അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 122-132) പലിശ

ഉഹുദ് യുദ്ധത്തെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്. തിരുനബി صلى الله عليه وسلم സ്വഹാബികളുമായി കൂടിയാലോചന നടത്തിയതും പിന്നെ മക്കാസൈന്യത്തെ പ്രതിരോധിക്കാന്‍ പുറപ്പെട്ടതും വഴിയില്‍വെച്ച് മുനാഫിഖുകള്‍ പിന്മാറിയതും, യുദ്ധത്തിനിടെ അമ്പെയ്ത്തുകാരുടെ അശ്രദ്ധ മൂലം മുസ്‍ലിം പക്ഷത്തിനേറ്റ പ്രയാസങ്ങളും പറഞ്ഞിരുന്നു.

 

ഉഹുദിലേക്കുള്ള വഴിമധ്യേ 300 പേര്‍ ശൗത്ത് എന്ന സ്ഥലത്തുവെച്ച് മടങ്ങിയ കാര്യവും പറഞ്ഞിരുന്നല്ലോ. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യും അയാളുടെ കൂട്ടുകാരുമായിരുന്നു ഇങ്ങനെ മടങ്ങിയത്. ആ സന്ദര്‍ഭത്തില്‍ ഖസ്‌റജ് ഗോത്രത്തില്‍ പെട്ട ബനൂഹാരിസ, ഔസ് ഗോത്രത്തില്‍ പെട്ട ബനൂസലിമ എന്നീ രണ്ട് കുടുംബങ്ങളും പേടിച്ച് പിന്മാറാനൊരുങ്ങി. മുസ്‌ലിം സൈന്യത്തിന്‍റെ ഇരുവശത്തും പാര്‍ശ്വ സേനകളായി നിറുത്തപ്പെട്ടിരുന്നത് അവരായിരുന്നു.

 

എന്നാല്‍, അവര്‍ സത്യവിശ്വാസികളായിരുന്നതുകൊണ്ട് അല്ലാഹു അവര്‍ക്ക് ധൈര്യവും സ്ഥൈര്യവും നല്‍കി. സൈന്യത്തിന്‍റെ കൂടെ അവരുറച്ചുനിന്നു. അങ്ങനെ ശേഷിച്ച 700 പേരോടുകൂടിയാണ് നബി صلى الله عليه وسلم ഉഹുദിലെത്തിയത്. ഇക്കാര്യമാണിനി പറയുന്നത്.

 

إِذْ هَمَّتْ طَائِفَتَانِ مِنْكُمْ أَنْ تَفْشَلَا وَاللَّهُ وَلِيُّهُمَا ۗ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(122)

 

നിങ്ങളിലുള്ള രണ്ടു സംഘം-അല്ലാഹു അവരുടെ സംരക്ഷകനായിരിക്കെ-ഭയപ്പെട്ടു പിന്മാറാനാലോചിച്ച സന്ദര്‍ഭവും സ്മരണീയമാണ്. സത്യവിശ്വാസികള്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. 

 

അവര്‍ മനപ്പൂര്‍വം ചെയ്ത അനുസരണക്കേടോ കൊള്ളരുതായ്മയോ  ആയിരുന്നില്ല അതെന്ന് وَاللَّهُ وَلِيُّهُمَا എന്ന വാക്യത്തില്‍ നിന്ന് മനസ്സിലാക്കാം. ഭീതിജനകമായ ആ സാഹചര്യത്തില്‍ അവരങ്ങനെ ആലോചിച്ചുപോയതാണ്.

 

അടുത്ത ആയത്ത് 123

 

ബദ്റും ഉഹുദും മുസ്‍ലിംകള്‍ക്ക് വലിയ  പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ മഹാസംഭവങ്ങളാണ്. അനുസരണം, ക്ഷമ, അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍ - ഈ കാര്യങ്ങളില്‍ ഒരു പോരായ്മയും വരാന്‍ പാടില്ല എന്നതാണ് ഉഹുദിലെ പാഠം.  

 

ആള്‍പ്പെരുപ്പമോ ആയുധ ബലമോ അല്ല, വിശ്വാസവും സമര്‍പ്പണവും അനുസരണവുമാണ് ശരിയായ വിജയത്തിന് നിദാനം - ഇതാണ് ബദ്റിലെ പാഠം. അതുകൊണ്ടാണ് ബദ്റില്‍ അല്ലാഹുവിന്‍റെ സാഹയം ലഭിച്ചത്. ഇക്കാര്യമണിനി പറയുന്നത്.

 

 وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ (123)

നിങ്ങള്‍ ബലഹീനരായിരിക്കെ ബദ്‌റിലും അല്ലാഹു നിങ്ങളെ സഹായിക്കുക തന്നെ ചെയ്തു. അതിനാല്‍ കൃതജ്ഞരായിരിക്കാനായി അവനെ സൂക്ഷിക്കുക.

 

ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ പതിനേഴിന് വെള്ളിയാഴ്ചയാണ് ബദ്ര്‍ യുദ്ധം നടന്നത്. മുസ്‌ലിംകള്‍ മുന്നൂറില്‍പരം പേര്‍ മാത്രമാണുണ്ടായിരുന്നത്. എണ്ണം കുറവാണെന്നതിനുപുറമെ, അറബികളന്ന് സാധാരണ കൈവശം വെക്കാറുള്ള ചുരുക്കം ചില ആയുധങ്ങളും രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. അങ്ങനെ, എണ്ണത്തിലും വണ്ണത്തിലുമെല്ലാം ശത്രുക്കളെക്കാള്‍ വളരെ കുറവായിരുന്നതുകൊണ്ടാണ് അവരെപ്പറ്റി أَذِلَّةٌ (ബലഹീനര്‍) എന്ന് അല്ലാഹു വിശേഷിപ്പിച്ചത്.

 

നിങ്ങളെത്ര അശക്തരായൊരു സംഘമായിരുന്നിട്ടും ബദ്‌റില്‍ അല്ലാഹു നിങ്ങളെ സഹായിച്ച്, വിജയം നല്‍കി. എണ്ണം കൊണ്ടോ ആയുധബലം കൊണ്ടോ അല്ല വിജയം ലഭിക്കുന്നത്. അത് അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ട് ഉഹ്ദില്‍ സംഭവിച്ചപോലെയുള്ള പാകപ്പിഴകള്‍ വരാതെ -അല്ലാഹുവിനെ സൂക്ഷിച്ചും അവനില്‍ കാര്യങ്ങള്‍ അര്‍പ്പിച്ചുംകൊണ്ട്- ശത്രുക്കളെ നേരിട്ടാല്‍ വിജയം തീര്‍ച്ചയാണ്.

 

അങ്ങനെ, നിങ്ങള്‍ക്ക് സന്തോഷിക്കാം. അല്ലാഹുവിനോട് കൃതജ്ഞരാവുകയും ചെയ്യാം. ബദ്ര്‍ യുദ്ധം ഇതിനൊരു ഉദാഹരണമാണല്ലോ എന്നൊക്കെയാണ് അല്ലാഹു സത്യവിശ്വാസികളെ അല്ലാഹു ഓര്‍മിപ്പിക്കുന്നത്.

 

فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ 

നന്ദിയുള്ളവരാകാനാണ് അല്ലാഹു നിങ്ങളെ സഹായിച്ചതെന്ന പരാമര്‍ശം ശ്രദ്ധിക്കണം. ബദ്ര്‍ യുദ്ധം ലോകചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സംഭവമാണല്ലോ. മുസ്‌ലിംകള്‍ യുദ്ധം പ്രതീക്ഷിച്ചിട്ടേയില്ലായിരുന്നു. ശത്രുക്കളാകട്ടെ, ഇസ്‌ലാമിനെ ഉന്മൂലനാശം വരുത്താന്‍ ശപഥം ചെയ്ത് മുഴുസന്നാഹങ്ങളോടുംകൂടിയാണ് വന്നത്.

 

നിരായുധരായ മുസ്‌ലിംകളുടെ മൂന്നിരട്ടിവരുന്ന സായുധസേന! ഈയൊരു സാഹചര്യത്തില്‍, ഇത്രയും ചെറിയ സംഘം യുദ്ധം ജയിച്ചുവെന്നത് വിശ്വസിക്കാനാകുമോ? അല്ലാഹുവിന്‍റെ സഹായമാണിതിന് നിമിത്തമായത്. അതുകൊണ്ട് അവന് നിങ്ങള്‍ കൃതജ്ഞത രേഖപ്പെടുത്തണമെന്നാണ് പറയുന്നത്.

 

അടുത്ത ആയത്ത് 124, 125

 

ബദ്‌റിലെ ആ മഹത്തായ സഹായവും മഹാവിജയവും ലഭിച്ച സന്ദര്‍ഭം വിവരിക്കുകയാണിനി.

 

ബദ്ര്‍ യുദ്ധത്തില്‍ മലക്കുകളും പങ്കെടുത്തിരുന്നല്ലോ. എല്ലാ പോരാട്ടങ്ങളിലും അവരുടെ സാന്നിധ്യമുണ്ടാകുമെങ്കിലും ആയുധമെടുത്ത് യുദ്ധത്തിനിറങ്ങിയത് ബദ്‌റില്‍ മാത്രമാണ്.

 

മുസ്‌ലിംകളും മുശ്‌രിക്കുകളും രണാങ്കണത്തിലെത്തി. തിരുനബി صلى الله عليه وسلم രംഗം നിരീക്ഷിച്ചു. ഘനഗംഭീരമായ അന്തരീക്ഷം. സത്യവും അസത്യവും പരസ്യമായേറ്റുമുട്ടാന്‍ പോകുന്ന ഒന്നാം രംഗം. പക്ഷേ, സത്യത്തിന്‍റെ പക്ഷത്ത് മുന്നൂറില്‍ പരം ആളുകള്‍ മാത്രം. അതും നിരായുധര്‍! മറുപക്ഷത്ത് അശ്വരൂഢരും സര്‍വായുധ വിഭൂഷിതരുമായ ആയിരം പേര്‍...!

 

തിരുനബി صلى الله عليه وسلم ഖിബ്‌ലക്കഭിമുഖമായി നിന്നു. കൈകളുയര്‍ത്തി ദുആ ചെയ്തു: 'അല്ലാഹുവേ, എന്നോട് നീ വാഗ്ദാനം ചെയ്ത സഹായം ഇപ്പോള്‍ നിറവേറ്റിത്തരേണമേ; ഈ കൊച്ചുസംഘം നശിപ്പിക്കപ്പെടുകയാണെങ്കില്‍ പിന്നെ ഈ ഭൂമുഖത്ത് നീ ആരാധിക്കപ്പെടുകയില്ല, തീര്‍ച്ച'. തിരുനബി صلى الله عليه وسلم ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.

 

ഇതിനിടക്ക് തിരുനബി  صلى الله عليه وسلم യുടെ മേല്‍ത്തട്ടം താഴെ വീണു. സ്വിദ്ദീഖ്(رضي الله عنه) അതെടുത്ത് പൂര്‍വസ്ഥാനത്ത് വെച്ചുകൊടുത്ത ശേഷം തിരുനബി صلى الله عليه وسلمയെ പിന്നില്‍ നിന്ന് അണച്ചുപിടിച്ചിങ്ങനെ പറഞ്ഞു: 'നബിയേ, അങ്ങ് അല്ലാഹുവിന്‍റെ മുമ്പില്‍ സമര്‍പ്പിച്ച ഈ അപേക്ഷ ധാരാളം മതി. അവനങ്ങയെ സഹായിക്കുകതന്നെ ചെയ്യും.'

 

തല്‍സമയം, ആയിരം മലക്കുകളെ കൊണ്ട് ഞാന്‍ നിങ്ങളെ സഹായിക്കും എന്ന് അല്ലാഹു അറിയിച്ചു (അല്‍അന്‍ഫാല്‍ 9).

 

പിന്നീട്, ഇനിയുള്ള ആയത്തുകളില്‍ വ്യക്തമാക്കിയതുപോലെ മുവ്വായിരമായും ശേഷം അയ്യായിരമായും വര്‍ധിപ്പിച്ചു. സര്‍വ്വായുധരായിത്തന്നെ അവര്‍ ഘോരഘോരം യുദ്ധം ചെയ്തുവെന്നു ഹദീസുകളിലും ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലുമുണ്ട്.

(കൂടുതല്‍ വിവരങ്ങള്‍ സൂറത്തുല്‍ അന്‍ഫാലില്‍ വരുന്നുണ്ട് إن شاء الله .)

 

 إِذْ تَقُولُ لِلْمُؤْمِنِينَ أَلَنْ يَكْفِيَكُمْ أَنْ يُمِدَّكُمْ رَبُّكُمْ بِثَلَاثَةِ آلَافٍ مِنَ الْمَلَائِكَةِ مُنْزَلِينَ (124)

മൂവായിരം മലക്കുകളെയിറക്കി നാഥന്‍ സഹായിക്കുകയെന്നത് നിങ്ങള്‍ക്കു മതിയാവില്ലേ എന്നു വിശ്വാസികളോട് അങ്ങു ചോദിച്ച സന്ദര്‍ഭം സ്മര്‍ത്തവ്യമത്രേ.

 

 بَلَىٰ ۚ إِنْ تَصْبِرُوا وَتَتَّقُوا وَيَأْتُوكُمْ مِنْ فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُمْ بِخَمْسَةِ آلَافٍ مِنَ الْمَلَائِكَةِ مُسَوِّمِينَ (125)

(അല്ലാഹു അരുളി:) അതെ, നിങ്ങള്‍ ക്ഷമയും സൂക്ഷ്മതയും പാലിക്കുകയും ശത്രുക്കള്‍ തല്‍ക്ഷണം വന്നെത്തുകയുമാണെങ്കില്‍ വ്യതിരിക്തലക്ഷണമുള്ള (യുദ്ധത്തിന്‍റെ പ്രത്യേക അടയാളങ്ങളോടുകൂടിയ) അയ്യായിരം മലക്കുകള്‍ മുഖേന നാഥന്‍ നിങ്ങള്‍ക്കു പിന്‍ബലമേകുന്നതാണ് 

 

مُسَوِّمِينَ - സവിശേഷ പരിശീലനം നല്‍കപ്പെട്ടവര്‍, പ്രത്യേക യൂണിഫോമിലുമുള്ളവര്‍ എന്നാണുദ്ദേശ്യം.

 

കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലുമൊക്കെ ക്ഷമിക്കുകയാണെങ്കില്‍, അല്ലാഹുവിനെക്കുറിച്ചുള്ള ബോധത്തോടെയും സൂക്ഷ്മതയോടെയും മുന്നോട്ടുപോവുകയാണെങ്കില്‍ അല്ലാഹുവിന്‍റെ സഹായം സുനിശ്ചിതമാണെന്നാണിവിടെ നിന്ന് മനസ്സിലാക്കേണ്ടത്. സത്യവിശ്വാസികളുടെ മുഖമുദ്രയാണല്ലോ ഈ സ്വഭാവങ്ങള്‍.

 

അടുത്ത ആയത്ത് 126, 127

 

മലക്കുകളെ അയച്ച് സഹായിക്കുമെന്ന് അല്ലാഹു പറഞ്ഞത്, സത്യവിശ്വാസികളെ സന്തോഷിപ്പിക്കാനും മനഃസമാധാനം നല്‍കാനും വേണ്ടിയായിരുന്നു. അതാണിനി വ്യക്തമാക്കുന്നത്.

 

സര്‍വായുധ വിഭൂഷിതരായ, തങ്ങളെക്കാള്‍ മൂന്നിരട്ടിയുള്ള ശത്രുസൈന്യത്തെ കാണുന്ന ചെറുസൈന്യത്തിന് സ്വാഭാവികമായും ചാഞ്ചല്യമുണ്ടാകുമല്ലോ. അതുകൊണ്ട് പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്ന വിജയസാധ്യതകള്‍ അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. അതാണ്, പരിശീലനം സിദ്ധിച്ച മലക്കുകളെത്തന്നെ നിങ്ങള്‍ക്കയച്ചുതന്നിരിക്കുന്നുവെന്ന് പറഞ്ഞത്. അത്രയും മലക്കുകളെ യുദ്ധസന്നദ്ധരായി കാണുമ്പോള്‍ ഉന്മേഷവും സാമാധാനവുമുണ്ടാകുമല്ലോ.

 

അല്ലാതെ, അവര്‍ കാരണം സഹായവും വിജയവും ലഭിക്കാന്‍ വേണ്ടിയല്ല. നിങ്ങളെ സഹായിക്കാന്‍ മലക്കുകളെ അയക്കണമെന്നൊന്നും അല്ലാഹുവിന് നിര്‍ബന്ധമില്ല. മാത്രമല്ല, ആയുധങ്ങളും സന്നാഹങ്ങളുമൊക്കെ എത്രയധികമുണ്ടെങ്കിലും ശത്രുക്കള്‍ വിജയിക്കുക എന്നതും അനിവാര്യമൊന്നുമല്ല.

 

കാരണം, സഹായം അല്ലാഹുവില്‍ നിന്ന് മാത്രം ലഭിക്കുന്നതാണ്. മലക്കുകളെ ഇറക്കിയതുകൊണ്ടോ എണ്ണ-വണ്ണ വലിപ്പം കൊണ്ടോ അത് ലഭിക്കണമെന്നില്ല.

 

അല്ലാഹു പ്രതാപവാനാണ്, യുക്തിമാനുമാണ്. ആരെ സഹായിക്കണം, എങ്ങനെ സഹായിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവനാണ്. മാധ്യമങ്ങളുടെയും കാരണങ്ങളുടെയും ആവശ്യമൊന്നും അവന്നില്ല. പക്ഷേ, സാധാരണഗതിയില്‍ കാര്യകാരണ ബന്ധങ്ങളോടെയേ അവന്‍ പ്രവര്‍ത്തിക്കൂ. അതുകൊണ്ടാണ് മലക്കുകളെ യോദ്ധാക്കളാക്കി അയച്ചത്.

 

അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, മലക്കുകളെ ഇറക്കാതെയും, യുദ്ധം നടത്താതെ പോലും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതാണ്.

 

എന്നാല്‍ പിന്നെ, യുദ്ധം ചെയ്യണമെന്നും ശത്രുക്കളുമായി ഏറ്റുമുട്ടണമെന്നുമൊക്കെ കല്‍പിക്കുന്നത് എന്തിനാണെന്ന് ചോദിച്ചേക്കാം. അതിനുള്ള ഉത്തരമാണ് 127 ലുള്ളത്.

 

നിങ്ങളുടെ ശത്രുക്കളായ അവിശ്വാസികളില്‍ കുറേ ആളുകള്‍ നശിച്ചും, കുറേ ആളുകള്‍ ബന്ധനത്തിലകപ്പെട്ടും മറ്റുമായി അവരുടെ ശക്തി ക്ഷയിക്കണം, അങ്ങനെ അവര്‍ പരാജിതരും നിരാശരുമായിത്തീരണം. അതിനുവേണ്ടിയാണത്. എന്നല്ലാതെ, അവിശ്വാസികളെ മുഴുവന്‍ വധിക്കുകയല്ല ഉദ്ദേശ്യം.

 

وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُمْ بِهِ ۗ وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ الْعَزِيزِ الْحَكِيمِ (126)

അല്ലാഹു ആ സഹായം ഏര്‍പെടുത്തിയത് നിങ്ങള്‍ക്ക് ശുഭകരമായും മനഃസമാധാനത്തിനു വേണ്ടിയുമാണ്;-പ്രതാപശാലിയും യുക്തിമാനുമായ അവങ്കല്‍ നിന്നു മാത്രമാണു സഹായം-

 

 لِيَقْطَعَ طَرَفًا مِنَ الَّذِينَ كَفَرُوا أَوْ يَكْبِتَهُمْ فَيَنْقَلِبُوا خَائِبِينَ (127)

നിഷേധികളിലൊരു സംഘത്തെ നശിപ്പിക്കാനോ നിന്ദ്യരാക്കാനോ വേണ്ടിയും. അപ്പോഴവര്‍ തോറ്റു പിന്തിരിഞ്ഞു പോകും.

 

സാധാരണഗതിയില്‍ കാര്യകാരണ ബന്ധങ്ങളോടെയാണ് അല്ലാഹു പ്രവര്‍ത്തിക്കുന്നത്. ഹിജ്‌റ വേളയില്‍ തിരുനബി صلى الله عليه وسلم യും സ്വിദ്ദീഖ്(رضي الله عنه) വും ഒളിച്ചിരുന്ന ഗുഹയില്‍ നിന്ന് ശത്രുക്കളെ തിരിച്ചുവിടാനും അല്ലാഹു ഒരു മാധ്യമം സ്വീകരിച്ചിരുന്നല്ലോ-ചിലന്തിവല.

 

ഈ വക മാധ്യമങ്ങളുമൊന്നുമില്ലെങ്കിലും അല്ലാഹുവിന്‍റെ സഹായവും അനുഗ്രഹവുമുള്ളവരേ വിജയിക്കൂ. സഹായം അവിടെ നിന്ന് വരണമെന്നര്‍ത്ഥം.

 

لِيَقْطَعَ طَرَفًا مِنَ الَّذِينَ كَفَرُوا أَوْ يَكْبِتَهُمْ

സത്യനിഷേധികളിലെ ഒരു കൂട്ടത്തെ നശിപ്പിച്ചുകളയാനാണ്, അല്ലെങ്കില്‍ അവരെ നിന്ദ്യരാക്കാനാണിങ്ങനെ അല്ലാഹു മുസ്‍ലിംകളെ സഹായിച്ചത്. ബദ്ര്‍ യുദ്ധത്തില്‍ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളും സംഭവിച്ചു.

 

ശിര്‍ക്കിന്‍റെ വന്‍മരങ്ങള്‍ കടപുഴകി വീണു, വധിക്കപ്പെട്ടു. നിരവധി പേര്‍ തടവുകാരായി പിടിക്കപ്പെട്ടു. അങ്ങനെയവര്‍ നിന്ദ്യരായി മാറി.

പ്രതികാരത്തിനുവേണ്ടി ദാഹിച്ചു. ആ തീരുമാനവുമായാണ് ബദ്‌റില്‍ നിന്നുതന്നെ അവര്‍ തിരിച്ചുപോയത്. അങ്ങനെയാണ് ഉഹുദുണ്ടായതും.

അടുത്ത ആയത്ത് 128

 

ഉഹ്ദ് യുദ്ധത്തില്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സ്വഹാബികള്‍ക്കും പല അത്യാഹിതങ്ങളും സംഭവിക്കുകയുണ്ടായല്ലോ. തിരുനബി صلى الله عليه وسلم യുടെ പല്ല് പൊട്ടുകയും മുഖം പൊട്ടി രക്തമൊലിക്കുകയും ചെയ്തിരുന്നു.

 

അന്ന് കൂടുതല്‍ അതിക്രമം കാണിച്ച ചില മുശ്‌രിക്കുകള്‍ക്കെതിരെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ദുആ ചെയ്തു. അവിടന്ന് പറഞ്ഞത്രെ: 'അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന സ്വന്തം നബിയോട് ഇങ്ങനെ ചെയ്ത ഒരു ജനത എങ്ങനെ വിജയിക്കും?'

 

യുദ്ധത്തിന് നേതൃത്വം നല്‍കിയ ചില ഖുറൈശീ നേതാക്കളുടെ പേരെടുത്തുപറഞ്ഞ് അവര്‍ക്കെതിരെ സ്വുബ്ഹ് നമസ്‌കാരത്തിലെ രണ്ടാം റക്അത്തില്‍ ഇഅ്തിദാലില്‍ ഖുനൂത്തോതി തിരുനബി صلى الله عليه وسلم ദുആ ചെയ്യുകയും ചെയ്തു. അപ്പോഴായിരുന്നു ഇനിയുള്ള ആയത്ത് അവതരിച്ചത്.

 

എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ നിര്‍ണയമനുസരിച്ചാണ് നടക്കുക എന്നും ക്ഷമ കൈക്കൊള്ളണമെന്നുമാണ് തിരുനബി صلى الله عليه وسلم യോട് പറയുന്നത്. ഇന്ന ആളുകള്‍ സന്‍മാര്‍ഗികളാണെന്നും ദുര്‍മാര്‍ഗികളാണെന്നുമുള്ള വിധി കല്‍പിക്കാനോ മറ്റോ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അധികാരമില്ല. അത്അല്ലാഹുവിന്‍റെ അധികാരാവകാശമാണ്.

 

അവിശ്വാസിയും ദുര്‍മാര്‍ഗിയുമായവന്‍, പിന്നീട് ഖേദിച്ച് മടങ്ങി നന്നാവുകയും അല്ലാഹു അവനെ സ്വീകരിക്കുകയും ചെയ്‌തെന്നുവരാം. അല്ലെങ്കില്‍ അവര്‍ അക്രമികളാണെന്ന നിലക്ക് അവരെ ശിക്ഷിക്കുകതന്നെ ചെയ്‌തെന്നും വരാം. അന്തിമമായ തീരുമാനമെല്ലാം അല്ലാഹുവിങ്കലാണുള്ളത്.

 

തിരുനബി صلى الله عليه وسلم മേല്‍പറഞ്ഞ ഖുനൂത്തില്‍ പേരെടുത്തുപറഞ്ഞവര്‍ പിന്നീട് മുസ്‍ലിംകളായിട്ടുണ്ട്. ഇസ്‌ലാമിന്‍റെ കഠിന വിരോധികളായിരുന്ന പലരും പിന്നീട് വിശ്വസിക്കുകയും, പ്രമുഖ സ്വഹാബികളായി മാറുകയും അവരെക്കൊണ്ട് ദീനിനൊരുപാട് നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുമുണ്ട്.

 

 لَيْسَ لَكَ مِنَ الْأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ فَإِنَّهُمْ ظَالِمُونَ (128)

നബിയേ, കാര്യങ്ങളില്‍ ഒരധികാരവും താങ്കള്‍ക്കില്ല; അവര്‍ പശ്ചാത്തപിച്ച് അല്ലാഹുവത് സ്വീകരിക്കുകയോ അതിക്രമികളായതു കൊണ്ട് ശിക്ഷിക്കുകയോ ചെയ്യുന്നതുവരെ (താങ്കള്‍ ക്ഷമിക്കുക). 

 

അടുത്ത ആയത്ത് 129

128 ആം ആയത്തിലെ ആശയം ഒന്നുകൂടി ദൃഢപ്പെടുത്തുകയാണ്. പ്രപഞ്ചത്തിന്‍റെ അധിപനാണ് അല്ലാഹു. ആകാശഭൂമികളിലും പുറത്തുമെല്ലാം എന്തൊക്കെയുണ്ടോ അതെല്ലാം അല്ലാഹുവിന്‍റെ ആധിപത്യത്തിലാണ്.

 

സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ മഹത്ത്വം മനസ്സിലാക്കി അവനെ അംഗീകരിക്കുകയാണ് വേണ്ടത്. പശ്ചാത്തപിച്ച് മടങ്ങാനവര്‍ ഒരുക്കമാണെങ്കില്‍ അല്ലാഹു അവരെ സ്വീകരിക്കും. അല്ലാത്തപക്ഷം ശിക്ഷിക്കുകയും ചെയ്യും. അതെല്ലാം അല്ലാഹുവിന്‍റെ അധികാരമാണ്.

 

 وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ يَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۚ وَاللَّهُ غَفُورٌ رَحِيمٌ (129)

ഭുവന-വാനങ്ങളിലുള്ളതെല്ലാം അല്ലാഹുവിന്‍റേതാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പാപമോചനം നല്‍കുകയും ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണവന്‍.

 

അടുത്ത ആയത്ത് 130

 

മൗലികമായ പല വിഷയങ്ങളും യുദ്ധസംബന്ധമായ കുറേ കാര്യങ്ങളും വിവരിച്ച ശേഷം, നിത്യജീവിതത്തില്‍ സത്യവിശ്വാസികള്‍ അറിയേണ്ട,  അനുഷ്ഠിക്കേണ്ട ചില വിധിവിലക്കുകളും ഉപദേശ നിര്‍ദ്ദേശങ്ങളും നല്‍കുകയാണിനി. ശത്രുക്കള്‍ കൊണ്ടുനടക്കുന്ന മോശം സ്വഭാവങ്ങളെല്ലാം ഒഴിവാക്കി, സത്യവിശ്വാസികളെ ഉത്തമ സമുദായമാക്കി മാറ്റാന്‍ പര്യാപ്തമായ ഉപദേശനിര്‍ദ്ദേശങ്ങളാവ.

 

പലിശ നിരോധമാണ് ആദ്യവിഷയം.

 

ജാഹിലിയ്യാ കാലത്തൊരു പതിവുണ്ടായിരുന്നു. അവധി നിശ്ചയിച്ച് കടം കൊടുക്കും. അവധി ആയിട്ടും കടം വീട്ടാന്‍ കഴിയാതെ വന്നാല്‍ സംഖ്യ വര്‍ധിപ്പിക്കും, അവധി കൂട്ടിക്കൊടുക്കുകയും ചെയ്യും. വീണ്ടും കഴിയാതെ വന്നാല്‍ സംഖ്യ വര്‍ധിപ്പിക്കുകയും അവധി കൂട്ടിക്കൊടുക്കുകയും ചെയ്യും. ഇങ്ങനെ പല കൊല്ലങ്ങള്‍ ഇത് തുടര്‍ന്നുപോകുന്നതിനാല്‍ ചെറിയ സംഖ്യ വാങ്ങിയ ആള്‍ ഭീമമായ തുക വീട്ടേണ്ടിവരും.

 

ഈ മഹാചൂഷണം ചൂണ്ടിക്കാണിച്ച്, സത്യവിശ്വാസികളോട് അങ്ങനെ ചെയ്യരുതെന്ന് പറയുകയാണ്.

 

സാധാരണ പലിശ ഇസ്‌ലാം അനുവദിക്കുന്നു എന്നല്ല ഇതിന്‍റെ അര്‍ഥം. ഇരട്ടിക്കിരട്ടി എന്ന് ഇവിടെ പ്രത്യേകം പറഞ്ഞത്, ഈ ഒരു രീതിയെ പ്രത്യേകം മനസ്സിലാക്കിത്തരാനാണ്.

 

ഇവിടെ പറഞ്ഞ അമിതപ്പലിശതന്നെ മറ്റു പല രീതികളിലും ഇന്ന് നിലവിലുണ്ട്.

'ബ്ലെയ്ഡ്' എന്ന പേരിലാണ് ഇന്നിത് അറിയപ്പെടുന്നത്. വാങ്ങുന്നവരെ കൊന്നുകളയാന്‍ മാത്രം കടുപ്പമുണ്ടതിന്! നാട്ടില്‍ ബ്ലേഡ്‌ കമ്പനികള്‍ സുലഭമാണ്. പറയുന്ന പേപ്പറുകളില്‍ ഒപ്പിടേണ്ട താമസം, കൈകളില്‍ കാശെത്തും. നാടുമുഴുക്കെ സര്‍വസജ്ജരായ ഏജന്‍റുമാരുമുണ്ട്‌.

 

 يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُضَاعَفَةً ۖ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ (130)

സത്യവിശ്വാസികളേ, മേല്‍ക്കുമേല്‍ ഇരട്ടിയായി നിങ്ങള്‍ പലിശ തിന്നരുത്; വിജയം വരിക്കേണ്ടതിനു അല്ലാഹുവിനെ സൂക്ഷിക്കുക;

 

പലിശ സംബന്ധമായ പല കാര്യങ്ങളും സൂറത്തുല്‍ ബഖറ 275 ല്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. പ്രത്യേക ഉപാധികളോ വിശേഷണങ്ങളോ ഒന്നും കൂടാതെയാണ് അവിടെ പലിശ നിഷിദ്ധമാക്കിയത്. ഇവിടെ പലിശ ഉപയോഗിക്കരുതെന്ന് വിലക്കിയപ്പോള്‍, മേല്‍ക്കുമേല്‍ ഇരട്ടിയായി തിന്നരുത് لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً എന്ന് പ്രത്യേകം പറഞ്ഞു.

 

ഇങ്ങനെ പറഞ്ഞതുകൊണ്ട്, ഇരട്ടിക്കണക്കിന് വാങ്ങുന്ന പലിശ മാത്രമേ ഹറാമുള്ളൂ എന്നോ, പലിശക്കാരുടെ ഭാഷയിലുള്ള ‘മിതപ്പലിശ’ക്ക് കുഴപ്പമില്ലെന്നോ ഇതിനര്‍ത്ഥമില്ല. ഏതിനം പലിശയും പാടെ നിഷിദ്ധം തന്നെയാണ്.

 

ചില ഭൗതികവാദികളും, ഗുണകാംക്ഷികളായി ചമഞ്ഞ് മുസ്‍ലിംകളെ ദീനില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്ന ചിലരും ഇസ്‌ലാമില്‍ ‘മിതപ്പലിശ’ക്ക് വിരോധമില്ലെന്നും ‘ഇരട്ടിപ്പലിശ’ മാത്രമാണ് വിരോധിക്കപ്പെട്ടതെന്നും തട്ടിവിടാറുണ്ട്. أَضْعَافًامُضَاعَفَة എന്ന ഈ വാക്ക് തെളിവായി പൊക്കിക്കാണിക്കുകയും ചെയ്യും.

 

പലിശ  വാങ്ങുന്നതും  കൊടുക്കുന്നതും  വന്‍പാപമായാണ് ഇസ്‍ലാം കാണുന്നത്. നമ്മളത് ഒഴിവാക്കിയേ തീരൂ. പലിശയുമായി ബന്ധപ്പെടുന്ന എക്കൌണ്ടുകള്‍ മാറ്റണം. ബാങ്കുമായി ബന്ധപ്പെടാതെ ജീവിക്കാന്‍ പ്രയാസകരമായ ഈ കാലത്ത്, പരമാവധി സൂക്ഷിച്ച് കറന്‍റ് എക്കൌണ്ടുകള്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. ഇസ്‍ലാമിക് ബാങ്കിംഗ് സൌകര്യമുള്ളിടത്ത്, അവ മാത്രം ആശ്രയിക്കുക.

 

പലിശരഹിത വായ്പാ സംവിധാനങ്ങളും കൂട്ടായ്മകളും മഹല്ലടിസ്ഥാനത്തിലും മറ്റുമൊക്കെ സജീവമാക്കാന്‍ സാധിച്ചാല്‍ ഒരുപരിധി വരെയെങ്കിലും ഈ മഹാവിപത്തില്‍ നിന്ന് സമുദായാംഗങ്ങളെ രക്ഷപ്പെടുത്താം.

 

തിരുനബി(صلى الله عليه وسلم) പറയുന്നു: " ഏഴ്  വൻപാപങ്ങള്‍ നിങ്ങളൊഴിവാക്കണം. ഏതെല്ലാമാണതെന്ന് അനുചരര്‍ ചോദിച്ചു. തിരുനബി(صلى الله عليه وسلم) മറുപടി പറഞ്ഞു:  "അല്ലാഹുവിനോട് പങ്കുചേര്‍ക്കുക, മാരണം, നിരപരാധിയെ വധിക്കുക, പലിശ തിന്നുക, അനാഥയുടെ ധനം ഭക്ഷിക്കുക, യുദ്ധവേളയില്‍ പിന്തിരിഞ്ഞോടുക, പതിവ്രതകളായ വിശ്വാസിനികളുടെ പേരില്‍ അപരാധം പറയുക എന്നിവയാണവ". (ബുഖാരി)

 

തിരുനബി(صلى الله عليه وسلم) പറയുന്നു:  "പലിശയുടെ ഒരു ദിര്‍ഹം പോലും 36 പ്രാവശ്യം വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്" (അഹ്‍മദ്). 

 

തിരുനബി(صلى الله عليه وسلم) പറയുന്നു:  "പലിശ എഴുപതു തരമുണ്ട്.  അതില്‍ ചെറിയ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്"  (തിര്‍മിദി)

 

ജാബിര്‍(رضي الله عنه) പറയുന്നു: തിരുനബി(صلى الله عليه وسلم), പലിശ വാങ്ങുന്നവനെയും പലിശ കൊടുക്കുന്നവനെയും ആ ഇടപാടു എഴുതുന്നവനെയും രണ്ടു സാക്ഷികളേയും ശപിക്കുകയും, അവരെല്ലാവരും ഒരു പോലെയാണെന്ന് പറയുകയും ചെയ്തിരിക്കുന്നു" (മുസ്‍ലിം).

 

അടുത്ത ആയത്ത് 131,132

 

പലിശയടക്കമുള്ള ഗുരുതരമായ തെറ്റുകള്‍ ചെയ്താല്‍, സത്യനിഷേധികള്‍ക്ക് തയ്യാറാക്കിയ നരകത്തില്‍ നിങ്ങള്‍ നിപതിച്ചുപോകുകയായിരിക്കും ഫലം. അല്ലാഹുവിനെയും അവന്‍റെ തിരുദൂതരെയും صلى الله عليه وسلم അനുസരിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതാണ് റബ്ബിന്‍റെ കാരുണ്യം ലഭിക്കാനുള്ള മാര്‍ഗം.

وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ (131)

നിഷേധികള്‍ക്കായി സജ്ജീകൃതമായ നരകം സൂക്ഷിക്കുക;

 

 وَأَطِيعُوا اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ (132)

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക-നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം.

 

أُعِدَّتْ എന്ന് പറഞ്ഞതുകൊണ്ട്, സ്വര്‍ഗവും നരകവും നേരത്തെത്തന്നെ തയ്യാറാക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.

 

നരകം സൂക്ഷിക്കണമെന്ന് താക്കീത് ചെയ്തപ്പോള്‍, أُعِدَّتْ لِلْكَافِرِينَ എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്. പ്രധാനമായും നരകം അവിശ്വാസികളെ ഉദ്ദേശിച്ചാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. എങ്കിലും, കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സത്യവിശ്യാസികള്‍ക്കും നരകശിക്ഷ അനുഭവിക്കേണ്ടിവരും. പലിശപോലെയുള്ള കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരുന്നാല്‍ അവിശ്വാസികളുടെ കൂട്ടത്തില്‍ പെട്ടുപോകുമോ എന്ന് പേടിക്കുകയും വേണം – ഇത്തരം സൂചനകളെല്ലാം ഈ പ്രയോഗത്തിലുണ്ട്.

 

------------------------


 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter