യുക്തിയും ഇസ്‍ലാമും: ബന്ധവും വേർപാടും

ഞാൻ യുക്തിമാനല്ല, കാരണം യുക്തി ദൈവത്തിനുടയതാണ്, ഞാൻ ഒരു ജ്ഞാനകുതുകി മാത്രമാണ്.  - പൈതഗോറസ്          

പുതുയുഗ ആശയങ്ങളോടുള്ള അന്ധമായ അടിമത്വവും മുൻഗാമികളെല്ലാം അപരിഷ്കൃതമായ ജീവിതം നയിച്ചവരാണെന്നും ഞങ്ങളാണ് സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഉടമസ്ഥർ എന്നുമുള്ള അഹങ്കാരവും ആധുനികതയുടെ ഒരു തലമായി മാറിയിട്ടുണ്ട്. ഇസ്‍ലാം പുരോഗമനവിരുദ്ധമാണ്, സ്ത്രീവിരുദ്ധമാണ്, യുക്തിയെ അംഗീകരിക്കുന്നില്ല, ശാസ്ത്ര വിരുദ്ധമാണ്, തുടങ്ങിയ ചിന്തകളോടെ, പാശ്ചാത്യ സംസ്കാരങ്ങളെയും ധൈഷണിക ചിന്താധാരകളെയും നെഞ്ചിലേറ്റി കണ്ണടച്ച് വിശ്വസിച്ച് ഇതാണ് പ്രബുദ്ധത എന്ന അബദ്ധധാരണയാണ് സോഷ്യൽ മീഡിയയിലുടനീളവും ഇന്ന് കാണപ്പെടുന്നത്. ഇടക്കിടെ ഉയര്‍ന്നവരു്നന ആറ്റാം നൂറ്റാണ്ട് പ്രയോഗമെല്ലാം ഇതിന്റെ ഭാഗം മാത്രമാണ്. എന്നാല്‍, ചരിത്രം ചികഞ്ഞന്വേഷിക്കുമ്പോൾ, വൈജ്ഞാനികപ്രബുദ്ധതയുടെ യഥാർത്ഥ അർത്ഥം അവർ ഉൾകൊണ്ടിട്ടില്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇസ്‍ലാമിക സമൂഹവും സംസ്കാരവും അതിൻറെ പ്രാരംഭം മുതൽ ആധുനിക കാലം വരെ സർഗാത്മകതയും സാമൂഹ്യ വളർച്ചയും പ്രകടമാക്കിയിട്ടുണ്ട്. ഒമ്പതാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള ഇസ്‍ലാമിക സുവർണ്ണ കാലഘട്ടത്തിൽ മുസ്‍ലിം ശാസ്ത്രജ്ഞർ രസതന്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം ജ്യോതിശാസ്ത്രം തുടങ്ങി സകല മേഖലകളിലും വികസിപ്പിച്ച ശാസ്ത്ര സാങ്കേതിക ഭൗതിക നേട്ടങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. അവരുടെ നേട്ടങ്ങളാണ് യൂറോപ്യൻ നവോത്ഥാനത്തെയും ആധുനിക ശാസ്ത്ര മുന്നേറ്റത്തെയും സ്വാധീനിച്ചത് എന്നതാണ് സത്യം. ഗ്രീക്ക്, റോമൻ, പേർഷ്യൻ വിജ്ഞാനങ്ങളെ സംരക്ഷിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്തുകൊണ്ട് യൂറോപ്യൻ നവോത്ഥാനത്തിന് വഴിയൊരുക്കി, ബൗദ്ധിക വിനിമയത്തിന് വേദിയായത് ഇസ്‍ലാമിക സുവർണ്ണകാലമായിരുന്നു. ഒടുവിൽ ഈ വൈജ്ഞാനിക മുന്നേറ്റം വിവർത്തനങ്ങളിലൂടെയും പരിഷ്കരണങ്ങളിലൂടെയും യൂറോപ്പിൽ എത്തുകയും ആധുനിക ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും അടിസ്ഥാനമായ പുരോഗതിക്ക് തിരി കൊടുക്കുകയും ചെയ്തു.

സൗഹൃദം, സ്നേഹം എന്നെല്ലാം അർത്ഥമാക്കുന്ന ഫിലിയ (philia), യുക്തി എന്നർത്ഥമുള്ള സോഫിയ (Sophia) എന്നീ രണ്ട് പദങ്ങൾ കുട്ടിയിണക്കിയാണ് പൈതഗോസ് ഫിലോസഫി എന്ന പദപ്രയോഗത്തിന് ജനനം നൽകുന്നത്.  ജ്ഞാനകൗതുകം എന്ന് ഒറ്റവാക്കിൽ ഇതിന് അര്‍ത്ഥം പറയാം. ഒരു വസ്തുവോടുള്ള ഒരാളുടെ കൗതുകത്തെ അവന്‍ അത് ഉടയവനാണെന്ന് നിർബന്ധമാക്കുന്നില്ല മറിച്ച് അതിനോടുള്ള അവന്റെ താത്‌പര്യത്തെയും കൈവരിക്കുവാനുള്ള പരിശ്രമത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് മൗലികമായി നാം തിരിച്ചറിയേണ്ടതുണ്ട്. ഈ അടിസ്ഥാനത്തിൽ കാര്യങ്ങളുടെ വസ്തുതകൾ അറിയുകയും അതിൽനിന്ന് മികച്ചത് കണ്ടെത്തുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന യുക്തിയോടുള്ള കൗതുകം അത്തരത്തിലുള്ള ചിന്തകളിലേക്ക് എത്തിപ്പെടാൻ അവൻ പരിശ്രമിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. അതുപോലെതന്നെ, ഈ സാങ്കേതിക പ്രയോഗത്തിൽ യുക്തി കൊണ്ടുള്ള ഉദ്ദേശ്യം മനുഷ്യന് അതീതമായ എല്ലാവിധ ധൈഷണിക ചിന്തകളെയുമാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന ഉദ്യമം കൂടിയാണ് പൈതഗോറസ് ഈ പദാവലിയിലൂടെ നിർവഹിക്കുന്നത്.

അറിവ്, യാഥാർത്ഥ്യം, ഉൺമ എന്നിവയുടെ അടിസ്ഥാന സ്വഭാവത്തെ കുറിച്ചുള്ള പഠനം എന്ന നിർവചനത്തിലേക്ക് തത്വചിന്ത പരിവർത്തിക്കപ്പെടുന്നത് പിന്നീടാണ്. മനുഷ്യനതീതമായ രീതിയിൽ കാര്യങ്ങളുടെ വസ്തുതകൾ മനസ്സിലാക്കുക എന്നതാണ് ഇതിന്റെ പ്രബലമായ നിര്‍വ്വചനം. തത്വചിന്ത ധൈഷണികതയുമായി ബന്ധിക്കപ്പെട്ടതാണെങ്കിൽ, ഒരു അനുഭോക്താവ് തൻറെ ജീവിതത്തിൽ നേരിടുന്ന ആത്മീയ അനുഭൂതികളുമായി കോർത്തിണക്കപ്പെട്ടതാണ് മതം. സാമൂഹിക ജീവിത പുരോഗമനത്തിന്റെ രണ്ടു തൂണുകളായ തത്വചിന്തകർക്കും മതവിശ്വാസികൾക്കും ഇടയിൽ ഈ വ്യത്യാസം ചിലപ്പോഴൊക്കെ ഗുരുതര സംഘർഷങ്ങളിലേക്ക് നയിക്കുവാൻ കാരണമായിട്ടുണ്ട്.

ഇസ്‍ലാമിക വൈജ്ഞാനിക ചരിത്രത്തിൽ തത്വചിന്ത കേന്ദ്രീകരിച്ച് എണ്ണമറ്റ ചർച്ചകൾ അരങ്ങേറിയിട്ടുണ്ട്. ഇസ്‍ലാമിക വിജ്ഞാന പാരമ്പര്യമുള്ള പണ്ഡിതന്മാരിൽ നിന്നും ധാരാളം വിമർശനങ്ങൾ ഇതിനെതിരെ വന്നതോടൊപ്പം, മുൻഗാമികളിൽ പലരും ഇത് അവിശ്വാസത്തിലേക്ക് (കുഫ്രിലേക്) നയിക്കുന്നതാണെന്നും കുഫ്റുമായി ബന്ധപ്പെട്ടതെല്ലാം ഹറാമാണെന്ന നിലപാടുകാരായിരുന്നു. ബുദ്ധിയുള്ളവർക്കും മന്ദബുദ്ധികൾക്കും ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നുമവർ പ്രഖ്യാപിച്ചു. മറിച്ച് ബുദ്ധിയുള്ളവർക്കും ജളന്മാർക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും അറിവിൻറെ ആളുകള്‍ക്ക് നിർബന്ധമാക്കുകയും ചെയ്ത പണ്ഡിതന്മാരാണ് ഇസ്‍ലാമിക ചരിത്രത്തിൽ കൂടുതലായി പ്രത്യക്ഷമായിട്ടുള്ളത്. 

നികൃഷ്ട പ്രവൃത്തികളിൽ നിന്ന് ഉൽകൃഷ്ട പ്രവർത്തനങ്ങളെയും ചൊവ്വായ ചിന്താഗതിയെയും ഗ്രഹിച്ചെടുക്കാനുള്ള വ്യവസ്ഥയായിട്ടാണ് മുൻകാല പണ്ഡിതന്മാരിലെ ജ്ഞാനകുതുകികൾ അന്തിമാഭിപ്രായമായി ഇതില്‍ പിന്തുടരുന്ന രീതി. ഇബിനു റുഷ്ദ് തൻറെ ഫസ്‍ലുൽ മഖാൽ ഫീമാ ബൈനൽ ഹിക്മതി വശരീഅ എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നതുപോലെ, ലോകമെങ്ങും പ്രത്യക്ഷമായി നിലകൊള്ളുന്ന സൃഷ്ടികളെ നോക്കുകയും അവയുടെ പ്രാധാന്യവും സൃഷ്ടിപ്പിലെ അല്‍ഭുതങ്ങളും നിരീക്ഷിക്കുന്നതിലൂടെ സ്രഷ്ടാവിനെ കണ്ടെത്തുകയുമാണ് തത്വചിന്ത എന്നതിന്റെ ഇസ്‍ലാമിക നിർവചനം എന്ന് പറയാം. ലോകത്ത് പ്രത്യക്ഷമായിട്ടുള്ള സൃഷ്ടികളുടെ ഉദ്ഭവത്തിന്റെയും അതിൻറെ പിന്നിലെ കരകൗശലത്തിന്റെയും ജ്ഞാനം ഗ്രഹിച്ചെടുക്കുന്നതിലൂടെ, അവയുടെ നിർമ്മാതാവിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നു.

വൈവിധ്യമാർന്ന അനവധി വിമർശനങ്ങൾ യുക്തിചിന്തക്ക് ചരിത്രത്തിലുടനീളം മുസ്‍ലിം പണ്ഡിതരില്‍നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. അവയുടെ ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. പൂർവികരും യുക്തിചിന്തയെ വിമർശിക്കുന്ന പ്രശസ്ത പ്രവണതകളെ പ്രതിനിധീകരിക്കുന്നവരുമായ ഇസ്‍ലാമിക ഗ്രൂപ്പുകളും ഇബ്നുതൈമിയ്യയെ പോലുള്ള പണ്ഡിത പ്രഭുക്കളെയും ഉൾക്കൊള്ളിക്കുന്ന ഒരു നീണ്ട ചരിത്രം കാണാവുന്നതാണ്.

എന്നാൽ, തെളിവിലധിഷ്ഠിത ചിന്തകൾ ശരീഅത്തിന് വിരുദ്ധമല്ല എന്ന് മാത്രമല്ല, സത്യം മനസ്സിലാക്കുവാനുള്ള ധൈഷണിക ചിന്തകളെ ഇസ്‍ലാമിക ശരീഅത്ത് എന്നും പ്രോല്‍സാഹിപ്പിച്ചിട്ടുമുണ്ട്. കാരണം, ഇബ്നുറുഷ്ദ് പറയുന്ന പോലെ, സത്യം സത്യത്തോട് വൈരുദ്ധ്യമാവുകയില്ല, മറിച്ച് അതിനോട് യോജിക്കുകയും ശരീഅതിനെ ശാക്തീകരിക്കുകയും ആണ് ചെയ്യുന്നത്. അതുതന്നെയാണ് ശരീഅത്തിൽ തത്വചിന്തയുടെ ആവശ്യകത ഉണ്ടോ എന്ന ചോദ്യത്തിന്ന് ഉത്തരവും. തത്വശാസ്ത്രം, ദൈവശാസ്ത്രം, നിയമശാസ്ത്രം, നൈതികത, എന്നിവയുമായി അങ്ങേയറ്റം ചേർന്നു കിടക്കുന്ന ഇസ്‍ലാമിക ചിന്താലോകത്തിൽ യുക്തിയുടെ പങ്കിനെ പറഞ്ഞറിയിക്കാൻ കഴിയില്ല എന്നതാണ് സാരം.

യുക്തി ഇസ്‍ലാമിക ശരീഅത്തിന്റെ അടിത്തറ

ഉസൂലുൽ ഫിഖ്ഹിലെ പ്രസിദ്ധഗ്രന്ഥമായ ജംഉൽജവാമിഇന്റെ വിശദീകരണത്തില്‍ ഇമാം മഹല്ലി, ഉറപ്പായ തെളിവുകൾ എന്ന നിർവചനത്തിന് ആദ്യമായി ഉദാഹരണമാക്കുന്നത് സർവ്വശക്തനായ അല്ലാഹുവിന് അറിവും ശക്തിയും സ്ഥാപിക്കുന്ന ധിഷണയെ ആണ്. അതുപോലെതന്നെ ഇസ്‍ലാമിക വിജ്ഞാനശാസ്ത്രത്തിൽ സത്യസന്ധരുടെ വാക്കിനും (ഖബറുസ്വാദിഖ്) പഞ്ചേന്ദ്രിയങ്ങൾക്കും ശേഷം അടിസ്ഥാനമായി എണ്ണുന്നതും ബുദ്ധിയെയാണ്. 

ഇസ്‍ലാമിക ചിന്താ ലോകത്ത് യുക്തിയും മതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശകലനം ചെയ്യുമ്പോൾ യുക്തിയെ മൂന്ന് ഘടകങ്ങളായി വേർതിരിക്കാം. പരിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും എല്ലാം പ്രത്യക്ഷമായതാണ് ഒന്നാമത് എങ്കിൽ ഇസ്‍ലാമിക തത്വചിന്തയുടെയും ദൈവ ശാസ്ത്രത്തിന്റെയും ഒരു പ്രായോഗിക സ്വാതന്ത്ര്യ പഠനശാഖയാണ് രണ്ടാമത്തെ രീതി. മൂന്നാമതായി മതപരമായ ഉത്തരവുകളും നിരോധനങ്ങളും പുറപ്പെടീക്കുവാൻ ഉപയോഗിക്കുന്ന നിയമശാസ്ത്രത്തിലെ ഒരു വ്യവസ്ഥ ആയിട്ടും യുക്തിയെ പറയാവുന്നതാണ്.

ബുദ്ധി, യുക്തി എന്ന അർത്ഥത്തിലുള്ള അറബി പദമായ അഖ്ൽ 49 തവണ പരിശുദ്ധ ഖുർആനിൽ ആവർത്തിച്ചിട്ടുണ്ട്. വ്യത്യസ്തമായ പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഇരുനൂറിലധികം പദങ്ങൾ ഈ അർത്ഥത്തിൽ ഖുർആനിൽ വ്യാപകമാണ്.  ദൈവത്തെ അറിയുന്നതിനും അവന്റെ അസ്തിത്വവും ഏകത്വവും തെളിയിക്കുന്നതിനുമുള്ള ഒരു മാർഗമായും, പ്രപഞ്ചത്തിന്റെയും അതിൻറെ ഉദ്ഭവത്തിന്റെയും, ഇസ്‍ലാമിക നിയമങ്ങളെയും ദൈവത്തിൻറെ കല്പനകളെയും അറിയുവാനുള്ള വലിയൊരു ഉപാധിയായും ഈ പദവും അര്‍ത്ഥവും പലയിടത്തും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

മുസ്‍ലിം പണ്ഡിതന്മാർ ഖുർആനിൽ യുക്തിക്ക് എത്രത്തോളം സ്ഥാനം നൽകിയിട്ടുണ്ടെന്ന് മിനിമലിസ്റ്റ്, മോഡറേറ്റ്, മാക്സിമലിസ്റ്റ് എന്നീ മൂന്ന് വീക്ഷണങ്ങലൂടെയാണ് നോക്കിക്കാണുന്നത്. സങ്കീർണമായും സാങ്കല്പികമായും ഖുർആനിനെ വ്യാഖ്യാനിക്കുന്നതിൽ നിന്ന് മാറി അവയെ അക്ഷരാർത്ഥത്തിൽ ഗ്രഹിച്ചെടുക്കുന്നവരെ നമുക്ക് മിനിമലിസ്റ്റുകള്‍ എന്ന് വിളിക്കാം. യുക്തിസഹമായ ഊഹാപോഹങ്ങളോ സാങ്കൽപ്പിക വ്യാഖ്യാനങ്ങളോ ഇല്ലാതെ അതേപടി സ്വീകരിക്കുന്നവരാണ് അവര്‍. ലിറ്ററലിസ്റ്റുകൾ ആണ് ഇതിൽ പ്രധാനികൾ. രണ്ടാം ഗണത്തിലെ പണ്ഡിതര്‍ ഒരു മധ്യമമായ സമീപനമാണ് സ്വീകരിക്കുന്നത്. യുക്തിയെ ഒരു പ്രാഥമിക രീതി എന്നതിലുപരി ഒരു സഹായകമായി ആണ് അവർ കണക്കാക്കുന്നത്. സുന്നി ദൈവശാസ്ത്ര ചിന്താധാരകളിലെ പ്രമുഖരായ അശ്അരി വിഭാഗവും, അതിനോട് സമാനമായ ആശയങ്ങളുള്ള എന്നാൽ അതിലേറെ യുക്തിവാദ സമീപനം നടത്തുന്ന മാതുരീദി വിഭാഗവുമാണ് ഈ ഗണത്തിൽ പ്രശസ്തർ. വിശുദ്ധ ഖുർആനിന്റെയോ മറ്റു വ്യക്തമായ രേഖകളുടെയോ (നസ്സ്വ്) മൂല്യം ഒട്ടും കുറയ്ക്കാതെ യുക്തിയെ സമന്വയിപ്പിച്ചുകൊണ്ട് ദൈവശാസ്ത്രപരവും നിയമശാസ്ത്രപരവുമായ വ്യാഖ്യാനങ്ങളോടുള്ള സമതുലിതമായ സമീപനം ഇവർ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ ഖുർആൻ യുക്തിലതിഷ്ഠിതമായി പഠിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും വിമർശനങ്ങളിൽ നിന്നും വിശകലനങ്ങളിൽ നിന്നും മുക്തമായതാണ് മൂന്നാമത്തെ വീക്ഷണം. ഫൗണ്ടേഷനലിസ്റ്റുകളും (അടിസ്ഥാനവാദികൾ) മുഅ്ത്തസിലുകളുമാണ് ഇതിലെ പ്രമുഖർ. 

ദൈവശാസ്ത്രവാദം, പ്രാപഞ്ചികശാസ്ത്രവാദം, അന്തർലീനമായ വാദങ്ങൾ ഉൾപ്പെടെ ദൈവത്തിന്റെ അസ്തിത്വം, ഏകത്വം, ഗുണവിശേഷതകൾ എന്നിവയെ കുറിച്ചുള്ള വിവിധ വാദങ്ങൾ ഖുർആനിൽ കണ്ടെത്താൻ സാധിക്കും എന്നാണ് ഇവരുടെ വീക്ഷണം. ദൈവശാസ്ത്രം, തത്വചിന്ത, മറ്റു ന്യായവാദങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലും ഒരു മതം എന്ന നിലയിലും ഇസ്‍ലാമിക ചിന്താ ലോകത്തും യുക്തിക്ക് പ്രധാന സ്ഥാനം നൽകിയിട്ടുണ്ട്. ദൈവത്തിന്റെ അസ്തിത്വം, ലോകത്തിൻറെ ഉത്ഭവം, മനുഷ്യന്റെ ഉദ്ഭവം, മരണാനന്തര ജീവിതം എന്നിവയെ സംബന്ധിച്ചും, മതപരമായ പാരമ്പര്യത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും ചില വിധി ന്യായങ്ങൾ, ന്യായവാദം (reasoning) എന്ന നിലക്കും യുക്തിസഹമായ അനുമാനങ്ങളെയും ചിന്തകളെയും പരിശുദ്ധ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.

ചരിത്ര വീക്ഷണം 

ഇസ്‍ലാമിക ശരീഅത്തിലെ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസത്തിന്റെ ഉല്‍പത്തിയിലാണ് ഇസ്‍ലാമിക തർക്കശാസ്ത്രത്തിന്റെ ഉത്ഭവം. നഗരവൽക്കരിക്കപ്പെട്ട അബ്ബാസി ഖിലാഫത്ത് കാലഘട്ടത്തിൽ മുസ്‍ലിം പണ്ഡിതന്മാർ തമ്മിലും അമുസ്‍ലികളുമായും വാചാടോപ നൈപുണ്യത്തിലൂടെ വിശ്വാസത്തിന്റെയും നിയമശാസ്ത്രത്തിന്റെയും പ്രശ്നങ്ങൾ വ്യക്തമാക്കുന്നതിനും അവരുടെ ബുദ്ധിയെ മൂർച്ച കൂട്ടുന്നതിനും നിരന്തരമായി സംവാദങ്ങൾ നടത്തിയിരുന്നു.   

മുസ്‍ലിം തത്വചിന്തകർ ക്ലാസിക്കൽ ഗ്രീക്ക് യുക്തിയുടെ ഉപയോഗത്തെ അവരുടെ ആശയങ്ങളെയും വാദങ്ങളെയും പിന്തുണക്കുന്നതിനും നിരാകരിക്കുന്നതിനും ശക്തമായി ആശ്രയിച്ചിരുന്നു. വിവിധ ന്യായവാദങ്ങളിലും മറ്റു ധൈഷണിക ചിന്താ മേഖലകളിലുമുള്ള ഗ്രീക്ക് യുക്തിയുടെ സാന്നിധ്യവും പൈതൃകവും വിവർത്തനം ചെയ്യുന്നതിൽ ഗ്രീക്കിന് ഒരു കേന്ദ്ര സ്ഥാനം നൽകി. ഈ സ്ഥാനം മതത്തിലും തത്വശാസ്ത്ര വൃത്തങ്ങളിലും അത് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും കാരണമായി. തത്വചിന്താവിരുദ്ധ പ്രവണതകൾ ഉണ്ടായിരുന്നിട്ടും ഗ്രീക്ക് കൃതികളുടെ വിവർത്തനം ഇസ്‍ലാമിക നിലപാടുകൾ ഉള്ള പണ്ഡിത പ്രതിഭാസങ്ങൾ സ്വാഗതം ചെയ്തത് ആശ്ചര്യകരമല്ല. ഗ്രീക്ക് യുക്തിചിന്തയുടെ ഈ പ്രതാപത്തിലൂടെ വലിയ യുക്തിവാദികളുടെ ആവിർഭാവത്തിനും ഇസ്‍ലാമിക ലോകത്ത് ധൈഷണിക ചിന്തയുടെ വിപുലീകരണത്തിനും കാരണമായി എന്നതാണ് വാസ്തവം. അൽഫാറാബി, ഇബ്‌നുറുഷ്ദ് പോലുള്ള ചിലർ ക്ലാസിക്കൽ ലോജിക്കിന്റെ രീതിശാസ്ത്രത്തെ അതിന്റെ ശുദ്ധമായ രൂപത്തിൽ സ്വീകരിച്ചിട്ടുണ്ട്, അൽഗസാലി, ഇമാം റാസി പോലുള്ള മറ്റുചിലർ യുക്തിയുടെ സത്ത്വത്തെ ഇസ്‍ലാമിക തത്ത്വചിന്തയിലേക്ക് പൊരുത്തപ്പെടുത്തുവാനും ശ്രമിച്ചു.

അരിസ്റ്റോട്ടിലിയൻ യുക്തിയെ കുറിച്ചുള്ള 1400 വർഷം നീണ്ട മതപരവും ഭൗതികപരവുമായ വ്യവഹാരത്തിൽ നിന്ന് ഒരു പ്രത്യേക ഇസ്‍ലാമിക തർക്കശാസ്ത്രം (mantiq) ഉയർന്നു വന്നിട്ടുണ്ട്. ഇത് പ്രത്യേകമായി ഇസ്‍ലാമികമായ ഒന്നായി പുറംലോകത്ത് അവതരിക്കുകയും ഇസ്‍ലാമിക പാഠ്യപദ്ധതികളിലെ ഭാഗമായി ഇന്നും കണക്കാക്കപ്പെടുകയും ചെയ്യുന്നു.

യുക്തിയെയും വിജ്ഞാന രംഗത്ത് അതിന്റെ പ്രാധാന്യത്തെയും അംഗീകരിക്കുമ്പോള്‍ തന്നെ, വൈജ്ഞാനിക മേഖലകളിൽ ബഹുദൂരം സഞ്ചരിച്ചു എന്ന് അവകാശപ്പെടുന്ന മനുഷ്യന് ലഭിച്ച ജ്ഞാനം പരിമിതിയും വിരളവുമാണ് എന്ന് നാം മറന്ന് കൂടാ. പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്തോറും ഞാൻ അജ്ഞനായി മാറുന്നു എന്ന. ശാസ്ത്ര പ്രമുഖനായ ഐൻസ്റ്റീന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ചന്ദ്ര ഗോളത്തിൽ പാദമൂന്നി അങ്ങ് ചൊവ്വയിലേക്ക് എത്തിനോക്കുന്ന മനുഷ്യനോടും, “മനുഷ്യൻ ദുർബലനായി സൃഷ്ടിക്കപ്പെട്ടു” എന്ന് ഖുർആന്‍ പറയുമ്പോള്‍, അത് ഏതു ബുദ്ധിജീവിയെയും വിനയാന്വിതനാക്കി മാറ്റുന്നു. ജീവിതകാലം മുഴുക്കെയും വിജ്ഞാന സമ്പാദ്യത്തിന് വിനിയോഗിച്ചാലും സമുദ്രത്തിൽ മുക്കിയെടുത്ത സൂചിയുടെ ദ്വാരത്തിൽ ശേഷിക്കുന്ന ജലാംശത്തിന്റെ മാത്രയിൽ കൂടുതൽ വിജ്ഞാനം മനുഷ്യന് നേടാൻ സാധ്യമല്ലെന്നതും കേവല മനുഷ്യയുക്തിയുടെ പരിമിതികളെയാണ് സൂചിപ്പിക്കുന്നത്. ഈ രണ്ട് ചിന്തകളെയും ഉള്‍ക്കൊള്ലുമ്പോഴാണ് ഇസ്‍ലാമിക യുക്തി വിചാരം പൂര്‍ണ്ണമാവുന്നത്. അത്തരം ബോധ്യങ്ങളെ കൊണ്ടേ മനുഷ്യകുലത്തിന് നേട്ടവുമുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter