യാത്രകളും ഇസ്‍ലാമും വിഛേദിക്കാനാവാത്ത ബന്ധം
"യാത്ര നിങ്ങളെ നൂറോളം സാഹസിക വഴികളിലേക്ക് കൈപിടിച്ചു നടത്തുകയും ഹൃദയങ്ങൾക്ക് ചിറകുകൾ മുളപ്പിക്കുകയും ചെയ്യും" പ്രശസ്ത ലോക സഞ്ചാരിയായ ഇബ്നു ബത്തൂത്തയുടേതാണ് ഈ വാക്കുകൾ. തീർത്ഥാടനം, പാലായനം, വിനോദം തുടങ്ങി സാഹചര്യങ്ങൾക്കനുസരിച്ച് യാത്രകളും വ്യത്യാസപ്പെടാറുണ്ട്.
ഏറെക്കുറെ എല്ലാ ചിന്താധാരകളും മതങ്ങളും യാത്രകളെ പ്രോത്സാഹിപ്പിക്കുന്നതായി കാണാൻ കഴിയും. ഇസ്‌ലാമിന്റെ വ്യാപനത്തിലും യാത്രയുടെ പങ്കും സ്വാധീനവും ഏറെയാണ്. പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ ജീവിതത്തിലും വിശുദ്ധ ഖുർആനിലും പ്രാബോധനത്തിന് വേണ്ടി നടത്തിയ ഒരു പാട് യാത്രകൾ കാണാൻ സാധിക്കും. ആദ്യകാലത്തെ ഇസ്‌ലാമിന്റെ അതിജീവനം തന്നെ ഹിജ്റ പലായനവുമായി ചുറ്റിപ്പറ്റിയാണല്ലോ നിലകൊള്ളുന്നത്.
'ഈ ആദര്‍ശം കിട്ടാത്തവര്‍ക്ക്, കിട്ടിയവര്‍ എത്തിച്ചുകൊടുക്കുക' എന്ന തിരു നബി(സ്വ)യുടെ ആഹ്വാനം കേട്ട മാത്രയിൽ കാടും മേടും താണ്ടി രാജ്യാന്തരങ്ങളിലേക്ക് കുതിച്ച സ്വഹാബികളുടെ ചരിത്രവും കൂടെ ചേർത്ത് വായിക്കേണ്ടതുണ്ട്. അന്നത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇസ്‌ലാം ഒരിക്കലും സാർവലൗകികമാകുമായിരുന്നില്ല.
ഇസ്‌ലാമിന്റെ വ്യാപനത്തിനുളള പ്രധാന കാരണം അതിന്റെ ആശയങ്ങളുടെ സൗന്ദര്യവും സമത്വത്തിന്റെയും സഹോദരത്വത്തിന്റെയും സന്ദേശവുമാണ്. എന്നാൽ ഈ വ്യാപനത്തിൽ നിർണായക പങ്ക് വഹിച്ച ഒരു ഘടകമാണ് യാത്ര. യാത്ര മനുഷ്യനെ പുതിയ ലോകങ്ങളിലേക്ക് കൊണ്ടുപോകുകയും വ്യത്യസ്ത സംസ്കാരങ്ങളുമായി ഇടപഴകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. ഇന്ന് അക്കാദിക് രംഗത്ത് പഠിപ്പിക്കുന്ന 'ISLAMIC HISTORY' തന്നെ ഇത്തരം യാത്രകളുടെ ഒരു സമാഹാരമാണ്.
യാത്രയെ പ്രോത്സാഹിപ്പിക്കുകയും യാത്രകളിലൂടെ പ്രചാരണം നേടുകയും ചെയ്ത മതമാണ് വിശുദ്ധ ഇസ്‍ലാം. അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ വൈവിധ്യവും അവന്റെ അനുഗ്രഹങ്ങളും അനുഭവിച്ചറിയാൻ യാത്രകൾ ഉപകരിക്കും. അതിന് വേണ്ടി യാത്ര ചെയ്യാൻ ഖുർആനിൽ തന്നെ ആഹ്വാനവുമുണ്ട്. അല്ലാഹു സൃഷ്ടിച്ച ഈ പ്രകൃതിയും അതിലെ കൂറ്റൻ മലകളും വൻ മരങ്ങളും സമുദ്രങ്ങളും പുഴകളും വനങ്ങളും വന്യജീവികളും കാണുന്നതിനും അതിലൂടെ അല്ലാഹുവിനെ അടുത്തറിയുന്നതിനും യാത്രകൾ സഹായകമാകും. ഇസ്‌ലാമിലെ യാത്രയുടെ സ്വാധീനവും പങ്കും അന്വേഷിക്കുമ്പോൾ തന്നെ യാത്രകൾക്ക് ഇസ്‌ലാം നൽകിയ പ്രോത്സാഹനങ്ങൾ എത്രത്തോളമുണ്ടെന്ന് നമ്മുക്ക് മനസ്സിലാകും.
ഇസ്‌ലാമും യാത്രകളും
സദുദ്ദേശ്യത്തോടെയുള്ള ഏത് യാത്രയേയും ഇസ്‍ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: "നബിയേ, നിങ്ങൾ പറയുക, നിങ്ങൾ ഭൂമിയിലൂടെ യാത്ര പോവുക. അല്ലാഹുവിന്റെ സൃഷ്ടിപ്പ് എങ്ങനെയാണെന്ന് നിങ്ങൾ കണ്ട് മനസ്സിലാക്കുകയും ചെയ്യുക. (സൂറത്ത് അൻകബൂത്ത് 20). ചരിത്ര ഭൂമികളിലൂടെയുള്ള യാത്രയ്ക്ക് ഖുർആൻ നേരിട്ട് തന്നെ നിർദേശം നൽകിയിട്ടുണ്ട്. സുറത്തുൽ അൻആമിൽ അല്ലാഹു പറയുന്നു: നബിയേ നിങ്ങൾ പറയുക, നിങ്ങൾ ഭൂമിയിലൂടെ യാത്ര പോവുക. സത്യനിഷേധികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കുക (ആയത്ത് 11).
നബി (സ്വ) തന്നെ ജീവിതത്തിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. കച്ചവട ആവശ്യത്തിനായും ശത്രുക്കളിൽ നിന്ന് രക്ഷക്ക് വേണ്ടിയുമുള്ള നിരവധി യാത്രകൾ. ഒരിക്കൽ ഇബ്‌നു ഉമര്‍(റ) ന്റെ ചുമലില്‍ കൈവെച്ച് നബി(സ്വ) പറഞ്ഞു: ‘നീ ഇഹലോകത്ത് ഒരു പ്രവാസിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെയായിരിക്കണം.’ ഇവിടെ മുസ്‌ലിമിന്റെ ജീവിതത്തെ വിളിച്ചോതുന്നതുപോലും യാത്രയിലേക്ക് ചേർത്തുകൊണ്ടാണ്. യാത്രചെയ്ത് ആരോഗ്യം നേടൂ എന്ന് മുഹമ്മദ് നബി (സ്വ) ഉപദേശിച്ചതായും ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.
ജീവിതത്തിലെ യാത്രകളെ ഏറെ ഇളവുകളുള്ള മാനുഷികസന്ദര്‍ഭമായി ഇസ്‌ലാം പരിഗണിച്ചിട്ടുണ്ട്. മരണം തൊണ്ടക്കുഴിയിലെത്തിയാലും മറക്കാതെ ചെയ്യേണ്ട നിര്‍ബന്ധ നിസ്‌കാരം പോലും ചുരുക്കിയും ചേര്‍ത്തും നിര്‍വഹിക്കാന്‍ അനുവാദം നല്‍കിയത് യാത്രയിലാണ്. പൂര്‍ണമായും തനിക്കുള്ളത് എന്ന് അല്ലാഹു വിശേഷിപ്പിച്ച വ്രതം പോലും യാത്രക്കാര്‍ക്ക് ഒഴിവാക്കി നല്‍കിയിരിക്കുന്നു. മറ്റേതെങ്കിലും ആശയസംഹിതകള്‍ സഞ്ചാരികള്‍ക്കും യാത്രകൾക്കും ഇത്രയും പരിഗണന നല്‍കിയിട്ടുണ്ടോ എന്നത് തന്നെ സംശയമാണ്. കര്‍മ്മ ശാസ്ത്രത്തിലെ ഇളവുകള്‍ മാത്രമല്ല, ധനികര്‍ ചെയ്യേണ്ട നിര്‍ബന്ധ ദാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ഇസ്‌ലാം പ്രത്യേക വിഹിതവും നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരെ സഹായിക്കല്‍ പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്ന് കൂടി ഇസ്‌ലാമിക കര്‍മ്മശാസ്ത്രം പഠിപ്പിക്കുകയാണ് ഇതിലൂടെ.
സഞ്ചാരിയെ മാത്രമല്ല യാത്രചെയ്യുന്ന വഴിയെ പരിപാലിക്കുന്നതുപോലും ഇസ്‌ലാമിന്റെ പൂര്‍ത്തീകരണത്തില്‍ പെടുന്ന കാര്യമാണ്. എഴുപതിലധികം വരുന്ന ഈമാനിന്റെ ശാഖകളില്‍ ഏറ്റവും അവസാനത്തേതായി മുഹമ്മദ് നബി(സ്വ) എണ്ണിപ്പഠിപ്പിക്കുന്നത് വഴിയില്‍നിന്ന് ഉപദ്രവം നീക്കുക എന്നാണല്ലോ. യാത്രയില്‍ പാലിക്കേണ്ട മര്യാദകളും യാത്രികരോട് കാണിക്കേണ്ട മര്യാദകളും മാത്രം ഇനിയുമുണ്ട് ധാരാളം വേറെയും.
വിവിധങ്ങളായ മനുഷ്യരേയും അവരുടെ സംസ്കാരങ്ങളെയും കുറിച്ചറിയാൻ യാത്ര പ്രയോജനപ്പെടും. മാത്രമല്ല, ഇസ്‌ലാമിന്റെ ലളിത സുന്ദര സന്ദേശങ്ങൾ പ്രചാരണം നടത്താനുളള ഏറ്റവും മികച്ച മാർഗ്ഗം കൂടിയാണ് യാത്ര എന്നതിനാലാണ് ഇസ്‌ലാം ഇത്രയും പ്രോത്സാഹനങ്ങൾ അതിന് നൽകുന്നതെന്ന് നിസ്സംശയം പറയാം.
ഇസ്‌ലാമിക ചരിത്രത്തിൽ യാത്രകളുടെ സ്വാധീനം
ചരിത്രത്തിന്റെ പാഠങ്ങള്‍ നമുക്ക് ലഭിക്കുന്നത് തന്നെ യാത്രകളിലൂടെയാണ്. ദീനിനുവേണ്ടി മഹത്തായ യാത്രകള്‍ ചെയ്തതിന്റെ ചരിത്രം ഇസ്‌ലാമികലോകത്ത് ആദം നബി(അ) ന്റെ കാലം മുതലേ ആരംഭിച്ചിട്ടുണ്ട്. സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട ആദം(അ) മും ഹവ്വ(റ)യും എത്ര ദൂരം യാത്ര ചെയ്താണ് പരസ്പരം കണ്ടുമുട്ടിയത്! ഭൂമിയില്‍ മനുഷ്യസമുദായം രൂപീകരിക്കാനുള്ള നമ്മുടെ മാതാപിതാക്കളുടെ ആദ്യ ശ്രമം തന്നെ യാത്രയായിരുന്നു എന്നര്‍ത്ഥം. മനുഷ്യന്‍ സാംസ്‌കാരികമായി സ്വാംശീകരിക്കുന്നതത്രയും യാത്രയിലൂടെയാണ്.
ക്ഷമയും അറിവും അനുഭവവും പകര്‍ന്ന് മനുഷ്യനെ അത് പച്ച മനുഷ്യനാക്കി മാറ്റുന്നു. വ്യക്തമായി പറഞ്ഞാൽ വിമോചനമില്ലാത്ത യാത്രയിലൂടെ മനുഷ്യന്‍ മോചനം കണ്ടെത്തി. അതുകൊണ്ടുതന്നെ മനുഷ്യനെ വിമോചിപ്പിക്കാന്‍ അവതരിപ്പിക്കപ്പെട്ട പ്രവാചകന്മാരൊക്കെയും യാത്രകൾ ചെയ്തു. നൂഹ് നബി(അ) സ്വയം നിര്‍മിച്ച കപ്പലില്‍ സ്വന്തം സമുദായത്തിലെ എല്ലാ സത്യവിശ്വാസികളെയും ജന്തുജാലങ്ങളെയും കൊണ്ട് മഹാപ്രളയത്തിനുമീതെയാണ് യാത്ര ചെയ്തത്. ഇബ്‌റാഹീം നബി(അ) ഹാജറാ ബീവിയെയും കൊണ്ട് മരുഭൂമികള്‍ താണ്ടിയത് കഅ്ബാലയത്തിലേക്കും സംസമിന്റെ കുളിര്‍മയിലേക്കുമായിരുന്നു. അവിടുന്നാണല്ലോ ദീനുൽ ഇസ്‌ലാമിന്റെ പരിപൂർണ്ണത പിറവിയെടുത്തതും. സഹോദരന്മാരുടെ ഇരയായി പൊട്ടക്കിണറ്റില്‍ അകപ്പെട്ടിട്ടും അടിമയും രാജകുമാരനും ജയില്‍പുള്ളിയുമായി യൂസുഫ് നബി യാത്ര ചെയ്‌തെത്തിയത് ഈജിപ്തിന്റെ സിംഹാസനത്തിലേക്കായിരുന്നു.
മൂസാ നബി(അ)ന്റെ ജീവിതം മുഴുവന്‍ യാത്രയായിരുന്നു. ആദ്യം കൈക്കുഞ്ഞായി മരപ്പെട്ടിയില്‍ നൈല്‍ നദിയുടെ കുഞ്ഞോളങ്ങള്‍ക്കുമേലെ ഫറോവയുടെ കൊട്ടാരം വരെ യാത്ര. പിന്നെ അവിചാരിതമായി കൊലക്കുറ്റം ചാര്‍ത്തപ്പെട്ട് മദ്‌യനിലേക്ക് ഒളിച്ചോട്ടയാത്ര. അതിനു ശേഷം ഭാര്യയും കുഞ്ഞുമായി പടച്ചവനെ കാണാന്‍ സീനാ പര്‍വതച്ചെരുവിലേക്കുളള യാത്ര. ഖിദ്ര്‍(അ)എന്ന ദാര്‍ശനികപുരുഷനുമൊത്ത് അദ്ദേഹം നടത്തിയ രഹസ്യജ്ഞാനങ്ങളുടെ യാത്ര. അവസാനിക്കുന്നില്ല, സമുദ്രം പിളര്‍ന്ന് മൂസാ നബി വടിയുയര്‍ത്തി നടന്നുപോയത് ഒരു സമുദായത്തിന്റെ വിമോചനയാത്രയായിരുന്നു.
ഈസാ നബി(അ)ന്റെ യാത്രയും രാജ്യങ്ങള്‍ താണ്ടിയുള്ളതായിരുന്നു. പ്രവാചകന്മാരുടെ ഈ പരീക്ഷണത്തിന്റെയും നുബുവ്വത്തിന്റെയും സഞ്ചാരഗാഥകളുടെ തുടര്‍ച്ച അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യിലും കാണാം. ആദ്യം ഹിറയുടെ ധ്യാനൗന്നത്യത്തിലേക്ക്, പിന്നെ സൗര്‍ ഗുഹയിലൂടെ മദീനാ രാഷ്ട്രത്തിലേക്ക്, ഒറ്റരാത്രികൊണ്ട് ഫലസ്തീനോളവും അവിടെനിന്ന് ആകാശലോകങ്ങളോളവും നടത്തിയ ഇസ്‌റാഅ്-മിഅ്‌റാജ് യാത്ര. ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം യാത്രകളുടെ ഒട്ടനവധി ഉദാഹരണങ്ങൾ കാണാൻ കഴിയും.
പുരാതന കാലം തൊട്ടേ ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ ഒന്നിപ്പിക്കുന്ന ഒരു വലിയ സംഗമമാണ് ഹജ്ജ്. ഹജ്ജ് തീർത്ഥാടകരിലൂടെയും ഇസ്‌ലാം പ്രചരിച്ചിട്ടുണ്ട്. മത പ്രബോധനാവശ്യാർത്ഥം നടത്തിയ ജിഹാദ് യാത്രകളും വ്യത്യസ്ത കാലങ്ങളിൽ നടന്ന ഹിജ്റ പലായനവും ഇസ്‌ലാമിന്റെ വ്യാപനത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാല മുസ്‌ലിംകൾ വ്യാപാരം വഴിയും വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചേർന്നിരുന്നു. വ്യാപാരത്തോടൊപ്പം ഇസ്‌ലാമിക ആശയങ്ങളും സംസ്കാരങ്ങളും അവർ അവിടങ്ങളിൽ എത്തിച്ചു. ആത്മീയ ജീവിതം നയിച്ചിരുന്ന സൂഫിവര്യരുടെ സഞ്ചാരങ്ങൾ ഇന്ത്യയിലടക്കം നടത്തിയ ആശയപ്രചാരണം ലോകചരിത്രത്തിൽ തന്നെ ഇടം നേടിയിട്ടുണ്ട്. ഇത്തരം യാത്രകൾ തന്നെയാണ് ഇസ്‌ലാമിനെ കാലാകാലങ്ങളിൽ വളർത്തിയത്.
യാത്രയുടെ വ്യത്യസ്ത തലങ്ങൾ
'സബീലുല്ലാഹി' (അല്ലാഹുവിന്റെ മാര്‍ഗം), 'സബീലു റബ്ബിക' (നിന്റെ രക്ഷിതാവിന്റെ വഴി), 'സ്വിറാത്വുന്‍ മുസ്തഖീം' (ചൊവ്വായ വഴി) 'ഇബ്നു സബീൽ' (വഴിയുടെ സന്തതി) തുടങ്ങിയ പദങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വന്നിട്ടുണ്ട്. സൂചനാപദങ്ങളെല്ലാം യാത്രകളെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ജീവിതം മുഴുവന്‍ യാത്രയാണെന്ന് പല ദാർശനികന്മാരും പറഞ്ഞുവെച്ചിട്ടുമുണ്ട്. മതങ്ങളിലേക്കുള്ള പ്രവേശനത്തെ 'മാര്‍ഗം ചേരല്‍' ആയാണ് പഴമക്കാർ പറയാറുണ്ടായിരുന്നത്.
ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ അറബികളുടെ യാത്രകളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. കച്ചവടാവശ്യാർത്ഥം മലബാറിലെത്തിയ അറബികളും ബ്രിട്ടീഷ്-പോർച്ചുഗീസ് അധിനിവേശകരും പുലർത്തിയ സംസ്കാരങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. ബ്രിട്ടീഷ്-പോർച്ചുഗീസ് ശക്തികൾ സാമ്രാജ്യത്വ മോഹമാണ് നടപ്പാക്കിയത്. ഇവിടത്തെ എല്ലാ മൂല്യസ്രോതസ്സുകളും ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കാനും കോളനിവത്കരണത്തിന് ആക്കം കൂട്ടാനുള്ള ചുവടുകളുമാണ് അവർ നടത്തിയത്.
എന്നാൽ ഇസ്‌ലാമികാഗമനത്തിനു മുമ്പേ മലബാറുമായി അറബികൾക്ക് കച്ചവട ബന്ധമുണ്ടായിരുന്നു. ഇസ്‌ലാമിന് ശേഷം ഈ ബന്ധം കൂടുതൽ വളർന്നു. ഇവിടത്തെ വിവിധ മത-ജാതി വിഭാഗങ്ങളുമായി അവർ അടുത്ത ബന്ധം സൂക്ഷിച്ചു. മലബാറിലെ ജനങ്ങൾക്ക് കച്ചവട മേഖലയിൽ ഏറ്റവും വിശ്വസ്തരായ പങ്കാളികളായി അറബികൾ മാറി. അതിന്റെ തുടർച്ചയായി സാമൂതിരി രാജാവ് മുസ്‌ലിംകൾക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. കച്ചവട മേഖലയിലൂടെ മത പ്രബോധനം സാധ്യമാക്കിയ ഈ ചരിത്രം എത്ര അവിസ്മരണീയമാണ്. യാത്രയിലൂടെ ഉരുവപ്പെട്ട ഒരു സംസ്‌കാര രൂപീകരണത്തിന്റെയും മതജീവിതത്തിന്റെയും നേർചിത്രമാണിത്. ഇതുപോലുള്ള അനുഭവങ്ങൾ മുസ്‌ലിംകൾ സഞ്ചരിച്ചെത്തിയ പല നാടുകളിലും ഉണ്ടായിട്ടുണ്ട്.
അതുപോലെ ലോകത്തിന്റെ പലഭാഗത്തു നിന്നുമുള്ള ആളുകള്‍ വിജ്ഞാനം തേടി നടത്തിയ യാത്രകളും പില്‍കാലത്ത് ലോകത്തിന്റെ പലഭാഗങ്ങളിലുള്ള സര്‍വ്വകലാശാലകളിലേക്ക് വിജ്ഞാന സമ്പാദനാര്‍ത്ഥം നടത്തിയ യാത്രകളും ഇത്തരത്തിലുള്ളവ തന്നെയാണ്.
യാത്രകളുടെ മറ്റൊരുലക്ഷ്യം പ്രപഞ്ച പരിപാലകന്റെ അപാരമായ ദൃഷ്ടാന്തങ്ങളുടെ ദര്‍ശനവും അതിലൂടെ സ്വന്തം നാഥനെ തിരിച്ചറിയലുമാണ്. ഖുര്‍ആനിലെ സ്വര്‍ഗത്തെക്കുറിച്ചുള്ള വര്‍ണനകള്‍ ബോധ്യമാകാന്‍ യാത്ര ചെയ്‌തേ മതിയാകൂ. അതിന് പ്രമാണങ്ങൾ നൽകുന്ന പ്രോത്സാഹനങ്ങൾ മുകളിൽ വിശദീകരിച്ചുവല്ലോ. അത് പോലെ ഉപജീവനം തേടിയുള്ള യാത്രകളും സല്‍കര്‍മ്മം തന്നെയാണ്. നബി(സ്വ)യും സ്വഹാബികളും നടത്തിയ കച്ചവടയാത്രകള്‍ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. പ്രവാസവും ഈ ഗണത്തില്‍ പെടുത്താം.
ഏതൊരു സമൂഹത്തിന്റെ നിലനിൽപ്പിന് പിന്നിലും യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇതെല്ലാം തെളിയിക്കുന്നു. ഉത്തമമായ സംസ്‌കാരങ്ങളുടെ കൈമാറ്റം ഇത്തരം യാത്രകളിലൂടെയാണ് സംഭവിക്കുന്നത്. ആത്മീയത തേടിയുള്ള യാത്രകളും പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്. ഹജ്ജ് യാത്ര ഇതില്‍ ഏറ്റവും ഉന്നതസ്ഥാനത്താണ്. സ്വന്തം നാഥനിലേക്കുള്ള സുന്ദരമായ യാത്രയാണത്. ശൈഖ് ജീലാനി തങ്ങൾ നടത്തിയതുപോലുള്ള ആത്മീയ യാത്രകളും ഇസ്‌ലാമിക വ്യാപനത്തിന് എത്രത്തോളം ഗുണകരമായിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
കേരളത്തിലെ ഇസ്‌ലാം വ്യാപനവും യാത്രകളും
ഇസ്‌ലാമിന്റെ മലയാള മണ്ണിലേക്കുളള യാത്ര ചരിത്രപ്രസിദ്ധമാണ്. കേരളമെന്ന കൊച്ചുഭൂമിയെ ഇത്രയും മനോഹരമായി ആവിഷ്‌കരിച്ചതു തന്നെ അറബികള്‍ കടല്‍കടന്നെത്തിയ യാത്രകളിലൂടെയാണ്. ആദം നബി(അ) ന്റെ കാലടിമുദ്രകള്‍ തേടി സിലോണിലേക്ക് കപ്പല്‍സഞ്ചാരം നടത്തിയ അറബികളുടെ സഞ്ചാരപഥത്തിലെ ഇടത്താവളമായിരുന്നു മലബാര്‍ തീരം. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാളിന്റെ ജീവിതയാത്രയില്‍ വഴിത്തിരിവുണ്ടാവുന്നതും കേരളചരിത്രം മറ്റൊരു ദിശയിലേക്ക് മാറിസഞ്ചരിക്കുന്നതും ആ യാത്രയോടെയാണ്. നബിയെ കാണാനുള്ള ഉല്‍ക്കടമായ ആഗ്രഹത്താൽ അദ്ദേഹം നടത്തിയ യാത്ര പക്ഷേ, സലാലയില്‍ അവസാനിച്ചു.
പിന്നീട് മാലികുബ്‌നു ദീനാറും ശിഷ്യരും കേരളത്തിലേക്ക് വന്നതും ഇവിടെ നടത്തിയ ഇസ്‌ലാമിക പ്രചാരണവും അതിന് ഇവിടുത്തെ ജനത നൽകിയ പിന്തുണകളും മറ്റൊരു ചരിത്ര യാത്രയാണ്. മുഹമ്മ് ബിന്‍ഖാസിം ഹിമാലയത്തിലൂടെ നടത്തിയ സൈനിക പര്യടനങ്ങൾക്കും എത്രയോ കാലം മുമ്പേ ഇസ്‌ലാം നമ്മുടെ നാട്ടിലെത്തി എന്നതിന് തെളിവായി രാജ്യത്തെ ആദ്യത്തെ മുസ്‌ലിം പളളിയടക്കം ഒരു പാട് നിർമ്മിതികൾ ഇന്നും കാണാം. കൊല്ലം, ഏഴിമല, പന്തലായിനി, ചാലിയം തുടങ്ങി പത്തോളം സ്ഥലങ്ങളിൽ ഈ സംഘത്തിന്റെ നേതൃത്വത്തിലാണ് പള്ളികൾ ഉയർന്നതും അവിടങ്ങളിലെല്ലാം ഇസ്‌ലാം വലിയ രീതിയിൽ പ്രചരിക്കപ്പെട്ടതും.
പുതിയ കാലത്തെ യാത്രകളും ഇസ്‌ലാമിക പ്രബോധനവും
ഖുർആനിലെ അല്‍റൂം എന്ന അധ്യായത്തിൽ ഇങ്ങനെ കാണാം: ''മനുഷ്യന്റെ കൈകള്‍ സമ്പാദിച്ചുവെച്ചവ കാരണം കരയിലും കടലിലും നാശം വെളിവായിരിക്കുന്നു. അവര്‍ ചെയ്തതില്‍ ചിലതൊക്കെ അവരെ രുചിപ്പിക്കേണ്ടതുകൊണ്ട്. അവര്‍ മടങ്ങിപ്പോയെങ്കിലോ! പറയൂ, നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക, കാണുക, കഴിഞ്ഞുപോയവരുടെ അവസാനവിധി എങ്ങനെയായിരുന്നു എന്ന്. അവരില്‍ അധികപറ്റവും ബഹുദൈവാരാധകരായിരുന്നു".
മനുഷ്യന്‍ അല്ലാഹുവിന്റെ ഭൂമിയെ എന്തുചെയ്തു എന്നറിയാൻ യാത്ര തന്നെ ചെയ്യണം. ആ അർത്ഥത്തിൽ ഭൂമിയിൽ നടത്തുന്ന സഞ്ചാരങ്ങളും അതുവഴി സമൂഹത്തിലുണ്ടാക്കുന്ന ഇടപെടലുകളും പ്രബോധനമാണ്.
അറിവുതേടിയുള്ള യാത്ര സ്വര്‍ഗത്തിലേക്കുള്ള എളുപ്പവഴിയാണെന്ന പ്രവാചക വചനം നെഞ്ചോട് ചേർത്താണ് ഇമാമുകളും മുഹദ്ദിസുകളും പണ്ഡിതരും പാഥേയവും നിശ്ചയദാര്‍ഢ്യവും മുറുക്കിക്കെട്ടി കാലങ്ങൾക്ക് മുമ്പ് വിജ്ഞാനം തേടി യാത്ര ചെയ്യാനിറങ്ങിയത്. ഇന്നും അറിവിന് വേണ്ടി അന്യനാട്ടിൽ പോകുന്നത് മറ്റെന്തിനേയും പോലെ നിയ്യത്ത് നോക്കി പ്രബോധന ഗണത്തിൽ എണ്ണാവുന്നതാണ്.
യാത്ര ഹിദായത്തിലേക്കുള്ള വഴികൂടിയാണ്. സന്മാര്‍ഗം എന്ന അതിന്റെ മലയാള പദം എത്ര അര്‍ഥവത്താണ്! നബിതിരുമേനി ഈ സന്മാര്‍ഗത്തെ വരച്ച് കാണിച്ചിട്ടുണ്ട്. ഒരു നേര്‍രേഖ, അതിനു കുറുകെ കുറേ രേഖകള്‍. നേര്‍രേഖ സന്മാര്‍ഗമാണ്. അതാണ് സ്വര്‍ഗത്തിലേക്കുള്ള വഴി. കുറുകെയുള്ള രേഖകള്‍ പിശാചിന്റെ വഴികള്‍, അവ നരകത്തിലേക്കും. ശരിയായ ജീവിതത്തെയും നന്മയെയും കുറിക്കാന്‍ 'വഴി' എന്ന ദൃശ്യബിംബത്തിനേ സാധ്യമാകൂ എന്ന് കൂടിയാണ് ഇത് പറയുന്നത്.
സഞ്ചാരിയുടെ സംസ്‌കാരവും ജീവിതവീക്ഷണവും പെരുമാറ്റവും സ്വഭാവവുമെല്ലാം യാത്രയെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍, മുസ്‌ലിമിന്റെ ഓരോ സഞ്ചാരവും ചലിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വ്യവസ്ഥയാണ്. ബൈഅത്തും അനുസരണവും പ്രവര്‍ത്തന പദ്ധതികളും നയനിലപാടുകളുമുള്ള ഒന്ന് തന്നെയാണ് യാത്ര.
യാത്ര ജീവിതത്തിന്റെ എല്ലാ അര്‍ഥവും കൂടിച്ചേരുന്ന ഒരു ഭാഗമാണ്. അതൊരു ചെറിയ ഇസ്‌ലാമിക സമൂഹമാണ്. ഓരോ യാത്ര ചെയ്യുമ്പോഴും ഓര്‍ക്കുക, അതൊരു ഇബാദത്താണ് എന്ന്. അതിന് നാഥന്‍ പ്രതിഫലം തരികതന്നെ ചെയ്യും. ദീനിന് വേണ്ടി ബദ്റിൽ ഇറങ്ങി തിരിച്ചവർക്കും ജന്മ ദേശം വിട്ട് പാലായനം ചെയ്യേണ്ടിവന്നവർക്കും ഉന്നത പദവികളാണല്ലോ ദുനിയാവിൽ വെച്ച് തന്നെ ലഭിച്ചത്.
സംഗ്രഹം
യാത്രകള്‍ ഇസ്‌ലാം വ്യാപനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഹിജ്റ, വ്യാപാരം, ഹജ്ജ്, ജിഹാദ്, സൂഫി സഞ്ചാരം എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇന്ന് ലോകം മുഴുവൻ ഇസ്‌ലാം വ്യാപിച്ചിരിക്കുന്നത് യാത്രയുടെ ഫലമായിട്ടാണ്. ഭൂമിയിലെ ഓരോ ഇടവും അല്ലാഹുവിന്റെ ഏകത്വത്തെയും അത് കൈക്കൊണ്ടവരുടെ വിജയത്തെയും അത് നിഷേധിച്ചവരുടെ ദുരന്തപരിണതിയെയും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. അതുകൊണ്ടാണ് നിരന്തരം യാത്ര ചെയ്യാന്‍ മനുഷ്യനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്.
''അവര്‍ ഭൂമിയില്‍ സഞ്ചരിക്കുന്നില്ലേ? അപ്പോഴവര്‍ക്ക് ഹൃദയങ്ങളുണ്ടായേനേ, അതുകൊണ്ട് ചിന്തിക്കാം. അഥവാ കാതുകള്‍, അതുകൊണ്ട് കേള്‍ക്കാം. തീര്‍ച്ചയായും അന്ധതയേല്‍ക്കുന്നത് കാഴ്ചയെയല്ല. എന്നാല്‍, അന്ധതയേല്‍ക്കുന്നത് ഹൃദയങ്ങളെയത്രെ. അത് നെഞ്ചിനകത്താണുള്ളത്'' എന്ന ഹജ്ജ് സൂറത്തിലെ സൂക്തം യാത്രകളിൽ മറഞ്ഞു കിടക്കുന്ന ഫലങ്ങളെക്കൂടിയും പ്രതിഫലിപ്പിക്കുന്നുണ്ട്.
മരണ ശേഷം സ്രഷ്ടാവിലേക്കുള്ള സഞ്ചാരത്തിന് ദുനിയാവിൽ വെച്ച് തയ്യാറെടുപ്പുകൾ നടത്തുന്നവരാണ് മുസ്‍ലിംകൾ. അതിനാൽ ദീനിന്റെ ഭൂതകാലങ്ങളിലെ യാത്രകൾ തിരിച്ചറിഞ്ഞ് ഇനിയും നാം സഞ്ചാരങ്ങള്‍ തുടരേണ്ടതുണ്ട്. ഹൃദയത്തിന് അന്ധത ബാധിക്കാതിരിക്കാനും ജീവിതം വിജയകരമാകാനും പുരോഗതിയുടെ പടവുകള്‍ താണ്ടാനും അത് കൂടിയേ തീരൂ.
Leave A Comment