മൗനവും മൗനാനുവാദവും  നിർമിച്ചെടുക്കുന്ന ഗസ്സയിലെ കൂട്ടക്കുരുതി

ഫലസ്തീൻ-ഇസ്രായേൽ യുദ്ധവും അതേ ചുറ്റിപറ്റി ഉയർന്നുവരുന്ന മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും ഇടപെടലുകളും തന്നെയാണ് ഈ വാരത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ഒപ്പം ഡെന്മാർക്കിലെ പുതിയ മതസ്വാതന്ത്ര്യ നിയമവും നവാസ് ഷെരീഫിന്റെ തിരിച്ചുവരവും വാർത്ത ശ്രദ്ധ ലഭിച്ച സംഭവങ്ങളാണ്. മുസ്‍ലിം ലോകത്തുനിന്നുള്ള ഈ ആഴ്ചയിലെ പ്രധാന സംഭവവികാസങ്ങൾ വായിക്കാം.

തുടർന്നുകൊണ്ടിരിക്കുന്ന ഉന്മൂലനം 

ലോക ചരിത്രത്തിലെ മറ്റൊരു ഹോളോകോസ്റ്റിന്റെ വക്കിലാണ് ഫലസ്തീൻ ജനത ദിവസങ്ങൾ എണ്ണിനീക്കുന്നത്. ഭക്ഷണവും വെള്ളവും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ തടഞ്ഞുവെച്ചിരുന്ന ഇസ്രായേൽ ജീവവായുവും സഹായങ്ങളും ലഭിക്കാവുന്ന ഏതിടങ്ങളും അടച്ചുകൊണ്ടിരിക്കുകയാണ്. സംഘർഷം തുടങ്ങി ഇരുപത്തഞ്ച് ദിവസമായിട്ടും യാതൊരുവിധത്തിലുള്ള വെടിനിർത്തൽ കരാറും സമാധാന കരാറും നടപ്പിലായിട്ടില്ല. കരാറിലേക്കെത്തിക്കുന്നതിന് വേണ്ടി ഇസ്രായേലിനു മേൽ സമ്മർദകേന്ദ്രങ്ങളായി പ്രവർത്തിക്കേണ്ട ഐക്യരാഷ്ട്രസഭക്കും അറബ് രാജ്യങ്ങൾക്കും അതിന് സാധിച്ചില്ല എന്നുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നു. ആദ്യം സ്വീകരിച്ചിരുന്ന നിഷ്പക്ഷ നിലപാടിൽ നിന്നും മാറി ഫലസ്തീനുവേണ്ടി ശബ്ദിച്ചിട്ടും ഐക്യരാഷ്ട്രസഭയ്ക്ക് കാര്യമായി ഗ്രൗണ്ടിൽ ഇറങ്ങി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇസ്രായേൽ കൂട്ടക്കൊല മറയില്ലാതെ നടപ്പിലാക്കികൊണ്ടിരിന്നിട്ടും പല അറബ് രാജ്യങ്ങളും മൗനത്തിലാണ്. എന്നാൽ ലോക വ്യാപകമായി പലയിടങ്ങളിലായി അനുകൂല സമരങ്ങളും ഐക്യദാർഢ്യ പ്രകടനങ്ങളും നിരന്തരമായി സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

ഏറ്റവും അവസാനമായി  സമ്പൂർണ്ണ കണക്ഷൻ വിഛേദനം നടപ്പിലാക്കി കരമാർഗമായി തങ്ങൾ അധിനിവേശം നടത്തുകയാണെന്ന് വെള്ളിയാഴ്ച ഇസ്രായേൽ പ്രഖ്യാപിക്കുകയുണ്ടായി. കരയുദ്ധം പുരോഗമിച്ചുകൊണ്ടിരിക്കേ പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ട ഗസ്സയിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയാൻ പരിമിതികളുണ്ട്. നിലവിൽ ഗസയിലെ പലയിടങ്ങളിലായി നിരന്തരമുള്ള ബോംബ് വർഷം നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രായേൽ. അതേസമയം തന്നെ ഹമാസിന്റെ കീഴിലുള്ള അൽ ഖസ്സാം ബ്രിഗേഡ് ഇസ്രായേലിനെതിരെ പ്രത്യാക്രമങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഹമാസിന്റെ കീഴിൽ ഒരുപാട് തുരങ്കങ്ങൾ ഗസ്സയിലുടനീളം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നും അതിനെ സമ്പൂർണമായി നശിപ്പിക്കാതെ ഹമാസിനെ പൂർണമായി ഇല്ലാതാക്കാൻ കഴിയില്ലെന്നുമുള്ള വാദത്തിന് പിറകിലാണ് ഇസ്രായേൽ കരയുദ്ധം ശക്തമാക്കികൊണ്ടിരിക്കുന്നത്. പരസ്യമായി ഒരു നരമേധത്തിന് കൊട്ടിഘോഷിച്ച് ഇസ്രായേൽ പുറപ്പെട്ടിട്ടും അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ അക്രമണങ്ങളിൽ അയവുവരുത്താൻ പോലും ഇതുവരെ വിരലനക്കിയിട്ടില്ല. പകരം കൂടുതൽ കപ്പലുകളും ആയുധങ്ങളും മെഡിറ്റേറിയൻ കടലിലേക്ക് അയച്ചുകൊണ്ട് കൂട്ടക്കുരുതിക്ക് പിന്തുണ നൽകികൊണ്ടിരിക്കുകയാണ്.

ഫലസ്തീൻ സംഘർഷത്തിന്റെ ഭാവി തീർത്തും പ്രവചനാതീതമാണെന്ന് തന്നെ പറയാം. ഇസ്രായേലിനെ നിലവിലെ ഉന്മൂലന പദ്ധതിയുമായി തുടർന്നു പോകാൻ അനുവദിച്ചാൽ ലോകചരിത്രത്തിലെ തന്നെ സമാനതയില്ലാത്ത ഒരു മനുഷ്യത്വ പ്രതിസന്ധിക്ക് ആയിരിക്കും ഗസ്സ സാക്ഷ്യം വഹിക്കുക. ലോകത്തിന്റെ പലയിടങ്ങളിലായി നടത്തപ്പെട്ട സർവേകൾ പ്രകാരം അധിക പാശ്ചാത്യൻ രാജ്യങ്ങളിലെയും പൊതുജനങ്ങൾ എത്രയും പെട്ടെന്ന് തന്നെ സംഘർഷത്തിന് പരിഹാരം ലഭിക്കണമെന്നും സമാധാനം പുലരണമെന്നും ആഗ്രഹിക്കുന്നവരാണ്.

ഡെൻമാർക്ക് മാതൃകയാകട്ടെ

നിരന്തരമായ ഖുർആൻ കത്തിക്കലിനെതിരെയും മത ചിഹ്നങ്ങളെ അവഹേളിക്കുന്നതിനെതിരെയും നോർവീജിയൻ രാഷ്ട്രങ്ങളിൽ ഉയർന്നുവന്ന സമരങ്ങളും പ്രക്ഷോഭങ്ങളും പല രാജ്യങ്ങളെയും പുതിയ നിയമനിർമ്മാണങ്ങൾ നടത്താനും പഴയ നയങ്ങളെ പൊളിച്ചെഴുതാനും നിർബന്ധിതരാക്കിയിരിക്കുകയാണ്. സ്വീഡന് പുറമേ ഖുർആൻ കത്തിക്കൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന നോർവിൻ രാഷ്ട്രമായ ഡെന്മാർക്കിൽ പാർലമെന്റ്, ഖുർആൻ കത്തിക്കൽ പോലെയുള്ള മതചിഹ്നങ്ങളെ അവഹേളിക്കുന്ന പ്രവൃത്തികളെ നിരോധിച്ചുകൊണ്ടുള്ള ബില്ല് ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അമേരിക്കയുടെ അനാവശ്യം

ഇസ്രായേൽ ഫലസ്തീന്‍ യുദ്ധത്താൽ സംഘർഷഭരിതമായ മിഡിൽ ഈസ്റ്റിൽ പ്രശ്നങ്ങളെ കൂടുതൽ ഗൗരവതരമാക്കി സിറിയൻ മണ്ണിൽ അതിക്രമിച്ചു കയറി പ്രകോപനപരമായി ആക്രമണം നടത്തിയിരിക്കുകയാണ് അമേരിക്ക. ഇറാൻ അനുകൂല സംഘങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെയാണ് തങ്ങൾ അക്രമങ്ങൾ നടത്തിയതെന്നാണ് അമേരിക്കയുടെ ന്യായീകരണം. പ്രകോപനപരമായ ഇത്തരം പ്രവൃത്തികൾ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്, മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചെടുത്ത് തങ്ങൾക്കനുകൂലമായി മിഡിൽഈസ്റ്റിന്റെ രാഷ്ട്രീയ ബലതന്ത്രത്തെ മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന കാര്യത്തിൽ സംശയമില്ല. 

ഇസ്രായേലിനുള്ള ചാരപ്പണി

ഇസ്രായേൽ ഫലസ്തീൻ സംഘർഷം മൂർചിച്ചു കൊണ്ടിരിക്കെ ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയതുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്നുള്ള വാർത്ത മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും കൂടുതൽ മുഴക്കങ്ങളുണ്ടാക്കി. ഖത്തറിന്റെ മുങ്ങിക്കപ്പൽ സാങ്കേതിക വിദ്യയുമായി ബന്ധപെട്ട വിവരങ്ങൾ സ്വകാര്യ ട്രെയിനിങ് കമ്പനി വഴി ഇസ്രായേലിന് ചോർത്തികൊടുത്തതുമായി ബന്ധപെട്ട് 8 ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തർ വധശിക്ഷക്ക് വിധിച്ചതാണ് വാർത്ത. വിധിയെ എതിർത്തിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ ഒരു പ്രസ്താവന ഇതുവരെ വന്നിട്ടില്ല. ചരപ്പണി ഗുരുതര പ്രശ്നമായതിനാൽ ഖത്തർ ഇന്ത്യൻ ഉദ്യോഗസ്ഥരെ മോചിപ്പിക്കുക എന്നത് അസാധ്യമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

നവാസ് ഷെരീഫിന്റെ തിരിച്ചുവരവ് 

അഴിമതിയുമായി ബന്ധപ്പെട്ട് കാലങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന നവാസ് ശരീഫ്, ചികില്‍സക്ക് വേണ്ടി കോടതിയിൽ നിന്നും സമ്മതം വാങ്ങി ലണ്ടനിൽ പോയതിനു ശേഷം പിന്നീട് തിരിച്ചുവന്നിരുന്നില്ല. അഴിമതി ആരോപണങ്ങൾ കാരണം രാഷ്ട്രീയ ഭ്രഷ്ട് കല്പിക്കപ്പെട്ട് അഞ്ച് വർഷം മുമ്പ് ലണ്ടനിലേക്ക് നാടുവിട്ട, പാകിസ്ഥാൻ രാഷ്ട്രീയത്തിലെ അതികായനായ നവാസ് ശരീഫിന്റെ തിരിച്ചുവരവാണ് ഇപ്പോൾ ചർച്ചാവിഷയം. പാകിസ്ഥാനിലെ വരാനിരിക്കുന്ന പാർലമെന്റെറി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നവാസ് ശരീഫിന്റെ വരവ്. എന്നാൽ പാകിസ്ഥാൻ തെഹ്രീകേ ഇൻസാഫ് പാർട്ടിയുടെ ഇമ്രാൻ ഖാന്റെ സാന്നിധ്യം, അദ്ദേഹത്തിന് വെല്ലുവിളി തന്നെയാണ്. പാകിസ്ഥാൻ മുസ്‍ലിം ലീഗിനെ വർഷങ്ങളോളം നയിച്ച നവാസ് ശരീഫ് മൂന്ന് തവണ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. നവാസ് ഷെരീഫിന്റെ തിരിച്ചുവരവ് ഉദ്വേഗപൂര്‍വ്വമായ പാകിസ്ഥാൻ രാഷ്ട്രീയത്തിലെ അടുത്ത ഘട്ടമായിരിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

മീഡിയ സ്കാൻ

നമ്മുടെ ഓരോ ഫലസ്തീൻ അനുകൂല സാമൂഹ്യമാധ്യമ ഇടപെടലുകളും പൊതുജങ്ങളുടെ അഭിപ്രായ രൂപീകരണത്തെ സ്വാധിനിച്ചുകൊണ്ട് പശ്ചാത്യ കേന്ദ്രീകൃത ആഖ്യാനങ്ങളെ മാറ്റിയെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സാമി ഹംദിയുടെ ഈ ലേഖനം പ്രത്യേക വായന അര്‍ഹിക്കുന്നു.
 https://www.instagram.com/reel/Cy5vt4TtGsk/?igshid=NTc4MTIwNjQ2YQ==

ഇസ്രായേൽ അനുകൂല ആഗോള ബ്രാൻഡുകളെ നിരോധിക്കണമെന്നുള്ള മുറവിളി ശക്തമാണ്. കാലങ്ങളായി ഈ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മൂവ്മെന്റാണ് ബി. ഡി. എസ്. സംഘടനയുടെ വെബ്സൈറ്റിൽ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നിരോധിക്കേണ്ട വസ്തുക്കളെ കുറിച്ചും വിശദമായി പറഞ്ഞുവെക്കുന്നുണ്ട്.
https://bdsmovement.net/get-involved/what-to-boycott

ട്രംപിനെക്കാൾ പതിന്മടങ്ങ് അപകടകാരിയാണ് ജോ ബൈഡൻ എന്ന് തെളിവുകള്‍ അടിസ്ഥാനപ്പെടുത്തി തെളിയിക്കുകയാണ് അൽ ജസീറയിൽ ഹൈദർ ഈദ് എഴുതിയ ലേഖനം.
https://www.aljazeera.com/opinions/2023/10/29/in-dehumanising-the-palestinians-biden-has-surpassed-trump

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter