അധ്യായം 6. സൂറത്തുല്‍ അന്‍ആം (Ayath 9-18) ഉമ്മയെക്കാളും ഇഷ്ടമോ ?
തിരുനബി (صلى الله عليه وسلم) അല്ലാഹുവിന്റെ റസൂലാണെന്ന് സാക്ഷ്യപ്പെടുത്താന്‍ മലക്കിനെ അയക്കണമെന്ന് മക്കാമുശ്രിക്കുകള്‍ ആവശ്യപ്പെട്ട കാര്യമാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്.
മറ്റു ചിലപ്പോഴവര്‍ തട്ടിവിട്ടിരുന്നത്, റസൂലാക്കേണ്ടത് ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനെയല്ല, മലക്കിനെയാണ് എന്നാണ്. ഈ ആവശ്യം പരിഗണിച്ച്
ഒരു മലക്കിനെ അയക്കുകയാണെന്ന് സങ്കല്പിച്ചാല് തന്നെ പ്രശ്നങ്ങള്‍ തീരുകയല്ല ചെയ്യുക. മലക്കിനെ കാണാനും അദ്ദേഹവുമായി ഇടപഴകാനും സംസാരിക്കാനുമൊന്നും ഇവര്‍ക്ക് കഴിയില്ല. കാരണം, മനുഷ്യന് മലക്കിനെ കാണാന്‍ കഴിയില്ലെന്നതുതന്നെ.
അപ്പോള്‍പിന്നെ ആ മലക്കിനെ മനുഷ്യരൂപത്തില്‍ അയക്കേണ്ടി വരും. അപ്പോഴും പ്രശ്നം രൂക്ഷമാകും-ഇപ്പോഴുള്ള സംശയവും ആശയക്കുഴപ്പവും അപ്പോഴുമുണ്ടാകും. മനുഷ്യവേഷത്തില്‍ ഒരാള്‍ വന്ന് ഞാന്‍ മലക്കാണെന്നും തിരുനബി (صلى الله عليه وسلم) സത്യസന്ധനാണെന്നും പറഞ്ഞാല്‍ തന്നെ അവരത് വിശ്വസിക്കുകയില്ലല്ലോ. ചുരുക്കത്തില്‍ അല്ലാഹുവിനെയും മുര്‍സലുകളെയും അംഗീകരിക്കില്ല എന്ന ധിക്കാര മനഃസ്ഥിതി മാത്രമാണവര്‍ക്ക്. അതിനു ചികിത്സയോ പരിഹാരമാര്‍ഗമോ ഇല്ല.
وَلَوْ جَعَلْنَاهُ مَلَكًا لَجَعَلْنَاهُ رَجُلًا وَلَلَبَسْنَا عَلَيْهِمْ مَا يَلْبِسُونَ (9)
നാം നിയോഗിക്കുന്ന റസൂലിനെ മലക്കാക്കുകയാണെങ്കില് തന്നെ, രൂപത്തില്‍ അതൊരു പുരുഷനായിരിക്കും. ആശയക്കുഴപ്പമുണ്ടാകുന്ന കാര്യം അപ്പോഴുമവര്‍ക്ക് വിവേചിച്ചറിയാതായിപ്പോകുന്നതാണ്.
മലക്കുകളെ ശരിയായ രൂപത്തില്‍ മനുഷ്യര്‍ക്ക് കാണാന്‍ കഴിയില്ല. പേടിച്ചുപോവുകയും മരണപ്പെടുകയുംവരെ ചെയ്യുമെന്നാണ് ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നത്. (ഖുര്‍ഥുബി). ഏതെങ്കിലും ആവശ്യത്തിന് മലക്കിനെ ഇറക്കുകയാണെങ്കില്തന്നെ മനുഷ്യനായി മാത്രം.
ആകെ രണ്ട് സമയങ്ങളിലാണ് തിരുനബി(صلى الله عليه وسلم)പോലും ജിബ്രീല്‍ عليه السلامനെ പൂര്‍ണരൂപത്തില്‍ കണ്ടിട്ടുള്ളത്. ഒന്ന് – മക്കയിലെ ബഥ്ഹാഇല് വെച്ച് - 600 ചിറകുകളുള്ള ജിബ്രീല്‍ ആകാശഭൂമിക്കിടയില്‍ നിറഞ്ഞിരിക്കുന്നതായാണ് കണ്ടത്. പേടിച്ച്, പുതപ്പിട്ടു മൂടാന്‍ പറഞ്ഞാണ് അന്ന് വീട്ടിലെത്തിയത് (ബുഖാരി, മുസ്ലിം).
രണ്ടാമത്തേത് ഇസ്റാഅ് മിഅ്റാജിന്റെ രാവില്‍, സിദ്റത്തുല്‍ മുന്തഹക്കടുത്തുവെച്ച് (സൂറത്തുന്നജ്മ് 13). ഈ രണ്ടു പ്രാവശ്യമേ ശരിയായ രൂപത്തില്‍ കണ്ടിട്ടുള്ളൂ.
അധികവും, സുമുഖനായ, അന്‍സ്വാരി സ്വഹാബിയായിരുന്ന ദിഹ്യതുല് കല്‍ബി (رضي الله عنه) വിന്റെ രൂപത്തിലായിരുന്നു ജിബ്രീല്‍ عليه السلام തിരുനബി صلى الله عليه وسلمയുടെ അടുത്തെത്തിയിരുന്നത്. ചിലപ്പോള്‍ യാത്രക്കാരന്റെ വേഷത്തിലും.
وَلَلَبَسْنَا عَلَيْهِمْ مَا يَلْبِسُونَ
മനുഷ്യന്റെ രൂപത്തില്‍ വന്നാല്‍ എന്തായാലും കണ്‍ഫ്യൂഷനുണ്ടാകും.
മാത്രമല്ല, ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന്പിന്നെ അവരുടെ കഥ കഴിയുകയും ചെയ്യും (അല്‍ അന്‍ആം 8). അതുകൊണ്ടുകൂടിയാണ് മലക്കുകളെ റസൂലായി അയക്കാത്തത്. മനുഷ്യരെത്തന്നെ പ്രവാചകന്മാരായി അയക്കുന്നത് വലിയൊരു അനുഗ്രഹമാണ്. മലക്കുകളുടെ പ്രകൃതവും സ്വഭാവവും നമ്മുടേതുപോലെയല്ലല്ലോ.
അടുത്ത ആയത്ത് 10
തിരുനബി صلى الله عليه وسلم യെ സമാധാനിപ്പിക്കുകയാണിനി. സത്യനിഷേധികളുടെ മുരടിച്ച ഈ ധിക്കാരവും ദൈവ നിഷേധവും പ്രവാചകാവഹേളനവുമൊക്കെ പണ്ടുമുതലേയുണ്ടായിരുന്നതാണ്, അങ്ങ് പരിഭവിക്കേണ്ടതില്ല. ഭൂമിയില്‍ സഞ്ചരിച്ചു നോക്കിയാല്‍ നിരവധി നിഷേധീ സമൂഹങ്ങളെ അല്ലാഹു നശിപ്പിച്ചതിന്റെ ലക്ഷണങ്ങള്‍-ചാവുകടല്‍, മദാഇന്‍ സ്വാലിഹ് തുടങ്ങിയവ ഉദാഹരണം- കാണാന്‍ കഴിയും.
തിരുനബി (صلى الله عليه وسلم) പ്രവാചകശൃംഖലയുടെ അവസാനത്തെ കണ്ണിയാണല്ലോ. മുഴുവന്‍ പ്രവാചകന്മാരുടെയും ദൗത്യവും സന്ദേശവും ഒന്നുതന്നെയായിരുന്നു-അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന്. പക്ഷേ, അവരെല്ലാം സ്വന്തം ജനതയുടെ എതിര്‍പ്പുകളും പരിഹാസവും നേരിടേണ്ടിവന്നവരാണ്. ചില പ്രവാചകന്മാര് വധിക്കപ്പെടുകവരെ ചെയ്തു. എന്നിട്ടും വിശുദ്ധ ദീന് സംരക്ഷിക്കപ്പെടുകയാണുണ്ടായത്. ധിക്കാരികള്‍ ഉന്മൂനലനം ചെയ്യപ്പെടുകയും ചെയ്തു.
അത്തരം എതിര്‍പ്പുകളും പരിഹാസങ്ങളും നേരിടേണ്ടിവന്ന പ്രവാചക ശ്രേഷ്ഠരുടെ ചരിത്രത്തിലേക്ക് തിരുനബി (صلى الله عليه وسلم) യുടെ ശ്രദ്ധ തിരിക്കുകയാണ് അല്ലാഹു. അങ്ങ് നേരിട്ടുകൊണ്ടിരിക്കുന്ന എതിര്‍പ്പുകളിലൊന്നും പതറരുതെന്ന് പറഞ്ഞ് അവിടത്തെ സമാശ്വസിപ്പിക്കുകയാണ്.
وَلَقَدِ اسْتُهْزِئَ بِرُسُلٍ مِنْ قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُمْ مَا كَانُوا بِهِ يَسْتَهْزِئُونَ (10)
താങ്കള്‍ക്കു മുമ്പു ള്ള പല മുര്‍സലുകളും പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത് എന്താണോ അത് ആ നിഷേധികളില്‍ വന്നുഭവിക്കുകയാണുണ്ടായത്.
അടുത്ത ആയത്ത് 11
അല്ലാഹുവിന്റെ ശിക്ഷക്ക് വിധേയമായ നാടുകളുടെയും സമുദായങ്ങളുടെയുമൊക്കെ വിവരം കേട്ടുകേള്വിയിലൂടെയാണെങ്കിലും അറബികള്‍ക്ക് അറിയാമായിരുന്നു. ശാമിലേക്കും യമനിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കുമൊക്കെ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് കാണാവുന്നിടത്തായിരുന്നു അത്തരം പല സ്ഥലങ്ങളും.
ലൂഥ് നബി(عليه السلام)യുടെ നാട് സദൂം, സ്വാലിഹ് നബി(عليه السلام) യുടെ സമുദായമായ സമൂദിന്റെ നാട് ഹിജ്ര്, ശുഐബ് നബി(عليه السلام)യുടെ മദ്യന് തുടങ്ങിയ സ്ഥലങ്ങളൊക്കെ ഇവരുടെ യാത്രാമധ്യേയാണ്. ആ വഴിയിലൂടെ സഞ്ചരിക്കാനും അവിടങ്ങളില്‍ നിന്ന് പാഠമുള്ക്കാള്ളാനുമാണ് കല്പിക്കുന്നത്.
قُلْ سِيرُوا فِي الْأَرْضِ ثُمَّ انْظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ (11)
നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ച് ആ നിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്നു നോക്കിക്കാണൂ എന്നു താങ്കള്‍ പറയുക.
അടുത്ത ആയത്ത് 12
ഇനിയൊരു ചോദ്യവും ഉത്തരവുമാണ് പറയുന്നത്.
പ്രപഞ്ചത്തിലുള്ള സകലതും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആരാണ്? ആരാണവയുടെ ഉമടസ്ഥന്? സൃഷ്ടികള്‍ക്ക് അന്നപാനാദികള്‍ നല്‍കുന്നത് ആരാണ്?
ഒരൊറ്റ ഉത്തരമേ ഉള്ളൂ-അല്ലാഹു. മറ്റൊരു മറുപടി പറഞ്ഞ് സ്ഥാപിക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട്, ആ ശരിയുത്തരം തിരുനബി (صلى الله عليه وسلم) യോടു തന്നെ പറയാന്‍ അല്ലാഹു കല്പിക്കുകയാണ്.
ഇതെല്ലാം ചെയ്യുന്ന സര്‍വശക്തനായ, നിരാശ്രയനായ ആ മഹച്ഛക്തിയെയല്ലേ മനുഷ്യന് ആരാധിക്കേണ്ടത്? ഈ യാഥാര്‍ഥ്യം എല്ലാവരും മനസ്സിലാക്കണം.
നിങ്ങളെത്ര പാപങ്ങള്‍ ചെയ്തവരാണെങ്കിലും, കൊടുംപാപമായ ശിര്‍ക്കുതന്നെ ചെയ്തവരാണെങ്കിലും, ശരിയാംവിധം പശ്ചാത്തപിച്ചുമടങ്ങിയാല് എല്ലാം പൊറുത്തുതരുന്നവനാണ് അല്ലാഹു. കാരുണ്യത്തിന്റെ കരകാണാക്കടലാണ് അവന്. ‘എന്റെ കാരുണ്യം ക്രോധത്തെ അതിജയിക്കുമെ’ന്ന് അവന് തന്നെ ഖുദ്സിയ്യായ ഹദീസിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അവന് സ്വന്തം ബാധ്യതയായി അങ്ങനെ നിശ്ചയിച്ചതാണ്.
അല്ലാഹുവിനെ അംഗീകരിക്കാതെ നിഷേധത്തില്‍ തന്നെ തുടരുകയാണെങ്കില്‍, പരലോക പരാജയം തീര്‍ച്ചയാണ്. പരലോകത്ത് മുഴുവന്‍ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന കാര്യത്തില്‍ സംശയമേതുമില്ല.
ഇത്രയൊക്കെ കൃത്യമായും വ്യക്തമായും കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നിട്ടും തള്ളിക്കളയുന്നുവെങ്കില്‍, അവര്‍ സ്വയം നാശം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അവര്‍ക്കൊരിക്കലും സത്യവിശ്വാസം പുല്കാനുള്ള സൗഭാഗ്യമുണ്ടാവില്ല; സ്വയം ഒരു സന്നദ്ധത കൂടി വേണ്ടേ...!
قُلْ لِمَنْ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ قُلْ لِلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ ۚ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ (12)
നബീ, നിഷേധികളോട് അങ്ങു ചോദിക്കൂ: ഭുവന-വാനങ്ങളിലുള്ളവയത്രയും ആരുടേതാണ്? അല്ലാഹുവിന്റേതാണ് എന്ന് അങ്ങു മറുപടി നല്‍കുക. അവന് കാരുണ്യം സ്വബാധ്യതയാക്കി വെച്ചിരിക്കയാണ്. പുനരുത്ഥാന നാളില്‍ നിസ്സംശയം അവന് നിങ്ങളെ സമ്മേളിപ്പിക്കുക തന്നെ ചെയ്യും. ആത്മനഷ്ടം വരുത്തിയവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയേ ഇല്ല.
كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ
ഇതേ സൂറയിലെ 54-ആം ആയത്തിലും ഈ വാക്യം ആവര്‍ത്തിക്കുന്നുണ്ട്. കാരുണ്യത്തിന്റെ കരകാണാക്കടലാണ് അല്ലാഹു. കടുത്ത പാപികള്ക്കുവരെ ശരിയായ പശ്ചാത്തപം നടത്തിയാല്‍ പൊറുത്തുകൊടുക്കുമെന്ന് നേരത്തെ പറഞ്ഞല്ലോ. വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ഇതുസംബന്ധമായ പരാമര്‍ശങ്ങളുണ്ട് (സൂറത്തുന്നിസാഅ് 110, അല്ഹിജ്ര് 49 ഉദാഹരണം). തെറ്റുകള്‍ സംഭവിച്ചുപോയാല്‍ വേഗം തൌബ ചെയ്യുക.
كَتَبَ عَلَىٰ نَفْسِهِ الرَّحْمَةَ
പലപ്പോഴും ദുആ ചെയ്ത കാര്യം നടക്കാത്തതും ആ കാരുണ്യം കൊണ്ടാണ്. കാരണം, നാം ചോദിച്ച കാര്യം, നമുക്ക് ഗുണകരമോ ദോഷകരമോ എന്നെല്ലാം കൃത്യമായി അറിയുന്നവന് അല്ലാഹു മാത്രമാണല്ലോ. അതിനനുസരിച്ചാണ് അവന് ഉത്തരം നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്യുക. നൂറെണ്ണം ചോദിച്ച് ഒന്ന് കിട്ടിയാല്‍ അതാണെനിക്ക് സന്തോഷം എന്നാണ് മഹാന്മാര് പറയാറുണ്ടായിരുന്നത്. കാരണം ആ ഒന്നാണ് അല്ലാഹുവിന്റെ ചോയ്സ്.
എന്നുവെച്ച്, ചെയ്ത ദുആ വെറുതെയാകില്ല. കാരണം, മൂന്ന് രൂപത്തിലാണ് ദുആക്കുത്തരം ലഭിക്കുക. ഒന്ന്, ചോദിച്ചത് അതുപോലെ കിട്ടും. രണ്ട്, ആ ദുആ കാരണമായി ഏതെങ്കിലും ആപത്തുകളോ ബുദ്ധിമുട്ടുകളോ നീക്കിത്തരും. മൂന്ന്, ആ ദുആ ഒരു ഫിക്സഡ് ഡെപ്പോസിറ്റായി സൂക്ഷിച്ചുവെച്ച് പരലോകത്തെത്തുമ്പോള്‍ പ്രതിഫലമായി തരും.
എത്ര വേണ്ടാത്തരങ്ങള്‍ ചെയ്തിട്ടും, വേണ്ടതൊക്കെ തന്ന് നമ്മെ പരിപാലിക്കുന്ന റബ്ബാണവന്. പെട്ടെന്നങ്ങോട്ട് നമ്മളെ പിടിച്ച് ശിക്ഷിക്കുന്നില്ലല്ലോ. നന്നാകാന്‍ സമയം തരികയാണ്.
നമ്മുടെ തെറ്റുകള്‍ മറച്ചുവെക്കുന്നതും വലിയ കാരുണ്യമല്ലേ. ദുന്യാവില് മറച്ചുവെക്കും, നമ്മെ വഷളാക്കില്ല. ആഖിറത്തിലെത്തിയാലോ, വിചാരണക്കിടെ എല്ലാം പൊറുത്തുതന്നുവെന്ന് അറിയിക്കുകയും ചെയ്യും.
അടുത്ത ആയത്ത് 13
എല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലാണെന്ന് കഴിഞ്ഞ ആയത്തില്‍ പറഞ്ഞല്ലോ. രാത്രിയിലും പകലിലുമായി സ്ഥിതി ചെയ്യുന്ന സര്‍വതും അവന്റേതാണെന്ന് ഊന്നിപ്പറയുകയാണിനി. എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണവന്‍.
وَلَهُ مَا سَكَنَ فِي اللَّيْلِ وَالنَّهَارِ ۚ وَهُوَ السَّمِيعُ الْعَلِيمُ (13)
രാത്രിയിലും പകലിലുമായി സ്ഥിതി ചെയ്യുന്ന സര്‍വതും അവന്റേതാണ്. എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രേ അവന്.
പ്രപഞ്ചത്തിലുള്ള സകലതും അല്ലാഹുവിന്റെ അധീശാധിപത്യത്തിലാണെന്ന് ചുരുക്കം. 12 ആം ആയത്തില്‍ ആകാശഭൂമി അഥവാ പ്രപഞ്ചം എന്നതില്‍ മുഴുവന്‍ സ്ഥലവും, ഇവിടെ രാത്രിയും പകലും എന്നതില്‍ മുഴുവന്‍ സമയവും ഉള്‍പ്പെട്ടു.
അടുത്ത ആയത്ത് 14
മുശ്രിക്കുകള്‍ ഒരിക്കല്‍ പ്രലോഭനവുമായി തിരുനബി (صلى الله عليه وسلم)യെ സമീപിച്ചു. നമ്മുടെ പൂര്വികന്മാര് ആരാധിച്ചിരുന്ന ദൈവങ്ങളെത്തന്നെ നിനക്കും ആരാധിച്ചുകൂടേ? ആ ബിംബാരാധനയിലേക്കുതന്നെ തിരിച്ചു വരികയാണെങ്കില്‍ നിനക്ക് ഞങ്ങള്‍ ധാരാളം സമ്പത്ത് ശേഖരിച്ചു തരാം- ഈ പശ്ചാത്തലത്തിലാണ് ഇനിയുള്ള സൂക്തം അവതരിച്ചത്.
ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും അല്ലാഹു മാത്രമാണ്. വാസ്തവത്തില്‍ ആരും സമ്മതിക്കുന്നൊരു യാഥാര്‍ത്ഥ്യമാണത്. പരിണാമവാദികളും അല്ലാത്തവരുമൊക്കെ, ഏറ്റവുമാദ്യം നിലവിലുള്ളൊരു ശക്തിയെ അംഗീകരിക്കുന്നുണ്ട്. ആ ശക്തിയാണ് അല്ലാഹു എന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. അവന് സര്‍വശക്തനും സര്‍വജ്ഞനുമാണ്. അവനല്ലാതെ മറ്റാരെയെങ്കിലും സംരക്ഷകനോ ആരാധ്യനോ ആക്കാന്‍ എന്ത് ന്യായമാണുള്ളത്?
സര്‍വ ജീവികള്‍ക്കും ഭക്ഷണം നല്‍കുന്നതും പരിപാലിക്കുന്നതും അവനാണ്. അവന് അങ്ങോട്ട് ആരും ഒന്നും നല്‍കുന്നില്ല, നല്‍കേണ്ടതുമില്ല. ആ അല്ലാഹുവിനെയാണ് ഞാന്‍ നാഥനും സംരക്ഷകനുമാക്കുന്നതെന്നും, സത്യസന്ധമായ ഈ വിശ്വാസം വെച്ചുപുലര്‍ത്തുന്ന, ഈ സമുദായത്തിലെ ഒന്നാമത്തെയാള്‍ താനാകണമെന്ന് അല്ലാഹുവിന്റെ കല്പനയുണ്ടെന്നും പ്രഖ്യാപിക്കാന്‍ തിരുനബി (صلى الله عليه وسلم)യോട് അല്ലാഹു ആവശ്യപ്പെടുകയാണ്.
قُلْ أَغَيْرَ اللَّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّي أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ (14)
നബീ, ചോദിക്കുക: ഭുവന-വാനങ്ങളുടെ സ്രഷ്ടാവായ അല്ലാഹു അല്ലാത്തവരെയാണോ ഞാന്‍ സംരക്ഷകനാക്കേണ്ടത്? എല്ലാറ്റിന്റെയും അന്നദാതാവ് അവനാണു താനും; അവന്ന് ആരും ഭക്ഷണം നല്‍കുന്നുമില്ല. താങ്കള്‍ പ്രഖ്യാപിക്കുക: അല്ലാഹുവിനോട് വിധേയത്വം പ്രകടിപ്പിക്കുന്നവരി ല്‍ ഒന്നാമനാകാനും ബഹുദൈവവിശ്വാസികളിലുള്പ്പെടാതിരിക്കാനുമാണ് ഞാന്‍ ശാസിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത ആയത്തുകള്‍ 15, 16
തുടര്‍ന്നും ചില കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു ആവശ്യപ്പെടുകയാണ്: അല്ലാഹുവിന്റെ കല്പന അനുസരിച്ചില്ലെങ്കില്‍ അന്ത്യനാളിലെ വലിയ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ആ ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടുന്നവര് മാത്രമാണ് ഭാഗ്യവാന്മാര്. അതുകൊണ്ട്, നിങ്ങളെത്ര എതിര്‍ത്താലും, എന്ത് നിലപാട് സ്വീകരിച്ചാലും എന്റെ ദൗത്യനിര്വ്വഹണത്തില്നിന്ന് പിന്മാറുന്ന പ്രശ്നമേയില്ല.
قُلْ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ (15)
നബീ, പറയുക: എന്റെ നാഥനോട് ധിക്കാരം കാണിച്ചാല്‍ ഗൗരവതരമായൊരു ദിനത്തിലെ ശിക്ഷയാണു ഞാന്‍ ഭയപ്പെടുന്നത്.
مَنْ يُصْرَفْ عَنْهُ يَوْمَئِذٍ فَقَدْ رَحِمَهُ ۚ وَذَٰلِكَ الْفَوْزُ الْمُبِينُ (16)
അന്ന് ആ ശിക്ഷ ആരില്‍ നിന്നു ഒഴിവാക്കപ്പെടുന്നുവോ, അവന്ന് അല്ലാഹു കരുണ ചെയ്തു! അതത്രെ സ്പഷ്ടമായ വിജയം.
കഠിനമായ ചൂടുള്ള, തിളച്ചു മറിയുന്ന, ഇനിയുമുണ്ടോ എന്ന് ചോദിക്കുന്ന, നമ്മളെ വിറകാക്കുന്ന ആ നരക ശിക്ഷയില്‍ നിന്നൊഴിവാകാന്‍ കഴിയുകയെന്നതില്പരം എന്ത് ഭാഗ്യമാണുള്ളത്?! ആ മഹാഭാഗ്യവും കാരുണ്യവും ലഭിക്കുന്നവരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ-ആമീന്‍.
അടുത്ത ആയത്തുകള്‍ 17, 18
അന്യദൈവങ്ങളെയും ബിംബങ്ങളെയും ആരാധിക്കുന്നവരുടെ ബുദ്ധിശൂന്യത എത്ര മാത്രം ദയനീയമാണ്! ഒരുപകാരവും ഉപദ്രവവും ആര്‍ക്കെങ്കിലും ചെയ്യാന്‍ അവക്ക് ഒട്ടുമാകില്ല. വിപത്തുകള്‍ തടുക്കാനും ഉപകാരം ചെയ്യാനും അല്ലാഹുവിനു മാത്രമേ കഴിയൂ. വസ്തുതാപരമായി ചിന്തിക്കുന്ന ഒരു വ്യക്തിക്ക് ആത്മാര്‍ത്ഥമായി പറയാനാകുമോ അല്ലാഹുവിനൊപ്പം വേറെ ദൈവമുണ്ടെന്ന്? ഒരിക്കലുമില്ല എന്നതാണു മറുപടി. ആ സത്യസന്ദേശമാണ് ഈ ഖുര്‍ആന്റെ ഉള്ളടക്കം.
തിരുനബി (صلى الله عليه وسلم) യെ അഭിസംബോധന ചെയ്ത് ഇനി പറയുന്നതിതാണ്: അങ്ങേക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ അത് അകറ്റാനോ അതില്‍ നിന്ന് മോചനം തരാനോ അവന് മാത്രമേ കഴിയൂ. അതുപോലെത്തന്നെയാണ് നന്മയുടെ കാര്യവും. അസൂയ വെച്ചതുകൊണ്ടോ മറ്റോ ആര്‍ക്കും, ഏത് കൊടിയ ശത്രുവിനു പോലും ആ നന്മ തട്ടിമാറ്റാന്‍ കഴിയില്ല.
എല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലും പരമാധികാരത്തിലുമാണെന്ന് ചുരുക്കം. അവന് എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. താനുദ്ദേശിച്ചത് കൊടുക്കുന്നതിലും ഉദ്ദേശിച്ചത് തടയുന്നതിലും നിന്ന് അവനെ പ്രതിരോധിക്കാനോ പിന്തിരിപ്പിക്കാനോ ആര്‍ക്കും കഴിയില്ല. സംശയത്തിന് വകയില്ലാത്ത വിധം എല്ലാവര്ക്കും ബോധ്യപ്പെട്ട കാര്യമാണിത്.
وَإِنْ يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِنْ يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (17)
അല്ലാഹു താങ്കള്‍ക്ക് വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു പ്രതിരോധിക്കാന്‍ അവനല്ലാതെ മറ്റാരുമുണ്ടാകില്ല. ഇനി എന്തെങ്കിലും ഗുണം അവനില്‍ നിന്നു ലഭിക്കുന്നുവെങ്കിലോ (അതു തട്ടിനീക്കാനും ആര്‍ക്കുമാകില്ല). അവന് എല്ലാറ്റിനും കഴിവുറ്റവനത്രേ.
وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۚ وَهُوَ الْحَكِيمُ الْخَبِيرُ (18)
തന്റെ ദാസരുടെ മേല്‍ പരമാധികാരമുള്ളവനാണവന്. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമാണ് അവന്.
وَهُوَ الْقَاهِرُ فَوْقَ عِبَادِهِ
പരമാധികാരമുള്ളവനാണ്. അതേ സമയം റഹ്മാനും റഹീമുമാണ്. കാരുണ്യം ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്ന് 12-ആം ആയത്തില്‍ നാം പഠിച്ചുകഴിഞ്ഞല്ലോ. പിന്നെ നിയന്ത്രണങ്ങളുണ്ടാകും, അതെല്ലാം നമ്മുടെ ഇഹപര നന്മകള്‍ക്കുവേണ്ടി മാത്രമാണ്. നമ്മുടെ മക്കളെ നാം നിയന്ത്രിക്കുന്നത് അവരോട് സ്നേഹമില്ലാഞ്ഞിട്ടില്ലല്ലോ; സ്നേഹവും കരുതലും കൂടുതലുള്ളതുകൊണ്ടല്ലേ!
ഉമ്മാക്ക് മക്കളോടുണ്ടാകുന്നതിലുപരി സ്നേഹമാണ് റബ്ബിന് നമ്മോട്...!
തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിന്നിട്ടും നമ്മെ പരിരക്ഷിക്കുന്നു, പരിപാലിക്കുന്നു... ശിക്ഷിക്കാനും പിടികൂടാനും അധികാരവും അവകാശവുമുണ്ടായിട്ടും നമ്മളോട് സഹിക്കുന്നു, ക്ഷമിക്കുന്നു... പശ്ചാത്തപിച്ചുമടങ്ങാന്‍ സാവകാശം തരുന്നു...!
മനുഷ്യരുടെ ധിക്കാര മനോഭാവവും തെറ്റുകുറ്റങ്ങള്‍ ചെയ്തുകൂട്ടുന്നതും കാണുമ്പോള്‍, ആകാശങ്ങളും ഭൂമിയുമൊക്കെ നിരന്തരം ആവശ്യപ്പെടുന്നുണ്ട് റബ്ബിനോട്, ഞങ്ങളവരെയങ്ങ് നശിപ്പിച്ചോട്ടെ എന്ന്... വേണ്ടാന്ന് പറയുകയാണ് അല്ലാഹു! ‘നിങ്ങളല്ലല്ലോ അവരെ സൃഷ്ടിച്ചത്, ഞാനല്ലേ. നിങ്ങളാണ് സൃഷ്ടിച്ചതെങ്കില്‍ നിങ്ങളവരോട് കരുണ കാണിക്കുമായിരുന്നു’ എന്നാണ് റബ്ബ് മറുപടി പറുന്നത്.
അവനാണ് നമ്മെ പടച്ചതും പരിപാലിക്കുന്നതും. നമ്മളുണ്ടാക്കിയൊരു സാധനം നമ്മള് നശിപ്പിക്കുമോ.. അതിന് പരമാവധി ചൊറുക്ക് കൂട്ടിക്കൊണ്ടേയിരിക്കുകയല്ലേ ചെയ്യുക.
പ്രത്യക്ഷത്തില്‍ നമുക്ക് വിഷമമായി തോന്നുന്ന എന്തെങ്കിലും ജീവിതത്തിലുണ്ടായാല്തന്നെ, അതുവഴി അല്ലഹു നമ്മെ പരീക്ഷിക്കുകയാണ്, നമ്മെ സംസ്കരിച്ചെടുക്കുകയാണ്, പാപങ്ങള്‍ പൊറുത്തുതരികയാണ്, അതില്‍ ക്ഷമിക്കുമ്പോള്‍ ഒരുപാട് പ്രതിഫലം നല്‍കുകയാണ് എന്നൊക്കെയാണ് മനസ്സിലാക്കേണ്ടത്.
ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ ഓപ്പറേഷനോ മറ്റോ ചെയ്യുമ്പോള്‍, അത് നമ്മളെ വേദനിപ്പിക്കാനല്ലല്ലോ, അസുഖം ഭേദമാകാനല്ലേ. നമ്മള് മക്കളെ ചില ഘട്ടങ്ങളിലെങ്കിലും ശിക്ഷിക്കുന്നതും അങ്ങനെത്തന്നെയല്ലേ. അല്ലാതെ, അവരോട് ദേശ്യമുള്ളതുകൊണ്ടല്ലല്ലോ!
റബ്ബിന്റെ സ്നേഹം നമ്മള് തിരിച്ചറിയണം. റബ്ബിനെ അങ്ങോട്ടും സ്നേഹിക്കുകയും വേണം.
പരലോകത്തുവെച്ച് അല്ലാഹു സത്യവിശ്വാസികള്‍ക്ക് മഹാകാരുണ്യമാണ് ചൊരിയുക. റഹ്മത്തിനെ 100 ഭാഗമാക്കിയിട്ട്, അതില്‍ 99 ഉം പരലോകത്തുതരാന് വേണ്ടി സൂക്ഷിച്ചുവെച്ചിരിക്കുകയാണ് നമ്മുടെ റബ്ബ്. ഒരു റഹ്മത്ത് മാത്രമാണ് ഭൂമിയിലേക്കിറക്കിയത്. ആ ഒരു റഹ്മത്തുതന്നെ എത്ര വിശാലമാണല്ലേ! ഈ ഭൂമിയിലെ സകതലും ആ ഒറ്റയൊന്നാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്!
وَهُوَ الْحَكِيمُ الْخَبِيرُ
അല്ലാഹുവിന്റെ ചെയ്തികള്‍ക്ക് പിറകില്‍ പല ഹിക്മത്തുകളുമുണ്ട്; നമ്മളറിഞ്ഞാലും ഇല്ലെങ്കിലും. നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കുമ്പോള്‍ ചിലതെല്ലാം ബുദ്ധിമുട്ടായി തോന്നിയേക്കാമെങ്കിലും അല്ലാഹുവിനതിനു പിന്നില്‍ പല ഹിക്മത്തുകളുണ്ടാകാം.
----------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment