ശൈഖ് യൂസുഫുല്‍ ഖര്‍ദാവി അന്തരിച്ചു

പ്രമുഖ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ ശൈഖ് യൂസുഫുല്‍ ഖര്‍ദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലൂടെ തന്നെയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.
 
ആഗോള മുസ്‌ലിം പണ്ഡിത സഭ മുന്‍ അധ്യക്ഷനായിരുന്നു. 1926 ല്‍ ഈജിപ്തിലാണ് ഖറദാവിയുടെ ജനനം. സ്വന്തം നാടായ ഈജിപ്തിലെ ത്വന്‍തയിലെ പ്രാഥമികവിദ്യഭ്യാസം.  ശേഷംഈജിപ്തിലെ പ്രസിദ്ധ യൂണിവേഴ്‌സിറ്റിയായ അല്‍ അസ്ഹരില്‍ ഉപരിപഠനം നടത്തി. ഖുര്‍ആന്‍, ഹദീസ് പഠനങ്ങളിലും ഭാഷാസാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1973 ല്‍ ഡോക്ടേറേറ്റ് കരസ്ഥമാക്കി.ഈജിപ്ത് മതകാര്യ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഈജിപ്തുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഖത്തറില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.ഖത്തര്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് കോളേജ് ആരംഭിച്ചു.1990 വരെ ആ കോളേജിന്റെ പ്രിന്‍സിപ്പലായി തുടര്‍ന്നു. നാല് പതിറ്റാണ്ടിലേറെ കാലമായി ദോഹയിലെ പള്ളിയില്‍ തറാവീഹിന് നേതൃത്വം നല്‍കുകയും ഉമറുബ്‌നു ഖത്താബ് പള്ളിയില്‍ ഖുതുബ നിര്‍വഹിക്കുകയും ചെയ്തിരുന്നു. 

2013 ല്‍ ഈജിപ്തില്‍ ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് മുര്‍സിക്കെതിരെ നടന്ന പട്ടാള അട്ടിമറിയെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു. മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലേറിയ അബ്ദുല്‍ ഫത്താഹ് സീസിയുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഈജിപ്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈജിപ്തില്‍ ഹാജരാകാത്ത അദ്ദേഹത്തെ വിചരാണ ചെയ്യപ്പെടുകയും വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു. ഈജിപ്തിലെ ഹസനുല്‍ ബന്നയുടെ പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായി പ്രവര്‍ത്തിച്ചതിന്റെ പേരിലും മറ്റുമായി അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം ജയിലിലടച്ചിട്ടുണ്ട്. 
100 ലേറെ ഗഹനമായ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മുസ്‌ലിം വേള്‍ഡ് ലീഗ് അടക്കം നിരവധി ആഗോള മതപണ്ഡിത സഭയിലും സംഘടനകളിലും അംഗത്വമുണ്ടായിരുന്നു.
നിരവധി അന്തരാഷ്ട്ര അവാര്‍ഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter