അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 155-162) ഈസാനബിയെ കുരിശിലേറ്റിയിട്ടില്ല, കൊന്നിട്ടുമില്ല

ജൂതന്മാരുടെ ധിക്കാരപരമായ ചില സമീപനങ്ങളെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അവര്‍ അല്ലാഹുവിന്‍റെ  കോപത്തിനു വിധേയരായതിനുളള ചില കാരണങ്ങളാണിനി പറയുന്നത്.

1) കരാര്‍ ലംഘനം. തൗറാത്തിലെ നിയമങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച് ജീവിതത്തില്‍ പകര്‍ത്താമെന്ന് അല്ലാഹുവിനോട് അവര്‍ കരാര്‍ ചെയ്തിരുന്നു. അത് ലംഘിച്ചു.

(2) പ്രവാചകന്മാര്‍ മുഖേന അല്ലാഹു കാണിച്ചുകൊടുത്ത പല ദൃഷ്ടാന്തങ്ങളും അവരുടെ വേദഗ്രന്ഥ വാക്യങ്ങളും നിഷേധിച്ചു.

(3) യാതൊരു വിധ ന്യായീകരണവുമില്ലാതെ നിരവധി പ്രവാചകന്‍മാരെ കൊന്നുകളഞ്ഞു.

(4) ഞങ്ങളുടെ ഹൃദയങ്ങള്‍ അടഞ്ഞുകിടിക്കുകയാണ്, നിങ്ങളുടെ ഉപദേശമൊന്നും ഹൃദയത്തിലേക്ക് കടക്കുന്നില്ല – എന്നെല്ലാം പറഞ്ഞ് മര്‍ക്കടമുഷ്ടി കാണിച്ചു. തിരുനബി صلى الله عليه وسلم അവരെ ഉപദേശിക്കുമ്പോള്‍ പരിഹാസ രൂപേണ ഇങ്ങനെ പറയുമായിരുന്നത്രേ: 'നീ പയുന്നതൊന്നും മനസ്സിലേക്ക് കയറുന്നില്ല, ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍കൊണ്ട് അടക്കപ്പെട്ടിരിക്കയാണ്'. (അല്‍ ബഖറ 88 നോക്കുക.)

ഉപദേശങ്ങളൊന്നും അവരുടെ ഹൃദയങ്ങളിലേക്ക് കടക്കുന്നില്ലെന്നുളളത് ശരി തന്നെ. പക്ഷേ, അതിനവര്‍ പറഞ്ഞ കാരണം ശരിയല്ല. യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. അവരുടെ അവിശ്വാസം കാരണം അല്ലാഹു അവക്ക് മുദ്ര വെച്ചതാണ് യഥാര്‍ത്ഥ കാരണം.

അവരുടെ സത്യനിഷേധവും മര്‍ക്കടമുഷ്ടിയും അത്രക്ക് കൂടിപ്പോയിട്ടുണ്ട്. സത്യവിശ്വാസം ഹൃദയത്തിലേക്ക് കടക്കാനൊരു വഴിയുമില്ലാതായിരിക്കുന്നു. ഏതെങ്കിലും ചില വ്യക്തികള്‍ വിശ്വസിച്ചെന്നു വരാം. അല്ലെങ്കില്‍ അവരില്‍നിന്നുതന്നെ പേരിനുമാത്രം വിശ്വാസം പ്രകടമായെന്നും വരാം. അതിലപ്പുറമൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കാനില്ല എന്നു കൂടി അല്ലാഹു വ്യക്തമാക്കുന്നുണ്ട്.

فَبِمَا نَقْضِهِمْ مِيثَاقَهُمْ وَكُفْرِهِمْ بِآيَاتِ اللَّهِ وَقَتْلِهِمُ الْأَنْبِيَاءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌ ۚ بَلْ طَبَعَ اللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا (155)

എന്നിട്ടവര്‍ കരാര്‍ ലംഘനം നടത്തിയതിനാലും ദൈവിക ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും യാതൊരു വിധ ന്യായീകരണവുമില്ലാതെ പ്രവാചകന്മാരെ വധിച്ചതിനാലും ഞങ്ങളുടെ ഹൃദയങ്ങള്‍ അടഞ്ഞുകിടക്കുകയാണെന്ന് ജല്‍പിച്ചതിനാലും നാമവരെ ശപിച്ചു. എന്നാല്‍നിഷേധം കാരണമായി അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്തന്മൂലം വളരെക്കുറച്ചു മാത്രമേ അവര്‍ വിശ്വസിക്കൂ.

അടുത്ത ആയത്ത് 156

അല്ലാഹുവിന്‍റെ ശാപമേല്‍ക്കാനുള്ള അഞ്ചാമത്തെ കാരണമാണിനി പറയുന്നത്.

(5) ഈസാനബി عليه السلامയെ അവര്‍ നിഷേധിച്ചു. മര്‍യം ബീവി(رضي الله عنها) വ്യഭിചരിച്ചെന്നും ഈസാ നബി عليه السلام ജാരസന്തതിയാണെന്നും പറഞ്ഞുപരത്തി. അതും മറിയം ബീവിക്ക് അശുദ്ധിയുണ്ടായിരുന്ന സമയത്താണതെന്നുകൂടി ചിലര്‍ പറഞ്ഞു. എത്രമാത്രം കടുത്ത ദുരാരോപണങ്ങളാണിത്!

وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَانًا عَظِيمًا (156)

അവര്‍ ഈസാനബിയെ നിഷേധിക്കുകയും മര്‍യം ബീവിയുടെ പേരില്‍ നിഷ്ഠുരമായ വ്യഭിചാരമാരോപിക്കുകയും ചെയ്തതുകൊണ്ടും (അവര്‍ അഭിശപ്തരായി).

പിതാവില്ലാതെ ഈസാ (عليه السلام) ജനിച്ചപ്പോള്‍ ജനങ്ങള്‍ മര്‍യമി رضي الله عنها നെ ആക്ഷേപിച്ചിരുന്നല്ലോ. അന്നേരം മഹതി ഒന്നും മിണ്ടാതെ തൊട്ടിലില്‍ കിടക്കുന്ന കുട്ടിയുടെ നേരെ ചൂണ്ടി. ഈസാനബി തൊട്ടിലില്‍ കിടന്ന് സംസാരിക്കുകയും ചെയ്തു. അതോടെ, ആദ്യമവര്‍ക്ക് മര്‍യം ബീവി رضي الله عنهاയെക്കുറിച്ചുണ്ടായിരുന്ന സംശയം തീരുകയും ചെയ്തിരുന്നു.

ഈ സംഭവത്തിനുശേഷം, മര്‍യമി  رضي الله عنهاനെയും അത്ഭുതകരമായി ജനിച്ച ശിശുവിനെയും വളരെ ആദരവോടെയായിരുന്നു അവര്‍ കണ്ടിരുന്നത്. വളരെ ഉന്നതമായ, എല്ലാവരും ആദരിക്കുന്ന ഒരു കുടുംബംകൂടിയായിരുന്നല്ലോ മര്‍യം ബീവി  رضي الله عنهاയുടെ പിതാവായ ഇംറാന്‍ എന്നവരുടേത്.

പിന്നീടാണവരുടെ മട്ടുമാറുന്നത്. അതായത്, ഈസാനബി  عليه السلامന് പ്രവാചകത്വം ലഭിച്ചപ്പോള്‍.  തോന്നിവാസങ്ങളവസാനിപ്പിക്കാനും നല്ലവരായി ജീവിക്കാനും ഉപദേശിക്കാന്‍ തുടങ്ങിയപ്പോള്‍ മഹാനവര്‍കളെ നിഷേധിച്ചു. മാത്രമല്ല, പഴയ ആ വ്യഭിചാര-ജാരസന്തതിയാരോപണം പൂര്‍വ്വോപരി ശക്തിയായി പുറത്തെടുത്തിടുകയും ചെയ്തു.

അടുത്ത ആയത്തുകള്‍ 157-159

അവരെ ശപിക്കാനുള്ള ആറാമത്തെ കാരണമാണ് 157 ലുള്ളത്. 157-159 വരെ ഒന്നിച്ചാണ് നമ്മള്‍ പഠിക്കുന്നത്.  3 ആയത്തുകളിലെയും വിഷയം ആദ്യമൊന്ന് മനസ്സിലാക്കാം:

(6) ഈസാ നബി (عليه السلام) നെ ഞങ്ങള്‍ കുരിശില്‍ തറച്ച് കൊലപ്പെടുത്തി എന്ന വീരവാദം. ഒരു പ്രവാചകനെ വധിക്കുകയെന്നത് എത്രമാത്രം കടുത്ത അപരാധമാണ്, എന്നിട്ടും അവരത് പറഞ്ഞ് അഭിമാനിക്കുകയാണ്! അല്ലാഹുവിന്‍റെ ഇഷ്ടദാസന്‍മാരാണെന്ന് വീരവാദം മുഴക്കുന്ന അവരാണ്, അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരായ പ്രവാചകന്മാരെ കൊല്ലുന്നത്. വിചിത്രം തന്നെ!

സത്യത്തില്‍ ഈസാനബി(عليه السلام) ക്രൂശിക്കപ്പെട്ടിട്ടില്ല. അവര്‍ കുരിശില്‍ തറച്ചതും കൊന്നതും മഹാനവര്‍കളോട് സാദൃശ്യമുള്ള മറ്റൊരാളെയാണ്. അതവര്‍ക്ക് തിരിച്ചറിയാതെ പോയിരിക്കുകയാണെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നവരുടെയടുത്ത് ഊഹാപോഹങ്ങളല്ലാതെ യാതൊരു തെളിവുമില്ലെന്നും അല്ലാഹു വ്യക്തമാക്കുകയാണ്.

ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്താനായി ശരീരത്തോടുകൂടി ആകാശത്തേക്കുയര്‍ത്തപ്പെട്ട ആ മഹാപ്രവാചകന്‍ അവിടെ ജീവിച്ചുകൊണ്ടിരിക്കുന്നു. ലോകാവസാനത്തിനു മുമ്പായി വീണ്ടും ഭൂമിയിലേക്കു വന്ന് നീതിനിഷ്ഠവും സത്യസന്ധവുമായ ഇസ്‌ലാമിക ഭരണം നടത്തുകയും സ്വാഭാവിക മരണം വരിക്കുകയും ചെയ്യും-ഇതാണ് മു‍സ്‍ലിം ലോകത്തിന്‍റെ വിശ്വാസം. നിരവധി ഹദീസുകളില്‍ ഇത് വിവരിച്ചിട്ടുണ്ട്.

കുരിശില്‍ തറച്ചു കൊല്ലപ്പെട്ടത് യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരിലുണ്ടായിരുന്ന കപടന്‍ ഇസ്‌കാരിയോത്താ യൂദാ ആണെന്ന് ബര്‍ന്നബാസ് ബൈബിളിലും മറ്റു ചരിത്ര രേഖകളിലും കാണാവുന്നതാണ്.

وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِنْ شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِنْهُ ۚ مَا لَهُمْ بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا (157)

അല്ലാഹുവിന്‍റെ ദൂതനായ മസീഹ് ഈസബ്‌നു മര്‍യമിനെ ഞങ്ങള്‍ വധിച്ചിരിക്കുന്നു എന്നു ജല്‍പിക്കുകയും ചെയ്തതുമൂലവും (നാമവരെ ശപിക്കുകയുണ്ടായി). യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെയവര്‍ വധിച്ചിട്ടില്ലക്രൂശിച്ചിട്ടുമില്ലഅവര്‍ക്ക് ആളെ തിരിച്ചറിയാതാവുകയാണുണ്ടായത്. ഈസാ നബിയുടെ കാര്യത്തില്‍ ഭിന്ന പക്ഷക്കാരായവര്‍ തദ്വിഷയകമായി സംശയത്തില്‍ തന്നെയാണ്. ഊഹാപോഹങ്ങള്‍ പിന്‍പറ്റുന്നുവെന്നല്ലാതെ അവര്‍ക്കതു സംബന്ധമായ അറിവ് ഒട്ടുമേയില്ല. ഒരു കാര്യം തീര്‍ച്ച-അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല;

بَلْ رَفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا (158)

പ്രത്യുതതന്‍റെയടുത്തേക്ക് അല്ലാഹു ഈസാ നബിയെ ഉയര്‍ത്തുകയാണുണ്ടായത്. അല്ലാഹു എല്ലാവരെയും ജയിക്കുന്നവനും യുക്തിമാനുമാകുന്നു.

وَإِنْ مِنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا (159)

താന്‍ മരിക്കും മുമ്പ് ഈസാനബിയെ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാകില്ലതീര്‍ച്ച. അന്ത്യനാളിലാകട്ടെഅദ്ദേഹം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതുമാണ്.

وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ

മര്‍യമിന്‍റെ മകന്‍ ഈസായെ ഞങ്ങള്‍ വധിച്ചു എന്നു പറഞ്ഞു മതിയാക്കാതെ رَسُولَ الَّله എന്നുകൂടി ചേര്‍ത്തുപറഞ്ഞത് പരിസഹിക്കാനാണ്. പല ദിവ്യ ദൃഷ്ടാന്തങ്ങളും കാണിച്ച മഹാനവര്‍കളെ, ജാരസന്തതിയെന്നും മാരണക്കാരനെന്നും കളളവാദിയെന്നുമൊക്കെ ആരോപിച്ചുകൊണ്ടിരുന്ന അവര്‍, അദ്ദേഹം അല്ലാഹുവിന്‍റെ റസൂലാണെന്ന് ഒരിക്കലും അംഗീകരിക്കില്ലല്ലോ. അപ്പോള്‍പിന്നെ ആ പറഞ്ഞത് പരിഹസിക്കാനനാല്ലാതെ മറ്റെന്തിനാണ്?

ഭയങ്കര ദേശ്യമായിരുന്നു അവര്‍ക്ക് ഈസാ നബി عليه السلام നോട്. ജാരസന്തതി എന്ന് പറഞ്ഞ് കളിയാക്കും. പ്രബോധനം തടസ്സപ്പെടുത്തും. തൌറാത്തിലെ ചില നിയമങ്ങള്‍, ഈസാ നബി عليه السلام വഹ്‍യ് അനുസരിച്ച് ഭേദഗതി വരുത്തുകകൂടി ചെയ്തപ്പോള്‍ ദേശ്യം ഇരട്ടിയായി. കൊന്നേ തീരൂ എന്ന് തീരുമാനിച്ചു. നാട്ടിലെ ഭരണാധികാരിയെ കൂട്ടുപിടിച്ച് ആ കൃത്യം നടപ്പാക്കാന്‍ പദ്ധതിയിട്ടു.

അങ്ങനെ ഈസാനബി(عليه السلام)നെ കാണിച്ചുകൊടുക്കാന്‍ വേണ്ടി തന്‍റെ ശിഷ്യരില്‍പ്പെട്ട യഹൂദാ എന്ന് പേരുള്ളയാള്‍ക്ക് ശത്രുക്കള്‍ കൈക്കൂലികൊടുത്തു. താന്‍ ആരെ ചുംബിക്കുന്നുവോ അദ്ദേഹമാണ് ഈസാനബി എന്ന് അവന്‍ അവരോട് പറയുകയും ചെയ്തു. ബൈബിളിലിത് കാണാവുന്നതാണ്.

ഈ യഹൂദാക്ക് കുരിശു സംഭവത്തിന് ശേഷം എന്തു പറ്റി? ആ വഞ്ചകനെ പിന്നീട് ആരും കണ്ടിട്ടില്ല. അയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ബൈബിള്‍ (മത്തായി) പറയുന്നത്. ഊഹം മാത്രമാണത്.

സത്യത്തിലവിടെ സംഭവിച്ചതെന്താണ്? അല്ലാഹു അവന്ന് ഈസാനബി عليه السلام യുടെ രൂപം നല്‍കി. ഈസാനബി عليه السلام യാണെന്ന് തെറ്റിദ്ധരിച്ച് ക്രൂശിക്കുകയും ചെയ്തു.

ഇവനെ പിടിച്ചപ്പോള്‍ നിലവിളിച്ചത്രേ: എന്നെ പിടിക്കുന്നതെന്തിനാണ്? ഞാന്‍ യഹൂദയാണ്. ഞാനല്ലേ നിങ്ങള്‍ക്ക് ശരിയായ ഈസയെ കാണിച്ചുതന്നത്. എന്നെ കുരിശില്‍ തറക്കല്ലേ... അവന്‍ അലറി വിളിച്ചു. വന്നവരതൊന്നും കേട്ടില്ല. നീ തന്നെയാണ് ഈസാ എന്നും പറഞ്ഞ് കുരിശില്‍ തറച്ചു.

ഈസാനബി(عليه السلام)നെ പിടിക്കാന്‍ വന്നവര്‍ക്ക് മഹാനവര്‍കളെ പരിചയമുണ്ടായിരുന്നില്ല. കാണിച്ചുകൊടുക്കാന്‍, കൈക്കൂലി കൊടുത്ത് ആളെ നിശ്ചയിച്ചത് അതുകൊണ്ടാണല്ലോ.  സമയം രാത്രിയാണുതാനും. പിടിക്കപ്പെട്ടവന്ന് ഈസാനബി  عليه السلامയോട് സാദൃശ്യവുമുണ്ടായിരുന്നു. കാണിച്ചുകൊടുത്തവനെ പിന്നെയൊട്ട് കണ്ടിട്ടുമില്ല. ഇതുകൊണ്ടെല്ലാംതന്നെ, ക്രൂശിക്കപ്പെട്ടത് ഈസാനബി  عليه السلامആണെന്ന ഉറപ്പ് അവര്‍ക്കുതന്നെയുണ്ടായിരുന്നില്ല.

ഈസാനബി(عليه السلام)നെ അല്ലാഹു ആകാശത്തേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈ സംഭവത്തിനു തൊട്ടുമുമ്പ് ജിബ്‍രീല്‍ عليه السلام മഹാനവര്‍കളുടെ അടുത്തെത്തി ആകാശത്തേക്കുയര്‍ത്തുന്ന വിവരം അറിയിക്കുകയും ചെയ്തിരുന്നു.

بَلْ رَفَعَهُ اللَّهُ إِلَيْهِ

ഖാദിയാനികളുടെ വാദവും അല്ലാഹു ഇവിടെ തള്ളിക്കളയുന്നുണ്ട്. ഈസാനബി  عليه السلامയെ കുരിശില്‍ തറച്ചിട്ടുണ്ട്. പക്ഷേ, മരിക്കുന്നതിനു മുമ്പ് തന്ത്രപരമായി രക്ഷപ്പെടുകയാണുണ്ടായത്. പിന്നീട് കാശ്മീരില്‍ വെച്ച് സ്വാഭാവികമരണം വരിക്കുകയും അവിടെ മറവുചെയ്യപ്പെടുകയും ചെയ്തു – ഇതാണവരുടെ വാദം!

അപ്പോള്‍പിന്നെ ‘മഹാനവര്‍കളെ ഉയര്‍ത്തി’ എന്നുപറഞ്ഞതിന്‍റെ അര്‍ത്ഥമോ? ആത്മാവിനെ ഉയര്‍ത്തി എന്നാണത്രേ.

ഇവരുടെയും ഇവരെപ്പോലെയുള്ള തല്‍പരകക്ഷികളുടെയും വാദങ്ങളും വിശ്വാസങ്ങളുമെല്ലാം വിശുദ്ധ ഖുര്‍ആന്‍ തള്ളുകയാണ്.

ഈസാനബി عليه السلام ആകാശലോകത്ത് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ലോകാവസാനത്തിനു മുമ്പായി വീണ്ടും ഭൂമിയിലേക്കു വന്ന് നീതി നിഷ്ഠവും സത്യസന്ധവുമായ ഇസ്‌ലാമിക ഭരണം നടത്തുകയും സ്വാഭാവിക മരണം വരിക്കുകയും ചെയ്യും.

മരണത്തിനു മുമ്പ് മഹാനവര്‍കളില്‍ വിശ്വസിക്കാത്തവരായി വേദക്കാരില്‍ ആരുമുണ്ടാകില്ല. ഇപ്പോഴും അദ്ദേഹത്തില്‍ വിശ്വസിക്കാത്ത വേദക്കാര്‍ ധാരാളമുണ്ട്. അനുയായികളാണെന്ന് പറയുന്നവര്‍ തന്നെ തെറ്റായ രൂപത്തിലാണ് വിശ്വസിക്കുന്നത്.

അതുകൊണ്ടുതന്നെ, വേദക്കാരെല്ലാവരും ശരിയായ നിലക്ക് മഹാനവര്‍കളില്‍ നബിയില്‍ വിശ്വസിക്കുന്ന ഒരു കാലമുണ്ടാകണം. അത് മഹാനവര്‍കളുടെ മരണത്തിനു മുമ്പുതന്നെ ഉണ്ടാകുകയും വേണം. അതാണ് 159 ല്‍ അല്ലാഹു പറയുന്നത്. ഇതൊന്നും ചിന്തിക്കാതെയാണ് ഈസാനബി عليه السلام മരണപ്പെട്ടുപോയെന്ന് ഖാദിയാനികള്‍ ജല്‍പിക്കുന്നത്!

ആകാശത്തു നിന്നാണ് മഹാനവര്‍കള്‍ ഇറങ്ങിവരിക എന്ന് തിരുനബി (صلى الله عليه وسلم) പറഞ്ഞിട്ടുണ്ട് (ബൈഹഖി). അതായത്, മഹാനവര്‍കള്‍ ഉയര്‍ത്തപ്പെട്ടത് ആകാശത്തേക്കാണെന്ന് വ്യക്തം.

അവസാനകാലം ഈസാനബി(عليه السلام) ഇറങ്ങിവരുമെന്ന ഹദീസിനെക്കുറിച്ച് ഖാദിയാനികള്‍ ഇങ്ങനെയാണ് വ്യാഖ്യാനിക്കുക:  അത് സാക്ഷാല്‍ ഈസാനബി അല്ല. ഈസാനബിയോട് സാദൃശ്യമുള്ള ഒരാളാണ് വരിക. ആ ആള്‍ വന്നുകഴിഞ്ഞു-അതാണ് മീര്‍സാഗുലാം അഹ്മദ് ഖാദിയാനി! ഈ വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈസാനബി عليه السلام ഇറങ്ങിവരുന്നത് ആകാശത്തു നിന്നാണെന്നാണ് ഹദീസിലുള്ളത്. മീര്‍സാ വന്നത് മറ്റുള്ളവരെ പോലെ മാതാവിന്‍റെ ഉദരത്തില്‍ നിന്നാണ്; ആകാശത്തു നിന്നല്ല. വേറെയും നിരവധി തെളിവുകളുണ്ട്.

ഈസാ (عليه السلام) ക്രൂശിച്ചു കൊല്ലപ്പെട്ടു എന്ന് യഹൂദികള്‍ മാത്രമല്ല, നസ്വാറാക്കളും വാദിക്കുകയും വിശ്വസിക്കുകയും ചെയ്തുവരുന്നു. പക്ഷേ, രണ്ടുകൂട്ടരുടെയും വിശ്വാസത്തില്‍ വലിയ വ്യത്യാസമുണ്ട്. തങ്ങളുടെ ശത്രുവും ജാരസന്തതിയും കളളവാദിയുമാണെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍, ആ കൃത്യം തങ്ങള്‍ ചെയ്തു എന്നാണ് യഹൂദികള്‍ കരുതിപ്പോരുന്നത്.

നസ്വാറാക്കളാകട്ടെ, മറ്റൊരു വിധത്തിലാണത് വിലയിരുത്തുന്നത്. യഹൂദികളാണത് ചെയ്തതെങ്കിലും, മനുഷ്യ വര്‍ഗത്തിന് പാപഭാരത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി ദൈവപുത്രനായ യേശു (ഈസാ- عليه السلام) കുരിശു വരിച്ചു – ഇതാണവരുടെ വിശ്വാസം.

وَإِنْ مِنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ

രണ്ടു തരത്തിലിവിടെ വ്യാഖാനമുണ്ട്. ഒന്ന്: ഈസാനബി عليه السلام ന്‍റെ മരണത്തിനു മുമ്പ് മഹാനവര്‍കളില്‍ വിശ്വസിക്കാത്തവരായി വേദക്കാരില്‍ ആരുമുണ്ടാകില്ല. രണ്ട്: ‘വേദക്കാരില്‍ ഒരാളും മരിക്കുന്നതിന് മുമ്പ് ഈസാ നബി  عليه السلامയില്‍ വിശ്വസിക്കാതിരിക്കില്ല.

قَبْلَ مَوْتِهِ എന്ന വാക്കിലെ സര്‍വ്വനാമം (ضمير) കൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന വ്യത്യസ്ത അഭിപ്രായമനുസരിച്ചാണ് ഈ 2 വ്യാഖ്യാനങ്ങളുള്ളത്.  അത് ഈസാ (عليه السلام) തന്നെ ആകാം, വേദക്കാരില്‍ നിന്നുളള ഓരോരുത്തനും ആകാം.

إِلَّا لَيُؤْمِنَنَّ بِهِ- എന്ന വാക്യത്തിലെ ളമീറിനെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല; അത് ഈസാ നബി عليه السلامതന്നെയാണ്.

ഒന്നാം അഭിപ്രായമനുസരിച്ച്, ആശയം ഇങ്ങനെയാണ്: ഈസാ (عليه السلام) മരണെപ്പടുന്നതിനു മുമ്പ് - വീണ്ടും ഇറങ്ങി വന്നശേഷം ഭൂമിയില്‍ വെച്ചു മരണമടയുന്നതിനു മുമ്പ് - അക്കാലത്തുളള വേദക്കാരില്‍ ആരും മഹാനവര്‍കളില്‍ വിശ്വസിക്കാതിരിക്കില്ല.

രണ്ടാം വ്യാഖ്യാനമുസരിച്ചു ആശയം ഇങ്ങനെയാണ്: വേദക്കാരായ ഓരോരുത്തരും അയാള്‍ മരണപ്പെടുന്നതിനുമുമ്പ്, അഥവാ മരണം കണ്ണില്‍ കാണുകയും ഇഹലോകവുമായുള്ള ബന്ധം മുറിഞ്ഞു പോകുകയും ചെയ്യുന്ന അവസരത്തില്‍, ഈസാ നബി عليه السلامയില്‍ വിശ്വസിക്കാതിരിക്കില്ല. അതായത്, അതുവരെ താന്‍ ഈസാ(عليه السلام) നെക്കുറിച്ചു പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് അന്നേരം ബോധ്യപ്പെടുകയും, ശരിയായ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ, ആ സമയം ഖേദിച്ചിട്ടോ വിശ്വാസം പ്രഖ്യാപിച്ചിട്ടോ കാരമ്യമൊന്നുമില്ലല്ലോ.

വേദക്കാര്‍ മാത്രമല്ല, എല്ലാ അവിശ്വാസികളുടെയും സ്ഥിതി ഇതുതന്നെയായിരിക്കും. മരണസമയം എല്ലാം ബോധ്യമാകും. യഥാര്‍ത്ഥവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ, ഫലം നാസ്തി! 

ഈ രണ്ട് അഭിപ്രായങ്ങള്‍ക്കും ഉപോല്‍ബലകമായ പല രിവായത്തുകളും ഉദ്ധരിച്ചശേഷം മഹാനായ ഇബ്‌നുജരീര്‍ (رحمه الله) ഒന്നാം അഭിപ്രായമാണ് ശരിവെച്ചിരിക്കുന്നത്. അതുതന്നെയാണെന്ന് ശരിയെന്ന് ഇബ്‌നു കസീര്‍ (رحمه الله) യും വ്യക്തമാക്കിയിട്ടുണ്ട്.

ഖിയാമത്തുനാളിനുമുമ്പ് ഈസാ നബി(عليه السلام) വന്ന് ഇസ്‌ലാമിക ഭരണം നടത്തും. ജൂത ക്രിസ്ത്യാനികളും മറ്റെല്ലാ മതക്കാരും അദ്ദേഹത്തെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും. നിരോധിക്കപ്പെട്ടിട്ടും ക്രിസ്ത്യാനികള്‍ കണ്ണടച്ച് ഇഷ്ടഭോജ്യമാക്കിയ പന്നിയെ അദ്ദേഹം വംശനാശം വരുത്തും; കുരിശുകള്‍ തല്ലിയുടക്കും... എന്നൊക്കെ തിരുനബി  صلى الله عليه وسلم ഈ വചനത്തിന്‍റെ വ്യാഖ്യാനമായി പഠിപ്പിച്ചിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം-അബൂഹുറൈറ رضي الله عنهم).

وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا

തന്നെ നിഷേധിക്കുകയും ആക്രമിക്കുകയും കുരിശിലേറ്റാന്‍ ശ്രമിക്കുകയും ചെയ്ത യഹൂദികള്‍ക്കെതിരെ, അതുപോലെ, തന്നെ ദൈവമായി ആരാധിച്ച നസ്വാറാക്കള്‍ക്കെതിരെയും അല്ലാഹുവിന്‍റെ മുമ്പില്‍ അദ്ദേഹം സാക്ഷ്യം വഹിക്കും.

അടുത്ത ആയത്തുകള്‍ 160, 161

യഹൂദികളുടെ നിഷേധവും അതിക്രമങ്ങളുമായിരുന്നല്ലോ 153 ആം ആയത്ത് മുതലുള്ള വിഷയം. സാന്ദര്‍ഭികമായി ഇടക്കുവെച്ച് കുരിശ് സംഭവം എന്താണെന്ന് വിശദീകരിച്ചു. ഇനി ആദ്യത്തെ വിഷയത്തിലേക്കു തന്നെ തിരിച്ചുവരികയാണ്.

നേരത്തെ പറഞ്ഞതുപോലെയുള്ള പല അക്രമങ്ങളും ധിക്കാരങ്ങളും കാണിച്ചുതുകൊണ്ടുതന്നെയാണ്, അനുവദിച്ചുകൊടുത്തിരുന്ന പല നല്ല ഭക്ഷണസാധനങ്ങളും അവര്‍ക്ക് നിഷിദ്ധമാക്കിയത് എന്നാണിനി പറയുന്നത്.

വേറെയും ചില കൈയിലിരിപ്പുകള്‍ അവരുടെയടുത്തുണ്ടായിരുന്നു: മറ്റുളളവരെക്കൂടി വഴിതെറ്റിക്കുക, പലിശ വാങ്ങരുതെന്ന് കര്‍ശനമായി വിലക്കിയിട്ടും അത് വാങ്ങിക്കൊണ്ടിരിക്കുക, പലിശയിലൂടെയും കൈക്കൂലിയിലൂടെയും പണം സമ്പാദിക്കുക... ഇങ്ങനെ കുറെ തോന്നിവാസങ്ങള്‍.

ഇത്തരം അതിക്രമങ്ങള്‍ക്കെല്ലാം ഐഹികമായൊരു ശിക്ഷയെന്ന നിലക്കാണ്, മുമ്പ് അനുവദിക്കപ്പെട്ടിരുന്ന ചില നല്ല ഭക്ഷ്യവസ്തുക്കള്‍ അല്ലാഹു അവര്‍ക്ക് നിഷിദ്ധമാക്കിയത്. പരലോക ശിക്ഷ വേറെയും.

فَبِظُلْمٍ مِنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَنْ سَبِيلِ اللَّهِ كَثِيرًا (160)

അക്രമ പ്രവര്‍ത്തനങ്ങളനുവര്‍ത്തിക്കുകദൈവമാര്‍ഗത്തില്‍ നിന്നു ആളുകളെ ധാരാളമായി തടയുക എന്നീ കുറ്റങ്ങള്‍ ചെയ്തതുമൂലം അനുവദനീയമായിരുന്ന പല നല്ലവസ്തുക്കളും ജൂതന്മാര്‍ക്കു നാം നിഷിദ്ധമാക്കുകയുണ്ടായി.

وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ ۚ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَابًا أَلِيمًا (161)

നിരോധിക്കപ്പെട്ടിട്ടും പലിശവാങ്ങുകജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുക (എന്നീ കുറ്റങ്ങള്‍ ചെയ്തതുമൂലവും). അവരില്‍ നിന്നു സത്യനിഷേധികളായവര്‍ക്ക് വേദനാജനകമായ ശിക്ഷ നാം ഒരുക്കി വെച്ചിരിക്കുന്നു.

നിരോധിക്കപ്പെട്ട ആ ഭക്ഷ്യവസ്തുക്കള്‍ എന്തായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല. നഖമുളള എല്ലാം, പശു-ആട് എന്നിവയുടെ കൊഴുപ്പുകള്‍ - ഇവ അവരുടെ ധിക്കാരം കാരണം നിഷിദ്ധമാക്കപ്പെട്ടുവെന്ന് സൂറത്തുല്‍ അന്‍ആം 146 ലുണ്ട്. നിഷിദ്ധമാക്കപ്പെട്ട വിഭാഗത്തിലിവയും പെടും.

അടുത്ത ആയത്ത് 162

വേദക്കാരെപ്പറ്റി പൊതുവെയും, യഹൂദികളെപ്പറ്റി പ്രത്യേകിച്ചും പലതും ഇതുവരെ പറഞ്ഞുകഴിഞ്ഞു. അവരുടെ കൂട്ടത്തിലെ അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടെന്നും 161 ല്‍ പറഞ്ഞു.

എന്നാല്‍, അവരുടെ കൂട്ടത്തില്‍തന്നെ നല്ല അറിവും വിശ്വാസവുമുളള ചിലരുമുണ്ട്. വലിയ പ്രതിഫലമാണ് അല്ലാഹു അവര്‍ക്ക് നല്‍കുക. അവരെക്കുറിച്ചാണിനി പറയുന്നത്.

യഹൂദികളുടെ കൂട്ടത്തില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച അബ്ദുല്ലാഹിബ്‌നു സലാം (رضي الله عنه) വിനെ പോലെയുളള ചുരുക്കം ചിലരും, ക്രിസ്ത്യാനികളില്‍ നിന്ന് ഇസ്‌ലാമിലേക്ക് വന്നവരും ഉദാഹരണം.

لَٰكِنِ الرَّاسِخُونَ فِي الْعِلْمِ مِنْهُمْ وَالْمُؤْمِنُونَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ ۚ وَالْمُقِيمِينَ الصَّلَاةَ ۚ وَالْمُؤْتُونَ الزَّكَاةَ وَالْمُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أُولَٰئِكَ سَنُؤْتِيهِمْ أَجْرًا عَظِيمًا (162)

എന്നാല്‍അവരിലെ അഗാധജ്ഞാനികളും വിശ്വാസികളും താങ്കള്‍ക്കവതീര്‍ണമായ ഗ്രന്ഥത്തിലും അതിനുമുമ്പവതരിപ്പിക്കപ്പെട്ടവയിലും വിശ്വസിക്കുന്നു. അവര്‍ നമസ്‌കാരം കൃത്യമായ നുഷ്ഠിക്കുന്നവരാണെന്ന് പ്രത്യേകം പ്രസ്താവ്യമത്രെ. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണവര്‍. മഹത്തായ പ്രതിഫലം അവര്‍ക്കു നാം നല്‍കുന്നതാണ്.

-------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter