അധ്യായം 2. സൂറ ബഖറ (Ayath 275-281) പലിശക്കെതിരെ യുദ്ധപ്രഖ്യാപനം
ദാനധര്‍മങ്ങളെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നത്. അല്ലാഹു നല്‍കിയ സമ്പാദ്യം, അവനിഷ്ടപ്പെട്ട മാര്‍ഗങ്ങളില്‍ ചെലവഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന നേട്ടങ്ങളും വിശദമായി പറഞ്ഞു. രണ്ടു ലോകത്തും നേട്ടങ്ങളാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുണ്ടാകുന്ന ഊഷ്മളബന്ധം, പരസ്പര സ്നേഹം, സാമൂഹിക ഭദ്രത, അക്രമങ്ങളുടെയും അനീതിയുടെയും ഇല്ലായ്മ.... ഇങ്ങനെ പല ഗുണങ്ങളും ഇഹലോകത്തുണ്ട്.
പരലോകത്തു ചെന്നാലോ, ഒട്ടും ഭയമോ വ്യസനമോ കൂടാതെ ശാശ്വതമായ സുഖാനുഭൂതിയുടെ സ്വര്‍ഗമാണ് കിട്ടാന്‍ പോകുന്നത്. ഇതെല്ലാം കൊണ്ടുതന്നെ, സമയമോ സന്ദര്‍ഭമോ ഏതായാലും, ആവശ്യമാകുമ്പോള്‍ ചെലവഴിക്കണമെന്നാണിതുവരെ പറഞ്ഞത്.
ഇനി പറയുന്നതും സമ്പത്തുമായി ബന്ധപ്പെട്ട വിഷയം തന്നെയാണ്.
മേല്പറഞ്ഞ നേട്ടങ്ങളൊന്നും ഇല്ലാത്ത, വെറും നാശം മാത്രമുണ്ടാക്കുന്ന പലിശയെക്കുറിച്ചാണ് പറയുന്നത്.
ദാനം ചെയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്
സദുദ്ദേശ്യം, ഔദാര്യം, ത്യാഗമനസ്ഥിതി, പരസഹായം, ദീനാനുകമ്പ, സാമൂഹ്യനന്മ തുടങ്ങിയ നല്ല ഗുണങ്ങളാണല്ലോ. എന്നാല്‍ അതിനു നേരെ എതിര്‍വശത്തുള്ള ദുരുദ്ദേശ്യം, കുടിലമനസ്‌കത, സ്വാര്‍ത്ഥത, അത്യാഗ്രഹം, ചൂഷണം, സാമൂഹ്യദ്രോഹം തുടങ്ങിയ ചില മോശം ഗുണങ്ങളാണ് പലിശക്കുപിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്നത്.
സ്വദഖ നല്‍കുന്നവന്‍ പകരം മറ്റൊന്ന് പ്രതീക്ഷിക്കുന്നില്ല. കൊടുത്ത സംഖ്യപോലും ഒരര്‍ത്ഥത്തില്‍ അവന് നഷ്ടപ്പെടുകയാണ്. പലിശക്കാരനങ്ങനെയല്ല; കൊടുത്ത സംഖ്യയും പുറമെ ഒരു നിശ്ചിത തുകയും മടക്കിക്കിട്ടുന്നു.
ദാനം ചെയ്യുന്നയാള്‍, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് സഹായിക്കുകയാണ് ചെയ്യുന്നത്. പലിശക്കാരന്‍ അങ്ങനെയല്ല, മിച്ചമുള്ള പണം കുറച്ചുകാലത്തേക്ക് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിന്‍റെ പേരില്‍ അവരെ ചൂഷണം ചെയ്തു സമ്പാദിക്കുകയാണയാള്‍ ചെയ്യുന്നത്.
സ്വദഖ കൊടുക്കുന്നവന്‍ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയത് നല്‍കി മറ്റുള്ളവരെ സഹായിക്കുകയാണ്. ഇവനോ, അന്യന്‍റെ അദ്ധ്വാനം പിഴിഞ്ഞെടുക്കുകയും രക്തം ഊറ്റിക്കുടിക്കുകയുമാണ് ചെയ്യുന്നത്.
ദാനധര്‍മങ്ങള്‍ മനുഷ്യത്വവും സല്‍സ്വഭാവവുമാണ് പ്രതിനിധാനം ചെയ്യുന്നതെങ്കില്‍, പലിശ നേരെ വിപരീത സ്വഭാവങ്ങളുടെ പ്രതിഫലനമാണ്. ദാനം ചെയ്യുന്നവര്‍ അല്ലാഹുവിന്‍റെ പ്രീതിക്കും പ്രതിഫലത്തിനും അര്‍ഹനാകുന്നുവെങ്കില്‍, പൈശാചികസ്വഭാവമായ പലിശ കൊണ്ടുനടക്കുന്നവന്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്കും ശിക്ഷക്കും വിധേയനാവുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഏത് ഭാഗത്തുകൂടെ നോക്കിയാലും രണ്ടും പരസ്പര വിരുദ്ധങ്ങളാണ്.
മുന്‍ധാരണ പ്രകാരം, കൊടുത്തതിനേക്കാള്‍ കൂടുതല്‍ വാങ്ങുകയാണല്ലോ പലിശ. സാധാരണ, ഇല്ലാത്തവനാണ് വല്ലതും കടം വാങ്ങുക. അത് തിരിച്ചുകൊടുക്കുമ്പോള്‍ വാങ്ങിയതില്‍ കൂടുതല്‍ കൊടുക്കണമെന്ന് പറയുന്നത് കടുത്ത ചൂഷണമല്ലേ.
നല്ല മനസ്സോടെ ധര്‍മം ചെയ്യേണ്ട മനുഷ്യന്‍ അത് ചെയ്യുന്നില്ലെന്നു മാത്രമല്ല, നല്ല രൂപത്തില്‍ കടം കൊടുക്കാന്‍ പോലും തയ്യാറാകുന്നില്ല. കൂടുതല്‍ മടക്കിക്കിട്ടണമെന്ന് പറയുകയാണ്. മഹാ കഷ്ടമല്ലേ ഇത്?
ഈ പ്രവണത അനുവദിക്കുകയാണെങ്കില്‍, ചൂഷകരും ചൂഷിതരും എന്ന രണ്ട് വിഭാഗമായി ആളുകള്‍ വിഭജിക്കപ്പെടും. പരസ്പരം വെറുപ്പും ശത്രുതയുമുണ്ടാകും. സാഹോദര്യബന്ധം തകരും. സമാധാനപരമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമാകും. ഇങ്ങനെ നിരവധി കാരണങ്ങള്‍ മുന്‍നിറുത്തി, പലിശയെ ശക്തമായി നിരോധിച്ചിരിക്കുകയാണ് വിശുദ്ധ ഇസ്‌ലാം.
പലിശക്കാരുടെ പരിതാപകരമായ അവസ്ഥ വരച്ചുകാട്ടിയാണ് അതിന്‍റെ ഗൌരവം റബ്ബ് മനസ്സിലാക്കിത്തരുന്നത്. പിശാച്ബാധയോ അപസ്മാരമോ ഉള്ളവര്‍ വേച്ചുവേച്ചു നില്‍ക്കുകയും നടക്കുകയും ഇടക്കു വീണുപോവുകയും ചെയ്യുമല്ലോ. അതുപോലെയാണ് പലിശഭോജിയുടെയും ദുരവസ്ഥ.
ഖബ്‌റില്‍ നിന്ന് എഴുന്നേറ്റ് മഹ്ശറിലേക്കു പോകുമ്പോഴാണിത് എന്നാണ് പൂര്‍വിക വ്യാഖ്യാതാക്കളില്‍ പലരും പറഞ്ഞിട്ടുള്ളത്. പലിശ തിന്നുന്നവരുടെ വയര്‍ അന്നേരം അല്ലാഹു വലുതാക്കുമത്രേ. വലിയ വയറു കാരണം നേരെ നിവര്‍ന്നുനില്‍ക്കാന്‍ കഴിയാതെ അവര്‍ വീണുപോകും. ഭ്രാന്തന്മാരെപ്പോലെ ചെരിഞ്ഞും മറിഞ്ഞും വീണുകൊണ്ടിരിക്കും. ഈ വസ്തുത ചൂണ്ടിക്കാട്ടുന്ന പല ഹദീസുകളും വന്നിട്ടുണ്ട്.
എന്നാല്‍ ചില ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്, ദുന്‍യാവിലെ അവരുടെ സ്ഥിതിയും അങ്ങനെത്തന്നെയാണെന്നാണ്. പാവങ്ങളുടെ ചോരയൂറ്റിക്കുടിക്കുകയും കഴുത്തിന്നു ബ്ലെയ്ഡ് വെക്കുകയും ചെയ്യുന്ന ഈ കഠിനഹൃദയര്‍, പല ദുരന്തങ്ങളിലും പലപ്പോഴും വീണുപോകാറുണ്ട്.
ഈ ഉപദേശം കിട്ടയ ഉടനെ പലിശ നിറുത്തണമെന്ന് ഉപദേശിക്കുകയാണ്. അല്ലെങ്കില്‍ കടുത്ത, ശാശ്വതമായ നരകവാസം അനുഭവിക്കേണ്ടവരുമെന്ന് താക്കീത് ചെയ്യുകയും ചെയ്യുന്നുണ്ട്.
الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَنْ جَاءَهُ مَوْعِظَةٌ مِنْ رَبِّهِ فَانْتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ(275)
പിശാചുബാധ മൂലം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേറ്റു നില്‍ക്കുന്നതു പോലെയല്ലാതെ പലിശ ശാപ്പിടുന്നവര്‍ക്ക് എഴുന്നേറ്റുനില്‍ക്കാനാകില്ല (നില്‍പ്പുറപ്പിക്കാനാവില്ല). കച്ചവടം പലിശപോലെത്തന്നെയാണ് എന്നവര്‍ തട്ടിവിട്ടതിനാലാണിത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദനീയവും പലിശ നിഷിദ്ധവുമാക്കിയിട്ടുണ്ട്. അതുകൊണ്ട് റബ്ബിങ്കല്‍ നിന്നുള്ള സദുപദേശം ഒരാള്‍ക്കു ലഭിക്കുകയും വിരമിക്കുകയും ചെയ്താല്‍ നേരത്തെ വാങ്ങിയ പലിശ അവന്നെടുക്കാം. അവന്‍റെ കാര്യം അല്ലാഹുവിന് തീരുമാനത്തിന് വിധേയമായിരിക്കും. എന്നാല്‍ ആരെങ്കിലും പിന്നെയുമത് വാങ്ങുന്നുവെങ്കില്‍ അവര്‍ നരകക്കാരത്രേ. അവരതില്‍ ശാശ്വതരായിരിക്കും.
രിബാ എന്ന വാക്കിന്, വളര്‍ച്ച, വര്‍ദ്ധനവ് എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. മൂലധനം വര്‍ദ്ധിച്ച് വളര്‍ന്ന് കിട്ടുന്ന ആദായമാണല്ലോ പലിശ.
الَّذِينَ يَأْكُلُونَ الرِّبَا (പലിശ തിന്നുന്നവര്‍) എന്ന പ്രയോഗം അത്തരക്കാരോടുള്ള വെറുപ്പാണ് പ്രകടമാക്കുന്നത്. അന്യരുടെ സ്വത്ത് ചൂഷണം ചെയ്യുന്നവരെ ആക്ഷേപിച്ചുകൊണ്ട് ‘സമ്പത്ത് തിന്നുക’ എന്ന ഈ പ്രയോഗം വെറെയും പല സ്ഥലത്തും വിശുദ്ധ ഖുര്‍ആനില്‍ കാണാം.
ഇബ്‌നുജരീര്‍ (رحمه الله) പറഞ്ഞതു പോലെ, ഈ വചനം അവതരിക്കുന്ന കാലത്തെ പലിശക്കച്ചവടക്കാരുടെ ഉപജീവന മാര്‍ഗം തന്നെ അതായിരുന്നു. ഭക്ഷണം മനുഷ്യന്‍റെ ഒരു പ്രധാനാവശ്യമാണല്ലോ, അത് കൂടാതെ ജീവിക്കാനൊട്ട് സാധ്യവുമല്ല. അത്തരം ഭണക്ഷത്തിനു പോലും പലിശ വാങ്ങാന്‍ പാടില്ലെങ്കില്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി വാങ്ങുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.
ഇഹലോകത്ത് എന്തായിരുന്നോ ഏര്‍പ്പാട്, അതുമായി അങ്ങനെത്തന്നെ മഹ്ശറയിലേക്ക് കൊണ്ടുവരപ്പെടുമെന്നാണല്ലോ പ്രമാണങ്ങളിലുള്ളത്. നന്മയാണെങ്കില്‍ അങ്ങനെ, തിന്മയാണെങ്കില്‍ അങ്ങനെയും. വുളു ചെയ്തതു കാരണം സത്യവിശ്വാസികളുടെ മുഖവും കൈകാലുകളും വെളുത്തിരിക്കുമെന്ന് ഹദീസിലുണ്ട്. അതുപോലെ, വഞ്ചകന്മാരും മോഷ്ടാക്കളും തൊണ്ടിമുതല്‍ സഹിതമാണ് ഹാജറാക്കപ്പെടുക.
പലിശ തിന്നുന്നവരുടെ വയറ് വീടുകളെപ്പോലെ വലുതായിരിക്കുമെന്ന്, ഇമാം ബൈഹഖി (رحمه الله) ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്. ശരിക്ക് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയാതെ, ഭ്രാന്തന്‍മാരെപ്പോലെ ചെരിഞ്ഞും മറിഞ്ഞും വീണുകൊണ്ടിരിക്കുമവര്‍.
ഈ ആയത്തിറങ്ങിയപ്പോള്‍, പലിശ ഇടപാടുകള്‍ നടത്തിയിരുന്ന എല്ലാവരും ഉടനടി പിന്മാറിയത്രേ.
പലിശക്കാര്‍ക്ക് നേരത്തെപറഞ്ഞ നിസ്സഹായാവസ്ഥ അനുഭവപ്പെടാനുള്ള കാരണം, കച്ചവടവും പലിശ പോലെത്തന്നെയാണെന്ന് അവര്‍ പറഞ്ഞതാണ്. ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا
അതായത്, പലിശക്കാരന്‍ വാദിക്കുന്നത്, ' ഇറക്കിയ പണത്തിന്‍റെ ലാഭമല്ലേ താന്‍ മേടിക്കുന്നത്, അതുപോലെതന്നെയണല്ലോ കച്ചവടക്കാര്‍ ചെയ്യുന്നതും. അവരും ചരക്ക് വാങ്ങാന്‍ പണമിറക്കുന്നു, ലാഭം നേടുന്നു.’
മുതല്‍ മുടക്കി ആദായം നേടലാണ് പലിശ. അത് കുറ്റമാണെങ്കില്‍ കച്ചവടവും കുറ്റകരമാകേണ്ടതല്ലേ, അതും ആദായമെടുക്കല്‍ തന്നെയാണല്ലോ. പലിശ വാങ്ങല്‍ മാത്രം തെറ്റാകുന്നതെങ്ങനെ? ഇതാണവരുടെ വാദം.
തലതിരിഞ്ഞ ന്യായമാണിത്. ഇക്കാരണത്താലാണ് ഇത്രയും വലിയ ശിക്ഷ അവര്‍ക്ക് നല്‍കുന്നത്.
പഴയ കാലത്തുമാത്രം പറഞ്ഞുകേട്ടിരുന്ന ഒരു പഴഞ്ചന്‍ ന്യായമല്ല ഇത്. ഇന്നും പലരും തട്ടിവിടുന്ന ന്യായമാണ്. പലിശ വാങ്ങുക എന്ന തെറ്റിനു പുറമെ, അത് ന്യായീകരിക്കുക എന്ന മറ്റൊരു തെറ്റും കൂടി ചെയ്യുകയാണവര്‍.
എന്തേ കച്ചവടം പോലെയല്ല എന്നു പറയാന്‍ കാരണം? കച്ചവടത്തില്‍ ലാഭം കിട്ടുന്നത് അധ്വാനിച്ചും മുതല്‍മുടക്കിയുമാണ്. നഷ്ടം പറ്റാനും സാധ്യതയുണ്ട്. മാത്രമല്ല, കച്ചവടം ലോകം വളരാന്‍ അത്യാവശ്യവുമാണ്. ഇങ്ങനെ പല കാരണങ്ങളും ഉള്ളതുകൊണ്ടാണ് കച്ചവടം അല്ലാഹു അനുവദിച്ചത്. وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا
പലിശ അങ്ങനെയല്ല. അതില്‍ പണം ഇറക്കിയവന്‍ അധ്വാനിക്കുന്നില്ല. നഷ്ടം വരുമോ എന്ന പേടിയുമില്ല. വലിയ ചൂഷണമാണത്. ലോകത്തിന്‍റെ വളര്‍ച്ചയെ സഹായിക്കുകയല്ല, അതിന് തടയിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് പലിശ അല്ലാഹു നിഷിദ്ധമാക്കിയത്.
ഈ വ്യത്യാസം സിമ്പിളാണ്. സാധാരണക്കാര്‍ മുതല്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധന്‍മാര്‍വരെ ആര്‍ക്കും സാമാന്യമായി ചിന്തിച്ചാല്‍ മനസ്സിലാകുന്ന വ്യത്യാസം.
فَمَنْ جَاءَهُ مَوْعِظَةٌ مِنْ رَبِّهِ فَانْتَهَىٰ فَلَهُ مَا سَلَفَ
പലിശ ഏര്‍പ്പാട് ഇത്രയും കടുത്ത പാപമാണെന്ന് മനസ്സിലാക്കി, ഉടനെ അപ്പണി നിര്‍ത്തുകയും, നിലവിലുള്ള ഇടപാട് തുടരാതെ, പുതിയ ഇടപാട് നടത്താതെ എല്ലാ ബന്ധവും വിച്ഛേദിക്കുകയും ചെയ്താല്‍, മുമ്പ് പലിശയായി വാങ്ങിയ സംഖ്യയൊന്നും തിരിച്ചു കൊടുക്കേണ്ടതില്ല.
പലിശ നിരോധിക്കുന്നതിനുമുമ്പ് മുസ്‍ലിംകളില്‍ ചിലര്‍ അത് വാങ്ങിവന്നിരുന്നു. ഈ ഉപദേശം കിട്ടി പിന്മാറിയവര്‍ക്ക്, മുമ്പ് വാങ്ങിയത് എടുക്കാമെന്നാണ് ഇപ്പറഞ്ഞത്.
وَأَمْرُهُ إِلَى اللَّهِ
ഇനിയിപ്പോ നിര്‍ത്തി. പക്ഷേ, നല്ല മനസ്സോടെയാണോ, വെറുപ്പോടു കൂടിയാണോ? ഇടപാടുകാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ ഇല്ലേ? – ഇത്തരം കാര്യങ്ങളൊന്നും ഇനി ചൂഴ്ന്ന് അന്വേഷിക്കേണ്ടതില്ല. അതൊക്കെ അല്ലാഹുവിന് വിട്ടേക്കുക. وَأَمْرُهُ إِلَى اللَّهِ
ഈ ഉപദേശമൊന്നും വകവെക്കാതെ പിന്നെയും അത് തുടരുകയോ, പുതിയ ഇടപാട് നടത്തുകയോ ചെയ്താലോ? നരകാവകാശികളായി മാറുകയും ചെയ്യും -وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ
പലിശയും, പലിശയാണോ എന്ന് സംശയം തോന്നുന്ന എല്ലാ ഇടപാടുകളും ഉപേക്ഷിക്കണമെന്ന് ഉമര്‍(رضي الله عنه) ജനങ്ങളെ ഉദ്‌ബോധിച്ചിരുന്നു.
സല്‍ക്കര്‍മങ്ങളെ സംഹരിച്ചുകളയുമെന്ന് പറയപ്പെട്ട ഏഴ് വന്‍പാപങ്ങളില്‍ ഒന്നാണ് പലിശ.
عن أبي هريرة رضي الله عنه، أنَّ رَسولَ اللهِ صلَّى اللهُ عليه وسلَّم قال: اجتَنِبوا السَّبْعَ المُوبِقاتِ. قيل: يا رَسولَ اللهِ، وما هُنَّ؟ قال: الشِّركُ باللهِ، والسِّحرُ، وقَتْلُ النَّفسِ التي حرَّم اللهُ إلَّا بالحَقِّ، وأكْلُ الرِّبا، وأكْلُ مالِ اليَتيمِ، والتوَلِّي يومَ الزَّحفِ، وقَذْفُ المُحْصَناتِ الغافِلاتِ المُؤمِناتِ (بخاري ومسلم)
(ശിര്‍ക്ക്, സിഹ്ര്‍, അന്യായമായ കൊല, പലിശ തിന്നുക, അനാഥകളുടെ ധനംതിന്നുക, യുദ്ധക്കളം വിട്ടോടുക, പതിവ്രതകളായ സത്യവിശ്വാസിനികളെപ്പറ്റി വ്യഭിചാരാരോപണം നടത്തുക-ഇതാണ് ഏഴ് വന്‍പാപങ്ങള്‍).
പലിശ മഹാപാപമാണെന്നും വലിയ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും എല്ലാർക്കുമറിയാം. ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ എങ്ങനെയാണയാളെ സമൂഹം വിലയിരുത്തുക?! അതിനേക്കാള്‍ വലിയ പാപമാണ് പലിശ. എന്നിട്ടും വളരെ ലാഘവത്തോടെയാണ് ആളുകള്‍ അതിനെ സമീപിക്കുന്നത്!
ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും, 36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണെന്ന് തിരുനബി صلى الله عليه وسلم
عن عبد الله بن حنظلة رضي الله عنه قال: قال رسول الله صلى الله عليه وسلم: دِرهمُ ربًا يأكلُه الرَّجلُ وهوَ يعلَمُ؛ أشدُّ من سِتةٍ وثلاثين زَنْيَةٍ (رواه أحمد).
(അറിഞ്ഞു കൊണ്ട് ഒരാള്‍ തിന്നുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തിയാറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്).
സ്വന്തം ഉമ്മയുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നത് കടുത്ത വ്യഭിചാരമല്ലേ. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍, അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് തിരുനബി صلى الله عليه وسلم.
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: الرِّبا اثنان وسبعون بابًا أدناها مثلُ إتيانِ الرَّجلِ أمَّه (رواه البيهقي)
)പലിശക്ക് എഴുപത്തിരണ്ട് ഇനങ്ങളുണ്ട്. അതിലേറ്റവും ചെറിയത്, ഒരാള്‍ തന്‍റെ മാതാവുമായി ശയിക്കുന്നതുപോലെയാണ്(
ഇങ്ങനെയൊക്കെയായിട്ടും പലരും പലിശയുമായി ഇടപെടുകയാണ്. അത്തരക്കാര്‍ നേതൃസ്ഥാനങ്ങളിലും പള്ളി കമ്മിറ്റിയുടെയും മറ്റുമൊക്കെ തലപ്പത്തുണ്ടാവുകയും ചെയ്യും! വ്യഭിചാരം വന്‍പാപമാണെന്ന് മനസ്സിലാക്കി വിട്ടുനില്‍ക്കുന്ന പലരും പലിശ ലാഘവത്തോടെ കാണുകയാണ്!
ഇമാം മാലിക് (رحمه الله) പറയുന്നു : 'അല്ലാഹുവിന്‍റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു; കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ, പലിശയേക്കാള്‍ വലിയ മറ്റൊരു പാപം എനിക്ക് കാണാന്‍ കഴിഞ്ഞില്ല'
പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ് അടുത്ത 279 ആം ആയത്തിലുള്ളത്.
പലിശയുമായി ഇടപെടുന്നവരെല്ലാം തെറ്റിന്‍റെ കാര്യത്തില്‍ തുല്യപങ്കാളികളാണ് എന്ന് ഹദീസിലുണ്ട്. പലിശ വാങ്ങുന്നവര്‍ മാത്രമല്ല, ഏതെങ്കിലും നിലക്ക് അതുമായി ബന്ധപ്പെടുന്നവരും കുറ്റക്കാര്‍ തന്നെ:
عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ، وَشَاهِدَيْهِ، وَقَالَ هُمْ سَوَاءٌ (مسلم)
(തിരുനബി صلى الله عليه وسلم , പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും ആ ഇടപാടു എഴുതുന്നവനെയും അതിന്‍റെ രണ്ടു സാക്ഷികളേയും ശപിക്കുകയും, അവര്‍ എല്ലാവരും ഒരു പോലെ ആണെന്ന് പറയുകയും ചെയ്തിരിക്കുന്നു).
ഹറാമായ കാര്യത്തില്‍ സഹായിക്കുന്നതും സഹകരിക്കുന്നതും പങ്ക് വഹിക്കുന്നതും നിഷിദ്ധം തന്നെയാണെന്നത് ഒരു പൊതുതത്വമാണല്ലോ.
നമ്മള്‍ നല്ലവണ്ണം ശ്രദ്ധിക്കണം. ബാങ്കുകളുമായി ഇടപെടാതെ പല കാര്യങ്ങളും നടക്കാത്ത കാലമാണിത്. എന്നാലും പരമാവധി ശ്രദ്ധിക്കാമല്ലോ. നമ്മുടെ നാടുകളില്‍ മാക്സിമം കറന്‍റ് എക്കൌണ്ട് തുടങ്ങുക. SB ഉള്ളവര്‍ കറന്‍റിലേക്ക് മാറുക, അല്ലെങ്കില്‍ അത് ക്യാന്‍സല്‍ ചെയ്ത് പുതിയ കറന്‍റ് എക്കൌണ്ട് തുടങ്ങുക. മിനിമം അതെങ്കിലും ചെയ്യാമല്ലോ.
ഇസ്‍ലാമിക് ബാങ്കിംഗ് സിസ്റ്റങ്ങളുള്ള രാജ്യങ്ങളാണെങ്കില്‍, അത്തരം ബാങ്കുകളില്‍ മാത്രം എക്കൌണ്ട് തുടങ്ങുക. ഇങ്ങനെയൊക്കെ സൌകര്യങ്ങളുണ്ടായിട്ടും, പോരുന്നതിങ്ങോട്ട് പോരട്ടെ എന്ന നിലപാട് റബ്ബിനോടുള്ള ധിക്കാരമാണ്.
പലിശയധിഷ്ഠിത ലോണുകളെടുക്കുന്നവര്‍, ആഭരണങ്ങളും മറ്റുമൊക്കെ പണയം വെച്ച് പലിശ വാങ്ങുന്നവര്‍/കൊടുക്കുന്നവര്‍... എല്ലാം നിര്‍ത്തി ശരിയായ തൌബ ചെയ്തുമടങ്ങുകതന്നെ വേണം. ആഭരണം വില്‍ക്കുകയല്ലേ പലിശക്ക് പണയം വെക്കുന്നതിനേക്കാള്‍ നല്ലത്. റബ്ബ് പിന്നീട് ഐശ്വര്യം തരുമ്പോള്‍ വാങ്ങാമല്ലോ. ചിലപ്പോള്‍ കുറച്ചുകാലതാമസം വന്നേക്കാം. എന്നാലും പലിശയെന്ന മഹാപാപം ചെയ്യാന്‍ ഞാനില്ല എന്ന ഉറച്ച തീരുമാനമെടുക്കാന്‍ കഴിയണം.
നമ്മുടെ മഹല്ലു സംവിധാനങ്ങളും കൂട്ടായ്മകളും പലിശരഹിത വായ്പാ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. പലിയടത്തും ഇത്തരം സംവിധാനങ്ങള്‍ ഇന്ന് നടപ്പിലുണ്ട്. ആളുകളെ ബോധവല്‍ക്കരിക്കുകയും വേണം.
അടുത്ത ആയത്ത് 276
ദാനധര്‍മങ്ങളെക്കുറിച്ച് പറഞ്ഞതിനു തൊട്ടുടനെയാണല്ലോ പലിശയെക്കുറിച്ച് കഴിഞ്ഞ 275 ആം ആയത്തില്‍ പറഞ്ഞത്. ഇനി 276 ല്‍ രണ്ടിന്‍റെയും അനന്തരഫലങ്ങള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടുകയാണ്.
പലിശ വാങ്ങുമ്പോള്‍ പൈസ കൂടുന്നു. ധര്‍മം ചെയ്യുമ്പോള്‍ കൈയിലുള്ളത് പോകുന്നു, അങ്ങനെ നോക്കുമ്പോള്‍ പലിശ സമ്പാദ്യമാണ്; ധര്‍മം നഷ്ടവും. ഇങ്ങനെയാണ് പലരും കരുതുന്നത്. ഇത് ഭീമാബദ്ധമാണ്. പലിശ വാങ്ങുമ്പോള്‍ താല്‍ക്കാലിക വര്‍ധനവ് ഉണ്ടാകാമെങ്കിലും, അല്ലാഹുവിന്‍റെ അനുഗ്രഹം അതിലില്ലാത്തതുകൊണ്ട്, സമീപ ഭാവിയില്‍ തന്നെ ഇല്ലാതെയായിപ്പോകും.
നമ്മളൊക്കെ കണ്ടറിഞ്ഞ യാഥാര്‍ഥ്യമാണിത്. പലിശ കൊണ്ട് സമ്പാദിച്ചത്, ഒന്നുകില്‍ അവരുടെ ജീവിതകാലത്തുതന്നെ, അല്ലെങ്കില്‍ അടുത്ത തലമുറയിലെങ്കിലും നശിച്ചുപോകുന്നു. അതികഠിനമായ പരലോകശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരും.
മാത്രമല്ല, സമ്പത്തുകൊണ്ട് ദുന്യാവില്‍ മനുഷ്യന്‍ പ്രതീക്ഷിക്കുന്നത്, സംതൃപ്തമായ ജീവിതവും അന്തസ്സും സ്‌നേഹാദരവുകളുമൊക്കെയാണ്. പലിശക്കാരെ സംബന്ധിച്ചിടത്തോളം ഇതൊന്നുമുണ്ടാകില്ല. സമ്പത്ത് കൂടുംതോറും പിശുക്കും ആര്‍ത്തിയും സമാധാനക്കുറവും കൂടുകയാണ് ചെയ്യുക. ജനങ്ങളുടെ വെറുപ്പും ശത്രുതയും കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.
പരലോകത്തോ, ആ സമ്പത്ത് തീരെ പ്രയോജനപ്പെടുകയും ഇല്ല. നല്ല കാര്യത്തിനുവേണ്ടിതന്നെ അത് ചെലവഴിച്ചാലും, ഹറാമായ സമ്പാദ്യമാണ് എന്നതുകൊണ്ട്, ഒരു പുണ്യം ലഭിക്കില്ല.
സ്വദഖ ചെയ്യുന്നവന്‍റെ അവസ്ഥ അങ്ങനെയല്ല. വലിയ പ്രതിഫലമാണവന് കിട്ടുന്നത്, രണ്ട് ലോകത്തും. ആ കൊടുത്തത് അല്ലാഹു വളര്‍ത്തി വലുതാക്കും. ഇരട്ടികളായി പ്രതിഫലം കൊടുക്കും. എഴുനൂറിരട്ടിയോ അതിലധികമോ കൊടുക്കും. കൊടുത്തത് കഴിച്ച് ബാക്കിയുള്ള കൈയിലിരുപ്പില്‍ അല്ലാഹു ബറകത്ത് ചെയ്തതുകൊണ്ട് അത് വര്‍ധിക്കുകയും ചെയ്യും.
മൊത്തത്തില്‍ നോക്കുമ്പോള്‍, സമ്പാദ്യം കുറവാണെങ്കിലും, ഉള്ളതില്‍ സംതൃപ്തിയും മനസ്സമാധാനവും ഉണ്ടാകും. ജനങ്ങള്‍ക്ക് മതിപ്പും സ്‌നേഹവും കൂടുകയും ചെയ്യും.
يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ (276)
പലിശയെ അല്ലാഹു മായ്ച്ചുകളയുകയും ദാനധര്‍മങ്ങളെ പരിപോഷിപ്പിക്കുകയും (വളര്‍ത്തുകയും) ചെയ്യും. നിഷേധിയും (നന്ദികെട്ടവനും) കുറ്റവാളിയുമായ ഒരാളെയും അല്ലാഹു സ്‌നേഹിക്കയില്ല.
وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ
ഇത് ഒരു പൊതുതത്വമാണെങ്കിലും, ഇവിടെ പലിശക്കാരാണ് പ്രത്യേകമായി ഉദ്ദേശിക്കപ്പെട്ടതെന്ന് സാന്ദര്‍ഭികമായി മനസ്സിലാക്കാമല്ലോ. പലിശക്കാരന്‍ പാവങ്ങള്‍ക്ക് ഒന്നും സൗജന്യമായി കൊടുക്കുന്നില്ലെന്നു മാത്രമല്ല, അവരെ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രവണത, ആ സമ്പത്ത് അവന് കൊടുത്ത അല്ലാഹുവിനോട് കാണിക്കുന്ന വലിയ നന്ദികേടും മഹാപാപവുമല്ലേ? അത്തരക്കാരെ അല്ലാഹുവിന് ഇഷ്ടമേയല്ല.
അടുത്ത ആയത്ത് 277
ദാനധര്‍മങ്ങളെക്കുറിച്ചും അതിന് ലഭിക്കുന്ന മഹത്തായ പ്രതിഫലങ്ങളെക്കുറിച്ചും കുറച്ച് മുമ്പുള്ള ആയത്തുകളില്‍ പറഞ്ഞിരുന്നു. രിയാഅ്, എടുത്തുപറയുക, വാങ്ങിയവനെ ബുദ്ധിമുട്ടിക്കുക ഇതൊന്നുമുണ്ടാകരുതെന്നും അതൊക്കെ ഫലം നഷ്ടപ്പെടുത്തുന്നതാണെന്ന് ചേര്‍ത്തുപറയുകയും ചെയ്തിരുന്നു.
തൊട്ടുമുമ്പുള്ള ആയത്തില്‍ പലിശയുമായ ബന്ധപ്പെട്ട വളരെ ഗൗരവതരമായ താക്കീതും നമ്മള്‍ കണ്ടു. റബ്ബിനോട് ചെയ്യുന്ന ഗുരുതരമായ നന്ദികേടും മഹാപാതകവുമാണതെന്നും പറഞ്ഞു.
അങ്ങനെയൊക്കെ പറഞ്ഞ ശേഷം ഖുര്‍ആന്‍റെ പതിവുപോലെ, സത്യവിശ്വാസികളെക്കുറിച്ചും അവരുടെ നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയുകയാണ്.
സത്യവിശ്വാസികളുടെ ഏത് സല്‍ക്കര്‍മത്തിനും വലിയ പ്രതിഫലമാണുള്ളത്. 'അവരുടെ രക്ഷിതാവിങ്കലാണ് അവരുടെ പ്രതിഫലമെന്നാണ് പറയുന്നത്. ഈ പ്രയോഗത്തില്‍ നിന്നുതന്നെ അതിന്‍റെ വലിപ്പം മനസ്സിലാക്കാമല്ലോ.
സല്‍ക്കര്‍മങ്ങളുടെ കൂട്ടത്തില്‍, നമസ്‌കാരവും സകാത്തും പ്രത്യേകം എടുത്തുപറയുന്നുമുണ്ട്; പ്രാധാന്യം സൂചിപ്പിക്കാന്‍. ഇങ്ങനെ സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍ പരലോകത്ത് ഭയപ്പെടേണ്ടിയും ദുഃഖിക്കേണ്ടിയും വരില്ല.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُهُمْ عِنْدَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (277)
സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുകയും നമസ്‌കാരം യഥാവിധി നിലനിറുത്തകുയും സക്കാത്ത് നല്‍കുകയും ചെയ്യുന്നവര്‍ക്ക് തങ്ങളുടെ പ്രതിഫലം അല്ലാഹുവിങ്കലുണ്ടായിരിക്കും. അവര്‍ക്ക് ദുഃഖമോ ഭയപ്പാടോ ഉണ്ടാവില്ല.
അടുത്ത ആയത്ത് 278, 279
അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച്, സൂക്ഷ്മതയോടെ ജീവിക്കണമെന്ന് മൊത്തത്തില്‍ ഉണര്‍ത്തുകയാണ് ആദ്യം.
പിന്നെ പറയുന്നത്, നിങ്ങള്‍ മുമ്പ് നടത്തിയിട്ടുള്ള പലിശ ഇടപാടുകളില്‍ കിട്ടാന്‍ ബാക്കിയുള്ളതൊന്നും മേലില്‍ വാങ്ങരുതെന്നും, അത് അപ്പടി ഉപേക്ഷിക്കുക തന്നെ വേണമെന്നുമാണ്.
ഈ രണ്ട് ആയത്തുകളും ഇറങ്ങാന്‍ കാരണം:
ജാഹിലിയ്യ കാലത്ത് സഖീഫ് ഗോത്രത്തിലെ ബനൂഅംറ് കുടുംബവും മഖ്‌സൂം ഗോത്രത്തിലെ ബനൂമുഗീറ കുടുംബവും തമ്മില്‍ ഇടപാടുകള്‍ നടന്നുവന്നിരുന്നു. ബനൂമുഗീറ കടം വാങ്ങുകയായിരുന്നു പതിവ്. കടം കൊടുത്തിരുന്നതും അതിന് പലിശ വാങ്ങിയിരുന്നതും ബനൂഅംറും.
തിരുനബി صلى الله عليه وسلم മദീനയിലേക്ക് ഹിജ്റ ചെയ്തു വന്ന ശേഷം അറബീഗോത്രങ്ങള്‍ പലതും ക്രമേണ ഇസ്‌ലാമിലേക്ക് വരാന്‍ തുടങ്ങിയല്ലോ. അക്കൂട്ടത്തില്‍ മക്കക്കാരായ മേല്‍പറഞ്ഞ രണ്ട് കുടുംബങ്ങളും മുസ്‍ലിംകളായി.
ബനൂഅംറ് കുടുംബങ്ങളിലെ ചിലര്‍ക്ക് മുഗീറ കുടുംബത്തിലെ ചിലരില്‍ നിന്ന് കുറച്ച് പലിശ പിരിഞ്ഞു കിട്ടാന്‍ ബാക്കിയുണ്ടായിരുന്നു. ബനൂഅംറ് പതിവുപോലെ ബനൂമുഗീറയോട് പലിശ ആവശ്യപ്പെട്ടു. നമ്മളൊക്കെ മുസ്ംലികളായില്ലേ, ഇനി പലിശ തരില്ലെന്നായിരുന്നു അവരുടെ പ്രതികരണം.
പരമ്പരാഗതമായി നടന്നുവരുന്നതാണ് നമ്മുടെ ഇടപാടെന്നും അതുകൊണ്ട് കിട്ടണമെന്നും ബനൂഅംറ് വാശിപിടിച്ചു. തര്‍ക്കം മൂത്തു, തിരുനബി صلى الله عليه وسلمയുടെ പ്രതിനിധിയായി മക്കയില്‍ അന്നുണ്ടായിരുന്ന അത്താബുബ്‌നു ഉസൈദ് മദീനയിലേക്ക് കത്തെഴുതി വിഷയം തിരുനബി صلى الله عليه وسلم യെ ധരിപ്പിച്ചു. അപ്പോഴായിരുന്നു 278,279 ഉം ആയത്തുകള്‍ അവതരിച്ചത്.
ഈ വിവരം തിരുനബി صلى الله عليه وسلم മക്കയിലേക്കറിയിച്ചു. വിവരമറിഞ്ഞപ്പോള്‍ ബനൂഅംറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'അല്ലാഹുവിനോടും റസൂലിനോടും യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധരല്ല; ഞങ്ങള്‍ക്ക് മൂലധനം മാത്രം മതി. ഞങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുകയും, ബാക്കി പലിശ വിട്ടുകളയുകയും ചെയ്യുന്നു.’
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ (278)
സത്യവിശ്വസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സാക്ഷാല്‍ മുഅ്മിനുകളാണെങ്കില്‍ കിട്ടാനുള്ള പലിശ വിട്ടുകളയുകയും ചെയ്യുക.
فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِنَ اللَّهِ وَرَسُولِهِ ۖ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ (279)
നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിങ്കലും റസൂലിങ്കലും നിന്നുള്ള യുദ്ധത്തെപ്പറ്റിയറിയുക! പശ്ചാത്തപിക്കുന്നുവെങ്കില്‍ മൂലധനം നിങ്ങള്‍ക്കുണ്ടാകും (നിങ്ങള്‍ക്ക് കിട്ടും). നിങ്ങള്‍ അക്രമികളോ അക്രമവിധേയരോ ആകരുത്.
فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِنَ اللَّهِ وَرَسُولِهِ
പലിശക്കാരന്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഇസ്‌ലാമിക ശരീഅത്തിന്‍റെയും ബദ്ധവൈരിയാണ്. അവനോട് അല്ലാഹുവും റസൂലും യുദ്ധപ്രഖ്യാപനം നടത്തുകയാണ്.
فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ
വാങ്ങിപ്പോയതിനെക്കുറിച്ച് ഖേദിച്ചുമടങ്ങിയാല്‍ അല്ലാഹു പൊറുത്തുതരും. ആത്മാര്‍ഥവും നിഷ്‌കളങ്കവുമായ പശ്ചാത്താപത്തിനു ശേഷവും അല്ലാഹു ശിക്ഷിക്കുകയില്ല. അങ്ങനെ പശ്ചാത്തപിച്ചുമടങ്ങിയാല്‍, മൂലധനം ന്യായമായും നിങ്ങള്‍ക്ക് എടുക്കാം. അതിക്രമം കാണിച്ച് കൂടുതലൊന്നും വാങ്ങരുത്. മൂലധനത്തില്‍ നിന്ന് എന്തെങ്കിലും കുറച്ച്, നിങ്ങളോടിങ്ങോട്ടും മറുകക്ഷി അതിക്രം കാണിക്കരുത്.
അടുത്ത ആയത്ത് 280
പലിശയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിര്‍ത്തണമെന്ന് പറഞ്ഞു. പകരം, അനുവദനീയമായ രൂപത്തില്‍ കടം കൊടുത്തുള്ള സഹായങ്ങള്‍ തുടരുകയും ചെയ്യണം.
കടം വീട്ടാന്‍ സാധിക്കാത്ത എന്തെങ്കിലും പ്രസായം കടക്കാരനുണ്ടെങ്കില്‍, സൗകര്യം ഉണ്ടാകുന്നതുവരെ അവധി നീട്ടികൊടുക്കണമെന്നും, അതുവരെ അവനെ ബുദ്ധിമുട്ടിക്കരുതെന്നും കല്‍പിക്കുകയാണ്.
എല്ലാ കടക്കാരെയും ബാധിക്കുന്ന ഒരു കല്‍പനയാണിത്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കടം വിട്ടുകൊടുക്കുന്നതും നല്ലതു തന്നെ; മുഴുവന്‍ കഴിയില്ലെങ്കില്‍, കുറച്ചെങ്കിലും. വളരെ പ്രസക്തമായ ഉപദേശം.
കടം പാടെ ഒഴിവാക്കികൊടുക്കണമെന്ന നിര്‍ബന്ധ കല്പനയല്ല ഇത്. അങ്ങനെയെങ്കില്‍, ആരും പിന്നെ കടം കൊടുക്കാന്‍ നില്‍ക്കില്ലല്ലോ. അതൊരു സ്വദഖയായി കണ്ട് ഒഴിവാക്കിക്കൊടുക്കുകയാണെങ്കില്‍, ഏറ്റവും ഉത്തമമെന്നാണ് പറഞ്ഞത്. കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുന്നവര്‍ക്ക്, കൂടുതല്‍ പ്രതിഫലം വേണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യുന്നത് വലിയ ഖൈറാണ് എന്ന് ചുരുക്കം.
وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ ۖ إِنْ كُنْتُمْ تَعْلَمُونَ (280)
സാമ്പത്തിക പ്രയാസമുള്ള ഒരാളുണ്ടെങ്കില്‍ സൗകര്യാവസ്ഥവരെ ഇടനല്‍കണം. വിവരമുള്ളവരാണ് നിങ്ങളെങ്കില്‍ ദാനമായി വിട്ടുകൊടുക്കുകയാണ് ഏറ്റവും നല്ലത്.
അബൂഖതാദ(رضي الله عنه) പറയുന്നു: കടക്കാരന് സൗകര്യം ചെയ്തുകൊടുക്കുകയോ മുഴുവന്‍ വിട്ടുകൊടുക്കുകയോ ചെയുന്നവന്, അന്ത്യനാളില്‍ അര്‍ശിന്‍റെ നിഴല്‍ ലഭിക്കുമെന്ന് തിരുനബി صلى الله عليه وسلم പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (മുസ്‌ലിം).
തിരുനബി صلى الله عليه وسلم പറയുന്നു: 'ജനങ്ങള്‍ക്ക് കടം കൊടുക്കുന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നുവത്രെ. പ്രയാസമനുഭവിക്കുന്ന കടക്കാരെ കണ്ടാല്‍, ആ കടം ഒഴിവാക്കിക്കൊടുക്കാന്‍ വേലക്കാരോട് പറയും. അല്ലാഹു നമ്മുടെ ദോഷങ്ങള്‍ വിട്ടുതന്നേക്കും എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യും. അങ്ങനെ അല്ലാഹു അയാളുടെ ദോഷങ്ങള്‍ മാപ്പുചെയ്തുകൊടുത്തു.' (ബുഖാരി).
പ്രബലമായ നിരവധി ഹദീസുകള്‍ ഇവ്വിഷയകമായി കാണാം.
അബൂഖതാദ (رَضِيَ اللهُ عَنْهُ), അദ്ദേഹത്തിന്‍റെ ഒരു കടക്കാരനെ തേടിച്ചെല്ലുമ്പോള്‍ കടക്കാരന്‍ ഒളിച്ചിരിക്കുമത്രേ. ഒരിക്കല്‍ നേരില്‍ കണ്ടുമുട്ടി. വലിയ പ്രയാസത്തിലാണ് ഞാന്‍, കടം വീട്ടാന്‍ കഴിവില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അപ്പോള്‍ അബൂഖതാദ (رَضِيَ اللهُ عَنْهُ) ചോദിച്ചു: ‘സത്യമായും അങ്ങനെയാണോ?’ ‘അല്ലാഹുതന്നെ സത്യം! അതെ.’
അപ്പോള്‍ അബൂഖതാദ (رَضِيَ اللهُ عَنْهُ) കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞത്രെ: ‘ഖിയാമത്തുനാളിലെ ദുഃഖങ്ങളില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അവന്‍ പ്രയാസമനുഭവിക്കുന്ന കടക്കാരന് ആശ്വാസം നല്‍കുകയോ, കടം ഒഴിവാക്കിക്കൊടുക്കുകയോ ചെയ്യട്ടെ.’ എന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. (അഹ്‍മദ്, മുസ്‍ലിം)
കടം വാങ്ങിയവര്‍ അത് വീട്ടിത്തീര്‍ക്കാന്‍ പരമാവധി ശ്രമം നടത്തണം. അങ്ങനെയാകുമ്പോള്‍, അത് വീട്ടിത്തീര്‍ക്കാന്‍ അല്ലാഹു സഹായിക്കും. പല വഴികളും തുറന്നുതരികയും ചെയ്യും. വീട്ടാന്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനും സമൂഹം മുന്നോട്ടുവരണം.
ഇന്നിപ്പോള്‍ കടം വാങ്ങി മുങ്ങുന്ന പ്രവണത സാര്‍വത്രികമായി മാറിയിരിക്കുകയാണ്. കടം തിരിച്ചുചോദിച്ചാല്‍ ബന്ധങ്ങള്‍ വരെ വിച്ഛേദിക്കപ്പെടുന്ന പരിതാപകരമായ അവസ്ഥ!
വീട്ടാന്‍ കഴിവുണ്ടായിട്ടും അതിന് തയ്യാറാകാതെ, കടം നല്‍കി സഹായിച്ചവരെ വിഷമിപ്പിക്കുന്ന പല വിരുതന്മാരെയും കാണാം. എന്തെങ്കിലും ന്യായങ്ങളോ കള്ളത്തെളിവുകളോ സൂത്രങ്ങളോ ഒപ്പിച്ച് വീട്ടാതിരിക്കാന്‍ ശ്രമം നടത്തും. ഫോണെടുക്കില്ല; കടം വാങ്ങിക്കഴിഞ്ഞാല്‍ സിം കാര്‍ഡ് വരെ മാറ്റും! ഒഴിഞ്ഞുമാറിനടക്കും. മഹാദ്രോഹമാണവര്‍ ചെയ്യുന്നതെന്നാണ് തിരുനബി صلى الله عليه وسلم പറഞ്ഞത്. ശക്തമായ താക്കീതുകളും അത്തരക്കാര്‍ക്ക് നല്‍കിയിട്ടുണ്ട് തിരുനബി صلى الله عليه وسلم.
‘ആരെങ്കിലും ജനങ്ങളുടെ ധനം, വീട്ടാന്‍ ഉദ്ദേശിച്ചുകൊണ്ട് (കടം) മേടിച്ചാല്‍ അല്ലാഹു അവനത് വീട്ടിക്കൊടുക്കും. ഇനി തിരിച്ചു(കൊടുക്കാതെ) നശിപ്പിക്കണമെന്ന് ഉദ്ദേശിച്ച് മേടിച്ചാല്‍, അത് നശിപ്പിക്കുന്നതുമാണ്’ (ബുഖാരി).
അബൂഖതാദ (رَضِيَ اللهُ عَنْهُ) പറയുന്നു: ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ റസൂലേ, (ഇതൊന്നു പറഞ്ഞു തന്നാലും): ഞാന്‍ ക്ഷമിച്ച്, അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ച്, പിന്‍തിരിയാതെ യുദ്ധമുന്നണിയില്‍ ഉറച്ചുനിന്ന്, അടരാടി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയാണെങ്കില്‍, എന്‍റെ പാപം അവന്‍ മാപ്പാക്കിത്തരുമോ?’ തിരുനബി صلى الله عليه وسلم ‘അതെ’ എന്ന് പറഞ്ഞു. എന്നിട്ട് അയാള്‍ തിരിഞ്ഞുനടക്കുമ്പോള്‍, അദ്ദേഹത്തെ വിളിച്ചു അവിടന്ന് ഇങ്ങനെ പറഞ്ഞു: ‘അതെ, കടം ഒഴികെ. (കടം അല്ലാഹു പൊറുക്കുകയില്ല) ജിബ്‌രില്‍ എന്നോട് അങ്ങനെ പറഞ്ഞിരിക്കുന്നു.’ (മുസ്‍ലിം)
അടുത്ത ആയത്ത് 281
വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും അവസാനമിറങ്ങിയ ആയത്താണിത്. ഇതിനുശേഷം ഏതാനും ദിവസങ്ങള്‍ മാത്രമേ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജീവിച്ചിരുന്നിട്ടുള്ളൂ.
മുകളില്‍ പറഞ്ഞതിനൊക്കെ അടിവരയിട്ട് വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയുകയാണ് അല്ലാഹു: ഈ ജീവിതം താല്‍ക്കാലികമാണ്, ശാശ്വതമായ പരലോകജീവിതം വരാനിരിക്കുന്നു, അവിടെവെച്ചാണ് കര്‍മങ്ങള്‍ക്കെല്ലാം പ്രതിഫലം ലഭിക്കുക. അതുകൊണ്ട് അന്നത്തേക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കണം.
وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ (281)
അല്ലാഹുവിങ്കലേക്ക് തിരിച്ചയക്കപ്പെടുന്ന ഒരു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. എന്നിട്ട് ഓരോ വ്യക്തിക്കും താനനുവര്‍ത്തിച്ചതിനുള്ള പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടും. അവരോട് അക്രമം പ്രവര്‍ത്തിക്കപ്പെടില്ല (ദ്രോഹിക്കപ്പെടില്ല) .
ഇമാം ഇബ്‌നു അബ്ബാസ്(رضي الله عنهما) പറയുന്നു: തിരുനബി صلى الله عليه وسلم ഹജ്ജ് (ഹിജ്റ 10 ആം വര്‍ഷം നടന്ന ഹജ്ജത്തുല്‍വിദാഅ്) ചെയ്തപ്പോള്‍, يَسْتَفْتُونَكَ എന്ന് തുടങ്ങുന്ന കലാലയുടെ ആയത്ത് (സൂറത്തുന്നിസാഅ് 186) അവതരിച്ചു. പിന്നെ അറഫാത്തില്‍ നില്‍ക്കവെ الْيَوْمَ أَكْمَلْتُ എന്ന് തുടങ്ങുന്ന (സൂറത്തുല്‍മാഇദ 3) സൂക്തം ഇറങ്ങി. പിന്നീട് وَاتَّقُوا എന്ന് തുടങ്ങുന്ന ഈ വാക്യവും അവതീര്‍ണമായി. ഇത് അല്‍ബഖറയിലെ 281-ആം സൂക്തമായി വെക്കുക എന്നും ജിബ്‌രീല്‍(عليه السلام) നിര്‍ദ്ദേശിച്ചു (അത്തഫ്‌സീറുല്‍ കബീര്‍).
‘വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവുമവസാനം അവതരിച്ചത് ഈ സൂക്തമാണ്. ഇതിന്‍റെ അവതരണാനന്തരം ഒമ്പതു ദിവസമേ തിരുനബി صلى الله عليه وسلمജീവിച്ചിരുന്നിട്ടുള്ളൂ’ (അദ്ദുര്‍റുല്‍മന്‍സൂര്‍).
ഇമാമുമാരായ ഖുര്‍ഥുബിയും ഥബ്‌രിയും ഇബ്‌നുകസീറും (رحمهم الله) മറ്റും ഇതേ അഭിപ്രായം തഫ്‌സീറുകളില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഈ വാക്യം ഇറങ്ങിയ ശേഷം തിരുനബി صلى الله عليه وسلمജീവിച്ച ദിവസങ്ങളുടെ എണ്ണത്തില്‍ വേറെയും അഭിപ്രായങ്ങളുണ്ട്.
وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ
ജീവിതത്തിന്‍റെ നാനാതുറകളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ വിവരിച്ച ശേഷം മനുഷ്യന്‍റെ നിര്‍ണായകമായ ജയാപജയങ്ങള്‍ വിധിക്കപ്പെടുന്ന പരലോകത്തെക്കുറിച്ച് ഉണര്‍ത്തുകയാണ്. 'നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്നൊരു മഹാദിനം'! ഈ പ്രയോഗം തന്നെ ചിന്തോദ്ദീപകവും പേടിപ്പെടുത്തുന്നതുമാണ്.
'നിങ്ങള്‍ മടങ്ങുന്ന ദിനം' എന്നല്ല, 'മടക്കപ്പെടുന്ന ദിനം' എന്നാണ് പ്രയോഗം. എല്ലാവരും നിര്‍ബന്ധിതരായിത്തന്നെ അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് ഹാജറാക്കപ്പെടുന്ന ഭയാനകമായ ദിവസമാണത്. സ്വമേധയാ ആരാണാ സവിധത്തിലേക്ക് ഹാജറാവുക!
അന്ത്യനാളിന്‍റെയും മഹ്ശറിന്‍റെയും ഭീതിതമായ അവസ്ഥകള്‍ വിവരിക്കുന്ന ധാരാളം ആയത്തുകളും ഹദീസുകളുമുണ്ട്. അന്ന്, ഒരു ഏറ്റക്കുറച്ചിലുമില്ലാതെ, ഓരോരുത്തരും അര്‍ഹിക്കുന്ന പ്രതിഫലം (രക്ഷാ/ശിക്ഷകള്‍) നല്‍കപ്പെടും. ഈ ദിനം നിങ്ങള്‍ ഗൗരവപൂര്‍വം ഓര്‍ത്തിരിക്കണമെന്നാണ് അല്ലാഹു ഉണര്‍ത്തുന്നത്.
---------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment