മാൽക്കം എക്സിന്റെ കൊലപാതകത്തിൽ അമേരിക്കൻ പോലീസും പ്രതികളോ?

മാൽക്കം എക്സിന്റെ കൊലപാതകം ഒരിക്കൽ കൂടി ചർച്ചകളിൽ നിറയുകയാണ്. ആഴ്ച്ചതോറും മനുഷ്യത്വ രഹിതമായ പുതിയ നിയമങ്ങൾ അത്യുത്സാഹത്തോടെ പാസ്സാക്കിയെടുക്കുന്ന ഇസ്രായേൽ നെസറ്റ് പുതിയ ഒരു നിയമം കൂടി പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണ്.  അൽജീരിയയുടെ "സഹായ നയതന്ത്ര"വും നയതന്ത്ര ചർച്ചകൾ കൊണ്ട് നിരന്തരം തിരക്കുപിടിച്ച സുഡാനുമെല്ലാം ഈ ആഴ്ച്ചത്തെ മുസ്‍ലിം ലോകത്തെ വിശേഷങ്ങളാണ്. അവയിലൂടെ ഒന്ന് കണ്ണോടിക്കാം.

മാൽകം എക്സിന്റെ കൊലപാതകം വീണ്ടും ചർച്ചയാവുമ്പോൾ

അമേരിക്കൻ കറുത്ത വർഗക്കാരുടെ പോരാളിയും പൗരാവകാശ നേതാവുമായിരുന്ന ഹാജി ശഹബാസ് മാൽകം എക്സിന്റെ 1965-ലെ കൊലപാതകത്തെ ചുറ്റിപറ്റിയുള്ള നിഗൂഢതകളും ആരോപണങ്ങളും വീണ്ടും തലപൊക്കുകയാണ്. മാൽക്കം എക്സിന്റെ കൊലപാതകത്തിന്റെ അമ്പത്തിയെട്ടാം വാർഷിക ദിനത്തിൽ മകൾ ഇല്യാസാ ശഹബാസാണ് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെൻറിനും എഫ്.ബി.ഐക്കുമെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. മാൽകം എക്സിന്റെ കൊലപാതകത്തിൽ പൊലീസിന് പങ്കുണ്ടെന്ന ആരോപണം മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കത്തിനെ അടിസ്ഥാനമാക്കി കുടുംബം മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. 

പൗരാവകാശ സംഘടനകളെ ഏത് വിധേനയും മെരുക്കാനും ഒതുക്കാനുമുള്ള പണികളുമായി അമേരിക്കൻ പൊലീസ് കച്ചകെട്ടിയിറങ്ങിയ കാലമായിരുന്നു 1960 കൾ. മാൽക്കം എക്സിനെ വധിക്കാനുള്ള നാഷൻ ഓഫ് ഇസ്‍ലാമിന്റെ പദ്ധതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും പൊലീസ് ഇടപെട്ടില്ല എന്ന വിമർശനവുമുണ്ട്. കൂടാതെ കൊലപാതകത്തിലെ മുഖ്യ പ്രതി ഖലീലുല്‍ ഇസ്‍ലാം,  കൊലപാതകത്തിൽ പങ്കുള്ളവരെ കുറിച്ച് നല്കിയ മൊഴികളിലും പൊരുത്തക്കേടുകളുണ്ടായിരുന്നു.


സുഡാനിൽ മഞ്ഞുരുകുമ്പോൾ 

സുഡാനിലെ പരമോന്നത കൗണ്സിലിന്റെ തലവനായ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും റാപ്പിഡ് റെസ്പോണ്സ് ഫോഴ്സിന്റെ കമാൻഡർ ജനറലായ മുഹമ്മദ് ഹംദാൻ ദഗാലോ എന്ന ഹമീദ്തിയും തമ്മിലുള്ള അസ്വരാസ്യങ്ങൾക്ക് പരിഹിരമാവുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു.എ.ഇയുടെയും പല പാശ്ചാത്യ രാഷ്ട്രങ്ങളുടെയും നയതന്ത്ര സംഘങ്ങൾ സുഡാനിൽ മധ്യസ്ഥ ചർച്ചകളുമായി സജീവമായിരുന്നു.

തന്റെ ഡെപ്യൂട്ടി കൂടിയായ ഹമീദ്തിയുടെ,  വളർന്നു വരുന്ന സ്വാധീനത്തിന് തടയിടാനുള്ള വ്യത്യസ്ത മാർഗങ്ങളാണ് അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ ആവിഷ്കരിക്കുന്നത്. പരമാധികാര കൗണ്സിലിനെ പിരിച്ചുവിട്ട് പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് വരെ സൈന്യത്തിന്റെ മേൽ പൂർണാധികാരമുള്ള പുതിയ സുപ്രീം കൗണ്സിലിനെ രൂപികരിക്കാനാണ് ബുർഹാൻ ശ്രമിക്കുന്നത്. സുഡാനിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ അലയൻസ് ഫോർ ഫ്രീഡം ആൻഡ് ചെയ്ഞ്ചുമായി കൂടിക്കാഴ്ച നടത്തിയതായും തന്റെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനും നേതൃത്വ മുഖഛായ തന്നെ മാറ്റിയെടുക്കാനുമുള്ള ഉപദേശം തേടിയതായും നേതൃതലത്തിൽ പല കക്ഷികളുമായി ചർച്ചകൾ ചെയ്തതായും വെളിപ്പെടുത്തപ്പെട്ടിരുന്നു. കൂടാതെ ഇസ്‍ലാമിസ്റ്റ് സംഘങ്ങളുടെ വളർച്ച തടയുന്നതിന്റെ മുൻപന്തിയിൽ, സ്വയം പ്രതിഷ്ടിക്കാൻ ശ്രമിക്കുന്നതു വഴി പാശ്ചാത്യ ശക്തികളുടെ പിന്തുണ ഉറപ്പാക്കുക കൂടിയാണ് ഹമീദ്ത്തി ഉന്നം വെച്ചിരിക്കുന്നത്. എന്നാൽ ഉമർ അൽ ബഷീറിന്റെ പതനത്തിനു ശേഷം തകർന്നു തരിപ്പണമായിരിക്കുന്ന സുഡാന് ഇനിയൊരു സൈനിക എറ്റുമുട്ടൽ കൂടി താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ തന്റെ പദ്ധതികളുമായി കൂടുതൽ മുന്നോട്ടു പോകാതിരിക്കാൻ ഹമീദ്ത്തിയുടെ മേൽ ശക്തമായ സമ്മർദ്ദവുമുണ്ട്. ഇതാണ് ഹമീദ്ത്തിയെ ബുർഹാനുമായുള്ള ചർച്ചകൾക്ക് പ്രേരിപ്പിക്കാനുള്ള പ്രധാന കാരണം എന്നാണ് പറയപ്പെടുന്നത്. തന്ത്രപ്രധാന മേഖലയായ സുഡാനിനു മേൽ സ്വാധീനമുറപ്പിക്കാൻ മത്സരിക്കുന്ന യുഎഇയും പാശ്ചാത്യ രാജ്യങ്ങളും മധ്യസ്ഥ ചർച്ചയിൽ സജീവമാണ്.

മാറ്റമില്ലാതെ ഇസ്രായേലിന്റെ മനുഷ്യത്വ വിരുദ്ധത

ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീനയൻ തടവുപുള്ളികളുടെ ജീവിതം അതീവ ദുസ്സഹമാക്കുന്ന വിധത്തിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ഇസ്രായേലി ഭരണകൂടം. വ്യാഴാഴ്ച ഇസ്രായേൽ നെസറ്റ് പാസ്സാക്കിയെടുത്ത നിയമപ്രകാരം, വളരെ അത്യാവശ്യമല്ലാത്ത എല്ലാവിധ പരിചരണ സേവനങ്ങളും ചികിത്സകളും പലസ്തീനിയൻ തടവുപുള്ളികൾക്ക് നിഷേധിക്കപ്പെടും. ഇസ്രായേൽ തടവു കേന്ദ്രങ്ങളിൽ കൊണ്ടുവരാനിരിക്കുന്ന മനുഷ്യത്വ വിരുദ്ധമായ നിയന്ത്രണ പരമ്പരയുടെ ഒരു ഭാഗം മാത്രമാണ് ചികിത്സാ നിഷേധം. തടവുപുള്ളികൾ നടത്തുന്ന സംരംഭങ്ങളെ നിർത്തലാക്കുന്ന നിയമം മുമ്പ് തന്നെ പ്രാബല്യത്തിൽ വന്നിരുന്നു.

ഇസ്രായേൽ സുരക്ഷാ മന്ത്രിയായ ബെൻ ഗഫീർ പലസ്തീനിയൻ തടവുപുള്ളികൾ അനർഹമായ സുഖങ്ങളാണ് ജയിലുകളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് നിർത്തലാക്കണമെന്നും മുമ്പ് പ്രസ്താവന ഇറക്കിയിരുന്നു. ഇതിനെ തുടർന്ന് പല നിയന്ത്രണങ്ങളും നിയമങ്ങളും ഇസ്രായേൽ പാർലമെന്റിന്റെ പരിഗണനയിലാണ്. വെള്ളം ഉപയോഗിക്കുന്നതിനടക്കം നിയന്ത്രണങ്ങൾ ബാധകമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേലി ഭരണകൂടം. എന്നാൽ തടവുപുള്ളികൾ വരാനിരിക്കുന്ന റമളാൻ മാസത്തിൽ നിരാഹാര സമരമടക്കം ഇസ്രായേലി ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധതക്കെതിരെ വ്യാപക പ്രതിഷേധങ്ങൾക്കുള്ള തയ്യാറെടുപ്പിലുമാണ്.

അൽജീരിയയുടെ കണക്കു കൂട്ടൽ

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ നേതൃത്വ പദവിയും മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനവും ഉറപ്പിക്കാനുള്ള പരസ്പര മത്സരത്തിലാണ് ആഫ്രിക്കയിലെ പ്രധാന രാഷ്ട്രങ്ങൾ എല്ലാം തന്നെ. ദീർഘകാലമായി വിവിധ സാമ്പത്തിക സഹായങ്ങളിലൂടെയും വ്യാപാര ചർച്ചകളിലൂടെയും ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന അൽജീരിയ, അൾജിഴേയ്സിൽ കഴിഞ്ഞയാഴ്ച നടന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയിൽ പുറത്തുവിട്ട പ്രഖ്യാപനങ്ങളെയും ഇതിന്റെ ഭാഗമായിട്ട് വേണം കാണാന്‍. 

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വികസനത്തിനും സമാധാന പ്രവർത്തനങ്ങൾക്കുമായി ഒരു ബില്യൺ ഡോളറാണ് അൽജീരിയൻ പ്രസിഡന്റ് അബ്ദുൽ മജിദ് താബൂൻ പ്രഖ്യാപിച്ചിട്ടുള്ളത്. പല ആഫ്രിക്കൻ രാജ്യങ്ങളെയും സാമ്പത്തിക സഹായങ്ങൾ നൽകി കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ പല തവണ മുന്നിട്ടിറങ്ങിയ അൽജീരിയ ഉന്നമിടുന്നത്, ഭൂഖണ്ഡത്തിന്റെ തന്ത്രപ്രധാന നേതൃത്വവും അൽജീരിയയുടെ വികാസത്തിനനുഗുണമാവുന്ന വിധത്തിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter