അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 171-175) ഈസാ നബി – വചനം, ആത്മാവ്, ത്രിയേകത്വം

കഴിഞ്ഞ ചില പേജുകളില്‍ വേദക്കാരെക്കുറിച്ച് പറഞ്ഞിരുന്നു. ഇടക്കുവെച്ച്, തൊട്ടുമുമ്പുള്ള പേജില്‍ എല്ലാ ജനങ്ങളെയും അഭിമുഖീകരിച്ച് ചില കാര്യങ്ങളും പറഞ്ഞു. ഇനി വേദക്കാരെ അഭിസംബോധന ചെയ്ത് ചിലത് പറയുകയാണ്. പ്രത്യേകിച്ച് ക്രിസ്ത്യാനികളെയാണ് അഭിസംബോധന ചെയ്യുന്നത്. യഹൂദികളെക്കുറിച്ച് ഏതാണ്ടെല്ലാം കഴിഞ്ഞ ആയത്തുകളില്‍ പറഞ്ഞിട്ടുണ്ടല്ലോ.

يَا أَهْلَ الْكِتَابِ എന്ന വിളിച്ച് അല്ലാഹു പറഞ്ഞുതുടങ്ങുന്നത്, മതത്തിന്‍റെ കാര്യത്തില്‍ പരിധി വിടരുത് എന്നാണ്. യഹൂദികളും നസ്വാറാക്കളും, രണ്ടു കൂട്ടരും ദീനീകാര്യങ്ങളില്‍ അതിരു ലംഘിച്ചവര്‍ തന്നെയാണ്. പക്ഷേ, ചില  വ്യത്യാസങ്ങളുണ്ട്.

യഹൂദികള്‍ ചെയ്തതെന്താണ്? അല്ലാഹുവിന്‍റെ അടിമയും റസൂലുമായ ഈസാ നബി (عليه السلام) യെ സംബന്ധിച്ച് ജാരസന്തതി, ആഭിചാരം ചെയ്യുന്നവന്‍, കള്ളവാദി എന്നൊക്കെ പറഞ്ഞുപരത്തി. അതേസമയം, ഈസാ നബി عليه السلام ദൈവവും ദൈവപുത്രനും ആരാധ്യനുമാണെന്ന് പറഞ്ഞുനടക്കുകയാണ് നസ്വാറാക്കള്‍ ചെയ്തത്. ദൈവദൂതന്‍ എന്നതുമാറ്റി സാക്ഷാല്‍ ദൈവമാക്കി അവരോധിച്ചു. ഇത് രണ്ടും അതിരുലംഘനം തന്നെയാണ്.

ക്രിസ്തുവിന്‍റെ അനുയായികളാണെന്നു പറയുന്ന പുരോഹിതന്മാരുടെ കാര്യത്തിലും നസ്വാറാക്കള്‍ പലതും പറഞ്ഞ് അതിരു ലംഘിച്ചവരാണ്. പുരോഹിതര്‍ പറയുന്നതെല്ലാം - അത് സത്യമാകട്ടെ അസത്യമാകട്ടെ-സ്വീകരിച്ചേ പറ്റൂ. സ്വീകരിക്കുന്നവര്‍ പാപരഹിതരും അല്ലാത്തവര്‍ നരകക്കാരും-ഇതാണവരുടെ വിശ്വാസം.

ക്രിസ്ത്യാനികളുടെ മാര്‍ഗഭ്രംശത്തിന് പ്രധാന കാരണം ഈസാ നബി (عليه السلام) ന്‍റെ കാര്യത്തില്‍ അവര്‍ പുലരുത്തിപ്പോരുന്ന അതിരുവിട്ട വിശ്വാസങ്ങളാണ്.

يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ ۚ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِنْهُ ۖ فَآمِنُوا بِاللَّهِ وَرُسُلِهِ ۖ وَلَا تَقُولُوا ثَلَاثَةٌ ۚ انْتَهُوا خَيْرًا لَكُمْ ۚ إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌ ۘ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَكَفَىٰ بِاللَّهِ وَكِيلًا (171)

ഹേ വേദക്കാരേമതത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ പരിധിവിടുകയോ സത്യമല്ലാത്തത് അല്ലാഹുവിന്‍റെ പേരില്‍ ജല്‍പിക്കുകയോ അരുത്. മര്‍യം ബീവിയുടെ പുത്രന്‍ മസീഹ് ഈസാ അല്ലാഹുവിന്‍റെ റസൂലും അവരിലേക്കവന്‍ നിക്ഷേപിച്ച സ്വന്തം വചനവും അവന്‍റെ പക്കല്‍ നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ മുര്‍സലുകളിലും യഥായോഗ്യം വിശ്വസിക്കുക. മൂന്നു ദൈവങ്ങളുണ്ടെന്നു നിങ്ങള്‍ പറയരുത്. ആ ജല്‍പനം നിറുത്തുക. അതാണു നിങ്ങള്‍ക്കു നല്ലത്. അല്ലാഹു മാത്രമാണ് ഒരേയൊരാരാധ്യന്‍. സന്താനം ജനിക്കുക എന്ന ഒരവസ്ഥയില്‍ നിന്ന് അവനെത്ര പരിശുദ്ധന്‍! ആകാശഭൂമികളിലുള്ളതെല്ലാം അവന്നത്രേ. അവയത്രയും സംരക്ഷിക്കുവാന്‍ അല്ലാഹു തന്നെ മതി.

അതിരു കവിയരുത് എന്ന് പറഞ്ഞു മതിയാക്കാതെ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ എന്നു കൂടി വ്യക്തമായി പറഞ്ഞിരിക്കുന്നു.  കാരണം, അല്ലാഹുവിനെപ്പറ്റി പല വികലമായ വിശ്വാസങ്ങളും വെച്ചുപുലര്‍ത്തുന്നതുകൊണ്ടാണല്ലോ ഈസാ നബി (عليه السلام) യുടെ കാര്യത്തില്‍ ഇത്തരം ജല്പനങ്ങളൊക്കെ അവര്‍ നടത്തുന്നത്.

ശേഷം, ആരാണ് ഈസാ നബി (عليه السلام), എന്താണ് യാഥാര്‍ഥ്യം എന്ന് വിശദീകരിക്കുകയാണ്: മര്‍യമിന്‍റെ മകന്‍ ഈസാ മസീഹ് അല്ലാഹുവിന്‍റെ റസൂലും, അവന്‍ മര്‍യമിലേക്ക് നിക്ഷേപിച്ച അവന്‍റെ വചനവും, അവങ്കല്‍ നിന്നുളള ഒരു ആത്മാവും മാത്രമാണ്. അതിനപ്പുറം കടന്നു പറയുന്നതെല്ലാം പരിധിലംഘനമാണ്.

മസീഹ്, ഈസാ എന്നീ നാമങ്ങളെപ്പറ്റി സൂറത്തു ആലു ഇംറാന്‍ 45ന്‍റെ വ്യാഖ്യാനത്തില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ابْنُ مَرْيَمَ എന്നാണ് മഹാനവര്‍കളെപ്പറ്റി അല്ലാഹു പലയിടത്തും വിശേഷിപ്പിക്കാറുള്ളത്. പിതാവില്ലാതെ മാതാവില്‍ നിന്നു മാത്രം ജനിച്ച ആളാണെന്നാണ് ഈ പ്രയോഗത്തിലെ പ്രധാന സൂചന.

മൂന്നു കാര്യങ്ങളാണിവിടെ അല്ലാഹു സമര്‍ത്ഥിക്കുന്നത്:

(1) رَسُولُ اللَّهِ - ദൂതന്മാരെല്ലാം മനുഷ്യരും അല്ലാഹുവിന്‍റെ അടിമകളും, സൃഷ്ടികളുമാണ്. ആരും ദൈവമോ ദൈവപുത്രനോ അല്ല. പിന്നെ എങ്ങനെയാണ് ഈസാ നബി (عليه السلام) ക്കു മാത്രം പ്രത്യേക സ്ഥാനം കല്‍പിക്കുക?!

(2) وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ മര്‍യമിലേക്ക് അല്ലാഹു ഇട്ടു കൊടുത്ത അവന്‍റെ വാക്കാണ്. എന്താണിതുകൊണ്ടുള്ള വിവക്ഷ? പറയാം.

ഏതൊരു വസ്തുവാണെങ്കിലും അതുണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനോട് ‘ഉണ്ടാകുക’ എന്ന് അവന്‍ പറയുകയേ വേണ്ടൂ, അപ്പോഴത് ഉണ്ടാകുന്നതാണ് (إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ) എന്ന് ഒന്നിലധികം സ്ഥലത്ത് വിശുദ്ധ ഖുര്‍ആനിലുണ്ട്.

إِنَّ مَثَلَ عِيسَىٰ عِندَ اللَّهِ كَمَثَلِ آدَمَ (ഈസായുടെ ഉദാഹരണം ആദമിന്‍റെ പോലെയാണ്) എന്ന് ആലു ഇംറാന്‍ 59 ലും പറഞ്ഞിട്ടുണ്ട്. മഹാനവര്‍കളെ അല്ലാഹു മണ്ണുകൊണ്ട് സൃഷ്ടിച്ച് രൂപപ്പെടുത്തി. എന്നിട്ടതിനോട് ഉണ്ടാകുക എന്നു പറഞ്ഞു. അപ്പോഴത് ഉണ്ടായി.

ഒരു പുരുഷ സ്പര്‍ശമില്ലാതെ നിങ്ങള്‍ ഒരു കുട്ടിയെ പ്രസവിക്കുമെന്നും അത് തീരുമാനിച്ചു കഴിഞ്ഞ കാര്യമാണെന്നും ജിബ്‌രീല്‍ (عليه السلام) മര്‍യമി (رضي الله عنها) നോടു പറഞ്ഞതായി സൂറത്തു മര്‍യമിലും മറ്റുമുണ്ട്.

ബൈബിളിലും ഇത് കാണാം: ജിബ്‌രീല്‍ (عليه السلام) മര്‍യമി (رضي الله عنها)ന്‍റെ അടുക്കല്‍ ചെന്നു ‘നീ ഭയപ്പെടേണ്ട, നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും.’ (ലൂക്കോസ്, 1:30)

അപ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി, ഒരു പിതാവില്ലാതെ, അല്ലാഹുവിന്‍റെ വാക്കുകൊണ്ട് – അതായത് അവന്‍റെ ഉത്തരവുകൊണ്ടു- മാത്രം ജനിച്ച ആളാണ് ഈസാ നബി عليه السلام – ഇതാണീ ‘വാക്ക്’ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം.

ഈസാ (عليه السلام) അല്ലാഹുവിന്‍റെ വാക്കാണ് (كَلِمَة الله) എന്നു നസ്വാറാക്കളും പറയാറുണ്ട്. പക്ഷേ, അതിന് ചില അബദ്ധ വ്യാഖ്യാനങ്ങളാണവര്‍ നല്കിവരുന്നത്. അവിടെയാണ് പ്രശ്നം. അല്ലാഹുവിന്‍റെ നിത്യഗുണങ്ങളിലൊന്നായ ദിവ്യവചനം മര്‍യമില്‍ അവതരിച്ചു ജഢമായി രൂപാന്തരപ്പെട്ടുവെന്നും, അങ്ങനെ, യേശു ദൈവത്തിന്‍റെ ഒരവതാരമോ പുത്രനോ ആണെന്നും മറ്റുമുളള ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ ഇതു സംബന്ധിച്ച് പ്രചാരത്തിലുണ്ട്.

(3) وَرُوحٌ مِنْه – എന്താണിതുകൊണ്ട് ഉദ്ദേശ്യമെന്ന് വിശുദ്ധ ഖുര്‍ആനില്‍നിന്നുതന്നെ മനസ്സിലാക്കാം:

ആദം നബി (عليه السلام)നെക്കുറിച്ചു മലക്കുകളോട് അല്ലാഹു പറഞ്ഞു:

 فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ (29) الحجر

فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ (72) ص

(ഞാന്‍ അവനെ രൂപപ്പെടുത്തുകയും എന്‍റെ ആത്മാവതില്‍ സന്നിവേശിപ്പിക്കുകയും ചെയ്താല്‍, അവന് നിങ്ങള്‍ സുജൂദ് ചെയ്യണം)

മര്‍യം ബീവി رضي الله عنها നെക്കുറിച്ചു പറയുന്നു:

وَالَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَاهَا وَابْنَهَا آيَةً لِّلْعَالَمِينَ (91) الأنبياء

وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ (12) التحريم

(…എന്നിട്ട് നാം അവളില്‍ നമ്മുടെ ആത്മാവില്‍ നിന്നും ഊതി).

അതായത്, പിതാവും മാതാവുമില്ലാതെ മനുഷ്യരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട ആദം നബിയില്‍, അല്ലാഹു അവന്‍റെ വക ആത്മാവ് ഊതിയതിനാല്‍ അദ്ദേഹം മനുഷ്യനായി ജനിച്ചു.

എന്നുവെച്ച്, ആദം നബി (عليه السلام) ദൈവമോ ദൈവപുത്രനോ ദൈവാംശമോ ആണ് എന്ന് ആരെങ്കിലും പറയുന്നുണ്ടോ? ഇല്ലല്ലോ. അപ്പോള്‍പിന്നെ ഈസാ നബി (عليه السلام)യും അങ്ങനെയൊന്നും ആകില്ലല്ലോ. അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവ് ലഭിച്ചതുകൊണ്ട് ദിവ്യത്വം ഉണ്ടായി എന്നാണെങ്കില്‍, ഈസാ നബി عليه السلام യെക്കാള്‍ ആദം നബി عليه السلام ക്കാണല്ലോ ദിവ്യത്വം കല്പിക്കേണ്ടത്. ആദം നബി عليه السلام ക്ക് ദിവ്യത്വമുണ്ടെന്ന് ക്രിസ്ത്യാനികളും വാദിക്കുന്നില്ലല്ലോ.

വിശുദ്ധ ഖുര്‍ആനിലെ ഇത്തരം പ്രയോഗങ്ങള്‍ പൊക്കിപ്പിടിച്ച്, അത് ദുര്‍വ്യാഖ്യാനം ചെയ്ത്, ഈസാ (عليه السلام)ന്‍റെ ദിവ്യത്വം വിശുദ്ധ ഖുര്‍ആനും സമ്മതിക്കുന്നുണ്ട് എന്ന് നസ്വാറാക്കള്‍ പ്രചരിപ്പിക്കാറുണ്ട്. ഈ പ്രയോഗത്തിന്‍റെ ശരിയായ അര്‍ഥം എന്താണെന്നിപ്പോള്‍ മനസ്സിലായല്ലോ.

സൂറത്തുല്‍ ബഖറ 87ലും മറ്റും, ഈസാ നബിക്ക് പരിശുദ്ധാത്മാവിനെക്കൊണ്ട് നാം പിന്‍ബലമേകി (أَيَّدْنَاهُ بِرُوح قُدُسِ) എന്ന് പറയുന്നുണ്ട്. അദ്ദേഹം അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവാണ് (رُوحٌ مِنْهُ) എന്ന് ഈ ആയത്തിലും പറഞ്ഞത് കണ്ടല്ലോ.

പരിശുദ്ധാത്മാവ് എന്നത് കൊണ്ടുള്ള വിവക്ഷ ജിബ്രീല്‍ (عليه السلام) ആണെന്ന് ഖുര്‍ആനില്‍ നിന്നു തന്നെ വ്യക്തമാണ്. കാരണം, ജിബ്‌രീലാണ് ഖുര്‍ആന്‍ എത്തിച്ചുകൊടുത്തതെന്ന കാര്യത്തില്‍ സംശയമില്ല. സൂറത്തുല്‍ബഖറ 97 ല്‍ അല്ലാഹു തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.

വിശ്വസ്തനായ ആത്മാവ് (الرُّوحُ الأَمِين) അതുമായി ഇറങ്ങി എന്നും (26:193) പരിശുദ്ധാത്മാവ് (رُوحِ قُدُسِ) അതിനെ ഇറക്കി എന്നും (16:102) അല്ലാഹു പറഞ്ഞിട്ടുണ്ട്. അതായത്, ജിബ്‌രീല്‍ (عليه السلام)നെ തന്നെയാണ് വിശ്വസ്തനായ ആത്മാവെന്നും, പരിശുദ്ധാത്മാവെന്നും വിശേഷിപ്പിച്ചതെന്ന് സാരം.

ഇനി, رُوحٌ مِنْهُ (അല്ലാഹുവിങ്കല്‍ നിന്നുളള ആത്മാവ്) എന്ന പ്രയോഗം കൊണ്ട്, അദ്ദേഹം അല്ലാഹുവിന്‍റെ ഒരു അംശമാണെന്നോ അവതാരമാണെന്നോ വരുമോ? ഇല്ല. വിശുദ്ധ കഅ്ബയെപ്പറ്റി ‘എന്‍റെ വീട്’ (بَيْتِى) എന്നും, സ്വാലിഹ് നബിയുടെ സമുദായമായ സമൂദ് ഗോത്രത്തിനു ദൃഷ്ടാന്തമായി കൊടുത്ത ഒട്ടകത്തെപ്പറ്റി ‘അല്ലാഹുവിന്‍റെ ഒട്ടകം’ (نَاقَةُ الله) എന്നും മറ്റുമൊക്കെയുള്ള പ്രയോഗങ്ങള്‍ പോലെ, അല്ലാഹുവിന്‍റെ സ്വന്തം വകയായി, അവന്‍ അനുഗ്രഹിച്ചുനല്‍കിയ ആത്മാവാണ് അദ്ദേഹം എന്ന് മാത്രമേ അതിനര്‍ത്ഥമുളളൂ. അതായത്, അദ്ദേഹത്തിന്‍റെ മഹത്ത്വം ചൂണ്ടിക്കാണിക്കുകയാണെന്നര്‍ത്ഥം.

فَآمِنُوا بِاللَّهِ وَرُسُلِهِ

ഈസാ (عليه السلام)നെ സംബന്ധിച്ച നിജസ്ഥിതി ഇന്നതാണെന്ന് വിവരിച്ചുതന്നല്ലോ. അതുകൊണ്ട് ഇനി നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്മാരിലും വിശ്വസിക്കണം. അല്ലാഹു ഏകനാണ്, അവന് ഇണയോ തുണയോ പങ്കുകാരോ മക്കളോ ഇല്ല, എല്ലാറ്റിന്‍റെയും സ്രഷ്ടാവും ഉടമസ്ഥനുമാണവന്‍. ആരാധനക്കര്‍ഹനായി അവന്‍ മാത്രമേയുളളൂ... ഇങ്ങനെ വിശ്വസിക്കേണ്ട പ്രകാരം വിശ്വസിക്കണം.

എല്ലാ ദൂതന്മാരെയും പോലെ ഈസാ നബിയും അവന്‍റെയൊരു ഇഷ്ടദാസനാണ്. അവരാരുംതന്നെ ദൈവങ്ങളല്ല, ദിവ്യത്വമുളളവരുമല്ല. ഇങ്ങനെ യഥാര്‍ത്ഥ്യം വിശ്വസിക്കുന്നതോടൊപ്പം നിങ്ങളുടെ തെറ്റായ ത്രിയേകത്വ സിദ്ധാന്തം ഉപേക്ഷിക്കുകയും വേണം. താക്കീതിന്‍റെ സ്വരത്തിലാണത് പറയുന്നത്: وَلَا تَقُولُوا ثَلَاثَةٌ.

അതായത്, അല്ലാഹുവിനു പുറമെ ഈസാ (عليه السلام)നെയും മര്‍യം (رضي الله عنها) നെയും ദൈവങ്ങളാക്കുന്നതോ, പിതാവ്- പുത്രന്‍- പരിശുദ്ധാത്മാവ് എന്നിങ്ങനെ 3 ദൈവങ്ങളാണെന്ന് പറയുന്നതോ എല്ലാം ഉപേക്ഷിച്ചേ തീരൂ എന്നര്‍ത്ഥം. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെതന്നെ ഗുണത്തിന് വേണ്ടിയാണെന്നും, അല്ലെങ്കില്‍ നിങ്ങള്‍ക്കു തന്നെയാണതിന്‍റെ നഷ്ടമെന്നും ഓര്‍മിപ്പിക്കുകയും ചെയ്തിരിക്കുന്നു (انتَهُوا خَيْرًا لَّكُمْ).

إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ

ഇത്രയും പറഞ്ഞ് മതിയാക്കാതെ, വിഷയം വീണ്ടും ആവര്‍ത്തിക്കുകയാണ്: إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ - അല്ലാഹു മാത്രമാണ് ഒരേയൊരാരാധ്യന്‍.

سُبْحَانَهُ أَنْ يَكُونَ لَهُ وَلَدٌ ۘ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَكَفَىٰ بِاللَّهِ وَكِيلًا

ക്രിസ്ത്യാനികളും മറ്റും പറയുന്നതുപോലെ അവനൊരു സന്താനവും ഉണ്ടായിരിക്കാന്‍ വകുപ്പില്ല; അതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണവന്‍. കാരണം, ആകാശഭൂമികളിലുളള സര്‍വതും അവന്‍റെ സൃഷ്ടിയും അവന്‍റെ ഉടമസ്ഥതയിലുമാണ്. അവയത്രയും സംരക്ഷിക്കുന്നതും അവനാണ്.

വസ്തുത ഇങ്ങനെയെല്ലാമാണെന്നിരിക്കെ, ഭുവന-വാനങ്ങളിലുള്ള ചില വസ്തുക്കളോ ചില ആളുകളോ ദൈവമാണെന്നോ ദിവ്യത്വമുളളതാണെന്നോ വാദിക്കുന്നത് തനിവ്യാജമല്ലാതെ മറ്റെന്താണ്?!

ഈസാ നബി (عليه السلام) ദൈവമോ ദൈവപുത്രനോ അല്ലെന്നും, മഹാനവര്‍കള്‍ ക്രൂശിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും, അല്ലാഹുവിന്‍റെ സൃഷ്ടിയും അടിമയുമായ ഒരു റസൂല്‍ മാത്രമാണെന്നും ബോധ്യപ്പെട്ടുകഴിഞ്ഞാല്‍പിന്നെ, അതുമായി ബന്ധപ്പെട്ട മറ്റെല്ലാ അബദ്ധജടിലമായ വിശ്വാസങ്ങളും സിദ്ധാന്തങ്ങളും താനെ അപ്രസക്തമാകും. പാപപരിഹാര വാദം ഉദാഹരണം. (മനുഷ്യന്‍ ജന്‍മനാ പാപിയാണെന്നും, ആ പാപം പരിഹരിക്കാന്‍ വേണ്ടിയാണ്, അതിന് പ്രായശ്ചിത്തമായിട്ടാണ് യേശുക്രിസ്തു ഈ ലോകത്ത് മനുഷ്യനായി അവതരിച്ച് കുരിശു വരിച്ചത് എന്നാണ് ഈ വാദം സിദ്ധാന്തിക്കുന്നത്).

ഒന്നാലോചിച്ചു നോക്കൂ, അല്ലാഹുവിന്‍റെ പുത്രനാണ് ഈസാ നബി (യേശുക്രിസ്തു) എന്ന ഇവരുടെ വാദം എത്രമാത്രം മൂഢമാണ്, ദുര്‍ബലമാണ്! ആ ദൈവത്തെ തന്നെ പിന്നീട് ശത്രുക്കള്‍ ആട്ടിപ്പിടിച്ച് അതിനിഷ്ഠുരവും അപമാനകരവുമായി മര്‍ദിച്ചവശനാക്കി അവഹേളിച്ച് തൂക്കിലേറ്റിക്കൊന്നു! വലിയൊരു ജനക്കൂട്ടം നോക്കിനില്‍ക്കെ, തന്നെ രക്ഷിക്കാനായി ദൈവത്തെ വിളിച്ച് യേശു ആര്‍ത്തട്ടഹസിച്ചു. വല്ലാത്തൊരു വിചിത്ര ദൈവം! (മത്തായി, മാര്‍ക്കോസ്, ലൂക്കോസ്-അധ്യായം 27,16,23 എന്നിവ കാണുക.) സാമാന്യബുദ്ധി പോരേ ഇതിലെ കഥയില്ലായ്മ മനസ്സിലാക്കാന്‍!

അടുത്ത ആയത്ത്172

ഈസാ നബി (عليه السلام) യെ ദൈവവും ദൈവപുത്രനുമൊക്കെയാക്കിയിരിക്കുകയാണല്ലോ നസ്വാറാക്കള്‍. എന്നാല്‍, മഹാനവര്‍കളുടെ സ്വന്തം നിലപാടെന്താണ്? അതാണിനി പറയുന്നത്.

അല്ലാഹുവിന്‍റെ വിനീത വിധേയനായൊരു അടിമയാവുക എന്നതില്‍ യാതൊരു അപമാനമോ വൈമനസ്യമോ തോന്നാത്ത ആളാണ് മഹാനവര്‍കള്‍.

അല്ലാഹുവിന്‍റെ സാമീപ്യം ലഭിച്ച പരിശുദ്ധരായ മലക്കുകളും അങ്ങനെത്തന്നെ. മലക്കുകള്‍ അല്ലാഹുവിന്‍റെ പുത്രിമാരാണെന്ന് മക്കാ മുശ്‌രിക്കുകള്‍ പറഞ്ഞിരുന്നുവല്ലോ. അവരും അല്ലാഹുവിന്‍റെ അടിമകള്‍ മാത്രമാണ്.

ഇനി, അല്ലാഹുവിന്‍റെ അടിമകളാണെന്ന് അംഗീകരിച്ച് അവനെ ആരാധിക്കാന്‍ വൈമനസ്യം കാണിക്കുകയോ അഹങ്കരിക്കുകയോ ചെയ്യുന്നുവെങ്കില്‍, അതാരു തന്നെയായാലും ശരി, അല്ലാഹു വെറുതെ വിടില്ല. ഒന്നൊഴിയാതെ മുഴുവനാളുകളെയും  തന്‍റെ മുമ്പില്‍ ഹാജരാക്കി യുക്തമായ നടപടി എടുക്കുകതന്നെ ചെയ്യും. അതെന്തായിരിക്കുക്കുമെന്ന് അടുത്ത ആയത്തില്‍ പറയുന്നുണ്ട്.

തിരുനബി (صلى الله عليه وسلم) യുടെ അടുത്ത് ഒരു സംഘമെത്തി. തിരുനബി (صلى الله عليه وسلم) ഈസാനബി(عليه السلام)നെ അധിക്ഷേപിക്കുന്നുവെന്ന പരാതിയുമായാണവര്‍ എത്തിയത്. അവര്‍ ചോദിച്ചു: 'മുഹമ്മദ്, നീ എന്തിനാണ് ഞങ്ങളുടെ നായകനെ ഭര്‍ത്സിക്കുന്നത്'?

'ആരാണ് നിങ്ങളുടെ നായകന്‍'?

'ഈസാ'.

'ഞാനെന്താണ് ഈസായെക്കുറിച്ച് അധിക്ഷേപിച്ചത്'-തിരുനബി (صلى الله عليه وسلم) ചോദിച്ചു.

'അദ്ദേഹം അല്ലാഹുവിന്‍റെ അടിമയും റസൂലുമാണെന്ന് നീ പറയുന്നു'-അവര്‍ വിശദീകരിച്ചു.

'അല്ലാഹുവിന്‍റെ അടിമയാവുക എന്നത് ഒരു ന്യൂനതയല്ലല്ലോ'-തിരുനബി (صلى الله عليه وسلم) മറുപടി പറഞ്ഞു. അവര്‍ പറഞ്ഞു: 'അല്ല, അതൊരു ന്യൂനതതന്നെയാണ്.' തത്സമയമാണ് 172-ആം സൂക്തം അവതരിച്ചത് (അസ്ബാബുന്നുസൂല്‍ 107).

لَنْ يَسْتَنْكِفَ الْمَسِيحُ أَنْ يَكُونَ عَبْدًا لِلَّهِ وَلَا الْمَلَائِكَةُ الْمُقَرَّبُونَ ۚ وَمَنْ يَسْتَنْكِفْ عَنْ عِبَادَتِهِ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيْهِ جَمِيعًا (172)

അല്ലാഹുവിന്‍റെ ദാസനാവുക എന്നതില്‍ ഈസാ നബിക്കോ ദിവ്യസാമീപ്യമുള്ള മലക്കുകള്‍ക്കോ യാതൊരു അപമാനവുമില്ലഅല്ലാഹുവിനെ ആരാധിക്കുന്നതില്‍ ആരെങ്കിലും അപമാനമുള്ളവരാവുകയോ അഹങ്കരിക്കുകയോ ചെയ്യുന്നുവെങ്കില്‍അവരെയത്രയും തന്‍റെയടുത്തേക്ക് അല്ലാഹു ഒരുമിച്ചു കൂട്ടുന്നതാകുന്നു. 

അടുത്ത ആയത്ത് 173

ഇതുവരെ പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളെല്ലാം അംഗീകരിച്ച്, സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലമുണ്ട്. നിഷേധിക്കുന്നവര്‍ക്ക് കഠിന ശിക്ഷയുമുണ്ട്. അതാണിനി പറയുന്നത്.

فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُمْ مِنْ فَضْلِهِ ۖ وَأَمَّا الَّذِينَ اسْتَنْكَفُوا وَاسْتَكْبَرُوا فَيُعَذِّبُهُمْ عَذَابًا أَلِيمًا وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا (173)

സത്യവിശ്വാസം കൈകൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരുണ്ടല്ലോഅവര്‍ക്ക് തങ്ങളുടെ പ്രതിഫലം അല്ലാഹു പൂര്‍ത്തീകരിക്കുകയും തന്‍റെ ഔദാര്യത്തില്‍ നിന്നു വര്‍ധിപ്പിച്ചുകൊടുക്കുകയും ചെയ്യുംഎന്നാല്‍ അപമാനം തോന്നുകയും അഹങ്കരിക്കുകയും ചെയ്തവര്‍ക്ക് അവന്‍ വേദനയുറ്റ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവൊഴിച്ച് മറ്റൊരു സംരക്ഷകനെയും സഹായിയെയും അവര്‍ക്കു കണ്ടെത്താനാവില്ല.

അടുത്ത ആയത്ത് 174

അല്ലാഹുവിന്‍റെ മതമായ വിശുദ്ധ ഇസ്‌ലാം തന്നെയാണല്ലോ ഈസാ നബി (عليه السلام) പ്രബോധനം ചെയ്തത്. പക്ഷേ, മഹാനവര്‍കളുടെ അനുയായികള്‍ ചേരിതിരിഞ്ഞ് ഭിന്നാഭിപ്രായക്കാരാവുകയാണുണ്ടായത്. അത്തരം ഭിന്നിപ്പുകള്‍ പരിഹരിക്കാനുള്ള ഏക വഴി, തിരുനബി صلى الله عليه وسلم യെയും അല്ലാഹു അവതരിപ്പിച്ച പവിത്രഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനെയും അംഗീകരിക്കലാണെന്നാണിനി പറയുന്നത്.

يَا أَيُّهَا النَّاسُ قَدْ جَاءَكُمْ بُرْهَانٌ مِنْ رَبِّكُمْ وَأَنْزَلْنَا إِلَيْكُمْ نُورًا مُبِينًا (174)

ഹേ ജനങ്ങളേനിങ്ങള്‍ക്കു നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തമിതാ (മുഹമ്മദ് നബി) കിട്ടിക്കഴിഞ്ഞിരിക്കുന്നു. സ്പഷ്ടമായ ഒരു പ്രകാശം (ഖുര്‍ആന്‍) നിങ്ങള്‍ക്കു നാം അവതരിപ്പിച്ചു തന്നിട്ടുമുണ്ട്.

فَأَمَّا الَّذِينَ آمَنُوا بِاللَّهِ وَاعْتَصَمُوا بِهِ فَسَيُدْخِلُهُمْ فِي رَحْمَةٍ مِنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَاطًا مُسْتَقِيمًا (175)

അതുകൊണ്ട് ആര് അല്ലാഹുവില്‍ വിശ്വസിക്കുകയും റസൂലിനെ മുറുകെപിടിക്കുകയും ചെയ്യുന്നുവോ അവരെ അല്ലാഹു തന്‍റെ മഹത്തായ കാരുണ്യത്തിലും ഔദാര്യത്തിലും പ്രവേശിപ്പിക്കുന്നതും തന്നിലേക്കവരെ സന്മാര്‍ഗത്തിലൂടെ നയിക്കുന്നതുമാകുന്നു.

അടുത്ത ആയത്ത് 176

അനന്തരാവകാശ സ്വത്തിന്‍റെ വിഭജനം സംബന്ധിച്ച് അവസാനം അവതീര്‍ണമായ സൂക്തമാണിത് (ബുഖാരി, മുസ്‌ലിം). ഇവ്വിഷയകമായി വിസ്തരിച്ച് നേരത്തേ പറഞ്ഞിട്ടുണ്ട്. ഈ സൂറയിലെ 11,12 ആയത്തുകള്‍ കാണുക.

സൂറത്തിന്‍റെ ആദ്യ വചനങ്ങളില്‍ അനന്തരാവകാശ നിയമങ്ങളടക്കം ധനസംബന്ധമായ പല നിയമങ്ങളെയും കുറിച്ചായിരുന്നുവല്ലോ പ്രതിപാദിച്ചിരുന്നത്. പിന്നീട് സംസാരഗതി പല വശങ്ങളിലേക്ക് വ്യാപിച്ചശേഷം, അവസാനം വീണ്ടും ആദ്യ വിഷയത്തിലേക്ക് തന്നെ തിരിഞ്ഞുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുകയാണ്.

ജാബിറുബ്നു അബ്‌ദില്ലാ (رضي الله عنه) പറഞ്ഞതായി മുഹമ്മദ് ബ്‌നുല്‍ മുന്‍ക്വദിര്‍ (رحمه الله) ഉദ്ധരിക്കുന്നു: ഞാന്‍ രോഗിയായി ബോധമില്ലാതായിരിക്കുമ്പോള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എന്‍റെയടുത്തു വന്നു. അവിടന്ന് വുളൂഅ് ചെയ്തു. പിന്നീട് എന്‍റെ മേല്‍ വെളളം ഒഴിച്ചു. അല്ലെങ്കില്‍ ഒഴിക്കാന്‍ കല്‍പിച്ചു. അങ്ങനെ എനിക്ക് ബോധം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എനിക്ക് ‘കലാലത്താ’യിട്ടല്ലാതെ അനന്തരവകാശമെടുക്കാന്‍ ആളില്ല. അതുകൊണ്ട് എങ്ങനെയായിരിക്കും അവകാശം?’ തത്സമയമാണ് ഈ ഈ ആയത്ത് അവതരിച്ചത് (ബുഖാരി, മുസ്‍ലിം).

കലാല' എന്നതിന്ന് പിതാവും സന്താനവും ഇല്ലാത്തവര്‍ എന്നാണ് അബൂബക്ര്‍(رضي الله عنه) കൊടുത്ത വ്യാഖ്യാനം. സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും മദ്ഹബിന്‍റെ നാലു ഇമാമുകളും ലോകപ്രസിദ്ധരായ ഏഴ് ഫുഖഹാഉം അതേ അഭിപ്രായക്കാരാണ്. 12 ആം വചനത്തിന്‍റെ വ്യാഖ്യാനത്തിലത് പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

കലാലത്തായി മരണപ്പെടുന്ന ആളുടെ സഹോദരി, മാതാവും പിതാവും ഒത്തവളോ പിതാവ് മാത്രം ഒത്തവളോ ആണെങ്കിലാണ് പകുതി ലഭിക്കുമെന്ന് പറയുന്നത്. മാതാവ് മാത്രം ഒത്ത സഹോദരനും സഹോദരിക്കും ആറില്‍ ഒന്നാണ് കിട്ടുക എന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ.

സഹോദരിമാര്‍ രണ്ടുപേരാണെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം ലഭിക്കുമെന്ന് ഇവിടെ പറയുന്നതില്‍ നിന്ന് രണ്ട് പെണ്‍മക്കളുടെ അവകാശം മൂന്നില്‍ രണ്ടോഹരിയാണെന്ന് പണ്ഡിതര്‍ ഖിയാസാക്കിയിട്ടുണ്ട്.

പുത്രിമാര്‍ രണ്ടിലധികമായാല്‍ മൂന്നില്‍ രണ്ടോഹരി മാത്രമേ അവര്‍ക്കവകാശമുള്ളു എന്ന് മുമ്പ് പറഞ്ഞതില്‍ നിന്ന്, സഹോദരിമാര്‍ രണ്ടില്‍ കൂടുതലായാലും മൂന്നില്‍ രണ്ടോഹരിക്കേ അവകാശമുള്ളു എന്നും അവര്‍ ഖിയാസാക്കിയിട്ടുണ്ട്.

يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ ۚ إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَا إِن لَّمْ يَكُن لَّهَا وَلَدٌ ۚ فَإِن كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوا إِخْوَةً رِّجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۗ يُبَيِّنُ اللَّهُ لَكُمْ أَن تَضِلُّوا ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (176)

പിതാവോ സന്താനമോ ഇല്ലാതെ മരിച്ച വ്യക്തി (കലാല) യുടെ അനന്തരാവകാശ വിഭജനം സംബന്ധിച്ച് താങ്കളോടവര്‍ മതവിധിയന്വേഷിക്കുന്നു. ഇങ്ങനെ മറുപടി നല്‍കുക: സന്താനമോ പിതാവോ ഇല്ലാതെ ഒരാള്‍ മരിച്ചുഅവനു സഹോദരിയുണ്ട്എന്നാല്‍ അവന്‍ വിട്ടേച്ച ധനത്തിന്‍റെ പാതി അവള്‍ക്കാണ്. ഇനിമരിച്ചത് അവളാണ്സന്താനമോ പിതാവോ ഇല്ലഒരു സഹോദരനുണ്ട്എങ്കില്‍ ധനമത്രയും അവന്‍ അനന്തരമെടുക്കും. ഇനിസഹോദരിമാര്‍ രണ്ടുപേര്‍ (അല്ലെങ്കില്‍ അധിലതികം) ആയാല്‍ വിട്ടേച്ച ധനത്തിന്‍റെ മൂന്നില്‍ രണ്ടുഭാഗം അവര്‍ക്കു ലഭിക്കുന്നതാണ്. ഇനിയവര്‍ ആണും പെണ്ണുമടങ്ങുന്ന സഹോദരങ്ങളാണെങ്കില്‍ രണ്ടു പെണ്ണുങ്ങളുടേതിനു സമാനമായ ഒരോഹരി ആണിനു കിട്ടും. നിങ്ങള്‍ വഴിതെറ്റിപ്പോകാതിരിക്കാനാണ് അല്ലാഹു ഇങ്ങനെ പ്രതിപാദിച്ചു തരുന്നത്. സകല കാര്യങ്ങളെപ്പറ്റിയും സര്‍വജ്ഞനാണ് അല്ലാഹു.

സ്ത്രീകള്‍ക്ക് അനന്തരാവകാശ സ്വത്ത് നിശ്ശേഷം നിഷേധിച്ചിരുന്നവരാണ് പുരാതന അറേബ്യയിലെ ജാഹിലികള്‍; ഇന്നത്തെ ശാസ്ത്രീയ ജാഹിലിയ്യത്തിലും യൂറോപ്പിലും അമേരിക്കയിലും മറ്റും അടുത്തകാലം വരെ വനിതകള്‍ക്ക് സ്വത്തവകാശം നിഷിദ്ധമായിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവര്‍ക്ക് വ്യവസ്ഥാപിതമായി അനന്തരാവകാശ ധനം വിഭജിച്ചു ല്‍കുകയുണ്ടായി. ഈ സൂക്തത്തിലും അതു വ്യക്തമായി കാണാം.

يُبَيِّنُ اللَّهُ لَكُمْ أَن تَضِلُّوا ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

കലാലത്ത് സംബന്ധമായ വിധികള്‍ വിവരിച്ചശേഷം അവസാനമായി അല്ലാഹു ഉണര്‍ത്തുന്നതു നോക്കൂ: നിങ്ങള്‍ വഴിപിഴച്ചുപോകുമെന്ന്‌ കരുതി കാര്യങ്ങളെല്ലാം അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചു തരികയാണ്. നിങ്ങളുടെ നന്‍മ സ്ഥിതി ചെയ്യുന്നത് എവിടെയാണ്, എങ്ങനെ ഓഹരി ചെയ്യുന്നതിലാണ്, കൂടുതല്‍ നല്‍കേണ്ടത് ആര്‍ക്കൊക്കെയാണ് എന്നിത്യാദി കാര്യങ്ങളെല്ലാം തന്നെ അറിയുന്നവന്‍ അല്ലാഹുവാണല്ലോ. അതെ, അവന്‍ എല്ലാകാര്യത്തെക്കുറിച്ചും വേണ്ടതുപോലെ അറിയുന്നവനാകുന്നു. (وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ)

ഇസ്‌ലാമിലെ സ്വത്തവകാശ നിയമത്തില്‍, ആണിന്‍റെ പകുതി അവകാശം മാത്രം പെണ്ണിന് നിശ്ചയിച്ചതിലും ചില അവകാശികള്‍ക്ക് മറ്റേവരെക്കാള്‍ മുന്‍ഗണന നല്‍കിയതിലുമൊക്കെ വിമര്‍ശനം നടത്താറുളള കുബുദ്ധികള്‍ക്ക് തക്കതായ ഒരു താക്കീതും മറുപടിയും കൂടിയാണ് ഈ അവസാനത്തെ വാക്യം. അവരിതെല്ലാം വേണ്ടതുപോലെ മനസ്സിലാക്കിയിരുന്നെങ്കില്‍!

------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter