉണ്ടായത്. തിന്മകളിൽ നിന്ന് മനസ്സിനെ പിടിച്ചു നിർത്തലാണത്. വിലക്കപ്പെട്ടത് ഒഴിവാക്കണം. അനുവദിക്കപ്പെട്ട ചില കാര്യങ്ങൾ ഒഴിവാക്കുക കൂടി ചെയ്യുമ്പോൾ അത് സമ്പൂർണമാകും.

 

എന്താണ് തഖ്‌വ എന്ന് ഉമര്‍(رضي الله عنه) ചോദിച്ചപ്പോള്‍, അബ്ദുല്ലാഹിബ്നു അബ്ബാസ്(رضي الله عنهما) നല്കിയ മറുപടി പ്രസിദ്ധമാണല്ലോ. കല്ലും മുള്ളും കുപ്പിച്ചീളുകളുമുള്ള വഴിയിലൂടെ എങ്ങനെയാണ് ഉമറേ, താങ്കള്‍ നടക്കാറുള്ളത് എന്നായിരുന്നു ഇബ്നു അബ്ബാസ് رضي الله عنهما ന്‍റെ മറുചോദ്യം. “വളരെ കരുതലോടെ; സൂക്ഷിച്ച്”- ഉമര്‍ رضي الله عنه ന്‍റെ മറുപടി കേട്ടപ്പോള്‍ ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: “അതാണ് തഖ്‌വ”.

 

ഇന്നത്തെ കാലം തിന്മകള്‍ പുതഞ്ഞുമൂടിയ കാലമാണ്. കാണാനും കേള്‍ക്കാനുമുള്ളതെല്ലാം തിന്മകള്‍. വഴിയില്‍ കല്ലും മുള്ളും കരിമ്പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നു. തിന്മയുടെ ഒരു ചെറിയ കല്ലുപോലും കാലില്‍ തറയ്ക്കാതെ, ചെറിയൊരു നോവുപോലുമില്ലാതെ ജീവിക്കാന്‍ സാധിക്കണം. തിന്മകള്‍ ഈമാനിനെ പരിക്കേല്പിക്കുന്ന മുള്ളുകളാണ്. 

 

നിങ്ങള്‍ തഖ്‌വയുള്ളവരാകുക എന്നത് അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ഒരു വസ്വിയ്യത്ത് കൂടിയാണ്. അത് പാലിച്ചുജീവിക്കാന്‍ അല്ലാഹു സഹായിക്കട്ടെ-ആമീന്‍.

 

മുത്തഖീങ്ങളായി ജീവിക്കുന്നവ൪ക്ക് അല്ലാഹു ദുനിയാവിലും ആഖിറത്തിലും നിരവധി പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്:

 

  1. പ്രതിസന്ധികളില്‍ പോംവഴികള്‍ ഏ൪പ്പെടുത്തിത്തരും.
  2. ഉപജീവനം ലഭിക്കും.

3.കാര്യങ്ങളെല്ലാം എളുപ്പമാകും

4.മികച്ച പ്രതിഫലം ലഭിക്കും.

5.ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടും.

  1. ക൪മ്മങ്ങള്‍ സ്വീകരിക്കപ്പെടും.

7.സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവുണ്ടാകും.
8.തിന്മകള്‍ മായ്ച്ചുകളയും.
9. പാപങ്ങള്‍ പൊറുത്തു തരും.

  1. വിലായത്ത് ലഭിക്കും.
  2. വിജ്ഞാനം ലഭിക്കും.
  3. അല്ലാഹുവിന്‍റെ കാരുണ്യം ലഭിക്കും.
  4. ആകാശ ഭൂമികളില്‍ നിന്ന് ബറക്കത്ത് ലഭിക്കും.

14.രണ്ടു ലോകത്തും സന്തോഷ വാ൪ത്ത ലഭിക്കും.

  1. വിജയിക്കും.
  2. അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കും.
  3. അല്ലാഹു കൂടെയുണ്ടാകും.
  4. അല്ലാഹുവിന്‍റെ അടുക്കല്‍ ആദരവ് ലഭിക്കും.
  5. അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ആദരിക്കാന്‍ കഴിയും.

21.ഖു൪ആനിന്‍റെ സാന്‍മാ൪ഗികത്വം പ്രയോജനപ്പെടും.

23.മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ

  1. മരണ സമയത്ത് മലക്കുകളുടെ സ്വാഗതവും അനുമോദനവും.

25.അന്തിമ വിജയം.

26.പിശാചിന്‍റെ ദു൪ബോധനമുണ്ടായാല്‍ അല്ലാഹുവിനെ ഓര്‍മ വരും

 

അല്ലാഹു നമ്മെ ക്ഷമിക്കുന്നവരിലും മുത്തഖീങ്ങളിലും ചേര്‍ത്തുതരട്ടെ-ആമീന്‍.

 

الحمد لله ഈ സൂറ ഇവിടെ അവസാനിച്ചിരിക്കുന്നു. കൂടുതല്‍ പഠിക്കാനും പകര്‍ത്താനും അല്ലാഹു സഹായിക്കട്ടെ-ആമീന്‍.

---------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter