റമദാന് 21 –സകാത് – കൊടുക്കേണ്ടവരെല്ലാം കൊടുക്കുകയും വാങ്ങേണ്ടവര്‍ മാത്രം വാങ്ങുകയും ചെയ്താല്‍...

റമദാന് 21 –സകാത് – കൊടുക്കേണ്ടവരെല്ലാം കൊടുക്കുകയും വാങ്ങേണ്ടവര്‍ മാത്രം വാങ്ങുകയും ചെയ്താല്‍...
സകാതുമായി ബന്ധപ്പെട്ട് ഒരു സുഹൃത്ത് പങ്ക് വെച്ച അനുഭവം ഓര്‍ത്തുപോവുന്നു, അയാള്‍ ഗള്‍ഫില്‍നിന്ന് ലീവിന് നാട്ടിലെത്തിയതാണ്. പരിചയത്തിലുള്ള ഒരാള്‍ കണ്ട് മുട്ടിയ വേളയില്‍ ചോദിച്ചുവത്രെ, എന്താ നിങ്ങളൊക്കെ ഇപ്പോള്‍ എന്നെ സകാതില്‍നിന്ന് പുറത്താക്കിയോ, ഈ വര്‍ഷം നിങ്ങളുടെ സകാത് കിട്ടിയില്ലല്ലോ.
അദ്ദേഹത്തെ കുറിച്ച് സുഹൃത്ത് പറഞ്ഞത്, മുമ്പ് അല്‍പം പ്രയാസങ്ങളൊക്കെ ഉള്ള ആളായിരുന്നു. ഇപ്പോള്‍ മക്കളൊക്കെ നല്ല ജോലിയിലെത്തുകയും പ്രയാസങ്ങളൊന്നുമില്ലാതെ ജീവിക്കുകയും ചെയ്യുന്ന ആളാണ് എന്നായിരുന്നു. 
സകാതുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ എങ്ങനെയോ പതിഞ്ഞുപോയ ചില ശീലങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. സകാത് ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അതിപ്രധാനമാണ്. നിസ്കാരത്തോളം തന്നെ പ്രധാനമാണ് അതും. സകാത് നല്‍കാന്‍ ബാധ്യസ്ഥനായിട്ടും അത് നല്‍കാത്തവന്റെ നിസ്കാരം പോലും സ്വീകരിക്കപ്പെടില്ലെന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നമ്മുടെ നാടുകളില്‍ പലപ്പോഴും സകാത് നല്കേണ്ടവരും അത് വാങ്ങുന്നവരും കാലങ്ങളായി മാറ്റമില്ലാതെ തുടരുന്നതാണ് പലപ്പോഴും കാണുന്നത്. 
ഇവിടെ രണ്ട് ഭാഗത്തും സാരമായ മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു. റിയല്‍എസ്റ്റേറ്റ് അടക്കമുള്ള കച്ചവടങ്ങള്‍, കിട്ടാനുള്ള കടങ്ങള്‍ തുടങ്ങി സകാത് നിര്‍ബന്ധമാവുന്ന ഇനങ്ങള്‍ വേണ്ടവിധം മനസ്സിലാക്കിയാല്‍ നമ്മില്‍ അധികപേരും ആ ബാധ്യതയില്‍നിന്ന് ഒഴിവാകില്ലെന്ന് മനസ്സിലാക്കാം. അതുപോലെ, സകാത് വാങ്ങാന്‍ ആര്‍ക്കൊക്കെയാണ് അവകാശമുള്ളതെന്ന് ബോധമുണ്ടാവുകയും ആ പരിധിയില്‍ പെടാത്തവര്‍ അതില്‍ വിട്ട് നില്‍ക്കുകയും ചെയ്യേണ്ടതും അത്യാവശ്യമാണ്. യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തി സകാത് ഏല്‍പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 
ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനുള്ള ഏറ്റവും ശാസ്ത്രീയവും സാമൂഹ്യവുമായ രീതിയാണ് സകാത്. അത് കൃത്യമായി നടപ്പിലാക്കപ്പെട്ടാല്‍, സാമ്പത്തികമായി ഏറെ മുന്നേറിയ ഇക്കാലത്ത്, നമ്മുടെ നാടുകളിലെ ഭൂരിഭാഗ സാമ്പത്തിക പ്രശ്നങ്ങളും അതിലൂടെതന്നെ പരിഹരിക്കാനാവുമെന്ന് തീര്‍ച്ചയാണ്. അതിന് വേണ്ടത് ഇത്രമാത്രമാണ്, കൊടുക്കേണ്ടവരെല്ലാം കൃത്യമായി അത് കൊടുക്കുക, യഥാര്‍ത്ഥ അവകാശികള്‍ മാത്രം അത് വാങ്ങുകയും ചെയ്യുക. എങ്കില്‍ ഖലീഫമാരുടെ കാലത്ത് സംഭവിച്ചത് പോലെ, സകാത് വാങ്ങാന്‍ ആളില്ലാത്ത വിധം സമൂഹം സാമ്പത്തിക സുരക്ഷയും വളര്‍ച്ചയും നേടും. അത്തരം ഒരു സമൂഹത്തിന്റെ അസ്തിത്വം എത്രമാത്രം അഭിമാനകരമായിരിക്കും, നമുക്ക് ശ്രമിക്കാം.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter