അധ്യായം 6. സൂറത്തുല്‍ അന്‍ആം - (Ayath 28-35) ആകാശത്തേക്കൊരു കോണി

സത്യനിഷേധികള്‍ നരകത്തിന്മേല്‍ നിറുത്തപ്പെടുന്ന രംഗമാണ് കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്. ഒരിക്കല്‍കൂടി ദുന്‍യാവിലേക്ക് മടക്കപ്പെടുകയും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കാതിരിക്കുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് അവര്‍ പറയുന്ന രംഗം..! 

ഈ രംഗം കാണുമ്പോള്‍, ദുന്‍യാവില്‍ വെച്ച് മറച്ചുവെച്ചിരുന്നത് ഇപ്പോഴവര്‍ക്കു ബോധ്യപ്പെട്ടു എന്നാണിനി പറയുന്നത്. തിരുനബി (صلى الله عليه وسلم) പഠിപ്പിക്കുന്നതും ഖുര്‍ആന്‍റെ അധ്യാപനങ്ങളുമൊക്കെ സത്യസന്ധമാണ് എന്നു ബോധ്യപ്പെട്ടിരുന്ന കാര്യമാണ് അവര്‍ മറച്ചുവെച്ചിരുന്നത്.

നരകം കണ്‍മുന്നില്‍ കണ്ടപ്പോഴാണ്, ഭൂലോകത്തേക്ക് മടങ്ങിപ്പോകാന്‍ ഒരവസരമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നവരാഗ്രഹിക്കുന്നത്. അങ്ങനെയൊരവസരംകൂടി നല്‍കി ദുന്‍യാവിലേക്ക് തിരിച്ചയച്ചു എന്നുതന്നെ കരുതുക - എന്നാലും ഇതുതന്നെയാകും അവസ്ഥ. അവരുടെ ഭാവം മാറും. നരകവും കൊടുംശിക്ഷയുമൊക്കെ അവര്‍ മറന്നുകളയും. പഴയതുപോലെ താന്തോന്നികളായി ജീവിക്കും.

സത്യവിശ്വാസം സ്വീകരിക്കാനുള്ള താല്പര്യം കൊണ്ടൊന്നുമല്ല, ഒരവസരം കൂടി തരുമോ എന്ന് ചോദിച്ചത്. കണ്‍മുന്നില്‍ കണ്ട ഭീകര ശിക്ഷയില്‍ നിന്ന് രക്ഷപ്പെടണം... അതിനൊരു തന്ത്രം മാത്രമാണത്. തിരിച്ചുചെന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് ജീവിക്കാമെന്ന് പറയുന്നത് തനികള്ളമാണ്.

بَلْ بَدَا لَهُمْ مَا كَانُوا يُخْفُونَ مِنْ قَبْلُ ۖ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ (28)

അല്ല, ദുന്‍യാവില്‍ വെച്ച് മറച്ചുവെച്ചിരുന്നത് ഇപ്പോഴവര്‍ക്കു വെളിപ്പെട്ടിരിക്കുകയാകുന്നു. മടക്കി അയക്കപ്പെട്ടാല്‍ തന്നെ നിരോധിതകാര്യങ്ങള്‍ തന്നെയാണ് വീണ്ടുമവര്‍ അനുവര്‍ത്തിക്കുക. നുണ പറയുക തന്നെയാണവര്‍, തീര്‍ച്ച.

وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ (29)

ജീവിതമെന്നത് ഞങ്ങളുടെ ഈ ഐഹികജീവിതം മാത്രമാണ്, ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതല്ല എന്ന് അവര്‍ ജല്‍പിച്ചു.

وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ

ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ നിലപാടും ചിന്തിക്കണം. ഇപ്പറയുന്നതൊക്കെ മറ്റുള്ളവരെക്കുറിച്ചല്ലേ.... നമ്മളെ ബാധിക്കില്ലല്ലോ എന്ന് കരുതരുത്.

എന്തെങ്കിലും ആപത്തുകള്‍ വരുമ്പോള്‍ റബ്ബിനോട് കരഞ്ഞുപറയുന്നവരാണ് നാം. നിസ്കാരം, ദിക്റ്-ഓത്ത് എല്ലാം അന്നേരം കൂടും... അതില്‍ നിന്ന് രക്ഷപ്പെട്ടാലോ, പഴയ പോലെയാവുകയും ചെയ്യും. അത്തരം നിലപാടുകള്‍ പാടില്ലെന്നാണിവിടെ നിന്ന് മനസ്സിലാക്കേണ്ടത്.

അടുത്ത ആയത്ത് 30

നരകം കാണുമ്പോഴുള്ള രംഗമാണിതുവരെ പറഞ്ഞത്. ഇനി സാക്ഷാല്‍ റബ്ബിന്‍റെ മുന്നിലെത്തിയാലെന്തായിരിക്കും അവരുടെ അവസ്ഥ!? അതാണിനി പറയുന്നത്.

അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കായി സത്യനിഷേധികളും ബഹുദൈവ വിശ്വാസികളുമൊക്കെ ഹാജറാക്കപ്പെടുന്ന സന്ദര്‍ഭം! അതീവ ഭയാനകമായ രംഗം!

അല്ലാഹു അവരോട് ചോദിക്കും: ‘പുനരുത്ഥാനം സത്യമാണെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യമായില്ലേ?!’ ‘നാഥന്‍ തന്നെ സത്യം, ബോധ്യമായി’ എന്നവര്‍ പ്രതികരിക്കും. വേറെ എന്തു മറുപടി നല്‍കാനാണ്?

അന്നേരം, ഈ ശിക്ഷ തികച്ചും ന്യായമാണെന്നും എന്താണതിന് കാരണമെന്നും റബ്ബ് വ്യക്തമാക്കും: `നിങ്ങളുടെ നിഷേധമാണ്‌ ഈ ശിക്ഷക്ക്‌ കാരണം. അതുകൊണ്ടത്  ആസ്വദിച്ചു കൊള്ളുക'.

വല്ലാത്തൊരു നിസ്സഹായാവസ്ഥ തന്നെ. ശിക്ഷ ഏറ്റുവാങ്ങാന്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടായാല്‍, ഒഴിഞ്ഞുമാറാന്‍ ആര്‍ക്കാണ് കഴിയുക? അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.

وَلَوْ تَرَىٰ إِذْ وُقِفُوا عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَٰذَا بِالْحَقِّ ۚ قَالُوا بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ (30)

തങ്ങളുടെ നാഥങ്കല്‍ അവര്‍ നിറുത്തപ്പെടുന്ന രംഗം താങ്കള്‍ കാണുകയാണെങ്കില്‍...! ഈ പുനരുത്ഥാനം യാഥാര്‍ത്ഥ്യം തന്നെയല്ലേ എന്ന് അവന്‍ ചോദി ക്കുമ്പോള്‍ ഞങ്ങളുടെ നാഥന്‍ തന്നെ സത്യം, വസ്തുത തന്നെ എന്നവര്‍ പ്രതികരിക്കും. നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുകഎന്ന് അവന്‍ അരുളുന്നതാണ്.

وَلَوْ تَرَىٰ

‘ഈ രംഗം താങ്കള്‍ കാണുകയാണെങ്കില്‍’ എന്ന വചനം ഉത്തരം പറയാതെ നിര്‍ത്തിയിരിക്കുന്നത്‌ ഗൗരവം സൂചിപ്പിക്കാനാണ്; അത് അത്യന്തം ഭയാനകമായിരിക്കുമെന്നര്‍ഥം. ഈ വിചാരണക്കുശേഷമാണ്‌ 27-ആം ആയത്തില്‍ പറഞ്ഞപോലെ അവര്‍ നരകവക്കില്‍ ഹാജറാക്കപ്പെടുക.

إِذْ وُقِفُوا عَلَىٰ رَبِّهِمْ

അല്ലാഹുവിന്‍റെ മുന്നിലെ നിറുത്തം വലിയൊരു  വിഷയമാണ്. രണ്ടു നിറുത്തമാണ് മനുഷ്യന് റബ്ബിന്‍റെ മുന്നിലുള്ളതെന്ന് മഹാന്മാര്‍ പറയാറുണ്ട്. നിസ്കാരത്തിലെ നിറുത്തമാണ് ആദ്യത്തേത്. രണ്ടാമത്തേത് ഇപ്പറഞ്ഞ വിചാരണസമയത്തെ നിറുത്തവും. ഒന്നാം നിറുത്തം പരമാവധി ശരിയാക്കിയാല്‍ രണ്ടാം നിറുത്തം എളുപ്പമാകും. മറിച്ചാണെങ്കില്‍ പ്രയാസകരവും. ഹിസാബിന്‍റെ സമയത്തും ഇബാദത്തുകളുടെ കൂട്ടത്തില്‍ ആദ്യം ചോദിക്കുന്നത് നിസ്കാരത്തെക്കുറിച്ചാണല്ലോ. അതെളുപ്പമായാല്‍ ബാക്കിയും എളുപ്പമാകും.

അല്ലാഹുവിനെ കണ്ടുമുട്ടേണ്ടിവരുമെന്നും അവന്‍റെ മുന്നില്‍ നില്‍ക്കേണ്ടിവരുമെന്നും വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്. സൂറത്തുല്‍ ബഖറ 223, സൂറത്തുസ്സ്വാഫ്ഫാത്ത് 24 ഉദാഹരണം.

വെറുതെ നില്‍ക്കുകയല്ലോ അവിടെ;. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടേ... അതിനൊരുങ്ങിയിട്ടുണ്ടോ? ഉത്തരങ്ങളൊക്കെ റെഡിയാക്കിവെച്ചിട്ടുണ്ടോ?! ആ മഹാസഭയില്‍വെച്ച് വിചാരണക്കുവേണ്ടി നമ്മുടെ പേര് വിളിക്കുന്ന സന്ദര്‍ഭമൊന്ന് ആലോചിച്ചുനോക്കൂ!

അല്ലാഹു പറഞ്ഞതുപോലെ, അശ്രദ്ധയിലാണ് പലരും.

اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ

(മനുഷ്യര്‍ക്ക് വിചാരണാവേള സമപീസ്ഥമായിക്കിഴിഞ്ഞിരിക്കുന്നു; അവരാകട്ടെ അശ്രദ്ധയിലായി പുറംതിരിഞ്ഞുപോവുകയാണ് - സൂറത്തുല്‍ അമ്പിയാഅ് 1).

വലിയ വലിയ ആളുകള്‍വരെ പേടിച്ചുവിറച്ചാണിവിടെ നിന്ന് പോയത്. അപ്പോള്‍പിന്നെ പാപികളായ നാം എത്രമാത്രം ജാഗരൂകരാകണം!

മഹാനായ അബൂബക്ര്‍  رضي الله عنهപറയുന്നത് നോക്കൂ:

لَوْ كَانَتْ إِحْدَى قَدَمِي فيِ الْجَنَّةِ وَالأُخْرَى خَارِجَهَا لَمَا أَمِنْتُ مَكْرَ الله!

(ഒരു കാല്‍ സ്വര്‍ഗത്തില്‍വെച്ചു, മറ്റേത് പുറത്തും. എന്നാലും ഞാന്‍ ശിക്ഷയെക്കുറിച്ച് നിര്‍ഭയനാകില്ല)

മഹാനായ ഉമറുബ്നുല്‍ ഖഥ്ഥാബ്  رضي الله عنهപറയുന്നതിങ്ങനെയാണ്:

لَوْ نُودِيَ لِيَدْخُلَ الْجَنَّةَ كُلُّ النَّاسِ إِلاَّ رَجُلاً وَاحِدًا لَخَشِيتُ أَنْ أَكُونَ أَنَا ذَلِكَ الرَّجُل

(ഒരാളൊഴികെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്നൊരു വിളംബരമുണ്ടായാല്‍, ആ ഒരാള്‍ ഞാനാകുമോ എന്നാണെന്‍റെ പേടി!)

മരണാസന്നനായ തന്‍റെ ഒട്ടകത്തെനോക്കി മഹാനായ അബുദ്ദര്‍ദാഅ്  رضي الله عنهഇങ്ങനെ പറയാന്‍ കാരണവും ഈ വിചാരണാ ഭയമത്രേ:

يَا أَيُّهَا الْبَعِير، لاَ تُخَاصِمْنِي إِلَى رَبِّكَ فَإِنِّي لَمْ أَكُنْ أُحَمِّلُكَ فَوْقَ طَاقَتِكَ

(നീയെന്നെക്കുറിച്ച് റബ്ബിന്‍റെ മുന്നില്‍ തര്‍ക്കിക്കരുത്; നിനക്ക് കഴിയാത്തതൊന്നും ഞാന്‍ നിന്നെക്കൊണ്ട് ചെയ്യിച്ചിട്ടില്ല!) തന്‍റെ കീഴിലെ ജോലിക്കാരോടോ വേലക്കാരോടോ അല്ല മഹാനവര്‍കളിങ്ങനെ പറയുന്നതെന്നോര്‍ക്കണം.

അടുത്ത ആയത്ത് 31

അല്ലാഹുവിനെ കണ്ടുമുട്ടേണ്ടിവരുമെന്നും, ഭൗതിക നേട്ടങ്ങളുടെ പിന്നാലെ അന്ധമായി ഓടിയാല്‍ അവസാനം ഖേദിക്കേണ്ടിവരുമെന്നും മുഴുവന്‍ പ്രവാചകന്മാരും കൃത്യമായി മുന്നറിയിപ്പ് നല്‍കിയ കാര്യമാണ്.

എന്നിട്ടും അല്ലാഹുവിനെയും മരണവും അനന്തമായ പാരത്രിക ജീവിതവും മറന്ന് വഴിതെറ്റിയ ജീവിതം നയിക്കുകയാണ് മനുഷ്യര്‍. മഹ്ശറില്‍ വെച്ച് കാര്യങ്ങളെല്ലാം അവര്‍ക്ക് ബോധ്യമാകും. അവിടത്തെ വിചാരണാവേളയില്‍, അയ്യോ മഹാകഷ്ടം, ഞങ്ങള്‍ വീഴ്ചവരുത്തിയല്ലോ എന്ന് കുമ്പസരിച്ച് പരിഹാസ്യരാവുകയും നരകാവകാശികളായി മാറുകയും ചെയ്യും. അതിന് വഴിയൊരുക്കേണ്ട എന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്.  

قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّهِ ۖ حَتَّىٰ إِذَا جَاءَتْهُمُ السَّاعَةُ بَغْتَةً قَالُوا يَا حَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَاءَ مَا يَزِرُونَ (31)

അല്ലാഹുവുമായുള്ള ദര്‍ശനം വ്യാജമാക്കിയവര്‍ നഷ്ടത്തിലാപതിച്ചതു തന്നെ! അങ്ങനെ യാദൃച്ഛികമായി അന്ത്യനാള്‍ വന്നെത്തുമ്പോള്‍ ഹാ ഞങ്ങളുടെ കാര്യം മഹാകഷ്ടം, ഞങ്ങളിതില്‍ വീഴ്ച വരുത്തിയല്ലോ എന്ന് അവര്‍ പരിഭവിക്കും. തങ്ങളുടെ കുറ്റകൃത്യങ്ങള്‍ സ്വന്തം മുതുകിലവര്‍ വഹിക്കുന്നതാണ്. അവര്‍ പേറുന്ന പാപഭാണ്ഡം എത്ര നികൃഷ്ടം!

وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ

‘കുറ്റകൃത്യങ്ങള്‍ സ്വന്തം മുതുകിലവര്‍ വഹിക്കും’ - ഇത് ഒരു ഉപമയാണ്. ശിക്ഷ അവര്‍ക്ക്‌ അനിവാര്യമായിരിക്കയാണല്ലോ. അപ്പോഴവര്‍ അതിന്‍റെ ഭാരം പേറിയവരെപ്പോലെയായി എന്നര്‍ഥം (ഖുര്‍ഥുബി 6:413).

അങ്ങനെ ഉപമാര്‍ത്ഥമോ ആലങ്കാരിക പ്രയോഗമോ അല്ല, ശരിക്കും അങ്ങനെ വഹിക്കേണ്ടിവരുമെന്നുതന്നെ പറയുന്ന ചില വ്യാഖ്യാതാക്കളുമുണ്ട്. അതായത്, കര്‍മങ്ങള്‍ക്ക്‌ ശരിക്കും ഘനരൂപം നല്‍കി വഹിപ്പിക്കപ്പെടും എന്നര്‍ത്ഥം.

ആ പാപഭാരം മാത്രമല്ല, ആ പാപവുമായ ബന്ധപ്പെട്ടവയൊക്കെയും വഹിച്ചുകൊണ്ടുവരേണ്ടിവരും എന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ഉദാഹരണമായി, മോഷ്ടിച്ചവന്‍ തൊണ്ടിമുതലും വഹിച്ചാണ് ഹാജറാക്കപ്പെടുക.  ഭൂമി മോഷ്ടിച്ചവന്‍ അതുമായും, അതിലെ മണ്ണും മുതുകിലേറ്റി വരും.

നമ്മുടെ പാപഭാരവും വഹിക്കേണ്ടിവരും, വേറെ ആരെയെങ്കിലും നമ്മള്‍ പിഴപ്പിച്ചിട്ടുണ്ടെങ്കില്‍ അതും വഹിക്കേണ്ടിവരും. നന്മയും അങ്ങനെത്തന്നെയാണ്. നമ്മള്‍ കാരണം നന്മ ചെയ്തവരുടെ പ്രതിഫലം, ഒട്ടു കുറയാതെ നമുക്കും കിട്ടുമെന്ന് ഹദീസുകളിലുണ്ടല്ലോ.

അടുത്ത ആയത്ത് 32

ഭൗതികതയുടെ നിസ്സാരതയും ക്ഷണികതയുമൊക്കെ നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ പഠിപ്പിക്കപ്പെട്ടതാണ്. മുഴുവന്‍ മുര്‍സലുകളും അക്കാര്യം ദൃഢീകരിക്കുകയും ചെയ്തു. പരലോകജീവിതമാണ്‌ ശാശ്വതം. അവിടേക്കുവേണ്ട ഒരുക്കങ്ങള്‍ ചെയ്യാനുള്ള വേദിയാണ് ഇഹലോകം.

വളരെ ചെറിയ ഈ ജീവിതം എത്രപെട്ടെന്നാണ് കഴിഞ്ഞുപോകുന്നത്‌! ആനന്ദകരമായൊരു സ്വപ്‌നം കണ്ടതുപോലെ മാത്രമാണ്, അവസാനം തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുക.

ഇഹലോകജീവിതമാണ് പരമലക്ഷ്യമെന്ന് കരുതി വഞ്ചിതരായിപ്പോകരുതെന്നാണ് അല്ലാഹു താക്കീത് ചെയ്യുന്നത്. ശാശ്വതമായ പരലോകജീവിതത്തിന് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്. ശരിയായി ചിന്തിക്കുന്നവര്‍ അങ്ങനെയാണ് ചെയ്യുക. ‘നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ’ എന്ന് പറഞ്ഞ് ആയത്ത് അവസാനിപ്പിച്ചതിലെ സൂചന അതാണ്.

 وَمَا الْحَيَاةُ الدُّنْيَا إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ الْآخِرَةُ خَيْرٌ لِلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ (32)

ഭൗതിക ജീവിതം കളിയും വിനോദ വും മാത്രമാണ്. എന്നാല്‍ സൂക്ഷ്മാലുക്കള്‍ക്ക് പാരത്രിക ജീവിതമാണ് ഉത്തമം. നിങ്ങളിത് ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? 

وَلَلدَّارُ الْآخِرَةُ خَيْرٌ لِلَّذِينَ يَتَّقُونَ

സൂക്ഷ്മത പാലിക്കാത്തവര്‍ക്ക് പരലോക ജീവിതം ഉത്തമമായിരിക്കയില്ല – മറിച്ച് ദുഷ്ക്കരമായാണ് അനുഭവപ്പെടുക എന്നൊരു സൂചന കൂടി ഇവിടെയുണ്ട്.

അടുത്ത ആയത്ത് 33

ഇനി തിരുനബി  صلى الله عليه وسلمയെ സമാധാനിപ്പിക്കുകയാണ് അല്ലാഹു. നിരന്തരം വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുത്തിട്ടും ആളുകള്‍ സത്യവിശ്വാസം സ്വീകരിക്കാത്തതില്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വലിയ വ്യസനമുണ്ടായിരുന്നു. അങ്ങനെ വ്യസനിക്കേണ്ടതില്ലെന്നു പറഞ്ഞ് അവിടത്തെ സമാധാനിപ്പിക്കുകയാണ്.

അവരുടെ നിഷേധം, ദുസ്തര്‍ക്കങ്ങള്‍ മുതലായവയെല്ലാം അല്ലാഹു അറിയുന്നുണ്ട്. സത്യത്തില്‍, അവര്‍ നിഷേധിക്കുന്നത് താങ്കളെയല്ല; നമ്മുടെ ദൃഷ്ടാന്തങ്ങളെയാണ്. താങ്കളോട് വ്യക്തിപരമായല്ല, നമ്മുടെ സന്ദേശങ്ങളോടാണവര്‍ക്ക് വിരോധം. അതുകൊണ്ട് താങ്കള്‍ സങ്കടപ്പെടേണ്ട.

അവതരണ പശ്ചാത്തലം: അഖ്‌നസുബ്‌നു ശരീഖ് ഒരിക്കല്‍ അബൂജഹ്‌ലുമായി കണ്ടുമുട്ടി. മറ്റാരും തന്നെ അവിടെയില്ലായിരുന്നു. ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തി അഖ്‌നസ് ഒരു ചോദ്യം തൊടുത്തുവിട്ടു: അബുല്‍ ഹകം, മറ്റാരും ഇവിടെയില്ല, അല്ലാഹുവിനെ മുന്‍നിറുത്തിയാണ് താങ്കളോടു ഞാന്‍ ചോദിക്കുന്നത് -മുഹമ്മദ് സത്യവാനോ വ്യാജനോ?! അബൂജഹ്ല്‍: അല്ലാഹു തന്നെ ശപഥം, മുഹമ്മദ് സത്യസന്ധന്‍ തന്നെയാണ്; ഇന്നുവരെ അവന്‍ വ്യാജം പറഞ്ഞിട്ടില്ല! അഖ്‌നസ് : എങ്കില്‍ പിന്നെ മുഹമ്മദിനെ പിന്തുടരാതെ നിങ്ങളെന്തു കൊണ്ട് തള്ളിക്കളയുന്നു? അബൂജഹ്ല്‍: നേതൃത്വത്തിനു വേണ്ടി ഞങ്ങള്‍ ബനൂഹാശിം ഗോത്രവുമായി കിടമത്സരത്തിലായിരുന്നു. അവര്‍ ചെയ്ത കാരുണ്യ-ജനക്ഷേമ പ്രവര്‍ത്തനങ്ങളൊക്കെ ഞങ്ങളും ചെയ്തു. ഇപ്പോഴവരില്‍ നിന്നു നബി വന്നിരിക്കുന്നു; ഇനി ഞങ്ങള്‍ എങ്ങനെ ഒരു നബിയെ കൊണ്ടുവരും?! അല്ലാഹുവാണ, ഞങ്ങളവനെ അംഗീകരിക്കുകയോ പിന്‍പറ്റുകയോ ചെയ്യില്ല തീര്‍ച്ച! ഈ പശ്ചാത്തലത്തിലാണ് സൂക്തമിറങ്ങിയത്.

ഈ ആയത്തിന്‍റെ അവതരണ പശ്ചാത്തലവുമായി ബന്ധപ്പെട്ട് വേറെയും അഭിപ്രായങ്ങളുണ്ട്.

قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذِي يَقُولُونَ ۖ  فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ الظَّالِمِينَ بِآيَاتِ اللَّهِ يَجْحَدُونَ (33)

അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ താങ്കളെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നാം നല്ലവ ണ്ണമറിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ താങ്കളെയല്ല, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളാണ് അക്രമികള്‍ നിഷേധിച്ചു കൊണ്ടിരിക്കുന്നത്.

അടുത്ത ആയത്ത് 34

തിരുനബി صلى الله عليه وسلم യെ സമാധാനിപ്പിക്കുന്നത് തുടരുകയാണ്. ഇങ്ങനെ പ്രവാചകനെ നിഷേധിക്കുന്നത്, അവരോട് ശത്രുത വെച്ചുപുലര്‍ത്തുന്നത്, ആദ്യത്തെ സംഭവമൊന്നുമല്ല. മുമ്പും പല റസൂലുകള്‍ക്കും ഈ അനുഭവമു ണ്ടായിട്ടുണ്ട്. ആ പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് താങ്കള്‍.

പലതരം അക്രമ-മര്‍ദ്ദനങ്ങള്‍ക്കും ദൂതന്മാര്‍ വിധേയരായിട്ടുണ്ട്. പലരുടെയും ചരിത്രങ്ങളിലൂടെ നാമത് താങ്കള്‍ക്ക് വിവരിച്ചുതരികയും ചെയ്തിട്ടുണ്ട്. എല്ലാം സഹിക്കുകയും ക്ഷമിക്കുകയുമാണവര്‍ ചെയ്തത്.

അങ്ങനെ അല്ലാഹുവിന്‍റെ സഹായവും വിജയവും അവര്‍ക്ക് ലഭിക്കുകതന്നെ ചെയ്തു. എന്തൊക്കെ പ്രയാസങ്ങളുണ്ടായാലും, അന്തിമ വിജയം നമ്മുടെ റസൂലുകള്‍ക്കും അവരുടെ പക്ഷക്കാര്‍ക്കുമാണെന്ന് നാം മുമ്പേ നിശ്ചയിച്ചതാണ്. ആ നിശ്ചയത്തിന് മാറ്റം വരില്ല. അതുകൊണ്ട് താങ്കളും ക്ഷമിക്കുക. നാം വേണ്ടത് ചെയ്തുകൊള്ളും.

وَلَقَدْ كُذِّبَتْ رُسُلٌ مِنْ قَبْلِكَ فَصَبَرُوا عَلَىٰ مَا كُذِّبُوا وَأُوذُوا حَتَّىٰ أَتَاهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَاتِ اللَّهِ ۚ وَلَقَدْ جَاءَكَ مِنْ نَبَإِ الْمُرْسَلِينَ (34)

താങ്കള്‍ക്കു മുമ്പും മുര്‍സലുകള്‍ വ്യാജരാക്കപ്പെട്ടിട്ടുണ്ട്. നിഷേധ- പീഡനങ്ങള്‍ക്കു വിധേയമായതൊക്കെ അവര്‍ ക്ഷമിച്ചു; അങ്ങനെ നമ്മുടെ സഹായം അവര്‍ക്കു ലഭ്യമായി. അല്ലാഹുവിന്‍റെ കല്‍പനകള്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കുമാവില്ല. പൂര്‍വ ദൂതരുടെ വൃത്താന്തങ്ങള്‍ താങ്കള്‍ക്കു വന്നുകിട്ടിയിട്ടുണ്ടല്ലോ.

നമ്മളും ഈ ആയത്തില്‍ നിന്ന് ക്ഷമയുടെയും സഹനത്തിന്‍റെയും പാഠം പഠിക്കണം. പ്രവാചകന്മാരുടെ ചരിത്രങ്ങള്‍ ഇടക്കിടെ പറഞ്ഞുതരുന്നത് അതിനാണ്.

നമ്മെക്കാളും എത്രയോ വലിയ വലിയ ആളുകള്‍ ഇതിലപ്പുറം സഹിച്ചവരും ക്ഷമിച്ചവരുമാണ്; അല്ലാഹുവിനേറ്റവും ഇഷ്ടപ്പെട്ട പ്രവാചകന്മാര്‍ വരെ. പിന്നെ നാമെന്തിന് വേവലാതിപ്പെടണം...

അടുത്ത ആയത്ത് 35

സത്യം മനസ്സിലാക്കാനും അംഗീകരിക്കാനും നിരവധി തെളിവുകളുണ്ടായിട്ടും, അതെല്ലാം അവഗണിക്കുന്ന നിഷേധികളെക്കുറിച്ച് സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന തിരുനബി (صلى الله عليه وسلم) യെ വീണ്ടും സമാധാനിപ്പിക്കുകയാണ് അല്ലാഹു.

`അവരുടെ ഈ അവഗണന താങ്കള്‍ക്ക് അസഹ്യമായി തോന്നുന്നുണ്ടെങ്കില്‍, ഭൂമിയില്‍ ഒരു തുരങ്കമോ ആകാശത്തേക്ക് ഒരു കോണിയോ കണ്ടെത്തി അവര്‍ക്കൊരു ദൃഷ്ടാന്തം ഹാജറാക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്‌തോളൂ. താങ്കള്‍ക്കതിന് കഴിയില്ലല്ലോ. അതുകൊണ്ട്‌ വേവലാതിപ്പെടേണ്ടതില്ല; എന്തുചെയ്‌താലും വിശ്വസിക്കാത്ത ഒരു ജനതയാണവര്‍.

അസൂയയും അഹങ്കാരവും കൈമുതലായുള്ള നിഷേധികള്‍ ഒരിക്കലും സത്യവിശ്വാസം സ്വീകരിക്കുകയില്ല, അത് തീര്‍ത്തും അസംഭവ്യമാണ് എന്ന് തിരുനബി(صلى الله عليه وسلم)യെ മനസ്സിലാക്കിക്കൊടുക്കുക മാത്രമാണ് താല്‍പര്യം; അധിക്ഷേപിക്കലല്ല. ഇക്കാര്യത്തില്‍ അവിടത്തേക്കുണ്ടായിരുന്ന മനോവേദനയുടെ കാഠിന്യം വരച്ചുകാട്ടുകയുമാണ്.  

എല്ലാവരെയും വിശ്വസിപ്പിച്ചേതീരൂ എന്നൊന്നും അല്ലാഹു നിശ്ചയിച്ചിട്ടില്ല. തെളിവുകള്‍ വേണ്ടത്ര നല്‍കി, വിശ്വസിക്കലും വിശ്വസിക്കാതിരിക്കലും അവരവരുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്‌. എല്ലാവരും സന്മാര്‍ഗപ്രാപ്തരാകണമെന്നാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കില്‍ അങ്ങനെത്തന്നെ സംഭവിക്കുമായിരുന്നു. ഈ യാഥാര്‍ഥ്യം ഗ്രഹിക്കാത്തവരില്‍ താങ്കള്‍ പെട്ടുപോകരുത്.

وَإِنْ كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ اسْتَطَعْتَ أَنْ تَبْتَغِيَ نَفَقًا فِي الْأَرْضِ أَوْ سُلَّمًا فِي السَّمَاءِ فَتَأْتِيَهُمْ بِآيَةٍ ۚ وَلَوْ شَاءَ اللَّهُ لَجَمَعَهُمْ عَلَى الْهُدَىٰ ۚ فَلَا تَكُونَنَّ مِنَ الْجَاهِلِينَ (35)

ഇനി അവരുടെ അവഗണന ഗൗരവതരമാകുന്നു എങ്കില്‍ ഭൂമിയില്‍ ഒരു തുരങ്കമോ ആകാശത്തേക്ക് ഒരു കോണിയോ കണ്ടെത്തി അവര്‍ക്കൊരു ദൃഷ്ടാന്തം ഹാജറാക്കാന്‍ കഴിയുമെങ്കില്‍ ചെയ്‌തോളൂ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം ഋജുമാര്‍ഗത്തില്‍ ഒന്നിപ്പിച്ചേനേ. അതുകൊണ്ട്, മൂഢരുടെ ഗണത്തില്‍ ഒരിക്കലും താങ്കള്‍ അകപ്പെട്ടുപോകരുത്.

-----------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter